15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം,വെളുപ്പിനു ഉണരണം. 6.45-നു പെണ്മക്കള്‍ക്കുള്ള സ്കൂള്‍ബസ്സെത്തും. 8.45-നു പോകേണ്ട മകനെ തയ്യാറാക്കി നിര്‍ത്തണം. അദ്ദേഹത്തിനും എനിക്കും 8 മണിക്കു ഓഫീസുകളില്‍ എത്തിപ്പെടണം.


ജോലിസ്ഥലത്തു വന്നുകഴിഞ്ഞാലും മകനെ വിളിച്ചോര്‍മ്മിപ്പിക്കണം ' ഇറങ്ങാറായി, പാലുകുടിക്കണേ, ടിഫിന്‍ ബോക്സ്‌ വെക്കണേ, സ്വിച്ചുകള്‍ എല്ലാം ഓഫ്‌ ആണോന്നു നോക്കണേ. കതകു പൂട്ടാന്‍ മറക്കല്ലേ (ദിവസവും ഇതെല്ലാം സ്ഥിരമായി കേട്ടു കേട്ട്‌ അവനു ഭ്രാന്തായിത്തുടങ്ങിയിട്ടുണ്ടു.)


കിതച്ചു തളര്‍ന്നു നില്‍ക്കുന്ന തീവണ്ടിയെപ്പ്പ്പോലെ ഓഫീസുകസേരയിലേക്കു വീഴുമ്പോള്‍ ഒരു തിരയടങ്ങുകയാണു. അങ്ങനെയൊരു നേരത്താണു അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നത്‌. ഒച്ച താഴ്ത്തി ഏറ്റവും ഉദ്വേഗഭരിതമായി ചോദിക്കുന്നു 'നീ അവളുടെ മേശവലിപ്പുകള്‍ പരിശോധിക്കാറുണ്ടോ? ഒരു ബുക്കില്‍ നിറയെ ഏതോ ചെക്കന്റെ ഫോട്ടോകളാണു". മുഖവുരുവില്ലാതെ കുറെ വാക്കുകള്‍ പറഞ്ഞ്‌ അദ്ദേഹം ഫോണ്‍ ആഞ്ഞുവെച്ചു.


നെഞ്ചിനുള്ളില്‍ എന്തൊക്കെയോ പൊട്ടിച്ചിതറി.


15 വയസായ മകള്‍, അവളുടെ മേശവലിപ്പ്‌, ചെക്കന്റെ ഫോട്ട്ടോകള്‍. എന്തൊക്കെയാണു ഞാന്‍ കേട്ടത്‌? കാത്ത് കാത്തിരുന്ന്, പ്രാര്‍ത്ഥിച്ചു കൊതിച്ചുണ്ടായ എന്റെ മകള്‍. ഒന്‍പതാം മാസത്തിലെ സ്കാനിംഗിലാണു അവളെ ആദ്യം കാണുന്നത്‌. കൂനിക്കുത്തി എനിക്കിവിടെ സുഖമാണു എന്ന മട്ടിലെ കിടപ്പ്‌. എന്നിട്ട്‌ അമ്മയുടെ ജന്മനക്ഷത്രത്തില്‍ തന്നെ വന്നു വീണവള്‍. അവള്‍ വന്നുപിറന്ന ദിനത്തിന്റെ പരമാനന്ദത്തെ പറ്റി എങ്ങനെപറയും? അതു വര്‍ണ്ണനാധീതമാണു. ആ രാത്രി മുഴുവന്‍ കരഞ്ഞു, സന്തോഷം കൊണ്ട്‌. ദൈവത്തോടുള്ള നന്ദികൊണ്ട്‌ മനസു പിടഞ്ഞു. ഈ സ്നേഹമെല്ലാം എവിടെ കുഴിച്ചിട്ടിരുന്നുവെന്ന് ഞാന്‍ എന്നെത്തന്നെ നോക്കി അത്ഭുതപ്പെട്ടു. ഓരോ ദിവസങ്ങള്‍, ഓരോ പിറന്നാളുകള്‍. അവള്‍ക്കു താഴെ രണ്ടുപേര്‍ വന്നു ചേര്‍ന്നിട്ടും, കടിഞ്ഞൂല്‍ക്കനിയെന്ന മുന്‍ഗണന ആദ്യമായി അമ്മേ-യെന്നു വിളിച്ചവള്‍ക്കായിരുന്നു. വളര്‍ന്നുവരുന്നതനുസരിച്ച്‌, പ്രായത്തിനു പാകമാകുന്ന രീതിയില്‍ ഉപദേശങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കുടുംബത്തില്‍ അമ്മ കഴിഞ്ഞാലുള്ള സ്ഥാനമാനങ്ങള്‍ അവള്‍ക്കാണന്ന ബഹുമതിയും, ഉത്തരവാദിത്വങ്ങളും നല്‍കിയിട്ടുണ്ട്‌. എന്തു തെറ്റു ചെയ്താലും നുണ പറയരുതെന്ന് ചെറുതിലേ ശീലിപ്പിച്ചിട്ടുണ്ട്‌. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാലും ഓടിവന്ന് നെഞ്ചിലേക്കു വീണു കള്ളച്ചിരി ചിരിച്ചും, കുമ്പസാരക്കൂട്ടിലെന്നപോലെ കരഞ്ഞും, ഇത്തിരിപ്പോന്ന അന്യായങ്ങളെപറ്റി പരിതപിക്കാറുണ്ട്‌.


