വെളുപ്പിനു ഉണരണം. 6.45-നു പെണ്മക്കള്ക്കുള്ള സ്കൂള്‍ബസ്സെത്തും. 8.45-നു പോകേണ്ട മകനെ തയ്യാറാക്കി നിര്‍ത്തണം. അദ്ദേഹത്തിനും എനിക്കും 8 മണിക്കു ഓഫീസുകളില്‍ എത്തിപ്പെടണം.
ജോലിസ്ഥലത്തു വന്നുകഴിഞ്ഞാലും മകനെ വിളിച്ചോര്‍മ്മിപ്പിക്കണം ' ഇറങ്ങാറായി, പാലുകുടിക്കണേ, ടിഫിന്‍ ബോക്സ് വെക്കണേ, സ്വിച്ചുകള്‍ എല്ലാം ഓഫ് ആണോന്നു നോക്കണേ. കതകു പൂട്ടാന്‍ മറക്കല്ലേ (ദിവസവും ഇതെല്ലാം സ്ഥിരമായി കേട്ടു കേട്ട് അവനു ഭ്രാന്തായിത്തുടങ്ങിയിട്ടുണ്ടു.)
കിതച്ചു തളര്‍ന്നു നില്ക്കുന്ന തീവണ്ടിയെപ്പ്പ്പോലെ ഓഫീസുകസേരയിലേക്കു വീഴുമ്പോള്‍ ഒരു തിരയടങ്ങുകയാണു. അങ്ങനെയൊരു നേരത്താണു അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നത്. ഒച്ച താഴ്ത്തി ഏറ്റവും ഉദ്വേഗഭരിതമായി ചോദിക്കുന്നു 'നീ അവളുടെ മേശവലിപ്പുകള്‍ പരിശോധിക്കാറുണ്ടോ? ഒരു ബുക്കില്‍ നിറയെ ഏതോ ചെക്കന്റെ ഫോട്ടോകളാണു". മുഖവുരുവില്ലാതെ കുറെ വാക്കുകള്‍ പറഞ്ഞ് അദ്ദേഹം ഫോണ്‍ ആഞ്ഞുവെച്ചു.
നെഞ്ചിനുള്ളില്‍ എന്തൊക്കെയോ പൊട്ടിച്ചിതറി.
15 വയസായ മകള്‍, അവളുടെ മേശവലിപ്പ്, ചെക്കന്റെ ഫോട്ട്ടോകള്‍. എന്തൊക്കെയാണു ഞാന്‍ കേട്ടത്? കാത്ത് കാത്തിരുന്ന്, പ്രാര്‍ത്ഥിച്ചു കൊതിച്ചുണ്ടായ എന്റെ മകള്‍. ഒന്‍പതാം മാസത്തിലെ സ്കാനിംഗിലാണു അവളെ ആദ്യം കാണുന്നത്. കൂനിക്കുത്തി എനിക്കിവിടെ സുഖമാണു എന്ന മട്ടിലെ കിടപ്പ്. എന്നിട്ട് അമ്മയുടെ ജന്മനക്ഷത്രത്തില് തന്നെ വന്നു വീണവള്‍. അവള് വന്നുപിറന്ന ദിനത്തിന്റെ പരമാനന്ദത്തെ പറ്റി എങ്ങനെപറയും? അതു വര്‍ണ്ണനാധീതമാണു. ആ രാത്രി മുഴുവന്‍ കരഞ്ഞു, സന്തോഷം കൊണ്ട്. ദൈവത്തോടുള്ള നന്ദികൊണ്ട് മനസു പിടഞ്ഞു. ഈ സ്നേഹമെല്ലാം എവിടെ കുഴിച്ചിട്ടിരുന്നുവെന്ന് ഞാന്‍ എന്നെത്തന്നെ നോക്കി അത്ഭുതപ്പെട്ടു. ഓരോ ദിവസങ്ങള്‍, ഓരോ പിറന്നാളുകള്‍. അവള്‍ക്കു താഴെ രണ്ടുപേര്‍ വന്നു ചേര്‍ന്നിട്ടും, കടിഞ്ഞൂല്‍ക്കനിയെന്ന മുന്‍ഗണന ആദ്യമായി അമ്മേ-യെന്നു