വെള്ളചെമ്പകപ്പൂവിന്റെ മുഖമുള്ള മകള്‍.ട്ടണത്തില്‍ നിന്ന് അല്‍പം അകലെയുള്ള ആശുപത്രി. ഒരുപാടു തിരക്കുകള്‍ക്കുള്ളില്‍ മൗനം പാലിച്ചു പരന്നുനീണ്ടു അതങ്ങനെ കിടന്നു. പടിക്കെട്ടുകള്‍ക്കു താഴെയും, ചുറ്റും, വെള്ളചെമ്പകങ്ങള്‍ വിഷാദമായി ചിരിച്ചുനിന്നു. ഡോക്ടര്‍ പ്രഭയുടെ കണ്‍സല്‍ട്ടിംഗ്‌ റൂമില്‍ അത്യന്തം പരവശയായി ഞാനിരുന്നു. 'എന്താണിപ്പോള്‍ ഇതു വേണ്ടെന്നു വെക്കുന്നത്‌?' അവര്‍ അനുകമ്പയോടെ ചോദിച്ചു. മൂത്ത കുഞ്ഞിനു 3 വയസ്‌, രണ്ടാമത്തവള്‍ക്കു ഒന്നര. കുഞ്ഞുങ്ങളുടെ ചെറിയ പ്രായവും, ജോലിക്കു പോക്കും, വേലക്കാരികളെ കിട്ടാനുള്ള സൗകര്യക്കേടുകളും.. ഞാന്‍ പരാധീനതകളുടെ ഭാണ്ഡകെട്ടഴിച്ചു. അവരിതെത്ര കണ്ടിരിക്കുന്നു. സാരമില്ലന്നവര്‍ ആശ്വസിപ്പിച്ചു. ജനിച്ച കാലം മുതലുള്ള ശരീരസിദ്ധാന്തങ്ങള്‍ മുഴുവന്‍ വിശദമായി പഠിച്ചവര്‍ പ്രതിവിധി നിര്‍ണ്ണയിച്ചു. അങ്ങനെ രണ്ടരമാസം വളര്‍ച്ചയെത്തിയ മകളെ -അതോ മകനോ- വധിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്ത്‌ അബോര്‍ഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍, മൂന്നും ഒന്നരയും വയസുകാരികളുടെ സുരക്ഷിതത്ത്വം മാത്രമായിരുന്നു ഉള്ളില്‍. മരുന്നുകളിലൂടെ മയക്കത്തിലേക്കു ശരീരം നീങ്ങുമ്പോള്‍ ഡോക്ടര്‍ പ്രഭയുടെ കൈകള്‍ എന്റെ സ്വകാര്യഭാഗങ്ങളിലൂടെയും, അടിവയറിന്റെ ആഴങ്ങളിലൂടെയും അല്‍പ്പമല്ലതെ വേദനിപ്പിച്ചു നീങ്ങുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം പെട്ടന്നു തീര്‍ന്നു. കിടക്കയിലേക്കു നീക്കുമ്പോള്‍മക്കള്‍, അഛന്‍, അമ്മ, ചേച്ചിയും ഭര്‍ത്താവും എന്നിവര്‍ ചുറ്റും നിരന്നു നിന്നു. പിറ്റേന്നു രാവിലെ വീട്ടിലെത്തിയപ്പോള്‍ അടുപ്പക്കാര്‍ ചോദിച്ചു 'എന്തുപറ്റിയെന്ന്' അമ്മ നിസാരമായി പറഞ്ഞു 'ഒരു ഡി & സി'. ഉച്ചതിരിഞ്ഞപ്പോള്‍ അഛന്‍ പറഞ്ഞു, അനങ്ങാതെ കിടന്നോളു, തിരിഞ്ഞു മക്കളോടു പറഞ്ഞു, അമ്മക്കു സുഖമില്ല. സുഖമില്ലാത്ത അമ്മയെ അവര്‍ ദയാവായ്പ്പോടെ നോക്കി. സന്ധ്യ കഴിഞ്ഞപ്പോഴേക്ക്‌ ഗുളികയുടെ സുഖകരമായ ആലസ്യമൊഴിഞ്ഞിരുന്നു. വിവാഹശേഷമുള്ള ദിനങ്ങളോര്‍മ്മവന്നു. ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. നമ്മുക്കീ വീടു നിറയെ മക്കള്‍ വേണം. അവരീ മുറ്റം നിറയെ ഓടിച്ചാടി കളിക്കണം. അദ്ദേഹം പറഞ്ഞു, ഒരാള്‍ മതി. കുറഞ്ഞത്‌ 6 എങ്കിലും എന്നു ഞാന്‍ വീണ്ടും ശഠിച്ചു. മനസില്ലാമനസോടെ അദ്ദേഹം മൂളി. എന്നാലിപ്പ്പ്പോള്‍ പ്രയോഗികബുദ്ധിയുള്ള അമ്മയാവാന്‍ പഠിച്ചുവെന്നു സ്വയം സമാധാനിപ്പിച്ചു. എന്നിട്ടും നെഞ്ചിലാകെ ഒരു ഘനം. ആകപ്പാടെ വിങ്ങല്‍. ഡോക്ടര്‍ പ്രഭയുടെ മുഖം കണ്ണില്‍ നിന്ന് മായുന്നില്ല. രണ്ടരമാസം വളര്‍ച്ചയെത്തിയ കുഞ്ഞ്‌, കുഞ്ഞ്‌ എന്നു പറയാറായിട്ടുണ്ടാവുമോ? പഠനകാര്യങ്ങളില്‍ ഞാനൊരു പമ്പരവിഡ്ഡിയായിരുന്നു. എങ്കിലും ശരീരശാസ്ത്രത്തെക്കുറിച്ച്‌ സ്കൂളില്‍ പഠിച്ചതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചു. രണ്ടുകൈകളില്‍ കോരിയെടുക്കാവുന്ന ഒരു രക്തക്കട്ട. എത്ര ഭാരമുണ്ടായിരുന്നിരിക്കും? അമ്മയെ കണ്‍നിറയെ കാണുവാന്‍ കണ്‍തടങ്ങള്‍ തുടിച്ചുതുടങ്ങിയിരുന്നുവോ? ഗര്‍ഭപാത്രഭിത്തികളില്‍ കൈകാലുകളുരുമ്മി അമ്മയെ രസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവോ? ചുവന്ന നൂലുപോലെയുള്ള വായ്‌ പിളര്‍ന്നിട്ടുണ്ടാവുമോ? ഡോക്ടര്‍ പ്രഭയുടെ കത്രികചുണ്ടുകള്‍ ഹൃദയത്തിനു നേരെ വരുന്നത്‌ കണ്ട്‌ അമ്മക്കൈകളെന്നു തെറ്റിദ്ധരിച്ചുപോയിരുന്നുവോ? രാത്രിയില്‍ കണ്ണടക്കാന്‍ കഴിഞ്ഞില്ല. അമ്മേയെന്ന ഹൃദയഭേദകമായ ഒരു വിളി അലകളുയര്‍ത്തി നേര്‍ത്തുനേര്‍ത്തു പോയി.


കൊലപാതകം ശിക്ഷാര്‍ഹമായ കുറ്റമെന്ന് ഏതുകോടതിയും ഉറക്കെ വിധിക്കുമ്പോള്‍, ഭ്രൂണഹത്യക്ക്‌ ശിക്ഷയില്ലാത്തതിന്റെ കാരണം പിന്നീടാണു വെളിപ്പെട്ടുവന്നത്‌. അവസാന ശ്വാസം വരെ പിന്തുടരുന്ന മനസാക്ഷികുത്തിനെ തോല്‍പ്പിക്കാന്‍ പോന്ന മറ്റൊരു ശിക്ഷയുമില്ലന്നുള്ളതാണത്‌.


ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാന്‍ നെട്ടോട്ടമോടുന്ന മൂന്നു-നാലു ദമ്പതിമാരുടെയെങ്കിലും പരമ സങ്കടം കണ്ണാലെക്കണ്ട്‌ ഹൃദയം പൊടിഞ്ഞിട്ടുണ്ട്‌. പഴയ കടം വീട്ടാന്‍ ഒരു മകളെ ദത്തെടുക്കണമെന്ന പരകോടിയിലെത്തിയിരിക്കുന്ന ആഗ്രഹം അടുത്തസുഹൃത്തുക്കളോടു പറഞ്ഞിട്ടുമുണ്ട്‌. ദത്തെടുക്കല്‍ പരിഹാരമാകുന്നില്ല. അറുകൊല ചെയ്യപ്പെട്ട മകള്‍ക്കു പകരമാകുന്നുമില്ല. അവള്‍ക്കു പകരം അവള്‍ മാത്രമാണു. എന്നാണു അവളെ കാണാന്‍പറ്റുക? മരിച്ച്‌ മണ്ണടിഞ്ഞ്‌ പരലോകത്ത്‌ എത്തുമ്പോള്‍ (എത്തുമെന്ന നിശ്ചയം പോരാ, എങ്കിലും) ദൈവത്തിനും മുന്‍പേ എന്നെ സ്വീകരിക്കാനെത്തുക, വിഷാദപൂര്‍വ്വം ചിരിച്ചുനിന്നിരുന്ന വെള്ളച്ചെമ്പകപ്പൂവിന്റെ ഛായയുള്ള എന്റെ മകളായിരിക്കില്ലേ?
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com