വളന്നുവരുന്നതനുസരിച്ചു കിട്ടുന്ന സ്വാതന്ത്ര്യമൊന്നും പോര എന്നപരാതി നിരന്തരമുണ്ട്‌. കിടക്കയുടെ ചുറ്റും ചുവരുകളില്‍ " I rock, 'break the rules' , "dont judge me, if you dont know me" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയിട്ട്‌ നയം വ്യക്തമാക്കുന്നുണ്ട്‌. വീട്ടില്‍ ഇടക്കിടെ പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന അഛനെ ഹിറ്റ്‌ലര്‍ എന്നു രഹസ്യമായി വിളിച്ചു പരിഹസിക്കാറുണ്ട്‌.
സ്കൂള്‍നിയമങ്ങളിലും‍ ലവലേശം തൃപ്തയല്ല. നിയമങ്ങള്‍ക്കെതിരെ എപ്പോഴും മുഖം ചുവപ്പിക്കുന്നു. ക്ലാസില്‍ നേരെ ചൊവ്വെ പഠിപ്പിക്കാതെ ട്യൂഷനിലേക്ക്‌ കുട്ടികളെ വലിച്ചിഴക്കുന്നുവെന്ന ടീച്ചര്‍മാരുടെ അത്യാഗ്രത്തിനെതിരെ പ്രതിഷേധമുണ്ട്‌. മിക്സഡ്‌ ക്ലാസുകള്‍ അല്ലെങ്കിലും പ്രാക്റ്റികലിക്കല്‍-നു അവരുടെ ബ്ലോക്കിലെത്തുന്ന ചെക്കന്മാരെ ജനാല വിടവിലൂടെ നോക്കിക്കാണാറുണ്ടന്ന രഹസ്യം പറഞ്ഞു. ടീച്ചര്‍ പറയുന്ന വിഡ്ഡിത്തമാശകള്‍ക്കു മുന്നില്‍ വരാത്ത ചിരി ചിരിച്ച്‌ കവിളുകള്‍ വേദനിക്കുന്നുവെന്നും, ചിരിച്ചില്ലേല്‍ മാര്‍ക്ക്‌ വെട്ടിക്കുറച്ചാലോയെന്നും, ആശങ്കപ്പെട്ടു. 8-ാ‍ം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ താഴെനില്‍ക്കുന്ന ചെക്കന്മാരെകാണാന്‍പാകത്തിനു കണ്ണടയുടെപവ്വര്‍ കൂട്ടേണ്ടിവരുമെന്ന് അല്‍പ്പം കാര്യമായിത്തന്നെ പറഞ്ഞു.


പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പറ്റി തിരക്കിയറിഞ്ഞിട്ടുണ്ട്‌. ഹൃദയത്തിനു നാലു അറകളുണ്ടെന്നും, നാലുപേരെ വരെ ഒരുമിച്ചു താമസിപ്പിക്കാമെന്നും, പ്രേമിക്കുന്നതൊന്നും ഇപ്പോഴത്തെ ട്രെന്‍ഡ്‌ അല്ല അമ്മേ എന്നും, പരസ്പരവിരുദ്ധമായിപ്പറഞ്ഞ്‌ എന്നെ അന്ധാളിപ്പിച്ചു. ഓഫീസിലേക്കു വിളിച്ച്‌ എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്‌, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു.(ആ ശല്യം സുഖകരമായ ഒരേര്‍പ്പാടാണു). ഒഴിവുവേളകളില്‍ ഒന്നുചുറ്റാന്‍ പോവാം എന്നതിനു പകരം 'നമ്മുക്കു വായിനോക്കാന്‍ പോകാമമ്മേയെന്നു' വളരെ സത്യസന്ധമായി ആവശ്യപ്പെടാറുണ്ട്‌.


അമ്മയുടെ പഴഞ്ചന്‍ സ്റ്റെയിലുകള്‍ക്കെതിരെ പ്രതികരിച്ച്‌ അപ്‌-ഡേറ്റ്‌ ചെയ്യിക്കാന്‍ പാഴ്ശ്രമം നടത്തി തോറ്റുപോയിട്ടുണ്ട്‌. പേരെന്റ്‌-ടീച്ചര്‍ മീറ്റിങ്ങുകള്‍ക്കെത്തുമ്പോള്‍ സ്കൂളിന്റെ തൂണുകളും, തുരുമ്പുകളും കാണിച്ചു അമ്മയുടെ കൈപിടിച്ചു ഓടിനടക്കുന്നവളാണു. ബ്രേക്‌ക്‍ഫസ്റ്റ്‌ കഴിക്കുന്നതിവിടെ, ലെഷര്‍ ടൈമിലിരിക്കുന്നതിവിടെ, വിരോധമുള്ള ചെക്കന്മാരുടെ ഇരട്ടപ്പേരുകള്‍ എഴുതിയിടുന്ന തൂണുകളിത്‌, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍. റിസല്‍റ്റ്‌ വാങ്ങാനുള്ള പരിഭ്രാന്തിക്കിടയിലും, ദൂരെ നിന്നൊരു ചെക്കനെ ചൂണ്ടി ' ഇത്ര സുന്ദരനായൊരുത്തന്‍ എന്റെ സ്കൂളിലുണ്ടായിരുന്നതു ഇത്രനാളും ഞാനെങ്ങനെ അറിയാതെപോയമ്മേ എന്നു ഏറ്റം നിഷ്കളങ്കമായിപറഞ്ഞ്‌ അന്തം വിട്ടുപോയവള്‍. മല്‍സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ വാരിക്കൂട്ടി അമ്മയെ പരമാവധി സന്തോഷിപ്പിക്കുന്നവള്‍. ടീച്ചര്‍മ്മാരുടെ വാല്‍സല്യ ശിഷ്യ. ഒരു മിടുക്കിക്കുട്ടിയല്ലന്ന് ആരെക്കൊണ്ടും പറയിച്ചിട്ടില്ല. സ്കൂളില്‍ മറ്റ്‌ കുട്ടികളോട്‌ ചില ഗുണ്ടായിസങ്ങള്‍ നടത്തുന്നുവെന്ന് അവളുടെ അനിയത്തി വീട്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.എന്തൊക്കെപ്പറഞ്ഞാലും പ്രവൃത്തികളിലെ സുതാര്യത കൊണ്ടെന്റെ മനംകവരുന്നവള്‍.


ഏതായാലും അവള്‍ അമ്മയെപ്പോലെയല്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാന്‍ സാമര്‍ത്ഥ്യമുണ്ട്‌. വാക്കുകള്‍ക്കും നോട്ടങ്ങള്‍ക്കും മൂര്‍ച്ചയുണ്ട്‌. കാപട്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്‌. എന്നിരുന്നാലും, എത്ര വിശ്വാസമുണ്ടായിരുന്നിട്ടും, അതിലേറെ വാല്‍സല്യമുണ്ടായിട്ടും അമ്മക്കണ്ണുകള്‍ എന്ന റഡാര്‍ അവളെ ചുറ്റിക്കറങ്ങുന്നത്‌ ഒരു ശീലമാക്കിയിരുന്നു. കാരണം പരമമായ സ്ത്രീഭാവം മാതൃത്വം തന്നെയാണു.


