സദാചാര ഭ്രംശത്തിന്റെ ബാക്കിപത്രങ്ങള്‍.






തൊക്കെ അനിശ്ചിതത്വതിലേക്കാണു സ്ത്രീജന്മങ്ങള്‍ എടുത്തെറിയപ്പെടേണ്ടി വരുന്നത്‌? നടപ്പാതകളെന്നു വൃഥാ ആഹ്ലാദിച്ച്‌ എല്ലാം മറന്ന് നടന്നുപോകുന്ന വഴികളില്‍, കഴുത്തോളം മുക്കിക്കളയുന്ന ചതുപ്പുനിലങ്ങളുടെ വ്യാളീമുഖങ്ങള്‍ അവളെ കാത്തിരിക്കുന്ന ദുര്‍വിധി അവളറിയാതിരിക്കുന്ന നിസഹായവസ്ഥ. പുരുഷനു അവളെ എന്തും ചെയ്യാം. ഒരു ജീവിത സഖിയെ ആവശ്യമെന്നു തോന്നുമ്പോള്‍ ഒരുവളെ വരിച്ച്‌ സ്വന്തമാക്കുകയും മതിയെന്നു വരുമ്പോള്‍ തലയില്‍ വീണ കരിയില തട്ടിക്കളയുന്ന ലാഘവത്തോടെ യാതൊരു കുറ്റബോധവുമില്ലാതെ കുടഞ്ഞുകളയുകയുമാവാം.


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, വീടിനോട്‌ ചേര്‍ന്ന് മുത്തഛന്റെ സ്വന്തമായുള്ള കുറെ കടകള്‍ പലവിധമായ വ്യപാരങ്ങള്‍ക്കായി വാടകക്കു കൊടുത്തിരുന്നു. കടനിരകളുടെ ഒടുവിലായുള്ളതില്‍ ഒരുകൂട്ടര്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ കൂട്ടര്‍ക്ക്‌ രണ്ടു മുറികളും, അടുക്കളയും, കിണറും, പിറകില്‍ മുറ്റവുമായി അത്യാവശ്യം സൗകര്യങ്ങളും കൊടുത്തിരുന്നു. ഞങ്ങളുടെ വീടിന്റെ പിറകിലെ മുറ്റം കഴിഞ്ഞുള്ള തൊടി അവരുടെ മുറ്റവുമായി ചേര്‍ന്നു കിടന്നു. അഛനും അമ്മയും എട്ടു മക്കളും അടങ്ങുന്ന കുടുംബം.


ഒരു മകന്‍ ജോലി സംബന്ധമായി ദൂരെ എവിടെയോ ആണു. രണ്ട്‌ പെണ്‍മക്കള്‍ വിവാഹിതരായി പോയിരുന്നു. ബാക്കിയുള്ള അഞ്ചുകുട്ടികളും, മാതാപിതാക്കളും ആ കുടുസുമുറികളില്‍ ജീവിതം കരുപിടിപ്പിക്കുകയാണു. 20, 18, 16, 10, 6 ഏതാണ്ടീ ക്രമത്തിലായിരുന്നു കുട്ടികളുടെ പ്രായം. തീയും പുകയും ഒടുങ്ങാത്ത കറുത്തമുറികളില്‍ ആ കുട്ടികള്‍ അരിയാട്ടുകയും, പലഹാരങ്ങള്‍ ഉണ്ടാക്കുകയും, കൂടെ പഠിക്കുകയും ചെയ്തിരുന്നു. മനം മടുപ്പിക്കുന്ന കരിനിറഞ്ഞ അന്തരീക്ഷത്തിലും പെണ്‍കുട്ടികളുടെ സൗന്ദര്യം അടിക്കടി ജ്വലിച്ചുവന്നു. അതിസുന്ദരികളായിരുന്നവര്‍. ആദ്യനാളുകളില്‍ ദൂരെ നിന്നു ചിരിക്കുവാന്‍ മാത്രം അമ്മ എനിക്കു അനുവാദം തന്നിരുന്നുള്ളു.


