മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്


രാത്രിയില്‍ കണ്‍പോള കൂട്ടിയടച്ചിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴറിഞ്ഞു, അവളുമുറങ്ങിയിട്ടില്ല. എങ്ങനെയുറങ്ങും? നാളെ ഫലമറിയുകയാണു. ജീവിതത്തിലേക്കോ തൂക്കുകയറിലേക്കോ എന്നതല്ല. അറ്റന്റ് ചെയ്ത ഇന്റര്‍വ്യൂ-ന്റെ ഫലപ്രഖ്യാപനവുമല്ല. വെറും പത്താം ക്ലാസില്‍ നിന്നുള്ള ജയമോ പരാജയമോ എന്ന അനിശ്ചിതത്ത്വത്തിന്റെ സംഭ്രമമാണു ആ കുഞ്ഞുതലയില്‍ അഗ്നി കോരിയിട്ടിരിക്കുന്നത്. 'തോല്‍ക്കുകയാണെങ്കില്‍ അങ്ങനെ! വിഷമിക്കല്ലെ പൊന്നേ' യെന്ന് നെഞ്ചോടു ചേര്‍ത്ത് പറയണമെന്നുണ്ടായിരുന്നു. അവളുറങ്ങുകയാണെന്ന അമ്മ ധരിച്ചിരിക്കുന്നുവെന്ന ആ ചിന്തയെ തെറ്റിക്കേണ്ടന്നു കരുതി അതിനു മുതിര്‍ന്നില്ല.പകരം അടിമുടിയെരിഞ്ഞൊരു തുണ്ട് പ്രാര്‍ത്ഥനയില്‍ നീറി. എന്റെ കുഞ്ഞിനെ സങ്കടപ്പെടുത്തല്ലേന്ന് ! തൊട്ടു തലേ ആഴ്ചയില് 12 -ആം ക്ലാസിന്റെ കൊല്ലപരീക്ഷാഫലത്തില്‍ സ്കൂളിലെ ടോപേഴ്സ് ലിസ്റ്റില്‍ വന്ന്' മൂത്തവള്‍ വീടു മുഴുവന്‍ ആഹ്ലാദം കൊണ്ടു നിറച്ചതാണു. വരാന്‍ പോകുന്ന സങ്കടത്തിന്റെ മുന്നറിയിപ്പാണോ ഈ ആഹ്ലാദമെന്നോര്‍ത്ത് മധുര വിതരണം നടത്തുമ്പോള്‍ നെഞ്ചിടിച്ചിരുന്നു. വയററിഞ്ഞു വിളമ്പേണ്ട അമ്മയാണു ഞാന്‍. ഓരോ മക്കളില്‍ നിന്നും നിലയറിഞ്ഞേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഫ്രാന്‍സുകാര‍ന്റെ ഭാഷയാണു അവളെയെക്കാലവും കുഴക്കിയിട്ടുള്ളത്. അതില്‍ തോല്‍‌വി ഏകദേശം ഉറപ്പാണു. തോറ്റുവെങ്കില്‍ കം‌പാര്‍ട്ടുമെന്റ് എഴുതിയെടുക്കേണ്ടി വരും. 11-ആം ക്ലാസിലെ പഠനം 2 മാസം പിന്നിടുകയും ചെയ്തു. പിന്നേയും പഴയ പത്താം ക്ലാസില്‍ പോയിരിക്കേണ്ടി വരുന്നതിന്റെ മനോവേദനയെന്റെ കുട്ടിക്കു താങ്ങാന്‍ കഴിയുമോ? ഈശ്വരാ!! എന്തോരു ഇരിക്കപൊറുതിയില്ലായ്മയാണു. ഇപ്പോള്‍ കൂടുതലൊന്നുമല്ല, വെറും പാസ്സ് മാര്‍ക്ക്, അതാണു യാചിക്കുന്നത്. അതു മതി! അത്ര മാത്രം മതി! അത്ര പാവമാണവള്‍'.

