
വെള്ളിയാഴ്ച്ചയായിരുന്നു അന്ന്.രാവിലെ പത്രം നിവര്ത്തിപിടിച്ചും, ടി.വി-യിലെ വാര്ത്തയിലേക്കു കണ്ണു തിരിച്ചും, അദ്ദേഹം അലസമായി പറഞ്ഞു ' അറിഞ്ഞോ? ഇന്നു നമ്മുടെ വീടു പൊളിക്കയാണു'. ഉള്ളില്‍ ഒരാന്തല് ഉയര്‍ന്നു. പെട്ടന്നു ഞാനെഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അഴുക്കു പുരണ്ട പാത്രങ്ങള്‍ക്കു പുറമേ, കഴുകി കമഴ്ത്തിയിരുന്നവയും വീണ്ടും വീണ്ടും കഴുകിയിട്ടും കണ്ണീരടങ്ങുന്നില്ല. വര്‍ഷങ്ങളായി ആള്‍പാര്‍പ്പില്ലാതെ അടഞ്ഞു കിടന്നിരുന്ന വീട്. പഴുതാര, പാറ്റ, എലി, മുതലായവ കൂടാതെ പാമ്പു വരെയതിനുള്ളിലുണ്ടാന്നായിരുന്നു പറച്ചില്
ഓര്‍മ്മ വെച്ചിരുന്ന കാലം മുതല്‍ അമ്മ പറഞ്ഞിരുന്നു. ' ഒറ്റമകളാണെന്ന കൊഞ്ചല് വേണ്ട, വല്ലവീട്ടിലും ചെന്നു കയറേണ്ട പെണ്ണാണു' വാല്‍സല്യം കോരിനിറച്ച് വളര്‍ത്തിയ അഛനും പറയുമായിരുന്നു. "അമ്മായിയമ്മേടെ കുത്തും വാങ്ങിയിങ്ങോട്ടു വന്നേക്കരുത്' . ആ പെണ്ണ് ചെന്നു കയറിയ വീടാണിപ്പോള് പൊളിക്കുന്നത്. അമ്മായിയമ്മ എന്ന് ഒരിക്കലും ഉച്ചരിക്കേണ്ടി വന്നിട്ടില്ല. (ആ പദം ഇവിടെയെഴുതുമ്പോള്പോലും അരുതായ്ക തോന്നുന്നുണ്ട്)
തനിത്തങ്കമായിരുന്നവര്. പെണ്ണുകാണലിനും, വിവാഹമുറപ്പിക്കലിനും അവര്‍ വന്നിരുന്നില്ല. വിവാഹത്തിനും ആ കഥാപാത്രത്തെ കണ്ടിരുന്നില്ല. എന്നാല്‍ വലതുകാല്‍ വെച്ചുപടികയറിയപ്പ്പ്പോള്, രണ്ടു കയ്യും ചേര്‍ത്തു, നെഞ്ചോടടുക്കിപ്പിടിച്ച്, വരാന്തയില്‍ ചില്ലിട്ടുവെച്ചിരുന്ന ഫോട്ടോയിലേക്കു ചൂണ്ടിയവര് പറഞ്ഞു 'നിന്റെയപ്പച്ചനാണു" പിന്നീടെന്നെ അകത്തേക്കു കൊണ്ടുപോയി. ആ കൊണ്ടുപോക്ക് അവരുടെ ഹൃദയത്തിന്റെ ഏറ്റവുമുള്ളിലേക്കായിരുന്നു. എന്റെ മുത്തശ്ശിയെക്കാള് പ്രായമുണ്ടായിരുന്നു അവര്‍ക്കു. അവരുടെ വാര്ദ്ധ്യക്യകാല ബോണസ് ആയിട്ടായിരുന്നു എന്റെ ഭര്‍ത്താവിന്റെ ജനനം.
ആ വീടു കണ്ടചുരുക്കം ചില ബന്ധുക്കള്‍ രഹസ്യമായി പറഞ്ഞു ' പഴയ വീടാണു, ചെറിയ വീടാണു' എങ്കിലെന്ത്? എനിക്കിഷ്ടമായി. വീടിന്റെ ഇരുപുറവും നാട്ടുവഴികളാണു. ചുറ്റുവട്ടം അയല്കാരുണ്ട്. തൊടി നിറയെ മരങ്ങളുണ്ട്. മുറ്റത്തു പക്ഷെ ചെടികളില്ല. വിവാഹത്തെക്കുറിച്ചു ചിന്തകളുദിക്കുന്നതിനു മുന്‍പെ വിവാഹം കഴിഞ്ഞതുകൊണ്ടു സ്വപ്നങ്ങളൊന്നുമില്ലാതെ ദാമ്പത്യത്തിന്റെ യാഥാര്ത്യത്തിലേക്കാണു നേരെ കാലെടുത്തുവെച്ചത്.ഞാനും അദ്ദേഹവും, അമ്മയും മാത്രമുള്ള ചെറിയ വീട്ടില്‍ (അമ്മയുടെ ഭാഷയിലെ വല്ലവീട്ടിലും) എന്റെ സ്വപ്നങ്ങളുണര്ന്നു, ദാമ്പത്യം വിടര്‍ന്നു. നിമിഷം പോലും പിരിയില്ലന്നു കരുതിയ അഛനെ മറന്നു.
