ചാരപ്പിടയില്‍ നിന്നും അമ്മച്ചിക്കോഴിയിലേക്കുള്ള അകലത്തില്‍ സംഭവിക്കുന്നത്.
തൊരു ഭാവതിലാണു സ്ത്രീ ഏറ്റവും വിശ്വസ്തയായിരിക്കുന്നത്‌? സൗഹൃദത്തില്‍? പ്രണയത്തില്‍? ദാമ്പത്യത്തില്‍? പക്ഷേ ആരെയും സത്യസന്ധത ബോധിപ്പിക്കാനാവ ശ്യമില്ലാത്ത മാതൃത്വത്തോടു മാത്രമാണവള്‍ നൂറുശതമാനം കൂറുപുലര്‍ത്തുന്നത്‌. സ്ത്രീത്വം സഫലമാകുന്നത്‌ മാതൃത്വം ഹൃദയം ഏറ്റുവാങ്ങുമ്പോഴാണു. ഏറ്റവും മഹനീയമായതെന്തും വിറ്റുപെറുക്കിയും, പണയപ്പെടുത്തിയും, ദാസ്യത്തിന്റെ ഏതു ഹീനതയിലേക്കും ഇറങ്ങിപ്പോക്കു നടത്തിയും അവള്‍കുട്ടികളെ പോറ്റുന്നു.


63 വയസുള്ള ഭവാനിയമ്മയുടെ 2 വയസുകാരനായ മകന്‍ കണ്ണന്‍ മരിച്ചതു അല്‍പ്പം പഴയ വാര്‍ത്തയാണു. കണക്കറ്റ തിക്താനുഭവങ്ങളുടെ, ദൈന്യതയുടെ, ദുഖങ്ങളുടെ പരിഹാരമെന്നോണം, വൈദ്യശാസ്ത്രത്തെ കൂട്ടുപിടിച്ച്‌, വിധിയെ തോല്‍പ്പിച്ച്‌, സ്വന്തമാക്കിയ മകന്‍. പക്ഷേ, മഹാസങ്കടങ്ങളുടെ മുറിവുണക്കിയെത്തിയ കണ്ണനങ്ങു പോയി. പെട്ടന്നോര്‍മ്മ വന്നത്‌ വൈലോപ്പള്ളിയുടെ 'മാമ്പഴ'ത്തിലെ അമ്മയെ ആണു. മുറ്റത്തെ മാമ്പൂക്കള്‍ അടിച്ചുകൊഴിച്ചുകളയുന്ന മകനെ തല്ലിയ അമ്മ. ഒടുവില്‍ പൂക്കള്‍ കനിയായി, ആദ്യത്തെ മാമ്പഴം മുറ്റത്തു പതിക്കുമ്പോള്‍, ആര്‍ക്കുവേണ്ടി മാമ്പഴങ്ങള്‍ കായ്ക്കുന്നത്‌ അമ്മ കാത്തിരുന്നുവോ, അവനില്ലാതെപോയതോര്‍ത്ത്‌ ഉള്ളും കണ്ണും നിറച്ച്‌ വിതുമ്പിപ്പോയ അമ്മ.കഥകളിലും കവിതകളിലുമ്മല്ലാതെ, നിത്യ ജീവിതത്തിലും മക്കളെക്കുറിച്ചുള്ള വേവലാതിയില്‍ നിത്യവും ഉരുകുന്നവരാണു ഓരോ അമ്മമാരും.