15-വര്‍ഷങ്ങള്‍ പിറകില്‍ നിന്നും മെല്ലെ കാലം മുന്നോട്ട് നടക്കാന്‍ തുടങ്ങി.
പ്രണയിച്ചു വിവാഹം ചെയ്തവരായതു കൊണ്ട് ദാമ്പത്യവല്ലരി ഇടക്കിടെ പൂത്തുകൊണ്ടിരുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ എഴുതിയിരിക്കുന്നു.
അദമ്യപ്രണയത്തിലെ രതിയുടെ ഉരുള്‍പൊട്ടലില്‍ വിരിയുന്ന കുസുമങ്ങള്‍ക്കാണ് സൌരഭ്യം കൂടുകയെന്ന് സുഹൃത്ത് പറയുന്നു. ഇതു രണ്ടും തെറ്റാണു. അദ്ദേഹത്തിനു എന്നോടുള്ള കഠിന പ്രണയത്തില്‍ നിന്നോ സ്നേഹത്തില്‍ നിന്നോ അല്ല എനിക്ക് മക്കള്‍ പിറന്നിട്ടുള്ളത്. എന്നിട്ടും, എന്റെ കുഞ്ഞുങ്ങള്‍ പൊഴിക്കുന്നത്ര പരിമളം വേറെങ്ങുമനുഭവിച്ചിട്ടില്ല. ഒരുപക്ഷേ, ഇത്തിരി പോന്നൊരെന്റെ പ്രാണനെ തുമ്പു കെട്ടിയിട്ടിരിക്കുന്നതു തന്നെയവരുടെ സാന്നിദ്ധ്യമാണു. മറ്റു ഭര്‍ത്താക്കന്മാരുടെ ഭാര്യമാരോടുള്ള കനിവും കരുതലും ആര്‍ദ്രതയുമൊക്കെ കാണുമ്പോഴാണ് ഇങ്ങനെയൊക്കെയും ലോകത്തില്‍ നടപ്പുണ്ടെന്ന് അത്ഭുതത്തോടെയും നഷ്ടബോധത്തോടെയും ഓര്‍ക്കുക. അപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹങ്ങളൊക്കെയെവിടെയിരിക്കുന്നുവെന്നു ചോദിക്കരുത്. അതെവിടൊക്കെയോ സംഭരിച്ച് വാര്‍ദ്ധക്ക്യത്തില്‍ എന്നെ അമ്പരപ്പിക്കാനായി വെച്ചിട്ടുണ്ടന്നോര്‍ത്തു സമാധാനിക്കുകയാണു..

മൂത്തവള്‍ പിറന്ന് 8 ആം മാസമാണു വേവലാതിയോടെയറിയുന്നത്. പുതിയൊരാള്‍ വരാന്‍ പോകുന്നുവെന്ന്!. ആവേശത്തിനു പകരം അങ്കലാപ്പ്, ആഹ്ലാദത്തിനു പകരം ആധി.
അവള്‍ പിറന്നു. വെളുത്തു തുടുത്ത്, ഓമന മുഖവും കടും നീലക്കണ്ണുകളും. താമരനൂലു പോലെ ചുവന്ന ചുണ്ടുകള്‍ വലിച്ചു തുറന്നു വാവിട്ട് കരഞ്ഞുകൊണ്ടു വന്നവള്‍, ഞങ്ങളുടെയെല്ലാം കണ്ണും കരളുമായിതീര്‍ന്നു. ഓരോ ദിനങ്ങളും സാവധാനം പിന്നിട്ടു. ഓരോ പിറന്നാളുകളും ഒച്ചകളൊന്നുമില്ലാതെ കടന്നു. മൂന്നാണ്ടുകള്‍ കൂടി കഴിഞ്ഞ് ഇളയവന്‍ കൂടി പിറന്നപ്പോള്‍ മൂത്തവള്‍ക്കും ഇളയവനും ഇടയില്‍ പെട്ടവള്‍ ഞെരുങ്ങുന്നുണ്ടോയെന്ന് നിരന്തരം സംശയിപ്പിച്ചു. നേഴ്സറിക്കാസുകള്‍ മുതല്‍ ഓരോ കടമ്പയും പതുങ്ങിപതുങ്ങിക്കയറി. മറ്റു രണ്ടുപേര്‍ കളിച്ചവശേഷിപ്പിച്ച കളിക്കോപ്പുകളെയാണ‍യാണവള്‍ തൊടുക. മറ്റു രണ്ടുപേരുടെ‍ അസാന്നിദ്ധ്യത്തില്‍ മാത്രമാണു അമ്മയുടെയോ അച്ഛന്റെയോ മടിയില്‍ സ്വാതന്ത്ര്യമായിരിക്കുക. .

