Showing posts with label ഇ പത്രത്തില്‍ വന്നത്. Show all posts
Showing posts with label ഇ പത്രത്തില്‍ വന്നത്. Show all posts

സ്പര്‍ശനത്തില്‍ പാതി...




ആ നാലാം ക്ലാസുകാരികള്‍ ഉച്ചച്ചൂടു മറന്ന് നീലയും, വെള്ളയും യൂണിഫോമുകളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇളകി മറിയുകയാണു. മിനിയെന്ന എന്റെ ആത്മമിത്രം പതിവു തെറ്റിച്ച്‌ ക്ലാസുമൂലയിലും, മരച്ചുവട്ടിലും കൂനികുത്തിയിരുന്നു. പഴയ സുമലതയുടെ ഛായയുള്ളവള്‍. ഒരുപക്ഷേ അതിനേക്കാള്‍ സുന്ദരി. ഒറ്റമകള്‍. അമ്മ കാലങ്ങളായി ഗള്‍ഫിലാണു. അഛന്‍ ഗവണ്‍മന്റ്‌ ഉദ്യോഗസ്ഥന്‍. വലിയ കൂട്ടുകുടുംബം. ഏവര്‍ക്കും പ്രിയപ്പെട്ടവള്‍. അവളാണീ ഇരിപ്പ്‌ ഇരിക്കുന്നത്‌. എത്രചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണും നിറച്ചിരിക്കുകയാണു. തിരികെപോകുമ്പോള്‍ സ്കൂള്‍ബസ്സില്‍ വെച്ചാണാ രഹസ്യത്തിന്റെ കെട്ടഴിക്കുന്നത്‌. 'അഛന്‍ വീട്ടിലെ വേലക്കാരിയെ കെട്ടിപ്പിടിച്ച്‌, വേലക്കാര്‍ക്കായുള്ള ടോയ്‌ലറ്റിനു പിറകില്‍ നില്‍ക്കുന്നത്‌ അവള്‍ കണ്ടു. അതു പറഞ്ഞ്‌ കണ്ണു വീണ്ടും നിറഞ്ഞു,. 'ഒാ, വലിയ കാര്യമായിപ്പോയി' എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല.ഒരു ആലിംഗനം. എത്ര നിസാരമായ ക്രിയ. അതിലിത്ര വിഷമിക്കാനെന്ത്‌? കൗമാരം മുതിര്‍ന്ന് യൗവ്വനത്തിലെത്തിയിട്ടും ആ സംഭവം മറന്നില്ല. എന്തിനായിരുന്നു അവള്‍ കരഞ്ഞത്‌? എന്നാല്‍ തിരിച്ചറിവിന്റെ പൊരുള്‍ പിടികിട്ടിയപ്പോഴേക്കും, കാലം മലകളും, ചതുപ്പു നിലങ്ങളും പിന്നിട്ടിരുന്നു.

ഒരാലിഗനം, ചുംബനം, ചെറുസ്പര്‍ശനം, അതെന്താണു? അതിലെന്തിരിക്കുന്നു?

"വചനം ദര്‍ശനത്തില്‍ പാതി സുഖം

ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം

സ്പര്‍ശനം സുരതത്തില്‍ പാതി സുഖം

സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം "

എന്ന പറച്ചിലില്‍ അല്‍പ്പം കാര്യമില്ലാതെയില്ല എന്നാണു മനസിലായിട്ടുള്ളത്‌.

