പുഷ്പോത്സവങ്ങള്‍


സുഹൃത്ത് ആജന്മാഗ്രഹം പറയുകയാണു
‘ഏതുകാട്ടിലായാലും കുഴപ്പമില്ല, ലോണെടുത്താലും വേണ്ടില്ല. രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കണം. അവിടെ ലോകത്തിലെ സര്‍വ്വവിധ ചെടികളും മുളപ്പിക്കണം. ഔഷധച്ചെടികള്‍ മുതല്‍ വടവൃക്ഷങ്ങള്‍ വരെ.‘
കേട്ടപ്പോള്‍ ഒരെണ്ണം വെച്ചു കൊടുക്കാനാണു തോന്നിയത്.
ഇവനോടാരു പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറി മോഷണം നടത്താന്‍.
ആരാണു കൌതുകപ്പെടാത്തത് ധ്യാനത്തിലിരിക്കുന്ന ഒരു ഒറ്റയാന്‍ മരത്തെ കണ്ട്?
ആരാണ് കുതൂഹലപ്പെടാത്തത് അടിമുടി പൂക്കളെ പ്രസവിച്ചു നില്‍ക്കുന്ന ഒരു ചെടിയെക്കണ്ട്?
കരുത്തരായ മരങ്ങളെല്ലാം നട്ടെല്ലുള്ള പുരുഷന്മാരാണു. അവര്‍ കൂടുംബത്തിനു തണലാവും, നിരവധി പേര്‍ക്ക് തണലാവും, സാമര്‍ത്ഥ്യമുള്ള ഭര്‍ത്താക്കന്മാരാവും, കരുതലുള്ള മക്കളാവും, ആദ്രതയുള്ള അപ്പന്മാരാവും. ഭാവിയിലേക്കു കരുതിവെയ്ക്കുന്ന ദീര്‍ഘ ദൃഷ്ടിയുള്ള ജ്നാനികളാവും.
പൂവിടുന്ന ചെടികള്‍ കുടുംബസ്ഥകളായ സ്ത്രീകളാകാം, കന്യകമാരായ പെണ്‍കൊടികളാവാം, കനിവുപൂണ്ട മരുമകളാവാം മഴയത്തും മഞ്ഞത്തും വെയിലത്തും തളിര്‍ത്തു പടര്‍ന്നു കയറും, ആയിരം പൂക്കള്‍ വിടര്‍ത്തി, സുഗന്ധം പരത്തും.
ഓരോ പൂക്കളും, ചെടികളും സ്നേഹത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും; ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കും.
മുറ്റവും പറമ്പുമില്ലാത്ത വീട്ടില്‍ അത്യാവശ്യം ചെടികളുണ്ട്.
പെറ്റു വളര്‍ത്തുന്ന മക്കള്‍ക്കിടാന്‍‍ കഴിയാതെ പോയ പേരുകള്‍, നട്ടു നനച്ചു വളര്‍ത്തുന്ന മക്കള്‍ക്കിട്ടു വിളിക്കുന്നു. ഭാരതി , ശകുന്തള, ആയിഷ, കാര്‍ത്ത്യായനി, കുട്ടു, എല്ലാം പെണ്‍ചെടികള്‍. ഓരോ ചെടിച്ചട്ടിക്കും കീഴെ പേരെഴുതി ഒട്ടിച്ചു
‘ഇനി എളുപ്പമുണ്ടല്ലോ, ശകുന്തള വെള്ളം കുടിച്ചോ, ആയിഷക്കു വളമിട്ടോ എന്നൊക്കെ ചോദിക്കാമല്ലോ -ന്ന് ‘ മകളുടെ കളിയാക്കല്‍.
ഇതെന്താ ഹിന്ദു, മുസ്ലിം പേരുകള്‍ ? അദ്ദേഹത്തിന്റെയുള്ളിലെ പൌരാണിക കൃസ്ത്യാനി സടകുടഞ്ഞെണീറ്റ് നീരസ്സപ്പെട്ടു
പിന്നെയെന്താ സാറാമ്മ അന്നാമ്മ എന്നൊക്കെയേ പാടുള്ളോയെന്ന് ഉള്ളില്‍ ഞാന്‍ പരിഹസിച്ചു. എന്തായാലും നാനാമത സൌഹാര്‍ദ്ദത്തിലവര്‍ വളരുന്നു.
മക്കളുടെ സ്വഭാവങ്ങള്‍ അവയിലേക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഒട്ടിപ്പിച്ചുള്ള ഇരുത്തം, അള്ളിപ്പിടുത്തം. എത്ര മാറ്റി വെച്ചാലും പരസ്പരം സ്നേഹിക്കാനുള്ള തത്രപ്പാട്.
ബാല്‍ക്കണിയില്‍ കോണ്‍ക്രീറ്റ് തറയിലെ ഇത്തിരി മണ്ണില്‍ തഴച്ചു വളരുന്ന തുളസി എപ്പോഴും സങ്കടപ്പെടുത്തി. കണ്ണൊന്നു തെറ്റിയാല്‍ മതി, ഒരു നേരം വെള്ളമൊഴിക്കാന്‍ താമസിച്ചാല്‍ മതി, അപ്പോള്‍ തുടങ്ങും വാടിക്കാണിക്കാ‍ന്‍, നിനക്കെന്നെ വേണ്ടാതായിയെന്ന പരിഭവം. അതെന്നെ സന്തോഷിപ്പിക്കും.
ഓരോ പേരുകള്‍ക്കും പിന്നിലോരോ ചരിത്രമുണ്ട്. ഭാരതിയെന്നു പേരിട്ടത് മുത്തഛന്റെ ഓര്‍മ്മയ്ക്കാണു. കൃഷികാര്യങ്ങളില്‍ ‍പേരെടുത്ത മുത്ത്ഛന്‍ ബ്ലോക്കില്‍ നിന്ന് നെല്‍ വിത്തുകളെടുത്ത്, കൂടുതല്‍ വിളവേതിനെന്ന് പരീക്ഷണം നടത്താറുണ്ടായിരുന്നു. പരന്നു നിവര്‍ന്നു കിടക്കുന്ന ഒരോ ഭാഗങ്ങളില്‍‍ ഓരോ തുണ്ടുകളില്‍ അമ്മാതിരി വിത്തുകള്‍ മുളപ്പിച്ചു ഫലം കണ്ടെത്തും. ആ തുണ്ടുകളുടെ നടുവില്‍ ബോര്‍ഡ് നാട്ടും. ഭാരതി, മാല, I. R. 8. അങ്ങനെയങ്ങനെ.
സ്ത്രീ പേരുകള്‍ അദ്ദേഹത്തിന്റെ കാമുകിമാരുടേതെന്നായിരുന്നു എന്റെ സങ്കല്‍പ്പം.
ആയിഷയെന്നത് മകള്‍ക്കിടാന്‍ കരുതിവെച്ചതായിരുന്നു.
ശകുന്തളയെന്ന് മൂത്തവളെ ആണ്‍കുട്ടികള്‍ കളിയാക്കി വിളിക്കുന്നത്.
കാര്‍ത്ത്യായിനിയെന്ന് ചെറിയവളെ ഓമനിക്കുന്നത്.
