നന്ദിതയ്ക്ക്...

നന്ദിതയ്ക്ക്...
മരണത്തോളം സത്യമായിരുന്ന പ്രണയത്തിനും,
ജീവിതത്തോളം സത്യമായിരുന്ന കവിതയ്ക്കും

6-7
കൊല്ലങ്ങള്‍ക്കു മുന്‍പ്‌ പത്രത്തില്‍ വന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഡയറി ത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ട്‌, മഴവില്ലു പോലെ ജീവിതം അല്‍പ്പനേരം പ്രസരിപ്പിച്ച്‌, പിന്നീടു മാഞ്ഞു പോയ നന്ദിതയെ ക്കുറിച്ചുള്ള ആ കുറിപ്പ്‌, സശ്രദ്ധം വായിച്ച്‌, ആ പത്രത്താള്‍, നിധി പോലെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അപൂര്‍വ്വം പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കിടന്നിരുന്നു, കാലങ്ങളോളം. ഒരു കവിതയെങ്കിലും എഴുതുകയോ, നേരമ്പോക്കിനെങ്കിലും ഒരു കവിത വായിക്കുകയോ ചെയ്യാതിരുന്ന ആ കാലത്തു എന്നെ കൊണ്ട്‌ അങ്ങനെ ചെയ്യിപ്പിച്ച തെന്താണെന്നു ള്ളതിനു ഉത്തരമില്ല. അല്ലങ്കില്‍ ത്തന്നെ ഉത്തര മില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണു ജീവിതം. ചിലരോട ങ്ങനെയാണു; വെറുതെ തോന്നുന്ന ആകര്‍ഷണം. ചിലര്‍ എഴുത്തു കൊണ്ടു പ്രലോഭിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ജീവിതം കൊണ്ടും, മരണം കൊണ്ടുമാണു ആകര്‍ഷിക്കപ്പെടുന്നത്‌.
ആരായിരുന്നു നന്ദിത? 1999-ല്‍, 28-)o വയസ്സില്‍, മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, ജീവന്റെ തിരി സ്വയം ഊതി ക്കെടുത്തി മരണത്തിന്റെ തണുത്ത താഴ്വരയിലേക്ക്‌ നടന്നു പോകാന്‍ കാരണമെന്തായിരുന്നു? പലരും പലതും പറയുന്നു. രാവ്‌ മൂര്‍ഛിച്ച നേരത്ത്‌ വന്ന ഒരു ഫോണ്‍ കാള്‍. ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക്‌ എടുത്തു ചാടാന്‍, അത്ര മാത്രം ഉത്ക്കടമായി അവരെ തകര്‍ത്തു കളഞ്ഞ എന്തു സന്ദേശമായിരുന്നു ആ ഫോണ്‍ കാളില്‍ ഉണ്ടായിരുന്നത്‌? അതോ അങ്ങനെ ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവോ? എല്ലാം ഇപ്പോഴും മൂടല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദുരൂഹതകള്‍.
സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല. പക്ഷേ കവിതയിലെ വരികള്‍ മൌന സഞ്ചാരം നടത്തുന്ന വഴികളില്‍ വ്യാപിച്ചു കിടക്കുന്ന പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണ ചിന്ത അങ്ങനെ പലതു മുണ്ടെങ്കിലും, നെടുകയും കുറുകയും പായുന്നത്‌ പ്രണയം മാത്രമാണന്നതു വലിയ സൂക്ഷ്മ പരിശോധന യൊന്നുമില്ലാതെ തന്നെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ട്‌.
പ്രണയ മിവിടെ രംഗ പ്രവേശനം ചെയ്യുകയാണ്.
ലോക മഹാത്ഭുതങ്ങളില്‍ പ്രമുഖമായ താജ്‌ മഹല്‍-ന്റെ നാട്ടില്‍ പിറന്ന ഓരോ ഭാരതീയന്റെ ഉള്ളിലും പ്രണയത്തിന്റെ വെണ്ണ ക്കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതില്‍ ആരെയാണു പഴി പറയാന്‍ കഴിയുക?
കൃഷ്ണന്‍ - ഭാരതീയ സ്ത്രീകളൂടെ ഉള്ളിലേക്ക്‌ ദൈവികതയില്‍ കവിഞ്ഞ്‌, പ്രണയ - ശൃംഗാര ഭാവങ്ങളെയാണു സന്നിവേശിപ്പിക്കുന്നത്‌. ഒരു ശരാശരി ഭാരതീയന്‍, ബാഹ്യമായെങ്കിലും അനുഷ്ടിക്കാ നാഗ്രഹിക്കുന്ന ഒന്നാണു ഏക പത്നീ സമ്പ്രദായം. അക്കാര്യത്തില്‍ അഗ്ര ഗണ്യനായ രാമനെ ഒന്നോര്‍ക്കാന്‍ പോലും ശ്രമിക്കാതെ, ശോകത്തിലും, ആഹ്ലാദത്തിലും, അമ്പരപ്പിലും എന്റെ കൃഷ്ണാ-യെന്നു വിളിച്ചു സായൂജ്യമടയുന്ന ഭാരത സ്ത്രീകള്‍. ഭര്‍ത്താവിനോ കാമുകനോ പക്ഷേ ഗോപാലകന്റെ അനുയായികളാകുന്നത്‌ സങ്കല്‍പ്പത്തി നപ്പുറമാണു. ഈ വിരോധാ ഭാസത്തെ എന്തു വിളിക്കണം?
പ്രണയത്തെക്കുറിച്ച്‌, പ്രിയപ്പെട്ട എഴുത്തുകാരുടെ ഉദ്ധരണികളി ങ്ങനൊക്കെയാണു.
"ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ല" ന്ന് മാധവിക്കുട്ടി.
"പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയി ലവസാനിക്കുന്നുവെന്ന്" മാര്‍ക്കേസ്‌.
"എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്‌" എന്നു വി.ജി. തമ്പി.
അവളോടുള്ള പ്രണയം നാള്‍ക്കു നാള്‍ കൂടി വിഷാദ രോഗത്തേയും വെല്ലുന്ന മനോവ്യഥ യുണ്ടാക്കിയെന്ന്, ലോഹിതദാസ്‌ 'വിഷാദ കാലത്തിന്റെ ഓര്‍മ്മ ക്കുറിപ്പില്‍"
"സര്‍പ്പ ശയ്യക്കു മീതെ വിഷ ദംശ മേല്‍ക്കാതെയുള്ള സ്വപ്നം കാണലാണു പ്രണയ'മെന്ന് ജീവനൊടുക്കിയ ഷെല്‍വി.
"പ്രണയം ഭംഗിയുള്ള നുണയാണെന്ന്" ഷിഹാബുദ്ദിന്‍ പൊയ്തുംകടവ്‌
'വസന്തം ചെറി മരങ്ങളോടു ചെയ്യുന്നത്‌ എനിക്കു നിന്നോടു ചെയ്യണമെന്ന്' നെരൂദ പാബ്ലോ.
കുഴൂര്‍ വില്‍സന്റെ: "ഞാനാദ്യം മരിച്ചാല്‍ നിന്നെയാരു നോക്കു മെന്നല്ലായിരുന്നു, ആരെല്ലാം നോക്കു മെന്നായിരുന്നു" എന്ന വരികളില്‍ പ്രണയത്തെ നാം എക്സ്ട്രീം ലെവലില്‍ കണ്ടെത്തുന്ന... പൊസ്സെസ്സിവെനെസ്സ്‌.
സ്വപ്നം കാണലാണെന്ന്,
ഉരുക്കമാണെന്ന്,
ഏകാന്തതയാണന്ന്,
കിടക്ക വരെയെ ത്തുമ്പോള്‍ അവസാനിക്കുമെന്ന്,
സൌന്ദര്യമുള്ള നുണയാണെന്ന്
ആത്മാവിന് മേലും, ശരീരത്തിന്മേ ലുമുള്ള പെയ്ത ടങ്ങലാണെന്ന്.
സര്‍ഗ്ഗാത്മക വ്യാപാരത്തി ലേര്‍പ്പെടുന്ന ഒട്ടു മിക്ക എഴുത്തുകാരും വിഷാദം പൂക്കുന്ന വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണു. മലയാള സാഹിത്യത്തിന്റെ കനക സിംഹാസന ത്തിലിരിക്കുന്ന, നാം ഹൃദയ പൂര്‍വ്വം അംഗീകരിക്കുന്ന, വൈക്കം മുഹമ്മദ്‌ ബഷീര്‍ മുതല്‍, കവി അയ്യപ്പന്‍, കെ.പി. രാമനുണ്ണി, കമലാദാസ്‌, സുഭാഷ്‌ ചന്ദ്രന്‍, സിനിമാ സംവിധായകന്‍ ലോഹിത ദാസ്‌ തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന അനിശ്ചിതത്വത്തിന്റെ ഇരുളുകളില്‍ മരണത്തെ കണക്കറ്റു കാമിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്‌.
അക്ഷരങ്ങള്‍ക്കു ജീവനുണ്ടെ ന്നുള്ളതു സത്യമാണു. അല്ലെങ്കില്‍ പിന്നെങ്ങനെയാണു, ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തിലേക്ക്‌ വരരുതു എന്നു നിശ്ചയി ച്ചുറപ്പിച്ചതു പോലെയുള്ള തലക്കെട്ടു പോലുമില്ലാതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ചിറകുകള്‍ മുളപ്പിച്ചു പുറത്തേക്കു പറന്നു വന്നത്‌?
സ്വാതന്ത്ര്യ മില്ലായ്മയുടെ നീലക്കയ ങ്ങളിലവര്‍ പിടഞ്ഞിരുന്നുവോ എന്ന് ശങ്കിപ്പിക്കുന്ന വരികളിങ്ങനെ:-
"ഛിടിയ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ
സ്വര്‍ണ്ണ ച്ചിറകുള്ള പക്ഷീ
ഒരിക്കല്‍ പോലും നീ
മിന്റെ പൊന്തൂവലുകള്‍ വിടര്‍ത്തിയില്ല
മഴ മേഘങ്ങള്‍ കണ്ട്‌
പീലി വിരിച്ചാടുന്ന മയിലുകള്‍ ക്കൊപ്പം ഉണര്‍ന്നില്ല
ഗുല്‍ മോഹര്‍ പൂത്ത വേനലില്‍
മൊഴിയറ്റ സ്വരങ്ങള്‍ ചീന്തിയെടുത്ത്‌
സാധകം ചെയ്തില്ല
ഇരുമ്പില്‍ തീര്‍ത്ത
നിന്റെ കൂടിന്റെ അഴികള്‍
ഞാനിന്നലെ സ്വപ്നം കണ്ടു.
സ്ത്രീ എഴുതുമ്പോള്‍, -കലാപരമായ പ്രവൃത്തിയി ലേര്‍പ്പെടുന്ന ഏതു സ്ത്രീയും - ഒരു പുരുഷന്റെ തിനെക്കാള്‍ അന്‍പതു മടങ്ങെങ്കിലും സ്റ്റ്രയിന്‍ എടുക്കേ ണ്ടതായി വരുന്നുണ്ട്‌. സാധാരണ ക്കാരിയായ ഒരു സ്ത്രീ / കുടുംബിനി, വീട്‌, മക്കള്‍, ഉദ്യോഗം, ഭര്‍ത്താവ്‌, തുടങ്ങി ജീവിതമെന്ന മഹാ സമുദ്രത്തിന്റെ കരയിലേക്കു കയറിയിരുന്നാണു അവളുടെ സര്‍ഗ്ഗ ജീവിതത്തെ പരിപോഷിപ്പികുനത്‌. അവളുടെ ഉത്ക്കടമായ ഉദ്യമത്തിന്റെ വിജയമാണു എഴുത്ത്‌. യാതനകള്‍ നേരിട്ട്‌ എഴുതുമ്പോഴും നേരിടുന്ന വിഷയ പരിമിതി കളവളെ ഭയപ്പെടു ത്തുന്നുണ്ട്‌. (അപൂര്‍വ്വം സ്ത്രീകളെയൊഴികെ). പ്രണയം, ലൈംഗികത ഇമ്മാതിരി വിഷയങ്ങള്‍, 21-ആം നൂറ്റാണ്ടിന്റെ നട്ടുച്ച യിലെത്തിയിട്ടും സ്ത്രീകള്‍ക്കു അപ്രാപ്യമായ മേഖല പോലെ ഗര്‍വ്വിച്ചു നില്‍ക്കുകയാണു.
സ്വാതന്ത്യ മില്ലാമയ്മെ ക്കുറിച്ചുള്ള പറച്ചില്‍ വെറുതെയല്ല. ജീവനോടെ യിരിക്കുമ്പോള്‍ നന്ദിതയുടെ ഒറ്റ കവിത പോലും വെളിച്ചം കാണിക്കാ നാവാതെ, മരണ ശേഷം മാത്രം കവിതയെന്ന ഭാവേന പുറത്ത്‌ വന്ന അവരുടെ ചിന്തകള്‍, രോഷങ്ങള്‍, ഭ്രാന്ത്‌. സ്വാതന്ത്ര്യ മില്ലാമയുടെ ഏതൊക്കെയോ ഇരുണ്ട തുരങ്കങ്ങ ളിലൂടെ യാണവളും അവളുടെ കവിതകളൂം കടന്നു പോയതെ ന്നതിന്റെ വെളിപ്പെടുത്തലുകളാണു.
നന്ദിതയുടെ പേരിനോടു ചേര്‍ത്ത്‌ വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്‌. നിരവധി ഘട്ടങ്ങളില്‍ വിഷാദ രോഗത്തില്‍ നിന്നും മരണത്തിന്റെ കൈവഴി കളിലേക്കു വീണു, തെന്നി മാറി, ജീവിതം മടക്കി ക്കൊണ്ടു വന്നിട്ടും., പാചക വാതകം അഴിച്ചു വിട്ടു ഓവനിലേക്ക്‌ മുഖം കയറ്റി വെച്ച്‌ മരണത്തെ ആശ്ലേഷിച്ച, അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയാ പ്ലാത്ത്‌.
മരണമെന്നത്‌ ശ്വാശ്വതമായ നിയമാണു. നിത്യമായ സത്യമാണു.
അതു കൊണ്ടാവാം 'മരണം പോലെ കഠിനമാണു പ്രണയമെന്ന്" സോളമന്‍ രചിച്ചിരിക്കുന്നത്‌.
പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച്‌ ജീവിക്കാം നമ്മുക്ക്‌, എന്നതിനേക്കാള്‍... ഒരുമിച്ച്‌ മരിക്കാം എന്നു പറഞ്ഞും പ്രവര്‍ത്തിച്ചും സായൂജ്യ മടയുന്ന രീതിയാണു പറയുന്ന തായാണു കണ്ടു വരുന്നതി നെന്നുള്ളതിനു ഊന്നല്‍ കൊടുത്ത്‌ ഇടപ്പള്ളിയുടെ വരികളിങ്ങനെ:-
'സഹതപിക്കാത്ത ലോകമേ -
എന്തിനും സഹകരിക്കുന്ന ശാരദാകാശമേ !!!'
ഇടപ്പള്ളിയുടെ വരികളിവിടെ ഉദ്ധരിക്കുന്നത്‌ യാദൃശ്ചികമല്ല. മനപൂര്‍വ്വമാണു.
പ്രണയ തിരസ്കാരം മരണത്തിലേക്കു വഴി നടത്തിയ ഇടപ്പള്ളിയുടെ വരികളോട്‌ ചേര്‍ത്ത്‌ വെച്ച് വായിക്കാന്‍, കവികള്‍ പ്രവചനാ ത്മാക്കളാ ണെന്നോര്‍മ്മിപ്പിച്ച്‌, മരണത്തോടുള്ള ആസക്തിയില്‍ നന്ദിതയെഴുതിയ തലക്കെട്ടില്ലാത്ത മറ്റൊരു കവിതയിങ്ങനെ !!
"കാറ്റ്‌ ആഞ്ഞടിക്കുന്നു
കെട്ടു പോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു..
ഭ്രാന്തമായി."
കവിതകളുടെ പേരില്‍ നന്ദിത എന്നും ഓര്‍മ്മിക്കപ്പെടും,
വരുന്ന തലമുറകളാലും ആദരിക്കപ്പെടാന്‍ പാകത്തിനു എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ആളി പ്പടരുന്നുണ്ട്‌.
ആത്മാഹൂതി യെക്കുറിച്ചോ ര്‍ക്കുമ്പോള്‍, ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്‍ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത്‌ കണ്ട്‌ പ്രജ്ഞ കെട്ടു പോയത്‌, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക്‌ ഇനി ജീവന്‍ തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്‌, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്‌. മോഹഭംഗ ങ്ങളെയെല്ലാം കൈപ്പിടി ചാരമാക്കി, ഒരു കുടത്തിനുള്ളില്‍ പാപനാശിനി യിലേക്ക്‌, എല്ലാം ജയിച്ചുവെന്ന മട്ടില്‍ തുള്ളി മറിഞ്ഞു പോകുന്നതു കണ്ടു സ്വയം നഷ്ടപ്പെട്ടു പോയത്‌. ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.
ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,
മുറിവുകളുടെ രണഭൂമികകളാണു.
മരണം - അതുമാത്രമാണു നിത്യമായ സത്യം.

