സ്‌ത്രീയുടെ കയ്യൊപ്പ്




"സ്ത്രീകള്‍ പൊതുവെ അബലകളാണന്നാണു വെയ്പ്പ്‌. (അങ്ങനെയല്ലെങ്കിലും). ചോറും കറികളും വെയ്ക്കലും, പുരുഷന്റെ ഭോഗേഛകള്‍ക്കു വഴങ്ങിക്കൊടുക്കലും, വര്‍ഷാ വര്‍ഷം മക്കളെ പ്രസവിച്ചു കുടുംബം നിലനിര്‍ത്തലും, അതേ പുരുഷന്റെതന്നെ മൃഗീയമര്‍ദ്ദനങ്ങള്‍ക്കും, പീഡനങ്ങള്‍ക്കുമിരയാകുവാനുള്ള ബഹുമതികളെല്ലാം നിയതി സ്ത്രീക്കായി കല്‍പ്പിച്ചു തന്നിരിക്കുകയാണു. സ്ത്രീ അവളുടെ തന്നെ ശത്രുവാകുന്നതിനെകുറിച്ച്‌ പുരുഷന്മാര്‍ പ്രബന്ധമെഴുതിയും, സീരിയല്‍ പിടിച്ചും, അമിതാഹ്ലാദത്തോടെ പ്രസംഗങ്ങള്‍ നടത്തിയും ഏതു വേദിയിലും ഉറക്കെ പ്രസ്താവിച്ചും സ്ഥിരമായി കയ്യടി വാങ്ങാറുണ്ട്‌. കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും നാം സ്ത്രീകളുമുണ്ട്‌. ഏതു പുരുഷന്റെയും വിജയത്തിനു പിന്നിലെ സത്യം ഒരു സ്ത്രീയാണെന്നു കേട്ടു നാം കോരിത്തരിക്കയും, നിര്‍വൃതിയടയുകയും സ്വന്തം വ്യക്തിത്വത്തെ മറന്നുപോവുകയും ചെയ്യുന്നു.

.
തോല്‍വിയിലേക്ക്‌ അതിവേഗം കുതിച്ചുകൊണ്ടിരുന്ന ഒരു രഥചക്രത്തിന്റെ ഗതി വിജയത്തിലേക്കു തിരിച്ചുവിടാന്‍ സ്വന്തം കൈവിരല്‍ തന്നെ ദാനം നല്‍കി ഒരു മഹായുദ്ധത്തില്‍ നിന്നു രാജ്യത്തെ രക്ഷിച്ച്‌ ഭര്‍ത്താവിന്റെ അഭിമാനം സംരക്ഷിച്ചു കൈകേയി. വീരശൂരപരാക്രമികളായ അഞ്ചു ഭര്‍ത്താക്കമാരുടെ പട്ടമഹിഷിപദം അലങ്കരിച്ചിരുന്ന ദ്രൗപതി. മാനം കാക്കേണ്ട ഭര്‍ത്താക്കന്മാര്‍ അവളെ ദുര്‍വ്യയം ചെയ്യുകയും പണയപണ്ടമാക്കുകയും ചെയ്ത ദുരവസ്ഥ. എന്നിട്ടും വനവാസത്തിലും, അജ്ഞാതവാസത്തിലുമെല്ലാം ഭര്‍ത്താക്കന്മാരെ അനുഗമിച്ച്‌ ഒടുവില്‍ വിരാട രാജ്ഞിയുടെ ദാസ്യപ്പണി വരെ ചെയ്യേണ്ടി വന്ന മഹാഭാരത കഥകളിലെ റാണി. ശ്രീരാമന്റെ പ്രിയപത്നി സീതയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവള്‍ക്കു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന വനവാസം, അതിലൂടെ എത്തിച്ചേര്‍ന്ന അപഹരിക്കപ്പെടലിന്റെ ദുരൂഹതകള്‍. തെളിയിക്കപ്പെടാനാവാതെപോയ പാതിവൃത്യം.

.
എന്തിനു പുരാണങ്ങള്‍ ചിക്കിചികയണം? ബ്രിട്ടിഷ്‌ പ്രധാന മന്ത്രിയായിരുന്ന മാര്‍ഗരറ്റ്‌ താച്ചര്‍ മുതല്‍ ഇന്‍ഡ്യയുടെ എക്കാലത്തെയും അഭിമാനമായ ഇന്ദിരാഗാന്ധിയില്‍ തുടങ്ങി, വര്‍ത്തമാനകാലത്തില്‍, ആദിവാസി ഗോത്ര മഹാസഭയുടെ, പണ്ട്‌ നാം പടിപ്പുരക്കു പുറത്തുനിര്‍ത്തി സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ധീരധീരം പോരാടുന്ന സി.കെ.ജാനു വരെയുള്ള സ്ത്രീകളുടെ നീണ്ട നിരയെ ആരാധനയോടും, അഭിമാനത്തോടും കൂടെയല്ലാതെ എങ്ങനെ നോക്കിക്കാണും.
എന്നാല്‍ സര്‍വ്വത്ര അവഗണിക്കപ്പെടുന്നു സ്ത്രീകള്‍, ക്രൂശിക്കപ്പെടുന്ന സ്ത്രീത്വം. അവള്‍ക്കുവേണ്ടി വാദിക്കുകയും, എഴുതുകയും അവളെ സംരക്ഷിക്കുകയും ചെയ്യുന്നവരെ മറന്നുകൊണ്ടല്ല ഈ എഴുത്ത്‌.

