അമ്മ വീടു വിട്ടു പോകുന്നു.


വെള്ളിയാഴ്ച്ചയായിരുന്നു അന്ന്.രാവിലെ പത്രം നിവര്ത്തിപിടിച്ചും, ടി.വി-യിലെ വാര്ത്തയിലേക്കു കണ്ണു തിരിച്ചും, അദ്ദേഹം അലസമായി പറഞ്ഞു ' അറിഞ്ഞോ? ഇന്നു നമ്മുടെ വീടു പൊളിക്കയാണു'. ഉള്ളില് ഒരാന്തല് ഉയര്ന്നു. പെട്ടന്നു ഞാനെഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അഴുക്കു പുരണ്ട പാത്രങ്ങള്ക്കു പുറമേ, കഴുകി കമഴ്ത്തിയിരുന്നവയും വീണ്ടും വീണ്ടും കഴുകിയിട്ടും കണ്ണീരടങ്ങുന്നില്ല. വര്ഷങ്ങളായി ആള്പാര്പ്പില്ലാതെ അടഞ്ഞു കിടന്നിരുന്ന വീട്. പഴുതാര, പാറ്റ, എലി, മുതലായവ കൂടാതെ പാമ്പു വരെയതിനുള്ളിലുണ്ടാന്നായിരുന്നു പറച്ചില്
ഓര്മ്മ വെച്ചിരുന്ന കാലം മുതല് അമ്മ പറഞ്ഞിരുന്നു. ' ഒറ്റമകളാണെന്ന കൊഞ്ചല് വേണ്ട, വല്ലവീട്ടിലും ചെന്നു കയറേണ്ട പെണ്ണാണു' വാല്സല്യം കോരിനിറച്ച് വളര്ത്തിയ അഛനും പറയുമായിരുന്നു. "അമ്മായിയമ്മേടെ കുത്തും വാങ്ങിയിങ്ങോട്ടു വന്നേക്കരുത്' . ആ പെണ്ണ് ചെന്നു കയറിയ വീടാണിപ്പോള് പൊളിക്കുന്നത്. അമ്മായിയമ്മ എന്ന് ഒരിക്കലും ഉച്ചരിക്കേണ്ടി വന്നിട്ടില്ല. (ആ പദം ഇവിടെയെഴുതുമ്പോള്പോലും അരുതായ്ക തോന്നുന്നുണ്ട്)
തനിത്തങ്കമായിരുന്നവര്. പെണ്ണുകാണലിനും, വിവാഹമുറപ്പിക്കലിനും അവര് വന്നിരുന്നില്ല. വിവാഹത്തിനും ആ കഥാപാത്രത്തെ കണ്ടിരുന്നില്ല. എന്നാല് വലതുകാല് വെച്ചുപടികയറിയപ്പ്പ്പോള്, രണ്ടു കയ്യും ചേര്ത്തു, നെഞ്ചോടടുക്കിപ്പിടിച്ച്, വരാന്തയില് ചില്ലിട്ടുവെച്ചിരുന്ന ഫോട്ടോയിലേക്കു ചൂണ്ടിയവര് പറഞ്ഞു 'നിന്റെയപ്പച്ചനാണു" പിന്നീടെന്നെ അകത്തേക്കു കൊണ്ടുപോയി. ആ കൊണ്ടുപോക്ക് അവരുടെ ഹൃദയത്തിന്റെ ഏറ്റവുമുള്ളിലേക്കായിരുന്നു. എന്റെ മുത്തശ്ശിയെക്കാള് പ്രായമുണ്ടായിരുന്നു അവര്ക്കു. അവരുടെ വാര്ദ്ധ്യക്യകാല ബോണസ് ആയിട്ടായിരുന്നു എന്റെ ഭര്ത്താവിന്റെ ജനനം.
ആ വീടു കണ്ടചുരുക്കം ചില ബന്ധുക്കള് രഹസ്യമായി പറഞ്ഞു ' പഴയ വീടാണു, ചെറിയ വീടാണു' എങ്കിലെന്ത്? എനിക്കിഷ്ടമായി. വീടിന്റെ ഇരുപുറവും നാട്ടുവഴികളാണു. ചുറ്റുവട്ടം അയല്കാരുണ്ട്. തൊടി നിറയെ മരങ്ങളുണ്ട്. മുറ്റത്തു പക്ഷെ ചെടികളില്ല. വിവാഹത്തെക്കുറിച്ചു ചിന്തകളുദിക്കുന്നതിനു മുന്പെ വിവാഹം കഴിഞ്ഞതുകൊണ്ടു സ്വപ്നങ്ങളൊന്നുമില്ലാതെ ദാമ്പത്യത്തിന്റെ യാഥാര്ത്യത്തിലേക്കാണു നേരെ കാലെടുത്തുവെച്ചത്.ഞാനും അദ്ദേഹവും, അമ്മയും മാത്രമുള്ള ചെറിയ വീട്ടില് (അമ്മയുടെ ഭാഷയിലെ വല്ലവീട്ടിലും) എന്റെ സ്വപ്നങ്ങളുണര്ന്നു, ദാമ്പത്യം വിടര്ന്നു. നിമിഷം പോലും പിരിയില്ലന്നു കരുതിയ അഛനെ മറന്നു.
വീട്ടുജോലികളൊന്നുംവശമില്ലന്നറിഞ്ഞ്‌ 'ഒന്നുംചെയ്തില്ലെങ്കിലും അമ്മയെചുറ്റിപറ്റി നിന്നാല്‍ മതി'യെന്നു അദ്ദേഹം ആശ്വസിപ്പിച്ചു. എനിക്കു പ്രിയപ്പെട്ട പലഹാരങ്ങള്‍ അമ്മയുണ്ടാക്കിത്തന്നു., ഞാന്‍ കഴിച്ച്‌ ബാക്കി വെക്കുന്ന ഭക്ഷണം (സ്വന്തം അമ്മ ചെയ്തിരുന്നതു പോലെ) അവര്‍ കഴിച്ചു. ചെറിയജോലികള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു. മുറികള്‍ തൂത്തുവാരി. ചുക്കിലിയടിച്ചു. ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കി. പൈപ്പ്‌കണക്ഷന്‍ ഇല്ലാത്ത വീട്ടിലെ ആഴമുള്ള കിണറ്റില്‍ നിന്നു വെള്ളം വലിച്ച്‌ കൈവെള്ള ചുവന്നു. ഗ്യാസടുപ്പില്ലാത്ത അടുക്കളയില്‍ അമ്മയില്ലാതിരുന്ന ഒന്നോ രണ്ടോ വേളകളില്‍ അയല്‍വക്കത്തുനിന്ന് ശാന്തയെ വിളിച്ച്‌ തീ കത്തിച്ചു. (എന്തിനാണീ അറിയാത്ത പണികള്‍ക്ക്‌ നില്‍ക്കുന്നതെന്ന് അമ്മയിടക്കിടെ പറഞ്ഞുകൊണ്ടിരുന്നു).