എന്നാല്‍ ക്രമേണ ഞാന്‍ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇളയകുട്ടികളുമായി "സാറ്റ്‌"കളി പതിവാക്കുകയും ചെയ്തു. അവരുടെ അഛന്റെ പേരു ഭാനു എന്നായിരുന്നതിനാല്‍, ഞാന്‍ അയാളെ ഭാനുവഛന്‍ എന്ന് സംബോധന ചെയ്തു. അവരുടെ അമ്മ അധികമാരോടും സംസാരിക്കാറില്ല. കാര്യമായ പണികളും ചെയ്തിരുന്നില്ല. ഏതോ അഗാധമായ ദുഖത്തില്‍ ചിന്താകുലയായതുപോലെ എപ്പോഴും കാണപ്പെട്ടു.


കുറെനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ പട്ടാളക്കാരനായ ചിറ്റപ്പന്‍ അവിടെയെത്തി.വളരെ വിചിത്രമായ കാര്യങ്ങളാണു പിന്നീടവിടെ നടന്നതു. ചിറ്റപ്പനും ആ അമ്മയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ നടക്കുന്നു. കുളിമുറി എന്നുപറയാവുന്ന ഒന്നില്‍(കുളിക്കുന്നയാളിന്റെ തോള്‍ മുതല്‍ മുകളിലേക്കുള്ള ഭാഗം വെളിവാകുമായിരുന്നു) ചിറ്റപ്പന്‍ ഇവര്‍ക്കു വെള്ളം കോരികൊടുക്കുകയും, പുറം തേച്ചുകൊടുക്കുകയും ചെയ്യുന്നതു കണ്ടു എന്റെ അമ്മയും ഞങ്ങളുടെ അടുക്കളപണിക്കാരിയും കുശുകുശുപ്പുകള്‍ ഉയര്‍ത്തി. ചില ദിവസങ്ങള്‍ക്കുശേഷം ചിറ്റപ്പന്‍ മടങ്ങിപ്പോവുകയും ചെയ്തു.


പിന്നീടെന്നോ ആ സ്ത്രീ എന്റെ അമ്മയോടു മനസു തുറന്നതോടെയാണു രഹസ്യങ്ങളുടെ ചുരുളഴിയുന്നത്‌. ഭാനുവഛന്‍ ഇവരെ വിവാഹം ചെയ്തു ആറുകുട്ടികളുണ്ടായിക്കഴിഞ്ഞൊരുനാള്‍, ഈ കുടുംബത്തെ അനാഥമാക്കി എങ്ങോട്ടോ പോയിക്കളഞ്ഞു. കര്‍മ്മദോഷങ്ങളുടെ പരമ്പര താണ്ഡവമാടിയ ഒരുവേള ചിറ്റപ്പന്‍ സ്വന്തം ജീവിതം തന്നെ ജ്യേഷ്ഠകുടുംബത്തിനു തീറെഴുതികൊടുക്കുകയും ജ്യേഷ്ഠത്തിയമ്മയെ ഭാര്യയാക്കുകയും ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ജനിക്കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷമൊരു ത്രിസന്ധ്യയില്‍ ഭാനുവഛന്‍ തിരികെ വരികയും, അയാളെയും തിരസ്കരിക്കനാകാതെ സ്വീകരിക്കുകയും, പിന്നീടു അവര്‍ രണ്ടുപേര്‍ക്കും ഭാര്യയായി തീരുകയും ചെയ്തു.