കിഴക്കേ മുറിയും, മുള ചീന്തുന്ന മാതിരിയൊരു നിലവിളിയും


മ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. വിശദാംശങ്ങള്‍ പിന്നീടറിഞ്ഞു. വീഴ്ചയത്ര നിസാരമായിരുന്നില്ല. നടുവിടിച്ചാ‍ണു വീണത്. കാല്‍മടമ്പ് ഉളുക്കിപ്പോയിരുന്നു. ചിരി പെട്ടന്ന് തീര്‍ന്നുപോയി. ഭീമമായ അങ്കലാപ്പിലേക്ക് മലക്കം മറിഞ്ഞു. ഇരിപ്പും നടപ്പും ജീവിതവുമൊക്കെ സൂക്ഷ്മമായി കൊണ്ടുനടക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ ആളാണിപ്പോള്‍ വൈദ്യരും, കുഴമ്പും, തിരുമ്മലുമായി കഴിയുന്നത്. പാവം! ഒന്ന് കാണാന്‍ കണ്ണു കടഞ്ഞു. ഒരാഴ്ചത്തെ ഉദ്യോഗവും, ഒരുകാപ്പിയെങ്കിലും തിളപ്പിച്ചുപോയാല്‍ ഭര്‍ത്താവത്വത്തിന് കളങ്കം സംഭവിച്ചേക്കാം എന്നാശങ്കപ്പെടുന്ന അദ്ദേഹത്തെയും, വീട്ടുജോലിക്കുള്ള റൊബൊര്‍ട്ടാണു അമ്മയെന്ന മക്കളുടെ വിശ്വാസത്തെയും കാറ്റില്‍ പറത്തിയാണു അമ്മയെ കാണാനെത്തിയത്.

അപ്പോഴേക്കും അവര്‍ സുഖം പ്രാപിച്ചു കഴിഞ്ഞു.

അഛന്‍-അമ്മ എന്ന ഇരുവര്‍ സംഘത്തിലെ എന്റെ 8 ദിനങ്ങള്‍.
പതിവ് അമ്മമാരെപ്പോലെ വാത്സല്യത്തിന്റെ തേന്‍നിലാവായിരുന്നു എന്റെ അമ്മയെന്ന്, വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ, നോട്ടം കൊണ്ടോ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. ബാല്യ കൌമാരങ്ങള്‍ സ്നേഹമില്ലായ്മയുടെ മരുഭൂമിയില്‍ കൂടിയായിരുന്നു യാത്ര. ആണ്ടിലൊരിക്കല്‍ 1 മാസത്തേക്കെത്തുന്ന അഛന്റെ സ്നേഹാതിരേകങ്ങളില്‍ നിന്നുള്ള സംഭരണി നിറച്ച് ഒരു വര്‍ഷത്തേക്ക് കരുതി വെച്ചായിരുന്നു അക്കാലത്തെ ജീവിതം. തികച്ചും പട്ടാളച്ചിട്ടകളിങ്ങനെയാകാമെന്ന് തോന്നിപ്പിച്ചിരുന്ന മുറകള്‍. സഹോരന്മാര്‍ക്ക് അത്രകണ്ട് പീഡനമൊന്നുമുണ്ടായിട്ടില്ല്ല. എന്നോടു മാത്രമെന്താണിങ്ങനെയെന്നോര്‍ത്ത് ചങ്കു പോട്ടിപ്പോയിട്ടുണ്ട്. ബാത് റൂമില്‍ തലയിടിച്ചു കരഞ്ഞിട്ടുണ്ട്. ഒടുവില്‍, ആണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടിലേക്ക് ദത്തെടുത്തതാവാം എന്ന്‍ സ്വയം മറുപടി കണ്ടെത്തി, ആ സംശയം അനിയനുമായി പങ്കിട്ടു. അങ്ങനെയാവാമെന്ന് അവനും മൌനത്താലെ സമ്മതിച്ചിട്ടുമുണ്ട്. അത്ര കണ്ട് നിര്‍ദയവും പക്ഷാഭേതപരവുമായിരുന്നു അമ്മയുടെ നടപടികള്‍.

