
അമ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. വിശദാംശങ്ങള്‍ പിന്നീടറിഞ്ഞു. വീഴ്ചയത്ര നിസാരമായിരുന്നില്ല. നടുവിടിച്ചാണു വീണത്. കാല്‍മടമ്പ് ഉളുക്കിപ്പോയിരുന്നു. ചിരി പെട്ടന്ന് തീര്‍ന്നുപോയി. ഭീമമായ അങ്കലാപ്പിലേക്ക് മലക്കം മറിഞ്ഞു. ഇരിപ്പും നടപ്പും ജീവിതവുമൊക്കെ സൂക്ഷ്മമായി കൊണ്ടുനടക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ ആളാണിപ്പോള്‍ വൈദ്യരും, കുഴമ്പും, തിരുമ്മലുമായി കഴിയുന്നത്. പാവം! ഒന്ന് കാണാന്‍ കണ്ണു കടഞ്ഞു. ഒരാഴ്ചത്തെ ഉദ്യോഗവും, ഒരുകാപ്പിയെങ്കിലും തിളപ്പിച്ചുപോയാല്‍ ഭര്‍ത്താവത്വത്തിന് കളങ്കം സംഭവിച്ചേക്കാം എന്നാശങ്കപ്പെടുന്ന അദ്ദേഹത്തെയും, വീട്ടുജോലിക്കുള്ള റൊബൊര്‍ട്ടാണു അമ്മയെന്ന മക്കളുടെ വിശ്വാസത്തെയും കാറ്റില്‍ പറത്തിയാണു അമ്മയെ കാണാനെത്തിയത്.
അപ്പോഴേക്കും അവര്‍ സുഖം പ്രാപിച്ചു കഴിഞ്ഞു.
അഛന്‍-അമ്മ എന്ന ഇരുവര്‍ സംഘത്തിലെ എന്റെ 8 ദിനങ്ങള്‍.
പതിവ് അമ്മമാരെപ്പോലെ വാത്സല്യത്തിന്റെ തേന്‍നിലാവായിരുന്നു എന്റെ അമ്മയെന്ന്, വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ, നോട്ടം കൊണ്ടോ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. ബാല്യ കൌമാരങ്ങള്‍ സ്നേഹമില്ലായ്മയുടെ മരുഭൂമിയില്‍ കൂടിയായിരുന്നു യാത്ര. ആണ്ടിലൊരിക്കല്‍ 1 മാസത്തേക്കെത്തുന്ന അഛന്റെ സ്നേഹാതിരേകങ്ങളില്‍ നിന്നുള്ള സംഭരണി നിറച്ച് ഒരു വര്‍ഷത്തേക്ക് കരുതി വെച്ചായിരുന്നു അക്കാലത്തെ ജീവിതം. തികച്ചും പട്ടാളച്ചിട്ടകളിങ്ങനെയാകാമെന്ന് തോന്നിപ്പിച്ചിരുന്ന മുറകള്‍. സഹോരന്മാര്‍ക്ക് അത്രകണ്ട് പീഡനമൊന്നുമുണ്ടായിട്ടില്ല്ല. എന്നോടു മാത്രമെന്താണിങ്ങനെയെന്നോര്‍ത്ത് ചങ്കു പോട്ടിപ്പോയിട്ടുണ്ട്. ബാത് റൂമില്‍ തലയിടിച്ചു കരഞ്ഞിട്ടുണ്ട്. ഒടുവില്‍, ആണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടിലേക്ക് ദത്തെടുത്തതാവാം എന്ന്‍ സ്വയം മറുപടി കണ്ടെത്തി, ആ സംശയം അനിയനുമായി പങ്കിട്ടു. അങ്ങനെയാവാമെന്ന് അവനും മൌനത്താലെ സമ്മതിച്ചിട്ടുമുണ്ട്. അത്ര കണ്ട് നിര്‍ദയവും പക്ഷാഭേതപരവുമായിരുന്നു അമ്മയുടെ നടപടികള്‍.
