
ഏതൊക്കെ അനിശ്ചിതത്വതിലേക്കാണു സ്ത്രീജന്മങ്ങള്‍ എടുത്തെറിയപ്പെടേണ്ടി വരുന്നത്? നടപ്പാതകളെന്നു വൃഥാ ആഹ്ലാദിച്ച് എല്ലാം മറന്ന് നടന്നുപോകുന്ന വഴികളില്‍, കഴുത്തോളം മുക്കിക്കളയുന്ന ചതുപ്പുനിലങ്ങളുടെ വ്യാളീമുഖങ്ങള്‍ അവളെ കാത്തിരിക്കുന്ന ദുര്‍വിധി അവളറിയാതിരിക്കുന്ന നിസഹായവസ്ഥ. പുരുഷനു അവളെ എന്തും ചെയ്യാം. ഒരു ജീവിത സഖിയെ ആവശ്യമെന്നു തോന്നുമ്പോള്‍ ഒരുവളെ വരിച്ച് സ്വന്തമാക്കുകയും മതിയെന്നു വരുമ്പോള്‍ തലയില്‍ വീണ കരിയില തട്ടിക്കളയുന്ന ലാഘവത്തോടെ യാതൊരു കുറ്റബോധവുമില്ലാതെ കുടഞ്ഞുകളയുകയുമാവാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വീടിനോട് ചേര്‍ന്ന് മുത്തഛന്റെ സ്വന്തമായുള്ള കുറെ കടകള്‍ പലവിധമായ വ്യപാരങ്ങള്‍ക്കായി വാടകക്കു കൊടുത്തിരുന്നു. കടനിരകളുടെ ഒടുവിലായുള്ളതില്‍ ഒരുകൂട്ടര്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ കൂട്ടര്‍ക്ക് രണ്ടു മുറികളും, അടുക്കളയും, കിണറും, പിറകില്‍ മുറ്റവുമായി അത്യാവശ്യം സൗകര്യങ്ങളും കൊടുത്തിരുന്നു. ഞങ്ങളുടെ വീടിന്റെ പിറകിലെ മുറ്റം കഴിഞ്ഞുള്ള തൊടി അവരുടെ മുറ്റവുമായി ചേര്‍ന്നു കിടന്നു. അഛനും അമ്മയും എട്ടു മക്കളും അടങ്ങുന്ന കുടുംബം.
ഒരു മകന്‍ ജോലി സംബന്ധമായി ദൂരെ എവിടെയോ ആണു. രണ്ട് പെണ്‍മക്കള്‍ വിവാഹിതരായി പോയിരുന്നു. ബാക്കിയുള്ള അഞ്ചുകുട്ടികളും, മാതാപിതാക്കളും ആ കുടുസുമുറികളില്‍ ജീവിതം കരുപിടിപ്പിക്കുകയാണു. 20, 18, 16, 10, 6 ഏതാണ്ടീ ക്രമത്തിലായിരുന്നു കുട്ടികളുടെ പ്രായം. തീയും പുകയും ഒടുങ്ങാത്ത കറുത്തമുറികളില്‍ ആ കുട്ടികള്‍ അരിയാട്ടുകയും, പലഹാരങ്ങള്‍ ഉണ്ടാക്കുകയും, കൂടെ പഠിക്കുകയും ചെയ്തിരുന്നു. മനം മടുപ്പിക്കുന്ന കരിനിറഞ്ഞ അന്തരീക്ഷത്തിലും പെണ്‍കുട്ടികളുടെ സൗന്ദര്യം അടിക്കടി ജ്വലിച്ചുവന്നു. അതിസുന്ദരികളായിരുന്നവര്‍. ആദ്യനാളുകളില്‍ ദൂരെ നിന്നു ചിരിക്കുവാന്‍ മാത്രം അമ്മ എനിക്കു അനുവാദം തന്നിരുന്നുള്ളു.