16 ഉം, പതിനഞ്ചുമൊക്കെ പ്രായമായ മക്കളെ മടിയില്‍ കിടത്തിയിന്നും ഞാനോമനിക്കാറുണ്ട്. അടിവയര്‍കാട്ടി നിന്നെ ചുമന്നു നടന്ന വയറാണെന്ന മഹത്വം വെളിപ്പെടുത്താറുണ്ട്. വയറ്റില്‍ കിടന്നു കാട്ടിക്കൂട്ടിയ കോപ്രായങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ കൌതുകം വിടത്തിയ മുഖത്തോടെ മൂന്നാളും ചുറ്റും വട്ടമിരുന്ന് കേള്‍ക്കാറുണ്ട്. നിങ്ങള്‍ അമ്മക്കെത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് വിവരിക്കാറുണ്ട്. പ്രസവിച്ച് 21-ആം ദിവസം മടിയില്‍ കിടത്തി കാറോടിച്ച നേരത്ത് മനോഹരമായി നീ മന്ദഹസിച്ചിരുന്നുവെന്ന് പറയുമ്പോള്‍ മകന്റെ മുഖം താമര പോലെ വിടരാറുണ്ട്. 'എന്റെ അമ്മ' 'എന്റെ അമ്മ' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചുറങ്ങാനവര്‍ മത്സരിക്കുന്നത് കണ്ട് ഗൂഡ്ഡമായി ആനന്ദിച്ചിട്ടുണ്ട്. അമ്മാതിരി അനുഭവങ്ങളിലൂടെയൊന്നും നിര്‍ഭാഗ്യവശാല്‍ എന്റെ ബാല്യം സഞ്ചരിച്ചിട്ടില്ല.

മുതിര്‍ന്നുവെന്നറിയിച്ച് ചുവന്ന പൂക്കള്‍ മേലാകെ നനച്ചപ്പോള്‍ എന്തു ചെയ്യേണ്ടുവെന്നാലോചിച്ച് പതിനാലാമത്തെ വയസില്‍ പകച്ചു പോയിട്ടുണ്ട്. ആരേയും അറിയിക്കാതെ ആദ്യദിവസം എങ്ങനെയോ ഉന്തിനീക്കി. അവശ്യവസ്തുക്കളുടെ അഭാവം മാത്രമാണു അമ്മയെ അക്കാര്യം അറിയിക്കാന്‍ നിര്‍ബന്ധിതയായത്.

എന്റെ മൂത്തമകളുടെ ഒമ്പതാം വയസില്‍,സ്കൂളില്‍ നിന്നു മടങ്ങിവന്ന അവള്‍ വിവശയായി പറഞ്ഞു കൂട്ടുകാരിക്കുട്ടിയുടെ യൂണിഫോറം ചുവന്ന നിറത്തില്‍ നനഞ്ഞുവെന്ന്. റ്റീച്ചര്‍ പറഞ്ഞു 'അവള്‍ മുതിര്‍ന്നുവെന്ന്; എല്ലാപെണ്‍ക്കുട്ടികളും മുതിരുമെന്ന്, ഞാനുമിങ്ങനെ മുതിരുമോ അമ്മേ" യെന്ന് ചോദിച്ച് അവള്‍ ആശങ്കയോടെ തല കുടഞ്ഞു. "ഉവ്വ്. എല്ലാവരും മുതിരും. എല്ലാപെണ്‍കുട്ടികള്‍ക്കും ഇങ്ങനെ സംഭവിക്കും."
"എല്ലാവര്‍ക്കും?" അവള്‍ കണ്ണുനിറച്ച് , പേടിച്ച് ചേര്‍ന്നിരുന്നു.
"അതെ"
"അമ്മയും മുതിര്‍ന്നിരുന്നുവോ?'
'ഉം"
"മുത്തശ്ശിയോ?"
"പിന്നല്ലാതെ?"
ടീച്ചര്‍മാരോ?
"അതേന്നേ, എല്ലാവരും"
അവള്‍ക്ക് സന്തോഷമായി, മുഖത്തെ കാറൊഴിഞ്ഞ് ബാലസൂര്യന്‍ വിടര്‍ന്നു.

സ്കൂള്‍ കാലഘട്ടങ്ങളില്‍ പഠനവിഷയങ്ങളിലൊഴികെ ഒരു മാതൃകാ വിദ്യാര്‍ത്ഥിനിയായിട്ടു കൂടി നിസാരമായ മാനസിക പീഡനങ്ങളല്ല ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. അമ്മക്ക് കോപം വന്ന് തുടയും, കവിളും നുള്ളിപ്പറിച്ച് ചോര വരുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ സ്റ്റഡിലീവ് കാലത്ത്, ഉറങ്ങിപ്പോയതിനു, ഒരു രാത്രി 3 മണി നേരത്ത്, ചൂലുകൊണ്ടു മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇങ്ങനെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ അഛനും അമ്മയും തമ്മില്‍ കലഹമുണ്ടായിട്ടുണ്ട്. ഓരോ ടേമിലേയും പ്രൊഗ്രസ് റിപ്പോര്‍ട്ടിലേക്കുള്ള ഒപ്പു സമ്പാദിക്കല്‍ നടപടിയെന്നതു പോലെ ഭീതിതമായ അനുഭവം‍ വേറെയൊന്നുമുണ്ടായിരുന്നില്ല. രക്ഷിതാവിന്റെ ഒപ്പ് വാങ്ങി കാര്‍ഡ് തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരാഴ്ചയാണ്. കണക്കു മാര്‍ക്കിന്റെ അടിയിലെ ചുവന്ന വരയെപ്പോഴും തലയില്‍ തീ കോരിയിടും. 7-ആം ദിവസം ക്ലാസില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ദിവസം. പുറത്തെവരാന്തയിലെ സ്കൂളിനെ സര്‍വ്വ കുട്ടികളും, teaching - non teaching staff- തുടങ്ങി സകലമാന പേര്‍ക്കും ആസ്വാദന വസ്തുവായി മാറേണ്ടുന്ന ആ ദിവസം രാവിലെ, സ്കൂള്‍ ബസ്സ് വരുന്നതിന്റെ തൊട്ടു മുന്‍പ് , പ്രഭാത - ഉച്ച ഭക്ഷണത്തിന്റെ തിരക്കില്‍ അടുക്കളയില്‍ ഞാണിന്മേല്‍ കളി നടത്തുന്ന അമ്മയുടെ സമക്ഷം, അത്യന്തം ഭയന്ന് റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കും. മുഖത്തെ കണ്ണട ഒന്നുകൂടി മുകളിലേക്ക് കയറ്റി വെച്ച് സ്വതേ വലിയ കണ്ണുകള്‍ വീണ്ടും വലുതാക്കി., റിപ്പോര്‍ട്ട് കാര്‍ഡ് വാങ്ങി, 'നീ പോയ്ക്കോ, ഞാനങ്ങ് വരുന്നുണ്ട് ' എന്നു പറയുകയും, വളരെ കൃത്യമായി അന്ന് അമ്മ സ്കൂളില്‍ എത്തി, റ്റീച്ചേഴ്സ് റൂമില്‍ വരുത്തും. എല്ലാവരും കൂടി ചോദ്യം ചെയ്യും.ഞാന്‍ സര്‍വ്വത്ര വിയര്‍ത്ത് വെന്തുരുകിയെന്നു ബോദ്ധ്യമാകുന്നതു വരെ കോടതിമുറിയില്‍ പ്രതിയെന്ന പോലെ ചോദ്യം ചെയ്യപ്പെടും. വിവരിക്കാനാവാ‍ത്ത വിധം ഭീതിതമായിരുന്ന അനുഭവം.

പഠിപ്പെല്ലാം നിലച്ച് പോയ കാലത്താണു ഉപദേശങ്ങളുടെ പെരുമഴയില്‍ പെട്ട് ഞാനൊലിച്ചുപോകാറായത്. പെണ്‍കുട്ടികള്‍ ജോലി സമ്പാദിക്കേണ്ടുന്ന ആവശ്യകതെയെക്കുറിച്ച്; ഉദ്യോഗമില്ലാത്തൊരു പെണ്ണിനെ ഒന്നിനും കൊള്ളില്ലാന്ന്, കെട്ടാനാരും വരില്ലാന്ന്, പണ്ടു പുഷപം പോലെ വന്നു ചേര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗത്തിനു അനുമതി നല്‍കാതിരുന്ന അച്ഛനെ ക്കുറിച്ച്, സ്ത്രീ സമ്പാദിച്ചുകൊണ്ടുവരുന്നതിന്റെ പങ്കുപറ്റി ജീവിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലന്നു പറഞ്ഞ അഛന്റെ ദാര്‍ഷ്ട്യക്കുറിച്ച്, പള്ളിയിലെ ഭണ്ഡാര പെട്ടിയിലിടാനും, ഒരു ബ്ലൌസ്പീസിനുമൊക്കെ പൈസക്ക് ഭര്‍ത്താവിനു നേരെ കൈ നീട്ടുന്നതിന്റെ കുറച്ചിലിന്റെ കുറിച്ച്.

അമ്മയുടെ പ്രാര്‍ത്ഥനയോ, ആരുടെയോ ഭാഗ്യമോ, 18 ആം വയസില്‍ അമ്മയുടെ മകള്‍ ഉദ്യോഗസ്ഥയായി. ജോലിക്കു പോകാനിറങ്ങുമ്പോള്‍ മുതല്‍ taxi - കയറുന്നതു വരെ വഴിക്കണ്ണുമായി കാവല്‍ നിന്നു. തിരികെ കൂട്ടാനെത്തുന്ന അഛന്റെ കൂടെ, പഴം പൊരിച്ചതും, കട് ലറ്റ്, വടകള്‍ എന്നിങ്ങനെയെന്തെങ്കിലും കരുതി കൂടെ വന്നു. 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്താം, എങ്കിലും കഴിക്കൂ‍ കഴിക്കൂ എന്ന് നിര്‍ബന്ധിക്കും. എന്തൊക്കെയായാലും ആ ചെയ്തികളിലൊന്നും വാത്സല്യത്തിന്റെ തരിമ്പും വാസനിച്ചിരുന്നില്ല. നീയെനിക്ക് എത്ര പ്രിയപ്പെട്ടവളാണെന്ന ഒരു വാക്ക്, ഒരു സ്പര്‍ശം ഒന്നുമുണ്ടായിട്ടില്ല. മുതിര്‍ന്നശേഷം അമ്മാതിരി പ്രവൃത്തികളുമായി പൊരുത്തപെട്ടു.