16 ഉം, പതിനഞ്ചുമൊക്കെ പ്രായമായ മക്കളെ മടിയില്‍ കിടത്തിയിന്നും ഞാനോമനിക്കാറുണ്ട്. അടിവയര്‍കാട്ടി നിന്നെ ചുമന്നു നടന്ന വയറാണെന്ന മഹത്വം വെളിപ്പെടുത്താറുണ്ട്. വയറ്റില്‍ കിടന്നു കാട്ടിക്കൂട്ടിയ കോപ്രായങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ കൌതുകം വിടത്തിയ മുഖത്തോടെ മൂന്നാളും ചുറ്റും വട്ടമിരുന്ന് കേള്‍ക്കാറുണ്ട്. നിങ്ങള്‍ അമ്മക്കെത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് വിവരിക്കാറുണ്ട്. പ്രസവിച്ച് 21-ആം ദിവസം മടിയില്‍ കിടത്തി കാറോടിച്ച നേരത്ത് മനോഹരമായി നീ മന്ദഹസിച്ചിരുന്നുവെന്ന് പറയുമ്പോള്‍ മകന്റെ മുഖം താമര പോലെ വിടരാറുണ്ട്. 'എന്റെ അമ്മ' 'എന്റെ അമ്മ' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചുറങ്ങാനവര്‍ മത്സരിക്കുന്നത് കണ്ട് ഗൂഡ്ഡമായി ആനന്ദിച്ചിട്ടുണ്ട്. അമ്മാതിരി അനുഭവങ്ങളിലൂടെയൊന്നും നിര്‍ഭാഗ്യവശാല്‍ എന്റെ ബാല്യം സഞ്ചരിച്ചിട്ടില്ല.
മുതിര്‍ന്നുവെന്നറിയിച്ച് ചുവന്ന പൂക്കള്‍ മേലാകെ നനച്ചപ്പോള്‍ എന്തു ചെയ്യേണ്ടുവെന്നാലോചിച്ച് പതിനാലാമത്തെ വയസില്‍ പകച്ചു പോയിട്ടുണ്ട്. ആരേയും അറിയിക്കാതെ ആദ്യദിവസം എങ്ങനെയോ ഉന്തിനീക്കി. അവശ്യവസ്തുക്കളുടെ അഭാവം മാത്രമാണു അമ്മയെ അക്കാര്യം അറിയിക്കാന്‍ നിര്‍ബന്ധിതയായത്.
എന്റെ മൂത്തമകളുടെ ഒമ്പതാം വയസില്‍,സ്കൂളില്‍ നിന്നു മടങ്ങിവന്ന അവള്‍ വിവശയായി പറഞ്ഞു കൂട്ടുകാരിക്കുട്ടിയുടെ യൂണിഫോറം ചുവന്ന നിറത്തില്‍ നനഞ്ഞുവെന്ന്. റ്റീച്ചര്‍ പറഞ്ഞു 'അവള്‍ മുതിര്‍ന്നുവെന്ന്; എല്ലാപെണ്‍ക്കുട്ടികളും മുതിരുമെന്ന്, ഞാനുമിങ്ങനെ മുതിരുമോ അമ്മേ" യെന്ന് ചോദിച്ച് അവള്‍ ആശങ്കയോടെ തല കുടഞ്ഞു. "ഉവ്വ്. എല്ലാവരും മുതിരും. എല്ലാപെണ്‍കുട്ടികള്‍ക്കും ഇങ്ങനെ സംഭവിക്കും."
"എല്ലാവര്‍ക്കും?" അവള്‍ കണ്ണുനിറച്ച് , പേടിച്ച് ചേര്‍ന്നിരുന്നു.
"അതെ"
"അമ്മയും മുതിര്‍ന്നിരുന്നുവോ?'
'ഉം"
"മുത്തശ്ശിയോ?"
"പിന്നല്ലാതെ?"
ടീച്ചര്‍മാരോ?
"അതേന്നേ, എല്ലാവരും"
അവള്‍ക്ക് സന്തോഷമായി, മുഖത്തെ കാറൊഴിഞ്ഞ് ബാലസൂര്യന്‍ വിടര്‍ന്നു.