സ്കൂള്‍ വിട്ട് മൂന്നാള്‍ക്കാരും വായ് നിറയെ വര്‍ത്തമാനങ്ങളുമായോടി വരുമ്പോള്‍ അവളുടെ കുഞ്ഞുവായ്ത്താരികള്‍ മറ്റു രണ്ടു തന്റേടികളുടെ ഒച്ചപ്പാടുകളില്‍ മുങ്ങിപോകാതിരിക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. അവരുടെ ദ്രോഹങ്ങളില്‍ പെട്ട് നിലവിളിച്ചു വരുന്ന അവളോട് 'പോയി തിരികെ അടിച്ചിട്ടു വാടീ" യെന്നു ക്രുദ്ധിച്ചു, സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. (ഓടിപ്പോയി ഒരു വിരലോ മറ്റോ കൊണ്ട് തോണ്ടി, അടിച്ചെന്നു വരുത്തി, ചിരിച്ച്, ഒരു യുദ്ധംജയിച്ചവളെ പോലെ വരാറാണു പതിവ്).

സ്കൂള്‍ മത്സരങ്ങള്‍ക്കിടയില്‍ അവള്‍ക്കു മറ്റു കുട്ടികള്‍ക്ക് വേണ്ടി തോറ്റുകൊടുക്കുകയാണെന്ന് അവളുടെ കുഞ്ഞുമൊഴികളില്‍ നിന്ന് ഞാന്‍ മനസിലാക്കിയെടുത്തു. പ്രിയപ്പെട്ട 'ഡ്രോയിഗ് വര' ഒഴിവാക്കുക, ഓട്ടത്തിനിടയില്‍ മനപൂര്‍വ്വം വേഗത കുറച്ചുമവള്‍ സ്വയം വഴിമാറുന്നതറിഞ്ഞപ്പോള്‍ മുതല്‍ ഒരമ്മയുടെ ന്യായമായ പരിഭ്രമങ്ങളില്‍ കുഴഞ്ഞു. ഇല്ലാത്തയവകാശങ്ങള്‍ വരെ പടവെട്ടി നേടിയെടുക്കുന്ന മറ്റു രണ്ടുപേരെ കണ്ടെങ്കിലും ഈ കുട്ടി പഠിക്കാത്തതെന്തേയെന്ന ആകുലതയിലും വീണുപോയി ഞാന്‍.