കുട്ടുവെന്ന് മറ്റൊരു രഹസ്യം.
പേരുകളിലും വിളികളിലുമൊക്കെ നൂറുകൂട്ടം അര്‍ത്ഥങ്ങളും, വ്യാഖ്യാനങ്ങളും, വെളിപ്പെടുത്തലുകളുണ്ട്. അര്‍മ്മാദങ്ങള്‍ കെട്ടഴിയുമ്പോള്‍ മക്കള്‍ മൂന്നുപേരും ‘എടീ അമ്മേ ‘ യെന്നും ‘എന്റെയെടീ‘ യെന്നൊക്കെ വിളിക്കും. ആ ‘ എടീ വിളികളെന്നെ ആഹ്ലാദത്തിന്റെ ഉത്തുംഗത്തിലെത്തിക്കും.
ആണ്ടിലൊരിക്കലോ മറ്റോ ആണു ദുബായിലുള്ള സഹോദരകുടുംബം അബുദാബിയിലുള്ള ഞങ്ങളുടെ വീട്ടില്‍ വിരുന്നു വരുന്നത്. പിന്നീടൊരുത്സവമാണു. 5 കുട്ടികളുടെ ഓടിതിമിര്‍പ്പ്. കുടുംബ വിശേഷങ്ങള്‍. പരദൂഷണങ്ങള്‍, ബീഫ് ഉലര്‍ത്തല്‍, ചപ്പാത്തി ചുടല്‍. രാത്രിയായാല്‍ ആര് ആരുടെകൂടെ എവിടെയൊക്കെ കിടക്കുമെന്ന പ്രശ്ശങ്ങള്‍. എല്ലാവര്‍ക്കും എല്ലാവരുടെയും കൂടെ കിടക്കണം.
വരുമ്പോള്‍ മുതല്‍ എന്റെ ചെടികളിന്മേല് വെയ്ക്കുന്ന കണ്ണുകളെ മാത്രമാണൊരു പിടിക്കരുതായക. ഓരോ ചെടികളെയും തൊട്ടും പൊക്കിയുമൊക്കെ പരിശോധിക്കും. ഇതൊക്കെയെടുത്ത് നമ്മുടെ കാറിന്റെ ഡിക്കിയിലേക്ക് വെച്ചേക്കൂവെന്നു ഇടക്കിടെ പ്രസ്താവിക്കും. പക്ഷേ ഒക്കെ വെറുതെയാണു. വെറുതെയുള്ള ശുണ്ഠിപ്പിടിക്കലാണു‍. ഒരു തണ്ടുപോലുമടര്‍ത്തിയിട്ടില്ല.
ഒരിക്കല്‍ ‘കുട്ടു‘വിനെ നോ‍ക്കി നാത്തൂന്‍പറഞ്ഞു. ‘ഇതേഗണത്തിലൊന്നു ഞങ്ങള്‍ക്കുണ്ടായിരുന്നതാണു. അതിനെ കളയേണ്ടി വന്നു; നിന്റെയാങ്ങള അതില്‍ത്തന്നെ നോക്കിയിരുന്നു സഹതാപപ്പെടും സങ്കടപ്പെടും. അല്പം ലഹരിയിലോ മറ്റോ ആണെങ്കില്‍പ്പിന്നെ ആ കാഴ്ച കരച്ചിലാണവസാനിക്കും. എന്തു ചെയ്യാം? കരയിയ്ക്കാന്‍ ചില ചെടികളും കരയാന്‍‍ ചില മനുഷ്യരും.
മക്കളോടുള്ള എന്റെ അപൂര്‍വ്വ ഉപദേശങ്ങളില്‍ പ്രധാനപെട്ടത് കളവു പറയരുത്, ചെയ്യരുത് എന്നതാണു. തെറ്റു ചെയ്താല്‍ പരിഹാരമുണ്ട്. പക്ഷേ കളവിനു ശിക്ഷ ഉറപ്പാണു. ഒരാള്‍ടെ ഒന്നും ആഗ്രഹിക്കരുത്. ബന്ധങ്ങളുടെ കാര്യത്തിലുമങ്ങനെ തന്നെ. (അതെന്നെ ജീവിതം പഠിപ്പിച്ചതാണ്) ആരുടെയും ആരേയുമാഗ്രഹിക്കരുത്. കളഞ്ഞു കിട്ടുന്നവക്കും ഓരോ വ്യവസ്ഥാ ക്രമങ്ങളുണ്ട്. കളവു മുതല്‍ കൈയ്യില്‍ പെട്ടാല്‍ ഭാഗ്യം ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്. ഒരിക്കല്‍ നിലത്തു കിടക്കുന്ന തടിച്ചുവീര്‍ത്തൊരു പേഴ്സു കണ്ട് ഭയപ്പെട്ട് എടുക്കാതെ ഓടി പോയിയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? കാലങ്ങള്‍ ക്കുശേഷം ആ അമ്മയുടെ മകള്‍ക്കും കിട്ടി വഴിയില്‍ കിടന്നു ഒരു പേഴ്സ്. അബുദാബി പൌരന്റെത്. ക്രെഡിറ്റ് കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും, 200/-.ദിര്‍ഹംസും. അവളതെടുത്ത് അഛന്‍ വഴി ഉടമസ്ഥനെയേല്‍പ്പിച്ചു. സമ്മാനമായി കിട്ടിയ 100 ദിര്‍ഹാസിന്റെ പകുതിയവള്‍ പള്ളിയിലെ ഭണ്ഡാരപെട്ടിയിലിട്ട് ദൈവത്തെ കയ്യിലെടുത്തു. (ഭാഗ്യം പോയിപോകരുതല്ലോ) ബാക്കി വകക്ക് ഏട്ടത്തിക്കും അനിയനും ഷവര്‍മ്മകളും ഡോണെറ്റ്സും ചിലവു നടത്തി.
പറഞ്ഞു വരുന്നത് മോഷണംപാടില്ല്ലന്നാണു. ആ തത്വശാസ്ത്രങ്ങളെ അട്ടിമറിക്കും പൂക്കളുടെ കാര്യത്തില്‍. ഭൂലോകത്തില്‍ വിരിയുന്ന പൂക്കളെല്ലാം എനിക്കുവേണ്ടിയെന്ന (തെറ്റി) ധാരണയുണ്ട്.