വിളിച്ചവള്‍ക്കായിരുന്നു. വളര്‍ന്നുവരുന്നതനുസരിച്ച്, പ്രായത്തിനു പാകമാകുന്ന രീതിയില്‍ ഉപദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. കുടുംബത്തില്‍ അമ്മ കഴിഞ്ഞാലുള്ള സ്ഥാനമാനങ്ങള്‍ അവള്‍ക്കാണന്ന ബഹുമതിയും, ഉത്തരവാദിത്വങ്ങളും നല്‍കിയിട്ടുണ്ട്. എന്തു തെറ്റു ചെയ്താലും നുണ പറയരുതെന്ന് ചെറുതിലേ ശീലിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാലും ഓടിവന്ന് നെഞ്ചിലേക്കു വീണു കള്ളച്ചിരി ചിരിച്ചും, കുമ്പസാരക്കൂട്ടിലെന്നപോലെ കരഞ്ഞും, ഇത്തിരിപ്പോന്ന അന്യായങ്ങളെപറ്റി പരിതപിക്കാറുണ്ട്.
വളന്നുവരുന്നതനുസരിച്ചു കിട്ടുന്ന സ്വാതന്ത്ര്യമൊന്നും പോര എന്നപരാതി നിരന്തരമുണ്ട്. കിടക്കയുടെ ചുറ്റും ചുവരുകളില്‍ " I rock, 'break the rules' , "dont judge me, if you dont know me" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയിട്ട് നയം വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ ഇടക്കിടെ പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന അഛനെ ഹിറ്റ്ലര്‍ എന്നു രഹസ്യമായി വിളിച്ചു പരിഹസിക്കാറുണ്ട്.
സ്കൂള്‍നിയമങ്ങളിലും ലവലേശം തൃപ്തയല്ല. നിയമങ്ങള്‍ക്കെതിരെ എപ്പോഴും മുഖം ചുവപ്പിക്കുന്നു. ക്ലാസില്‍ നേരെ ചൊവ്വെ പഠിപ്പിക്കാതെ ട്യൂഷനിലേക്ക് കുട്ടികളെ വലിച്ചിഴക്കുന്നുവെന്ന ടീച്ചര്‍മാരുടെ അത്യാഗ്രത്തിനെതിരെ പ്രതിഷേധമുണ്ട്. മിക്സഡ് ക്ലാസുകള്‍ അല്ലെങ്കിലും പ്രാക്റ്റികലിക്കല്‍-നു അവരുടെ ബ്ലോക്കിലെത്തുന്ന ചെക്കന്മാരെ ജനാല വിടവിലൂടെ നോക്കിക്കാണാറുണ്ടന്ന രഹസ്യം പറഞ്ഞു. ടീച്ചര്‍ പറയുന്ന വിഡ്ഡിത്തമാശകള്‍ക്കു മുന്നില്‍ വരാത്ത ചിരി ചിരിച്ച് കവിളുകള്‍ വേദനിക്കുന്നുവെന്നും, ചിരിച്ചില്ലേല്‍ മാര്‍ക്ക് വെട്ടിക്കുറച്ചാലോയെന്നും, ആശങ്കപ്പെട്ടു. 8-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ താഴെനില്ക്കുന്ന ചെക്കന്മാരെകാണാന്‍പാകത്തിനു കണ്ണടയുടെപവ്വര്‍ കൂട്ടേണ്ടിവരുമെന്ന് അല്‍പ്പം കാര്യമായിത്തന്നെ പറഞ്ഞു.
പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പറ്റി തിരക്കിയറിഞ്ഞിട്ടുണ്ട്. ഹൃദയത്തിനു നാലു അറകളുണ്ടെന്നും, നാലുപേരെ വരെ ഒരുമിച്ചു താമസിപ്പിക്കാമെന്നും, പ്രേമിക്കുന്നതൊന്നും ഇപ്പോഴത്തെ ട്രെന്‍ഡ് അല്ല അമ്മേ എന്നും, പരസ്പരവിരുദ്ധമായിപ്പറഞ്ഞ് എന്നെ അന്ധാളിപ്പിച്ചു. ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു.(ആ ശല്യം സുഖകരമായ ഒരേര്‍പ്പാടാണു). ഒഴിവുവേളകളില്‍ ഒന്നുചുറ്റാന്‍ പോവാം എന്നതിനു പകരം 'നമ്മുക്കു വായിനോക്കാന്‍ പോകാമമ്മേയെന്നു' വളരെ സത്യസന്ധമായി ആവശ്യപ്പെടാറുണ്ട്.
അമ്മയുടെ പഴഞ്ചന്‍ സ്റ്റെയിലുകള്‍ക്കെതിരെ പ്രതികരിച്ച് അപ്-ഡേറ്റ് ചെയ്യിക്കാന്‍ പാഴ്ശ്രമം നടത്തി തോറ്റുപോയിട്ടുണ്ട്. പേരെന്റ്-ടീച്ചര്‍ മീറ്റിങ്ങുകള്‍ക്കെത്തുമ്പോള്‍ സ്കൂളിന്റെ തൂണുകളും, തുരുമ്പുകളും കാണിച്ചു അമ്മയുടെ കൈപിടിച്ചു ഓടിനടക്കുന്നവളാണു. ബ്രേക്ക്ഫസ്റ്റ് കഴിക്കുന്നതിവിടെ, ലെഷര്‍ ടൈമിലിരിക്കുന്നതിവിടെ, വിരോധമുള്ള ചെക്കന്മാരുടെ ഇരട്ടപ്പേരുകള്‍ എഴുതിയിടുന്ന തൂണുകളിത്, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍. റിസല്‍റ്റ് വാങ്ങാനുള്ള പരിഭ്രാന്തിക്കിടയിലും, ദൂരെ നിന്നൊരു ചെക്കനെ ചൂണ്ടി ' ഇത്ര സുന്ദരനായൊരുത്തന്‍ എന്റെ സ്കൂളിലുണ്ടായിരുന്നതു ഇത്രനാളും ഞാനെങ്ങനെ അറിയാതെപോയമ്മേ എന്നു ഏറ്റം നിഷ്കളങ്കമായിപറഞ്ഞ് അന്തം വിട്ടുപോയവള്‍. മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടി അമ്മയെ പരമാവധി സന്തോഷിപ്പിക്കുന്നവള്‍. ടീച്ചര്‍മ്മാരുടെ വാല്‍സല്യ ശിഷ്യ. ഒരു മിടുക്കിക്കുട്ടിയല്ലന്ന് ആരെക്കൊണ്ടും പറയിച്ചിട്ടില്ല. സ്കൂളില്‍ മറ്റ് കുട്ടികളോട് ചില ഗുണ്ടായിസങ്ങള്‍ നടത്തുന്നുവെന്ന് അവളുടെ അനിയത്തി വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്തൊക്കെപ്പറഞ്ഞാലും പ്രവൃത്തികളിലെ സുതാര്യത കൊണ്ടെന്റെ മനംകവരുന്നവള്‍.
ഏതായാലും അവള് അമ്മയെപ്പോലെയല്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാന്‍ സാമര്‍ത്ഥ്യമുണ്ട്. വാക്കുകള്‍ക്കും നോട്ടങ്ങള്‍ക്കും മൂര്‍ച്ചയുണ്ട്. കാപട്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നിരുന്നാലും, എത്ര വിശ്വാസമുണ്ടായിരുന്നിട്ടും, അതിലേറെ വാല്‍സല്യമുണ്ടായിട്ടും അമ്മക്കണ്ണുകള്‍ എന്ന റഡാര്‍ അവളെ ചുറ്റിക്കറങ്ങുന്നത് ഒരു ശീലമാക്കിയിരുന്നു. കാരണം പരമമായ സ്ത്രീഭാവം മാതൃത്വം തന്നെയാണു.