സ്കൂള്‍ കാലഘട്ടങ്ങളില്‍ പഠനവിഷയങ്ങളിലൊഴികെ ഒരു മാതൃകാ വിദ്യാര്‍ത്ഥിനിയായിട്ടു കൂടി നിസാരമായ മാനസിക പീഡനങ്ങളല്ല ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. അമ്മക്ക് കോപം വന്ന് തുടയും, കവിളും നുള്ളിപ്പറിച്ച് ചോര വരുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ സ്റ്റഡിലീവ് കാലത്ത്, ഉറങ്ങിപ്പോയതിനു, ഒരു രാത്രി 3 മണി നേരത്ത്, ചൂലുകൊണ്ടു മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇങ്ങനെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ അഛനും അമ്മയും തമ്മില്‍ കലഹമുണ്ടായിട്ടുണ്ട്. ഓരോ ടേമിലേയും പ്രൊഗ്രസ് റിപ്പോര്‍ട്ടിലേക്കുള്ള ഒപ്പു സമ്പാദിക്കല്‍ നടപടിയെന്നതു പോലെ ഭീതിതമായ അനുഭവം വേറെയൊന്നുമുണ്ടായിരുന്നില്ല. രക്ഷിതാവിന്റെ ഒപ്പ് വാങ്ങി കാര്‍ഡ് തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരാഴ്ചയാണ്. കണക്കു മാര്‍ക്കിന്റെ അടിയിലെ ചുവന്ന വരയെപ്പോഴും തലയില്‍ തീ കോരിയിടും. 7-ആം ദിവസം ക്ലാസില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ദിവസം. പുറത്തെവരാന്തയിലെ സ്കൂളിനെ സര്‍വ്വ കുട്ടികളും, teaching - non teaching staff- തുടങ്ങി സകലമാന പേര്‍ക്കും ആസ്വാദന വസ്തുവായി മാറേണ്ടുന്ന ആ ദിവസം രാവിലെ, സ്കൂള്‍ ബസ്സ് വരുന്നതിന്റെ തൊട്ടു മുന്‍പ് , പ്രഭാത - ഉച്ച ഭക്ഷണത്തിന്റെ തിരക്കില്‍ അടുക്കളയില്‍ ഞാണിന്മേല്‍ കളി നടത്തുന്ന അമ്മയുടെ സമക്ഷം, അത്യന്തം ഭയന്ന് റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കും. മുഖത്തെ കണ്ണട ഒന്നുകൂടി മുകളിലേക്ക് കയറ്റി വെച്ച് സ്വതേ വലിയ കണ്ണുകള്‍ വീണ്ടും വലുതാക്കി., റിപ്പോര്‍ട്ട് കാര്‍ഡ് വാങ്ങി, 'നീ പോയ്ക്കോ, ഞാനങ്ങ് വരുന്നുണ്ട് ' എന്നു പറയുകയും, വളരെ കൃത്യമായി അന്ന് അമ്മ സ്കൂളില്‍ എത്തി, റ്റീച്ചേഴ്സ് റൂമില്‍ വരുത്തും. എല്ലാവരും കൂടി ചോദ്യം ചെയ്യും.ഞാന്‍ സര്‍വ്വത്ര വിയര്‍ത്ത് വെന്തുരുകിയെന്നു ബോദ്ധ്യമാകുന്നതു വരെ കോടതിമുറിയില്‍ പ്രതിയെന്ന പോലെ ചോദ്യം ചെയ്യപ്പെടും. വിവരിക്കാനാവാത്ത വിധം ഭീതിതമായിരുന്ന അനുഭവം.
പഠിപ്പെല്ലാം നിലച്ച് പോയ കാലത്താണു ഉപദേശങ്ങളുടെ പെരുമഴയില്‍ പെട്ട് ഞാനൊലിച്ചുപോകാറായത്. പെണ്‍കുട്ടികള്‍ ജോലി സമ്പാദിക്കേണ്ടുന്ന ആവശ്യകതെയെക്കുറിച്ച്; ഉദ്യോഗമില്ലാത്തൊരു പെണ്ണിനെ ഒന്നിനും കൊള്ളില്ലാന്ന്, കെട്ടാനാരും വരില്ലാന്ന്, പണ്ടു പുഷപം പോലെ വന്നു ചേര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗത്തിനു അനുമതി നല്‍കാതിരുന്ന അച്ഛനെ ക്കുറിച്ച്, സ്ത്രീ സമ്പാദിച്ചുകൊണ്ടുവരുന്നതിന്റെ പങ്കുപറ്റി ജീവിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലന്നു പറഞ്ഞ അഛന്റെ ദാര്‍ഷ്ട്യക്കുറിച്ച്, പള്ളിയിലെ ഭണ്ഡാര പെട്ടിയിലിടാനും, ഒരു ബ്ലൌസ്പീസിനുമൊക്കെ പൈസക്ക് ഭര്‍ത്താവിനു നേരെ കൈ നീട്ടുന്നതിന്റെ കുറച്ചിലിന്റെ കുറിച്ച്.