മുറ്റത്ത്‌ ചെടികള്‍ വെച്ചു.ഞങ്ങളുടെ കിടപ്പുമുറിയുടെ ജനാലക്കു താഴെ മുറ്റത്ത്‌ മുല്ല നട്ടു. പില്‍ക്കാലത്ത്‌ അത്‌ ജനാലക്കുള്ളിലേക്കു പടര്‍ന്ന് കിടപ്പറയിലേക്ക്‌ രാത്രികാലങ്ങളില്‍ പൂവു പൊഴിക്കുമെന്നു സ്വപ്നം കണ്ടു.
നാടു തെണ്ടിയോടി വരുന്ന കാറ്റു കയറിവിശ്രമിക്കുന്ന കോലായിലിരുന്ന് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനെ (എന്റെ അമ്മയിയഛന്‍) കുറിച്ച്‌ പറഞ്ഞിട്ടൊന്നും തീരാതെ അവരിരുന്നു. കേട്ടുതീരാതെ ഞാനുമിരുന്നു. അവര്‍ ചിരിക്കുകയോ കരയുകയോ ചെയ്യുന്നതു കണ്ടിട്ടില്ല. നിര്‍മലമായ തടാകത്തിന്റെ സ്വഛതയോടെ, സ്ത്രീയെന്നാല്‍ ഇങ്ങനെയായിരിക്കണമെന്നോര്‍മ്മിപ്പിച്ച്‌ അവരാ വീടിന്റെ സകലദിക്കിലും വ്യാപിച്ചു നിന്നു.
വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനാല തുറന്നാല്‍ പൊതുജനത്തിന്നുള്ള വെള്ളത്തിന്റെ പൈപ്പ്‌ കാണാം. വെളുപ്പിനു മുതല്‍ വെള്ളമെടുക്കാന്‍ വരുന്നവരുടെ കലപിലയും, പുരുഷന്മാരുടെ കുളിസീനുകളും, പശുവിനെകുളിപ്പിക്കലുകളും, യൗവ്വനക്കാരുടെ അത്യാവശ്യം പ്രേമസല്ലാപങ്ങളും കൊണ്ടു ആ ചുറ്റുവട്ടം സജ്ജീവമാണു.
സ്കൂളുകള്‍, കോളജ്‌, റെയില്‍വെസ്റ്റേഷന്‍, തുടങ്ങി എല്ലാവിധസംവിധാനങ്ങളും കൈയെത്തുന്നയകലത്തിലുണ്ട്‌. ചേച്ചിമാരുടെ മക്കള്‍ കൂടാതെ ബന്ധത്തിലും, സ്നേഹത്തിലുംപെട്ട പലകുട്ടികളും (എന്റെ അനിയനുള്‍പ്പെടെ) അവിടെ താമസിച്ചു വിദ്യാഭ്യാസം ചെയ്തു.
ആക്കാലത്താണു പൈപ്പുചുവടിനു മുകളിലത്തെ വീട്ടില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടെന്നു അറിയിച്ച്‌ ജനാലക്കരികെയുള്ള കട്ടിലില്‍ അവന്‍ (അനിയന്‍) സ്ഥിരവാസമാക്കിയത്‌. രാവിലെ കുളിച്ച്‌, മുടിയഴിച്ചിട്ട്‌, പച്ചപ്പാവടയും വെള്ളബ്ലൗസുമിട്ട്‌ സ്കൂളിലേക്കുപോകുന്ന അവളെ കണികണ്ട്‌ ഉണര്‍ന്നാല്‍ ഐശ്വര്യമാണെന്ന് രഹസ്യം പറഞ്ഞു. ആ മുറിയിലെ തന്നെ മറ്റൊരു ജനാലതുറന്നാല്‍ കണ്ണന്റെ വീടാണു. അയാളുടെ പേരു കണ്ണന്‍ എന്നല്ലന്നും അയാളുടെ ദൃഷ്ടിയെത്തുന്നിടം കരിഞ്ഞുവീഴുമെന്നും. കുടംവലിപ്പത്തിലുള്ള തേങ്ങകള്‍ കായ്ച്ചിരുന്ന ഒരു തെങ്ങിനെ നോക്കിയയാള്‍ കമന്റടിച്ചതില്‍ പിന്നെയതില്‍ കുലകളുണ്ടായിട്ടില്ലന്നും ഞാനറിഞ്ഞു. അയാളെകണ്ട്‌ ഒരുവഴിക്കിറങ്ങിയാല്‍ ആദിവസം തന്നെയില്ലതായിപോകുമെന്നു അനുഭവസ്ഥര്‍ പറഞ്ഞു. പരീക്ഷക്കു പോകുന്ന കുട്ടികള്‍ വഴിയിലൊന്നും അയാളില്ലയെന്നുറപ്പാക്കിയിട്ടേ വീട്ടില്‍ നിന്നിറങ്ങൂ.
കാലം നീങ്ങി. വീട്ടിലെ മക്കളെല്ലാം പലദിക്കില്‍ മനോഹരമായ വീടുകള്‍ പണിതു. തറവാടിനും അതു നില്‍ക്കുന്ന സ്ഥലത്തിനും ഭംഗി പോരായെന്നു തോന്നി, ഭര്‍ത്താവും വേറെ സ്ഥലം വാങ്ങി വീടു വെച്ചു. അമ്മ തനിച്ചായ വീടിന്റെ പല ഭാഗത്തും ചോര്‍ച്ച തുടങ്ങി. ഭിത്തികളില്‍ വിരല്‍കൊണ്ടമര്‍ത്തുന്നിടം കുഴിഞ്ഞു. ചിമ്മിനി ഇടിഞ്ഞു വീഴാറായി. കട്ടിലില്‍ മലര്‍ന്നു കിടന്നാല്‍ ഉത്തരത്തിലൂടെയോടുന്ന എലികളുടെ വെളുത്ത പള്ള കാണാം.