ഈ സ്ത്രീയെ ഭാനുവഛന്‍ വിവാഹം ചെയ്ത കാലത്ത്‌ ചിറ്റപ്പന്‍ ട്രൗസറിട്ടു സ്കൂളില്‍ പോയിരുന്ന വെറുമൊരു ചെക്കനായിരുന്നുവെന്നും വാല്‍കഷണമായി അവര്‍കൂട്ടിച്ചേര്‍ത്തു. കഥ തീര്‍ത്തു തികഞ്ഞ നിസംഗതയോടെ, നീണ്ടൊരു നിശ്വാസത്തോടെ


അവര്‍ പോയി കഴിഞ്ഞു രണ്ടു ദിവസത്തേക്ക്‌ എന്റെ അമ്മ എന്തിനാണു നനഞ്ഞ കണ്ണുകളുമായി നിശബ്ദയായി നടന്നതു? എന്നെ സംബന്ധിച്ചടത്തോളം ഒരു സിനിമകഥയുടെ ഉദ്വേഗജനകമായ ക്ലൈമാക്സ്‌ കേട്ടുകഴിഞ്ഞതുപോലെയായിരുന്നു. ഗൗരവമുള്‍ക്കൊള്ളനെനിക്കു കഴിഞ്ഞില്ല. ഞാനന്നു വെറും ബാലികയാണു.


എന്നാല്‍ ചില നാളായി എന്റെ ഏകാന്ത വേളകളില്‍ ഈ സ്ത്രീയെക്കുറിച്ചുള്ള ഓര്‍മ്മ വല്ലാതെ അലട്ടുന്നു. എന്തിനാണു എന്റെ സ്വസ്ഥത അവരിങ്ങനെ സശിപ്പിക്കുന്നതു? ദാമ്പത്യത്തിന്റെ ക്ഷണികതയെക്കുറിച്ചു നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്‌? ഞാനിപ്പോള്‍ ഭാര്യയായതുകൊണ്ടാണോ? അമ്മായായതുകൊണ്ടാണോ? സ്വന്തം മകനെപ്പോലെ കരുതിയിരുന്ന അനുജനെ ഭര്‍ത്താവാക്കേണ്ടിവന്ന അവരുടെ ദുര്യോഗം. നാട്ടുകാരുടെയും വീട്ടുകരുടെയും 'എന്തുകൊണ്ടാണു ആറുകുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യ ചെയ്യാത്തതെന്ന മൗനാക്രോശങ്ങളുടെയും, കൂര്‍ത്ത നോട്ടങ്ങളുടെയും മുന്നില്‍ കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത്‌ വിങ്ങിക്കരഞ്ഞ്‌ ജീവിക്കാനാശിച്ചു പോയ പാവം സ്ത്രീ. മറ്റൊരു സതീദേവിയെ നഷ്ടപ്പെട്ടുപോയതില്‍ ആകുലപ്പെടുന്ന സമൂഹത്തിന്റെ മുന്നില്‍ സദാചാരമെന്ന വിഡ്ഡി വേഷമഴിച്ചുവെച്ച ആ സ്ത്രീയിപ്പ്പ്പോള്‍ എവിടെയണവോ?


എന്താണീ സദാചാരമെന്നാലോചിച്ച്‌ എനിക്ക്‌ തലപുകയാറുണ്ട്‌,സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച്‌ തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍? പുരുഷവേശ്യകള്‍ക്കും, പുരുഷകന്യകമാര്‍ക്കുമുള്ള പുല്ലിംഗങ്ങള്‍ പ്രായോഗികപ്രയോഗങ്ങളില്‍ വിട്ടുപോയിരിക്കുന്നു.പ്രഭാതത്തില്‍ കോളജിലേക്ക്‌ പുറപ്പെടുന്ന കന്യകയായ പെണ്‍കുട്ടി കൂടെകൊണ്ടുപോകുന്ന കന്യാകാത്വം തിരികെകൊണ്ടുവരുമെന്നതിനെന്താണുറപ്പ്‌?