വീട്ടുജോലികളൊന്നുംവശമില്ലന്നറിഞ്ഞ് 'ഒന്നുംചെയ്തില്ലെങ്കിലും അമ്മയെചുറ്റിപറ്റി നിന്നാല്‍ മതി'യെന്നു അദ്ദേഹം ആശ്വസിപ്പിച്ചു. എനിക്കു പ്രിയപ്പെട്ട പലഹാരങ്ങള്‍ അമ്മയുണ്ടാക്കിത്തന്നു., ഞാന്‍ കഴിച്ച് ബാക്കി വെക്കുന്ന ഭക്ഷണം (സ്വന്തം അമ്മ ചെയ്തിരുന്നതു പോലെ) അവര്‍ കഴിച്ചു. ചെറിയജോലികള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു. മുറികള്‍ തൂത്തുവാരി. ചുക്കിലിയടിച്ചു. ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കി. പൈപ്പ്കണക്ഷന്‍ ഇല്ലാത്ത വീട്ടിലെ ആഴമുള്ള കിണറ്റില്‍ നിന്നു വെള്ളം വലിച്ച് കൈവെള്ള ചുവന്നു. ഗ്യാസടുപ്പില്ലാത്ത അടുക്കളയില്‍ അമ്മയില്ലാതിരുന്ന ഒന്നോ രണ്ടോ വേളകളില്‍ അയല്‍വക്കത്തുനിന്ന് ശാന്തയെ വിളിച്ച് തീ കത്തിച്ചു. (എന്തിനാണീ അറിയാത്ത പണികള്‍ക്ക് നില്‍ക്കുന്നതെന്ന് അമ്മയിടക്കിടെ പറഞ്ഞുകൊണ്ടിരുന്നു).
മുറ്റത്ത് ചെടികള്‍ വെച്ചു.ഞങ്ങളുടെ കിടപ്പുമുറിയുടെ ജനാലക്കു താഴെ മുറ്റത്ത് മുല്ല നട്ടു. പില്ക്കാലത്ത് അത് ജനാലക്കുള്ളിലേക്കു പടര്‍ന്ന് കിടപ്പറയിലേക്ക് രാത്രികാലങ്ങളില്‍ പൂവു പൊഴിക്കുമെന്നു സ്വപ്നം കണ്ടു.
നാടു തെണ്ടിയോടി വരുന്ന കാറ്റു കയറിവിശ്രമിക്കുന്ന കോലായിലിരുന്ന് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനെ (എന്റെ അമ്മയിയഛന്‍) കുറിച്ച് പറഞ്ഞിട്ടൊന്നും തീരാതെ അവരിരുന്നു. കേട്ടുതീരാതെ ഞാനുമിരുന്നു. അവര്‍ ചിരിക്കുകയോ കരയുകയോ ചെയ്യുന്നതു കണ്ടിട്ടില്ല. നിര്‍മലമായ തടാകത്തിന്റെ സ്വഛതയോടെ, സ്ത്രീയെന്നാല്‍ ഇങ്ങനെയായിരിക്കണമെന്നോര്‍മ്മിപ്പിച്ച് അവരാ വീടിന്റെ സകലദിക്കിലും വ്യാപിച്ചു നിന്നു.
വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനാല തുറന്നാല്‍ പൊതുജനത്തിന്നുള്ള വെള്ളത്തിന്റെ പൈപ്പ് കാണാം. വെളുപ്പിനു മുതല്‍ വെള്ളമെടുക്കാന്‍ വരുന്നവരുടെ കലപിലയും, പുരുഷന്മാരുടെ കുളിസീനുകളും, പശുവിനെകുളിപ്പിക്കലുകളും, യൗവ്വനക്കാരുടെ അത്യാവശ്യം പ്രേമസല്ലാപങ്ങളും കൊണ്ടു ആ ചുറ്റുവട്ടം സജ്ജീവമാണു.