എന്നാല്‍ ക്രമേണ ഞാന്‍ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇളയകുട്ടികളുമായി "സാറ്റ്"കളി പതിവാക്കുകയും ചെയ്തു. അവരുടെ അഛന്റെ പേരു ഭാനു എന്നായിരുന്നതിനാല്‍, ഞാന്‍ അയാളെ ഭാനുവഛന്‍ എന്ന് സംബോധന ചെയ്തു. അവരുടെ അമ്മ അധികമാരോടും സംസാരിക്കാറില്ല. കാര്യമായ പണികളും ചെയ്തിരുന്നില്ല. ഏതോ അഗാധമായ ദുഖത്തില്‍ ചിന്താകുലയായതുപോലെ എപ്പോഴും കാണപ്പെട്ടു.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ പട്ടാളക്കാരനായ ചിറ്റപ്പന്‍ അവിടെയെത്തി.വളരെ വിചിത്രമായ കാര്യങ്ങളാണു പിന്നീടവിടെ നടന്നതു. ചിറ്റപ്പനും ആ അമ്മയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ നടക്കുന്നു. കുളിമുറി എന്നുപറയാവുന്ന ഒന്നില്‍(കുളിക്കുന്നയാളിന്റെ തോള്‍ മുതല്‍ മുകളിലേക്കുള്ള ഭാഗം വെളിവാകുമായിരുന്നു) ചിറ്റപ്പന്‍ ഇവര്‍ക്കു വെള്ളം കോരികൊടുക്കുകയും, പുറം തേച്ചുകൊടുക്കുകയും ചെയ്യുന്നതു കണ്ടു എന്റെ അമ്മയും ഞങ്ങളുടെ അടുക്കളപണിക്കാരിയും കുശുകുശുപ്പുകള്‍ ഉയര്‍ത്തി. ചില ദിവസങ്ങള്‍ക്കുശേഷം ചിറ്റപ്പന്‍ മടങ്ങിപ്പോവുകയും ചെയ്തു.
പിന്നീടെന്നോ ആ സ്ത്രീ എന്റെ അമ്മയോടു മനസു തുറന്നതോടെയാണു രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ഭാനുവഛന്‍ ഇവരെ വിവാഹം ചെയ്തു ആറുകുട്ടികളുണ്ടായിക്കഴിഞ്ഞൊരുനാള്‍, ഈ കുടുംബത്തെ അനാഥമാക്കി എങ്ങോട്ടോ പോയിക്കളഞ്ഞു. കര്‍മ്മദോഷങ്ങളുടെ പരമ്പര താണ്ഡവമാടിയ ഒരുവേള ചിറ്റപ്പന്‍ സ്വന്തം ജീവിതം തന്നെ ജ്യേഷ്ഠകുടുംബത്തിനു തീറെഴുതികൊടുക്കുകയും ജ്യേഷ്ഠത്തിയമ്മയെ ഭാര്യയാക്കുകയും ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ജനിക്കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷമൊരു ത്രിസന്ധ്യയില്‍ ഭാനുവഛന്‍ തിരികെ വരികയും, അയാളെയും തിരസ്കരിക്കനാകാതെ സ്വീകരിക്കുകയും, പിന്നീടു അവര്‍ രണ്ടുപേര്‍ക്കും ഭാര്യയായി തീരുകയും ചെയ്തു.
ഈ സ്ത്രീയെ ഭാനുവഛന്‍ വിവാഹം ചെയ്ത കാലത്ത് ചിറ്റപ്പന്‍ ട്രൗസറിട്ടു സ്കൂളില്‍ പോയിരുന്ന വെറുമൊരു ചെക്കനായിരുന്നുവെന്നും വാല്‍കഷണമായി അവര്‍കൂട്ടിച്ചേര്‍ത്തു. കഥ തീര്‍ത്തു തികഞ്ഞ നിസംഗതയോടെ, നീണ്ടൊരു നിശ്വാസത്തോടെ
അവര്‍ പോയി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് എന്റെ അമ്മ എന്തിനാണു നനഞ്ഞ കണ്ണുകളുമായി നിശബ്ദയായി നടന്നതു? എന്നെ സംബന്ധിച്ചടത്തോളം ഒരു സിനിമകഥയുടെ ഉദ്വേഗജനകമായ ക്ലൈമാക്സ് കേട്ടുകഴിഞ്ഞതുപോലെയായിരുന്നു. ഗൗരവമുള്‍ക്കൊള്ളനെനിക്കു കഴിഞ്ഞില്ല. ഞാനന്നു വെറും ബാലികയാണു.
