
ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഓരോ കരച്ചിലുണ്ട്.
ഓരോ എഴുത്തു തീരുമ്പോഴും
ഉയര്‍ത്തെഴുന്നേല്‍ക്കലുകള്‍ നടക്കുന്നു. .
അന്ധവിശ്വാസമെന്ന് വിശേഷിപ്പിച്ചേക്കാവുന്ന പലതും ബോധാ-അബോധ ഇടങ്ങളില്‍ കിടപ്പുണ്ട്. പുതിയ ജോലിയില്‍കയറിയ ദിവസം, ആ ഓഫീസില്‍ വിദ്യുച്ഛക്തി നിലച്ചു. എല്ലാവരും പരിഭ്രാന്തരായി. ആ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യാനുഭവമാണു. എനിക്കു ചിരി വന്നു. സന്തോഷകരമായ സംഭവങ്ങളുണ്ടാവുന്നതിന്റെ മുന്നോടിയായി കറന്റു പോകുന്നത് നല്ല നിമിത്തമാണു.കറി വെയ്ക്കുമ്പോള്‍ കൈ പൊള്ളിയാല്‍ ആ കറി രുചികരമാകും. ഇസ്തിരിയിടുമ്പോള്‍ പൊള്ളിയാലും അതിലൊരു നന്മയുണ്ട്. വസ്ത്രങ്ങള്‍ വടിവാര്‍ന്ന് വരും. ഒരു കാര്യത്തിനിറങ്ങുമ്പോള്‍ രക്തം കാണുന്നത് ശുഭ ലക്ഷണമാണെന്ന് തോന്നിച്ച പല സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലക്ഷണവിധിപ്രകാരമതു തെറ്റാവാം, ദുര്‍ലക്ഷണമാവാം പക്ഷേ, ചിലരുടെ ശരി മറ്റുചിലരുടെ തെറ്റാവാം.
ഞാന്‍ ജനിക്കുന്ന കാലത്ത് അഛന് ഇന്‍ഡ്യന്‍ പട്ടാളത്തില്‍ ഫിസിക്കല്‍ ഇന്സ്ട്രകറ്റര് ആയിരുന്നു. കുറച്ചു കാലത്തെ സേവനത്തിനു ശേഷം കാരണമില്ലാതെ ആ ഉദ്യോഗം വലിച്ചെറിയാന്‍ നിര്‍ഭാഗ്യം അദ്ദേഹത്തെ നിര്‍ബന്ധിച്ചു. യാതൊരു വരുമാനവുമില്ലാതെ ഒരൊത്ത പുരുഷന് ഭാര്യയേയും രണ്ടു കൈക്കുഞ്ഞുങ്ങളേയും കൂട്ടി കുടുംബവീട്ടില്‍ കഴിയുക. നല്ല സമ്പാദ്യമുള്ള അഛന്റെ മകനായിട്ടും, കാര്യപ്പെട്ട വരുമാനമുള്ളവരുടെ കൂടെപ്പിറപ്പായിട്ടും കാര്യമില്ല. പണിയില്ലാത്തവന് വെറും പിണമാണു. മെലിഞ്ഞുപോയ ആനയുടെ ഇടം തൊഴുത്തല്ല എന്ന് വായ്മൊഴി അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാലംഗക്കുടുംബത്തിന്റെ സാമഗ്രികള്‍ പഴയൊരു പെട്ടിയില്‍ കുത്തി നിറച്ച് അദ്ദേഹം ഭാര്യയെയും കൂട്ടി, മക്കളെ രണ്ടും തോളിലിട്ട് ഇരുട്ടിലൂടെയിറങ്ങി നടന്നു. (മുത്തഛനിറക്കിവിട്ടുവെന്ന് അഛന്റെ ഭാഷ്യം). പിന്നീട് ബന്ധുവിന്റെ സഹായത്തോടെ കുടിലുപോലൊരു വീടു വാടകക്കെടുത്ത് തുടങ്ങിയ ആ താമസം, നാട്ടുരാജാവിനെ പോലെ കഴിഞ്ഞിരുന്ന മുത്തഛന്റെ മുഖത്തു തുപ്പുന്ന രീതിയായിരുന്നുവെന്ന് വീട്ടുകാരും, നാട്ടുകാരും