സ്‌ത്രീയുടെ കയ്യൊപ്പ്
"സ്ത്രീകള്‍ പൊതുവെ അബലകളാണന്നാണു വെയ്പ്പ്‌. (അങ്ങനെയല്ലെങ്കിലും). ചോറും കറികളും വെയ്ക്കലും, പുരുഷന്റെ ഭോഗേഛകള്‍ക്കു വഴങ്ങിക്കൊടുക്കലും, വര്‍ഷാ വര്‍ഷം മക്കളെ പ്രസവിച്ചു കുടുംബം നിലനിര്‍ത്തലും, അതേ പുരുഷന്റെതന്നെ മൃഗീയമര്‍ദ്ദനങ്ങള്‍ക്കും, പീഡനങ്ങള്‍ക്കുമിരയാകുവാനുള്ള ബഹുമതികളെല്ലാം നിയതി സ്ത്രീക്കായി കല്‍പ്പിച്ചു തന്നിരിക്കുകയാണു. സ്ത്രീ അവളുടെ തന്നെ ശത്രുവാകുന്നതിനെകുറിച്ച്‌ പുരുഷന്മാര്‍ പ്രബന്ധമെഴുതിയും, സീരിയല്‍ പിടിച്ചും, അമിതാഹ്ലാദത്തോടെ പ്രസംഗങ്ങള്‍ നടത്തിയും ഏതു വേദിയിലും ഉറക്കെ പ്രസ്താവിച്ചും സ്ഥിരമായി കയ്യടി വാങ്ങാറുണ്ട്‌. കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും നാം സ്ത്രീകളുമുണ്ട്‌. ഏതു പുരുഷന്റെയും വിജയത്തിനു പിന്നിലെ സത്യം ഒരു സ്ത്രീയാണെന്നു കേട്ടു നാം കോരിത്തരിക്കയും, നിര്‍വൃതിയടയുകയും സ്വന്തം വ്യക്തിത്വത്തെ മറന്നുപോവുകയും ചെയ്യുന്നു.

.
തോല്‍വിയിലേക്ക്‌ അതിവേഗം കുതിച്ചുകൊണ്ടിരുന്ന ഒരു രഥചക്രത്തിന്റെ ഗതി വിജയത്തിലേക്കു തിരിച്ചുവിടാന്‍ സ്വന്തം കൈവിരല്‍ തന്നെ ദാനം നല്‍കി ഒരു മഹായുദ്ധത്തില്‍ നിന്നു രാജ്യത്തെ രക്ഷിച്ച്‌ ഭര്‍ത്താവിന്റെ അഭിമാനം സംരക്ഷിച്ചു കൈകേയി. വീരശൂരപരാക്രമികളായ അഞ്ചു ഭര്‍ത്താക്കമാരുടെ പട്ടമഹിഷിപദം അലങ്കരിച്ചിരുന്ന ദ്രൗപതി. മാനം കാക്കേണ്ട ഭര്‍ത്താക്കന്മാര്‍ അവളെ ദുര്‍വ്യയം ചെയ്യുകയും പണയപണ്ടമാക്കുകയും ചെയ്ത ദുരവസ്ഥ. എന്നിട്ടും വനവാസത്തിലും, അജ്ഞാതവാസത്തിലുമെല്ലാം ഭര്‍ത്താക്കന്മാരെ അനുഗമിച്ച്‌ ഒടുവില്‍ വിരാട രാജ്ഞിയുടെ ദാസ്യപ്പണി വരെ ചെയ്യേണ്ടി വന്ന മഹാഭാരത കഥകളിലെ റാണി. ശ്രീരാമന്റെ പ്രിയപത്നി സീതയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവള്‍ക്കു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന വനവാസം, അതിലൂടെ എത്തിച്ചേര്‍ന്ന അപഹരിക്കപ്പെടലിന്റെ ദുരൂഹതകള്‍. തെളിയിക്കപ്പെടാനാവാതെപോയ പാതിവൃത്യം.