അമ്മയുടെ പ്രാര്‍ത്ഥനയോ, ആരുടെയോ ഭാഗ്യമോ, 18 ആം വയസില്‍ അമ്മയുടെ മകള്‍ ഉദ്യോഗസ്ഥയായി. ജോലിക്കു പോകാനിറങ്ങുമ്പോള്‍ മുതല്‍ taxi - കയറുന്നതു വരെ വഴിക്കണ്ണുമായി കാവല്‍ നിന്നു. തിരികെ കൂട്ടാനെത്തുന്ന അഛന്റെ കൂടെ, പഴം പൊരിച്ചതും, കട് ലറ്റ്, വടകള്‍ എന്നിങ്ങനെയെന്തെങ്കിലും കരുതി കൂടെ വന്നു. 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്താം, എങ്കിലും കഴിക്കൂ കഴിക്കൂ എന്ന് നിര്‍ബന്ധിക്കും. എന്തൊക്കെയായാലും ആ ചെയ്തികളിലൊന്നും വാത്സല്യത്തിന്റെ തരിമ്പും വാസനിച്ചിരുന്നില്ല. നീയെനിക്ക് എത്ര പ്രിയപ്പെട്ടവളാണെന്ന ഒരു വാക്ക്, ഒരു സ്പര്‍ശം ഒന്നുമുണ്ടായിട്ടില്ല. മുതിര്‍ന്നശേഷം അമ്മാതിരി പ്രവൃത്തികളുമായി പൊരുത്തപെട്ടു.
അഛന്റെ അമ്മയാണു പല സന്ദര്‍ഭങ്ങളിലായി, പൂര്‍വ്വ കാലങ്ങളിലേക്കുള്ള വാതില്‍ തുറന്നു തന്നിട്ടൂള്ളത്. അഛനു വലിയ താല്പര്യമൊന്നുമില്ലാതെയാണു അമ്മയെ വിവാഹം ചെയ്തത്. താല്പര്യക്കുറവിനുകാരണം അമ്മക്കു നിറം കുറവായിരുന്ന കുറ്റമാണഛന്‍ കണ്ടുപിടിച്ചത്. എന്നാല്‍ അദ്ദേഹം മറ്റു പല 'കുടുക്കു'കളില്‍ പെട്ടിരുന്നുവെന്ന്, പില്‍കാലത്ത് അഛനമ്മമാര്‍ തമ്മിലുള്ള കശപിശകളില്‍, അമ്മയുടെ മുനവെച്ച വാക്കുകളില്‍ നിന്നും ഞാന്‍ പിടിച്ചെടുത്തിരുന്നു.
നിറത്തിലൊക്കെയെന്തിരിക്കുന്നു. അമ്മക്ക് ഐശ്വൈര്യം വഴിയുന്ന മുഖമുണ്ട്, മഷിയെഴുതാതെ തന്നെ കറുത്തു വിടര്‍ന്ന മിഴികളുണ്ട്. പെരുമാറ്റ സൌകുമാര്യമുണ്ട്. സ്വഭാവശുദ്ധിയുണ്ട്. കൂടുതലെന്താണു ഒരു സ്ത്രീക്കു വേണ്ടത്? അഛനേക്കാള്‍ 9 വയസിനു താഴെയായിരുന്നവര്‍. ഭാര്യാഭര്‍ത്താക്കമാരുടെ പ്രായവ്യത്യാസം അങ്ങനെതന്നെയായിരിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഒന്നു പ്രസവിച്ച്, മുപ്പതുകളില്‍ കയറുമ്പോഴേക്കും സ്ത്രീയുടെ യൌവ്വനമവസാനിക്കുന്നുവെന്ന് കണ്‍ തടങ്ങള്‍ കരിവാളിച്ച് കാണിക്കും, കവിളുകള്‍ നിറമസ്തമിച്ച് പ്രതിഷേധിക്കും., മാറുകള്‍ തളരുന്നേയെന്ന് നിലവിളിക്കും, നിതംബങ്ങള്‍ തുളുമ്പുന്നതു മതിയാക്കും.
പുരുഷനോ, 35 കഴിയുമ്പോഴേക്കും അടിമുടി തളിര്‍ത്തുണരും. ഏതു സ്ത്രീയേയും മോഹിപ്പിക്കാന്‍ പാകത്തിനു തുടുക്കും, പിന്നെ തുടിക്കും. ആ പ്രായത്തിലുള്ളവന്റെ മന്ദഹാസമാണു ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃയയെന്ന് ഓര്‍മ്മിക്കും. 40 കാരികള്‍ക്ക് ഏറ്റവും ഇണങ്ങുന്നത് 50 കാരനായ ഒരുവനാണെന്ന് മനസിലാകും. സേതുമാഷിന്റെ 'അടയാളങ്ങളി'ലെ ആലീസും ഇതേ അഭിപ്രായം പറയുന്നുണ്ട്. ഇമ്മാതിരി ചിന്തകളാണു ഇങ്ങനെയൊരു പ്രായവ്യത്യാസം അനിവാര്യമെന്ന് തോന്നിപ്പിച്ചത്. സാമ്പ്രദായിക വിവാഹങ്ങളില്‍ മാത്രമാണു ഈ വക നിബന്ധനകള്‍ ബാധകമാകുന്നത്.