തിരുവനന്തപുരത്തുനിന്ന് അഛനുമൊത്തു ചെങ്ങന്നൂരിലേക്കു ട്രയിനില്‍ വരികയാണു. ഒറ്റസീറ്റിലായിരുന്നു എന്റെ ഇരിപ്പ്‌. എതിര്‍സീറ്റില്‍ അപരിചിതനായ ഒരാള്‍. തീപ്പെട്ടിക്കൊള്ളികള്‍ അടുക്കിയിരിക്കുന്നതുപോലെ ജനം നില്‍ക്കുന്നു, ഇരിക്കുന്നു, കലമ്പുന്നു. കൂടാതെ വ്യാപാര സാധനങ്ങള്‍, ഭാണ്ഡകെട്ടുകള്‍. ഇരിപ്പിടത്തിലായിട്ടുകൂടി ശ്വാസം മുട്ടി. മുന്‍സീറ്റിലുള്ളവന്‍ കാല്‍വിരലുകള്‍, ചുവട്ടില്‍ തിങ്ങിനിറഞ്ഞ ഭാണ്ഡ കെട്ടുകള്‍ക്കിടയിലൂടെ എന്റെ കാല്‍വിരലില്‍ തൊട്ടുകൊണ്ട്‌ എന്നെ നോക്കി. ഞാനും നോക്കി. അയാളും ഞാനും കാലുകള്‍ പിന്‍വലിച്ചില്ല. യാത്രക്കാര്‍ ഇറങ്ങുന്നതും, തിരക്കൊഴിയുന്നതും ഞാനറിഞ്ഞില്ല.വയലുകളും, തോടുകളും കയറിയിറങ്ങിവന്ന കാറ്റ്‌ ഉറക്കത്തിലേക്കിട്ടിരുന്നു. മയക്കമുണര്‍ന്നപ്പോള്‍, അറിഞ്ഞു ചെരിപ്പഴിച്ചുവെച്ച, മാര്‍ദ്ദവമുള്ള അയാളുടെ ഇളം ചൂടുള്ള കാല്‍പാദത്തിനടിയില്‍ എന്റെ ഇടതു പാദം സുഖമായി വിശ്രമിക്കുന്നു. അതങ്ങനെ തന്നെയിരിക്കട്ടെയെന്നു ഞാന്‍ കരുതി. ഇടക്കൊന്നിളകിയിരിക്കണമെന്നു വിചാരിച്ചിട്ടുകൂടി പാദങ്ങള്‍ തമ്മിലുള്ള ചങ്ങാത്തംവേണ്ടായെന്നു വെക്കാനെനിക്കു വയ്യായിരുന്നു. ചെങ്ങന്നൂരെത്തുകയും, ഒരു നോട്ടവും, പാതി ചിരിയും കൊടുത്തു ഞാനിറങ്ങുകയും ചെയ്തു. ഒരുപക്ഷെ ആ യാത്ര എറണാകുളമോ, തൃശൂരോ വരെ നീണ്ടിരുന്നെങ്കില്‍ എനിക്കയാളോടു പ്രേമമുണ്ടായെനെ ! സഭ്യമല്ലാത്തതൊന്നും ആ സ്പര്‍ശനത്തില്‍ കണ്ടില്ല, അനുഭവിച്ചില്ല.


പണ്ട്‌ അവധിക്ക്‌ നാട്ടിലെത്തിയകാലത്ത്‌, മക്കള്‍ ചെറിയകുഞ്ഞുങ്ങളാണു. പഴയ വീടിന്റെ മച്ചില്‍ നിന്നുതിര്‍ന്നു വീഴുന്നപൊടിയും,ചൂടും അവരുടെ ഉറക്കം തടസപ്പെടുത്തിക്കൊണ്ടിരുന്നു. വളര്‍ന്ന വീടിന്റെ പരിസരം കണ്ടുറങ്ങകയെന്ന പഴയ പരിചയം പുതുക്കി ജനാലകള്‍ തുറന്നിട്ടുറങ്ങണമെന്നു ഭര്‍ത്താവ്‌ ശഠിച്ചു. പാതിരാ കഴിഞ്ഞിട്ടുണ്ടാവും കണ്ണഞ്ഞടഞ്ഞപ്പോള്‍. രാവു മുതിര്‍ന്നു വന്ന നേരത്ത്‌, ജനാലപ്പടിയിലേക്ക്‌ നീണ്ടിരുന്ന എന്റെ കൈത്തണ്ടയില്‍ ആരോ പിടിച്ചു. സ്വപ്നാടനത്തിലെന്നപോലെ ജനാലക്കടുത്തേക്കു മുഖമെത്തിച്ചു നോക്കിയ ഞാന്‍ മരണത്തെ മുന്നില്‍ കണ്ടപോലെ ഞെട്ടി. മുറ്റത്തെ ലൈറ്റില്ലാതെയായിരിക്കുന്നു. കനത്ത ഇരുട്ടില്‍ നിന്ന് ഇരുട്ടിനേക്കാള്‍ കറുത്തൊരു മുഖവും ഭയപ്പെടുത്തുന്ന കണ്ണുകളും എന്റെ നേരെ ഭീബല്‍സമായി നില്‍ക്കുന്നു. ശ്വാസം ഇല്ലാതായ നേരം. ശബ്ദം തിരികെപ്പിടിച്ചു ഭര്‍ത്താവിനെയുണര്‍ത്തി., ഭര്‍ത്താവ്‌ വീട്ടിലുള്ളവരെയുണര്‍ത്തി. കള്ളനായിരുവെന്നു എല്ലാവരും പരസ്പരം പറഞ്ഞു. പരുപരുത്ത സ്പര്‍ശമേറ്റ കൈത്തണ്ട തുടച്ചുതുടച്ച്‌ അനിഷ്ടത്തോടെ ഞാനിരുന്നു. ആ പിടുത്തം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസ്വസ്ഥയാക്കുന്നു.