പറഞ്ഞു. എന്നാല്‍ അഛമ്മ മാത്രം രഹസ്യമായി വരും. മകനെ കാണും. ചെറുമക്കളെ താലോലിക്കും, മരുമകളുടെ അടുക്കളയിലെ ഇല്ലായ്മയറിയും. വേണ്ടതെല്ലാം എത്തിക്കും. എന്തിനാണീ പഴമ്പുരാണം കുടഞ്ഞിടുന്നതെന്നും, ഒരു പൈതലായിരുന്നവള്‍ക്ക് ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ കഴിയുമോയെന്നും, വായിക്കുന്നവര്‍ സംശയിക്കരുത്. നൂറുകണക്കിനു തവണ കേട്ട കഥകളിലൊന്നായതു കൊണ്ട്, മാറാല പിടിക്കാത്ത ഓര്‍മ്മകളുടെ കൂട്ടത്തില്‍, പലതിലൊന്നായി ഇതും കിടപ്പുണ്ട്.
മേല്‍പ്പറഞ്ഞ കുടിലിന്റെ കോലായിലായിരുന്നു എന്റെ വിദ്യാരംഭം. ഉമ്മറത്തെ കോലായില്‍ അരി വിതറിയിട്ട് അഛനെന്നെ മലയാളത്തിന്റെ ഹരീശ്രീ എഴുതിക്കാന്‍ ശ്രമിക്കുകയാണു. അക്ഷരമാല ചിട്ടപ്പെടുത്തിയ മഹാത്മാവിനെ സമ്മതിക്കാതെ വയ്യ, ഏറ്റവും പ്രയത്നം ആവശ്യമായിരിക്കുന്ന ‘അ’ യെ ആദ്യാക്ഷരമാക്കിയിരിക്കുന്നതെന്തിനാണു. ‘പിന്മാറൂ, ശ്രമമുപേക്ഷിക്കൂ‘ എന്ന് പരോക്ഷമായുള്ള നിര്‍ദ്ദേശമല്ലേയതെന്നെങ്ങനെ സംശയിക്കാതിരിക്കും. മൂന്നേ മൂന്നു വരകള്‍ കൊണ്ട് ആംഗലേയത്തിലെ ആദ്യാക്ഷരം അനായാസ തീര്‍ക്കാം. എത്ര ശ്രമിച്ചിട്ടും എഴുതാനെനിക്കോ, അദ്ദേഹത്തിനെഴുതിക്കാനോ കഴിയാതിരുന്ന പരാജയത്തിന്റെ നിമിഷങ്ങളില്‍ അദ്ദേഹത്തിനു കോപം പൂണ്ട്, മൂന്നാണ്ടുമാത്രം പ്രായമുള്ള ആ കുഞ്ഞു ചൂണ്ടു വിരല്‍ പിടിച്ച് തറയിലാഞ്ഞ് പലതവണയുരച്ചു. ചോര പൊടിയുന്നതു വരെ. ആദ്യാക്ഷരമെഴുത്ത് മുറിവില്‍ കലാശിച്ചു. ആ രംഗം കണ്ടാണ് അഛമ്മ വരുന്നത്. ഓടിവന്നെടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് കണ്ണീരൊപ്പി, നീയെന്റെ കുഞ്ഞിനെ പഠിപ്പിക്കണ്ടയെന്ന് അഛനെ ചീത്തപറയുകയും, എന്റെ കുഞ്ഞു പഠിക്കണ്ടയെന്ന് എന്നോടും പറഞ്ഞ് സന്ദര്‍ഭത്തിന്റെ സംഘര്‍ഷമില്ലാതാക്കി. ചില നേരത്ത് നാവില്‍ ഗുളികനുണ്ടാവുമെന്ന് പറയുന്നതു വെറുതെയല്ല. അവര്‍ പറഞ്ഞതു പോലെ അഛമ്മയുടെ ചെറുമകള്‍ ഒന്നും പഠിച്ചില്ല. പഠിക്കാന്‍ ശ്രമിച്ചതിലെല്ലാം തോറ്റു. ‘നീ പ്രീഡിഗ്രി തോറ്റവള്‍’ എന്ന് M. Com ഫസ്റ്റ്ക്ലാസ്സുകാരനായ എന്റെ ഭര്‍ത്താവിനെക്കൊണ്ട് ഇടക്കിടെ പറയിക്കുന്നതിന്റെ മൂലകാരണം ആ നാവു തന്നെയാണു. .