എന്നും രാവിലെ മകന്റെ സ്കൂള്‍ബസ്സുംകാത്ത്‌ അവനോടൊപ്പം ബസ്സ്‌ സ്റ്റോപ്പില്‍ നിന്ന് സ്ഥിരമായി കണ്ടുകണ്ട്‌ നിറം മങ്ങിവരുന്ന കുറെ കാഴ്ചകളുണ്ട്‌. വിവിധതരക്കാരായ അമ്മമാര്‍. മുടിയൊന്നുകോതിയൊതുക്കുകപോലും ചെയ്യാതെ ഒരു കൈയ്യില്‍ നേഴ്സറിക്കാരിയെതൂക്കി ഒക്കത്ത്‌ ഇളയകുട്ടിയുമായി ഒരമ്മ. ഏതോ ഹോസ്പിറ്റല്‍ ജോലിക്കാരിയായ മറ്റൊരമ്മ.കയ്യിലും കഴുത്തിലുമായി മൂന്നുനാലു ബാഗുകളും തൂക്കി, നേഴ്സറിക്കാരനെ ബസ്സ്റ്റോപ്പില്‍ നിര്‍ത്തി, ബസ്സ്‌ വന്നാല്‍ കയറിപ്പോകണമെന്നു പറഞ്ഞ്‌, ചെറിയകുട്ടിയെ ബേബിസിറ്റിങ്ങ്‌-ല്‍ ഏല്‍പ്പിക്കാനുള്ള ധൃതിയോടെ എതിരെയുള്ള ബില്‍ഡിങ്ങി-ലേക്കോടുന്നു. പോയതിലേറെ വേഗതയില്‍ തിരികെവന്ന്, ബസ്സ്‌ വന്നുവോ,കുട്ടി കയറിയോ എന്നീ പലവക ഉല്‍കണ്‍ഠയോടെ ടാക്സികയറി ജോലിസ്ഥലത്തേക്കുപ്പോകുന്നു. ഇതൊക്കെക്കണ്ട്‌ പറഞ്ഞറിയിക്കാനാവാത്ത വ്യാകുലതയില്‍ എന്റെ ഉള്ളെരിയും. എന്താണിങ്ങനെ? എവിടെയാണിവരുടെ ഭര്‍ത്താക്കന്മാര്‍? കടലെടുത്തുകൊണ്ടുപോയിരിക്കുമോ? അല്ലെങ്കില്‍ രാത്രിജോലികഴിഞ്ഞു വന്നു ഉറക്കം തുടങ്ങിയിട്ടുണ്ടാവുമോ? അതോ തലേരാത്രിയില്‍ ഭൂമിയില്‍ എന്തുസംഭവിച്ചുവെന്നറിയാന്‍ ഇ-വിഷനിലെ സര്‍വ്വചാനലുകളും, പിന്നെ ദിനപത്രങ്ങളും അരിച്ചുപെറുക്കുന്നുണ്ടാവുമോ? അതുമല്ലെങ്കില്‍ കുളിച്ചിട്ടും കുളിച്ചിട്ടും മതിയാകാതെ പാട്ടും പാടി ഷവറിന്റെ കീഴില്‍ നില്‍ക്കുന്നുണ്ടാവുമോ? അമ്മമാര്‍ക്കുവേണ്ടി മാത്രം നീക്കിവെച്ചിരിക്കുന്ന ഇത്തരം പ്രാണസങ്കടങ്ങള്‍ സിനിമക്കും, സീരിയലുകള്‍ക്കും കഥകളെഴുതുന്നവരുടെ കണ്ണില്‍പ്പെടാത്തതെന്താണു?കങ്കാരുവിന്റെ മുഖഛായയുള്ള അമ്മമാര്‍. ഹൃദയത്തിന്റെ അറകളില്‍ കുട്ടികളെ താങ്ങി ദൂരങ്ങള്‍ താണ്ടുന്നവര്‍. വീടുകളില്‍ കുട്ടികളെ തനിയെയാക്കി ജോലിക്കുപോകേണ്ടിവരുന്ന അമ്മമാരോ? ഏതൊക്കെ ദൈവങ്ങളുടെ കൈയ്യിലാണു കുഞ്ഞുങ്ങളെ ഏല്‍പ്പിക്കേണ്ടത്‌? ആരെയൊക്കെയാണു വിശ്വസിക്കേണ്ടത്‌? പാറശാലയില്‍ 2 വയസുകാരിയെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുത്തുകൊണ്ടുപോയി ഉപയോഗപ്പെടുത്തിക്കൊന്നിരിക്കുന്നു. ഇത്തരം extream pervert- കളുടെ ലോകത്ത്‌, ഏതു ദിക്കില്‍ നിന്ന്, ഏതു രൂപത്തിലാണു ആക്രമണത്തിന്റെ കുന്തമുനകള്‍ നീളുന്നത്‌? ആരൊക്കെ എവിവിടെയൊക്കെയാണു പതിയിരിക്കുന്നതു? വീട്ടുസാധനങ്ങളെത്തിക്കുന്ന ഗ്രോസറിക്കാരന്‍? പ്ലമ്പിംഗ്‌ പണിക്കു വരുന്നവന്‍? ബില്‍ഡിംഗ്‌ കാവല്‍ക്കാരന്‍, അടുത്ത ബന്ധുവെന്നുപറയുന്ന ആരെങ്കിലും? അപരിചിതനായ മറ്റാരെങ്കിലും? ലിഫ്റ്റില്‍ കുട്ടികള്‍ തനിയെപോകുമ്പോള്‍? മക്കളുടെ സുരക്ഷിതത്വം ഓരോ അമ്മമാരുടെയും വ്യാകുലതയാണു.