അഛന്റെ അമ്മയാണു പല സന്ദര്‍ഭങ്ങളിലായി, പൂര്‍വ്വ കാലങ്ങളിലേക്കുള്ള വാതില്‍ തുറന്നു തന്നിട്ടൂള്ളത്. അഛനു വലിയ താല്പര്യമൊന്നുമില്ലാതെയാണു അമ്മയെ വിവാഹം ചെയ്തത്. താല്പര്യക്കുറവിനുകാരണം അമ്മക്കു നിറം കുറവായിരുന്ന കുറ്റമാണഛന്‍ കണ്ടുപിടിച്ചത്. എന്നാല്‍ അദ്ദേഹം മറ്റു പല 'കുടുക്കു'കളില്‍ പെട്ടിരുന്നുവെന്ന്, പില്‍കാലത്ത് അഛനമ്മമാര്‍ തമ്മിലുള്ള കശപിശകളില്‍, അമ്മയുടെ മുനവെച്ച വാക്കുകളില്‍ നിന്നും ഞാന്‍ പിടിച്ചെടുത്തിരുന്നു.

നിറത്തിലൊക്കെയെന്തിരിക്കുന്നു. അമ്മക്ക് ഐശ്വൈര്യം വഴിയുന്ന മുഖമുണ്ട്, മഷിയെഴുതാതെ തന്നെ കറുത്തു വിടര്‍ന്ന മിഴികളുണ്ട്. പെരുമാറ്റ സൌകുമാര്യമുണ്ട്. സ്വഭാവശുദ്ധിയുണ്ട്. കൂടുതലെന്താണു ഒരു സ്ത്രീക്കു വേണ്ടത്? അഛനേക്കാള്‍ 9 വയസിനു താഴെയായിരുന്നവര്‍. ഭാര്യാഭര്‍ത്താക്കമാരുടെ പ്രായവ്യത്യാസം അങ്ങനെതന്നെയാ‍യിരിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഒന്നു പ്രസവിച്ച്, മുപ്പതുകളില്‍ കയറുമ്പോഴേക്കും സ്ത്രീയുടെ യൌവ്വനമവസാനിക്കുന്നുവെന്ന് കണ്‍ തടങ്ങള്‍ കരിവാളിച്ച് കാണിക്കും, കവിളുകള്‍ നിറമസ്തമിച്ച് പ്രതിഷേധിക്കും., മാറുകള്‍ തളരുന്നേയെന്ന് നിലവിളിക്കും, നിതംബങ്ങള്‍ തുളുമ്പുന്നതു മതിയാക്കും.

പുരുഷനോ, 35 കഴിയുമ്പോഴേക്കും അടിമുടി തളിര്‍ത്തുണരും. ഏതു സ്ത്രീയേയും മോഹിപ്പിക്കാന്‍ പാകത്തിനു തുടുക്കും, പിന്നെ തുടിക്കും. ആ പ്രായത്തിലുള്ളവന്റെ മന്ദഹാസമാണു ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃയയെന്ന് ഓര്‍മ്മിക്കും. 40 കാരികള്‍ക്ക് ഏറ്റവും ഇണങ്ങുന്നത് 50 കാരനായ ഒരുവനാണെന്ന് മനസിലാകും. സേതുമാഷിന്റെ 'അടയാളങ്ങളി'ലെ ആലീസും ഇതേ അഭിപ്രായം പറയുന്നുണ്ട്. ഇമ്മാതിരി ചിന്തകളാണു ഇങ്ങനെയൊരു പ്രായവ്യത്യാസം അനിവാര്യമെന്ന് തോന്നിപ്പിച്ചത്. സാമ്പ്രദായിക വിവാഹങ്ങളില്‍ മാത്രമാണു ഈ വക നിബന്ധനകള്‍ ബാധകമാകുന്നത്.

കാമുകീകാമുകന്മാര്‍ തമ്മില്‍ അതൊട്ടും നിര്‍ബന്ധമേയല്ല. ഭാരതസ്ത്രീകളുടെ ഇഷ്ട ദൈവമാ‍യ കൃഷ്ണന്റെ രാധ, കൃഷ്ണനേക്കാള്‍ ആറോ ഏഴോ വയസു കൂടുതലായിരുന്നുവെന്ന രേഖപ്പെടുത്തലുകളുണ്ട്. ഈ നൂറ്റാണ്ടിന്റെ പ്രതീകങ്ങളായ അഭിഷേക് ബച്ചന്‍- ഐശ്വര്യാ റായ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ - അഞ്ജലി, അങ്ങനെ എത്രയോ പേര്‍. പ്രണയത്തില്‍ എന്തു പ്രായം?

എന്തായാലും എന്റെ ഓര്‍മ്മ മുളക്കുമ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ അമ്മയോടുള്ള സ്നേഹം കണ്ടറിഞ്ഞിട്ടുണ്ട്. അമ്മക്ക് അത്രകണ്ട് പ്രകടിപ്പിക്കലുകള്‍ വശമില്ലാത്ത രീതിയാണെങ്കിലും, അച്ഛനെ പിരിഞ്ഞു ഒരു നേരം പോലുമിരിക്കില്ല. മക്കളെ കാ‍ലങ്ങളോളം പിരിഞ്ഞിരിക്കുന്നതില്‍ അത്ര വലിയ ഖേദമൊട്ടില്ല താനും.

കാലങ്ങള്‍ അതിശീഘ്രത്തില്‍ പാഞ്ഞുപോയി, അമ്മയുടെ മകള്‍ അമ്മയായി.

അമ്മൂമ്മയായ അമ്മ ചെറുമക്കളെ താലോലിച്ചു. അവരുടെ ഏതു തോന്ന്യാസത്തിനും കൂട്ടു നിന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വശമില്ലായ്മയില്ലന്ന് തെളിയിച്ചു. അകലങ്ങളിലിരുന്ന് ഞങ്ങള്‍ അന്യോന്യം സ്നേഹിച്ചു. ഈരണ്ട് കൊല്ലങ്ങള്‍ കൂടുമ്പോഴുള്ള കൂടിക്കാഴ്ച്കകള്‍ പെട്ടന്നു തീര്‍ന്നു പോകുന്നു.

അമ്മയുടെ കൂടെയുള്ള 8 ദിവസങ്ങള്‍ പറന്നുപോയി,

വീട്ടില്‍ ഞാന്‍ കിടക്കുന്ന 'കിഴക്കേ' മുറിയെന്നു വിളിക്കുന്ന കിടപ്പു മുറിയുണ്ട്. വലിച്ച് വാരിയിടുന്ന വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, എല്ലാം അടുക്കിവെച്ച് , പതിവു പോലെ വിശേഷങ്ങളുടെ, പരിഭവങ്ങളുടെ, ഉപദേശങ്ങളുടെ, ഉരുക്കഴിച്ചുകൊണ്ടിരിക്കും

'എനിക്കും നിന്റെ അഛനും വയ്യാതായിരിക്കുന്നു, അഛന്റെ അനിയന്മാരുടെ സ്നേഹമില്ലാത്ത പ്രവൃത്തികള്‍, അയല്‍‌വക്കങ്ങളിലെ വിവാഹങ്ങള്‍, പ്രസവങ്ങള്‍, ഒളീച്ചോട്ടങ്ങള്‍, പറമ്പില്‍ കൃഷിയൊന്നുമില്ലാതായിരിക്കുന്നു, ഇക്കൊല്ലം പുളി കായിച്ചില്ലാന്ന്, ശമ്പളത്തില്‍ വര്‍ദ്ധനവു വല്ലതും നടക്കുന്നുണ്ടോയെന്ന്, നിന്റെ കയ്യില്‍ സ്വകാര്യമായ ഒരു കരുതല്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന്, എന്നും പ്രാര്‍ത്ഥിക്കണം. പെണ്മക്കളാണു, അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചോണമെന്ന്, ആയിരക്കണക്കിനു ഉപദേശങ്ങള്‍.

8 ദിനങ്ങള്‍ തീര്‍ന്നു.

തിരികെ സുഖമായി എത്തിച്ചേര്‍ന്നുവെന്ന് ഫോണ്‍ ചെയ്യുകയായിരുന്നു, അച്ഛനാണു ഫോണ്‍ എടുത്തത്. പിന്നാലെ നനഞ്ഞ ശബ്ദത്തില്‍ അമ്മ വന്നു. 'കിഴക്കേ മുറിയിലേക്കു കയറുമ്പോള്‍ നെഞ്ചു പൊട്ടിപോകുന്നു പെണ്ണേയെന്ന്'' മുളചീന്തുന്ന പോലെയൊരു നിലവിളി കേട്ട് പെട്ടന്ന് ഞാനന്ധാളിച്ചുപോയി.

മതി!

അതുമാത്രം മതിയായിരുന്നു.
എന്റെ ആജന്മ സങ്കടങ്ങള്‍ക്കുള്ള പ്രതിവിധിയായിരുന്നു ആ കരച്ചില്‍

സ്പര്‍ശനത്തില്‍ പാതി...
ആ നാലാം ക്ലാസുകാരികള്‍ ഉച്ചച്ചൂടു മറന്ന് നീലയും, വെള്ളയും യൂണിഫോമുകളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇളകി മറിയുകയാണു. മിനിയെന്ന എന്റെ ആത്മമിത്രം പതിവു തെറ്റിച്ച്‌ ക്ലാസുമൂലയിലും, മരച്ചുവട്ടിലും കൂനികുത്തിയിരുന്നു. പഴയ സുമലതയുടെ ഛായയുള്ളവള്‍. ഒരുപക്ഷേ അതിനേക്കാള്‍ സുന്ദരി. ഒറ്റമകള്‍. അമ്മ കാലങ്ങളായി ഗള്‍ഫിലാണു. അഛന്‍ ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥന്‍. വലിയ കൂട്ടുകുടുംബം. ഏവര്‍ക്കും പ്രിയപ്പെട്ടവള്‍. അവളാണീ ഇരിപ്പ്‌ ഇരിക്കുന്നത്‌. എത്രചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണും നിറച്ചിരിക്കുകയാണു. തിരികെപോകുമ്പോള്‍ സ്കൂള്‍ബസ്സില്‍ വെച്ചാണാ രഹസ്യത്തിന്റെ കെട്ടഴിക്കുന്നത്‌. 'അഛന്‍ വീട്ടിലെ വേലക്കാരിയെ കെട്ടിപ്പിടിച്ച്‌, വേലക്കാര്‍ക്കായുള്ള ടോയ്‌ലറ്റിനു പിറകില്‍ നില്‍ക്കുന്നത്‌ അവള്‍ കണ്ടു. അതു പറഞ്ഞ്‌ കണ്ണു വീണ്ടും നിറഞ്ഞു,. 'ഒാ, വലിയ കാര്യമായിപ്പോയി' എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല.ഒരു ആലിംഗനം. എത്ര നിസാരമായ ക്രിയ. അതിലിത്ര വിഷമിക്കാനെന്ത്‌? കൗമാരം മുതിര്‍ന്ന് യൗവ്വനത്തിലെത്തിയിട്ടും ആ സംഭവം മറന്നില്ല. എന്തിനായിരുന്നു അവള്‍ കരഞ്ഞത്‌? എന്നാല്‍ തിരിച്ചറിവിന്റെ പൊരുള്‍ പിടികിട്ടിയപ്പോഴേക്കും, കാലം മലകളും, ചതുപ്പു നിലങ്ങളും പിന്നിട്ടിരുന്നു.