പണ്ട് മകളെ നേഴ്സറിയില്‍ നിന്ന് കൊണ്ടു വരുന്ന വഴിയില് സുഡാനികളുടെ കൌസിലേറ്റൊ മറ്റോ ഒരു സ്ഥാപനമുണ്ട്. അവിടെ നിന്നൊരു പനിനീര്‍ച്ചെടി രക്തവര്‍ണ്ണത്തെ തോല്‍പ്പിക്കും വിധത്തിലുള്ള മൂന്നും നാലും പൂവുകള്‍ നീട്ടിപ്പിടിച്ച് എന്നെ നോക്കി സ്ഥിരമായിച്ചിരിക്കാറുണ്ടായിരു‍ന്നു.വെറുമൊരു സ്ത്രീയല്ലേ, ആ മന്ദഹാസത്തിലും പ്രലോഭിപ്പിക്കലിലും ഞാന്‍ വീണുപോയി. ഒരുച്ചക്ക് വണ്ടി ആ വില്ലായുടെ മുന്നില്‍ നിര്‍ത്തി. തികഞ്ഞൊരു മോഷ്ടാവിന്റെ പാടവത്തോടെ ചെടിയുടെ അടുത്തെത്തി. പൂവിന്മേല്‍ കൈവെച്ചതും. കോട്ടിട്ട ആജാനബാഹുവായ ഒരു സുഡാനി മുന്നില്‍. എന്തൊക്കെയോ ഉഗ്രമായ അറബി ഭാഷയില്‍ പറഞ്ഞു. എന്നെ ഐസുക്കട്ട പോലെ തണുത്തു. എന്തോരു മാനക്കേട്. ഈ പൂവു പറിച്ചോട്ടേയെന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അപ്പോഴുമയാള്‍ കഠിനഭാവത്തിലെന്തോ പറഞ്ഞു. വെയിറ്റ്’ എന്നൊരു ഇംഗ്ലീഷുവാക്കും. അയാള്‍ തിരിഞ്ഞു പെട്ടന്നു അകത്തേക്കു പോയി. ഉത്തരവാദപ്പെട്ട ആളിനെ വിളിച്ചു കൊണ്ടു വന്ന്‍ വീണ്ടും ചീത്ത വിളിപ്പിക്കാനാവുമോ? എന്നെ സര്‍വാംഗം വിയര്‍ത്തു. പോയതിനേക്കാള്‍ ശീഘ്രത്തില്‍ തിരിച്ചു വന്നപ്പോള്‍ കയ്യിലൊരു പേനാക്കത്തിയുമുണ്ടായിരുന്നു. അപ്പോഴത്തെയെന്റെ ദീനമായ അവസ്ഥയെക്കുറിച്ചു എന്തു പറയേണ്ടൂ. എന്നാല്‍ അത്യന്തം ഞെട്ടിച്ചുകൊണ്ട് ആ പനിനീര്‍ പൂവുകള്‍ നീണ്ട തണ്ടുകളോടെ മുറിച്ചു കയ്യില്‍ വെച്ചു തന്നു. പിന്നേയും ഗൌരവമായ സ്വരത്തില്‍ പലതും പറഞ്ഞു. ചെടിയുടെ മുള്ളുകളും, കൈവിരലുകളുമൊക്കെ കാട്ടിയായതിനാല്‍ ചില്ലറയൊക്കെ പിടികിട്ടി. മുള്ളുകളാണു. കയ്യില്‍ കൊണ്ടാല്‍ മുറിയും അങ്ങനെ പല കാര്യങ്ങള്‍.
************
സ്കൂളവധിക്കാലത്ത് മൂന്നോ നാലോ നാളത്തേക്കാണു അമ്മവീട്ടിലെത്തുന്നത്. ഒന്നരയാള്‍ പൊക്കത്തില്‍ മുറ്റത്തു കുറ്റിച്ച് നില്‍ക്കുന്ന മുല്ലയും, വീടിന്റെ പിന്നാമ്പുറത്ത് ആകാശം മുട്ടി നില്‍ക്കുന്ന ചക്കര മാവും മാത്രമാണു അവിടേക്കെന്നെ പ്രലോഭിച്ചെത്തിക്കുന്നത് . അവിടുത്തെ മനുഷ്യര്‍ ‍ തീരെ സ്നേഹമില്ലാത്തവരാണു.
ഏപ്രില്‍/ മേയ് മാസങ്ങളാണു. മുല്ല ഇലകളെ ഒളിപ്പിച്ചു പൂത്തു നില്ല്കും.
ചക്കരമാവു നിറയെ കായ്ക്കും. തോട്ടികെട്ടി പറിച്ചെടുക്കാനോ, കയറിപ്പറിക്കാനോ കഴിയില്ല. ഏകദേശം ഏഴെട്ടാള്‍ പൊക്കത്തിലാണു ഏറ്റവും താഴെയുള്ള ശിഖരം പോലും. മാമ്പഴം താഴെക്കിട്ടണമെങ്കില്‍ കാറ്റു തന്നെയാണു ശരണം. എന്നു വെച്ച് കാറ്റത്ര പിശുക്കത്തിയല്ല. ഞങ്ങള്‍ നാലഞ്ചു പിള്ളേര്‍ അത്യന്തം സുഖം തരുന്ന മാഞ്ചോട്ടില്‍ രസിച്ചിരിക്കും. കാറ്റു കൂടു വെച്ചിരിക്കുന്നതു തന്നെ ആ മാങ്കൊമ്പുകളിലാണു. ഇടക്കിടെ ‘ദാ പിടിച്ചോ’ന്ന് മഴ ചാറുന്നതുപ്പോലെ പച്ചയും മഞ്ഞയും കലര്‍ന്ന മാമ്പഴങ്ങള്‍ പൊഴിച്ചിടും. കൈ നിറയെ, മടി നിറയെ.
വസന്തകാലം തുടങ്ങുന്നതിനുമുന്‍പുള്ള ദിവസങ്ങളില്‍ അതേ കാറ്റു കടല്‍ കടന്ന് ഇവിടെയുമെത്തും ‘ എന്നെ ഓര്‍ക്കുന്നുവോ, ഞാനാ മാഞ്ചോട്ടിലെ കാറ്റാണെ‘ന്ന് കുസൃതി പറഞ്ഞ് അടിമുടി ഉമ്മ വെച്ചു പോകാറുണ്ട്.
കാലങ്ങള്‍ കഴിഞ്ഞ് അമ്മവീട്ടിലെത്തി.
മുറ്റത്തെ മുല്ല അശേഷം ശുഷ്കിച്ചു പോയിരുന്നു. എനിക്കിപ്പോ‍ഴിത്രയൊക്കെയേ കഴിയുന്നുള്ളൂന്നു പറഞ്ഞ് പേരിനു മാത്രമായി മൂന്നാലു പൂക്കള്‍ നീട്ടി നില്‍പ്പുണ്ട്. പാവം!
ഉള്ളത്രയും പൂക്കള്‍ പൊട്ടിച്ചെടുത്ത് മക്കളുടെ കൈ പിടിച്ച് പറമ്പിലേക്കിറങ്ങി.
അമ്മക്ക് മനസറിഞ്ഞ് മാമ്പഴങ്ങള്‍ തന്നിരുന്ന ചക്കരച്ചിയെക്കുറിച്ചവര്‍ക്കറിയാം.
‘അങ്ങോട്ടു പോവണ്ട. അതു വെട്ടി. ദേശം മുഴുവന്‍ ചപ്പും ചവറും പൊഴിക്കുന്നു, കാര്യമായി കായിക്കുന്നുമില്ല.’ അമ്മായിയാണതു പറഞ്ഞത്.
********************************
രാത്രിയില്‍ ഫോണ്‍ വന്നു. ‘ പെട്ടന്നൊന്നു പുറത്തേക്കിറങ്ങി വരൂ..
സുഹൃത്തു വിളിക്കുകയാണു.
“എന്തു പറ്റി? എന്താണു കാര്യം‘
“ഒരു കാര്യം തരാനാണു.”
10 മണി കഴിഞ്ഞിരിക്കുന്നു ഭര്‍ത്താവ്, മക്കള്‍, അവരോടൊക്കെ എന്തു കള്ളം പറഞ്ഞാണു വീട്ടില്‍ നിന്നിറങ്ങുക?.
ഒരാള്‍ അത്രമേല്‍ സ്നേഹത്തില്‍ വിളിച്ചിട്ട്.. പോകാഞ്ഞിട്ട് ആകെയൊരു സമാധാനക്കേട്. ഇരിക്കപ്പൊറുതിയില്ലായ്മ. പക്ഷേ പോകാന്‍ കഴിയുന്നില്ല