കാമുകീകാമുകന്മാര്‍ തമ്മില്‍ അതൊട്ടും നിര്‍ബന്ധമേയല്ല. ഭാരതസ്ത്രീകളുടെ ഇഷ്ട ദൈവമായ കൃഷ്ണന്റെ രാധ, കൃഷ്ണനേക്കാള്‍ ആറോ ഏഴോ വയസു കൂടുതലായിരുന്നുവെന്ന രേഖപ്പെടുത്തലുകളുണ്ട്. ഈ നൂറ്റാണ്ടിന്റെ പ്രതീകങ്ങളായ അഭിഷേക് ബച്ചന്‍- ഐശ്വര്യാ റായ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ - അഞ്ജലി, അങ്ങനെ എത്രയോ പേര്‍. പ്രണയത്തില്‍ എന്തു പ്രായം?
എന്തായാലും എന്റെ ഓര്‍മ്മ മുളക്കുമ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ അമ്മയോടുള്ള സ്നേഹം കണ്ടറിഞ്ഞിട്ടുണ്ട്. അമ്മക്ക് അത്രകണ്ട് പ്രകടിപ്പിക്കലുകള്‍ വശമില്ലാത്ത രീതിയാണെങ്കിലും, അച്ഛനെ പിരിഞ്ഞു ഒരു നേരം പോലുമിരിക്കില്ല. മക്കളെ കാലങ്ങളോളം പിരിഞ്ഞിരിക്കുന്നതില്‍ അത്ര വലിയ ഖേദമൊട്ടില്ല താനും.
കാലങ്ങള്‍ അതിശീഘ്രത്തില്‍ പാഞ്ഞുപോയി, അമ്മയുടെ മകള്‍ അമ്മയായി.
അമ്മൂമ്മയായ അമ്മ ചെറുമക്കളെ താലോലിച്ചു. അവരുടെ ഏതു തോന്ന്യാസത്തിനും കൂട്ടു നിന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വശമില്ലായ്മയില്ലന്ന് തെളിയിച്ചു. അകലങ്ങളിലിരുന്ന് ഞങ്ങള്‍ അന്യോന്യം സ്നേഹിച്ചു. ഈരണ്ട് കൊല്ലങ്ങള്‍ കൂടുമ്പോഴുള്ള കൂടിക്കാഴ്ച്കകള്‍ പെട്ടന്നു തീര്‍ന്നു പോകുന്നു.
അമ്മയുടെ കൂടെയുള്ള 8 ദിവസങ്ങള്‍ പറന്നുപോയി,
വീട്ടില്‍ ഞാന്‍ കിടക്കുന്ന 'കിഴക്കേ' മുറിയെന്നു വിളിക്കുന്ന കിടപ്പു മുറിയുണ്ട്. വലിച്ച് വാരിയിടുന്ന വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, എല്ലാം അടുക്കിവെച്ച് , പതിവു പോലെ വിശേഷങ്ങളുടെ, പരിഭവങ്ങളുടെ, ഉപദേശങ്ങളുടെ, ഉരുക്കഴിച്ചുകൊണ്ടിരിക്കും
'എനിക്കും നിന്റെ അഛനും വയ്യാതായിരിക്കുന്നു, അഛന്റെ അനിയന്മാരുടെ സ്നേഹമില്ലാത്ത പ്രവൃത്തികള്‍, അയല്‍വക്കങ്ങളിലെ വിവാഹങ്ങള്‍, പ്രസവങ്ങള്‍, ഒളീച്ചോട്ടങ്ങള്‍, പറമ്പില്‍ കൃഷിയൊന്നുമില്ലാതായിരിക്കുന്നു, ഇക്കൊല്ലം പുളി കായിച്ചില്ലാന്ന്, ശമ്പളത്തില്‍ വര്‍ദ്ധനവു വല്ലതും നടക്കുന്നുണ്ടോയെന്ന്, നിന്റെ കയ്യില്‍ സ്വകാര്യമായ ഒരു കരുതല്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന്, എന്നും പ്രാര്‍ത്ഥിക്കണം. പെണ്മക്കളാണു, അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചോണമെന്ന്, ആയിരക്കണക്കിനു ഉപദേശങ്ങള്‍.
8 ദിനങ്ങള്‍ തീര്‍ന്നു.
