വെള്ളചെമ്പകപ്പൂവിന്റെ മുഖമുള്ള മകള്‍.ട്ടണത്തില്‍ നിന്ന് അല്‍പം അകലെയുള്ള ആശുപത്രി. ഒരുപാടു തിരക്കുകള്‍ക്കുള്ളില്‍ മൗനം പാലിച്ചു പരന്നുനീണ്ടു അതങ്ങനെ കിടന്നു. പടിക്കെട്ടുകള്‍ക്കു താഴെയും, ചുറ്റും, വെള്ളചെമ്പകങ്ങള്‍ വിഷാദമായി ചിരിച്ചുനിന്നു. ഡോക്ടര്‍ പ്രഭയുടെ കണ്‍സല്‍ട്ടിംഗ്‌ റൂമില്‍ അത്യന്തം പരവശയായി ഞാനിരുന്നു. 'എന്താണിപ്പോള്‍ ഇതു വേണ്ടെന്നു വെക്കുന്നത്‌?' അവര്‍ അനുകമ്പയോടെ ചോദിച്ചു. മൂത്ത കുഞ്ഞിനു 3 വയസ്‌, രണ്ടാമത്തവള്‍ക്കു ഒന്നര. കുഞ്ഞുങ്ങളുടെ ചെറിയ പ്രായവും, ജോലിക്കു പോക്കും, വേലക്കാരികളെ കിട്ടാനുള്ള സൗകര്യക്കേടുകളും.. ഞാന്‍ പരാധീനതകളുടെ ഭാണ്ഡകെട്ടഴിച്ചു. അവരിതെത്ര കണ്ടിരിക്കുന്നു. സാരമില്ലന്നവര്‍ ആശ്വസിപ്പിച്ചു. ജനിച്ച കാലം മുതലുള്ള ശരീരസിദ്ധാന്തങ്ങള്‍ മുഴുവന്‍ വിശദമായി പഠിച്ചവര്‍ പ്രതിവിധി നിര്‍ണ്ണയിച്ചു. അങ്ങനെ രണ്ടരമാസം വളര്‍ച്ചയെത്തിയ മകളെ -അതോ മകനോ- വധിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്ത്‌ അബോര്‍ഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍, മൂന്നും ഒന്നരയും വയസുകാരികളുടെ സുരക്ഷിതത്ത്വം മാത്രമായിരുന്നു ഉള്ളില്‍. മരുന്നുകളിലൂടെ മയക്കത്തിലേക്കു ശരീരം നീങ്ങുമ്പോള്‍ ഡോക്ടര്‍ പ്രഭയുടെ കൈകള്‍ എന്റെ സ്വകാര്യഭാഗങ്ങളിലൂടെയും, അടിവയറിന്റെ ആഴങ്ങളിലൂടെയും അല്‍പ്പമല്ലതെ വേദനിപ്പിച്ചു നീങ്ങുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം പെട്ടന്നു തീര്‍ന്നു. കിടക്കയിലേക്കു നീക്കുമ്പോള്‍മക്കള്‍, അഛന്‍, അമ്മ, ചേച്ചിയും ഭര്‍ത്താവും എന്നിവര്‍ ചുറ്റും നിരന്നു നിന്നു. പിറ്റേന്നു രാവിലെ വീട്ടിലെത്തിയപ്പോള്‍ അടുപ്പക്കാര്‍ ചോദിച്ചു 'എന്തുപറ്റിയെന്ന്' അമ്മ നിസാരമായി പറഞ്ഞു 'ഒരു ഡി & സി'. ഉച്ചതിരിഞ്ഞപ്പോള്‍ അഛന്‍ പറഞ്ഞു, അനങ്ങാതെ കിടന്നോളു, തിരിഞ്ഞു മക്കളോടു പറഞ്ഞു, അമ്മക്കു സുഖമില്ല. സുഖമില്ലാത്ത അമ്മയെ അവര്‍ ദയാവായ്പ്പോടെ നോക്കി. സന്ധ്യ കഴിഞ്ഞപ്പോഴേക്ക്‌ ഗുളികയുടെ സുഖകരമായ ആലസ്യമൊഴിഞ്ഞിരുന്നു. വിവാഹശേഷമുള്ള ദിനങ്ങളോര്‍മ്മവന്നു. ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. നമ്മുക്കീ വീടു നിറയെ മക്കള്‍ വേണം. അവരീ മുറ്റം നിറയെ ഓടിച്ചാടി കളിക്കണം. അദ്ദേഹം പറഞ്ഞു, ഒരാള്‍ മതി. കുറഞ്ഞത്‌ 6 എങ്കിലും എന്നു ഞാന്‍ വീണ്ടും ശഠിച്ചു. മനസില്ലാമനസോടെ അദ്ദേഹം മൂളി. എന്നാലിപ്പ്പ്പോള്‍ പ്രയോഗികബുദ്ധിയുള്ള അമ്മയാവാന്‍ പഠിച്ചുവെന്നു സ്വയം സമാധാനിപ്പിച്ചു. എന്നിട്ടും നെഞ്ചിലാകെ ഒരു ഘനം. ആകപ്പാടെ വിങ്ങല്‍. ഡോക്ടര്‍ പ്രഭയുടെ മുഖം കണ്ണില്‍ നിന്ന് മായുന്നില്ല. രണ്ടരമാസം വളര്‍ച്ചയെത്തിയ കുഞ്ഞ്‌, കുഞ്ഞ്‌ എന്നു പറയാറായിട്ടുണ്ടാവുമോ? പഠനകാര്യങ്ങളില്‍ ഞാനൊരു പമ്പരവിഡ്ഡിയായിരുന്നു. എങ്കിലും ശരീരശാസ്ത്രത്തെക്കുറിച്ച്‌ സ്കൂളില്‍ പഠിച്ചതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചു. രണ്ടുകൈകളില്‍ കോരിയെടുക്കാവുന്ന ഒരു രക്തക്കട്ട. എത്ര ഭാരമുണ്ടായിരുന്നിരിക്കും? അമ്മയെ കണ്‍നിറയെ കാണുവാന്‍ കണ്‍തടങ്ങള്‍ തുടിച്ചുതുടങ്ങിയിരുന്നുവോ? ഗര്‍ഭപാത്രഭിത്തികളില്‍ കൈകാലുകളുരുമ്മി അമ്മയെ രസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവോ? ചുവന്ന നൂലുപോലെയുള്ള വായ്‌ പിളര്‍ന്നിട്ടുണ്ടാവുമോ? ഡോക്ടര്‍ പ്രഭയുടെ കത്രികചുണ്ടുകള്‍ ഹൃദയത്തിനു നേരെ വരുന്നത്‌ കണ്ട്‌ അമ്മക്കൈകളെന്നു തെറ്റിദ്ധരിച്ചുപോയിരുന്നുവോ? രാത്രിയില്‍ കണ്ണടക്കാന്‍ കഴിഞ്ഞില്ല. അമ്മേയെന്ന ഹൃദയഭേദകമായ ഒരു വിളി അലകളുയര്‍ത്തി നേര്‍ത്തുനേര്‍ത്തു പോയി.