ഒരാലിഗനം, ചുംബനം, ചെറുസ്പര്‍ശനം, അതെന്താണു? അതിലെന്തിരിക്കുന്നു?

"വചനം ദര്‍ശനത്തില്‍ പാതി സുഖം

ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം

സ്പര്‍ശനം സുരതത്തില്‍ പാതി സുഖം

സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം "

എന്ന പറച്ചിലില്‍ അല്‍പ്പം കാര്യമില്ലാതെയില്ല എന്നാണു മനസിലായിട്ടുള്ളത്‌.

തിരുവനന്തപുരത്തുനിന്ന് അഛനുമൊത്തു ചെങ്ങന്നൂരിലേക്കു ട്രയിനില്‍ വരികയാണു. ഒറ്റസീറ്റിലായിരുന്നു എന്റെ ഇരിപ്പ്‌. എതിര്‍സീറ്റില്‍ അപരിചിതനായ ഒരാള്‍. തീപ്പെട്ടിക്കൊള്ളികള്‍ അടുക്കിയിരിക്കുന്നതുപോലെ ജനം നില്‍ക്കുന്നു, ഇരിക്കുന്നു, കലമ്പുന്നു. കൂടാതെ വ്യാപാര സാധനങ്ങള്‍, ഭാണ്ഡകെട്ടുകള്‍. ഇരിപ്പിടത്തിലായിട്ടുകൂടി ശ്വാസം മുട്ടി. മുന്‍സീറ്റിലുള്ളവന്‍ കാല്‍വിരലുകള്‍, ചുവട്ടില്‍ തിങ്ങിനിറഞ്ഞ ഭാണ്ഡ കെട്ടുകള്‍ക്കിടയിലൂടെ എന്റെ കാല്‍വിരലില്‍ തൊട്ടുകൊണ്ട്‌ എന്നെ നോക്കി. ഞാനും നോക്കി. അയാളും ഞാനും കാലുകള്‍ പിന്‍വലിച്ചില്ല. യാത്രക്കാര്‍ ഇറങ്ങുന്നതും, തിരക്കൊഴിയുന്നതും ഞാനറിഞ്ഞില്ല.വയലുകളും, തോടുകളും കയറിയിറങ്ങിവന്ന കാറ്റ്‌ ഉറക്കത്തിലേക്കിട്ടിരുന്നു. മയക്കമുണര്‍ന്നപ്പോള്‍, അറിഞ്ഞു ചെരിപ്പഴിച്ചുവെച്ച, മാര്‍ദ്ദവമുള്ള അയാളുടെ ഇളം ചൂടുള്ള കാല്‍പാദത്തിനടിയില്‍ എന്റെ ഇടതു പാദം സുഖമായി വിശ്രമിക്കുന്നു. അതങ്ങനെ തന്നെയിരിക്കട്ടെയെന്നു ഞാന്‍ കരുതി. ഇടക്കൊന്നിളകിയിരിക്കണമെന്നു വിചാരിച്ചിട്ടുകൂടി പാദങ്ങള്‍ തമ്മിലുള്ള ചങ്ങാത്തംവേണ്ടായെന്നു വെക്കാനെനിക്കു വയ്യായിരുന്നു. ചെങ്ങന്നൂരെത്തുകയും, ഒരു നോട്ടവും, പാതി ചിരിയും കൊടുത്തു ഞാനിറങ്ങുകയും ചെയ്തു. ഒരുപക്ഷെ ആ യാത്ര എറണാകുളമോ, തൃശൂരോ വരെ നീണ്ടിരുന്നെങ്കില്‍ എനിക്കയാളോടു പ്രേമമുണ്ടായെനെ ! സഭ്യമല്ലാത്തതൊന്നും ആ സ്പര്‍ശനത്തില്‍ കണ്ടില്ല, അനുഭവിച്ചില്ല.


പണ്ട്‌ അവധിക്ക്‌ നാട്ടിലെത്തിയകാലത്ത്‌, മക്കള്‍ ചെറിയകുഞ്ഞുങ്ങളാണു. പഴയ വീടിന്റെ മച്ചില്‍ നിന്നുതിര്‍ന്നു വീഴുന്നപൊടിയും,ചൂടും അവരുടെ ഉറക്കം തടസപ്പെടുത്തിക്കൊണ്ടിരുന്നു. വളര്‍ന്ന വീടിന്റെ പരിസരം കണ്ടുറങ്ങകയെന്ന പഴയ പരിചയം പുതുക്കി ജനാലകള്‍ തുറന്നിട്ടുറങ്ങണമെന്നു ഭര്‍ത്താവ്‌ ശഠിച്ചു. പാതിരാ കഴിഞ്ഞിട്ടുണ്ടാവും കണ്ണഞ്ഞടഞ്ഞപ്പോള്‍. രാവു മുതിര്‍ന്നു വന്ന നേരത്ത്‌, ജനാലപ്പടിയിലേക്ക്‌ നീണ്ടിരുന്ന എന്റെ കൈത്തണ്ടയില്‍ ആരോ പിടിച്ചു. സ്വപ്നാടനത്തിലെന്നപോലെ ജനാലക്കടുത്തേക്കു മുഖമെത്തിച്ചു നോക്കിയ ഞാന്‍ മരണത്തെ മുന്നില്‍ കണ്ടപോലെ ഞെട്ടി. മുറ്റത്തെ ലൈറ്റില്ലാതെയായിരിക്കുന്നു. കനത്ത ഇരുട്ടില്‍ നിന്ന് ഇരുട്ടിനേക്കാള്‍ കറുത്തൊരു മുഖവും ഭയപ്പെടുത്തുന്ന കണ്ണുകളും എന്റെ നേരെ ഭീബല്‍സമായി നില്‍ക്കുന്നു. ശ്വാസം ഇല്ലാതായ നേരം. ശബ്ദം തിരികെപ്പിടിച്ചു ഭര്‍ത്താവിനെയുണര്‍ത്തി., ഭര്‍ത്താവ്‌ വീട്ടിലുള്ളവരെയുണര്‍ത്തി. കള്ളനായിരുവെന്നു എല്ലാവരും പരസ്പരം പറഞ്ഞു. പരുപരുത്ത സ്പര്‍ശമേറ്റ കൈത്തണ്ട തുടച്ചുതുടച്ച്‌ അനിഷ്ടത്തോടെ ഞാനിരുന്നു. ആ പിടുത്തം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസ്വസ്ഥയാക്കുന്നു.


പരമമായ പുരുഷന്റെ ആകാരവും സൗന്ദര്യവും എങ്ങനെയിരിക്കണം? അവന്റെ സ്പര്‍ശനമെങ്ങനെയായിരിക്കണം? സ്ത്രീകളാണുത്തരം പറയേണ്ടത്‌. പല സ്ത്രീകളുടെയും ചിന്തകളും വീക്ഷണങ്ങളും, പ്രിയങ്ങളും വിവിധങ്ങളാണ്.

ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിവെച്ച മാതിരി കൈമസിലുകളും, ആ മസിലുകളില്‍ സര്‍പ്പങ്ങളിഴയുന്നതുപോലെ കുറെ ഞരമ്പുകളും, ഒരു സാധാരണ മനുഷ്യന്‍ ഒരു മണിക്കൂറില്‍ ശ്വസിക്കേണ്ടുന്ന ജീവവായു ഒരു നിമിഷംകൊണ്ടു കയറ്റി നിറച്ചു വെച്ച നെഞ്ചുമാണു അടിവസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ വരെ പുരുഷസൗന്ദര്യമായി പ്രദര്‍ശിപ്പിക്കുന്നതു. ഇമ്മാതിരി ബലൂണുകളും പാമ്പുകളും ഉരുണ്ടും ഓടിയും കളിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കാനാണു വരിക (ഒരാള്‍ മാത്രം ശര്‍ദ്ദിച്ച്‌ എതിര്‍ത്തിട്ടു കാര്യമെന്ത്‌?) സ്നേഹിക്കാനറിയാവുന്നവനെന്തിനാണു മസില്‍? ഞരമ്പ്‌? ഒരു ഹൃദയവും അതില്‍ കുറെ ചോരയും, ചോരയില്‍ അല്‍പം കനിവും, ഭാര്യയാണു, കാമുകിയാണു, മകളാണു, അമ്മയാണു എന്ന ഉല്‍ക്കടമായ. ധാര്‍മ്മികമായ ആത്മാര്‍ത്ഥമായ സ്നേഹവും ആ സ്നേഹത്തില്‍ സത്യസന്ധതയുമാണു വേണ്ടത്‌.

പറഞ്ഞുവന്നത്‌ പുരുഷനെക്കുറിച്ചാണു, അവന്റെ സ്പര്‍ശനത്തെക്കുറിച്ച്കാണു അവന്റെ ആലിംഗനത്തെക്കുറിച്ചാണു, അതിലെ സത്യസന്ധതയെക്കുറിച്ചാണു. അതില്‍ കാമവും ലൈഗികതയുമൊക്കെ എത്രയോ ദൂരെയാണ്.


നടന്‍ മമ്മൂട്ടിയാണു മലയാള സിനിമയുടെ ആണത്വം എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അദ്ദേഹം ചെയ്തതുകൊണ്ടു മാത്രം പൂര്‍ണ്ണമാക്കപ്പെട്ടുവെന്നോര്‍മ്മിപ്പിച്ച നിരവധി വേഷങ്ങള്‍. പുരുഷനെ കാണണെമെങ്കില്‍ എന്നെ നോക്കൂ എന്ന ആ അഹന്തയെ അംഗീകരിക്കരിക്കുന്നതുകൊണ്ടൊരു തെറ്റുമില്ല താനും. അഭിനയത്തികവിന്റെ അതിമൂര്‍ത്തഭാവങ്ങളാവാഹിച്ചു കഥാപാത്രങ്ങളെ സ്ക്രീനിലെത്തിക്കുന്ന അദ്ദേഹത്തിന്റെ ആലിംഗന രംഗങ്ങള്‍ പക്ഷേ തികഞ്ഞ സഹിഷ്ണത പരീക്ഷിക്കലാണെന്നു ആരും എന്തേ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാത്തത്‌? ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത, കാഴ്ച്ചക്കാരെ കബളിപ്പിക്കലല്ലേയത്‌? നെഞ്ചിലേക്കു ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീയെ എങ്ങും തൊടാതെ, ഇടതു കരം മെല്ലെയൊന്നു ചുറ്റി (ചുറ്റിയെന്നുപോലും പറയാന്‍ കഴിയില്ല) ശിരസ്സെങ്ങും മുട്ടാതെയുയര്‍ത്തിപ്പിടിച്ച്‌, വയര്‍ഭാഗം കൊണ്ടു നടിയെ ചേര്‍ത്തു പിടിക്കുന്ന ആ രീതി മാത്രം അംഗീകരിക്കാന്‍ വയ്യ. ഭാര്യയുടെയോ, സ്ത്രീ ആരാധികമാരുടെയോ അപ്രീതി വേണ്ടായെന്നു വെച്ചിട്ടാണോ ആവോ അങ്ങനെ? അവസരം കിട്ടിയ അപൂര്‍വ്വമായൊരു സമയത്തു എന്താണങ്ങനെയെന്നു ചോദിച്ചപ്പോള്‍, വലിയ വായില്‍ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ ഒരു തുറന്ന ചിരി മാത്രമായിരുന്നു ഉത്തരം. അങ്ങനെ പല ആരാധികമാരും ചോദിച്ചിട്ടുണ്ടാവാം. ഒരു ചിരി കൊണ്ട്‌ ഉത്തരം പറഞ്ഞു രക്ഷപെട്ടിട്ടുമുണ്ടാവാം. എന്തു ചെയ്യാം ആത്മാര്‍ത്ഥയില്ലാതെ പുണര്‍ന്നിട്ട്‌ കാര്യമില്ല. (നാട്യമാണെങ്കിലും).