സ്കൂളുകള്‍, കോളജ്, റെയില്വെസ്റ്റേഷന്, തുടങ്ങി എല്ലാവിധസംവിധാനങ്ങളും കൈയെത്തുന്നയകലത്തിലുണ്ട്. ചേച്ചിമാരുടെ മക്കള്‍ കൂടാതെ ബന്ധത്തിലും, സ്നേഹത്തിലുംപെട്ട പലകുട്ടികളും (എന്റെ അനിയനുള്‍പ്പെടെ) അവിടെ താമസിച്ചു വിദ്യാഭ്യാസം ചെയ്തു.
ആക്കാലത്താണു പൈപ്പുചുവടിനു മുകളിലത്തെ വീട്ടില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടെന്നു അറിയിച്ച് ജനാലക്കരികെയുള്ള കട്ടിലില്‍ അവന് (അനിയന്) സ്ഥിരവാസമാക്കിയത്. രാവിലെ കുളിച്ച്, മുടിയഴിച്ചിട്ട്, പച്ചപ്പാവടയും വെള്ളബ്ലൗസുമിട്ട് സ്കൂളിലേക്കുപോകുന്ന അവളെ കണികണ്ട് ഉണര്‍ന്നാല്‍ ഐശ്വര്യമാണെന്ന് രഹസ്യം പറഞ്ഞു. ആ മുറിയിലെ തന്നെ മറ്റൊരു ജനാലതുറന്നാല്‍ കണ്ണന്റെ വീടാണു. അയാളുടെ പേരു കണ്ണന് എന്നല്ലന്നും അയാളുടെ ദൃഷ്ടിയെത്തുന്നിടം കരിഞ്ഞുവീഴുമെന്നും. കുടംവലിപ്പത്തിലുള്ള തേങ്ങകള്‍ കായ്ച്ചിരുന്ന ഒരു തെങ്ങിനെ നോക്കിയയാള്‍ കമന്റടിച്ചതില് പിന്നെയതില്‍ കുലകളുണ്ടായിട്ടില്ലന്നും ഞാനറിഞ്ഞു. അയാളെകണ്ട് ഒരുവഴിക്കിറങ്ങിയാല്‍ ആദിവസം തന്നെയില്ലതായിപോകുമെന്നു അനുഭവസ്ഥര്‍ പറഞ്ഞു. പരീക്ഷക്കു പോകുന്ന കുട്ടികള്‍ വഴിയിലൊന്നും അയാളില്ലയെന്നുറപ്പാക്കിയിട്ടേ വീട്ടില്‍ നിന്നിറങ്ങൂ.
കാലം നീങ്ങി. വീട്ടിലെ മക്കളെല്ലാം പലദിക്കില്‍ മനോഹരമായ വീടുകള്‍ പണിതു. തറവാടിനും അതു നില്ക്കുന്ന സ്ഥലത്തിനും ഭംഗി പോരായെന്നു തോന്നി, ഭര്‍ത്താവും വേറെ സ്ഥലം വാങ്ങി വീടു വെച്ചു. അമ്മ തനിച്ചായ വീടിന്റെ പല ഭാഗത്തും ചോര്‍ച്ച തുടങ്ങി. ഭിത്തികളില്‍ വിരല്‍കൊണ്ടമര്‍ത്തുന്നിടം കുഴിഞ്ഞു. ചിമ്മിനി ഇടിഞ്ഞു വീഴാറായി. കട്ടിലില്‍ മലര്‍ന്നു കിടന്നാല്‍ ഉത്തരത്തിലൂടെയോടുന്ന എലികളുടെ വെളുത്ത പള്ള കാണാം.
ഞങ്ങളുള്‍പ്പെടെയുള്ള മക്കള്‍ അവധിക്കെത്തുമ്പോള്‍ മാത്രം ശബ്ദമാനമാകുന്ന വീട്. എന്റെ മക്കളുടെ കുഞ്ഞുപാദങ്ങള്‍ ചരല്‍വിരിച്ച മുറ്റത്തു കാലു നൊന്തു ഓടിനടന്നു. ഉച്ച തിരിഞ്ഞു വെയിലാറുന്ന നേരങ്ങളില്‍ കുഞ്ഞു മകളെ മുറ്റത്തു വിരിച്ച പായില്‍ കിടത്തി അമ്മ താലോലിച്ച് ശലോമിയെന്നു പേരു വിളിച്ചു. ആ പഴയ പേരു കേട്ടു ഞങ്ങള്‍ തമാശയോടെ ചിരിച്ചു.