ആത്മസുഹൃത്തിന്റെ പുസ്തകത്തിനു ചെറിയൊരു മുഖക്കുറിപ്പ് എഴുതിതരണമെന്ന് പറഞ്ഞതിന്റെ പേരിലാണു. ആദ്യമായൊരു താള് കീറിയെടുക്കെ, കത്തികൊണ്ടു വരയുന്നമാതിരി ആ കടലാസുകഷണം കൊണ്ട് വിരല്‍ വട്ടത്തില്‍ മുറിഞ്ഞു. രക്തം പുരണ്ട് ആ താള് അവിടവിടങ്ങളില്‍ ചുവന്നു. അത്ഭുതം! പതിവിനു വിരുദ്ധമായി ഒറ്റയിരിപ്പില്‍ എഴുതിതീര്‍ക്കാന്‍ കഴിഞ്ഞു.എഴുതുമ്പോള്‍ ഹൃദയം രക്തമിറ്റിക്കുന്നുണ്ടായിരുന്നു. ഓരോ എഴുത്തും ഓരോ മുറിവാണു.
കഴിഞ്ഞ ദിവസം അമ്മ നാട്ടില്‍ നിന്ന് വിളിച്ച് ഹര്‍ഷമിരമ്പുന്ന ശബ്ദത്തില്‍ പറഞ്ഞു. ‘നീനക്കറിക്കറിയുമോ? അവളെന്നെ ‘അടൂര്‍’ എന്നെഴുതിക്കാണിച്ചു. മകളെക്കുറിച്ചാണു പറയുന്നത്. L. K. G. മുതല്‍ 12-ആം ക്ലാസുകള്‍ വരെ അബുദാബിയിലെ മലയാളമില്ലാത്ത സ്കൂളില്‍ പഠിച്ച എന്റെ കടിഞ്ഞൂല്‍ക്കനിയാണ്, കേരളത്തിലെ കോളേജില്‍ ചേര്‍ന്ന് ആറു മാസത്തിനകം അവള് സ്വപ്രയത്നത്താല്‍ മലയാളാക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ഇപ്പോള്‍ അടൂര്‍, പന്തളം, തിരുവല്ല, മുണ്ടക്കയം എന്നൊക്കെ ബസ്സിന്റെ ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുണ്ടം തിന്നണമെന്നവള്‍ പഠിച്ചിരിക്കുന്നു. അക്ഷരങ്ങളൂടെ കാര്യത്തിലായാലും വിട്ടുവീഴ്ചയില്ല.
