നന്ദിതയ്ക്ക്...

നന്ദിതയ്ക്ക്...
മരണത്തോളം സത്യമായിരുന്ന പ്രണയത്തിനും,
ജീവിതത്തോളം സത്യമായിരുന്ന കവിതയ്ക്കും

6-7
കൊല്ലങ്ങള്‍ക്കു മുന്‍പ്‌ പത്രത്തില്‍ വന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഡയറി ത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ട്‌, മഴവില്ലു പോലെ ജീവിതം അല്‍പ്പനേരം പ്രസരിപ്പിച്ച്‌, പിന്നീടു മാഞ്ഞു പോയ നന്ദിതയെ ക്കുറിച്ചുള്ള ആ കുറിപ്പ്‌, സശ്രദ്ധം വായിച്ച്‌, ആ പത്രത്താള്‍, നിധി പോലെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അപൂര്‍വ്വം പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കിടന്നിരുന്നു, കാലങ്ങളോളം. ഒരു കവിതയെങ്കിലും എഴുതുകയോ, നേരമ്പോക്കിനെങ്കിലും ഒരു കവിത വായിക്കുകയോ ചെയ്യാതിരുന്ന ആ കാലത്തു എന്നെ കൊണ്ട്‌ അങ്ങനെ ചെയ്യിപ്പിച്ച തെന്താണെന്നു ള്ളതിനു ഉത്തരമില്ല. അല്ലങ്കില്‍ ത്തന്നെ ഉത്തര മില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണു ജീവിതം. ചിലരോട ങ്ങനെയാണു; വെറുതെ തോന്നുന്ന ആകര്‍ഷണം. ചിലര്‍ എഴുത്തു കൊണ്ടു പ്രലോഭിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ജീവിതം കൊണ്ടും, മരണം കൊണ്ടുമാണു ആകര്‍ഷിക്കപ്പെടുന്നത്‌.
ആരായിരുന്നു നന്ദിത? 1999-ല്‍, 28-)o വയസ്സില്‍, മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, ജീവന്റെ തിരി സ്വയം ഊതി ക്കെടുത്തി മരണത്തിന്റെ തണുത്ത താഴ്വരയിലേക്ക്‌ നടന്നു പോകാന്‍ കാരണമെന്തായിരുന്നു? പലരും പലതും പറയുന്നു. രാവ്‌ മൂര്‍ഛിച്ച നേരത്ത്‌ വന്ന ഒരു ഫോണ്‍ കാള്‍. ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക്‌ എടുത്തു ചാടാന്‍, അത്ര മാത്രം ഉത്ക്കടമായി അവരെ തകര്‍ത്തു കളഞ്ഞ എന്തു സന്ദേശമായിരുന്നു ആ ഫോണ്‍ കാളില്‍ ഉണ്ടായിരുന്നത്‌? അതോ അങ്ങനെ ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവോ? എല്ലാം ഇപ്പോഴും മൂടല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദുരൂഹതകള്‍.
സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല. പക്ഷേ കവിതയിലെ വരികള്‍ മൌന സഞ്ചാരം നടത്തുന്ന വഴികളില്‍ വ്യാപിച്ചു കിടക്കുന്ന പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണ ചിന്ത അങ്ങനെ പലതു മുണ്ടെങ്കിലും, നെടുകയും കുറുകയും പായുന്നത്‌ പ്രണയം മാത്രമാണന്നതു വലിയ സൂക്ഷ്മ പരിശോധന യൊന്നുമില്ലാതെ തന്നെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ട്‌.
പ്രണയ മിവിടെ രംഗ പ്രവേശനം ചെയ്യുകയാണ്.