15 വര്‍ഷങ്ങള്‍.
15 വര്‍ഷങ്ങളിലെ എന്റെ സ്വകാര്യമായ അഹങ്കാരത്തിന്റെ മേലേക്കാണു വാള് വീണത്. മക്കളുടെ ഹൃദയം അമ്മമാരുടെ കയ്യിലാണെന്ന പൊങ്ങച്ചബലൂണ്‍ ആണു പൊട്ടിപ്പോയത്. 15 വയസുള്ള മകള്‍ക്കൊരു പ്രേമലേഖനം കിട്ടിയാലോ, പാഠപുസ്തകത്തില്‍ നിന്ന് ചെക്കന്റെ ഫോട്ടോ കിട്ടിയാലോ ഞെട്ടിത്തെറിച്ച് ബോധം കെട്ടുപോകേണ്ട കാര്യമില്ല. സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണു. പക്ഷെ എന്റെ മകള്‍; 15 വര്‍ഷങ്ങളിലെവിടെയെങ്കിലും വെച്ചു ഞങ്ങള്‍ തമ്മിലകന്നുവോ? എന്തുകൊണ്ടാണു ഞാനിതൊന്നുമറിയാതെ പോയത്? ആരെങ്കിലുമായവള്‍ തല്ലുകൂടിയാല്‍, സ്കൂളില്‍ വെച്ചെങ്ങാന് കരഞ്ഞാല്‍, ഉള്ളിലൊരു കരടു വീണാല്‍ മുഖത്തുനിന്നു വായിച്ചെടുക്കാം. അവളുടെ ഹൃദയമറിയാന്‍ മേശവലിപ്പുകളും, പുസ്തങ്ങളും പരിശോധിക്കേണ്ടിവരുന്ന ഒരു അമ്മയിലേക്ക് ഞാന്‍ തരംതാഴേണ്ടിയിരുന്നുവോ?
എന്തോരു ആത്മനിന്ദ. പരിചയ വലയത്തിലുള്ള ചെക്കന്മാരുടെയെല്ലാം മുഖങ്ങള്‍ മനസില്‍ തെളിഞ്ഞുവന്നു. അക്കൂട്ടത്തില്‍ ആരാണു? ആരാണത്? ഉച്ചക്കെ ബ്രേക്കില്‍ വീട്ടില്‍ എത്തി, മകള്‍ എത്തിയിട്ടില്ല. അദ്ദേഹം പിടിച്ചെടുത്ത നോട്ടുബുക്ക് നിവര്‍ത്തിപ്പിടിച്ച് ഒട്ടിച്ചു വെച്ചിരുന്ന നിരവധി ഫോട്ടോകളിലേക്ക് ചൂണ്ടി പഴയ നാട്ടുരാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന ക്രൂരമായ മുഖഭാവത്തോടെ ചോദിച്ചു
'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും ഞാന്‍ മാറിമാറി നോക്കി. എല്ലാം ഒരുത്തന്റെ തന്നെ. എനിക്കു പെട്ടന്നു ഭ്രാന്തു വന്നു. ഭര്‍ത്താവല്ലാതെ വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തെങ്കിലും ചെയ്തു പോയേനെ. കാരണം, ആ ഫോട്ടോ അവളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമാ നടന് ജോണ്‍ ഏബ്രഹാമിന്റെയായിരുന്നു.
നസീറിന്റെയും വിനോദ് ഖന്നയുടെയും കാലത്തു കഴിയുന്ന അദ്ദേഹത്തോടു ഞാന്‍ ക്ഷമിക്കുന്നു. ശ്വാസം നിലച്ചു ജീവിച്ച ആ നാലഞ്ചു മണിക്കൂറുകളെയും ഞാന്‍ മറക്കുന്നു.