15 വര്‍ഷങ്ങള്‍.


15 വര്‍ഷങ്ങളിലെ എന്റെ സ്വകാര്യമായ അഹങ്കാരത്തിന്റെ മേലേക്കാണു വാള്‍ വീണത്‌. മക്കളുടെ ഹൃദയം അമ്മമാരുടെ കയ്യിലാണെന്ന പൊങ്ങച്ചബലൂണ്‍ ആണു പൊട്ടിപ്പോയത്‌. 15 വയസുള്ള മകള്‍ക്കൊരു പ്രേമലേഖനം കിട്ടിയാലോ, പാഠപുസ്തകത്തില്‍ നിന്ന് ചെക്കന്റെ ഫോട്ടോ കിട്ടിയാലോ ഞെട്ടിത്തെറിച്ച്‌ ബോധം കെട്ടുപോകേണ്ട കാര്യമില്ല. സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണു. പക്ഷെ എന്റെ മകള്‍; 15 വര്‍ഷങ്ങളിലെവിടെയെങ്കിലും വെച്ചു ഞങ്ങള്‍ തമ്മിലകന്നുവോ? എന്തുകൊണ്ടാണു ഞാനിതൊന്നുമറിയാതെ പോയത്‌? ആരെങ്കിലുമായവള്‍ തല്ലുകൂടിയാല്‍, സ്കൂളില്‍ വെച്ചെങ്ങാന്‍ കരഞ്ഞാല്‍, ഉള്ളിലൊരു കരടു വീണാല്‍ മുഖത്തുനിന്നു വായിച്ചെടുക്കാം. അവളുടെ ഹൃദയമറിയാന്‍ മേശവലിപ്പുകളും, പുസ്തങ്ങളും പരിശോധിക്കേണ്ടിവരുന്ന ഒരു അമ്മയിലേക്ക്‌ ഞാന്‍ തരംതാഴേണ്ടിയിരുന്നുവോ?


എന്തോരു ആത്മനിന്ദ. പരിചയ വലയത്തിലുള്ള ചെക്കന്മാരുടെയെല്ലാം മുഖങ്ങള്‍ മനസില്‍ തെളിഞ്ഞുവന്നു. അക്കൂട്ടത്തില്‍ ആരാണു? ആരാണത്‌? ഉച്ചക്കെ ബ്രേക്കില്‍ വീട്ടില്‍ എത്തി, മകള്‍ എത്തിയിട്ടില്ല. അദ്ദേഹം പിടിച്ചെടുത്ത നോട്ടുബുക്ക്‌ നിവര്‍ത്തിപ്പിടിച്ച്‌ ഒട്ടിച്ചു വെച്ചിരുന്ന നിരവധി ഫോട്ടോകളിലേക്ക്‌ ചൂണ്ടി പഴയ നാട്ടുരാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന ക്രൂരമായ മുഖഭാവത്തോടെ ചോദിച്ചു


'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും ഞാന്‍ മാറിമാറി നോക്കി. എല്ലാം ഒരുത്തന്റെ തന്നെ. എനിക്കു പെട്ടന്നു ഭ്രാന്തു വന്നു. ഭര്‍ത്താവല്ലാതെ വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തെങ്കിലും ചെയ്തു പോയേനെ. കാരണം, ആ ഫോട്ടോ അവളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമാ നടന്‍ ജോണ്‍ ഏബ്രഹാമിന്റെയായിരുന്നു.നസീറിന്റെയും വിനോദ്‌ ഖന്നയുടെയും കാലത്തു കഴിയുന്ന അദ്ദേഹത്തോടു ഞാന്‍ ക്ഷമിക്കുന്നു. ശ്വാസം നിലച്ചു ജീവിച്ച ആ നാലഞ്ചു മണിക്കൂറുകളെയും ഞാന്‍ മറക്കുന്നു.

സദാചാര ഭ്രംശത്തിന്റെ ബാക്കിപത്രങ്ങള്‍.