.
എന്തിനു പുരാണങ്ങള്‍ ചിക്കിചികയണം? ബ്രിട്ടിഷ്‌ പ്രധാന മന്ത്രിയായിരുന്ന മാര്‍ഗരറ്റ്‌ താച്ചര്‍ മുതല്‍ ഇന്‍ഡ്യയുടെ എക്കാലത്തെയും അഭിമാനമായ ഇന്ദിരാഗാന്ധിയില്‍ തുടങ്ങി, വര്‍ത്തമാനകാലത്തില്‍, ആദിവാസി ഗോത്ര മഹാസഭയുടെ, പണ്ട്‌ നാം പടിപ്പുരക്കു പുറത്തുനിര്‍ത്തി സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ധീരധീരം പോരാടുന്ന സി.കെ.ജാനു വരെയുള്ള സ്ത്രീകളുടെ നീണ്ട നിരയെ ആരാധനയോടും, അഭിമാനത്തോടും കൂടെയല്ലാതെ എങ്ങനെ നോക്കിക്കാണും.
എന്നാല്‍ സര്‍വ്വത്ര അവഗണിക്കപ്പെടുന്നു സ്ത്രീകള്‍, ക്രൂശിക്കപ്പെടുന്ന സ്ത്രീത്വം. അവള്‍ക്കുവേണ്ടി വാദിക്കുകയും, എഴുതുകയും അവളെ സംരക്ഷിക്കുകയും ചെയ്യുന്നവരെ മറന്നുകൊണ്ടല്ല ഈ എഴുത്ത്‌.

മറുവശം അവളോ? എത്ര സ്ത്രീപക്ഷവാദിയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പുരുഷമേധാവിത്വവും, അവനോടുള്ള വിധേയത്വവും, നൂറ്റാണ്ടുകളുടെ ആയുസ്സെത്തിയ ആല്‍മരത്തിന്റെ പ്രൗഡ്ഡിയോടെ വേരുറച്ചു വിലസുകയാണ്. സ്ത്രീയെ സ്വാധീനിക്കുന്ന ശക്തികള്‍ അവള്‍ ജനിക്കുന്നതിനു മുന്‍പ് രക്തത്തില്‍ വേരോടിത്തുടങ്ങുന്നു. അവ മുത്തച്‌ഛന്‍, അച്‌ഛന്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്‌, മകന്‍ എന്നീ പേരുകളില്‍ അവളെ വേട്ടയാടുന്നു.
ദന്തരോഗവുമായി ആശുപത്രിയില്‍ എത്തിയ അവള്‍ പുരുഷ ഡോക്ടറെ കാണുന്നു. തുണിക്കടയില്‍ സെയില്‍സ്‌മാനെ തിരയുന്നു, വക്കീലാഫീസില്‍ പുരുഷ വക്കീലും, പുരുഷബോസുമാരും, എന്തിനേറെ, ഒരു രഹസ്യം പങ്കുവെക്കണമെങ്കില്‍ കൂടി, ഹൃദയത്തോട്‌ ഏറ്റം ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ത്രീയെ തഴഞ്ഞു പുരുഷനെ തിരഞ്ഞെടുക്കുവാനുള്ള വ്യഗ്രത. അങ്ങനെ സര്‍വ്വത്ര പുരുഷമയമായിത്തീരുന്നു അവളുടെ ജീവിതം.
.

ഒരു അനുഭവം ഇവിടെ കുറിക്കുകയാണു.ആദ്യപ്രസവത്തിനു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത ദിവസം. കന്നിപ്രസവത്തിന്റെ സര്‍വ്വ ആകുലതകളുമായി അച്‌ഛന്‍,അമ്മ, ഭര്‍ത്താവ്‌ സഹോദരന്‍, എന്നിവരെല്ലാം റിസപ്ഷനില്‍ കാത്തുനില്‍ക്കുന്നു. ഒരു ദിനം നീണ്ട കഠിനനോവിനൊടുവില്‍ ലേബര്‍റൂമിലേക്ക്‌ കൊണ്ടുപോകുന്ന നേരമായി. അമ്മയോ, ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ ലേബര്‍ റൂമില്‍ നില്‍ക്കാനുള്ള അനുമതി ഹോസ്പിറ്റല്‍ അധികൃതര്‍ തരുന്നതിനും എത്രയോ മുന്‍പു തന്നെ കൂടെ നില്‍ക്കാനുള്ള അമ്മയുടെ തീരുമാനം വളരെ വൈകിയാണു ഞാനറിഞ്ഞത്‌

എന്നാല്‍ എനിക്കോ? ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല ഒരു തീരുമാനമെടുക്കാന്‍. ഭര്‍ത്താവിനെ മതിയെന്നുപറഞ്ഞ്‌, വലിയ വയറും താങ്ങി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ച്‌ വീല്‍ചെയറില്‍ ലേബര്‍ റൂമിലേക്കു പോയി. പിന്നെയും മക്കള്‍ പിറന്നപ്പോള്‍ അദ്ദേഹം തന്നെ മതിയെന്നു പറഞ്ഞ്‌ കൂടെനിര്‍ത്തി.
.