ഞങ്ങളുള്‍പ്പെടെയുള്ള മക്കള്‍ അവധിക്കെത്തുമ്പോള്‍ മാത്രം ശബ്ദമാനമാകുന്ന വീട്‌. എന്റെ മക്കളുടെ കുഞ്ഞുപാദങ്ങള്‍ ചരല്‍വിരിച്ച മുറ്റത്തു കാലു നൊന്തു ഓടിനടന്നു. ഉച്ച തിരിഞ്ഞു വെയിലാറുന്ന നേരങ്ങളില്‍ കുഞ്ഞു മകളെ മുറ്റത്തു വിരിച്ച പായില്‍ കിടത്തി അമ്മ താലോലിച്ച്‌ ശലോമിയെന്നു പേരു വിളിച്ചു. ആ പഴയ പേരു കേട്ടു ഞങ്ങള്‍ തമാശയോടെ ചിരിച്ചു.
പിന്നീടു മക്കളെല്ലാം അവരെ മാറിമാറിയുപദേശിച്ചു. വയസായി വരിയാണെന്നോര്‍മ്മിപ്പിച്ചു. തന്നെയിവിടെ താമസിക്കരുത്‌, മക്കളുടെയാരുടെയെങ്കിലും കൂടെ വരൂ എന്നപേക്ഷിച്ചു. പക്ഷേ വീടു വിട്ടുപോവില്ലയെന്നയവരുടെ ശാഠ്യം ജയിച്ചു ജയിച്ചുനിന്നു. തീരെ ആകാതെ വന്നപ്പോള്‍ അടുത്തുള്ള മകളുടെ വീട്ടില്‍ താമസമാക്കി. എന്നിട്ടും ദിവസേന ഓട്ടോക്കാരനെ ഏര്‍പ്പാടാക്കി സ്വന്തം വീട്ടില്‍ വന്നു, അവിടെ തീ കത്തിച്ച്‌ കാപ്പിയുണ്ടാക്കികുടിച്ചു, വീടും ചുറ്റുവട്ടവും ഓരോ മരങ്ങളും നിരീക്ഷിച്ച്‌ തിരികെ പോകും. ക്ഷീണം പിന്നേയും കൂടിയപ്പ്പ്പോള്‍ വീടു പൂട്ടി താക്കോല്‍ അരയില്‍ കുത്തിയിട്ടു.
ആ വീട്ടില്‍ വളര്‍ന്നു വലുതായ ചെറുമക്കള്‍ വിവാഹിതരായി, വധുക്കളെയും കൂട്ടി ബാല്യം പട്ടം പറത്തിയ തറവാടു കാണിക്കാനെത്തി. പൂട്ടിയിട്ടവീടിന്റെ തുറന്നു കിടക്കുന്ന കോലയില്‍ ഇരുന്നു സ്വകാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ വീടു പൊളിക്കുമെന്നുറപ്പായപ്പ്പ്പോള്, ഞങ്ങളുടെ വീട്ടിനു അനുയോജ്യമെന്നുറപ്പായതൊക്കെ അവിടെയെത്തിച്ച്‌, ബാക്കി വന്ന കട്ടിലുകള്‍, കസേരകള്‍ അങ്ങനെ പലതും സ്വന്തം കയ്യാളുകള്‍ക്കു ദാനം ചെയ്തു തക്കോല്‍ കൈമാറിയനേരത്ത്‌ അവര്‍ക്കു എന്തായിരിക്കും തോന്നിയിരിക്കുക? ആ വീട്ടില്‍കിടന്നു മരിച്ചു ഭര്‍ത്താവിന്റെ പൊളിച്ചുമാറ്റാനാവാത്ത ഏതൊക്കെയോര്‍മകളുടെ ഉരുള്‍പൊട്ടലുകള്‍ ആ ഉള്ളില്‍ നടന്നിട്ടുണ്ടാവും?
6-7 കൊല്ലങ്ങള്‍ ആവീട്ടില്‍താമസിച്ചുപഠിച്ച എന്റെ അനന്തരവന്‍, വീടിന്റെ പുറം-അകം പൊരുളുകള്‍ നന്നായറിയാവുന്നവന്‍ സങ്കടത്തോടെ പറഞ്ഞു 'ഞാന്‍ കിടന്നിരുന്ന മുറിയിലെ ആണിയിന്മേല്‍ കാമുകിയുടെ പേരു രഹസ്യമായി എഴുതിയിരുന്നു; അതു പോയിട്ടുണ്ടാവും അല്ലേ?'.
ഉവ്വ്‌, പോയിട്ടുണ്ടാവും. എല്ലാം പോയിട്ടുണ്ടാവും.
ഭര്‍ത്താവ്‌ വീണ്ടും പണം സമ്പാദിക്കുന്നു. പെട്ടന്നുതന്നെ മറ്റൊരു വീടിനുവേണ്ടിയുള്ള ഉത്സാഹത്തിലാണു. കുറച്ചുനാള്‍കഴിഞ്ഞ്‌ മനോഹരമായ ഒന്ന് അവിടെയുണ്ടാവും. പക്ഷെ പുതിയ വീടിന്റെ പടിഞ്ഞാറെ മുറിയില്‍കിടന്ന്, എന്റെ മകനു, അയലത്തെ സുന്ദരിമാരെ കാണാന്‍ പാകത്തിനു ജനാലയും കാമുകിയുടെ പേരുകൊത്താനുള്ള ആണികളുമുണ്ടാകുമോ?കുറുമ്പു കാട്ടിയോടിവരുന്ന കാറ്റിനുകയറിയൊളിക്കാന്‍ പാകത്തിനു ഇറയമുണ്ടാവുമോ? വരുന്ന ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന സ്നേഹത്തിന്റെ സമ്പന്നത അതിനുള്ളിലുണ്ടാവുമോ?
അതിനപ്പുറം അമ്മയുണ്ടാവുമോ? അറിയില്ല