ഏറ്റവും അടുപ്പമുള്ള ഒരുസ്ത്രീ. ഒരു ദിവസം പെട്ടന്ന് എമെര്‍ജെന്‍സി ലീവിനു അപേക്ഷിക്കുന്നു. ഭര്‍ത്താവിനു ഓഫ്‌-ഷോര്‍-ലാണു ജോലി. 16-വയസായമകനും, ചെറിയൊരു മകളും അവരുടെ മാത്രം ചുമതലയിലാണു. പെട്ടന്നുള്ള അവധിയുടെ കാരണം പൊട്ടിത്തകര്‍ന്ന് വിശദീകരിച്ചതിങ്ങനെയാണു. മകന്റെ സ്കൂളിലേക്കുള്ള വഴിയില്‍ ചിലര്‍ നിന്ന് കുട്ടിയെ കൂടെ ചെല്ലാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് അവന്‍ പറയുന്നു. അപകടം തിരിച്ചറിഞ്ഞ അമ്മ സ്കൂള്‍അധികൃതരെ വിവരംധരിപ്പിച്ച്‌ അവര്‍ തന്നെ മകനെ സ്കൂളിലേക്കും തിരികെയും ആക്കി പ്രശ്നം പരിഹരിച്ചു.

പണ്ടു അമ്മ വീട്ടില്‍ നാലഞ്ച്‌ കോഴികളെ വളര്‍ത്തിയിരുന്നു.ഞങ്ങള്‍ 'ചാരപ്പിട'യെന്നു വിളിച്ചിരുന്നവള്‍ ഒഴികെ, ബാക്കിയെല്ലാം അതിസമര്‍ത്ഥകളായിരുന്നു. മുട്ടയിടാനൊഴികെ എവിടെയും അടങ്ങിയിരിക്കാന്‍ കൂട്ടാക്കാത്തവ. എന്നാല്‍ ചാരപ്പിട മാത്രം മറ്റുള്ളവക്കൊരപവാദം പോലെ മുട്ടിയുരുമ്മി നടക്കും, തൊടാന്‍ പാകത്തിനു നിന്നുതരും. കയ്യില്‍ നിന്നു അരി കൊത്തിത്തിന്ന് സ്നേഹം പ്രകടിപ്പിക്കും. ഒരുദിവസം അമ്മ അവളെ അടയിരുത്താന്‍ തീരുമാനിച്ചു. പൊരുന്നയിരിക്കാന്‍ തുടങ്ങിയതു മുതലവളുടെ ഭാവം മാറി. അവളും മുട്ടകളുമായി കഴിയുന്ന ലോകത്തേക്ക്‌ ആരും വരുന്നതു പോയിട്ട്‌ നോക്കുന്നവരെപ്പോലും വിരോധികളയവള്‍ കണ്ടു. ഉറങ്ങുന്നത്‌ പോലും കണ്ണുകള്‍ പാതി തുറന്ന്. താമസിയാതെ അവളുടെ പേരുപോലും മാറിപോയി. 'അമ്മച്ചിക്കോഴി' എന്നു പരിഹാസത്തോടെ, അമര്‍ഷത്തോടെ ഞങ്ങള്‍ വിളിച്ചുപോന്നു. മാതൃത്വത്തിന്റെ കാര്യത്തില്‍ പ്രകൃതി എത്ര ബുദ്ധിപൂര്‍വ്വമാണു കരുക്കള്‍ നീക്കുന്നതെന്നു, കാലങ്ങള്‍ കഴിഞ്ഞ്‌ എനിക്കു മക്കള്‍ ജനിച്ചശേഷമാണു മനസിലായത്‌.