ലോക മഹാത്ഭുതങ്ങളില്‍ പ്രമുഖമായ താജ്‌ മഹല്‍-ന്റെ നാട്ടില്‍ പിറന്ന ഓരോ ഭാരതീയന്റെ ഉള്ളിലും പ്രണയത്തിന്റെ വെണ്ണ ക്കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതില്‍ ആരെയാണു പഴി പറയാന്‍ കഴിയുക?
കൃഷ്ണന്‍ - ഭാരതീയ സ്ത്രീകളൂടെ ഉള്ളിലേക്ക്‌ ദൈവികതയില്‍ കവിഞ്ഞ്‌, പ്രണയ - ശൃംഗാര ഭാവങ്ങളെയാണു സന്നിവേശിപ്പിക്കുന്നത്‌. ഒരു ശരാശരി ഭാരതീയന്‍, ബാഹ്യമായെങ്കിലും അനുഷ്ടിക്കാ നാഗ്രഹിക്കുന്ന ഒന്നാണു ഏക പത്നീ സമ്പ്രദായം. അക്കാര്യത്തില്‍ അഗ്ര ഗണ്യനായ രാമനെ ഒന്നോര്‍ക്കാന്‍ പോലും ശ്രമിക്കാതെ, ശോകത്തിലും, ആഹ്ലാദത്തിലും, അമ്പരപ്പിലും എന്റെ കൃഷ്ണാ-യെന്നു വിളിച്ചു സായൂജ്യമടയുന്ന ഭാരത സ്ത്രീകള്‍. ഭര്‍ത്താവിനോ കാമുകനോ പക്ഷേ ഗോപാലകന്റെ അനുയായികളാകുന്നത്‌ സങ്കല്‍പ്പത്തി നപ്പുറമാണു. ഈ വിരോധാ ഭാസത്തെ എന്തു വിളിക്കണം?
പ്രണയത്തെക്കുറിച്ച്‌, പ്രിയപ്പെട്ട എഴുത്തുകാരുടെ ഉദ്ധരണികളി ങ്ങനൊക്കെയാണു.
"ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ല" ന്ന് മാധവിക്കുട്ടി.
"പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയി ലവസാനിക്കുന്നുവെന്ന്" മാര്‍ക്കേസ്‌.
"എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്‌" എന്നു വി.ജി. തമ്പി.
അവളോടുള്ള പ്രണയം നാള്‍ക്കു നാള്‍ കൂടി വിഷാദ രോഗത്തേയും വെല്ലുന്ന മനോവ്യഥ യുണ്ടാക്കിയെന്ന്, ലോഹിതദാസ്‌ 'വിഷാദ കാലത്തിന്റെ ഓര്‍മ്മ ക്കുറിപ്പില്‍"
"സര്‍പ്പ ശയ്യക്കു മീതെ വിഷ ദംശ മേല്‍ക്കാതെയുള്ള സ്വപ്നം കാണലാണു പ്രണയ'മെന്ന് ജീവനൊടുക്കിയ ഷെല്‍വി.
"പ്രണയം ഭംഗിയുള്ള നുണയാണെന്ന്" ഷിഹാബുദ്ദിന്‍ പൊയ്തുംകടവ്‌
'വസന്തം ചെറി മരങ്ങളോടു ചെയ്യുന്നത്‌ എനിക്കു നിന്നോടു ചെയ്യണമെന്ന്' നെരൂദ പാബ്ലോ.
കുഴൂര്‍ വില്‍സന്റെ: "ഞാനാദ്യം മരിച്ചാല്‍ നിന്നെയാരു നോക്കു മെന്നല്ലായിരുന്നു, ആരെല്ലാം നോക്കു മെന്നായിരുന്നു" എന്ന വരികളില്‍ പ്രണയത്തെ നാം എക്സ്ട്രീം ലെവലില്‍ കണ്ടെത്തുന്ന... പൊസ്സെസ്സിവെനെസ്സ്‌.
സ്വപ്നം കാണലാണെന്ന്,
ഉരുക്കമാണെന്ന്,
ഏകാന്തതയാണന്ന്,
കിടക്ക വരെയെ ത്തുമ്പോള്‍ അവസാനിക്കുമെന്ന്,
സൌന്ദര്യമുള്ള നുണയാണെന്ന്
ആത്മാവിന് മേലും, ശരീരത്തിന്മേ ലുമുള്ള പെയ്ത ടങ്ങലാണെന്ന്.
സര്‍ഗ്ഗാത്മക വ്യാപാരത്തി ലേര്‍പ്പെടുന്ന ഒട്ടു മിക്ക എഴുത്തുകാരും വിഷാദം പൂക്കുന്ന വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണു. മലയാള സാഹിത്യത്തിന്റെ കനക സിംഹാസന ത്തിലിരിക്കുന്ന, നാം ഹൃദയ പൂര്‍വ്വം അംഗീകരിക്കുന്ന, വൈക്കം മുഹമ്മദ്‌ ബഷീര്‍ മുതല്‍, കവി അയ്യപ്പന്‍, കെ.പി. രാമനുണ്ണി, കമലാദാസ്‌, സുഭാഷ്‌ ചന്ദ്രന്‍, സിനിമാ സംവിധായകന്‍ ലോഹിത ദാസ്‌ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന അനിശ്ചിതത്വത്തിന്റെ ഇരുളുകളില്‍ മരണത്തെ കണക്കറ്റു കാമിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്‌.