തൊക്കെ അനിശ്ചിതത്വതിലേക്കാണു സ്ത്രീജന്മങ്ങള്‍ എടുത്തെറിയപ്പെടേണ്ടി വരുന്നത്‌? നടപ്പാതകളെന്നു വൃഥാ ആഹ്ലാദിച്ച്‌ എല്ലാം മറന്ന് നടന്നുപോകുന്ന വഴികളില്‍, കഴുത്തോളം മുക്കിക്കളയുന്ന ചതുപ്പുനിലങ്ങളുടെ വ്യാളീമുഖങ്ങള്‍ അവളെ കാത്തിരിക്കുന്ന ദുര്‍വിധി അവളറിയാതിരിക്കുന്ന നിസഹായവസ്ഥ. പുരുഷനു അവളെ എന്തും ചെയ്യാം. ഒരു ജീവിത സഖിയെ ആവശ്യമെന്നു തോന്നുമ്പോള്‍ ഒരുവളെ വരിച്ച്‌ സ്വന്തമാക്കുകയും മതിയെന്നു വരുമ്പോള്‍ തലയില്‍ വീണ കരിയില തട്ടിക്കളയുന്ന ലാഘവത്തോടെ യാതൊരു കുറ്റബോധവുമില്ലാതെ കുടഞ്ഞുകളയുകയുമാവാം.


വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, വീടിനോട്‌ ചേര്‍ന്ന് മുത്തഛന്റെ സ്വന്തമായുള്ള കുറെ കടകള്‍ പലവിധമായ വ്യപാരങ്ങള്‍ക്കായി വാടകക്കു കൊടുത്തിരുന്നു. കടനിരകളുടെ ഒടുവിലായുള്ളതില്‍ ഒരുകൂട്ടര്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ കൂട്ടര്‍ക്ക്‌ രണ്ടു മുറികളും, അടുക്കളയും, കിണറും, പിറകില്‍ മുറ്റവുമായി അത്യാവശ്യം സൗകര്യങ്ങളും കൊടുത്തിരുന്നു. ഞങ്ങളുടെ വീടിന്റെ പിറകിലെ മുറ്റം കഴിഞ്ഞുള്ള തൊടി അവരുടെ മുറ്റവുമായി ചേര്‍ന്നു കിടന്നു. അഛനും അമ്മയും എട്ടു മക്കളും അടങ്ങുന്ന കുടുംബം.


ഒരു മകന്‍ ജോലി സംബന്ധമായി ദൂരെ എവിടെയോ ആണു. രണ്ട്‌ പെണ്‍മക്കള്‍ വിവാഹിതരായി പോയിരുന്നു. ബാക്കിയുള്ള അഞ്ചുകുട്ടികളും, മാതാപിതാക്കളും ആ കുടുസുമുറികളില്‍ ജീവിതം കരുപിടിപ്പിക്കുകയാണു. 20, 18, 16, 10, 6 ഏതാണ്ടീ ക്രമത്തിലായിരുന്നു കുട്ടികളുടെ പ്രായം. തീയും പുകയും ഒടുങ്ങാത്ത കറുത്തമുറികളില്‍ ആ കുട്ടികള്‍ അരിയാട്ടുകയും, പലഹാരങ്ങള്‍ ഉണ്ടാക്കുകയും, കൂടെ പഠിക്കുകയും ചെയ്തിരുന്നു. മനം മടുപ്പിക്കുന്ന കരിനിറഞ്ഞ അന്തരീക്ഷത്തിലും പെണ്‍കുട്ടികളുടെ സൗന്ദര്യം അടിക്കടി ജ്വലിച്ചുവന്നു. അതിസുന്ദരികളായിരുന്നവര്‍. ആദ്യനാളുകളില്‍ ദൂരെ നിന്നു ചിരിക്കുവാന്‍ മാത്രം അമ്മ എനിക്കു അനുവാദം തന്നിരുന്നുള്ളു.