എഴുത്ത് മൂന്നാംതരമാണെന്ന ചിന്ത കുടുംബത്തിലാകമാനം ബാധിച്ചിട്ടുണ്ടു. ഭര്‍ത്താവിനെയാണാ ബാധ സാരമായി കേടാക്കിയിരിക്കുന്നത്. വേലയും കൂലിയുമില്ലാത്തവന്റെ പണി. മുഷിഞ്ഞു നാറിയ തുണിയുടുത്ത് , കഞ്ചാവു വലിച്ച് , കീറിയ സഞ്ചിയും തൂക്കി നടക്കുന്നവനാണു കവിയെന്നദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നു. പെണ്ണെഴുതിയാല്‍ പരിഹാരമില്ലാത്ത കുറ്റവുമാണു. തോന്ന്യാസം നടപ്പാണു. പക്ഷേ അക്ഷരങ്ങള്‍ക്കുണ്ടോ ഭര്‍ത്താവെന്ന ഭയം? അതു പുറത്തേങ്ങിറങ്ങി നടക്കാന്‍ തുടങ്ങി. തുടര്‍ന്നു വന്ന നോക്കുകളും വാക്കുകളും ചുവപ്പും, ചവര്‍പ്പുമായി. പിന്നെയവ പുസ്തകങ്ങള്‍ക്കു നേരെ നീണ്ടു. ‘പറുദീസാ നഷ്ടവും‘, ‘ചിദംബരസ്മരണ‘യും നശിപ്പിക്കപ്പെട്ടു. ‘അരങ്ങ്’‘ സാംസ്ജ്കാരികവേദി, കവിതയുടെ പേരില്‍ സമ്മാനിച്ച, (ഒളിപ്പിച്ചു വെച്ചിരുന്ന) ചില്ലിട്ട പ്രശംസാ പത്രത്തിന്റെ നെഞ്ചു പിളര്‍ന്നു.‘ പത്രത്തിലോ റേഡിയോവിലോ കവിത വരുമ്പോള്‍ ഭയപ്പെട്ടു. ലോകത്തിലെ റേഡിയോകളെല്ലാം നിശബ്ദമാവണേയെന്നും, പത്രക്കെട്ടുകളെല്ലാം മഴയിലൊലിച്ചു പോകണേയെന്നുമാഗ്രഹിച്ചു..
ഒരവധിക്കാലത്ത്, മൂത്തവളെ ശകാരിച്ചതിന്റെ പേരിലാണു, ശത്രുവിനെ ഒറ്റു കൊടുക്കുന്നതു പോലെ അവള് എന്നെ ചൂണ്ടി അമ്മയോടു പറഞ്ഞു ‘അറിഞ്ഞോ! ഈ അമ്മ കവിതയെഴുതുന്നുണ്ട്.‘
‘അടികൊള്ളാത്തതു കൊണ്ട് , അല്ലാതെന്താ?”‘ അമ്മ തിരിഞ്ഞു നിന്ന് കനത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഒരു പരമരഹസ്യം എറിഞ്ഞുടച്ചതിന്റെ സന്തോഷത്തിലവള്‍ ഓടിപ്പോയി.
അടുത്ത അവധിക്കാലത്ത്, ‘നീയെന്തൊക്കെയോ എഴുതുന്നൂന്നു കേട്ടു. ഞാനൂടെ വായിക്കട്ടെ’ എന്ന‘വര് അനുരഞ്ജനത്തിന്റെ സ്വരത്തില്‍ പറഞ്ഞെന്നെ അമ്പരപ്പിച്ചു. ഒരു തിരഞ്ഞെടുപ്പ് ശ്രമകരമായിരുന്നു. അമ്മക്കാണു കൊടുക്കാന്‍ പോകുന്നത്.
അതിന്റേയും അടുത്ത അവധിക്കാലത്ത് ഒരു കുറിപ്പും ഒരു കവിതയും അമ്മയ്ക്കു കൊടുത്തു. ‘വായിച്ചിട്ടു കരച്ചില് വന്നു‘ എന്നു മാത്രം പറഞ്ഞു. പിന്നീട് അവയെ വേദപുസ്തകവും, പ്രാര്‍ത്ഥനാപുസ്തകങ്ങളും വെയ്ക്കുന്ന ഷെല്‍ഫില്‍ കണ്ട് എനിക്കും കരച്ചില് വന്നു.