പിന്നീടു മക്കളെല്ലാം അവരെ മാറിമാറിയുപദേശിച്ചു. വയസായി വരിയാണെന്നോര്‍മ്മിപ്പിച്ചു. തന്നെയിവിടെ താമസിക്കരുത്, മക്കളുടെയാരുടെയെങ്കിലും കൂടെ വരൂ എന്നപേക്ഷിച്ചു. പക്ഷേ വീടു വിട്ടുപോവില്ലയെന്നയവരുടെ ശാഠ്യം ജയിച്ചു ജയിച്ചുനിന്നു. തീരെ ആകാതെ വന്നപ്പോള്‍ അടുത്തുള്ള മകളുടെ വീട്ടില്‍ താമസമാക്കി. എന്നിട്ടും ദിവസേന ഓട്ടോക്കാരനെ ഏര്‍പ്പാടാക്കി സ്വന്തം വീട്ടില്‍ വന്നു, അവിടെ തീ കത്തിച്ച് കാപ്പിയുണ്ടാക്കികുടിച്ചു, വീടും ചുറ്റുവട്ടവും ഓരോ മരങ്ങളും നിരീക്ഷിച്ച് തിരികെ പോകും. ക്ഷീണം പിന്നേയും കൂടിയപ്പ്പ്പോള്‍ വീടു പൂട്ടി താക്കോല്‍ അരയില്‍ കുത്തിയിട്ടു.
ആ വീട്ടില്‍ വളര്‍ന്നു വലുതായ ചെറുമക്കള്‍ വിവാഹിതരായി, വധുക്കളെയും കൂട്ടി ബാല്യം പട്ടം പറത്തിയ തറവാടു കാണിക്കാനെത്തി. പൂട്ടിയിട്ടവീടിന്റെ തുറന്നു കിടക്കുന്ന കോലയില്‍ ഇരുന്നു സ്വകാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ വീടു പൊളിക്കുമെന്നുറപ്പായപ്പ്പ്പോള്, ഞങ്ങളുടെ വീട്ടിനു അനുയോജ്യമെന്നുറപ്പായതൊക്കെ അവിടെയെത്തിച്ച്, ബാക്കി വന്ന കട്ടിലുകള്‍, കസേരകള്‍ അങ്ങനെ പലതും സ്വന്തം കയ്യാളുകള്‍ക്കു ദാനം ചെയ്തു തക്കോല് കൈമാറിയനേരത്ത് അവര്‍ക്കു എന്തായിരിക്കും തോന്നിയിരിക്കുക? ആ വീട്ടില്‍കിടന്നു മരിച്ചു ഭര്‍ത്താവിന്റെ പൊളിച്ചുമാറ്റാനാവാത്ത ഏതൊക്കെയോര്‍മകളുടെ ഉരുള്‍പൊട്ടലുകള്‍ ആ ഉള്ളില്‍ നടന്നിട്ടുണ്ടാവും?
6-7 കൊല്ലങ്ങള്‍ ആവീട്ടില്‍താമസിച്ചുപഠിച്ച എന്റെ അനന്തരവന്, വീടിന്റെ പുറം-അകം പൊരുളുകള്‍ നന്നായറിയാവുന്നവന്‍ സങ്കടത്തോടെ പറഞ്ഞു 'ഞാന്‍ കിടന്നിരുന്ന മുറിയിലെ ആണിയിന്മേല് കാമുകിയുടെ പേരു രഹസ്യമായി എഴുതിയിരുന്നു; അതു പോയിട്ടുണ്ടാവും അല്ലേ?'.
ഉവ്വ്, പോയിട്ടുണ്ടാവും. എല്ലാം പോയിട്ടുണ്ടാവും.
ഭര്‍ത്താവ് വീണ്ടും പണം സമ്പാദിക്കുന്നു. പെട്ടന്നുതന്നെ മറ്റൊരു വീടിനുവേണ്ടിയുള്ള ഉത്സാഹത്തിലാണു. കുറച്ചുനാള്‍കഴിഞ്ഞ് മനോഹരമായ ഒന്ന് അവിടെയുണ്ടാവും. പക്ഷെ പുതിയ വീടിന്റെ പടിഞ്ഞാറെ മുറിയില്‍കിടന്ന്, എന്റെ മകനു, അയലത്തെ സുന്ദരിമാരെ കാണാന്‍ പാകത്തിനു ജനാലയും കാമുകിയുടെ പേരുകൊത്താനുള്ള ആണികളുമുണ്ടാകുമോ?കുറുമ്പു കാട്ടിയോടിവരുന്ന കാറ്റിനുകയറിയൊളിക്കാന്‍ പാകത്തിനു ഇറയമുണ്ടാവുമോ? വരുന്ന ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന സ്നേഹത്തിന്റെ സമ്പന്നത അതിനുള്ളിലുണ്ടാവുമോ?
അതിനപ്പുറം അമ്മയുണ്ടാവുമോ? അറിയില്ല