ജോലിസ്ഥലത്തേക്കൊ, ചന്തയിലേക്കൊ പോകുന്ന ഭര്‍ത്തൃമതിക്കും പാതിവൃത്യം ഭദ്രമായി തിരികെകൊണ്ടുവരാമെന്നതിനും ഗ്യാരന്റിയില്ല. ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന, പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും, പാതിവൃത്യവും സമൂഹം കല്‍പ്പിച്ചിരിക്കുന്ന സദാചാരവും. പട്ടാപ്പകല്‍പോലും അമ്മയെന്നോ,പെങ്ങളെന്നോ, മകളെന്നോ ഓര്‍ക്കാന്‍ മിനക്കെടാത്ത മുഖമൂടിയണിഞ്ഞ പുണ്യാളന്മര്‍ക്കു മുന്നില്‍ എന്തു സദാചാരം? ഈപ്പറഞ്ഞതൊക്കെയാണു സദാചാരമണെങ്കില്‍ ഇതു വെറും സങ്കല്‍പ്പമാണു. നമ്മില്‍ ചിലര്‍ക്കെങ്കിലും.

11 comments:

ദേവസേന said...

എന്താണീ സദാചാരമെന്നാലോചിച്ച്‌ എനിക്ക്‌ തലപുകയാറുണ്ട്‌,സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച്‌ തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍? പുരുഷവേശ്യകള്‍ക്കും, പുരുഷകന്യകമാര്‍ക്കുമുള്ള പുല്ലിംഗങ്ങള്‍ പ്രായോഗികപ്രയോഗങ്ങളില്‍ വിട്ടുപോയിരിക്കുന്നു

വാളൂരാന്‍ said...

ജീവിതത്തിന്റെ ചതുപ്പുകളില്‍ ഇങ്ങനെ ഹോമിച്ചിരിക്കുന്ന എത്രയോ ജന്മങ്ങള്‍... പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാറില്ല...

chithrakaran ചിത്രകാരന്‍ said...

അവര്‍ ആരാധ്യയായ സ്ത്രീരത്നമാണ്‌.
രണ്ടു ഭര്‍ത്താക്കന്മാര്‍ക്ക്‌ ഒരു ഭാര്യ... ഇതിലെന്താണ്‌ സദാചാരപ്രശ്നം ?
അവര്‍ മൂന്നുപേര്‍ക്കും സ്നേഹ സമാധാനത്തോടെ കഴിഞ്ഞുകൂടാനാകുന്നുണ്ടെങ്കില്‍ ... നാട്ടുകാര്‍ക്ക്‌ വിഷമമുണ്ടാകേണ്ട കാര്യമില്ല.
പാരംബര്യം, തറവാടിത്വം എന്നീ പൊങ്ങച്ചങ്ങളില്‍ അധിഷ്ടിതമായ നാട്ടുകാരുടെ മനസ്സിലെ സദാചാരത്തിനായിരിക്കും മാറ്റങ്ങള്‍ ആവശ്യമായിവരിക.
നല്ല അനുഭവകഥ ... നന്ദി!!

അനിലൻ said...

പുരുഷ്നാണോ പുരുഷകേന്ദ്രീകൃതമായ സാമൂഹികക്രമങ്ങളാണോ അതിനു കാരണം എന്നാലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ക്രമങ്ങള്‍ തകര്‍ക്കുമെന്നു പറയുന്നവര്‍ക്കും സ്വന്തം ചുമരുകള്‍ക്കുള്ളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ വെപ്രാളമായി. നില തെറ്റലുകളായി. നുണകള്‍കൊണ്ടു പണിഞ്ഞെടുത്ത താജ്മഹലുകളാണ് ഓരോ വീടും എന്നിരിക്കേ എന്തിനാണിത്തരം ആലോചനകള്‍ അല്ലേ!

കുറിപ്പു നന്നായി

ശോണിമ said...