36 comments:

ദേവസേന said...

എങ്ങുമെങ്ങുമെത്താത്ത ഓര്‍മ്മകളുടെ കടലില്‍ നിന്ന് പെറുക്കിയെടുത്ത എന്തൊക്കെയോ കുറച്ച്‌-

ഗുപ്തന്‍ said...
This comment has been removed by the author.
അനിലൻ said...

എലികള്‍ വെളുത്ത പള്ള കാണിച്ച് കഴുക്കോലുകള്‍ക്കിടയിലൂടെ ഓടുന്ന പഴയ വീടും, പുളിയുറുമ്പുകള്‍ നിറഞ്ഞ കശുമാവും മുറ്റത്തുണ്ടായിരുന്ന പിച്ചകക്കൂട്ടവും ഓര്‍മ്മ വന്നു. സങ്കടവും.

ഗുപ്തന്‍ said...

ഒരു പക്ഷേ ഒരു സ്ത്രീക്ക് മാത്രം കാണാന്‍ പറ്റുന്ന ജീവിതം... ഒരുപാട് കഥകളെക്കാള്‍ കവിതകളെക്കാള്‍ സുന്ദരമായ ജീവിതത്തിന്റെ ഒരേട്... പങ്കുവച്ചതിനു നന്ദി ദേവസേന.

ആ അമ്മക്ക് മനസ്സുകൊണ്ടൊരു പ്രണാമം...
ധന്യമായ എഴുത്തിനും....

ഓഫ്ഫ്. ഒരു കമന്റിന്റെ പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടൂന്ന് കണ്ടാല്‍ അതൊന്ന് ഡിലീറ്റ് ചെയ്ത് തന്ന് സഹായിച്ചൂടേ റ്റീച്ചറേ...വെറുതെ മനുഷ്യനെ ചമ്മിക്കാതെ...

G.MANU said...

nice narration

e-Yogi e-യോഗി said...

ഞങ്ങളുടെ കിടപ്പുമുറിയുടെ ജനാലക്കു താഴെ മുറ്റത്ത്‌ മുല്ല നട്ടു. പില്‍ക്കാലത്ത്‌ അത്‌ ജനാലക്കുള്ളിലേക്കു പടര്‍ന്ന് കിടപ്പറയിലേക്ക്‌ രാത്രികാലങ്ങളില്‍ പൂവു പൊഴിക്കുമെന്നു സ്വപ്നം കണ്ടു.....
മനോഹരമായൊരു സ്വപ്നം. നന്നായിരിക്കുന്നു ദേവ.

Pramod.KM said...

ദേവസേന ചേച്ചീ.
പരുത്ത പ്രതലത്തിലൂടെ ഒലിച്ചു വരുന്ന വാക്കുകള്‍, കഥയെ പൂറ്ണ്ണമായും ആസ്വാദ്യകരമാക്കുന്നു.;)

അപ്പൂസ് said...

ഇഷ്ടമായി..

അപ്പു ആദ്യാക്ഷരി said...