18 comments:
"'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും ഞാന്‍ മാറിമാറി നോക്കി. എല്ലാം ഒരുത്തന്റെ തന്നെ. എനിക്കു പെട്ടന്നു ഭ്രാന്തു വന്നു. ഭര്‍ത്താവല്ലാതെ വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തെങ്കിലും ചെയ്തു പോയേനെ. കാരണം, ആ ഫോട്ടോ അവളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമാ നടന് ജോണ്‍ ഏബ്രഹാമിന്റെയായിരുന്നു."
15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം
വിഷമിപ്പിച്ചു കളഞല്ലോ ദേവസേനേ !
നന്നായി.
ഒരു സസ്പെന്‍സ് ത്രില്ലര്‍ എഴുതാനുള്ള എല്ലാ ഗുണങളുമുണ്ട്.
എന്നാപ്പിന്നെ എന്റെ വക ഒരു തേങ.
മനോഹരമായി എഴുതിയിരിക്കുന്നു. രസിച്ച് വായിച്ചു.
കഥാന്ത്യവും അവള് പിറന്നുവീണ ദിവസത്തെ പരമാനന്ദം ഭര്‍ത്താവുമായി ഭ്രാന്താമായി പങ്കുവെച്ചിരുന്നുവെങ്കില്‍...; വായിക്കുന്ന കഥകളിലധികവും പാതിവഴിയില്‍ ഉപെക്ഷിക്കുകയാ പതിവെ ; ഇതൊരനുഭവം പൊലെ എഴുതിയതില്‍ മുഴുവന്‍ വായിച്ചു. ഗൊച്ചു ഗള്ളാ.. പ്രണയം; കാമ്പസ്; ബ്രീക്ക് ദ ലൊ...പിന്നെ എങിനെ വായിക്കാതിരിക്കും.
:)
ദേവസേനെ,
ഒരമ്മയുടെ വ്യഥകള്‍ ഒരളവുവരെ മനസ്സില്‍ തട്ടി വായിച്ചു.കാരണം ഈ വേപഥുകള്‍ ഒരച്ഛന്റേയും കൂടിയാണല്ലോ?
ജോണ്‍ ഏബ്രഹാമിന്റെ ചിത്രം കണ്ടാല്‍ മനസ്സിലാകാത്ത,ആ ലൈനില്‍ ഒന്നു ചിന്തിക്കപോലും ചെയ്യാത്ത പിതാവിനെക്കുറിച്ച്, എന്നാലും, ഒരു വ്യഥ....
(സൂത്രത്തില്‍ അവസാനിപ്പിച്ചതാ, അല്ലേ?)
ഇംബമുള്ള എഴുത്ത്. സസ്പെന്‍സ് നിലനിര്‍ത്താനും സാധിച്ചിരിക്കുന്നു. നന്നായിരിക്കുന്നു.
haha..superb...
അവിടെ അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ സുതാര്യതയെക്കുറിച്ച് കുഴൂരിന്റെ ഒരു കുറിപ്പ് എവിടെയോ - ഈ ബ്ലോഗില്തന്നെ - കണ്ടതോര്‍ക്കുന്നു. മകള്‍ക്ക് കൂട്ടൂകാരിയാവാന് കഴിയുക അതില്‍ അല്പം അഹങ്കരിക്കാനാവുക ഇതൊക്കെ പുണ്യം തന്നെ.
രചനയെക്കുറിച്ച് എന്ത് പറയാനിനി!!! ഇതില്‍ ഗദ്യത്തിന്റെ താളം പോലും അമ്മയുടെ ഹൃദയതാളമനുസരിച്ചു മാറുന്നു. എത്ര മനോഹരമായാണെഴുതുന്നത് !! അഭിനന്ദനങ്ങള്‍.