അക്ഷരങ്ങള്‍ക്കു ജീവനുണ്ടെ ന്നുള്ളതു സത്യമാണു. അല്ലെങ്കില്‍ പിന്നെങ്ങനെയാണു, ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തിലേക്ക്‌ വരരുതു എന്നു നിശ്ചയി ച്ചുറപ്പിച്ചതു പോലെയുള്ള തലക്കെട്ടു പോലുമില്ലാതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ചിറകുകള്‍ മുളപ്പിച്ചു പുറത്തേക്കു പറന്നു വന്നത്‌?
സ്വാതന്ത്ര്യ മില്ലായ്മയുടെ നീലക്കയ ങ്ങളിലവര്‍ പിടഞ്ഞിരുന്നുവോ എന്ന് ശങ്കിപ്പിക്കുന്ന വരികളിങ്ങനെ:-
"ഛിടിയ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ
സ്വര്‍ണ്ണ ച്ചിറകുള്ള പക്ഷീ
ഒരിക്കല്‍ പോലും നീ
മിന്റെ പൊന്തൂവലുകള്‍ വിടര്‍ത്തിയില്ല
മഴ മേഘങ്ങള്‍ കണ്ട്‌
പീലി വിരിച്ചാടുന്ന മയിലുകള്‍ ക്കൊപ്പം ഉണര്‍ന്നില്ല
ഗുല്‍ മോഹര്‍ പൂത്ത വേനലില്‍
മൊഴിയറ്റ സ്വരങ്ങള്‍ ചീന്തിയെടുത്ത്‌
സാധകം ചെയ്തില്ല
ഇരുമ്പില്‍ തീര്‍ത്ത
നിന്റെ കൂടിന്റെ അഴികള്‍
ഞാനിന്നലെ സ്വപ്നം കണ്ടു.
സ്ത്രീ എഴുതുമ്പോള്‍, -കലാപരമായ പ്രവൃത്തിയി ലേര്‍പ്പെടുന്ന ഏതു സ്ത്രീയും - ഒരു പുരുഷന്റെ തിനെക്കാള്‍ അന്‍പതു മടങ്ങെങ്കിലും സ്റ്റ്രയിന്‍ എടുക്കേ ണ്ടതായി വരുന്നുണ്ട്‌. സാധാരണ ക്കാരിയായ ഒരു സ്ത്രീ / കുടുംബിനി, വീട്‌, മക്കള്‍, ഉദ്യോഗം, ഭര്‍ത്താവ്‌, തുടങ്ങി ജീവിതമെന്ന മഹാ സമുദ്രത്തിന്റെ കരയിലേക്കു കയറിയിരുന്നാണു അവളുടെ സര്‍ഗ്ഗ ജീവിതത്തെ പരിപോഷിപ്പികുനത്‌. അവളുടെ ഉത്ക്കടമായ ഉദ്യമത്തിന്റെ വിജയമാണു എഴുത്ത്‌. യാതനകള്‍ നേരിട്ട്‌ എഴുതുമ്പോഴും നേരിടുന്ന വിഷയ പരിമിതി കളവളെ ഭയപ്പെടു ത്തുന്നുണ്ട്‌. (അപൂര്‍വ്വം സ്ത്രീകളെയൊഴികെ). പ്രണയം, ലൈംഗികത ഇമ്മാതിരി വിഷയങ്ങള്‍, 21-ആം നൂറ്റാണ്ടിന്റെ നട്ടുച്ച യിലെത്തിയിട്ടും സ്ത്രീകള്‍ക്കു അപ്രാപ്യമായ മേഖല പോലെ ഗര്‍വ്വിച്ചു നില്‍ക്കുകയാണു.
സ്വാതന്ത്യ മില്ലാമയ്മെ ക്കുറിച്ചുള്ള പറച്ചില്‍ വെറുതെയല്ല. ജീവനോടെ യിരിക്കുമ്പോള്‍ നന്ദിതയുടെ ഒറ്റ കവിത പോലും വെളിച്ചം കാണിക്കാ നാവാതെ, മരണ ശേഷം മാത്രം കവിതയെന്ന ഭാവേന പുറത്ത്‌ വന്ന അവരുടെ ചിന്തകള്‍, രോഷങ്ങള്‍, ഭ്രാന്ത്‌. സ്വാതന്ത്ര്യ മില്ലാമയുടെ ഏതൊക്കെയോ ഇരുണ്ട തുരങ്കങ്ങ ളിലൂടെ യാണവളും അവളുടെ കവിതകളൂം കടന്നു പോയതെ ന്നതിന്റെ വെളിപ്പെടുത്തലുകളാണു.