പില്‍ക്കാലത്ത്‌ ഞാന്‍ ഉള്ളുപിടഞ്ഞ്‌ സങ്കടപ്പെട്ടിട്ടുണ്ട്‌. ഇരിക്കപ്പൊറുതിയില്ലാതെ, നെഞ്ചിലാളുന്ന തീയുമായി കണ്ണീരു മൂടിയ കണ്ണുകളുമായി പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട് ലേബര്‍റൂമിനു പുറത്തുനിന്ന അമ്മയെ എത്രപെട്ടന്നാണു ഞാന്‍ നിരാകരിച്ചത്‌.


സത്യത്തില്‍ പുരുഷന്റെ ആശ്രിതയല്ലാതെ എന്താണു ഞാന്‍? എന്നാണു ഈ ആശ്രിതമനോഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്നത്‌? ഒരു ശരാശരി സ്ത്രീയില്‍ നിന്നു എത്രയോ താഴെയാണു ഞാന്‍. പടര്‍ന്നുകയറാന്‍ പാകത്തിനു വൃക്ഷങ്ങളുടെ ചുവട്ടില്‍ വീണു കിളിര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. എന്നിലെ സ്ത്രീത്വം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു നാളെയും കാത്തിരിക്കുന്നു ഞാന്‍.

21 comments:

simy nazareth said...

:(

വിഷ്ണു പ്രസാദ് said...

സ്ത്രീക്ക് പുരുഷനെ ആവശ്യമാണ്.പുരുഷന് സ്ത്രീയേയും.താന്‍ പുരുഷന്റെ ആശ്രിതയാണെന്ന് ഒരു സ്ത്രീക്ക് തോന്നുന്നിടത്താണ് പ്രശ്നം.പുരുഷനും ഇത്തരം തോന്നല്‍ ഉണ്ടെന്നുള്ളത് ദേവയ്ക്ക് അറിയാമോ?അതായത് തന്റെ വൈകാരികമായ സന്തുലനത്തിന് സ്ത്രീയെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ പുരുഷനും തോന്നാം താന്‍ സ്ത്രീയുടെ ആശ്രിതനാണെന്ന്.ദേവയുടെ ഈ വേവലാതി നിരര്‍ഥകമായി തോന്നുന്നു.മരത്തിനും വള്ളിക്കും അതിന്റേതായ ശക്തിയും ദൌര്‍ബല്യവുമുണ്ട്.

അങ്കിള്‍ said...

സ്വന്തം സഹധര്‍മ്മിണിയുടെ യതാര്‍ത്ഥ വിലയറിയുന്നത്‌ ചെറുപ്പകാലത്തല്ല ദേവസേനേ. പുരുഷന്‍ നന്നേ പ്രായമാകണം. ഓരോ കാര്യവും സ്വയം ചെയ്യുമ്പോഴും, കൂടെ നിന്ന്‌ സഹായിക്കുന്ന സഹധര്‍മ്മിണിയുടെ സാന്നിദ്ധ്യം പോലും ഉള്‍ക്കരുത്തു നല്‍കുന്നുണ്ട്. നേരേ തിരിച്ചായിരുന്നു, ചെറുപ്പ കാലത്ത്‌. ഇതെന്റെ അനുഭവം.

ജ്യോതീബായ് പരിയാടത്ത് said...

ആശ്രിതയാണെന്ന അധമബോധമല്ലേ ദേവാ സ്വയവും ഒപ്പം അങ്ങനെകരുതുന്നവരുടെയൊക്കെ മനസ്സില്‍നിന്നും കുടഞ്ഞെറിയേണ്ടത്‌?. അങ്ങനെയൊരു ആശ്രയമനോഭാവം നിലനില്‍ക്കുന്നുവെങ്കില്‍ അത്‌ സ്ത്രീയേക്കാള്‍ പുരുഷനാണ്‌ ഉണ്ടാവേണ്ടതും. അച്ഛനേയും സഹോദരനെയും ഒക്കെ ഒരു പെണ്‍കുട്ടി ആശ്രയിക്കുന്നത്‌ ഏതവസ്ഥയില്‍ ആണെന്ന് ചിന്തിക്കണം. ഭാര്യയാവുമ്പോള്‍ അത്തരം ഒരവസ്ഥക്ക്‌ മാറ്റം വരുന്നു . സര്‍വകാര്യങ്ങളിലും പുരുഷന്റെ പങ്കാളിയായി മാറുന്നവള്‍ക്ക്‌ അപ്പൊള്‍ അങ്ങനെ സ്വയം ഇടിച്ചുതാഴ്ത്തിക്കാണേണ്ട ആവശ്യമോ അഥവാ ആരെങ്കിലും അങ്ങനെചെയ്യുന്നുണ്ടെങ്കില്‍ അതു സമ്മതിക്കേണ്ട ആവശ്യമോ ഇല്ല.