(കഴിഞ്ഞ കുറിപ്പില്‍ മറുപടി ഇട്ടിരുന്നില്ല. അടിസ്ഥാനപരമായ ആശയത്തോട് യോജിപ്പ് തോന്നിയെങ്കിലും ആ രചന - വൈകാരികത കൊണ്ടോ എന്തോ - a little out-of-focus ആണെന്ന് തോന്നി. Nothing political/ideological really. Rather composition-wise a little out-of-focus. അത് അവിടെ കുറിക്കാന്‍ പറ്റിയ സമയമായിരുന്നില്ല എന്ന് മറ്റുചിലകാര്യങ്ങള്‍ കൊണ്ട് ചിന്തിക്കേണ്ടി വന്നു. അതുകൊണ്ട് ഇപ്പോള്‍ ഇവിടെ ചേര്‍ക്കുന്നു. ക്ഷമിക്കുക)
രസമുള്ള വായന. മകളുടെ മനോരാജ്യം, അമ്മയുടെ വേവുന്ന വേവലാതികള്‍, നന്നായി എഴുതിയിരിക്കുന്നു.
മോളുടെ കയ്യില്‍ ജോണ്‍ ഏബ്രഹാമിന്റെ എക്ട്രാ പടമുണ്ടോ?
“ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു“
ഇത് ശരിക്കും ഇഷ്ടപ്പെട്ടു
നല്ല എഴുത്ത്... സ്നേഹമുള്ള ഒരമ്മയുടെ മനസ്സു കാണാന്‍ പറ്റി....
:)
മകളോട് ഇത്തിരിയല്ല.. ഒത്തിരി തന്നെ അസൂയ തോന്നി... എന്റെ അമ്മയുടെ കാലത്ത് ബ്ലൊഗുണ്ടായിരുന്നെങ്കില് ഇതു പോലെ ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ ..അമ്മയെകൊണ്ട് ഞാനിത് വായിപ്പിച്ചേനെ... ഓരോരോ മോഹങ്ങളെ...
ഇഷ്ടമായെന്ന് പ്രത്യെകിച്ച് പറയണ്ടല്ലൊ അല്ലെ?
കഥയും അവതരിപ്പിച്ച ശൈലിയും ഇഷ്ടപ്പെട്ടു.:)
“
ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു.(ആ ശല്യം സുഖകരമായ ഒരേര്‍പ്പാടാണു). ഒഴിവുവേളകളില്‍ ഒന്നുചുറ്റാന്‍ പോവാം എന്നതിനു പകരം 'നമ്മുക്കു വായിനോക്കാന്‍ പോകാമമ്മേയെന്നു' വളരെ സത്യസന്ധമായി ആവശ്യപ്പെടാറുണ്ട്.“
നല്ല അവതരണശൈലി...:)
ദേവസേനാ,
സുഖകരമായ വായന. വളരെ ഇഷ്ടപ്പെട്ടു.
സസ്നേഹം
ദൃശ്യന്‍
ശ്വാസം നിലച്ചു ജീവിച്ച ആ നാലു മണിക്കൂറുകളേക്കാള്‍ കൂടുതല്‍ ഒരുപക്ഷേ ആ അച്ഛന് വേവലാതിപ്പെട്ടിട്ടുണ്ടാകും ല്ലേ.?
വളരെ നന്നായിരിക്കുന്നു.
റിനീടെ ചോദ്യം തന്നെ ഞാനും ആവര്‍ത്തിക്കുന്നു...മോളോട് ഈ ആന്റിക്ക് നല്ല പടങ്ങള്‍ ഫോര്‍വേഡു ചെയ്യാന്‍ പറയണേ..
മനോഹരമായ എഴുത്ത്..2 കാര്യത്തില്‍ അസൂയയുണ്ട്.
1. പെണ്‍കുട്ടികള്‍ ഇല്ലാതെ പോയതില്‍.
2. ഇത്രയും ഭംഗിയായി എഴുതുന്നതില്‍.
നന്നായിരിക്കുന്നു, വലരെ വലരെ
Post a Comment