പരമമായ പുരുഷന്റെ ആകാരവും സൗന്ദര്യവും എങ്ങനെയിരിക്കണം? അവന്റെ സ്പര്‍ശനമെങ്ങനെയായിരിക്കണം? സ്ത്രീകളാണുത്തരം പറയേണ്ടത്‌. പല സ്ത്രീകളുടെയും ചിന്തകളും വീക്ഷണങ്ങളും, പ്രിയങ്ങളും വിവിധങ്ങളാണ്.

ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിവെച്ച മാതിരി കൈമസിലുകളും, ആ മസിലുകളില്‍ സര്‍പ്പങ്ങളിഴയുന്നതുപോലെ കുറെ ഞരമ്പുകളും, ഒരു സാധാരണ മനുഷ്യന്‍ ഒരു മണിക്കൂറില്‍ ശ്വസിക്കേണ്ടുന്ന ജീവവായു ഒരു നിമിഷംകൊണ്ടു കയറ്റി നിറച്ചു വെച്ച നെഞ്ചുമാണു അടിവസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ വരെ പുരുഷസൗന്ദര്യമായി പ്രദര്‍ശിപ്പിക്കുന്നതു. ഇമ്മാതിരി ബലൂണുകളും പാമ്പുകളും ഉരുണ്ടും ഓടിയും കളിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കാനാണു വരിക (ഒരാള്‍ മാത്രം ശര്‍ദ്ദിച്ച്‌ എതിര്‍ത്തിട്ടു കാര്യമെന്ത്‌?) സ്നേഹിക്കാനറിയാവുന്നവനെന്തിനാണു മസില്‍? ഞരമ്പ്‌? ഒരു ഹൃദയവും അതില്‍ കുറെ ചോരയും, ചോരയില്‍ അല്‍പം കനിവും, ഭാര്യയാണു, കാമുകിയാണു, മകളാണു, അമ്മയാണു എന്ന ഉല്‍ക്കടമായ. ധാര്‍മ്മികമായ ആത്മാര്‍ത്ഥമായ സ്നേഹവും ആ സ്നേഹത്തില്‍ സത്യസന്ധതയുമാണു വേണ്ടത്‌.

പറഞ്ഞുവന്നത്‌ പുരുഷനെക്കുറിച്ചാണു, അവന്റെ സ്പര്‍ശനത്തെക്കുറിച്ച്കാണു അവന്റെ ആലിംഗനത്തെക്കുറിച്ചാണു, അതിലെ സത്യസന്ധതയെക്കുറിച്ചാണു. അതില്‍ കാമവും ലൈഗികതയുമൊക്കെ എത്രയോ ദൂരെയാണ്.