ഭൂമിപുത്രി said...

സ്ത്രീ മിക്കപ്പോഴും വഴങ്ങിപ്പോകുന്നതു അവളുടേയുള്ളില്‍ത്തന്നെയുള്ള സ്നേഹത്തിനാണു.

പിന്നെ,കടയിലും വക്കിലോഫീസിലും ആശുപത്രിയിലുമൊക്കെ പുരുഷപ്രതിനിധികളെയാണു സ്ത്രീതേടുന്നതു എന്നുപറഞ്ഞതിനോട്,ഒരു സ്ത്രീയെന്നനിലയില്‍ എനിക്കു യോജിക്കാന്‍ പറ്റില്ല.ഇങ്ങിനത്തെ ഇടപെടലുകളില്‍ ഒരു സ്ത്രീയെക്കിട്ടുമെങ്കില്‍,എനിക്ക് സന്തോഷം എപ്പോഴും അതാണു.കാര്യം രണ്ടൂസ്ത്രീകള്‍ തമ്മിലുള്ള ആശയവിനിമയമാണു,പൊതുവേ,
കൂടൂതല്‍ സുഗമമായി നടക്കുക എന്നാണെന്റെ അനുഭവം.

അങ്കിളീന്റെ കമന്റ് വളരെയിഷ്ടപ്പെട്ടു-പല ജീവിതങ്ങളും അടുത്തുകണ്ടറിഞ്ഞപ്പോള്‍ ഇതു തോന്നിയിട്ടുണ്ട്.

Sethunath UN said...

വ‌ല്ലാതെ കാടുകയറിപ്പോയി ചിന്തക‌ള്‍.
സ്നേഹവും പരസ്പരവിശ്വാസവും ബഹുമാനവും മുള്ളിടത്ത് എന്ത് മേധാവിത്വ പ്രശ്നം?പരസ്പരം ഭരിയ്ക്കാനോ ഭരിയ്ക്കപ്പെടാനോ ആഗ്രഹിയ്ക്കുന്നതിനു പകരം ..
തീര്‍ച്ചയായും ഓരോ ബന്ധങ്ങ‌ളും വ്യത്യസ്ഥങ്ങ‌ളായിരിയ്ക്കും എന്നത് മറക്കുന്നില്ല.

ഇട്ടിമാളു അഗ്നിമിത്ര said...

യോജിക്കുന്നതിനെക്കാല്‍ വിയോജിക്കാന്‍ തോന്നുന്നു

ശ്രീഹരി::Sreehari said...

ഡെലിവെറി സമയത്ത് ഭര്‍ത്താവിന്റെ സാമീപ്യം ആവശ്യമായി തോന്നിയത് അദ്ദേഹം പുരുഷനായത് കൊണ്ടാണെന്ന് എനിക്കു തോന്നുന്നില്ല. ഇണയോടുള്ള emotional attachment ആണത്. ഇതേ feelings, പുരുഷന്മാര്‍ക്കും ഉണ്ടെന്ന് അറിയുക

Kaithamullu said...

പറയാനേറെയുണ്ട്, അത് പിന്നെ.

അങ്കിള്‍ പറഞ്ഞത് വളരെ ശരി.
മനസ്സ് പക്വമാകുമ്പോഴേ പുരുഷന് സ്ത്രീയുടേയും സ്ത്രീക്ക് പുരുഷന്റേയും വില മനസ്സിലാകൂ. അത് വരെ അഹംബോധമാണവരെ ഭരിക്കുന്നത് എന്നതാണ് കാരണം.(ego എന്നും പറയാം)
-പുരുഷന് അധികാരം, കരുത്ത്..
-സ്ത്രീക്ക് സൌന്ദര്യം, പണം...
ക്ഷണികമാണിതൊക്കെയെന്ന ചിന്ത വന്നാല്‍ മാത്രമേ
പരസ്പരവിശ്വാസവും ബഹുമാനവും തിരിച്ച് വരൂ.