സൂര്യനിലേക്കും കടലിലേക്കും നീന്തി മരിക്കാനാശിച്ച, വിഷാദപര്‍വ്വങ്ങളുടെ ഉത്തുംഗതയില്‍ നിന്നും ഹെപ്സ്റ്റന്‍ സ്റ്റാളിലെ സെമിത്തേരിയുടെ അത്യന്ത സമാധാനത്തില്‍ വെള്ളപ്പൂക്കള്‍ ചൂടിയുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയ പ്ലാത്ത്‌. ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്കായുള്ള പ്രഭാതഭക്ഷണം അവസാനമായൊരുക്കി, അവരുറങ്ങിയിരുന്ന കിടപ്പുമുറിയിലെത്തിച്ച്‌, പുറത്തുനിന്നു വാതില്‍ബന്ധിച്ച്‌, വാതില്‍പഴുതുകളിലും, ജനാലവിടവുകളിലും തുണികള്‍ തിരുകി, പിന്നീട്‌ അടുക്കളയില്‍കയറി, പാചകവാതകം തുറന്നുവിട്ട്‌ ഓവനിലേക്കു മുഖംകയറ്റിവെച്ച്‌, മഹാനിദ്രയുടെതണുപ്പിലേക്കു നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഉരുയൊലിച്ചു സില്‍വിയ.


ഭൂമിയില്‍ ഏതു കോടതി ശിക്ഷിക്കുന്ന കുറ്റവാളികളെയും അമ്മയെന്ന കോടതി മാപ്പുസാക്ഷിയാക്കും. കൊലപാതക കുറ്റത്തില്‍ പ്രതിയായ ഒരു ചെറുപ്പക്കാരന്‍, മറ്റൊരുത്തനെ കുത്തിമലര്‍ത്തിയതായാണു കേസ്‌. കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. പ്രതിയുടെ അമ്മയോട്‌ പരിചയക്കാരന്‍ വിശദാംശങ്ങള്‍ ആരാഞ്ഞതിനു മറുപടിയായി ഒരുനിലവിളിയോടെ പ്രതിമാതാവ്‌ പ്രതികരിച്ചതിങ്ങനെയാണു. 'എന്റെ മകന്‍ നിരപരാധിയാണു. മരിച്ചുപോയവന്‍ എന്റെ മകന്‍ നിവര്‍ത്തിപിടിച്ചുനിന്ന കത്തിമുനയിലേക്കു ചാടിയതാണു. അതും ഒന്നല്ല. ഏഴു പ്രാവശ്യം.