നന്ദിതയുടെ പേരിനോടു ചേര്‍ത്ത്‌ വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്‌. നിരവധി ഘട്ടങ്ങളില്‍ വിഷാദ രോഗത്തില്‍ നിന്നും മരണത്തിന്റെ കൈവഴി കളിലേക്കു വീണു, തെന്നി മാറി, ജീവിതം മടക്കി ക്കൊണ്ടു വന്നിട്ടും., പാചക വാതകം അഴിച്ചു വിട്ടു ഓവനിലേക്ക്‌ മുഖം കയറ്റി വെച്ച്‌ മരണത്തെ ആശ്ലേഷിച്ച, അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയാ പ്ലാത്ത്‌.
മരണമെന്നത്‌ ശ്വാശ്വതമായ നിയമാണു. നിത്യമായ സത്യമാണു.
അതു കൊണ്ടാവാം 'മരണം പോലെ കഠിനമാണു പ്രണയമെന്ന്" സോളമന്‍ രചിച്ചിരിക്കുന്നത്‌.
പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച്‌ ജീവിക്കാം നമ്മുക്ക്‌, എന്നതിനേക്കാള്‍... ഒരുമിച്ച്‌ മരിക്കാം എന്നു പറഞ്ഞും പ്രവര്‍ത്തിച്ചും സായൂജ്യ മടയുന്ന രീതിയാണു പറയുന്ന തായാണു കണ്ടു വരുന്നതി നെന്നുള്ളതിനു ഊന്നല്‍ കൊടുത്ത്‌ ഇടപ്പള്ളിയുടെ വരികളിങ്ങനെ:-
'സഹതപിക്കാത്ത ലോകമേ -
എന്തിനും സഹകരിക്കുന്ന ശാരദാകാശമേ !!!'
ഇടപ്പള്ളിയുടെ വരികളിവിടെ ഉദ്ധരിക്കുന്നത്‌ യാദൃശ്ചികമല്ല. മനപൂര്‍വ്വമാണു.
പ്രണയ തിരസ്കാരം മരണത്തിലേക്കു വഴി നടത്തിയ ഇടപ്പള്ളിയുടെ വരികളോട്‌ ചേര്‍ത്ത്‌ വെച്ച് വായിക്കാന്‍, കവികള്‍ പ്രവചനാ ത്മാക്കളാ ണെന്നോര്‍മ്മിപ്പിച്ച്‌, മരണത്തോടുള്ള ആസക്തിയില്‍ നന്ദിതയെഴുതിയ തലക്കെട്ടില്ലാത്ത മറ്റൊരു കവിതയിങ്ങനെ !!
"കാറ്റ്‌ ആഞ്ഞടിക്കുന്നു
കെട്ടു പോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു..
ഭ്രാന്തമായി."
കവിതകളുടെ പേരില്‍ നന്ദിത എന്നും ഓര്‍മ്മിക്കപ്പെടും,
വരുന്ന തലമുറകളാലും ആദരിക്കപ്പെടാന്‍ പാകത്തിനു എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ആളി പ്പടരുന്നുണ്ട്‌.
ആത്മാഹൂതി യെക്കുറിച്ചോ ര്‍ക്കുമ്പോള്‍, ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്‍ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത്‌ കണ്ട്‌ പ്രജ്ഞ കെട്ടു പോയത്‌, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക്‌ ഇനി ജീവന്‍ തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്‌, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്‌. മോഹഭംഗ ങ്ങളെയെല്ലാം കൈപ്പിടി ചാരമാക്കി, ഒരു കുടത്തിനുള്ളില്‍ പാപനാശിനി യിലേക്ക്‌, എല്ലാം ജയിച്ചുവെന്ന മട്ടില്‍ തുള്ളി മറിഞ്ഞു പോകുന്നതു കണ്ടു സ്വയം നഷ്ടപ്പെട്ടു പോയത്‌. ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.
ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,
മുറിവുകളുടെ രണഭൂമികകളാണു.
മരണം - അതുമാത്രമാണു നിത്യമായ സത്യം.