അല്ല ദേവേ, എന്താ ഇപ്പോ പ്രശ്നം?

സു | Su said...

വിഷ്ണുമാഷ് പറഞ്ഞത് എനിക്കിഷ്ടമായി. അങ്കിള്‍ പറഞ്ഞതും. അതാണ് കാര്യം. എല്ലാത്തിലും, പുരുഷനെ മാത്രം ആശ്രയിക്കുന്നു എന്നൊന്നും പറയാന്‍ കഴിയില്ല. നമ്മെ വളര്‍ത്തിവലുതാക്കിയ അമ്മയെ നമ്മളെന്തിന് മറക്കണം? അമ്മയെ ആശ്രയിച്ചു, എന്നു പറയുന്നതിലും ഇഷ്ടം, അമ്മയുടെ സ്നേഹം അനുഭവിച്ചു എന്നല്ലേ? അച്ഛനേയും ആശ്രയിച്ചു എന്നു പറയണോ? സ്നേഹം കിട്ടി എന്നല്ലേ പറയുക? കൂടപ്പിറപ്പുകളേയും ആശ്രയിച്ചു എന്നു പറയാന്‍ നമുക്ക് മടിയുണ്ടാവില്ലേ? അപ്പോ, നമ്മുടെ കൂടെ കഴിയുന്ന, സ്വന്തം പുരുഷനെ ആശ്രയിച്ചു എന്നു പറയണോ? നമുക്ക് സഹായത്തിനെത്തുന്ന പുരുഷസുഹൃത്തുക്കളെ ആശ്രയിച്ചു എന്നു പറയണോ? ഭംഗിക്കു പറഞ്ഞാലും, അവര്‍ക്ക് ഇഷ്ടമാവുമോ? മക്കളേയും ആശ്രയിക്കേണ്ട. സ്നേഹിച്ചാല്‍ മതി. എന്തെങ്കിലും സഹായം ഉണ്ടെങ്കിലും അവര്‍ തിരികെ തരുന്ന സ്നേഹമെന്ന് കരുതിയാല്‍ മതി.

പിന്നെ, ഓഫീസിലും, ആശുപത്രിയിലും, കടയിലുമൊക്കെ, പുരുഷന്മാരെ തേടുന്ന കാര്യം. അത് ഓപ്പോസിറ്റ് ആയിട്ടുള്ള വ്യക്തികള്‍ക്ക് നേരെയുള്ള ചെറിയൊരു ആകര്‍ഷണമായി കണക്കാക്കിയാല്‍ മതി. പക്ഷെ, അങ്ങനെ കാര്യമൊന്നുമില്ല. എല്ലായിടത്തും ഉള്ള സ്ത്രീകളേയും, അവരുടെ കഴിവിനേയും, നമ്മള്‍, മാനിക്കേണ്ടേ?

സ്ത്രീത്വം, സടകുടഞ്ഞെഴുന്നേല്‍ക്കുന്നതു നല്ലതുതന്നെ. സ്ത്രീത്വം എന്നു പറഞ്ഞതുകൊണ്ടു തന്നെ, അത് സ്നേഹത്തിന്റേയും, ത്യാഗത്തിന്റേയും, സന്തോഷത്തോടെയുള്ള സടകുടഞ്ഞെഴുന്നേല്‍ക്കലാവട്ടെ.

വൃക്ഷങ്ങളുടെ താഴെ വീണുകിടക്കുന്ന വള്ളികള്‍ക്ക്, അധമബോധത്തേക്കാള്‍ തോന്നേണ്ടത്, സുരക്ഷിതത്വബോധം ആണ്. തനിക്കും ആരെങ്കിലും ഉണ്ടെന്ന തോന്നല്‍.


ദേവസേനേ :)

അനാഗതശ്മശ്രു said...

അങ്കിള്‍ പറഞ്ഞതിന്റെ സാം ഗത്യം വളരെ വലുതാണു..
ഇന്ന് മനോരമ പത്രത്തില്‍ മോഹന്‍ ലാല്‍ സ്വതം അച്ഛന്റെയും അമ്മയുടേയും വയസുകാലത്തെ പരസ്പര സ്നേഹത്തെ അഥവാ കരുതലിനെ നന്നായി വര്‍ ണ്ണിച്ചിരിക്കുന്നു

Murali K Menon said...