എന്നാല്‍ ക്രമേണ ഞാന്‍ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇളയകുട്ടികളുമായി "സാറ്റ്‌"കളി പതിവാക്കുകയും ചെയ്തു. അവരുടെ അഛന്റെ പേരു ഭാനു എന്നായിരുന്നതിനാല്‍, ഞാന്‍ അയാളെ ഭാനുവഛന്‍ എന്ന് സംബോധന ചെയ്തു. അവരുടെ അമ്മ അധികമാരോടും സംസാരിക്കാറില്ല. കാര്യമായ പണികളും ചെയ്തിരുന്നില്ല. ഏതോ അഗാധമായ ദുഖത്തില്‍ ചിന്താകുലയായതുപോലെ എപ്പോഴും കാണപ്പെട്ടു.


കുറെനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ പട്ടാളക്കാരനായ ചിറ്റപ്പന്‍ അവിടെയെത്തി.വളരെ വിചിത്രമായ കാര്യങ്ങളാണു പിന്നീടവിടെ നടന്നതു. ചിറ്റപ്പനും ആ അമ്മയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ നടക്കുന്നു. കുളിമുറി എന്നുപറയാവുന്ന ഒന്നില്‍(കുളിക്കുന്നയാളിന്റെ തോള്‍ മുതല്‍ മുകളിലേക്കുള്ള ഭാഗം വെളിവാകുമായിരുന്നു) ചിറ്റപ്പന്‍ ഇവര്‍ക്കു വെള്ളം കോരികൊടുക്കുകയും, പുറം തേച്ചുകൊടുക്കുകയും ചെയ്യുന്നതു കണ്ടു എന്റെ അമ്മയും ഞങ്ങളുടെ അടുക്കളപണിക്കാരിയും കുശുകുശുപ്പുകള്‍ ഉയര്‍ത്തി. ചില ദിവസങ്ങള്‍ക്കുശേഷം ചിറ്റപ്പന്‍ മടങ്ങിപ്പോവുകയും ചെയ്തു.


പിന്നീടെന്നോ ആ സ്ത്രീ എന്റെ അമ്മയോടു മനസു തുറന്നതോടെയാണു രഹസ്യങ്ങളുടെ ചുരുളഴിയുന്നത്‌. ഭാനുവഛന്‍ ഇവരെ വിവാഹം ചെയ്തു ആറുകുട്ടികളുണ്ടായിക്കഴിഞ്ഞൊരുനാള്‍, ഈ കുടുംബത്തെ അനാഥമാക്കി എങ്ങോട്ടോ പോയിക്കളഞ്ഞു. കര്‍മ്മദോഷങ്ങളുടെ പരമ്പര താണ്ഡവമാടിയ ഒരുവേള ചിറ്റപ്പന്‍ സ്വന്തം ജീവിതം തന്നെ ജ്യേഷ്ഠകുടുംബത്തിനു തീറെഴുതികൊടുക്കുകയും ജ്യേഷ്ഠത്തിയമ്മയെ ഭാര്യയാക്കുകയും ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ജനിക്കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷമൊരു ത്രിസന്ധ്യയില്‍ ഭാനുവഛന്‍ തിരികെ വരികയും, അയാളെയും തിരസ്കരിക്കനാകാതെ സ്വീകരിക്കുകയും, പിന്നീടു അവര്‍ രണ്ടുപേര്‍ക്കും ഭാര്യയായി തീരുകയും ചെയ്തു.


ഈ സ്ത്രീയെ ഭാനുവഛന്‍ വിവാഹം ചെയ്ത കാലത്ത്‌ ചിറ്റപ്പന്‍ ട്രൗസറിട്ടു സ്കൂളില്‍ പോയിരുന്ന വെറുമൊരു ചെക്കനായിരുന്നുവെന്നും വാല്‍കഷണമായി അവര്‍കൂട്ടിച്ചേര്‍ത്തു. കഥ തീര്‍ത്തു തികഞ്ഞ നിസംഗതയോടെ, നീണ്ടൊരു നിശ്വാസത്തോടെ


അവര്‍ പോയി കഴിഞ്ഞു രണ്ടു ദിവസത്തേക്ക്‌ എന്റെ അമ്മ എന്തിനാണു നനഞ്ഞ കണ്ണുകളുമായി നിശബ്ദയായി നടന്നതു? എന്നെ സംബന്ധിച്ചടത്തോളം ഒരു സിനിമകഥയുടെ ഉദ്വേഗജനകമായ ക്ലൈമാക്സ്‌ കേട്ടുകഴിഞ്ഞതുപോലെയായിരുന്നു. ഗൗരവമുള്‍ക്കൊള്ളനെനിക്കു കഴിഞ്ഞില്ല. ഞാനന്നു വെറും ബാലികയാണു.