കൊലപാതകം ശിക്ഷാര്‍ഹമായ കുറ്റമെന്ന് ഏതുകോടതിയും ഉറക്കെ വിധിക്കുമ്പോള്‍, ഭ്രൂണഹത്യക്ക്‌ ശിക്ഷയില്ലാത്തതിന്റെ കാരണം പിന്നീടാണു വെളിപ്പെട്ടുവന്നത്‌. അവസാന ശ്വാസം വരെ പിന്തുടരുന്ന മനസാക്ഷികുത്തിനെ തോല്‍പ്പിക്കാന്‍ പോന്ന മറ്റൊരു ശിക്ഷയുമില്ലന്നുള്ളതാണത്‌.


ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാന്‍ നെട്ടോട്ടമോടുന്ന മൂന്നു-നാലു ദമ്പതിമാരുടെയെങ്കിലും പരമ സങ്കടം കണ്ണാലെക്കണ്ട്‌ ഹൃദയം പൊടിഞ്ഞിട്ടുണ്ട്‌. പഴയ കടം വീട്ടാന്‍ ഒരു മകളെ ദത്തെടുക്കണമെന്ന പരകോടിയിലെത്തിയിരിക്കുന്ന ആഗ്രഹം അടുത്തസുഹൃത്തുക്കളോടു പറഞ്ഞിട്ടുമുണ്ട്‌. ദത്തെടുക്കല്‍ പരിഹാരമാകുന്നില്ല. അറുകൊല ചെയ്യപ്പെട്ട മകള്‍ക്കു പകരമാകുന്നുമില്ല. അവള്‍ക്കു പകരം അവള്‍ മാത്രമാണു. എന്നാണു അവളെ കാണാന്‍പറ്റുക? മരിച്ച്‌ മണ്ണടിഞ്ഞ്‌ പരലോകത്ത്‌ എത്തുമ്പോള്‍ (എത്തുമെന്ന നിശ്ചയം പോരാ, എങ്കിലും) ദൈവത്തിനും മുന്‍പേ എന്നെ സ്വീകരിക്കാനെത്തുക, വിഷാദപൂര്‍വ്വം ചിരിച്ചുനിന്നിരുന്ന വെള്ളച്ചെമ്പകപ്പൂവിന്റെ ഛായയുള്ള എന്റെ മകളായിരിക്കില്ലേ?

30 comments:

ദേവസേന said...

എന്നാണു അവളെ കാണാന്‍പറ്റുക? മരിച്ച്‌ മണ്ണടിഞ്ഞ്‌ പരലോകത്ത്‌ എത്തുമ്പോള്‍ (എത്തുമെന്ന നിശ്ചയം പോരാ, എങ്കിലും) ദൈവത്തിനും മുന്‍പേ എന്നെ സ്വീകരിക്കാനെത്തുക, വിഷാദപൂര്‍വ്വം ചിരിച്ചുനിന്നിരുന്ന വെള്ളച്ചെമ്പകപ്പൂവിന്റെ ഛായയുള്ള എന്റെ മകളായിരിക്കില്ലേ?

ഞാന്‍ ഇരിങ്ങല്‍ said...

വല്ലാത്തൊരു വേദനിപ്പിക്കുന്ന എഴുത്തു
അഭിനന്ദനങ്ങള്‍.

ദില്‍ബാസുരന്‍ said...

നന്നായിട്ടുണ്ട്.

KANNURAN - കണ്ണൂരാന്‍ said...

തീര്‍ച്ചയായും അവിടെ കാത്തിരിപ്പുണ്ടാകും.. മനസ്സിലാകുന്നുണ്ട് മനസ്സിന്റെ വിങ്ങല്‍...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

എന്തുകൊണ്ട് മകനായിക്കൂടാ?

നിറഞ്ഞകണ്ണുകളോടെ ഒപ്പുവെയ്ക്കുമ്പോള്‍ ആ അച്ഛന്റെ ഉള്ളിലും വേദനയുണ്ടാവില്ലേ?

subhash said...

devasena,
nannayi.
ini nee ezhuthunnathokkeyum nannakum.
ellam cherth oru SANKADAPPUSTHAKAM irakkanam
regards
SUBHASH CHANDRAN

kaithamullu : കൈതമുള്ള് said...

മനസ്സിനെ ത്രസിപ്പിക്കുന്ന എഴുത്ത്.

എല്ലാര്‍ക്കും ഉണ്ടാകുമോ ഈ പിന്തുടരുന്ന മനസ്സാക്ഷിക്കുത്ത് എന്ന കാര്യത്തിലേ സംശയമുള്ളൂ!

എം.എച്ച്.സഹീര്‍ said...

ആഴങ്ങളില്‍ മനസ്സ്‌ വേവുമ്പോള്‍ അറിയാതെ പതറി പോകും വാക്കും, വരികളും....നോവിന്റെ ഈ പിടച്ചിലിന്‌ ഇത്തിരി കണ്ണീര്‍ പ്രണാമം......

കൃഷ്‌ | krish said...

" അവള്‍ക്കു പകരം അവള്‍ മാത്രം. എന്നാണു അവളെ കാണാന്‍ പറ്റുക?"
ചെയ്തുപൊയത്‌ തെറ്റായി എന്ന മനസ്സിന്റെ തേങ്ങലോ ഇത്‌.
നല്ല എഴുത്ത്‌.

e-Yogi e-യോഗി said...