രാവിലെ നോക്കുമ്പോഴാണ്, കാത്തു കാത്തിരുന്ന്‍, ക്ഷീണിച്ചുതളര്‍ന്നൊരു ചുവന്ന ചെമ്പരത്തിപൂവ് കാറിന്റെ വൈപ്പറിനടിയിലിരിക്കുന്നു
സങ്കടമോ.. സന്തോഷമോ എന്തായിരുന്നു അപ്പോള്‍?
(അവനാരായിരുന്നു? ബഷീറിന്റെ പുനര്‍ ജന്മമോ? )
****************************************
ഒരു കുഞ്ഞുചട്ടിയില്‍ നിരവധി പൂക്കള്‍ വിട്ര്ത്തി ഒരു റോസാച്ചെടി വണ്ടികയറി 180 കിലോമീറ്റര്‍ സഞ്ചരിച്ചു വന്ന പിറന്നാള്‍ സമ്മാനമുണ്ട്. ഇന്നത്തേക്കു രണ്ട്. നാളത്തേയ്ക്ക് രണ്ട്. അങ്ങനെയാ ധനുമാസം മുഴുവന്‍ പനിനീര്‍പൂക്കള്‍ കണികണ്ടുണര്‍ന്നു.
ആ ആഹ്ലാദത്തിനു പിന്നിലൊരു കഠിനാദ്ധ്വാനത്തിന്റെ ചരിത്രമുണ്ടായിരുന്നു. ചെടിച്ചട്ടി വാങ്ങി ഒളിപ്പിക്കാനൊരിടമില്ലാതെയവന്‍ വീടിന്റെ സമീപത്തെ പൊന്തക്കാടു പോലൊരിടത്തൊളിപ്പിച്ച കഥ. പിറ്റെന്ന് പകല്‍ ഓഫീസിനു പരിസരത്തുള്ള ചെടികള്‍ക്കുള്ളിലൊളിപ്പിച്ച കഥ.
പാവം ചെടി, എത്ര കഷ്ടപ്പെട്ടു. ആരെങ്കിലും കണ്ടിരുന്നെങ്കിലോ? പൂന്തോട്ടക്കാരന്‍ വെള്ളമെങ്ങാനൊഴിക്കാന്‍ വന്നിരുന്നെങ്കിലോ? ഹേയ്, അങ്ങനെയൊന്നുംവരില്ല.
സത്യമുള്ള ചെടിയാണു അതിനേക്കാള്‍ സത്യമുള്ള സ്നേഹമാണു.
കഴിഞ്ഞൊരു വാലന്റൈന്‍സ് ദിനത്തില്‍, രാവിലെ കൊറിയര്‍ വന്ന് ഓഫീസ് റിസപ്‌ ഷനില്‍ നിന്ന് എന്റെ പേര് മൂന്നാലാവര്‍ത്തി ഉറക്കെ വിളിച്ചു. കയ്യില്‍ ഒരു ഡസനിലേറെ പനിനീര്‍ പൂവുകളുള്ള വലിയ പൂച്ചെണ്ട് അയാള്‍ താങ്ങിപ്പിടിച്ചിട്ടുണ്ട്. എന്റെ ഉള്ളൊന്നാളി. ഒരുത്തന്റെ ഭാര്യയാണു, മൂന്നു മക്കളുടെ അമ്മയാണു. പ്രണയദിനോപഹാരം സ്വീകരിക്കേണ്ട പ്രായമൊക്കെ എന്നേ കഴിഞ്ഞുപോയി. നല്ല പ്രായത്തില്‍ അങ്ങനെ കാര്യമായൊന്നും വാങ്ങിയിട്ടില്ല. അതു കണ്ട് ഓഫീസ് സ്റ്റാഫ് മിക്കവരും വന്നു നോക്കി. ആര്‍ക്കാണു, എവിടുന്നാണു? എല്ലാവരുടെയും മുഖങ്ങളില്‍ അടരാന്‍ തയ്യാറായ നിരവധി ചോദ്യങ്ങള്‍. ഞാന്‍ മുഖമുയര്‍ത്താതെയിരുന്നു. രാമസവിധത്തില്‍‍ പാതിവൃത്യം തെളിയിക്കാനാതെ വിവശയായ സീതയെപ്പോലെ, ഭൂമീദേവീ എന്നെയൊന്നു വിഴുങ്ങിക്കളയൂ വെന്ന് എന്നെക്കൊണ്ട് ആഗ്രഹിപ്പിച്ചു ആ പനിനീര്‍പൂവുകള്‍. എന്റെ മുഖഭാവം കണ്ടു ചോദ്യങ്ങളടക്കിപ്പിടിച്ച് പലരും പലവഴിക്ക് പോയി. സിറിയക്കാരിയായ സുന്ദരിയായ റഹാഫ് എന്ന എഞ്ചിനീയര്‍ പെണ്‍കുട്ടി മാത്രം വന്ന് കടക്കണ്ണിലൂടൊരു കള്ളച്ചിരി ചിരിച്ചു രഹസ്യമായി ചോദിച്ചു, ‘ഫ്രണ്ട് അയച്ചതാ?” അപ്പോഴെനിക്കു സത്യത്തില്‍ ചിരി വന്നു. സത്യസന്ധമായ ചിരി.
അന്നവിടെ വന്നുപോയവര്‍ മുഴുവന്‍ ആ പ്രണയപുഷ്പങ്ങളുടെ കവിളില്‍ തൊട്ടു തലോടി.
**************************
ഒരിക്കല്‍ സുഹൃത്തായിരുന്നവന്‍ ‘ഇതുണങ്ങി പോയാല്‍ നമ്മുടെ സ്നേഹവും വരണ്ടു പോകുമെന്നു പറഞ്ഞ്’‘ പൂക്കള്‍ നിറഞ്ഞ പനിനീര്‍ച്ചെടി സമ്മാനിച്ചു.
‘ഇതു പുറത്തു വെയ്ക്കേണ്ടതോ, മുറിയ്ക്കുള്ളില്‍ വളരേണ്ടതോ?
പുറത്തു തന്നെ,
എന്നും വെള്ളമൊഴിച്ചു, ഇടക്കിടെ വളമിട്ടു, ചട്ടി മാറ്റി നട്ടു. എന്നിട്ടും കരിഞ്ഞു.
ഉണങ്ങിപ്പോകാന്‍ വേണ്ടിയായിരുന്നോ കരിനാവു വളച്ച് അങ്ങനെയൊരു വാക്കും പറഞ്ഞ് ആ പനിനീര്‍ ചെടിയെത്തിയത്. ചെടിയുണങ്ങിയതിനേക്കാള്‍ വേഗത്തിന്‍ ഉണങ്ങിപ്പോയ സ്നേഹം.
അക്ഷരാര്‍ത്ഥത്തില്‍ ഉണക്കിക്കളഞ്ഞ സ്നേഹം.
********************
പൂക്കളുടെ ചരടില്‍ സ്നേഹത്തിന്റെ ലോകങ്ങളെ കൊരുക്കുന്ന എത്ര സ്നേഹങ്ങളാണു എന്നെ ബന്ധിച്ചിട്ടിരിക്കുന്നത് അഛന്‍, മുത്തഛന്‍‍.