ബഹു ഭാര്യാത്വം ചില സമുദായങ്ങളില്‍ ഇപ്പോഴുമുണ്ട്‌.ബഹു ഭര്‍തൃത്വം ഹിന്ദു സമൂഹത്തില്‍ മുന്‍പുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്‌.പഞ്ച പാണ്ടവ പുരാണത്തില്‍ നിന്നുള്‍ കൊണ്ട വിശ്വാസമാവണം. എങ്ങനെയായാലും ഒരേ സമയം രണ്ടിണകള്‍ എന്നത്‌ എനിക്കംഗീകരിക്കാനാവുന്നില്ല. രണ്ടായാലും അതിന്റെ ദുരന്ത ഇരകള്‍ സ്ത്രീകളാണ്‌.
താന്‍ അബലയാണെന്ന ചിന്ത സ്ത്രീകള്‍ സ്വയവും സ്ത്രീകളെ ചൂഷണം ചെയ്യുന്ന സമൂഹ മനസ്സും മാറേണ്ടിയിരിക്കുന്നു.
സദാചാരം ആപേക്ഷികമാണേന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. പക്ഷേ കേരളീയര്‍ ഒരു കപട സദാചാരത്തിന്റെ മുഖം മൂടി അണിഞ്ഞാണ്‌ നടക്കുന്നത്‌

ദിവാസ്വപ്നം said...

നല്ല കുറിപ്പ്

ഞാന്‍ ഇരിങ്ങല്‍ said...

ഇവിടെ സദാചാരത്തെ കുറിച്ചാണ് പറയുന്നതെന്ന് ഞാന് മനസ്സിലാക്കുന്നു.
സദാചാരം എന്നത് സമൂഹം കല്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ്. അതുകൊണ്ട് തന്നെ പുരുഷ കേന്ദ്രീകൃതമയ ഒരു സമൂഹത്തില് പുരുഷന് മാരുടെ മേല്ക്കൊയ്മയില്‍ മാത്രമേ സദാചാരം പ്രവര്ത്തിക്കുകയുള്ളൂ. എന്നാല് പുരുഷന് സദാചാര പ്രതിബദ്ധത യില്ലെന്ന് പറയുന്നുവെങ്കില് യോജിക്കാന്‍ പറ്റില്ല.

ഇവിടെ സ്ത്രീകളുടെ മിഥ്യാ സങ്കല്പങ്ങളും അപക്വചിന്തകളും സദാചാരത്തെ പലപ്പോഴും പര്‍വ്വതീകരിക്കാറുണ്ട്.

തങ്ങള് പേറുന്ന കന്യകാത്വം എന്തോ ദിവ്യ ഫലമാണെന്ന തോന്നലില് നിന്നാണ് സ്തീകളുടെ അരക്ഷിതാവസ്ഥ ആരംഭിക്കുന്നത്.

സ്ത്രീകള് തന്നെ ഇത്തരം കാര്യങ്ങളില്‍ അമിതമയ പരിഭ്രമം കാണിക്കുമ്പോഴാണ് സമൂഹം വെറുതെയെങ്കിലും അതിനെതിരെ കൊഞ്ഞനം കുത്തുന്നത്.

അതു പോലെ തന്നെ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ മാനം പലപ്പോഴും ആക്രമിക്കപെട്ടശേഷമാണ് കൂടുതല് മൃഗീയമാകുന്നത് .
സമൂഹത്തില് നിന്നും എന്തിന് കുടുംബത്തില് നിന്നു പോലും അവളെ കുറ്റപ്പെടുത്തുന്നു. എന്നാല് പാവം സ്ത്രീ വഴിയിലൂടെ പോകുമ്പോഴൊ അതു പോലെ അവളറിയാതെയാണ് അവളെ ആക്രമിച്ചത് എന്ന് നാമെല്ലാവരും ബോധപൂര്വ്വം മറക്കുന്നു. എന്നിട്ടും അവള്‍ മാനംകെട്ടവളായി നമ്മളവര്‍ക്ക് ചാപ്പ കുത്തുന്നു. എന്തൊരു വിരോധാഭാസമാണിത്.