അഛന് മാത്രം ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. അരുതായ്മകളൊന്നും മകള്‍ ചെയ്യില്ലന്ന അതിരു കടന്ന വിശ്വാസമാവാം. അല്ലെങ്കില്‍ മകളുടെ തെറ്റുകള്‍ പൊറുക്കാന്‍ പോന്ന മറ്റൊരിടം വേറെയില്ലന്നറിഞ്ഞാവാം.
കൌമാരത്തില്‍ ആര്‍ക്കെങ്കിലും സ്വയം പരിചയപ്പെടുത്തുമ്പോള്‍, ഇന്ന ആളുടെ മകള്‍, ഇന്ന ആളുടെ പെങ്ങള് എന്നൊക്കെയായിരുന്നു. വിവാഹശേഷം ഇന്ന ആളുടെ ഭാര്യ എന്നായി. എന്നാല്‍ ഈയിടെ, ചിലടത്തൊക്കെ വെച്ച്, ചിലര്‍ ‘ഇന്ന കവിതയെഴുതിയ ആളാണല്ലേ, കൂടെനിന്ന മകളെ ക്കാട്ടി ‘ഇവളെക്കുറിച്ചുള്ള കുറിപ്പായിരുന്നല്ലേ അത്?‘ എന്നൊക്കെ ചോദിക്കുമ്പോഴും ഉള്ളില്‍ കരഞ്ഞു. . അക്ഷരങ്ങളുടെ പേരിലുള്ള അടയാളപ്പെടുത്തലിനെ കൈക്കൊണ്ടുള്ള ആഹ്ലാദം കൊണ്ടായിരുന്നു ആ കരച്ചില്.
ആരോ ഇട്ടുതരുന്ന ഏണിമേല്‍ കയറി നിന്നാണവള്‍ എഴുതുന്നതെന്ന ആരോപണശരമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതാലോചിക്കുമ്പോള്‍ ചിരിവരും. പറയാന്‍ മാത്രം ഒരു എഴുത്തുമുറിയില്ല. കുളിമുറിയില്‍ കയറി കതകടച്ച്, ക്ലോസറ്റ്കവര്‍ മടക്കിയിട്ട് അതിന് മുകളിലിരുന്ന് വാഷിങ്ങ്മെഷീന്റെ മുകളില്‍ കടലാസ് നിവര്‍ത്തിവെച്ച്, ഏന്തി വലിഞ്ഞിരുന്ന് മാസികയ്ക്കു വേണ്ടി കുറിപ്പുകളെഴുതിയിട്ടുണ്ടന്നുള്ളത് പരിഹസിക്കുന്നവരറിഞ്ഞിട്ടില്ല.
പറഞ്ഞല്ലോ ! അക്ഷരങ്ങളുടെ കാര്യത്തില്‍ സ്വര്‍ത്ഥമതിയാണു. എന്നെ മാത്രം ജീവിപ്പിക്കലാണു ചെയ്യുന്നത്
പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് കടത്തിണ്ണയില്‍ രാത്രി കഴിക്കേണ്ടി വരുന്നതുപോലെ അപകടമാണു തീപന്തം പോലെ പൊള്ളിക്കുന്ന അക്ഷരങ്ങളെ നെഞ്ചില്‍ കൊണ്ടു നടക്കുന്നത് . യോനീമുഖത്തു വന്നിരുന്നിട്ടും വെളിയില്‍ കടക്കാനാവാത്ത ശിശുവിനെക്കുറിച്ചാലോചിച്ചു നോക്കൂ അത്ര തന്നെ ഭിതിതമാണു ചാപിള്ളയായി പോയേക്കാവുന്ന എഴുത്തുകളും. സുരക്ഷിതമായ ഒരിടം ആഗ്രഹിക്കാത്ത ഏതെഴുത്താണുള്ളത്?
ഓരോ എഴുത്തും പുനര്‍ജനിയില്‍ കൂടിയുള്ള സഞ്ചാരമാണു. സ്വയം ജീവിപ്പിക്കലാണു.
മുറിഞ്ഞെഴുതാന്‍ കഴിയും. പക്ഷേ മുറിക്കാന്‍ എഴുതാതിരിക്കാം.