നടന്‍ മമ്മൂട്ടിയാണു മലയാള സിനിമയുടെ ആണത്വം എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അദ്ദേഹം ചെയ്തതുകൊണ്ടു മാത്രം പൂര്‍ണ്ണമാക്കപ്പെട്ടുവെന്നോര്‍മ്മിപ്പിച്ച നിരവധി വേഷങ്ങള്‍. പുരുഷനെ കാണണെമെങ്കില്‍ എന്നെ നോക്കൂ എന്ന ആ അഹന്തയെ അംഗീകരിക്കരിക്കുന്നതുകൊണ്ടൊരു തെറ്റുമില്ല താനും. അഭിനയത്തികവിന്റെ അതിമൂര്‍ത്തഭാവങ്ങളാവാഹിച്ചു കഥാപാത്രങ്ങളെ സ്ക്രീനിലെത്തിക്കുന്ന അദ്ദേഹത്തിന്റെ ആലിംഗന രംഗങ്ങള്‍ പക്ഷേ തികഞ്ഞ സഹിഷ്ണത പരീക്ഷിക്കലാണെന്നു ആരും എന്തേ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാത്തത്‌? ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത, കാഴ്ച്ചക്കാരെ കബളിപ്പിക്കലല്ലേയത്‌? നെഞ്ചിലേക്കു ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീയെ എങ്ങും തൊടാതെ, ഇടതു കരം മെല്ലെയൊന്നു ചുറ്റി (ചുറ്റിയെന്നുപോലും പറയാന്‍ കഴിയില്ല) ശിരസ്സെങ്ങും മുട്ടാതെയുയര്‍ത്തിപ്പിടിച്ച്‌, വയര്‍ഭാഗം കൊണ്ടു നടിയെ ചേര്‍ത്തു പിടിക്കുന്ന ആ രീതി മാത്രം അംഗീകരിക്കാന്‍ വയ്യ. ഭാര്യയുടെയോ, സ്ത്രീ ആരാധികമാരുടെയോ അപ്രീതി വേണ്ടായെന്നു വെച്ചിട്ടാണോ ആവോ അങ്ങനെ? അവസരം കിട്ടിയ അപൂര്‍വ്വമായൊരു സമയത്തു എന്താണങ്ങനെയെന്നു ചോദിച്ചപ്പോള്‍, വലിയ വായില്‍ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ ഒരു തുറന്ന ചിരി മാത്രമായിരുന്നു ഉത്തരം. അങ്ങനെ പല ആരാധികമാരും ചോദിച്ചിട്ടുണ്ടാവാം. ഒരു ചിരി കൊണ്ട്‌ ഉത്തരം പറഞ്ഞു രക്ഷപെട്ടിട്ടുമുണ്ടാവാം. എന്തു ചെയ്യാം ആത്മാര്‍ത്ഥയില്ലാതെ പുണര്‍ന്നിട്ട്‌ കാര്യമില്ല. (നാട്യമാണെങ്കിലും).


"മനസിലായാലും കൊള്ളാം, ഇല്ലേലും കൊള്ളാം ഞാന്‍ അയാളെ ചുംബിച്ചു. അയാള്‍ വെല്ലുവിളി സ്വീകരിച്ചു തിരിച്ചും ചുംബിച്ചു. അയാളുടെ ചുംബനത്തെക്കുറിച്ചു പറഞ്ഞാല്‍ അതത്ര കേമമൊന്നുമല്ലായിരുന്നു അതു ഞാന്‍ ക്ഷമിച്ചു. പുരുഷന്‍ ചുണ്ടു കൊണ്ടു ചുംബിക്കരുത്‌, ആത്മാവു കൊണ്ടു ചുംബിക്കണം." പ്രിയപ്പെട്ട കഥകൃത്ത്‌ കെ.ആര്‍. മീരയുടെ വരികള്‍.(കരിനീല). എത്ര ഹൃദയപൂര്‍വ്വം പറയുന്നു.

പ്രണയത്തില്‍ സ്പര്‍ശനമുണ്ടോ? ദൈവികതയുണ്ടോ? വിരല്‍ത്തുമ്പില്‍പോലും തൊടാത്ത പ്രണയത്തില്‍ സത്യമുണ്ടോ? ഉണ്ടു, സര്‍വ്വവുമുണ്ട്‌. ചിലപ്പോഴൊക്കെ അതെല്ലാം അടിപടലെ കൈമോശം വന്നിരിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഹീനതകള്‍ ചുറ്റും പരന്നു കിടക്കുന്നുണ്ട്‌. ശരീരമെത്രകണ്ട്‌ ആസക്തഭരിതമെങ്കിലും, പ്രണയമില്ലാതെ പര‍സ്പരാകര്‍ഷണമില്ലാതെ പുരുഷന്മാര്‍ എങ്ങനെയാണു സ്ത്രീകളെ പ്രാപിക്കുന്നതെന്നു ആശ്ചര്യം തോന്നിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ പ്രണയവും, ആസക്തിയും, ലൈംഗീകതയുമെല്ലാം പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ വിരോധാഭാസങ്ങളാണ്.

സ്പര്‍ശനത്തെക്കുറിച്ച്‌, ആലിംഗനത്തെക്കുറിച്ച്‌, ചുംബനവേഗങ്ങളെക്കുറിച്ചൊക്കെ എഴുതിയിവിടെത്തുമ്പോള്‍, ഒരു പ്രണയ കാലത്തിന്റെ ത്രിസന്ധ്യയില്‍, ഗാഡ്ഡാലിംഗനത്തിന്റെ മൂര്‍ച്ചയില്‍ 'ഇങ്ങനെ നിന്ന് ശിലയാവാം നമ്മുക്ക്‌. കാലങ്ങള്‍ നമ്മുക്കുമേല്‍ പെയ്യട്ടെ' എന്ന ഒരശരീരിയുടെ പ്രതിധ്വനിയില്‍ ഇപ്പോഴും വിരലുകള്‍പൊള്ളുന്നു, കരള്‍ ത്രസിക്കുന്നു , ഉടല്‍ പനിക്കുന്നു. ആകസ്മികമായി തുറന്നുപോയി, പിന്നേയും ചങ്ങലയിലക്കിടേണ്ടി വന്ന ഹൃദയത്തിന്റെ രഹസ്യാറകളെന്നോടു പൊറുക്കട്ടെ. എന്നാണു ആദ്യന്ത്യം സത്യസന്ധമായി എഴുതാന്‍ കഴിയുക? ഭൂമിയിലെ സതി സവിത്രിമാരും, ശ്രീരാമന്മാരും തീര്‍ത്തും ഇല്ലാതാവുന്ന ഒരു കാലം എന്നാണു വരിക?