"മനസിലായാലും കൊള്ളാം, ഇല്ലേലും കൊള്ളാം ഞാന്‍ അയാളെ ചുംബിച്ചു. അയാള്‍ വെല്ലുവിളി സ്വീകരിച്ചു തിരിച്ചും ചുംബിച്ചു. അയാളുടെ ചുംബനത്തെക്കുറിച്ചു പറഞ്ഞാല്‍ അതത്ര കേമമൊന്നുമല്ലായിരുന്നു അതു ഞാന്‍ ക്ഷമിച്ചു. പുരുഷന്‍ ചുണ്ടു കൊണ്ടു ചുംബിക്കരുത്‌, ആത്മാവു കൊണ്ടു ചുംബിക്കണം." പ്രിയപ്പെട്ട കഥകൃത്ത്‌ കെ.ആര്‍. മീരയുടെ വരികള്‍.(കരിനീല). എത്ര ഹൃദയപൂര്‍വ്വം പറയുന്നു.

പ്രണയത്തില്‍ സ്പര്‍ശനമുണ്ടോ? ദൈവികതയുണ്ടോ? വിരല്‍ത്തുമ്പില്‍പോലും തൊടാത്ത പ്രണയത്തില്‍ സത്യമുണ്ടോ? ഉണ്ടു, സര്‍വ്വവുമുണ്ട്‌. ചിലപ്പോഴൊക്കെ അതെല്ലാം അടിപടലെ കൈമോശം വന്നിരിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഹീനതകള്‍ ചുറ്റും പരന്നു കിടക്കുന്നുണ്ട്‌. ശരീരമെത്രകണ്ട്‌ ആസക്തഭരിതമെങ്കിലും, പ്രണയമില്ലാതെ പര‍സ്പരാകര്‍ഷണമില്ലാതെ പുരുഷന്മാര്‍ എങ്ങനെയാണു സ്ത്രീകളെ പ്രാപിക്കുന്നതെന്നു ആശ്ചര്യം തോന്നിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ പ്രണയവും, ആസക്തിയും, ലൈംഗീകതയുമെല്ലാം പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ വിരോധാഭാസങ്ങളാണ്.

സ്പര്‍ശനത്തെക്കുറിച്ച്‌, ആലിംഗനത്തെക്കുറിച്ച്‌, ചുംബനവേഗങ്ങളെക്കുറിച്ചൊക്കെ എഴുതിയിവിടെത്തുമ്പോള്‍, ഒരു പ്രണയ കാലത്തിന്റെ ത്രിസന്ധ്യയില്‍, ഗാഡ്ഡാലിംഗനത്തിന്റെ മൂര്‍ച്ചയില്‍ 'ഇങ്ങനെ നിന്ന് ശിലയാവാം നമ്മുക്ക്‌. കാലങ്ങള്‍ നമ്മുക്കുമേല്‍ പെയ്യട്ടെ' എന്ന ഒരശരീരിയുടെ പ്രതിധ്വനിയില്‍ ഇപ്പോഴും വിരലുകള്‍പൊള്ളുന്നു, കരള്‍ ത്രസിക്കുന്നു , ഉടല്‍ പനിക്കുന്നു. ആകസ്മികമായി തുറന്നുപോയി, പിന്നേയും ചങ്ങലയിലക്കിടേണ്ടി വന്ന ഹൃദയത്തിന്റെ രഹസ്യാറകളെന്നോടു പൊറുക്കട്ടെ. എന്നാണു ആദ്യന്ത്യം സത്യസന്ധമായി എഴുതാന്‍ കഴിയുക? ഭൂമിയിലെ സതി സവിത്രിമാരും, ശ്രീരാമന്മാരും തീര്‍ത്തും ഇല്ലാതാവുന്ന ഒരു കാലം എന്നാണു വരിക?


പ്രണയത്തില്‍ മാത്രമല്ല ആലിംഗനങ്ങളും ഉമ്മകളും കുരുങ്ങിക്കിടക്കുന്നത്‌. മകനു 45 ദിവസങ്ങള്‍ പ്രായമായതുമുതല്‍ ജോലിക്കാരി സ്ത്രീയെ ഏല്‍പ്പിച്ചാണു ഓഫിസില്‍ പോയിക്കൊണ്ടിരുന്നത്‌. തിരിച്ചറിവു തുടങ്ങിയതുമുതല്‍, അമ്മപോകുന്നതു കണ്ട്‌, ചിരിക്കാനൊന്നും ഇഷ്ടമില്ലാതിരുന്നിട്ടും ആ സ്ത്രീയുടെ ഒക്കത്തിരുന്ന് കുഞ്ഞിക്കൈകള്‍ വീശി അവനെന്നെ യാത്രയാക്കി. പടി കടക്കുന്നതിനു തൊട്ടുമുന്‍പു രണ്ടു കവിളത്തും മാറി മാറി ഓരോ ഉമ്മകള്‍ തരുന്നത്‌ അവന്റെ അന്നത്തെ ചെറിയ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കര്‍ത്തവ്യമായിരുന്നു. ആ കെട്ടിപിടുത്തവും ഉമ്മവെക്കലും കണ്ടാല്‍ അമ്മ വളരെ നീണ്ടയേതോ യാത്രപോവുകയാണെന്നു തോന്നിപ്പിച്ചിരുന്നു. ഒരിക്കല്‍ പതിവുചര്യ തെറ്റി, ഉമ്മ മേടിക്കാനും കൊടുക്കാനും വിട്ടുപോയി, അന്നു ഉച്ചക്കുള്ളില്‍ ജോലിക്കാരി സ്ത്രീ നിരവധി തവണ ഫോണ്‍ ചെയ്തു., അമ്മ ഉമ്മ തന്നില്ലാന്നു കുഞ്ഞുവാക്കുകളില്‍ പറഞ്ഞ്‌ രാവിലെ തുടങ്ങിയ കരച്ചിലാണു., ഓര്‍ത്തോര്‍ത്തുള്ള കരച്ചില്‍., എനിക്കു പിടഞ്ഞു. ഉച്ചക്കു വീട്ടിലെത്തി കരഞ്ഞ്‌ കരഞ്ഞ്‌ ആകെ ചുവന്നുപോയ അവനെ വാരിയെടുക്കുകയും ഉമ്മകള്‍ കൊണ്ടു മൂടുകയും അവന്റെ ഇളം ചുവന്ന മുഖം നിറയെ ചിരി വന്നു കയറുകയും ചെയ്തിട്ടും എന്നിലെ അമ്മയ്ക്കു വിങ്ങലടങ്ങിയില്ല. ഇപ്പോളവന്‍ 13 വയസുകാരനായി അമ്മയോളം വളര്‍ന്നു. എന്നിട്ടും അമ്മ അവനെ തനിച്ചാക്കി പോകുമ്പോള്‍ മറക്കാതെ കൊടുക്കുന്ന ഉമ്മകള്‍ അവനു ചുറ്റും നിര്‍ത്തുന്ന കാവല്‍ മാലാഖമാരാകുന്നുവെന്നു അവനറിയുന്നുവോ? ഇതു വരെയുള്ള ജീവിതത്തില്‍ എന്റെ ഉമ്മകള്‍ക്കു അനാവശ്യപ്രാധാന്യം ഉണ്ടന്നു തെളിയിച്ച്‌ അവനെന്നെ വഷളാക്കിയിരിക്കുന്നു.

കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ


അമേരിക്കന്‍ ഐക്ക്യനാടുകളിലെ കെന്റുക്കി-യില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. ജസ്റ്റിന്‍, കാലെബ്‌, ജോനാഥാന്‍, കൂടെ എലന്‍ഗോയന്‍ എന്ന തമിഴ്‌ ഡോക്ടറും. ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളുമായി വടക്കെ ഇന്‍ഡ്യയില്‍ വന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തിയശേഷം, കേരളം കാണാനെത്തിയ വിദേശികള്‍. ഭര്‍ത്താവിന്റെ ജ്യേഷ്ടസഹോദരന്റെ സുഹൃത്തുകളായിരുന്നവര്‍. രണ്ടു ദിവസം വീട്ടില്‍ അതിഥികളായെത്തിയ സായിപ്പന്മാരെക്കണ്ട്‌ ഇവരെന്തു തിന്നും എന്തു കുടിക്കുമെന്നു ആധിപിടിച്ച എന്നോടു ജ്യേഷ്ടന്‍ പറഞ്ഞത്‌ അവര്‍ക്കു സാമ്പാറും, അവിയലും, കരിമീന്‍ പൊള്ളിച്ചതും കൂട്ടി ചോറു വേണമെന്നായിരുന്നു. ആകെ അത്ഭുതസ്തംബ്ദയാക്കിക്കൊണ്ടു അവര്‍ തീന്മേശമേല്‍ കൈവിരലുകള്‍കൊണ്ടു ചോറു വാരിക്കഴിച്ചു.(ചേര്‍ത്തുപിടിക്കാതിരുന്ന വിരലുകള്‍ക്കിടയിലൂടെ ചോറു ഊര്‍ന്നുപോകുന്നുണ്ടായിരുന്നു). മുരിങ്ങക്കോല്‍ വരെ ചവച്ചരച്ച്‌ വിഴുങ്ങുന്നതുകണ്ട്‌ എനിക്ക്‌ ചിരി വന്നു. വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച്‌ യാത്രകള്‍ നടത്തി. പ്രഭാതനടത്തക്കു അടുത്തുള്ള വഴികളിലൂടെ നടക്കുന്നതില്‍ വിരോധമുണ്ടോയെന്നു അനുവാദം ചോദിച്ചു. ഒരോ പ്രവര്‍ത്തിയിലൂടെയും, പെരുമാറ്റച്ചട്ടങ്ങളുടെ രാജാക്കന്മാരാണവരെന്നു തോന്നിപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും, ഉറങ്ങുമ്പോള്‍ കൊതുകുവലയുംവേണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളു. രാവേറെ ചെല്ലുവോളം അവര്‍ ഭര്‍ത്താവിനോടും, ഭര്‍തൃസഹോദരനോടും കേരളത്തെക്കുറിച്ചും, മലയാളത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മായിയമ്മയുടെ പരമ്പരാഗതവേഷമായ ചട്ടയും മുണ്ടും സാകൂതം നോക്കിയിരുന്ന് അതെക്കുറിച്ചുള്ള സംശയങ്ങള്‍ (എത്ര കഷണങ്ങള്‍ ആണു? വെള്ളനിറത്തില്‍ മാത്രമെ ഉള്ളോ? എന്നിങ്ങനെ..) ദൂരീകരിച്ചു. അറിയുന്നതൊന്നും മതിയാകുന്നില്ല എന്നു ധ്വനിപ്പിക്കുന്ന മുഖത്ത്‌ വിസ്മയങ്ങളെപ്പോഴും ബാക്കി വെച്ചു.രണ്ടു ദിവസങ്ങളെത്ര പെട്ടന്നു നടന്നുപോയി. യാത്രയായ നേരത്ത്‌ കൂട്ടത്തില്‍ ഓമനമുഖമുള്ള ജസ്റ്റിന്‍ രഹസ്യത്തില്‍ ഒരാഗ്രഹം ഭര്‍ത്താവിനോട്‌ പറഞ്ഞു, 'ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന്'. വീണ്ടും കാണാമെന്നു പറഞ്ഞ്‌ കാലങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കള്‍ പിരിയുന്നതുപോലെ അവര്‍ പോയി.എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്‌? നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്രചെയ്യിച്ച്‌ ഭോഗിക്കുന്നതു അവരറിയുന്നില്ലേ?മണല്‍കാട്ടിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ എന്താണു എനിക്ക്‌ മലയാളമെന്ന ചോദ്യം വെറുതെ കയറിവന്നു.പ്രവാസം എന്നെ സംബന്ധിച്ചടത്തോളം ഒരു പറിച്ചുനടലല്ല. ഈമണലിലെന്റെ പാദങ്ങള്‍ പൂണ്ടുപോയിരിക്കുന്നു. 60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്?പണ്ടു ആത്മസുഹൃത്ത്‌ അയച്ച കത്തില്‍ ചോദിച്ചു 'നീയെന്താണു നാട്ടില്‍ സ്ഥിരതാമസമാക്കത്തത്‌? ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല, മലയാളത്തിന്റെ പച്ചപ്പു കണ്ടുണരാം. കുട്ടികള്‍ക്ക്‌ ഇവിടെ പഠിക്കാമല്ലോ. മറുപടി ഇങ്ങനെ എഴുതി, മലയാളം ഹൃദയത്തിലുണ്ടു, പിന്നെ പവ്വര്‍കട്ട്‌, പാമ്പുകള്‍, പാമ്പുകളെക്കാള്‍ വിഷമുള്ള മനുഷ്യര്‍. എനിക്കിവിടം മതി. സമാധാനമുണ്ട്‌.നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. ഈരണ്ടുവര്‍ഷങ്ങള്‍ തികയുമ്പോള്‍, കിട്ടുന്ന അവധി. ചുരംചുറ്റിയെത്തുന്ന തണുത്ത കാറ്റുപോലെ 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം. എന്തൊക്കെ വൈതരണികളാണു നാം മറികടക്കേണ്ടി വരുന്നത്‌?അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക്‌ ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ്‌ വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ്‌ തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക്‌ കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു.
മലയാളത്തിന്റെ നന്മകള്‍ മാത്രമറിഞ്ഞു ഇവിടെ വളരുന്ന കുട്ടികള്‍. നാടിന്റെ സമ്മോഹനമായ ഓര്‍മ്മകളുടെ അതിപ്രസരങ്ങള്‍ എന്തൊക്കെയാണു? കോടി നക്ഷത്രങ്ങള്‍ പൂത്തു നിന്ന രാത്രിയില്‍, രാത്രിയേക്കാള്‍ ഇരുട്ടു വീഴ്ത്തുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലയാനെത്തിയ നൂറുകണക്കിനു മിന്നാമിനുങ്ങുകളെക്കണ്ട്‌ 7വയസുകാരന്‍ മകന്‍ കവിത മൂളിയതോ?ടി.വി-യില്‍ കണ്ടു കണ്ടു ഉത്സാഹമുണര്‍ത്തിയ വീഗലാന്റിലെ ഒരു ദിവസമോ?സഹപ്രവര്‍ത്തകര്‍ പറഞ്ഞു കൊതിപ്പിച്ച മൂന്നാറിലെ മഞ്ഞുമലകളിലെ രണ്ടു ദിനങ്ങള്‍.ഇന്റ്യാ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും, അറബിയന്‍ സമുദ്രവും സംഗമിക്കുന്ന കന്യാകുമരിയിലെ ഒരു ചുവന്ന സന്ധ്യ..പിന്നീടെന്ത്‌? അഛനമ്മമാരെ കണ്ടു. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍ അത്യാവശ്യം കണ്ടു. കൈയ്യിലെ പണവും തീര്‍ന്നു. ഇനിയെന്ത്‌?കൊതുകുകള്‍ കുത്തി നീരുവെച്ച ശരീരവും, ചൊറിവന്ന കൈകാലുകളുമായി, ഉത്സാഹമസ്തമിച്ച്‌ നിസംഗരായി മൗനത്തിലെക്കു വീഴുന്ന കുട്ടികള്‍. എല്ലാവര്‍ക്കും ആകപ്പാടെ അസ്വസ്ഥത.ആളൊന്നിനു ഓരോ മുറികള്‍ വീതമുള്ള വീടും, വിശാലമായ മുറ്റവും വിട്ട്‌, നമ്മുടെ സ്വന്തം പ്രവാസത്തിലെ രണ്ടുമുറികളിലേക്കു തിരികെയെത്തുമ്പോള്‍ നഷ്ടബോധത്തിനു പകരം പിക്‍നിക്‌ തീര്‍ന്നെത്തിയ ആശ്വാസം മാത്രംഒരു ബന്ധു പറയുന്നു 'എയര്‍ ഇന്റ്യ വിമനത്തിലിരുന്നു പച്ചത്തലകളാട്ടി ക്ഷണിക്കുന്ന തിരുവന്തപുരം എത്ര ഭംഗിയാണെന്ന്. അതെ. എന്നിട്ട്‌ അതേ വിമാനത്തില്‍ തിരികെ പോരുന്നതാണു അതിലും ഭംഗിയെന്ന് ആരോടാണു പറയുക?എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ്‌ ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ്‌ കാര്‍ഡ്‌ മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ്‌ പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്‌)പറഞ്ഞുതുടങ്ങിയത്‌ കേരളത്തെ സ്നേഹിച്ച്‌ എത്തിയ ചിലരെക്കുറിച്ചാണു. ജസ്റ്റിന്റെ ആഗ്രഹം പോലെ സുന്ദരിയായ ഒരു മലയാളിക്കുട്ടിയെ അയാള്‍ വിവാഹം കഴിച്ച്‌ കുറെ കുട്ടികളും ജനിച്ച്‌ ദൈവത്തിന്റെ സ്വന്തം സ്ഥലത്ത്‌ ജീവിച്ചു തുടങ്ങട്ടെ. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ്‌ മലയാളത്തെ അനുഭവിക്കട്ടെ.

കത്തുകളില്ലാത്ത ലോകത്തില്‍ നിന്ന് !!!
ഴിഞ്ഞയാഴ്ചയാണു, മോള്‍ക്ക്‌ എന്നു വിളിച്ച്‌ അമ്മയുടെ കത്തു വന്നത്‌. ഒപ്പം മരുമകനു പ്രിയപ്പെട്ട മാമ്പഴം ഉപ്പിലിട്ടത്‌, പേരക്കുട്ടികള്‍ക്ക്‌ മധുര പദാര്‍ത്ഥങ്ങള്‍. എത്ര കാലം കൂടിയാണു മലയാള കയ്യെഴുത്തക്ഷരങ്ങള്‍ കാണുന്നത്‌. കത്തും മടിയില്‍ വെച്ച്‌ അതില്‍ തന്നെനോക്കി ഞാനിരുന്നു. പഴയകാല മലയാളം മാഷിന്റെ ചെറുമകളുടെ അക്ഷരങ്ങളില്‍ വൃത്തിയും വടിവും തെളിഞ്ഞു കിടന്നു.
പോസ്റ്റ്ബോക്സ്‌ തുറക്കുമ്പോള്‍ 'ഇത്തിസലാറ്റ്‌' ബില്ലുകള്‍ക്കും ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌കള്‍ക്കുമിടയില്‍ 'നിനക്ക്‌ സുഖമാണോ' എന്നു ചോദിച്ച്‌ ഒരു കത്ത്‌? ആരുടെയെങ്കിലും? ഇല്ല. ഒന്നുമുണ്ടാവില്ല. കത്തെഴുതാനും വായിക്കാനും ആര്‍ക്കാണു നേരം? എല്ലാവരും തിരക്കിലാണു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന അതേ ലോകം, അതേ മനുഷ്യര്‍. ഇന്റര്‍നെറ്റും, ടെലഫോണും വന്നതു കൊണ്ടാണോ? ടെക്‍നോളൊജി വളര്‍ന്നതു കൊണ്ടാണോ? എന്തുകൊണ്ടാണു ലോകമിങ്ങനെ കീഴ്മേല്‍ മറിയുന്നത്‌? എനിക്കും വേണം ഒരു ഇ-മെയില്‍ ഐ.ഡി എന്നു പത്തു വയസുകാരനായ മകന്‍ വാശിപിടിച്ചു. ഏതെങ്കിലും ഒരുകാലത്ത്‌ കത്തുകള്‍ വരുമെന്ന് അവനും ഇപ്പോഴേ പ്രതീക്ഷിക്കുന്നുണ്ട്‌.ഒരു തുണ്ട്‌ കടലാസ്‌, നീലമഷിയില്‍ കുറെ അക്ഷരങ്ങള്‍. ഒരാളുടെ ഓര്‍മ്മയില്‍ നാം പത്തു മിനിറ്റു നേരമെങ്കിലും നിറയുന്നുവെന്ന ചിന്ത. എത്ര സുഖകരമായ അനുഭവം.