തിരികെ സുഖമായി എത്തിച്ചേര്‍ന്നുവെന്ന് ഫോണ്‍ ചെയ്യുകയായിരുന്നു, അച്ഛനാണു ഫോണ്‍ എടുത്തത്. പിന്നാലെ നനഞ്ഞ ശബ്ദത്തില്‍ അമ്മ വന്നു. 'കിഴക്കേ മുറിയിലേക്കു കയറുമ്പോള്‍ നെഞ്ചു പൊട്ടിപോകുന്നു പെണ്ണേയെന്ന്'' മുളചീന്തുന്ന പോലെയൊരു നിലവിളി കേട്ട് പെട്ടന്ന് ഞാനന്ധാളിച്ചുപോയി.
മതി!
അതുമാത്രം മതിയായിരുന്നു.
എന്റെ ആജന്മ സങ്കടങ്ങള്‍ക്കുള്ള പ്രതിവിധിയായിരുന്നു ആ കരച്ചില്‍
11 comments:
"16 ഉം, പതിനഞ്ചുമൊക്കെ പ്രായമായ മക്കളെ മടിയില്‍ കിടത്തിയിന്നും ഞാനോമനിക്കാറുണ്ട്. അടിവയര്‍കാട്ടി നിന്നെ ചുമന്നു നടന്ന വയറാണെന്ന മഹത്വം വെളിപ്പെടുത്താറുണ്ട്. വയറ്റില്‍ കിടന്നു കാട്ടിക്കൂട്ടിയ കോപ്രായങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ കൌതുകം വിടത്തിയ മുഖത്തോടെ മൂന്നാളും ചുറ്റും വട്ടമിരുന്ന് കേള്‍ക്കാറുണ്ട്. നിങ്ങള്‍ അമ്മക്കെത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് വിവരിക്കാറുണ്ട്. പ്രസവിച്ച് 21-ആം ദിവസം മടിയില്‍ കിടത്തി കാറോടിച്ച നേരത്ത് മനോഹരമായി നീ മന്ദഹസിച്ചിരുന്നുവെന്ന് പറയുമ്പോള്‍ മകന്റെ മുഖം താമര പോലെ വിടരാറുണ്ട്. 'എന്റെ അമ്മ' 'എന്റെ അമ്മ' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചുറങ്ങാനവര്‍ മത്സരിക്കുന്നത് കണ്ട് ഗൂഡ്ഡമായി ആനന്ദിച്ചിട്ടുണ്ട്. അമ്മാതിരി അനുഭവങ്ങളിലൂടെയൊന്നും നിര്‍ഭാഗ്യവശാല്‍ എന്റെ ബാല്യം സഞ്ചരിച്ചിട്ടില്ല. "
തര്‍ജ്ജനിയില്‍ വന്നത്
Your post is being listed by www.keralainside.net.and the post introduction is given as
അമ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. വിശദാംശങ്ങള്‍ പിന്നീടറിഞ്ഞു. വീഴ്ചയത്ര നിസാരമായിരുന്നില്ല. നടുവിടിച്ചാണു വീണത്. കാല്‍മടമ്പ് ഉളുക്കിപ്പോയിരുന്നു. ചിരി പെട്ടന്ന് തീര്‍ന്നുപോയി. ഭീമമായ അങ്കലാപ്പിലേക്ക് മലക്കം മറിഞ്ഞു. ഇരിപ്പും നടപ്പും ജീവിതവുമൊക്കെ സൂക്ഷ്മമായി കൊണ്ടുനടക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ ആളാണിപ്പോള്‍ വൈദ്യരും, കുഴമ്പും, തിരുമ്മലുമായി കഴിയുന്നത്.
please categorise Your post.Thank You
പല പോസ്റ്റുകള്‍ വായിക്കുമ്പോഴും കമന്റാന്‍ തോന്നാറില്യ.എന്നാല്‍ ചിലതിനൊരു കമന്റിടാന്‍ ശ്രമിച്ചാല്‍ വാക്കുകളൊട്ടു കിട്ടുകയുമില്യ. വെറുമൊരു നല്ലത്, ഇഷ്ടപ്പെട്ടു തുടങ്ങിയ സാദാ വാക്കുകള്‍കൊണ്ടൂ വിശേഷിപ്പിച്ചാല്‍ മതിയാവില്യാന്നൊരു തോന്നല്‍.
ഹൃദയത്തിന്റെ ഭാഷ... നേരെ ഹൃദയത്തിലേയ്ക്ക്..
നന്ദി....
ഹൃദയത്തില്‍ തൊട്ടെഴുതിയതിനെ ഹൃദയം കൊണ്ട് വായിച്ചു. വളരെ ആത്മാര്‍ത്ഥമായ എഴുത്ത് :)
മനസ്സിനെ സ്പര്‍ശിച്ചു വല്ലാതെ..