പുതിയ വീടിന്റെ പടിഞ്ഞാറെ മുറിയില്‍കിടന്ന്, എന്റെ മകനു, അയലത്തെ സുന്ദരിമാരെ കാണാന്‍ പാകത്തിനു ജനാലയും കാമുകിയുടെ പേരുകൊത്താനുള്ള ആണികളുമുണ്ടാകുമോ?കുറുമ്പു കാട്ടിയോടിവരുന്ന കാറ്റിനുകയറിയൊളിക്കാന്‍ പാകത്തിനു ഇറയമുണ്ടാവുമോ? വരുന്ന ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന സ്നേഹത്തിന്റെ സമ്പന്നത അതിനുള്ളിലുണ്ടാവുമോ?
അതിനപ്പുറം അമ്മയുണ്ടാവുമോ?

ഒത്തിരി ഇഷ്ടമായി ഈ കഥ.

മനോജ് കുമാർ വട്ടക്കാട്ട് said...

അങ്ങ്‌ നാട്ടില്‍, കളിച്ച്‌ വളര്‍ന്ന വീട്‌ പൊളിക്കുന്ന ദിവസം ഇവിടെ ഓഫീസില്‍ ഇരുന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നു, ചായ്പില്‍ പഠിക്കാനെന്ന വ്യാജേനെ അപ്പുറത്തെ വീട്ടില്‍ വിരുന്നു വന്ന പെണ്‍കുട്ടിയെ നോക്കിയിരുന്നത്‌, മേളിലത്തെ നിലയിലെ എന്റെ മുറിയിലെ ജനലരികിലേയ്ക്ക്‌ വളര്‍ന്ന് നില്‍ക്കുന്ന മാവില്‍ നിന്നും കയ്യെത്തി മാങ്ങ പറിക്കുന്നത്‌....

പിന്നെയും ഒരുപാടൊരുപാട്‌ ഓര്‍മ്മകള്‍.

(ദേവസേന, നല്ല കുറിപ്പ്‌)

മുല്ലപ്പൂ said...

ദേവാ,
നല്ല പോസ്റ്റ്.
ജനാലക്കരുകില്‍ മുല്ല നട്ടിരുന്നു ഞാനും :)

Dinkan-ഡിങ്കന്‍ said...

നമ്മള്‍ ഉപേക്ഷിച്ച് പോകുന്ന വീടാണ് അമ്മ

ഗുപ്തന്‍ said...

കണ്ടാ കണ്ടാ... ഡിങ്കനുവരെ കവിത വന്നു.. ഇതാണ് ദേവസേനാ ഇഫ്ഫക്റ്റ്

blesson said...

hooooo!!!!!!!!! nenchu vingunnu..aa amma...ellarkkum swantham pola avar prasavikkathavarkkum....oru tharavadinte motham nenchidippu ithilundu..pinne arthamillathe poya ente kaumara sankalpathinte sundharamaya unarthalum...., kayyil pidicha kallanum,krithyamai focus cheyyunna adukkalayude kilivathilum...pathi polinga ku;imuri vathilum......iniyumundu athil...


Athinappuram ammayundakumo? ithilum nalla oru vari ithu avasanippichu parayan illa...athe aa amma thanne athinte aadyavum...andyayvum..
gambhheram...Nandhi undu orupadu...orma aayi manasil kidakkan ee varikalkku kazhiyum...marichalum marayatha ormayai.."ashwasathode" paranju kodukkan....

Kuzhur Wilson said...

“കഴുകി കമഴ്ത്തിയിരുന്നവയും വീണ്ടും വീണ്ടും കഴുകിയിട്ടും കണ്ണീരടങ്ങുന്നില്ല.“

ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് വിചാരിക്കുന്നു.

നഷ്ടപ്പെടുമ്പോള്‍ മാത്രം തിരിച്ചറിയപ്പെടുന്ന ചിലതുണ്ട്. അതു ശക്തമായി ഓറ്മ്മിപ്പിച്ചു ഈ കുറിപ്പു. ചിലയിടങ്ങളില്‍ മാധവിക്കുട്ടിയെ മണത്തുവെങ്കിലും.

ഇതു പോലൊരു അമ്മ കുഴൂരിലും ഉണ്ടു.പശുവിന്‍റെ ഭാഷ എല്ലാം അറിയുന്ന ഒരാള്‍.

ഓ:ട്ടോ
സ്ഥലം: അബുദാബി
ഇതു എഴുതിയിരിക്കുന്ന ആള്‍ കവിതക്കുള്ള വടകര nri പുരസ്ക്കാരം വാങ്ങിക്കുന്നു.

പുറകില്‍ നിന്നു ഒരു കൂവല്‍. തിരിഞ്ഞു നോക്കുമ്പോള്‍ ബോയ് കട്ട് അടിച്ച 2 പെണ്‍കുട്ടികള്‍ (ബോയ് കട്ട് എന്ന പ്രയോഗത്തിനു പെണ്പക്ഷ വാദികള്‍ പൊറുക്കുക.

ദേവസേനയുടെ മക്കള്‍ തന്നെയായിരുന്നു അതു.
അതു കഴിഞ്ഞ് പിള്ളേര്‍ പറഞ്ഞു. അമ്മയെ ഞങ്ങള്‍ അല്ലാതെ ആരു കൂവും എന്നു. അമ്മ-മക്കള്‍ ബന്ധത്തിന്‍റെ വളരെ പ്രസരിപ്പാര്‍ന്ന ഒരു ചിത്രം അന്നു ഉള്ളില്‍ പതിഞ്ഞു ,ഇതു പോലെ തന്നെ

കുറുമാന്‍ said...