21 comments:

അഞ്ചല്‍ക്കാരന്‍. said...

മരണം.
ഏറ്റവും പരമമായ സത്യം.
ആ സത്യത്തിനൊപ്പം മഹത്തരമായ മറ്റൊന്നുമില്ലെന്ന് നന്ദിതയ്ക്ക് തോന്നിയിരിയ്ക്കാം...

ദേവസേന said...

" ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്‍ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത്‌ കണ്ട്‌ പ്രജ്ഞ കെട്ടു പോയത്‌, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക്‌ ഇനി ജീവന്‍ തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്‌, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്‌."

ഓര്‍മ്മ ദിനത്തിന്

ഇ പത്രത്തില്‍ വന്നത്.
നന്ദിത അനുസ്മരണത്തില്‍ വായിക്കാന്‍ എഴുതിയത്

devapriyan said...

പ്രിയപ്പെട്ട ദേവസേന,
പ്രണയമെന്ന വികാരം ഉമിത്തീ പോലെ അകമേ കിടന്നു നീറ്റുമ്പോഴെല്ലാം ഞാന്‍ ദേവസേനയെ വായിക്കാറുണ്ട്.വെറുതെ ആ കുറിപ്പുകളിലൂടെയും കവിതകളിലൂടെയും ആവര്ത്തി ച്ചാവര്ത്തിതച്ചു കടന്നു പോകാറുണ്ട്.ജീവിതവും സ്വജീവനെത്തന്നെയും പ്രണയത്തിനായ് ബലി നല്കികയ ഒരു പാടെഴുത്തുകാരും അല്ലാത്തവരും മനുഷ്യര്ക്കി ടയിലുണ്ട്.പ്രണയത്തിന്റെ ഹവിസ്സില്‍ സ്വയം തര്പ്പതണം ചെയ്തവര്‍.താനൊഴികെ മറ്റൊരാള്ക്കും തന്നെ മനസ്സിലാവുന്നില്ലല്ലോ എന്ന് നെഞ്ചു കലങുമ്പോള്‍, അല്ല, എനിയ്ക്കു നിന്നെ മനസ്സിലാവും എന്ന ആശ്വാസത്തിന്റെ ഒരു സ്പര്ശംോ.എന്തിനിങിനെ സ്വയം എരിയുന്നു എന്ന സങ്കടവാക്കിന്റെ ചാറ്റല്‍ മഴ.പ്രണയം താങും തണലും തരുന്ന വട വൃക്ഷമായി വളരേണ്ട വഴികളെല്ലാം ചുറ്റും നിന്നു ഞെരിച്ചമര്ത്ത പ്പെടുമ്പോള്‍ പിന്നെ ജീവിതത്തിന്റെ അര്ത്ഥംര ഒരു മുഴം കയറിലോ ഇരുമ്പു ചക്രങളുടെ താളാത്മകാവേഗങളിലോ തേടുന്നവരുടെ അന്തര്‍ ലോകങളെ വായിക്കാന്‍ കൂടിയാണു നന്ദിതയുടെ ജീവിതത്തെയും കവിതയെയും ചേര്ത്തുറ വച്ച് താങ്കള്‍ ശ്രമിച്ചത്.അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിരിക്കുന്നു.പ്രണയത്തിന്റെ ഇരുണ്ടഭൂഗണ്ട്ങളിലൂടെ ജീവിതത്തെ സ്വയം നടത്തിയ ഒരുവളുടെ വേപഥു പൂണ്ട ആത്മരോദനം കൂടി താങ്കളുടെ എഴുത്തിന്റെ ഉള്ളിടങളില്‍ നിന്നും മരുഭൂമിയിലെ പാട്ടു പോലെ നേര്ത്ത് നേര്ത്തു യരുന്നുണ്ട്.വായിക്കാന്‍ ശ്രമിയ്ക്കുന്തോറും പിടി തരാതെ വഴുതി മാറുന്ന സമസ്യയാണു ജീവിതം.അതു പോലെ തന്നെ പ്രണയവും.ഒരു വ്യാഖ്യാനത്തിനും പിടി കൊടുക്കാത്തതും, എന്തിനു അതിന്റെ കയങളിലേക്കു സ്വയം ഇറങിപ്പോകുന്നവര്ക്കുത പോലും സ്വയം മനസ്സിലാകാത്തതുമായ ഒരു പ്രതിഭാസം.ആത്മഹത്യ ചെയ്ത സുഹൃത്തിനെ വിമര്ശിനച്ചുകൊണ്ട് കവിതയെഴുതിയ മയക്കോവ്സ്ക്കി അധികം വൈകാതെ സ്വയം ആ വഴി തിരഞെടുത്തതെന്തിനെന്ന് ‍എത്ര ആലോചിച്ചിട്ടും പിടികിട്ടാതെ പോകുന്നതിന്റെ ഒരു കാരണം ജീവിതം പ്രണയം മരണം എന്നീ പ്രതിഭാസങളോടുള്ള മനുഷ്യന്റെ ആഭിമുഖ്യങള്‍ വ്യാഖ്യാനങള്ക്കു മപ്പുറമാണ്‍ എന്നതു തന്നെയാണു.പ്രണയത്തെയും മരണത്തെയും നന്ദിത യിലൂടെ ആഖ്യാനം ചെയ്യുമ്പോഴും സ്വാനുഭവങളുടെ കടുത്ത ചൂടില്‍ നിന്നും പുറത്തു കടക്കാന്‍ ദേവസേനയ്ക്കു കഴിത്തത്, എഴുത്ത് ജീവിതം തന്നെയാണെന്ന വാസ്തവത്തെ ഒരിയ്ക്കല്ക്കൂ ടി ഉറപ്പിയ്ക്കുന്നു.താങ്കളുടെ എഴുത്ത് കനം വച്ചു തുടങിയിട്ടുണ്ടെചന്ന് ഈ കുറിപ്പു സാക്ഷ്യം പറയുന്നു.എഴുത്തിലെ ഉറഞ വൈകാരികതയുടെ ഒഴുക്കും ഹൃദയ ദ്രവീകരണ ക്ഷമതയും അങേയറ്റം പ്രശംസനീയമാണു.ഇനിയും എഴുതുക.എന്നെപ്പോലുള്ളവര്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ട്.