ഒത്തിരി..ഒത്തിരി നന്നായി..
വെറുതെ ഒരു വിയോജനക്കുറിപ്പു പറയട്ടെ, സജാതീയ ദ്രുവങ്ങള്‍ വികര്‍ഷിക്കും എന്നതു പോലെയാണെന്നു തോന്നുന്നു മനുഷ്യരുടെ സ്വഭാവവും.ആണ്‍കുട്ടികള്‍ക്കെല്ലാം അമ്മയോടു കൂടുതല്‍ സ്നേഹക്കൂടുതല്‍, തിരിച്ചും.പെണ്‍കുട്ടികള്‍ക്കെല്ലാം അച്ഛനോടു സ്നേഹക്കൂടുതല്‍ തിരിച്ചും അതു തന്നെ! എന്റെ ചുരുങ്ങിയ പരിചയത്തിലെ സ്ഥിതിയാണ് പറഞ്ഞത് മാറ്റമുണ്ടാവാം. അമൃതാനന്ദമയിയും ഇടയ്ക്ക് അവരുടെ ബാല്യത്തില്‍ ഇതായിരുന്നു സ്തിഥി എന്നു പറഞ്ഞിട്ടുള്ള പോലെ തോന്നുന്നു.ഒരു പക്ഷേ അവരവരുടെ വര്‍ഗ്ഗത്തെകുറിച്ച് നന്നായി അറിയുന്നതുകൊണ്ടാവാം അമ്മമാര്‍ പെണ്‍കുട്ടികളേയും,അച്ഛന്മാര്‍ ആണ്‍കുട്ടികളേയും കൂടുതല്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്.
"അമ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. "
....................................................................................................
"അതുമാത്രം മതിയായിരുന്നു.
എന്റെ ആജന്മ സങ്കടങ്ങള്‍ക്കുള്ള പ്രതിവിധിയായിരുന്നു ആ കരച്ചില്‍"
ഈ രണ്ടു വാചകങ്ങളും എനിക്കു തീരെ ദഹിക്കുന്നില്ല പകയുള്ള മനസ്സില്‍ നിന്നു വരുന്ന വാചകങ്ങള്‍ പോലെ തോന്നുന്നു തുറന്നെഴുതുന്നതു കൊണ്ട് പരിഭവമരുത്.ചിലപ്പോള്‍ എനിക്ക് അമ്മയോടു കൂടുതല്‍ അടുപ്പം തോന്നുന്നതു കൊണ്ടാവാം.
എഴുത്തിന്റെ സൗമ്യമായ ശൈലി കൊള്ളാം,തുടരുക ആശംസകള്‍.
ദേവസേനയുടെ ശൈലി വെച്ചുനോക്കുമ്പോള്‍ ഒരു കടമ നിര്‍വ്വഹിക്കലായിപ്പോയി ഈ ലേഖനം. അമ്മയോടുള്ള കടമ തീര്‍ക്കല്‍. സ്വന്തം അച്ഛനോ അമ്മയോ വീഴുന്നതു കണ്ടാല്‍ ആരായാലും ചിരിച്ചു പോകും. പക്ഷെ അത് ഒരു ഫോണ്‍ സന്ദേശമാകുമ്പോള്‍ ചിരിച്ചു എന്നു പറയുന്ന മനഃശസ്ത്രം മനസ്സിലായില്ല.
പെണ്‍കുട്ടികളുടെ വളരെ നേരത്തെയുള്ള പ്രായം അറിയിക്കല്‍ അമ്മമാരെയും പെണ്‍കുട്ടികളെയും വളരെയധികം വ്യാകുലപ്പെടുത്തുന്ന ഒന്നാണ്. അത് നന്നായി അവതരിപ്പിച്ചു എന്നു തോന്നുന്നു.
സ്കൂള്‍ വിട്ടു പോകുന്ന കുട്ടിയുടെ പാവാടയിലും കാലിലും ചുവപ്പു നിറം കണ്ട റോഡുവക്കിലെ വീട്ടിലെ സ്ത്രീ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി വൃത്തിയാക്കി അയച്ചത് അടുത്തറിഞ്ഞ സംഭവമായിരുന്നു. ഇന്ന് 8 വയസ്സുകരിയായ മകളെക്കുറിച്ച് ഇതാലോചിക്കുമ്പോള്‍ ഭീതി തോന്നാറുണ്ട്.