മലയാളികള്‍ പലകര്യങ്ങളിലും കപട സദാചാരം കൊണ്ടു നടക്കുന്നവരാണ് .

എന്തിനു പറയുന്നു ബൂലോകത്തു പോലും കപടസദാചാരത്തിന് റെ വേലിയേറ്റങ്ങള് നമുക്ക് കാണുവാന് സാധിക്കുന്നു.

‘പമ്മന് യാത്രയായി‘ എന്ന് ഒരു പോസ്റ്റ് വരുമ്പോള് “ഛേ.. “ എന്ന മുഖം ചുളിച്ച് പമ്മന്‍റെ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം കിടയ്ക്കയുടെ അടിയിലേക്ക് ചുരുട്ടിക്കെറ്റി കപടതയുടെ മുഖം മൂടിയിട്ട് സദാചരത്തിന്റെ പോസ്റ്റിടുന്ന വമ്പന്‍മാരാണ് നമുക്കിടയിലുള്ളത്.

മാവേലി കേരളം said...

'സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച്‌ തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍'

ദേവസേനേ, ഈ ആക്ഷേപത്തെ ഒന്നു മനസിലാക്കാന്‍ ശ്രമിയ്ക്കടട്ടെ.

സ്ത്രീകള്‍ സമൂഹത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് എന്നു സ്വയം മനസിലാക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ കല്പനകള്‍ അവരുടേയും സൃഷ്ടിയാണ് എന്നു മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.

സദാചാരത്തിന്റെ എന്നല്ല, എല്ലാ സാമൂഹ്യബോധങ്ങളും എവിടെനിന്നാണ് ഒരു കുട്ടി പഠിയ്ക്കുന്നത്. ആണും പെണ്ണൂം ഈ പഠനം അഭ്യസിയ്ക്കുന്നത് അവരവരുടെ വീട്ടില്‍ നിന്നാണ്.

ഈ വീട്ടില്‍ എന്തൊക്കെയാണു നടക്കുന്നത്. ആണ്‍ മകന്‍ ഒരു പെണ്‍കുട്ടിയോടു വൃത്തികേടു കാട്ടിയതിനൊരു പരാതി വീട്ടിലെത്തിയാല്‍ പ്രായമായ പെണ്മക്കളുള്ള അമ്മമാരടക്കം അവരുടെ മുന്‍പില്‍ വച്ചു പറയാന്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം സാദ്ധ്യത ഉള്ള ഒരു മറുപടിയാണ്, ‘ആണ്‍ പിള്ളാരായാല്‍ അങ്ങനൊക്കെ കാണിയ്ക്കും, നീയല്ലേ പെണ്ണ് നീയാണു ശ്രദ്ധിയ്ക്കേണ്ടവള്‍’.

എന്നിട്ടു പെണ്‍കുട്ടികളോടു പറയുന്നതെന്തായിരിയ്ക്കും?,

“ആദ്യനാളുകളില്‍ ദൂരെ നിന്നു ചിരിക്കുവാന്‍ മാത്രം അമ്മ എനിക്കു അനുവാദം തന്നിരുന്നുള്ളു“.

താങ്കളുടെ അനുഭവം തന്നെ നോക്കു.. സദാചാര‍ത്തിനും വേലികെട്ടല്‍, അവരുടെ സദാചാരം നമ്മുടേതില്‍ നിന്നു വ്യത്യസ്ഥം എന്ന ധ്വനി അതില്‍ കാണുന്നില്ലേ?

സദാചാരത്തെ ഉച്ചനീചത്വ സന്ധാരണത്തിനുപയോഗിയ്ക്കുന്നതിനെതിരായി അതിന്റെ യദ്ധാര്‍ദ്ധ്യത്തെ ഗ്രഹിയ്ക്കുവാന്‍ കഴിയുമ്പോള്‍ മാത്രമേ സ്ത്രീയ്ക്ക് സാമൂഹിക സദാചാരധ്വംസനത്തിനെതിരായി ആത്മാര്‍ത്ഥമായി ശബ്ദിയ്ക്കാനാകൂ.