വീട്ടില്‍ നിന്ന് അഛന്റെ തറവാട്ടിലേക്ക് അര മണിക്കൂര്‍ നടപ്പു ദൂരമുണ്ട് . തറവാട്ടു മുറ്റം ചുറ്റി പലവിധത്തിലുള്ള ചെടികളുണ്ട്, മുറ്റത്തിനു താഴെ കഷ്ടി ഒരു മീറ്റര്‍ ഉയരത്തിലൊരു മുല്ല ഉണ്ടെന്നുന്നുള്ളതു ഞാനാണു കണ്ടുപിടിച്ചത്. അതെങ്ങനെയവിടെ വന്നുവെന്നാര്‍ക്കുമറിയില്ല. സ്കൂളില്‍ പഠിക്കുന്ന കാലമാണു. 7 മണികഴിയുമ്പോള്‍ സ്കൂള്‍ ബസ്സെത്തും. അതിനു തൊട്ടു മുന്‍പ് നീണ്ട നടപ്പു നടന്ന് മുത്തച്ഛനെത്തും. ആ മുല്ലയില്‍ വിടരുന്ന വിരലിലെണ്ണാന്‍ മാത്രമുള്ള പൂക്കള്‍ ജോലിക്കാരി സ്ത്രീയെക്കൊണ്ട് മാലയാക്കിച്ച്, സ്കൂളില്‍ ചൂടിച്ചു വിടാനാണു വെളുപ്പിനെ തിരക്കു പിടിച്ചുള്ള വരവ്. ആ നേരത്ത് തിരക്കിന്മേല്‍ തിരക്കുപിടിച്ച് നൂറുകൂട്ടം പണികള്‍ക്കിടയില്‍, എന്റെ മുടി രണ്ടായി പകുത്ത് മുകളിലേക്കുയര്‍ത്തി ധൃതിയില്‍ കെട്ടുന്നുടാവും അമ്മ. .അപ്പോഴാണ് ഒരു വിരല്‍ നീളത്തിലുള്ള മാലയെത്തുന്നത്.(അത്ര ചെറിയൊരു പൂമാല പിന്നീടൊരിക്കലുമാരും സമ്മാനം തന്നിട്ടില്ല). ആ ഇത്തിരി പോന്ന പൂമാലയെ റിബ്ബണിനിടയിലേക്കിട്ട് നിര്‍ദാക്ഷിണ്യം വലിച്ചൊരു മുറുക്കലുണ്ട് അമ്മ. പൂക്കള്‍ പലതും ചതഞ്ഞുപോയിട്ടുണ്ടാവാം. സ്കൂളില്‍‍ വെച്ച് മുടിക്കെട്ടു പലതവണയഴിഞ്ഞാലും, വാടിക്കരിഞ്ഞതെങ്കിലു, തിരികെ വീടെത്തുന്നതു വരെ പൂമാല തലയിലുണ്ടാവും.
മുത്തഛന്‍ ഇപ്പോഴില്ല, എങ്കിലും ഇതിവിടെ ഓര്‍മ്മിപ്പിച്ച് എഴുതിപ്പിക്കാനുള്ള സ്നേഹം ബാക്കി വെച്ചിട്ടാണു അദ്ദേഹം പോയത്.
ജീനുകളുടെ തുടര്‍ച്ചയാവാം, മുത്തഛന്റെ മകനിലും (അഛന്‍) സ്നേഹത്തിന്റെ ഭാവപകര്‍‍ച്ചകള്‍ അതേപടി പറിച്ചു നട്ടിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തില്‍ താമസമാക്കി ത്തുടങ്ങിയ കാലത്ത്, മിക്കവാറും ദിവസങ്ങളില്‍ മകള്‍ക്കു സുഖാണോന്നു തിരക്കി അച്ഛനെത്തും. ബൈക്കിന്റെ ശബ്ദം ദൂരെ കേള്‍ക്കുമ്പോഴറിയാം. വരുന്നുണ്ട്. അപ്പോഴെന്റെ പ്രായം ബാല്യത്തിലേക്കു തിരിച്ചോടും. മനസും ശരീരവും കുതിച്ച് മുറ്റത്തേക്ക് ചാടും. അപ്രതീക്ഷമായി വരുമ്പോഴത്തെ, കാണുമ്പോഴത്തെ സന്തോഷം. മുറ്റത്തു ബൈക്കു നിര്‍ത്തി, സീറ്റ് പൊക്കി, ഉള്ളില്‍ നിന്ന് ഒരു പൊതി പുറത്തെടുക്കും. പലഹാരപ്പൊതിയാണ്, പിന്നീട് ഒരു വാഴയിലക്കീറില്‍ ഒരു തുണ്ട് മുല്ലപൂവും. വരുന്ന വഴിക്കു വാങ്ങുന്നതാണു. ഇമ്മാതിരി സ്നേഹത്തിന്റെ തന്മാത്രകളെയെല്ലാം ഒരോരോ വാഴയിലക്കീറില്‍ ഞാനും പൊതിഞ്ഞു സൂക്ഷിക്കുന്നുണ്ട്. സമയാസമയങ്ങളില്‍ എന്റെ മക്കള്‍ക്കും ലോഭമില്ലാതെ വാരിച്ചൊരിയുന്നുണ്ട്.
*********************
ഒരിക്കല്‍ സുഹൃത്തുമായി യാത്ര പോവുകയാണു. നാളുകള്‍കഴിഞ്ഞുള്ള കണ്ടുമുട്ടലാണു. അവന്‍ നിര്‍ദ്ധനനാ‍ണു. പെട്രോളടിക്കാന്‍ കടം വാങ്ങുന്നവന്‍. മകനു പാലിനു കാശില്ലാത്തവന്‍. രണ്ടാമതും ഗര്‍ഭിണീയായ ഭാര്യ ആശുപത്രിയിലാണു. പ്രസവച്ചിലവുകള്‍ക്ക് കാശിനു നെട്ടോട്ടമോടുന്നവന്‍. എന്നിട്ടും വര്‍ത്തമാനകാലത്തിന്റെ ദുരിതങ്ങള്‍ മറന്ന്, ഭാവികാലത്തിന്റെ പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ളതു മറന്ന്, ഞങ്ങള്‍ യാത്ര ചെയ്യുകയാണു. പഴയകാലങ്ങളിലെ കഥകളും സന്തോഷങ്ങളും അയവിറക്കി പറഞ്ഞ്, പാട്ടുകളൊക്കെ പാടിയുള്ള യാത്ര. പെട്ടന്ന് ചെങ്ങനാശേരിയിലെ പൂക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. പഴകിയ കാലിപേഴ്സു തുറന്ന് ഏറ്റവുമുള്ളിലെ ഉറയില്‍ ഭദ്രമായി വെച്ചിരുന്ന 10 രൂപയുടെ രണ്ടു മുഷിഞ്ഞ നോട്ടുകള്‍ വലിച്ചെടുത്ത് കടക്കാരനോടു പറഞ്ഞു ‘ രണ്ടുമുഴം’. കിട്ടിയ പൂക്കളത്രയും തലയില്‍ ചൂടി ഞാനിരുന്നു. തരുന്നെങ്കില് അങ്ങനെ തരണം. വിധവയുടെ രണ്ടുകാശു പോലെ, അവസാനത്തെ കാശ്. പൂര്‍ണ്ണമായ സ്നേഹം. പരമമായ പ്രണയം.. അതിനപ്പുറമെന്തു?
എന്നെങ്കിലും ബോധമണ്ഡലത്തില്‍ നിന്ന് ഓര്‍മ്മകളുടെ അവസാനത്തെ തിരിയും കെട്ടുപോയാലും,
സ്നേഹത്തിന്റെ പൂവുകള്‍ അതിന്റെ സര്‍വ്വത്ര പരിമളവും പരത്തി എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും

മുറിയില്ലാത്ത എഴുത്ത് ; മുറിയുന്ന എഴുത്ത്




ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഓരോ കരച്ചിലുണ്ട്.
ഓരോ എഴുത്തു തീരുമ്പോഴും
ഉയര്‍ത്തെഴുന്നേല്‍ക്കലുകള്‍ നടക്കുന്നു. .


അന്ധവിശ്വാസമെന്ന് വിശേഷിപ്പിച്ചേക്കാവുന്ന പലതും ബോധാ-അബോധ ഇടങ്ങളില്‍ കിടപ്പുണ്ട്. പുതിയ ജോലിയില്‍കയറിയ ദിവസം, ആ ഓഫീസില്‍ വിദ്യുച്ഛക്തി നിലച്ചു. എല്ലാവരും പരിഭ്രാന്തരായി. ആ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യാനുഭവമാണു. എനിക്കു ചിരി വന്നു. സന്തോഷകരമായ സംഭവങ്ങളുണ്ടാവുന്നതിന്റെ മുന്നോടിയായി കറന്റു പോകുന്നത് നല്ല നിമിത്തമാണു.കറി വെയ്ക്കുമ്പോള്‍ കൈ പൊള്ളിയാല്‍ ആ കറി രുചികരമാകും. ഇസ്തിരിയിടുമ്പോള്‍ പൊള്ളിയാലും അതിലൊരു നന്മയുണ്ട്. വസ്ത്രങ്ങള്‍ വടിവാര്‍ന്ന് വരും. ഒരു കാര്യത്തിനിറ‍ങ്ങുമ്പോള്‍ രക്തം കാണുന്നത് ശുഭ ലക്ഷണമാണെന്ന് തോന്നിച്ച പല സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലക്ഷണവിധിപ്രകാരമതു തെറ്റാവാം, ദുര്‍ലക്ഷണമാവാം പക്ഷേ, ചിലരുടെ ശരി മറ്റുചിലരുടെ തെറ്റാവാം.

ഞാന്‍ ജനിക്കുന്ന കാലത്ത് അഛന്‍ ഇന്‍ഡ്യന്‍ പട്ടാളത്തില്‍ ഫിസിക്കല്‍ ഇന്‍സ്‌ട്രകറ്റര്‍ ആയിരുന്നു. കുറച്ചു കാലത്തെ സേവനത്തിനു ശേഷം കാരണമില്ലാതെ ആ ഉദ്യോഗം വലിച്ചെറിയാന്‍ നിര്‍ഭാഗ്യം അദ്ദേഹത്തെ നിര്‍ബന്ധിച്ചു. യാതൊരു വരുമാനവുമില്ലാതെ ഒരൊത്ത പുരുഷന്‍ ഭാര്യയേയും രണ്ടു കൈക്കുഞ്ഞുങ്ങളേയും കൂട്ടി കുടുംബവീട്ടില്‍ കഴിയുക. നല്ല സമ്പാദ്യമുള്ള അഛന്റെ മകനായിട്ടും, കാര്യപ്പെട്ട വരുമാനമുള്ളവരുടെ കൂടെപ്പിറപ്പായിട്ടും കാര്യമില്ല. പണിയില്ലാത്തവന്‍ വെറും പിണമാണു. മെലിഞ്ഞുപോയ ആനയുടെ ഇടം തൊഴുത്തല്ല എന്ന് വായ്മൊഴി അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാലംഗക്കുടുംബത്തിന്റെ സാമഗ്രികള്‍ പഴയൊരു പെട്ടിയില്‍ കുത്തി നിറച്ച് അദ്ദേഹം ഭാര്യയെയും കൂട്ടി, മക്കളെ രണ്ടും തോളിലിട്ട് ഇരുട്ടിലൂടെയിറങ്ങി നടന്നു. (മുത്തഛനിറക്കിവിട്ടുവെന്ന് അഛന്റെ ഭാഷ്യം). പിന്നീട് ബന്ധുവിന്റെ സഹായത്തോടെ കുടിലുപോലൊരു വീടു വാടകക്കെടുത്ത് തുടങ്ങിയ ആ താമസം, നാട്ടുരാജാവിനെ പോലെ കഴിഞ്ഞിരുന്ന മുത്തഛന്റെ മുഖത്തു തുപ്പുന്ന രീതിയായിരുന്നുവെന്ന് വീട്ടുകാരും, നാട്ടുകാരും പറഞ്ഞു‍. എന്നാല്‍ അഛമ്മ മാത്രം രഹസ്യമായി വരും. മകനെ കാണും. ചെറുമക്കളെ താലോലിക്കും, മരുമകളുടെ അടുക്കളയിലെ ഇല്ലായ്മയറിയും. വേണ്ടതെല്ലാം എത്തിക്കും. എന്തിനാണീ പഴമ്പുരാണം കുടഞ്ഞിടുന്നതെന്നും, ഒരു പൈതലായിരുന്നവള്‍ക്ക് ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ കഴിയുമോയെന്നും, വായിക്കുന്നവര്‍ സംശയിക്കരുത്. നൂറുകണക്കിനു തവണ കേട്ട കഥകളിലൊന്നായതു കൊണ്ട്, മാറാല പിടിക്കാത്ത ഓര്‍മ്മകളുടെ കൂട്ടത്തില്‍, പലതിലൊന്നായി ഇതും കിടപ്പുണ്ട്.