എന്നാല്‍ ചില നാളായി എന്റെ ഏകാന്ത വേളകളില്‍ ഈ സ്ത്രീയെക്കുറിച്ചുള്ള ഓര്‍മ്മ വല്ലാതെ അലട്ടുന്നു. എന്തിനാണു എന്റെ സ്വസ്ഥത അവരിങ്ങനെ സശിപ്പിക്കുന്നതു? ദാമ്പത്യത്തിന്റെ ക്ഷണികതയെക്കുറിച്ചു നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്‌? ഞാനിപ്പോള്‍ ഭാര്യയായതുകൊണ്ടാണോ? അമ്മായായതുകൊണ്ടാണോ? സ്വന്തം മകനെപ്പോലെ കരുതിയിരുന്ന അനുജനെ ഭര്‍ത്താവാക്കേണ്ടിവന്ന അവരുടെ ദുര്യോഗം. നാട്ടുകാരുടെയും വീട്ടുകരുടെയും 'എന്തുകൊണ്ടാണു ആറുകുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യ ചെയ്യാത്തതെന്ന മൗനാക്രോശങ്ങളുടെയും, കൂര്‍ത്ത നോട്ടങ്ങളുടെയും മുന്നില്‍ കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത്‌ വിങ്ങിക്കരഞ്ഞ്‌ ജീവിക്കാനാശിച്ചു പോയ പാവം സ്ത്രീ. മറ്റൊരു സതീദേവിയെ നഷ്ടപ്പെട്ടുപോയതില്‍ ആകുലപ്പെടുന്ന സമൂഹത്തിന്റെ മുന്നില്‍ സദാചാരമെന്ന വിഡ്ഡി വേഷമഴിച്ചുവെച്ച ആ സ്ത്രീയിപ്പ്പ്പോള്‍ എവിടെയണവോ?


എന്താണീ സദാചാരമെന്നാലോചിച്ച്‌ എനിക്ക്‌ തലപുകയാറുണ്ട്‌,സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച്‌ തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍? പുരുഷവേശ്യകള്‍ക്കും, പുരുഷകന്യകമാര്‍ക്കുമുള്ള പുല്ലിംഗങ്ങള്‍ പ്രായോഗികപ്രയോഗങ്ങളില്‍ വിട്ടുപോയിരിക്കുന്നു.പ്രഭാതത്തില്‍ കോളജിലേക്ക്‌ പുറപ്പെടുന്ന കന്യകയായ പെണ്‍കുട്ടി കൂടെകൊണ്ടുപോകുന്ന കന്യാകാത്വം തിരികെകൊണ്ടുവരുമെന്നതിനെന്താണുറപ്പ്‌?


ജോലിസ്ഥലത്തേക്കൊ, ചന്തയിലേക്കൊ പോകുന്ന ഭര്‍ത്തൃമതിക്കും പാതിവൃത്യം ഭദ്രമായി തിരികെകൊണ്ടുവരാമെന്നതിനും ഗ്യാരന്റിയില്ല. ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന, പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും, പാതിവൃത്യവും സമൂഹം കല്‍പ്പിച്ചിരിക്കുന്ന സദാചാരവും. പട്ടാപ്പകല്‍പോലും അമ്മയെന്നോ,പെങ്ങളെന്നോ, മകളെന്നോ ഓര്‍ക്കാന്‍ മിനക്കെടാത്ത മുഖമൂടിയണിഞ്ഞ പുണ്യാളന്മര്‍ക്കു മുന്നില്‍ എന്തു സദാചാരം? ഈപ്പറഞ്ഞതൊക്കെയാണു സദാചാരമണെങ്കില്‍ ഇതു വെറും സങ്കല്‍പ്പമാണു. നമ്മില്‍ ചിലര്‍ക്കെങ്കിലും.
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com