വായിച്ചപ്പോള്‍ മനസില്‍ പാഞ്ഞു വന്ന വിചാരങ്ങളെ വിവേകത്തിന്റെ കടിന്‍ഞ്ഞാണിട്ടു നിര്‍ത്തുന്നു. എഴുതണമെന്നു മനസുപറഞ്ഞാലും മുഴുവന്‍ വികാരങ്ങളും ഒരു ഭാഷകൊണ്ടോ, തൂലികകൊണ്ടോ സാംശീകരിക്കാന്‍ സാദിക്കുമോ?. എന്റെ തൂലികകൊണ്ട്‌ ഞാന്‍ എത്ര ചായങ്ങള്‍ ചാലിച്ചാലും അതിനു യാധാര്‍ത്യത്തിന്റെയത്ര തീവ്രതയുണ്ടാകുമോ?.... വിങ്ങുന്ന മനസിന്റെ നെരിപ്പോടണക്കുവാന്‍ ഒരുകൈകുമ്പിള്‍ വെള്ളത്തിനാകുമ്മോ?...... കടലിനും കണ്ണീരിനുമുപ്പുരസമെങ്കിലും, കണ്ണീരില്‍നിന്നുപ്പിണ്ടാക്കാമ്മോ?.................മനസിന്റെ വിങ്ങലിനൊപ്പം പറയട്ടെ, നന്നായിട്ടുണ്ട്‌.

kichu said...

ദേവസേന...
മനസ്സിന്റെ എല്ലാ വേദനയും നന്നായി അറിയുന്നു.
ഈ പശ്ചാത്താപത്തിനു ദൈവതിന്റെ കോടതിയില്‍ മാപ്പുണ്ട്

റോമി said...

ഇനിയും മനസ്സിന്റെ വിങ്ങല്‍ അടങ്ങുന്നില്ല...സ്വന്തം ജീവിതമാണെന്നോ...അതൊ എല്ലാ അമ്മമാരുടെയും വികാരമാണെന്നോ...വായനക്കാരെ തിരിച്ചറിയിക്കാത്തതു തന്നെ..കവിയുടെ വിജയം. വായിച്ചും കണ്ടും കൊതിയടങ്ങാതെ...ഒരുപാടുകാലം..മുന്‍പോട്ടു...

കുഞ്ഞാണ്ടി said...

Good style of writing..
If at all its a real incident , I wanna tell the heroine of the story.....the decision is so disappointing
For what ever, a couple is forced to terminate a pregnancy, pls visit any infertility centre and see "n" number of childless couples spending all their money to get a baby...
Compared to the pain of infertility, the reasons for an abortion is so silly or lame...
I wanna scold them at the top of my vice :-)

കുഴൂര്‍ വില്‍‌സണ്‍ said...

ഇനിയും വരാത്ത മകള്‍ രക്തത്തില്‍ ഇരുന്നു വിമ്മിട്ടപ്പെടുന്നതു ( കടപ്പാടു- കല്‍പ്പറ്റ നാരായണന്‍) കാണുമ്പോള്‍ സങ്കടപ്പെടുന്ന ആള്‍ ഇത് എങ്ങനെ വായിക്കും. അഭിപ്രായം പറയും.

എന്നാലും ഇവള്‍ക്കും ഒരു പേരിട്ട് ഉള്ളില്‍ താരാട്ട് പാടുന്നുണ്ടു നിത്യവും.

“ എന്നാണു അവളെ കാണാന്‍പറ്റുക? മരിച്ച്‌ മണ്ണടിഞ്ഞ്‌ പരലോകത്ത്‌ എത്തുമ്പോള്‍ (എത്തുമെന്ന നിശ്ചയം പോരാ, എങ്കിലും) ദൈവത്തിനും മുന്‍പേ എന്നെ സ്വീകരിക്കാനെത്തുക, വിഷാദപൂര്‍വ്വം ചിരിച്ചുനിന്നിരുന്ന വെള്ളച്ചെമ്പകപ്പൂവിന്റെ ഛായയുള്ള എന്റെ മകളായിരിക്കില്ലേ“

അവള്‍ മാത്രമായിരിക്കില്ല എന്നു പറയാന്‍ തോന്നുന്നു.