ഇത്തരം അബല-ചപല പ്രയോഗങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമായിരിക്കുന്നു. മരുമക്കത്തായ സമ്പ്രദായങ്ങളില്‍ പോലും സ്ത്രീ ശക്തിയായിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പക്ഷെ സഹവര്‍ത്തിത്വത്തിലൂന്നി മുന്നോട്ട് പോകുന്ന ഈ ആധുനിക യുഗത്തില്‍ ചിന്തകളില്‍ മാത്രമാണ് അടിമ ബോധം നില നില്‍ക്കുന്നത്. പിന്നെ നമ്മുടെ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണോ സ്ത്രീ-പുരുഷ ബന്ധങ്ങള്‍, സമീപനങ്ങള്‍ എന്നൊക്കെയാണെങ്കില്‍ അതൊന്നും ഒരിക്കലും സംഭവിക്കാന്‍ സാദ്ധ്യതയില്ല എന്നു മാത്രമേ പറയാനാവുകയുള്ളു. ബഹുജനം പലവിധം. പക്ഷെ സാമാന്യബോധമുള്ള ഒരു മനുഷ്യനും അടിച്ചമര്‍ത്തി ജീവിക്കുവാനിഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് നേര്. അതുകൊണ്ട് തന്നെ ഭോഗേഛക്ക് വഴങ്ങുന്നവള്‍ എന്നൊക്കെയുള്ള പഴയ പ്രയോഗങ്ങള്‍ക്ക് യാതൊരു സാംഗത്യവുമില്ലെന്ന് പറയട്ടെ. ഇഷ്ടമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു കിടക്കുന്ന ഭാര്യയെ തൊടാന്‍ പോലും ഒരു ഭര്‍ത്താവ് ശ്രമിക്കില്ലെന്ന് ആണത്തമുള്ള എല്ലാവര്‍ക്കും അറിയാം. കൂടുതല്‍ പറയേണ്ടതില്ല, എനിക്ക് മുമ്പ് എല്ലാവരും എഴുതിക്കഴിഞ്ഞു.

തറവാടി said...
This comment has been removed by the author.
തറവാടി said...

അവ മുത്തച്‌ഛന്‍, അച്‌ഛന്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്‌, മകന്‍ എന്നീ പേരുകളില്‍ അവളെ വേട്ടയാടുന്നു


ഉദാത്തം!

chithrakaran ചിത്രകാരന്‍ said...

എല്ലാ പുരുഷന്മാരും മോശക്കാരാണെന്നും എല്ലാ സ്ത്രീകളും നല്ലവരാണെന്നും,...മറിച്ചും ചിന്തിക്കുന്നത് അച്ഛനമ്മമാരില്‍ നിന്നും ലഭിച്ച വികല വീക്ഷണത്തിന്റെ ഭാഗമോ, ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തന കുഴപ്പമോ.., മോശമായ അനുഭവങ്ങളോ,അറിവുകളോ ആഴത്തിലുണ്ടാക്കിയ മുറിവോ കാരണമാകണം.

ആണായാലും,പെണ്ണായാലും പരസ്പര ബഹുമാനത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരുമായുള്ള സഹവര്‍ത്തിത്വം നരഗ യാതനതന്നെയാണ്.അതില്‍ ലിംഗ-വര്‍ഗ്ഗ ബന്ധങ്ങളെല്ലാം ആരോപിക്കുന്നത് സ്വന്തം മനസ്സിലെ തെറ്റിദ്ധാരണകള്‍ക്ക് തെളിവു തേടുന്ന നിഷേധാത്മകതയാണ്.
ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടി മതരാഷ്ട്രീയക്കാരെപ്പോലെ സ്ത്രീ വര്‍ഗ്ഗീയതയില്‍ നിന്നും ഊര്‍ജ്ജ്യം ഉള്‍ക്കൊണ്ട് സമൂഹത്തില്‍ സാഹിത്യത്തിലൂടെ വിഷം പരത്താം.
പക്ഷേ , അതു സമൂഹത്തിനു നല്‍കുന്ന വിഷ വിതരണ വ്യവസ്ഥയുടെ ഫലങ്ങള്‍ കുടുംബ കോടതികളിലും,ജീവച്ഛവങ്ങളായി ദാംബത്യം കയ്പ്പുനീരുപോലെ കുടിച്ചുതീര്‍ക്കുന്ന മലയാളിയുടെ വര്‍ത്തമാന കുടുംബ ഉള്ളറകളില്‍ പുകയുന്നതും കാണാം.അവരുടെ അനാഥത്വം പേറുന്ന മക്കളുടെ മുഖത്തും കാണാം.