എം.സി റോഡിനു തൊട്ടരികെയാണു വീട്‌. വീടിനു പിറകില്‍ മുറ്റമുണ്ട്‌. മുറ്റം നിറയെ തണല്‍ തന്ന് കേമനായ പുളിമരമുണ്ട്‌. അതിനും തൊട്ടു താഴെ നീണ്ടു നിവര്‍ന്നു പാടം കിടക്കുന്നു. പാടത്തെ ചുറ്റി തെളി നീര്‍ നിറഞ്ഞ തോട്‌. തോട്ടില്‍ നിറയെ പൊടിമീനുകള്‍ മറിയുന്നുണ്ട്. ആ തോടിനരികെ, പുളിമരത്തിനു കീഴെ കസേരയിട്ട്‌ പരീക്ഷയ്ക്കു പഠിക്കുകയായിരുന്നു ഞാന്‍. താഴെ പായില്‍ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. പത്താം ക്ലാസിന്റെ മദ്ധ്യവേനല്‍പരീക്ഷയാണ്.അപ്പോഴാണു ഷാജി വന്നത്‌. ചെറുപ്പം മുതലേ കൂട്ടുകാരന്‍. പ്രീഡിഗ്രിക്കു പഠിക്കുന്നവന്‍. ടീച്ചറായ അവന്റെ അമ്മയും വീട്ടമ്മയായ എന്റെ അമ്മയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരും തമ്മില്‍ ആഴമേറിയ സൗഹൃദത്തിലാണു്. എന്റെ അമ്മക്കു പ്രിയപ്പെട്ട കുട്ടിയായിരുന്നവന്‍. പഠിച്ചുതീര്‍ത്ത ഗൈഡുകളും, റെഫര്‍ ചെയ്യാന്‍ പഴയ ചോദ്യപേപ്പറുകളും മറ്റും എത്തിക്കുകയും ചെയ്ത്, എന്റെ പഠനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരുന്നു. പൊതുവേ ഗൗരവ പ്രകൃതക്കാരന്‍.ആ ഷാജിയാണു മുന്‍പില്‍.'എങ്ങനെയുണ്ട്‌ നിന്റെ പഠിത്തം?' കാരണവരുടെ അധികാരത്തോടെയാണു ചോദ്യം.'കാണാന്‍ വയ്യേ? ഇങ്ങനെ പോകുന്നു" പുസ്തകങ്ങളെ നീരസത്തോടെ ചൂണ്ടി ഞാന്‍ പറഞ്ഞു.'നിന്നോടൊരു കാര്യം പറയാനുണ്ട്‌.' ശബ്ദം താഴ്ത്തിയവന്‍ അറിയിച്ചു.'എന്താത്‌?''അല്ലെങ്കില്‍ വേണ്ട, പരീക്ഷ കഴിയട്ടെ. കോണ്‍സന്‍‌ട്രേഷന്‍ കളയണ്ട'.പറയടാ, പറയടാ-യെന്ന് പുറകെ തൂങ്ങിയെങ്കിലും, 'കാര്യം' പറയാതെ അതുവരെ കാണാത്തൊരു ചിരിയും ചിരിച്ചവന്‍ പോകുകയും അന്നു തന്നെ ഞാനതു മറക്കുകയും ചെയ്തു. പരീക്ഷകാലം കഴിഞ്ഞ്‌, അവധിക്കാലം ആഘോഷിച്ചു തുടങ്ങുകയും ചെയ്തൊരു ദിവസം, രണ്ടായി മടക്കിയൊരു വെള്ള എന്‍വെലെപ്‌ അമ്മകാണാതെ എന്റെ കയ്യില്‍ വെച്ച്‌ അവന്‍ പോയി. കവര്‍ പൊട്ടിക്കാതെ തന്നെ ഉള്ളടക്കം ഊഹിച്ച്‌ തലയില്‍ വെള്ളിടി വെട്ടി. അമ്മയെങ്ങാന്‍ അറിഞ്ഞാല്‍!! ആവശ്യത്തിനും, അനാവശത്തിനും, കാര്യമായും, അകാരണമായും അമ്മ പറയാറുള്ള വാക്കുകള്‍ ഓര്‍മ്മ വന്നു. 'വല്ല പേരുദോഷവും കേള്‍പ്പിച്ചാല്‍! ഒറ്റയെ ഒലക്ക കൊണ്ടാണെന്ന ഓര്‍മ്മ വേണം!! (ഒരു പക്ഷേ അമ്മ 'മോളേ' എന്നു വിളിച്ചിട്ടുള്ളതില്‍ കൂടുതല്‍ പറഞ്ഞിട്ടുള്ളത്‌ ഇമ്മാതിരി ഭീഷണികളാണു്). കത്തു കൈയ്യിലിരുന്നു വിറച്ചു. ആകെപ്പാടെയുണ്ടായിരുന്ന കൂട്ടുകാരി മിനിയുടെ വീട്ടിലേക്കോടി. തൊട്ടയലത്താണവളുടെ വീട്‌. കിതപ്പടക്കി ശ്വസമടക്കി അവളോടു പറഞ്ഞു, 'നമ്മുടെ ഷാജി തന്നതാണു്, എനിക്കു പേടിയാണു്, നീ വായിച്ചു എന്താണു കാര്യമെന്നു എന്നോടു പറയൂ എന്നു പറഞ്ഞു വീട്ടില്‍ തിരിച്ചെത്തി, അവളുടെ വരവും കാത്ത്‌, കാലു വെന്ത നായെ പോലെയുലാത്തിക്കൊണ്ടിരുന്നു. അക്ഷമയുടെ ആയുസിനറുതിവരുത്തിയെത്തിയവള്‍ വന്നു.
എന്താണു്? എന്താണവന്‍ എഴുതിയിരുന്നത്‌? ഉദ്വേഗപൂര്‍വം ഞാന്‍ ചോദിച്ചു.'ഓ! അവനു നിന്നെയിഷ്ടമാണെന്നു"ലാഘവത്തോടെ, വളരെ നിസാരമായി അവള്‍ പറഞ്ഞു.'എന്നിട്ടു കത്തെവിടെ?''അതു കീറിക്കളഞ്ഞു'. അലസതയോടെ അവള്‍ പ്രതികരിച്ചു.ദുഷ്ട!! അല്ലാതെയെന്തു പറയാന്‍.
പ്രിയപ്പെട്ട കഥാകൃത്തിന്റെ കഥകള്‍ വായിച്ച്‌, വായിച്ചു ഭ്രാന്തു വന്നു വിളിച്ചതാണദ്ദേഹത്തെ. സ്നേഹം കൂടി വീണ്ടും വീണ്ടും വിളിച്ചു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. 'നീയൊരു കത്തയക്കൂ. കൈയ്യക്ഷരം കാണട്ടെ, ആളെ പിടികിട്ടുമല്ലോ. ആ വാക്കുകളെനിക്കു നന്നായി ബോധിക്കുകയും കത്തയക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്കു മുന്‍പ്‌, ബാല്‍ക്കണിയില്‍ പൂവിട്ടു നിന്ന മുല്ലയില്‍ നിന്ന് സൂക്ഷ്മമായി അടര്‍ത്തിയെടുത്ത ഒരു പൂവു കത്തിനുള്ളിലിട്ട് സുഹൃത്തിനയച്ചു എനിക്കു നിന്നോടുള്ള സ്നേഹം ഈ പൂവു പോലെ സുഗന്ധപൂരിതവും നിര്‍മ്മലവും, പവിത്രവുമാണെന്നു അവന്‍ മനസിലാക്കിയിരുന്നുവോ? ഉവ്വെന്നു പിന്നീടു കാലം പറഞ്ഞുതന്നു.


ദിവസത്തിന്റെ 24 മണിക്കൂറും ഫോണില്‍ സംസാരിച്ചിട്ടും ഞാന്‍ അവനോടു പറഞ്ഞു "എത്ര നാളായി നീയൊരു കത്തെഴുതിയിട്ട്‌? ഒരെണ്ണം എഴുതി ഫാക്സ്‌ ചെയ്യൂ' 5 പേജ്‌ നിറയെ വേണമെന്നും, അക്ഷരങ്ങള്‍ കഴിയുന്നത്ര ചെറുതായിരിക്കണമെന്നു പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്യും.
എനിക്കു നിന്നോടു പ്രണയമുണ്ടെന്ന് ഒരാള്‍ ഫോണില്‍ പറഞ്ഞാല്‍ കേട്ടില്ലാന്നു നടിക്കാം, ഇ-മെയില്‍ അയച്ചാല്‍ ഡിലേറ്റ്‌ ചെയ്തു രസിക്കാം. നീലമഷിയില്‍ കത്തെഴുതി അയച്ചാല്‍ എനിക്കു ഗൂഢമായ ചിരി വരും. വിധേയത്വമുണ്ടാവും.


ജീവിതകാലത്തൊരിക്കലും നിനക്കു മനഃസമാധാനം ഉണ്ടാകാതിരിക്കട്ടെ എന്നോര്‍മിപ്പിച്ചു വന്ന ഒരു കത്ത്‌.എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക്‌ നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്‌. നാലഞ്ചാവര്‍ത്തി വായിച്ച്‌, നൂറു ടണ്‍ ഭാരമേറിയ വ്യഥയോടെ, കത്തു ചുരുട്ടി ക്ലോസെറ്റിലിട്ട്‌ ഫ്ലഷ് ചെയ്തു. കുടുംബമാണു വലുതെന്നോര്‍ത്ത്‌, ദാമ്പത്യമെന്ന ചില്ലുകൊട്ടാരം വാരി ചേര്‍ത്തു പിടിച്ചു. എന്നാല്‍ ജീവിതത്തിന്റെ കുട മടക്കി, മരണത്തിന്റെ മഴയിലേക്കു സ്വയം ഇറങ്ങുന്നതിനു മുന്‍പെഴുതിയ ആ കത്തിന്റെ വില എത്ര ക്ലോസെറ്റുകളില്‍ മുങ്ങിത്തപ്പിയാലാണു കിട്ടുന്നത്‌? സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും മുറിയിലിരുന്ന് അവന്‍ കത്തുകളെഴുതുന്നുണ്ടാവും. ഒരു പോസ്റ്റുമാനെ തേടിയലയുന്നുണ്ടാവും. ഒന്നിനും കഴിയാതെ മേഘങ്ങളില്‍ കുത്തിക്കുറിക്കുന്നുണ്ടവും. അതു വായിക്കാന്‍ സമയമില്ലാതെ ഞാന്‍ മകള്‍ക്കു പാലു കൊടുക്കുന്നുണ്ടാവും, ഭര്‍ത്താവിന്റെ ഷര്‍ട്ടുകള്‍ ഇസ്തിരിയിടുന്നുണ്ടാവും. ജീവിച്ചിരിക്കുന്നവരാണു മരിച്ചവരേക്കാള്‍ ദയ അര്‍ഹിക്കുന്നവരെന്നു കപടമായി ചിന്തിക്കുകയും ചെയ്യും.
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com