എല്ലാ നല്ലതും പെട്ടെന്നു തീര്‍ന്നുപോകും.
അതു പോലെ തന്നെ ഈ കുറിപ്പും

AJISH said...

really touching one

Charudathan said...

ദേവ,

ദൈവത്തിനും മുന്‍പേ മന്ദഹസിച്ചു കാത്തു നില്‍ക്കുന്ന മകള്‍ തോല്പ്പിച്ചു, അല്ലേ?

എഴുതൂ വീണ്ടും.

= ചാരുദത്തന്‍

suresh nagaripuram said...

ആ വേദന പകരം വക്കാനില്ലാത്തതാന്ന്നെന്ന് മനസിലാക്കുന്നു

അശോക്‌ കര്‍ത്ത said...

കഥയുടെ അഥവാ കാര്യത്തിന്റെ വൈകാരികത നന്നായി പകരുന്നുണ്ട് പോസ്റ്റ്. പക്ഷെ ഒരമ്മ തന്റെ കുണ്‍ജിനെ ഗര്‍ഭത്തില്‍ കൊല്ലണമെങ്കില്‍ തക്കതായ കാരണമുണ്ടാവണം. കഥക്ക് യോജിക്കുമെങ്കിലും അതില്‍ പറയുന്നതിനും പുറത്ത് കാരണമുണ്ടായിക്കൂടേ? മിക്കവാറും മുന്‍ പ്രസവങ്ങളില്‍ ഗൈനക്കോളജിസ്റ്റില്‍ നിന്ന് നേരിട്ട പീഡനാനുഭവങ്ങളായിരിക്കും ഒരു സ്ത്രീയെ അടുത്ത പ്രസവം വേണ്ടെന്ന് വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അത്രക്ക് അസഭ്യം പറച്ചിലും മര്‍ദ്ദനവുമാണു ഒരമ്മക്ക് ലേബര്‍ റൂമില്‍ നേരിടേണ്ടി വരുന്നത്. സംശയമുണ്ടെങ്കില്‍ അമ്മമാരോട് ചോദിച്ച് നോക്കാം. ദേവസേന നടുങ്ങും. പുരുഷ ഡോക്ടറന്മാരാണു കുറച്ച് ഭേദം. അതു കൊണ്ട് ഈ വഴിയില്‍ ഒന്ന് അന്വേഷിച്ചിട്ട് ഈ കഥ പുതുക്കി എഴുതുമോ?
http://ashokkartha.blogspot.com/

Manu said...

ദേവസേന, മുന്നേ വായിച്ചിരുന്നു ഈ കുറിപ്പ്. ഉടനെ മറുപടിയിട്ടാല്‍ വൈകാരികമായിപ്പോവും എന്ന് തോന്നി. പിന്നെ മടങ്ങിവരവു വൈകി.

മൂന്നുവര്‍ഷം മുന്‍പ്, മൂത്ത് മകന്റെ വിവാഹനാളുകളില്‍ അവനും മുന്‍പുണ്ടാകേണ്ട ഒരു കുഞ്ഞിനെ ഇങ്ങനെ (on family pressure ) കഴുകിക്കളഞ്ഞതിന്റെ ദുഃഖം എന്റെ അമ്മായി കരഞ്ഞു തീര്ക്കാന്‍ ശ്രമിക്കുന്നതുകണ്ടു(28 വര്‍ഷങ്ങള്‍ക്ക് ശേഷം). അബോര്‍ഷന്‍ ഒരു അമ്മയുടെ മനസ്സില്‍ ഉണ്ടാക്കുന്ന മുറിവിന്റെ ആഴം ഊഹിക്കാനെങ്കിലുമായത് അന്നാണ്.

ദേവ, ഒരിക്കല്‍കൂടി ധന്യമായ എഴുത്തിനു പ്രണാമം. കവിതയിലെ അസാധാരണ്ാമായ ആര്‍ജ്ജവം കണ്ട് വായനക്കാരനായ ഞാന്‍ മനസ്സിലേക്ക് കോറി വീഴുന്ന ഈ ഗദ്യത്തിന്റെ ആരാധകനുമാകുന്നു.

ദേവസേന said...