********** ശുഭം ***************
24 comments:
Ishtaayitta ee ezhuthu, mainly the concluding parts. Adyam vicharichathu oru sthiram painkili pennezhuthinte vevalathikal maathram aanennaanu. But oru sincerety nizhalaayittundu.
All the best
അസാധ്യമായി എഴുതിയിരിയ്ക്കുന്നു...
അളരെ പ്രസക്തമായ പോസ്റ്റ്...
ഒരു ദേവവർഷം വരുന്നുണ്ട്.
ആർത്തിരമ്പി വരുന്ന മഴയ്ക്കു് സ്നാപകം ചാർത്താൻ ഒരു കൊടുങ്കാറ്റു വരുന്നുണ്ടു്.
എനിക്കറിയാം...
മെല്ലെ മെല്ലെ ഉച്ചമാർന്നു് ഒരു ഇരമ്പം മൂളുന്നുണ്ടു്.
എനിക്കു കേൾക്കാം...
കതിരാവുന്നതിനും ഏറെ മുമ്പേ മുങ്ങിയെടുത്തൊരുക്കൂട്ടിയ വളമെല്ലാം വിളയാക്കാൻ ഒരു ചെടി പൂത്തുലയുന്നുണ്ടു്.
അടച്ചുവെച്ച കുടത്തിൽനിന്നും ഒരു വെളിച്ചം തല നീട്ടുന്നുണ്ടു്.
എനിക്കു കാണാം...
മുറിയില്ലാത്ത ഈ എഴുത്തു് മുറിയാതെത്തന്നെ പടരട്ടെ!
വലിയൊരു കൊടുംകാറ്റും കാത്തിരിക്കുന്നു...
എഴുത്ത് ഇഷ്ടമായി.
പല തരം (അന്ധ) വിശ്വാസങ്ങള്‍, അക്ഷരങ്ങളോടുള്ള സ്നേഹം എല്ലാം കൂടി പോസ്റ്റ് നന്നായിരിയ്ക്കുന്നു.
916 ഹോള്‍ മാര്‍ക്കുള്ള എഴുത്ത് ഇഷ്ടമായി. ഹൃദയത്തിന് രെ വേരുകള്‍ ഇറങ്ങിചെല്ലുന്നത് മണ്ണിലേക്കല്ല മനസ്സിലേക്ക് തന്നെയാണ്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഓരോ മുറിവുകളും ഓരോ അടയാളങ്ങള്‍ ബാക്കി വെക്കും ... ചില മുറിവുകള്‍ ആഴത്തില്‍ ..
വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മ്മക്കുറിപ്പ് കൂടി അടച്ചു പൂട്ടപ്പെട്ട ഒരു മുറിയില്‍ നിന്നും..
ഒരിക്കലും മുറിക്കാതെ മുറിക്കപ്പെടാതെ.. തുടര്‍ന്നും..
അഭിനന്ദനങ്ങള്‍ ...
ശുഭം.
ഓരോ എഴുത്തും ഓരോ മുറിവാണു.
........................
വായിച്ചിട്ടൊന്നും മിണ്ടാതെ പോകാനാവുന്നില്ല.
ഒരു തുമ്പപ്പൂ ഇവിടെ വെച്ചിട്ടു പോകട്ടെ!
ആശംസകള്‍.
എഴുത്തിനും ആ മനസ്സിനും ഈ വാക്കുകള്‍ക്കും.
ദേവസേനാ..