മേല്‍പ്പറഞ്ഞ കുടിലിന്റെ കോലായിലായിരുന്നു എന്റെ വിദ്യാരംഭം. ഉമ്മറത്തെ കോലായില്‍ അരി വിതറിയിട്ട് അഛനെന്നെ മലയാളത്തിന്റെ ഹരീശ്രീ എഴുതിക്കാന്‍ ശ്രമിക്കുകയാണു. അക്ഷരമാല ചിട്ടപ്പെടുത്തിയ മഹാത്മാവിനെ സമ്മതിക്കാതെ വയ്യ, ഏറ്റവും പ്രയത്നം ആവശ്യമായിരിക്കുന്ന ‘അ’ യെ ആദ്യാക്ഷരമാക്കിയിരിക്കുന്നതെന്തിനാണു. ‘പിന്മാറൂ, ശ്രമമുപേക്ഷിക്കൂ‘ എന്ന് പരോക്ഷമായുള്ള നിര്‍ദ്ദേശമല്ലേയതെന്നെങ്ങനെ സംശയിക്കാതിരിക്കും. മൂന്നേ മൂന്നു വരകള്‍ കൊണ്ട് ആംഗലേയത്തിലെ ആദ്യാക്ഷരം അനായാസ തീര്‍ക്കാം. എത്ര ശ്രമിച്ചിട്ടും എഴുതാനെനിക്കോ, അദ്ദേഹത്തിനെഴുതിക്കാനോ കഴിയാതിരുന്ന പരാജയത്തിന്റെ നിമിഷങ്ങളില്‍ അദ്ദേഹത്തിനു കോപം പൂണ്ട്, മൂന്നാണ്ടുമാത്രം പ്രായമുള്ള ആ കുഞ്ഞു ചൂണ്ടു വിരല്‍ പിടിച്ച് തറയിലാഞ്ഞ് പലതവണയുരച്ചു. ചോര പൊടിയുന്നതു വരെ. ആദ്യാക്ഷരമെഴുത്ത് മുറിവില്‍ കലാശിച്ചു. ആ രംഗം കണ്ടാണ് അഛമ്മ വരുന്നത്. ഓടിവന്നെടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് കണ്ണീരൊപ്പി, നീയെന്റെ കുഞ്ഞിനെ പഠിപ്പിക്കണ്ടയെന്ന് അഛനെ ചീത്തപറയുകയും, എന്റെ കുഞ്ഞു പഠിക്കണ്ടയെന്ന് എന്നോടും പറഞ്ഞ് സന്ദര്‍ഭത്തിന്റെ സംഘര്‍ഷമില്ലാതാക്കി. ചില നേരത്ത് നാവില്‍ ഗുളികനുണ്ടാവുമെന്ന് പറയുന്നതു വെറുതെയല്ല. അവര്‍ പറഞ്ഞതു പോലെ അഛമ്മയുടെ ചെറുമകള്‍ ഒന്നും പഠിച്ചില്ല. പഠിക്കാന്‍ ശ്രമിച്ചതിലെല്ലാം തോറ്റു. ‘നീ പ്രീഡിഗ്രി തോറ്റവള്‍’ എന്ന് M. Com ഫസ്റ്റ്ക്ലാസ്സുകാരനായ എന്റെ ഭര്‍ത്താവിനെക്കൊണ്ട് ഇടക്കിടെ പറയിക്കുന്നതിന്റെ മൂലകാരണം ആ നാവു തന്നെയാണു. .

ആത്മസുഹൃത്തിന്റെ പുസ്തകത്തിനു ചെറിയൊരു മുഖക്കുറിപ്പ് എഴുതിതരണമെന്ന് പറഞ്ഞതിന്റെ പേരിലാണു. ആദ്യമായൊരു താള്‍ കീറിയെടുക്കെ, കത്തികൊണ്ടു വരയുന്നമാതിരി ആ കടലാസുകഷണം കൊണ്ട് വിരല്‍ വട്ടത്തില്‍ മുറിഞ്ഞു. രക്തം പുരണ്ട് ആ താള്‍ അവിടവിടങ്ങളില്‍ ചുവന്നു. അത്ഭുതം! പതിവിനു വിരുദ്ധമായി ഒറ്റയിരിപ്പില്‍ എഴുതിതീര്‍ക്കാന്‍ കഴിഞ്ഞു.എഴുതുമ്പോള്‍ ഹൃദയം രക്തമിറ്റിക്കുന്നുണ്ടായിരുന്നു. ഓരോ എഴുത്തും ഓരോ മുറിവാണു.

കഴിഞ്ഞ ദിവസം അമ്മ നാട്ടില്‍ നിന്ന് വിളിച്ച് ഹര്‍ഷമിരമ്പുന്ന ശബ്ദത്തില്‍ പറഞ്ഞു. ‘നീനക്കറിക്കറിയുമോ? അവളെന്നെ ‘അടൂര്‍’ എന്നെഴുതിക്കാണിച്ചു. മകളെക്കുറിച്ചാണു പറയുന്നത്. L. K. G. മുതല്‍ 12-ആം ക്ലാസുകള്‍ വരെ അബുദാബിയിലെ മലയാള‍മില്ലാത്ത സ്കൂളില്‍ പഠിച്ച എന്റെ കടിഞ്ഞൂല്‍ക്കനിയാണ്, കേരളത്തിലെ കോളേജില്‍ ചേര്‍ന്ന് ആറു മാസത്തിനകം അവള്‍‍ സ്വപ്രയത്നത്താല്‍ മലയാളാക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ഇപ്പോള്‍ അടൂര്‍, പന്തളം, തിരുവല്ല, മുണ്ടക്കയം എന്നൊക്കെ ബസ്സിന്റെ ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുണ്ടം തിന്നണമെന്നവള്‍ പഠിച്ചിരിക്കുന്നു. അക്ഷരങ്ങളൂടെ കാര്യത്തിലായാലും വിട്ടുവീഴ്ചയില്ല.


എഴുത്ത് മൂന്നാംതരമാണെന്ന ചിന്ത കുടുംബത്തിലാകമാനം ബാധിച്ചിട്ടുണ്ടു. ഭര്‍ത്താവിനെയാണാ ബാധ സാരമായി കേടാക്കിയിരിക്കുന്നത്. വേലയും കൂലിയുമില്ലാത്തവന്റെ പണി. മുഷിഞ്ഞു നാറിയ തുണിയുടുത്ത് , കഞ്ചാവു വലിച്ച് , കീറിയ സഞ്ചിയും തൂക്കി നടക്കുന്നവനാണു കവിയെന്നദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നു. പെണ്ണെഴുതിയാല്‍ പരിഹാരമില്ലാത്ത കുറ്റവുമാണു. തോന്ന്യാസം നടപ്പാണു. പക്ഷേ അക്ഷരങ്ങള്‍ക്കുണ്ടോ ഭര്‍ത്താവെന്ന ഭയം? അതു പുറത്തേങ്ങിറങ്ങി നടക്കാന്‍ തുടങ്ങി. തുടര്‍ന്നു വന്ന നോക്കുകളും വാക്കുകളും ചുവപ്പും, ചവര്‍പ്പുമായി. പിന്നെയവ പുസ്തകങ്ങള്‍ക്കു നേരെ നീണ്ടു. ‘പറുദീസാ നഷ്ടവും‘, ‘ചിദംബരസ്മരണ‘യും നശിപ്പിക്കപ്പെട്ടു. ‘അരങ്ങ്’‘ സാംസ്ജ്കാരികവേദി, കവിതയുടെ പേരില്‍ സമ്മാനിച്ച, (ഒളിപ്പിച്ചു വെച്ചിരുന്ന) ചില്ലിട്ട പ്രശംസാ പത്രത്തിന്റെ നെഞ്ചു പിളര്‍ന്നു.‘ പത്രത്തിലോ റേഡിയോവിലോ കവിത വരുമ്പോള്‍ ഭയപ്പെട്ടു. ലോകത്തിലെ റേഡിയോകളെല്ലാം നിശബ്ദമാവണേയെന്നും, പത്രക്കെട്ടുകളെല്ലാം മഴയിലൊലിച്ചു പോകണേയെന്നുമാഗ്രഹിച്ചു..