വാഷിങ്ങ് മെഷീനും,കാറും,മൊബൈല്‍ ഫോണും,ബ്ലോഗും,....നിരവധി മറ്റു സുഖസൌകര്യങ്ങളും ലഭിക്കുംബോളും അസംതൃപ്തിയും,അപകര്‍ഷതയും തോന്നുന്ന കൊച്ചമ്മമാര്‍ക്ക് തോന്നുന്ന വ്യായമമില്ലായ്മയുടെയും, അനുഭവമില്ലായ്മയുടേയും സൃഷ്ടിയായ യുദ്ധക്കൊതിയെ സ്ത്രീപക്ഷ ചിന്തയെന്നു വിളിക്കാമോ ? ഈ ഉദാസീനതയെ സ്ത്രീപക്ഷമെന്നു വിളിക്കാതെ...
കൂലിവേല ചെയ്യുന്ന സ്ത്രീയുടെ അന്നന്നത്തെ കൂലി പിടിച്ചുപറിച്ചുപോകുന്ന ഭര്‍ത്താവിന്റെ പീഢനത്തില്‍ നിന്നും രക്ഷ നേടാന്‍ ആ കുടുംബത്തിനു നൂറ്റാണ്ടുകളായി നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിന്റെ ഭാണ്ഡം തിരിച്ചേല്‍പ്പിക്കാനായി സ്ത്രീസ്നേഹ പക്ഷമെന്നൊരു പ്രവര്‍ത്തന ധാരയുണ്ടാക്കു ...
മനുഷ്യന്‍ മാത്രമായ ചിത്രകാരന്റെ പിന്തുണ അതിനുണ്ടായിരിക്കും.

namath said...

ഇന്ദ്രനൂയിയും പരമേശ്വര്‍ ഗോദ്റെജും എല്ലാം വാണരുളുന്ന ഈ ലോകത്തെക്കുറിച്ചു തന്നെയാണോ പറയുന്നത്? എന്തിന് സീരിയില്‍ മഴയില്‍ പെയ്യുന്ന സീരിയലുകളിലധികവും നിര്‍മ്മിക്കുന്നത് രാധികയാണ്. കരിയറിലും പ്രൊഫഷനിലും സ്പൂണ്‍ഫീഡിങ്ങിനു കാത്തു നില്‍ക്കാതെ സ്വന്തം വഴി കണ്ടെത്തിയവര്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നു തോന്നുന്നില്ല.നടി ശോഭന ആണ്‍മേധാവിത്വത്തിനു കീഴടങ്ങാതെ, കുടുംബം എന്ന ചട്ടക്കൂടില്ലാതെ അന്തസ്സായി ജീവിക്കുന്നു. വിവിയന്‍ റിച്ചാര്‍ഡ്സിന്‍റ കുട്ടിയുമായി ആണ്‍തുണയില്ലാതെ കഴിയുന്ന സിനിമാനടിയുണ്ട്. ചില പേരുകള്‍ പറഞ്ഞത് എല്ലാവര്‍ക്കും അറിയാവുന്നതായതു കൊണ്ടുമാത്രമാണ്. റോഡില്‍, ചേരിയില്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും വിജയത്തിന്‍റെയും സ്ത്രീവിജയഗാഥകളുണ്ട്. ഭര്‍ത്താവിന്‍റെ തൊഴിലിനോ മന്ത്രതന്ത്രങ്ങള്‍ക്കോ വലിയ റോളൊന്നുമില്ലാത്ത ലക്ഷക്കണക്കിനു വിജയഗാഥകള്‍. പോരാടുന്നവര്‍ക്കും വിജയം നേടുന്നവര്‍ക്കും വിലപിക്കാന്‍ സമയമില്ല. വെറുതെയിരിക്കുമ്പോള്‍ അതിനൊക്കെ സമയം ധാരാളം ലഭിക്കുകയും ചെയ്യും.

കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ക്ക്, അതിനേക്കാള്‍ കൂടുതലായി ഇശ്ചാശക്തിയുള്ളവര്‍ക്ക്, സ്വത്വപ്രകാശനവും ആത്മപ്രകാശനവും നടത്താന്‍ സമൂഹത്തെ പേടിക്കാത്തവര്‍ക്ക് വിവക്ഷിക്കപ്പെടുന്ന വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടിട്ടില്ല. സ്ത്രീയായാലും പുരുഷനായാലും നപുംസകമായാലും ജീവിതത്തോടുള്ള വീക്ഷണം അവനവന്‍റെ മനസ്സിനോടു പുലര്‍ത്തുന്ന സത്യസന്ധതയുടെ മാത്രം പ്രശ്നമാണ്.

namath said...

മറന്നു, നിഷ്കളങ്കനും ചിത്രകാരനും മുരളിക്കും കീഴെ ഒരു ഒപ്പുകൂടി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യുദ്ധ്ത്തില്‍ സഹായിച്ച അതേ കൈകേയി തന്നെയാണ് രാമനെ വനവാസത്തിനയച്ചതും, ഭര്‍ത്താവിന്റെ മരണത്ത്ന് കാരണക്കാരിയയതും.

അഞ്ചു ഭര്‍ത്താക്കന്മാരുടെ പത്നിയായ ദ്രൌപതി കുലീനയായിരുന്നൊ?വനവാസക്കാലത്തെ ചാപല്യങ്ങള്‍ പലകുറി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.എം.ടി യുടെ രണ്ടാമൂഴം അതു വ്യക്തമാക്കുന്നു.
സീതാദേവിയുടെ അനുസരണക്കേടല്ലേ രാമരാവണ യുദ്ധത്തിന്റെ കാരണം?

ഞ്ഞാന്‍ പുരുഷന്റെ അടിമയാണെന്നു കരുതുമ്പോഴാണു സ്ത്രീത്വം താഴ്ത്തപ്പെടുന്നത്‌.

ഇരുവര്‍ഗ്ഗത്തിലുമുണ്ട് നല്ലതും ചീത്തയും.

മുകളില്‍ പറഞ്ഞിരിക്കുന്നു എല്ലാവരും ഒരുപാട്‌ . അതിനോട് ഞാനും യോജിക്കുന്നു.

. said...

കമന്റല്ല , ഒരു വാര്‍ത്തയാണ്.

അബുദാബി അരങ്ങ് സാംസ്കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളുടെ അവാര്‍ഡ്ദാനം നവംബര്‍ 30 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 നു അബുദാബി മലയാളി സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ നിര്‍വഹിക്കും.

ലേഖനത്തില്‍ ഷമീര്‍ ചെറുവണ്ണൂര്‍, കവിതയില്‍ ശ്രീമതി ദേവസേന , കഥയില്‍ ഷീല ടോമി, ലേഖനം ജീനിയര്‍ ശബ്നം ഗഫൂര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

സ്വര്‍ണ്ണപ്പതക്കവും, ശില്‍പ്പവും, പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്ക്കാരം.

ഉറുമ്പ്‌ /ANT said...

സ്ത്രീ അവളുടെ സ്വത്വവും അഭിമാനബോധവും ഉയര്‍ത്തിപ്പിടിക്കേണ്ടത്‌ കിടപ്പുമുറിയിലെ തലവേദനകളിലൂടെയോ, മഹിളാസമാജത്തിലെ അംഗത്വത്തിലൂടെയോ അല്ല, അവളുടെ തന്നെ ചിന്തകളുടെയും, ആഗ്രഹങ്ങളുടെയും സ്തൈര്യത്തിലൂടെയും, സ്വയം ഒരമ്മ, മകള്‍, സഹോദരി, ഭാര്യ എന്നിങ്ങനെ, മറ്റാര്‍ക്കും പകരം വയ്കാനാവാത്ത അവകാശങ്ങളുടെ സ്ഥിരീകരണത്തിലൂടെയുമാണെന്നും "നാലു പെണ്ണുങ്ങള്‍." നമുക്കു കാണിച്ചുതരുന്നു.
ബാക്കി ഇവിടെ>

ushakumari said...

ഇന്നാണ് താങ്കളുടെ ബ്ലോഗ് കാണാനിടയായത്... വിയോജിപ്പുകള്‍ ഉണ്ട്... എങ്കിലും സത്യസന്ധത അനുഭവപ്പെട്ടു...വൈകാരികമായി മാത്രം കാര്യങങളെ കണ്ടതിന്റ്റെ പ്രശ്നമാവാം...

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com