ആ ബോധമുണ്ടാക്കുന്ന സ്ത്രീ ആദ്യം പ്രവര്‍ത്തിയ്ക്കേണ്ട്തു സ്വന്തം വീട്ടിലാണ്. ഓരോ സ്ത്രീയും സ്വന്തം മക്കളെ സദ്ദാചാരബോധം പഠിപ്പിയ്ക്കണം.

പിന്നെ ഭര്‍ത്താവ്, വിദുരക്കേസു തുടങ്ങി, നാട്ടിലെ പിഞ്ചുകുഞ്ഞുങ്ങട കന്യകാത്വം നഷ്ടപ്പെടുത്തിയ് അ മദ്ധ്യവയസ്കാരായ ഭര്‍ത്താക്കന്മാരെ എത്ര ഭാര്യമാര്‍ അവരുടെ സ്വന്തം കോടതികളില്‍ ശിക്ഷിച്ചു. ‘ചോദിച്ചാല്‍ അദ്ദേഹം എന്നെയും പീഠിപ്പിയ്ക്കും‘ എന്നു പറഞ്ഞു നടന്നു കാണും, shame on them.

സദ്ദാചാര‍ത്തിന്റെ സ്വയം സൃഷിയ്ക്കപ്പെട്ട ചതുപ്പു കുഴിയില്‍, ശരി ചെയ്യാന്‍ സ്വയം അറിയാത്തവര്‍ ‘ഇര’ എന്നതു ഒരു രക്ഷാകവചമായി ഉപയോഗിച്ചു സ്വയം താഴുകയാണ്.

ഇത്തരം സ്ത്രീകള്‍ ഇരകളുടെ കൂട്ടമായി വനിതാ കമ്മീഷണര്‍മാരുടെ പിറകില്‍ നിന്ന് അവര്‍ക്കു കീജെ വിളിയ്ക്കാനല്ലാതെ സ്വന്തം ആണ്മക്കളേയും പെണ്മക്കളേയും സദാചാരമെന്തെന്നു വിവേചനം കൂടാതെ പഠിപ്പിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..?

അ ബോദ്ധം സ്വയം സൃഷ്ടിയ്ക്കുന്നതിനു വേണ്ടി മുന്നോട്ടു വരണം. കേരളത്തിലെ സ്ത്രീകള്‍.ഇതാണ് എന്റ അഭിപ്രായം

Kuzhur Wilson said...

പാഞ്ചാലി, ടി.വി.ചന്ദ്രന്റെ സൂസന്ന, രണ്ടാമൂഴം എന്നിവയയെയെല്ലാം വീണ്ടും ഓര്‍മ്മയില്‍ കൊണ്ട് വന്നു ഈ കുറിപ്പ്.

ചിറ്റപ്പന്റെ ആ ദിനങ്ങളെക്കുറിച്ചും വെറുതെ ഓര്‍ത്തു. പിന്നെ സദാചാരത്തെക്കുറിച്ചെഴുതാന്‍ ഞാന്‍ ഈ നാട്ടുകാരനല്ല മക്കളേ..

ചെറുമര്‍ ബ്ലോഗിംഗ് തുടുങ്ങുന്ന കാലത്ത് ദൈവമെ അതിലെ കഥാപാത്രങ്ങള്‍...

ചെറുമരുടെ ജീവിതം ആര്‍ക്കും കടന്നുകയറി നോക്കാവുന്ന ചാളകളാണല്ലോ ?
തിരിച്ച് അവര്‍ക്ക് ലിഫ്റ്റ് കയറാനല്ലേ പാട്

"പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും"

മനോരമയിലെ വാചകമേള എഡിറ്റര്‍ കാണണ്ട.