രണ്ട് മൂന്നാഴ്ചയായി ബ്ലോഗുകളില്‍ നിന്ന് കുറെയൊക്കെ വിട്ടു നിന്ന ഞാന്‍ ഇന്നു രാവിലെ ഭാര്യ പറഞ്ഞാണ് ഈ പോസ്റ്റ് വന്നതറിഞ്ഞതും ഇവിടെ എത്തിയതും. അതിനാല്‍ ആദ്യമായി അവള്‍ക്ക് നന്ദി......പലപ്പോഴും ഈ ബ്ലോഗില്‍ വന്ന് ഒന്നും മിണ്ടാതെ മടങ്ങിയിട്ടുണ്ട്. അവസാനമായി വന്നത് മോളുടെ റിസല്‍റ്റിന്റെ പോസ്റ്റില്‍.. അന്ന് കമന്റ് ഇടണെമെന്നുണ്ടായിരുന്നെങ്കിലും എന്റെ മകനെ ഓര്‍ത്ത് കണ്ണ് നിറഞ്ഞതിനാല്‍ ആ മകളെ എന്നെങ്കിലും അബുദാബിയില്‍ വച്ചു തന്നെ നേരിട്ട് കാണും എന്ന് ആശ്വസിച്ച് അന്നും മടങ്ങി.
പക്ഷെ ഇതില്‍ അങ്ങനെ മടങ്ങാനാവുന്നില്ല. മലയാളക്കരയെ പറ്റി മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ എന്തു കൊണ്ടാണ് പറഞ്ഞതെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. അന്ന് ആ പോസ്റ്റിനെ എതിര്‍ത്തവരില്‍ ഞാനുമുണ്ടായിരുന്നു. (ഇപ്പോഴും എതിര്‍ക്കുന്നുണ്ട് . മകള്‍ ഇപ്പോള്‍ ആ മലയാള മണ്ണിനെ സ്നേഹിച്ചു തുടങ്ങിക്കാണും എന്ന് കരുതുന്നു.).
ദേവസേന, ഈ തുറന്നെഴുത്ത് ഇഷ്ടമായി. ഈ മഷി ഉണങ്ങും മുമ്പേ ഇനിയും എഴുതുക. പുറത്തിറങ്ങാന്‍ വെമ്പുന്ന ആ അക്ഷരങ്ങളെ ഹൃദയത്തിലുട്ടുറക്കാതെ ഈ ലോകത്തേക്ക് ഇറക്കി വിടുക.. കാത്തിരിക്കുന്നു....
"ഓരോ എഴുത്തും പുനര്‍ജനിയില്‍ കൂടിയുള്ള സഞ്ചാരമാണു. സ്വയം ജീവിപ്പിക്കലാണു.
മുറിഞ്ഞെഴുതാന്‍ കഴിയും."
ദേവസേനേ,
പലപ്പോഴും വന്നു വായിച്ച് മിണ്ടാതെ പോകാറാണുള്ളത്.
പക്ഷേ ഇതെന്നെ മുറിവേല്പിച്ചു. പലയിടത്തും. അതു കൊണ്ടിത്രമാത്രം എഴുതി സ്ഥലം വിടുന്നു.
യോനീമുഖത്തു വന്നിരുന്നിട്ടും വെളിയില്‍ കടക്കാനാവാത്ത ശിശുവിനെക്കുറിച്ചാലോചിച്ചു നോക്കൂ അത്ര തന്നെ ഭിതിതമാണു ചാപിള്ളയായി പോയേക്കാവുന്ന എഴുത്തുകളും. സുരക്ഷിതമായ ഒരിടം ആഗ്രഹിക്കാത്ത ഏതെഴുത്താണുള്ളത്?
പ്രസക്തമായ പോസ്റ്റ്,അഭിനന്ദനങ്ങള്‍........
എന്റെ ജീവിതം ഞാന്‍ നിന്നിലൂടെ കാണുന്നു എന്ന് ഏതു കവിയാണ് കോറിയിട്ടത്?
ഇന്നലെ വായിച്ചിരുന്നു.. കമന്റാന്‍ ഒത്തില്ല
ഈ ഒളിച്ചുവെച്ച അക്ഷരങ്ങളെ എനിക്കും നല്ല പരിചയമാ.. നോട്ടു പുസ്തകങ്ങളുടെ അവസാന താളുകളില്‍ പൊതിച്ചിലിനുള്ളിലേക്ക് ഒളിച്ചു വെച്ചാണ് ഞാന്‍ അതിനെ കാത്തിരുന്നത്.. ചിലപ്പോള്‍ എഴുത്തിന്റെ വട്ട് തീരുമ്പോള്‍ കീറികളയും ആരെങ്കിലും കണ്ടാലൊ....