സ്നേഹപൂര്‍വ്വം.

ഇട്ടിമാളു said...

എന്റെ കയ്യിലും ഉണ്ട് മനോരമയുടെ ആ “ശ്രീ“.. പിന്നെ അതിനോടടുപ്പിച്ച് വന്ന ഒരു സപ്ലിമെന്റ് ആര്‍ട്ടിക്കിളും.. ഒപ്പം പുസ്തകമേളയില്‍ നിന്ന് തപ്പിയെടുത്ത നന്ദിതയുടെ വയലറ്റ് പുസ്തകവും..

കുറച്ചു കാലം മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പും മരണത്തെ കുറിച്ചൊരെണ്ണം ഇറക്കിയില്ലെ..

നന്ദിയുണ്ട് നന്ദിതയെ കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തലിന്.. ഒപ്പം പ്രണയത്തില്‍ നിന്ന് മരണത്തിലെത്തുന്ന നേര്‍ത്ത വിറയലിനും..

kaithamullu : കൈതമുള്ള് said...

ദേവേ,
നാളുകള്‍ക്ക് ശേഷം വാ...യി....ച്ച....ഈടുറ്റ മനസ്സിലേറ്റ പരമമായ ഒരു കുറിപ്പ്!!

നജൂസ്‌ said...

നന്ദിതയും, സില്വിയാ പ്ലാത്തും മരണത്തിന്റെ പര്യായങളാണ്... പ്രണയം മരണമാവുമ്പോള്‍ പ്രണയത്തെ അത്രമാത്രം പ്രണയിച്ചരാവാം അവര്‍..
ചിലപ്പൊള്‍ കവിതകൊണ്ട്‌ രേഖപ്പെടുത്താന്‍ കഴിയാത്തത്ര.

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട ദേവസേനാ..,

എനിക്കൊരിക്കലും മരണത്തെക്കുറിച്ച് വായിക്കാന്‍ കഴിയില്ല. ഒരു പക്ഷെ അതു കൊണ്ടാവണം ഇ- പത്രത്തിലെഴുതിയത് വായിക്കാതിരുന്നത്.

എന്നിരുന്നാലും പ്രണയത്തിന്‍റെ കൂടപ്പിറപ്പാണ് മരണമെന്നത് തിരിച്ചറിഞ്ഞവനും കൂടിയാണ് ഞാന്‍. ഒപ്പം ജീവിതത്തിന്‍റെ സഖിയാണ് പ്രണയമെന്നത് അനുഭവിച്ചറിഞ്ഞവനുമാണ്.