നഷ്ടപ്പെട്ടുപോയ മകള്‍-
ബന്ധത്തിന്റെ വൈകാരികത മാത്രമാണു വായനക്കരുമായി പങ്കുവെക്കാനുദ്ദേശിച്ചതു.
ലേബര്‍ റൂമില്‍ ഡോക്ടറിന്റേയോ, നേഴ്സിന്റേയോ നിസഹകരണങ്ങള്‍ ഒരു സ്ത്രീയെയും അമ്മയാകുന്നതില്‍ നിന്ന് പിന്‍തിരിക്കുമെന്നു തോന്നുന്നില്ല. കേട്ടറിവു മാത്രമാണു കര്‍ത്താ പറഞ്ഞ അസഭ്യം പറച്ചിലും,മര്‍ദ്ദനങ്ങളും. എന്നിരുന്നാലും, UAE-ലെ maternity hospital-കള്‍ ഇപ്പറഞ്ഞതിനെല്ലാം അപവാദമാണുതാനും. ബ്രിട്ടീഷുകാരികളായ നേര്‍സുമാര്‍ ഏറ്റവും ദയാപരമായി, അടുത്തനിമിഷം എന്തു സംഭവിക്കും, കുഞ്ഞിന്റെ മുഖം ഇത്ര നേരത്തിനുള്ളില്‍ കാണാം എന്ന് ഭര്‍ത്താവിനോട്‌ വിവരിച്ച്‌ (patient-ന്റെ ഭര്‍ത്താവ് പ്രസവസമയത്ത് കൂടെയുണ്ടാവണം എന്ന നിര്‍ബന്ധമുണ്ട്)രോഗിയെ ആശ്വസിപ്പിച്ച്, കുട്ടിക്ക് ഇടാന്‍ പോകുന്ന പേരു വരെ ചോദിച്ചറിഞ്ഞ് സന്ദര്‍ഭത്തിന്റെ സംഘര്‍ഷം കുറക്കും.

കര്‍ത്താ മനസിലാക്കിയതിലെ പിശകോ, എഴുത്തിലെ വികലതയോ സംശയങ്ങള്‍ ബാക്കിയാക്കിയതെന്നറിയില്ല.
സസ്നേഹം.

blesson said...

orkkunnundu...pashe annariyillayirunnu ......... oru pathakathil ninnu rashapettavante "Ashwasam" innu njangalkkum undu...ee kurippu ithiri nerathe kurichirunnenkil annu oru theerumanathil ethan ottum sammardam vendi varillayirunnu.........

ellam nannai bhavichu.....Nenchil kuthunna rachana..thudaruka

kuzhoor wilson said...

ഭ്രൂണഹത്യ എന്ന കെ.പ്.റഷീദിന്റെ കവിത ഇതു വായിച്ചതിനു ശേഷമാണു കണ്ടതു. വലിയ അത്ഭുതം തോന്നി.

അചിന്ത്യ said...

ദേവസേന,
ആദ്യം ഒന്നും പറയ്യാന്‍ തോന്നീല്ല്യ. പിന്നെ പറയാണ്ടെ വെച്ചതൊക്കെ പറഞ്ഞു പോവുമോ ന്ന് പേടി.മോനായാലും, മോളായാലും എന്തു വ്യത്യാസം?മോളാവുമ്പോ ഒരൽപ്പം റൊമാന്‍റിസിസം കൂടും.കാലികപ്രസക്തീം ണ്ട്.
നന്നായി കഥാനായിക അവളെ കളഞ്ഞത്.അച്ഛനും അമ്മയ്ക്കും ഒരു അസൌകര്യായി അവള്‍ ഇരിക്കണ്ട.എത്ര അസൌകര്യായിട്ടുള്ള സമയ്യത്ത് വന്ന മക്കളായാലും ചിലപ്പൊ ചില സങ്കേതിക കാരണങ്ങളാല്‍ ഡോക്റ്റര്‍ അബോര്‍ഷന്‍ നടത്താന്‍ വിസമ്മതിക്കും.ഹോ ഇത് വേണ്ടായിരുന്നു വേണ്ടായിരുന്നൂ എന്ന് അമ്മേം അച്ഛനും മനസ്സില്‍ പറയേം ചെയ്യും. അങ്ങനെ ഉള്ള മക്കള്‍ ജനിച്ചാല്‍ ആത്മഹത്യാപ്രവണത ജന്മനാ ഉണ്ടാവും ത്രെ. എവട്യോ വായിച്ചതാ.വേണ്ടാ. അവള്‍ പോട്ടെ.നേരത്തെത്തന്നെ.പിന്നെ മക്കളില്ല്യാത്ത അമ്മമാര്‍. അതവരടെ കാര്യം.അതിനു വേണ്ടി നമ്മക്ക് പെറ്റ് കൊടുക്കാന്‍ പറ്റ്വോ.