എഴുതിയതിന് ആദ്യമായി ഒരു പ്രതിഫലം കിട്ടിയപ്പോള്‍ അതെങ്ങിനെ ഓപ്പോളോട് പറയുമെന്ന ഭയം.. പറയാതിരിക്കാനും വയ്യ.. പറഞ്ഞപ്പോള്‍ കാര്യമായ പ്രതികരണം ഒന്നും വന്നില്ല.. ഫോണിലൂടെ ആയതിനാല്‍ മുഖത്ത് എന്തായിരുന്നു ഭാവമെന്ന് അറിയാനുമൊത്തില്ല.. ഒരിക്കല്‍ ഒരു മത്സരത്തില്‍ സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ വായിക്കാന്‍ വേണം ന്ന് പറഞ്ഞു.. വായിച്ച് കമന്റൊന്നും കിട്ടിയില്ല :(..
അങ്ങിനെ പലതും.. പക്ഷെ എല്ലാം ഞാന്‍ വലുതായി ജോലിക്കാരിയായതിനു ശേഷം.. എന്റെ ജീവിതം എന്റേതാണ് എന്ന് തോന്നാന്‍ തുടങ്ങിയപ്പോള്‍.. അതുവരെ ഇതൊക്കെ വേറെ ആര്‍ക്കൊ പന്ജ്ഞിട്ടുള്ളതെന്ന് വിശ്വസിക്കുന്ന വീട്ടില്‍ ഞാന്‍ അനുസരണയുള്ള കുട്ടിയായ്..
എഴുതിയാല്‍ പോസ്റ്റിനെക്കാള്‍ വലിയ കമന്റായി പോവും.. അതുകൊണ്ട് നിര്‍ത്തട്ടെ...വീണ്ടും വരാം :)
ദേവാ മുറിയില്ലത്ത്ത മുറിയുന്ന എഴുത്ത്
ഈ എഴുത്തിനെ ഞാന്‍ പ്രണയിക്കുന്നു
പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് കടത്തിണ്ണയില്‍ രാത്രി കഴിക്കേണ്ടി വരുന്നതുപോലെ അപകടമാണു തീപന്തം പോലെ പൊള്ളിക്കുന്ന അക്ഷരങ്ങളെ നെഞ്ചില്‍ കൊണ്ടു നടക്കുന്നത് .
Abhivadyangal... Bhavukaangal...!!!!
അതെ, മുറിക്കാന്‍ എഴുതാതിരിക്കാം.
വായിച്ചു,മുറിഞ്ഞു,വേദനിച്ചു....
ശുഭം.
എല്ലാ വീട്ടിലും അപ്പൊ ഇങ്ങനെയാ? ബാലാമണിയമ്മയോട് കുട്ടി ഇരുന്നു എഴുതിക്കോളൂ എന്ന് ഭർത്താവു പറയുമായിരുന്നത്രേ, ആ ‘കുട്ടി’ അനിഷ്ടമായതൊന്നും അല്ലെങ്കിൽ 'മൂന്നാംകിട' ഒന്നും എഴുതില്ല എന്നൊരുറപ്പിന്മേലാവോ അങ്ങിനെ ഒരു വരം കിട്ടിയത്?
ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഒന്നല്ല ഒരായിരം കരച്ചിലുകളുണ്ട്..
ഗ്രേറ്റ്..
ദേവേ,
ഇത്തവണ രക്തം പൊടിഞ്ഞത് എന്റെ മനസ്സിലാണ്...
എഴുത്ത് വളരെ ഭംഗിയായി ...ആശംസകള്‍ .
Post a Comment