ദേവസേനാ........മനോഹരമായി എഴുതിയിരിക്കുന്നു. ഓരോ വരികളും ഒരു ചിത്രമായി ഉള്ളില്‍ കാണാന്‍ കഴിയുന്നു. അമ്മായിയമ്മ = അമ്മയേക്കാള്‍ പ്രിയമാവുന്ന സന്ദര്‍ഭവം വിരളമാണെങ്കിലും അങ്ങിനേയും സംഭവിക്കാറുണ്ട്. കവിത, കഥ, രണ്ടിലും താന്‍ മികവ് തെളിയിച്ചിരിക്കുന്നു. ഉച്ചയുറക്കം വെടിഞ്ഞ് എഴുതൂ.....വായിക്കാന്‍ കാത്തിരിക്കുന്നവര്‍ നിരവധി.

പട്ടേരി l Patteri said...

:(
nice writing....
raavilethanne ithuvaayichappOl sankatam vannu :((
-- aa kuzhoor aaNu kaaraNakkaaran..addhEhathinte mailil ooteyaaNu ivite veendum ethiyathu..
keep writing
qw_er_ty

റോമി said...

ഓര്‍മ്മകള്‍ക്കു മരണമില്ലെന്നു വീണ്ടും നമ്മേ ഓര്‍പ്പിക്കുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പു..ദേവമഴ പെയ്തിറങ്ങട്ടെ...ഇനിയും...ഇനിയും...ആശംസകള്‍..

Sandeep V said...

രാവിലെ കുളിച്ച്‌, മുടിയഴിച്ചിട്ട്‌, പച്ചപ്പാവാടയും വെള്ള ബ്ലസുമിട്ട്‌ സ്കൂളിലേക്കു പോകുന്നവള്‍...
...
...
പരിചയപ്പെടല്‍... റെസ്റ്റോറന്റിലേക്കൊരു ക്ഷണം... റൂമില്‍ രണ്ട്‌ പെഗ്‌ വോഡ്ക...
കാമുകിയും ഗേള്‍ഫ്രണ്ടും തമ്മിലുള്ള വ്യത്യാസം...

പേനകൊണ്ട്‌ ഹൃദയത്തില്‍ കുത്താന്‍ നന്നായി അറിയാമല്ലേ...

[ nardnahc hsemus ] said...

really nice, good plot...
dil maange more!!!

വിനയന്‍ said...

ദേവ:വിജയീഭവ.

എന്നെ കരയിപ്പിച്ചേ അടങ്ങൂ അല്ലെ.മുട്ടില്ലാതെ പാലും വെണ്ണയുമ്മൊക്കെ തന്നിരുന്നപൂവാലി പശുവിനെ കണ്ടില്ല.മൂന്നാള്‍ ഉയരത്തിലുള്ള വൈക്കോല്‍ തുറു കാറ്റില്‍ ഇളകി വീഴാതിരിക്കാന്‍ പറമ്പിലെ തേങ്ങിനോടു ചേറ്ത്തു കെട്ടിയ കയറിലൂടെ ഓടുന്ന അണ്ണാറകണ്ണനെയും കണ്ടില്ല.നൈരാശ്യം പൂണ്ടു പൊടിമണ്ണീല്‍ ചിതറി കിടക്കുന്ന കണ്ണിമാങ്ങകള്‍ എവിടെ ?

P.Jyothi said...

വായിച്ചു .വിശദമായിത്തന്നെ. അതിലേറെ വിസ്തരിച്ച്‌ ഓര്‍ക്കുകയും ചെയ്തു ...മറ്റൊരു അമ്മായി അമ്മയെ.

Ajith Polakulath said...

ദെവസേന.. എന്റെ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാ‍ന്‍
സഹായിക്കുന്നു..
കിടപ്പുമുറിയിലേക്ക് വളര്‍ന്നു വരും എന്ന് കരുതി മുല്ലപ്പുവള്ളികള്‍ നട്ടതും മറ്റും.

ഇവിടെ പ്രതീക്ഷയുടെ തിരികത്തിച്ചുള്ള കഥയരങ്ങേറ്റം മനസ്സിന്റെ തിരശ്ശീലക്കു പിന്നിലുള്ള സ്വപ്നങ്ങളായി മാറ്റുന്നു അല്ലേ?

ഞാന്‍ ഈ കഴിഞ്ഞ തവണ നാട്ടില്‍ എത്തിയപ്പോള്‍ വീടിനു തെക്കേ വശത്തുള്ള പ്രിയ്യൂര്‍ മാവില്‍ ഇത്തിക്കണ്ണി പിടിച്ചിരിക്കുന്നുവെന്നും.. അത് വെട്ടി
വിറകാക്കാനും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല..അല്ല എന്റെ ബാല്യകാലം സമ്മതിച്ചില്ല എന്നു പറയുന്നതാവും ശരി. എത്രയോ സ്കൂളവധികള്‍ ആ മാവിന്‍ കൊമ്പിലും താഴെയുമായ് കഴിച്ചുകൂട്ടിയിരിക്കുന്നു.
എത്രയോ കിളികള്‍ കൂടുകൂട്ടിയിരുന്നു അതില്‍..