പ്രണയത്തില്‍ മാത്രമല്ല ആലിംഗനങ്ങളും ഉമ്മകളും കുരുങ്ങിക്കിടക്കുന്നത്‌. മകനു 45 ദിവസങ്ങള്‍ പ്രായമായതുമുതല്‍ ജോലിക്കാരി സ്ത്രീയെ ഏല്‍പ്പിച്ചാണു ഓഫിസില്‍ പോയിക്കൊണ്ടിരുന്നത്‌. തിരിച്ചറിവു തുടങ്ങിയതുമുതല്‍, അമ്മപോകുന്നതു കണ്ട്‌, ചിരിക്കാനൊന്നും ഇഷ്ടമില്ലാതിരുന്നിട്ടും ആ സ്ത്രീയുടെ ഒക്കത്തിരുന്ന് കുഞ്ഞിക്കൈകള്‍ വീശി അവനെന്നെ യാത്രയാക്കി. പടി കടക്കുന്നതിനു തൊട്ടുമുന്‍പു രണ്ടു കവിളത്തും മാറി മാറി ഓരോ ഉമ്മകള്‍ തരുന്നത്‌ അവന്റെ അന്നത്തെ ചെറിയ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കര്‍ത്തവ്യമായിരുന്നു. ആ കെട്ടിപിടുത്തവും ഉമ്മവെക്കലും കണ്ടാല്‍ അമ്മ വളരെ നീണ്ടയേതോ യാത്രപോവുകയാണെന്നു തോന്നിപ്പിച്ചിരുന്നു. ഒരിക്കല്‍ പതിവുചര്യ തെറ്റി, ഉമ്മ മേടിക്കാനും കൊടുക്കാനും വിട്ടുപോയി, അന്നു ഉച്ചക്കുള്ളില്‍ ജോലിക്കാരി സ്ത്രീ നിരവധി തവണ ഫോണ്‍ ചെയ്തു., അമ്മ ഉമ്മ തന്നില്ലാന്നു കുഞ്ഞുവാക്കുകളില്‍ പറഞ്ഞ്‌ രാവിലെ തുടങ്ങിയ കരച്ചിലാണു., ഓര്‍ത്തോര്‍ത്തുള്ള കരച്ചില്‍., എനിക്കു പിടഞ്ഞു. ഉച്ചക്കു വീട്ടിലെത്തി കരഞ്ഞ്‌ കരഞ്ഞ്‌ ആകെ ചുവന്നുപോയ അവനെ വാരിയെടുക്കുകയും ഉമ്മകള്‍ കൊണ്ടു മൂടുകയും അവന്റെ ഇളം ചുവന്ന മുഖം നിറയെ ചിരി വന്നു കയറുകയും ചെയ്തിട്ടും എന്നിലെ അമ്മയ്ക്കു വിങ്ങലടങ്ങിയില്ല. ഇപ്പോളവന്‍ 13 വയസുകാരനായി അമ്മയോളം വളര്‍ന്നു. എന്നിട്ടും അമ്മ അവനെ തനിച്ചാക്കി പോകുമ്പോള്‍ മറക്കാതെ കൊടുക്കുന്ന ഉമ്മകള്‍ അവനു ചുറ്റും നിര്‍ത്തുന്ന കാവല്‍ മാലാഖമാരാകുന്നുവെന്നു അവനറിയുന്നുവോ? ഇതു വരെയുള്ള ജീവിതത്തില്‍ എന്റെ ഉമ്മകള്‍ക്കു അനാവശ്യപ്രാധാന്യം ഉണ്ടന്നു തെളിയിച്ച്‌ അവനെന്നെ വഷളാക്കിയിരിക്കുന്നു.
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com