ഒരവധിക്കാലത്ത്, മൂത്തവളെ ശകാരിച്ചതിന്റെ പേരിലാണു, ശത്രുവിനെ ഒറ്റു കൊടുക്കുന്നതു പോലെ അവള്‍ എന്നെ ചൂണ്ടി അമ്മയോടു പറഞ്ഞു ‘അറിഞ്ഞോ! ഈ അമ്മ കവിതയെഴുതുന്നുണ്ട്.‘
‘അടികൊള്ളാത്തതു കൊണ്ട് , അല്ലാതെന്താ?”‘ അമ്മ തിരിഞ്ഞു നിന്ന് കനത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഒരു പരമരഹസ്യം എറിഞ്ഞുടച്ചതിന്റെ സന്തോഷത്തിലവള്‍ ഓടിപ്പോയി.
അടുത്ത അവധിക്കാലത്ത്, ‘നീയെന്തൊക്കെയോ എഴുതുന്നൂന്നു കേട്ടു. ഞാനൂടെ വായിക്കട്ടെ’ എന്ന‘വര്‍ അനുരഞ്ജനത്തിന്റെ സ്വരത്തില്‍ പറഞ്ഞെന്നെ അമ്പരപ്പിച്ചു. ഒരു തിരഞ്ഞെടുപ്പ് ശ്രമകരമായിരുന്നു. അമ്മക്കാണു കൊടുക്കാന്‍ പോകുന്നത്.
അതിന്റേയും അടുത്ത അവധിക്കാലത്ത് ഒരു കുറിപ്പും ഒരു കവിതയും അമ്മയ്ക്കു കൊടുത്തു. ‘വായിച്ചിട്ടു കരച്ചില്‍ വന്നു‘ എന്നു മാത്രം പറഞ്ഞു. പിന്നീട് അവയെ വേദപുസ്തകവും, പ്രാര്‍ത്ഥനാപുസ്തകങ്ങളും വെയ്ക്കുന്ന ഷെല്‍ഫില്‍ കണ്ട് എനിക്കും കരച്ചില്‍ വന്നു.
അഛന്‍ മാത്രം ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. അരുതായ്മകളൊന്നും മകള്‍ ചെയ്യില്ലന്ന അതിരു കടന്ന വിശ്വാസമാവാം. അല്ലെങ്കില്‍ മകളുടെ തെറ്റുകള്‍ പൊറുക്കാന്‍ പോന്ന മറ്റൊരിടം വേറെയില്ലന്നറിഞ്ഞാവാം.

കൌമാരത്തില്‍ ആര്‍ക്കെങ്കിലും സ്വയം പരിചയപ്പെടുത്തുമ്പോള്‍, ഇന്ന ആളുടെ മകള്‍, ഇന്ന ആളുടെ പെങ്ങള്‍ എന്നൊക്കെയായിരുന്നു. വിവാഹശേഷം ഇന്ന ആളുടെ ഭാര്യ എന്നായി. എന്നാല്‍ ഈയിടെ, ചിലടത്തൊക്കെ വെച്ച്, ചിലര്‍ ‘ഇന്ന കവിതയെഴുതിയ ആളാണല്ലേ, കൂടെനിന്ന മകളെ ക്കാട്ടി ‘ഇവളെക്കുറിച്ചുള്ള കുറിപ്പായിരുന്നല്ലേ അത്?‘ എന്നൊക്കെ ചോദിക്കുമ്പോഴും ഉള്ളില്‍ കരഞ്ഞു. . അക്ഷരങ്ങളുടെ പേരിലുള്ള അടയാളപ്പെടുത്തലിനെ കൈക്കൊണ്ടുള്ള ആഹ്ലാദം കൊണ്ടായിരുന്നു ആ കരച്ചില്‍.

ആരോ ഇട്ടുതരുന്ന ഏണിമേല്‍ കയറി നിന്നാണവള്‍ എഴുതുന്നതെന്ന ആരോപണശരമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതാലോചിക്കുമ്പോള്‍ ചിരിവരും. പറയാന്‍‍ മാത്രം ഒരു എഴുത്തുമുറിയില്ല. കുളിമുറിയില്‍ കയറി കതകടച്ച്, ക്ലോസറ്റ്കവര്‍ മടക്കിയിട്ട് അതിന്‍ മുകളിലിരുന്ന് വാഷിങ്ങ്മെഷീന്റെ മുകളില്‍ കടലാസ് നിവര്‍ത്തിവെച്ച്, ഏന്തി വലിഞ്ഞിരുന്ന് മാസികയ്ക്കു വേണ്ടി കുറിപ്പുകളെഴുതിയിട്ടുണ്ടന്നുള്ളത് പരിഹസിക്കുന്നവരറിഞ്ഞിട്ടില്ല.
പറഞ്ഞല്ലോ ! അക്ഷരങ്ങളുടെ കാര്യത്തില്‍ സ്വര്‍ത്ഥ‌മതിയാണു. എന്നെ മാത്രം ജീവിപ്പിക്കലാണു ചെയ്യുന്നത്

പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് കടത്തിണ്ണയില്‍ രാത്രി കഴിക്കേണ്ടി വരുന്നതുപോലെ അപകടമാണു തീപന്തം പോലെ പൊള്ളിക്കുന്ന അക്ഷരങ്ങളെ നെഞ്ചില്‍ കൊണ്ടു നടക്കുന്നത് . യോനീമുഖത്തു വന്നിരുന്നിട്ടും വെളിയില്‍ കടക്കാനാവാത്ത ശിശുവിനെക്കുറിച്ചാലോചിച്ചു നോക്കൂ അത്ര തന്നെ ഭിതിതമാണു ചാപിള്ളയായി പോയേക്കാവുന്ന എഴുത്തുകളും. സുരക്ഷിതമായ ഒരിടം ആഗ്രഹിക്കാത്ത ഏതെഴുത്താണുള്ളത്?

ഓരോ എഴുത്തും പുനര്‍ജനിയില്‍ കൂടിയുള്ള സഞ്ചാരമാണു. സ്വയം ജീവിപ്പിക്കലാണു.
മുറിഞ്ഞെഴുതാന്‍ കഴിയും. പക്ഷേ മുറിക്കാന്‍ എഴുതാതിരിക്കാം.

********** ശുഭം ***************
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com