“മാമ്പൂ പൂത്തു
ഫലം കായ്ച്ചു
തുടുത്തു പഴുത്തു
കവിളുകളും തുടുത്തു
മാഞ്ചുവയുള്ള
നാക്കുകള്‍ പരസ്പരം
നുഴഞ്ഞു പിഴഞ്ഞു

മാമ്പൂ പൂത്തില്ല
കവിളുകളും തുടുത്തില്ല
വെട്ടി വിറകാക്കിടും
കായക്കാത്ത മാവിനെ“

ഇവിടെ മനുഷ്യന്റെ സ്വര്‍ത്ഥതയെ നേരിട്ടു കാണാം..
ഫലം കായ്കാത്ത മരം വെട്ടിമാറ്റുന്ന ശൈലി നമ്മുടെ ജീവിതത്തിലും ഇല്ലേ????

നല്ല വരികള്‍..
നന്ദിയുണ്ട് ദേവസേനാ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ആകെപ്പാടെ ചിണുങ്ങിയും മൂക്കു പിടിച്ചും നില്‍ക്കുന്ന കമന്റുകള്‍.. സംഭവം കൊള്ളാം എന്നാലും എല്ലാരും ഇങ്ങനെ മൂഡ് ഔട്ടായിരുന്നലൊ?

“എന്റെ മകനു, അയലത്തെ സുന്ദരിമാരെ കാണാന്‍ പാകത്തിനു ജനാലയും കാമുകിയുടെ പേരുകൊത്താനുള്ള ആണികളുമുണ്ടാകുമോ“

ഇതു കൊള്ളാം എന്നാ നല്ല അമ്മ!!!!-- ബാച്ചി ക്ലബ്ബിന്റെ വഹ ഈ മാതൃ ദിനത്തിലെ മികച്ച അമ്മ പുരസ്കാരം തരട്ടേ??

Siji vyloppilly said...

ഈ കുറിപ്പെന്നല്ല ബ്ലോഗു തന്നെ ആദ്യായിട്ടാണ്‌വായിക്കുന്നത്‌, ഇനിയും മുഴുവനായും വായിച്ചു തീര്‍ന്നിട്ടില്ല.കെ. ആര്‍ മീരയുടെ കഥകള്‍ ആദ്യായിട്ടു വായിച്ചപ്പോള്‍ മനസ്സു പറഞ്ഞു 'ഇവള്‍ കലക്കും' എന്ന്..ബ്ലോഗില്‍ ഇവിടെ വന്ന് ഇതെല്ലാം വായിച്ചപ്പോള്‍ തോന്നി 'പെണ്ണെഴുതുന്നെങ്കില്‍ ഇങ്ങനെയാകണം എന്ന്' . പെണ്ണെഴുത്തിന്‌ പുതിയ മാനങ്ങള്‍ ചമയ്ക്കുന്നു നിങ്ങളുടെ എഴുത്ത്‌. ആശംസകള്‍..
സിജി

കുട്ടന്‍സ്‌ | S.i.j.i.t.h said...

" കട്ടിലില്‍ മലര്‍ന്നു കിടന്നാല്‍ ഉത്തരത്തിലൂടെയോടുന്ന എലികളുടെ വെളുത്ത പള്ള കാണാം. "
പഴയ ഒരു മുറിയും, മുറിക്കുള്ളില്‍ ഓട് കീറിവീഴുന്ന നിലാവെളിച്ചത്തില്‍ എലികളുടെ സ്വകാര്യസംഭാഷണം കാതോര്‍ത്ത് ഉറക്കമിളച്ച് കിടന്നതും ഒക്കെ ഓര്‍ത്തുപോയി..

നന്നായിട്ടുണ്ട്...

Dinkan-ഡിങ്കന്‍ said...

ദേവസേനേച്ച്യേയ്..ഒഫാണെ

സിജിച്ചേച്ച്യേയ്.. ഇവിടേം കാറ്റഗറൈസേഷന്‍ വേണോ? വേട്ടാളന്‍ പോറ്റിയ പുഴു ആക്കണോ
:) :) :) ദേ കിടക്കണ് മൂന്ന് സ്മൈലി.

നല്ല എഴുത്ത് എന്നു പറഞ്ഞാല്‍ പൊരേ എന്തിനാ “പെണ്ണെഴുത്ത്” എന്ന് നാഴികയ്ക്ക് ഫോര്‍ട്ടി ടൈംസ് ഇങ്ങനെ റിപ്പീറ്റഡിക്കണോ?
:) <---- ദേ വീണ്ടും സ്മൈലി

ഗുപ്തന്‍ said...

ഡിങ്കോ.. ഇതു വിട്ടേക്കാം എന്നാ എനിക്ക് തോന്നിയത്. ‘പെണ്ണെഴുത്ത്’ എന്നതിന് അന്തസ്സുള്ള അര്‍ത്ഥമുണ്ടെങ്കില്‍ അതു ചേരുന്നത് ദേവസേനയുടെ എഴുത്തിനാ‍ണ്. മനുഷ്യവര്‍ഗത്തെ വെട്ടിമുറിക്കാത്ത അതേസമയം സ്വന്തം സ്ത്രീസ്വത്വത്തോട് 100% ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ഉള്ള എഴുത്ത്. ഈ പേജുകളില്‍ ഒരിക്കലും ഒരു സെക്സ് കോന്‍ഫ്ലിക്റ്റിന്റെ സ്വരം കേള്‍ക്കില്ല എന്നാണെന്റെ പ്രത്യശ.

എനിക്കറിയാവുന്നിടത്തോളം ‘പെണ്ണെഴുത്ത് രോഗം’ ബാധിച്ചിട്ടില്ലാത്ത ഒരാളാണ് സിജിയും. :)

Dinkan-ഡിങ്കന്‍ said...