മറുവശം അവളോ? എത്ര സ്ത്രീപക്ഷവാദിയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പുരുഷമേധാവിത്വവും, അവനോടുള്ള വിധേയത്വവും, നൂറ്റാണ്ടുകളുടെ ആയുസ്സെത്തിയ ആല്‍മരത്തിന്റെ പ്രൗഡ്ഡിയോടെ വേരുറച്ചു വിലസുകയാണ്. സ്ത്രീയെ സ്വാധീനിക്കുന്ന ശക്തികള്‍ അവള്‍ ജനിക്കുന്നതിനു മുന്‍പ് രക്തത്തില്‍ വേരോടിത്തുടങ്ങുന്നു. അവ മുത്തച്‌ഛന്‍, അച്‌ഛന്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്‌, മകന്‍ എന്നീ പേരുകളില്‍ അവളെ വേട്ടയാടുന്നു.
ദന്തരോഗവുമായി ആശുപത്രിയില്‍ എത്തിയ അവള്‍ പുരുഷ ഡോക്ടറെ കാണുന്നു. തുണിക്കടയില്‍ സെയില്‍സ്‌മാനെ തിരയുന്നു, വക്കീലാഫീസില്‍ പുരുഷ വക്കീലും, പുരുഷബോസുമാരും, എന്തിനേറെ, ഒരു രഹസ്യം പങ്കുവെക്കണമെങ്കില്‍ കൂടി, ഹൃദയത്തോട്‌ ഏറ്റം ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ത്രീയെ തഴഞ്ഞു പുരുഷനെ തിരഞ്ഞെടുക്കുവാനുള്ള വ്യഗ്രത. അങ്ങനെ സര്‍വ്വത്ര പുരുഷമയമായിത്തീരുന്നു അവളുടെ ജീവിതം.
.

ഒരു അനുഭവം ഇവിടെ കുറിക്കുകയാണു.ആദ്യപ്രസവത്തിനു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത ദിവസം. കന്നിപ്രസവത്തിന്റെ സര്‍വ്വ ആകുലതകളുമായി അച്‌ഛന്‍,അമ്മ, ഭര്‍ത്താവ്‌ സഹോദരന്‍, എന്നിവരെല്ലാം റിസപ്ഷനില്‍ കാത്തുനില്‍ക്കുന്നു. ഒരു ദിനം നീണ്ട കഠിനനോവിനൊടുവില്‍ ലേബര്‍റൂമിലേക്ക്‌ കൊണ്ടുപോകുന്ന നേരമായി. അമ്മയോ, ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ ലേബര്‍ റൂമില്‍ നില്‍ക്കാനുള്ള അനുമതി ഹോസ്പിറ്റല്‍ അധികൃതര്‍ തരുന്നതിനും എത്രയോ മുന്‍പു തന്നെ കൂടെ നില്‍ക്കാനുള്ള അമ്മയുടെ തീരുമാനം വളരെ വൈകിയാണു ഞാനറിഞ്ഞത്‌

എന്നാല്‍ എനിക്കോ? ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല ഒരു തീരുമാനമെടുക്കാന്‍. ഭര്‍ത്താവിനെ മതിയെന്നുപറഞ്ഞ്‌, വലിയ വയറും താങ്ങി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ച്‌ വീല്‍ചെയറില്‍ ലേബര്‍ റൂമിലേക്കു പോയി. പിന്നെയും മക്കള്‍ പിറന്നപ്പോള്‍ അദ്ദേഹം തന്നെ മതിയെന്നു പറഞ്ഞ്‌ കൂടെനിര്‍ത്തി.
.

പില്‍ക്കാലത്ത്‌ ഞാന്‍ ഉള്ളുപിടഞ്ഞ്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. ഇരിക്കപ്പൊറുതിയില്ലാതെ, നെഞ്ചിലാളുന്ന തീയുമായി കണ്ണീരു മൂടിയ കണ്ണുകളുമായി പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട് ലേബര്‍റൂമിനു പുറത്തുനിന്ന അമ്മയെ എത്രപെട്ടന്നാണു ഞാന്‍ നിരാകരിച്ചത്‌.


സത്യത്തില്‍ പുരുഷന്റെ ആശ്രിതയല്ലാതെ എന്താണു ഞാന്‍? എന്നാണു ഈ ആശ്രിതമനോഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്നത്‌? ഒരു ശരാശരി സ്ത്രീയില്‍ നിന്നു എത്രയോ താഴെയാണു ഞാന്‍. പടര്‍ന്നുകയറാന്‍ പാകത്തിനു വൃക്ഷങ്ങളുടെ ചുവട്ടില്‍ വീണു കിളിര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. എന്നിലെ സ്ത്രീത്വം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു നാളെയും കാത്തിരിക്കുന്നു ഞാന്‍.
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com