അതു കൊണ്ട് തന്നെ പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച്‌ ജീവിക്കാം നമ്മുക്ക്‌, എന്നതിനേക്കാള്‍... ഒരുമിച്ച്‌ മരിക്കാം എന്നു പറയുന്നതിലെ വികാരവും എനിക്കറിയില്ല

കാരണം മരിച്ചു കഴിഞ്ഞാല്‍ പ്രണയിക്കുന്നതെങ്ങിനെ?

ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണ് അതു കൊണ്ട് തന്നെ വയ്യ എഴുത്തുകാരീ.. മരണത്തെകുറിച്ച് എനിക്കൊന്നും വായിക്കാന്‍ വയ്യ.. ഓര്‍ക്കാന്‍ പോലും...!

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പാര്‍ത്ഥന്‍ said...

ഈ ഓര്‍മ്മക്കുറിപ്പ്‌ വളരെ ഹൃദയസ്പര്‍ശിയായി തോന്നി.
നന്ദിതയെ ഓര്‍മ്മിച്ചതിലൂടെ പ്രണയത്തെ വ്യത്യസ്ത കോണിലൂടെ ഒന്നുകൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം കണ്ട്‌ 'പ്രണയം' വിലപിക്കുന്നുണ്ടാവും.
ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള പ്രണയത്തിന്റെ മുഖങ്ങളോട്‌ എനിയ്ക്ക്‌ അത്ര താല്‍പര്യം ഇല്ല.
സ്വാര്‍ത്ഥതയില്‍ നിന്നുമാണ്‌, ഒരുമിച്ചു മരിക്കാം എന്ന ചിന്തയും, നിന്നെ ആരെല്ലാം നോക്കും വ്യാകുലതയും ഉണ്ടാകുന്നത്‌.
പ്രേമം എന്നാല്‍ ത്യാഗമാണ്‌. നന്മയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ സ്വാര്‍ത്ഥതയെ ചിലപ്പോള്‍ ത്യജിക്കേണ്ടിവരും.
'രമണന്‍' വായിച്ചപ്പോള്‍ ആ കഥപത്രത്തിനോട്‌ പുച്ഛമാണ്‌ തോന്നിയത്‌. വരും തലമുറയെ പ്രേമനൈരാശ്യത്താല്‍ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നു. കുറെ കൊല്ലങ്ങള്‍ക്കുശേഷമാണ്‌ അത്തരത്തിലുള്ള ഒരു വിമര്‍ശനം പോലും വായിച്ചത്‌.
കുഞ്ഞുണ്ണിമാഷിന്റെ ഒരു വരി ഓര്‍മ്മ വരുന്നു.
"പ്രേമനൈരാശ്യംകൊണ്ട്‌ തൂങ്ങിചത്തവനെ താഴെയിറക്കി തല്ലിക്കൊന്നു ഞാന്‍" (ഈ വരികള്‍ ഇങ്ങനെയല്ല. ശരിക്കറിയാവുന്നവര്‍ തിരുത്തുക. 25 കൊല്ലം മുന്‍പ്‌ വായിച്ചതാണ്‌.)

ശിവ said...

പ്രണയം മരണവും വാക്കുകളായി എഴുതുമ്പോള്‍ അതിന് എന്തു ഭംഗിയാണ്....

ഹാരിസ് said...

ആത്മഹത്യവരെയും വിശ്വസിക്കില്ല/അറിയില്ല നാം ഒരുത്തനെയും,
ശ്രദ്ധ്ധിക്കയുമില്ല അവനെ അന്നുവരെ.
മരിച്ചു കാണിക്കണമല്ലോ വിശ്വസിക്കാന്‍.
അതുവരെ എല്ലാം ചീപ്പ് സെന്റിമെന്റ്സ്.
ജീവിക്കാന്‍ അറിയാത്തവന്‍.
ശവഘോഷയാത്രക്ക് ശേഷം പായസം വിളമ്പുമോ...?

latheesh mohan said...

നന്ദിതയുടെ പേരിനോടു ചേര്‍ത്ത്‌ വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്‌. :):)

ഇതിലും വലിയ തമാശ അടുത്തകാ‍ലത്തൊന്നും വായിച്ചിട്ടില്ല. തലയ്ക്കു വട്ടുണ്ടാവണം നന്ദിതയും സില്‍വിയയും ചേര്‍ന്നിരിക്കും എന്നു പറയാന്‍. അല്ലെങ്കില്‍ സില്‍വിയയെ വായിച്ചിട്ടില്ലായിരിക്കണം.