എന്നാല്‍ ചില നാളായി എന്റെ ഏകാന്ത വേളകളില്‍ ഈ സ്ത്രീയെക്കുറിച്ചുള്ള ഓര്‍മ്മ വല്ലാതെ അലട്ടുന്നു. എന്തിനാണു എന്റെ സ്വസ്ഥത അവരിങ്ങനെ സശിപ്പിക്കുന്നതു? ദാമ്പത്യത്തിന്റെ ക്ഷണികതയെക്കുറിച്ചു നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്? ഞാനിപ്പോള്‍ ഭാര്യയായതുകൊണ്ടാണോ? അമ്മായായതുകൊണ്ടാണോ? സ്വന്തം മകനെപ്പോലെ കരുതിയിരുന്ന അനുജനെ ഭര്‍ത്താവാക്കേണ്ടിവന്ന അവരുടെ ദുര്യോഗം. നാട്ടുകാരുടെയും വീട്ടുകരുടെയും 'എന്തുകൊണ്ടാണു ആറുകുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യ ചെയ്യാത്തതെന്ന മൗനാക്രോശങ്ങളുടെയും, കൂര്‍ത്ത നോട്ടങ്ങളുടെയും മുന്നില്‍ കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത് വിങ്ങിക്കരഞ്ഞ് ജീവിക്കാനാശിച്ചു പോയ പാവം സ്ത്രീ. മറ്റൊരു സതീദേവിയെ നഷ്ടപ്പെട്ടുപോയതില്‍ ആകുലപ്പെടുന്ന സമൂഹത്തിന്റെ മുന്നില്‍ സദാചാരമെന്ന വിഡ്ഡി വേഷമഴിച്ചുവെച്ച ആ സ്ത്രീയിപ്പ്പ്പോള്‍ എവിടെയണവോ?
എന്താണീ സദാചാരമെന്നാലോചിച്ച് എനിക്ക് തലപുകയാറുണ്ട്,സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച് തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍? പുരുഷവേശ്യകള്‍ക്കും, പുരുഷകന്യകമാര്‍ക്കുമുള്ള പുല്ലിംഗങ്ങള്‍ പ്രായോഗികപ്രയോഗങ്ങളില്‍ വിട്ടുപോയിരിക്കുന്നു.പ്രഭാതത്തില്‍ കോളജിലേക്ക് പുറപ്പെടുന്ന കന്യകയായ പെണ്‍കുട്ടി കൂടെകൊണ്ടുപോകുന്ന കന്യാകാത്വം തിരികെകൊണ്ടുവരുമെന്നതിനെന്താണുറപ്പ്?
ജോലിസ്ഥലത്തേക്കൊ, ചന്തയിലേക്കൊ പോകുന്ന ഭര്‍ത്തൃമതിക്കും പാതിവൃത്യം ഭദ്രമായി തിരികെകൊണ്ടുവരാമെന്നതിനും ഗ്യാരന്റിയില്ല. ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന, പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും, പാതിവൃത്യവും സമൂഹം കല്‍പ്പിച്ചിരിക്കുന്ന സദാചാരവും. പട്ടാപ്പകല്‍പോലും അമ്മയെന്നോ,പെങ്ങളെന്നോ, മകളെന്നോ ഓര്‍ക്കാന്‍ മിനക്കെടാത്ത മുഖമൂടിയണിഞ്ഞ പുണ്യാളന്മര്‍ക്കു മുന്നില്‍ എന്തു സദാചാരം? ഈപ്പറഞ്ഞതൊക്കെയാണു സദാചാരമണെങ്കില്‍ ഇതു വെറും സങ്കല്‍പ്പമാണു. നമ്മില്‍ ചിലര്‍ക്കെങ്കിലും.