മനസ്സ് ശാന്തമാവട്ടെ
സ്നേഹം,സമാധാനം

കുഴൂര്‍ വില്‍‌സണ്‍ said...

"അബുദാബി അരങ്ങ് സാംസ്ക്കാരിക വേദി

സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.


മികച്ച കഥയ്ക്കുള്ള അവാര്‍ഡ് ദോഹ ഖത്തറില്‍ നിന്നുള്ള ഷീലാ ടോമിയുടെ

"മ്യണാളിനിയുടെ കഥ ;താരയുടെയും"

എന്ന രചനയ്ക്ക് ലഭിച്ചു.


അബുദാബിയില്‍ നിന്നുള്ള ദേവസേനയുടെ

ഫ്രോക്ക്, സാരി, മകള്‍ എന്ന രചന

കവിതയ്ക്കുള്ള പുരസ്ക്കാരം നേടി.

അബുദാബിയിലുള്ള സമീര്‍ ചെറുവണ്ണൂരാണു

മികച്ച ലേഖകന്‍. വിഷയം

രാഷ്ട്രീയ നേത്വതങ്ങളിലെ മൂല്യചുതിയും, വര്‍ധിച്ചു വരുന്ന അരാഷ്ട്രീയ പവണതയും.


സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തിപത്രവും

അടങ്ങിയ അവാര്‍ഡ് ഒക്ടോബറില്‍ സമ്മാനിക്കും"


എഴുത്തുകാരിക്ക് അഭിനന്ദങ്ങള്

കുട്ടമ്മേനൊന്‍::KM said...

അഭിനന്ദങ്ങള്‍

Manu said...

Congraatzzz...

ithippol kore aayallo....
bloginte side-il oru shel ondaakki pathukke show-case cheytholu.... :) ellaarum onnariyatte...

അപ്പു said...

“അവസാന ശ്വാസം വരെ പിന്തുടരുന്ന മനസാക്ഷികുത്തിനെ തോല്‍പ്പിക്കാന്‍ പോന്ന മറ്റൊരു ശിക്ഷയുമില്ലന്നുള്ളതാണത്‌“.

വളരെ നല്ല മനസ്സില്‍ത്തട്ടുന്ന എഴുത്ത്. ചേച്ചീ ഈ പറഞ്ഞതു സത്യം.

കുട്ടന്‍സ്‌ said...

ചേച്ചിയുടെ കുറിപ്പുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണു ഞാന്‍..നൊമ്പരപ്പെടുത്തുന്ന വാക്കുകള്‍..
അവാര്‍ഡിനു അഭിനന്ദനങ്ങള്‍..

തുടര്‍ന്നും എഴുതുക

കുട്ടന്‍സ് | Sijith

ദൃശ്യന്‍ | Drishyan said...

ഇത് ഇപ്പൊഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്.
പുരസ്കാരത്തിന് അഭിനന്ദനങ്ങള്‍.

സസ്നേഹം
ദൃശ്യന്‍

Priya said...

അചിന്ത്യ പറഞ്ഞതാണ് നേര്. വേണ്ടായിരുന്നു എന്ന് മനസില് പറഞ്ഞാല് മറ്റാരും അത് കേട്ടില്ലേലും ആ കുഞ്ഞു ഹൃദയം അറിയില്ലേ? അമ്മക്ക് എന്നെ വേണ്ടായിരുന്നു എന്ന് അറിഞ്ഞല്ലേ ആ കുഞ്ഞു ജീവിക്കേണ്ടത്? കുഞ്ഞിലേ നുള്ളുന്നതിലും ദുഃഖം ആണത്.

അമ്മ അനുവദിച്ചു നടത്തുന്ന അബോറ്ഷനെ ഞാന് ന്യായികരിക്കുന്നു.

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com