നാട്ടിലുള്ള അമ്മ ഗള്‍ഫിലുള്ള മകന്റെ അടുത്തേക്കു വരുന്നവരുടെ കയ്യില്‍, മകന്റെ രുചിയറിഞ്ഞ്‌, ഉള്ളറിഞ്ഞ്‌ വാഴയിലയില്‍ ഒരു പൊതിച്ചോറു കൊടുത്തു വിടുന്നതെന്തിനാണു? ഇഷ്ടഭക്ഷണം വെച്ചുവിളമ്പാന്‍ ഭാര്യ ഇല്ലാഞ്ഞില്ലാണോ? പിസ്സയും കെന്റക്കിയും, നാലുകെട്ടുകളും തലങ്ങും വിലങ്ങും കിടക്കുന്ന ഈ നാട്ടില്‍ കിട്ടത്തതായെന്തുണ്ട്‌? എന്നാല്‍ ഒരുതുണ്ട്‌ വാഴയിലയില്‍ സ്വന്തം ഹൃദയം തന്നെയല്ലേ അമ്മ ഓരോ തവണയും തിരുകിവെക്കുന്നത്‌?

അമ്മക്ക് മക്കളോടുള്ള സ്നേഹം പോലെ തിരിച്ചുണ്ടായാല്‍, പുഴ തിരികെ മേലേക്ക് ഒഴുകുമെന്ന് പഴമക്കാറ് പറഞ്ഞു കേട്ടിട്ടുണ്ട്.

രണ്ടിരട്ടക്കട്ടിലുകള്‍ ചേര്‍ത്തിട്ട്‌, ഇടവും, വലവും നെഞ്ചിലുമായി കുട്ടികള്‍ പറ്റിപ്പിടിച്ചുകിടന്നുറങ്ങുന്ന എന്റെ രാത്രികള്‍. ഒരുറക്കം ഞെട്ടി കണ്ണുതുറക്കുമ്പോള്‍ ഒരാളുടെ തല നെഞ്ചിലും, മറ്റൊരാള്‍ വയറിന്മേലും, വേറൊരാള്‍ കാല്‍ക്കലുമായി ശ്വാസം മുട്ടിക്കുമ്പോള്‍, രാത്രിയുടെ പേരറിയാത്ത യാമത്തില്‍, ബാല്‍ക്കണിയുടെ ഗ്ലാസ്സുമുറിച്ചുകയറിവരുന്ന മങ്ങിയ വെളിച്ചത്തില്‍ കാണുന്ന, എല്ലാം മറന്നുറങ്ങുന്ന എന്റെ മക്കളുടെ കുഞ്ഞുമുഖങ്ങള്‍ മാതൃത്വത്തിന്റെ ഏതു ദിശയിലേക്കാണു എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്‌? അപ്പോള്‍ രണ്ടു ചിറകുകളില്‍ മൂന്നുകുഞ്ഞുങ്ങളുമായി ഭാവികാലത്തിലേക്കു കുതിക്കുന്ന കഴുകന്‍ ശക്തിയാര്‍ജ്ജിച്ച എന്റെ പ്രതിരൂപം ഞാന്‍ കാണും. കുറെവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പെണ്മക്കള്‍ ഭര്‍തൃമതികളായിതീരും. മകന്‍ ജോലിസംബന്ധമായി ദൂരെയെവിടെയെങ്കിലും പോയെക്കാം. അപ്പോള്‍ ഈ ഇരട്ടക്കട്ടിലുകളില്‍ ഞാന്‍ ദൂരെയുള്ള മക്കളുടെ ഓര്‍മ്മകളെ നെഞ്ചിലും വയറ്റിലുമേറ്റി, അറ്റമില്ലാത്ത വേവലാതിയുമായി, അവസാനിക്കാത്ത വാല്‍സല്യവുമായി, ഉറക്കമില്ലാത്ത രാത്രികളുമായി സമയചക്രമുരുട്ടും. അപ്പോള്‍ അവരുടെ കുട്ടികള്‍ അവരുടെ മാറിലും, കാല്‍ക്കലുമായി നല്ല ഉറക്കത്തിലായിരിക്കും.
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com