സ്വാനുഭവത്തിന്റെ ചാരുത കുറിപ്പില്‍.

പോരട്ടെ കൂടുതല്‍ ത്രീവമായത്

Anonymous said...

"ജോലിസ്ഥലത്തേക്കൊ, ചന്തയിലേക്കൊ പോകുന്ന ഭര്‍ത്തൃമതിക്കും പാതിവൃത്യം ഭദ്രമായി തിരികെകൊണ്ടുവരാമെന്നതിനും ഗ്യാരന്റിയില്ല. ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന, പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും, പാതിവൃത്യവും സമൂഹം കല്‍പ്പിച്ചിരിക്കുന്ന സദാചാരവും. പട്ടാപ്പകല്‍പോലും അമ്മയെന്നോ,പെങ്ങളെന്നോ, മകളെന്നോ ഓര്‍ക്കാന്‍ മിനക്കെടാത്ത മുഖമൂടിയണിഞ്ഞ പുണ്യാളന്മര്‍ക്കു മുന്നില്‍ എന്തു സദാചാരം? ഈപ്പറഞ്ഞതൊക്കെയാണു സദാചാരമണെങ്കില്‍ ഇതു വെറും സങ്കല്‍പ്പമാണു. നമ്മില്‍ ചിലര്‍ക്കെങ്കിലും."

ഈ പെണ്ണുങ്ങളെകൊണ്ടു തോറ്റു.
ഈ അപമാനത്തിന്‍ മറുപടി പറയാന്‍ ആണുങ്ങളായി പിറന്ന ആരുമില്ലെ
ഈ ഭൂലോകത്ത് ?

ചേച്ചിപ്പെണ്ണ്‍ said...

ദേവസേന ...
ഇത് വായിച്ചിട്ട് എനിക്ക് പുതുമയൊന്നും തോന്നീല്ല ..
കാരണം പന്തളം ഭാഗത്തൊക്കെ പണ്ട് കാലങ്ങളില്‍ ചേട്ടനും അനിയനും കൂടി ഒറ്റ ഭാര്യ ഉള്ള കുടുംബങ്ങള്‍ ഉണ്ട് ...
ഞങ്ങള്‍ടെ അയലത്ത് ഉണ്ടായിരുന്ന ( ഇപ്പം വിറ്റു പോയി ) ഒരു ചേട്ടന്റെ പെങ്ങളെ കെട്ടിച്ചത് പന്തളത്താണ് ...
പെങ്ങള്‍ കുട്ടികളുടെ പഠനത്തിനു വേണ്ടി ഇപ്പൊ ഞങ്ങള്‍ടെ അടുത്ത് തന്നെ താമസിക്കുന്നു (കേട്യോന്‍ ഗള്‍ഫില്‍ )
ഒരിക്കെ ഞങ്ങള്‍ എന്തോ സംസാരിച്ചപ്പോ ആ ചേച്ചി അച്ചന്മാര്‍ എന്നോ മറ്റോ പറഞ്ഞു ...
ഞാന്‍ വണ്ടര്‍ അടിച്ചപ്പോ പുള്ളിക്കാരി പറഞ്ഞതാ ... ഒരമ്മായി അമ്മേം രണ്ട് അമ്മായി അച്ചന്മാരും ഉണ്ടത്രേ ആചെചിക്ക് ...
സ്വത്ത്‌ വീതം വച്ച് പോകതിരിക്കനത്രേ ഇങ്ങനത്തെ പരിപാടി ....
അപ്പൊ ഞാന്‍ ചോദിച്ചു "ഒറിജിനല്‍ അച്ഛന്‍ ആരാന്നു എങ്ങനാ അറിരുന്നെ എന്ന് ?"
ഉടന്‍ മറുപടീം കിട്ടി "സ്വഭാവോം ലൂക്കും ഒക്കെ കൊണ്ട് അറിയും ന്നു ..."

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com