ഡയറിക്കുറിപ്പ് എഴുതി വെച്ചിട്ടോ വെക്കാതെയോ പ്രേമ നൈരാശ്യം മൂലം ആത്മഹത്യ ചെയ്ത പെമ്പിള്ളേരെയൊക്കെ എന്നാല്‍ പിന്നെ സില്‍വിയയോട് ഉപമിച്ചു തുടങ്ങാം. :(

mukkuvan2008 said...

മകരമാസത്തിലെ ഒരു തണുത്ത പാതിരാവില്‍...

നാലഞ്ചു ദിവസമായി തുറന്നിരിക്കുന്ന വെണ്ണയുടെ ഗന്ധം കുറിപ്പിന്.

നൊമാദ്. said...

അപ്പോള്‍ എന്താണ് പറഞ്ഞ് വന്നത് :) ?

വിശാഖ് ശങ്കര്‍ said...

ഈ നന്ദിത പ്ലാത്ത് താരതമ്യം ശരിക്കും ഒരു കടുംകൈ ആയിപ്പോയി.

അനുസ്മരണ ചടങ്ങാവുമ്പോള്‍
മരിച്ചുപോയ ആളിനെക്കുറിച്ച് നാല് നല്ലവാക്ക് എന്ന നിലയില്‍ ചില്ലറ എക്സാജറേഷനൊക്കെ ആകാം എങ്കിലും ഇത്...

കണ്‍പീലിചിലന്തികള്‍ said...

വീണ്ടും പ്രിയപ്പെട്ട ഓര്‍മകള്‍ക്ക് നന്ദി
ദേവസേന

Sapna Anu B.George said...
This comment has been removed by the author.
Sapna Anu B.George said...

ദേവസേന....നന്ദിതയുടെ മരണം ദുരൂഹമായീരുന്നു,എന്നതുപോലെ സ്ത്യമാണ് മരണവും.അതുപോലെ മരണം ഒരു ആത്മാവിനെ വലിച്ചിഴച്ചു കൊണ്ടു പോകുമ്പോള്‍ പിന്നിലുപേക്ഷിച്ചു പോകുന്ന ജന്മങ്ങള്‍ക്ക് അതു താങ്ങാനായെന്നു വരില്ല.ഇല്ലാതെ പോകുന്ന,മരിച്ചു പോകുന്നവരുടെ അസാന്നിദ്ധ്യം ജീവിച്ചിരിക്കുന്ന പലരുടെയും ജീവിതത്തില്‍ ഒരു ചോദ്യചിഹ്നമായിത്തീരാറുണ്ട്.ഒരു പക്ഷെ നമ്മള്‍ക്കാര്‍ക്കും തന്നെ നന്ദിതയെ അടുത്തറിയില്ലായിരിക്കാം.അവരുടെ കവിതകളില്‍ നിന്നു മാത്രം അറിയാവുന്ന ഒരാള്‍ക്കുവേണ്ടി നമുക്കൂ തോന്നുന്ന സങ്കടം ഇത്രമാത്രമെങ്കില്‍...... ഉറ്റവരും ഉടയവരുമായവരുടെ വിയോഗം/
മരണം...ജീവിതം മുഴുവന്‍ ചോദ്യചിഹ്നങ്ങളുടെ ഒരു നീണ്ടപട്ടിക തന്നെ നല്‍കിയീട്ടുപോകും.ഒരിക്കലും
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍?????

Sureshkumar Punjhayil said...

:) :) :)

പാലക്കുഴി said...

നന്നായി എഴുതി...

ഗൗരിനാഥന്‍ said...

പ്രണയത്തെ പുല്‍കി പ്രണയത്താല്‍ മരിച്ചവളാണ് ആ സുന്ദരി

sniper said...

തെറ്റി. കൊത്തിയത് എന്‍റെ നെഞ്ചിലാണ്. കരിനീലിച്ചതും വിഷം ഉറഞ്ഞു കൂടിയതും എന്‍റെ തലച്ചോറില്‍.
ഇവള്‍ മറ്റൊരു നന്ദിത. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത് വായിച്ചപ്പോള്‍ ഇത് കൃത്യമായി (ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.)

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com