കാവലാനെ,
വിപരീത ലിംഗ സ്നേഹം സ്വാഭാവികമാണ്. പക്ഷെ മനുഷ്യരുടെ ഇടയില്‍ അത് ആപേക്ഷികമാണ്. പെണ്മക്കള്‍ക്ക് വളരെയധികം സ്നേഹവും സൗകര്യങ്ങളും കൊടുക്കുകയും ഒരേ ഒരു ആണ്‍ സന്തതിയ്ക്ക് അതൊക്കെ നിഷേധിക്കുകയും ചെയ്ത അമ്മമാര്‍ ഉണ്ട്.
വളരെ ഇഷ്‌ടമായി. ആദ്യത്തെ വാചകത്തോട് ഒരു കുഞ്ഞു വിരോധം തോന്നിയിരുന്നെങ്കിലും, ആരെങ്കിലും വീഴുന്നത് നേരിട്ടു കാണുമ്പോ അറിയാതെ ആദ്യം വന്നു പോകുന്നത് ചിരിയാണല്ലോ എന്നോര്‍ക്കുന്നേരം അതങ്ങ് മാഞ്ഞു പോയി. ഒടുവില്‍ വായനയുടെ അവസാനമെത്തുമ്പോഴേക്ക്, അമ്മയുടെ നിലവിളിയില്‍, പുറത്തു കാട്ടാതെ ഒതുക്കി വെച്ചതത്രയും വേലിതകര്‍ത്തു വരുന്നതു കാണ്‍കെ, കണ്ണു നിറയുകയും ചെയ്തു.
നല്ല ഒരു വായനാനുഭവത്തിന് നന്ദി.
ഇവിടെ തെറ്റും ശരിയും ഒന്നും നോക്കേണ്ട ഒരു കാര്യവും ഇല്ല. തികച്ചും വ്യക്തിപരമായ തോന്നലുകള്‍ക്കു ലോജീക്കും മനശ്ശാസ്ത്രവും ഒന്നും വേണ്ട. എത്ര സത്യസന്ധമായി എഴുതി എന്നതും വ്യക്തിഗതം തന്നെ.
വല്ലാതെ ഇഷ്ടപ്പെട്ടു, എഴുത്ത്.
'കിഴക്കേ മുറിയിലേക്കു കയറുമ്പോള്‍ നെഞ്ചു പൊട്ടിപോകുന്നു പെണ്ണേയെന്ന്'' മുളചീന്തുന്ന പോലെയൊരു നിലവിളി കേട്ട് പെട്ടന്ന് ഞാനന്ധാളിച്ചുപോയി.
ഞാനും ആ കിഴക്കേ മുറി കാണുന്നു. സ്നേഹം പ്രകടിപ്പിച്ച് കാണിക്കാനറിയാതെ പോയ ആ അമ്മയെ കാണുന്നു.
ദേവസേന... വരികളിലൂടെ അനുഭവങ്ങളെ അനുഭവിപ്പിക്കുന്നു...
അപരിചിതമല്ലാത്ത ഇതേ ഫ്ലാഷ് ബാക്കുകളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനായി!
ഒരിക്കലും പ്രകടിപ്പിച്ചു കിട്ടാത്ത സ്നേഹത്തിന്റെ കാണാക്കനികള്‍ ദൗര്‍ബ്ബല്യങ്ങളുടെ വാക്കുകളായി ദൂരഭാഷിണിയിലൂടെ സംശയിച്ചു കടന്നു വരുമ്പോള്‍, പ്രതിവിപ്ലവത്തിനായി ഒരുക്കൂട്ടിയിരുന്ന ആയുധങ്ങള്‍ എന്റെ കൈയ്യില്‍ നിന്നു് ഇപ്പോള്‍ താഴെ വീഴുന്നു. (നിരായുധര്‍ എന്നെ തോല്‍പ്പിക്കാറെയുള്ളു!) ജീവിതം തളരുകയാണവിടെ, ഇവിടെ എന്നെ തളര്‍ത്തിക്കൊണ്ട്.
ഇതു നമ്മുടെ പിന്തുടര്‍ച്ചക്കാരിലേയ്ക്ക് ഒരു ദു:സ്വപ്നമായി പടര്‍ത്താതിരിക്കാന്‍ ഞാന്‍ അവരെ സ്നേഹിക്കുകയാണ്. ചരിത്രത്തിന്റെ ഒരേടില്‍പ്പോലും ശാപത്തിന്റെ കറയുണ്ടാവാതിരിക്കാന്‍. അതാവണ്ടേ നമ്മുടെ പ്രതികാരം?
നിന്റെ മാതൃത്വം സപ്തസിന്ധുക്കളാവട്ടെ. ഒഴുകിത്തീരാതെ, സമതലങ്ങളെ പുണര്‍ന്ന് നടക്കട്ടെ!
Post a Comment