മനൂ അതറിയാം

രണ്ട് പേരോടും ബഹുമാനവും ആണ്.
പക്ഷേ ഇടയ്ക്കിടെ സ്ഥനത്തും അസ്ഥാനത്തും പുട്ടിന് പീര പോലെ ആ വാക്ക് ചേര്‍ത്ത് കാണുമ്പോള്‍ തോന്നിയ വികാരമാണേ ആ കമെന്‍റ്റ് ഇടീച്ചത്.
എന്തായാലും സാഹിത്യത്തിലെ ജെന്‍ഡര്‍ ക്ലാസ് ഡിവിഷനെ കുറിച്ച് ഒരു നല്ല പുസ്തകം അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ വാങ്ങണം (അറിയാവുന്നവര്‍ക്ക് സജെസ്റ്റ് ചെയ്യാം).

രണ്ട് ചേച്ചിമാര്‍ക്കും ഡിങ്കന്റെ കമെന്റ് അലോസരം ഉണ്ടാക്കീല്ല എന്ന് കരുതട്ടേ :)

chithrakaran ചിത്രകാരന്‍ said...

വളരെ മനോഹരമായിരിക്കുന്നു ദേവസേന. പുതിയവീട്ടില്‍ ദീര്‍ഘകാലം സ്നേഹം ചൊരിഞ്ഞുകൊണ്ട്‌ അമ്മയുണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇതിനെ പെണ്ണെഴുത്തെന്നു വിളിച്ച്‌ ആരും ചെറുതാക്കരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Siji vyloppilly said...

അതേ..പെണ്ണെഴുത്തെന്ന് എന്ന വാക്ക്‌ ഒരിക്കലും ഒരു വില കുറഞ്ഞ പദമായി എനിക്കു തോന്നിയിട്ടില്ല. ആണിന്റെ എഴുത്തിന്‌ അവരുടേതായ ഒരു രീതിയും പെണ്ണിന്‌ അവളുടെ വീക്ഷണ്‍കോണില്‍ നിന്നുകൊണ്ടുള്ള ഒരു പ്രത്യേകതയും ഉണ്ട്‌. ചിലത്‌ ആണെഴുതുമ്പോള്‍ വളരെ മനോഹരമാകുകയും ചിലത്‌ പെണ്ണെഴുതുമ്പോള്‍ ഭംഗിയാകുകയും ചെയ്യുന്നു.ദേവസേനയുടെ ചില കവിതകള്‍ വായിച്ചപ്പോള്‍ പെണ്ണിന്റെ തരളതയും ആണിന്റെ ശക്തിയും അതില്‍ ഇഴപിരിയുന്നതായി കണ്ടു.എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല സാഹിത്യകാരിയെന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്‌ അങ്ങിനെയുള്ളവരെയാണ്‌,പിന്നെ എല്ലാപ്പോഴും ഒരെ പോലെ നീങ്ങാതെ 'ഫ്ലെക്സിബിളായി' പല വിഷയങ്ങളേയും കൈകാര്യം ചെയ്യാനുള്ള കഴിവും.
ഞാനൊരു ഫെമിനിസ്റ്റല്ല. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ ബോധവധിയാണെങ്കിലും അതില്‍ കുടുങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നില്ല. അതോണ്ട്‌ ചിത്രകാരന്‍ പറഞ്ഞതുപോലെ എന്റെ കമന്റിനെ തെറ്റായ രീതിയിലെടുത്ത്‌ എഴുത്തിനെ വിഭജിച്ച ഒരു ചര്‍ച്ച ഓഴിവാക്കൂ. ;)

Siji vyloppilly said...

'ചിത്രകാരന്‍ പറഞ്ഞതുപോലെ പെണ്ണെഴുത്തെന്നു വിഭജിക്കാതെയെന്നാണ്‌ ഉദ്ദേശിച്ചത്‌. പിന്നെ ഡിങ്കാ മുഷിച്ചലൊന്നുമില്ലാന്നെ..

സാജന്‍| SAJAN said...

കഥ ഇഷ്ടപെട്ടു..ഒരു കഥ വായിക്കുമ്പോള്‍ അത് പെണ്ണെഴുത്താ‍ണോ അതോ ആണെഴുത്താണോ എന്ന് എങ്ങനെ അറിയുക എന്നെനിക്കറിയില്ലാത്തതിനാല്‍ എനിക്കിതൊന്നും ഒരു ബാധകം ആയില്ല..ഇനിയും എഴുതൂ ദേവസേന...:)

Aravishiva said...

ദേവസേനാ,

നന്നായിരിയ്ക്കുന്നു...ഒത്തിരിയിഷ്ടപ്പെട്ടു...

ഒത്തിരി അമ്മമാരെ ഓര്‍മ്മ വന്നു...

എത്ര കൊടുത്താലും തീരാത്തത്ര സ്നേഹവും കരുതലും ഈശ്വരന്‍ അമ്മമാര്‍ക്ക് കൂടുതല്‍ കൊടുത്തിട്ടുണ്ടാവുമില്ലേ?

പോസ്റ്റിനു നന്ദി...

Sapna Anu B.George said...

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍, എത്ര കഴുകിയാലും തീരാത്ത കണ്ണുനീര്‍‍!!!!

തോന്ന്യാസി said...

ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ സ്പര്‍ശിച്ച കഥ....

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com