കുഞ്ഞു തലച്ചോറിനു മനസിലാകുന്ന ഭാഷകളില്‍, അവള്‍ക്കു വഴിമാറിക്കൊടുക്കാത്ത ഒരു സമൂഹമാണു ചുറ്റുമുള്ളതെന്നും, അതിസാമര്‍ത്ഥ്യക്കാര്‍‍ക്കു മാത്രം വെട്ടിപ്പിടിക്കാന്‍ നിന്നുകൊടുക്കുന്നൊരു ലോകമാണീ പരന്നു കിടക്കുന്നതെന്നും, ആരെ ചവിട്ടി തോല്‍പ്പിച്ചും ജയിക്കാന്‍ ശീലിച്ച കുറെയേറെ മനുഷ്യരുണ്ടെന്ന് കാട്ടിക്കൊടുത്തു.
സങ്കടം വന്നാല്‍ കരയാനും, സന്തോഷിക്കുമ്പോള്‍ ചിരിക്കാനും, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കാനും വരെ പഠിപ്പിച്ചു കൊടുക്കേണ്ടി വന്നു.
സാവധാനം അവളതൊക്കെ മനസിലാക്കിയെടുക്കുന്നുണ്ടായിരുന്നു.
'ഒരു കുട വാങ്ങിത്തരുമോ അമ്മേ'
'കാലിന്റെ ചെറു വിരല്‍ വേദനിക്കുന്നൂ അച്ഛാ, ഷൂസ് ചെറുതായി." എന്നൊക്കെ വല്ലപ്പോഴും പതുങ്ങി നിന്നു ആവശ്യങ്ങള്‍ വിമുഖതയോടെയെങ്കിലും അറിയിക്കുന്നതിനൊരുമ്പെട്ടു തുടങ്ങി.
എങ്കിലും പഠനമെന്ന മൂന്നക്ഷരം ചെകുത്താന്‍ കണ്ട കുരിശിനെപ്പോലെയായി അവള്‍ക്കു. പുസ്തകമെടുക്കൂവെന്നു വാക്കുകളവളില്‍ ഈര്‍ഷ്യയുടെ കടല്‍ സൃഷ്ടിച്ചു. മുടി മുന്നിലേക്കു വലിച്ചിട്ട് മുഖം പുസ്തകത്തിലേക്ക് പൂഴ്ത്തി റ്റീച്ചറിനു വേണ്ടിയവള്‍ ഹോംവര്‍ക്കുകള്‍ എഴുതി തീര്‍ത്തു. മുതിരുന്തോറും ഇഷ്ടാനിഷ്ടങ്ങളുടെ രുചിഭേദങ്ങള് ‍വെളിപ്പെട്ടു കൊണ്ടിരുന്നു.
ZEE T.V-യിലെ സീരിയല്‍ കഥകളെവിടെയെത്തിനില്‍ക്കുന്നു? M.TV. യിലെ ഓരോ ദിവസത്തെയും പാട്ടുകള്‍ ഏതൊക്കെ? Fashion Channel- ല്‍ എന്തൊക്കെയാണു പുതിയ ട്രെന്റ് ? സൌന്ദര്യ പരിരക്ഷ എങ്ങനെ ചെയ്യാം? ഇതൊക്കെ ചോദിക്കൂ; വാസനത്തൈലങ്ങളെക്കുറിച്ച് ചോദിക്കൂ ; വ്യക്തമായ നിരീക്ഷണങ്ങളുണ്ട്. അവള്‍ കൃത്യമായി ഉത്തരം പറയും. (വിവിധതരം സുഗന്ധ ലേപനങ്ങളില്‍ മുങ്ങി എപ്പോഴും സൌരഭ്യം വിതറി നടക്കുന്ന അവള്‍ക്ക് കസ്തൂരിമാന്‍ എന്ന വിളിപ്പേരും ഉണ്ട്). ഏതുനേരവും ചിറകുകള്‍ കൊത്തിമിനുക്കിയിരിക്കുന്ന പ്രാവിനെയോ, എത്ര തുടച്ചാലും മതിവരാതെ മുഖം വൃത്തിയാക്കുന്ന് പൂച്ചക്കുഞ്ഞിനേയോ ഓര്‍മ്മിപ്പിക്കുന്ന പ്രകൃതം.

പോകെപോകെ, ലോകത്തിന്റെ മുഴുവന്‍ ശാന്തതയും അവളിലേക്ക് കയറിയിരുന്നു.
അച്ഛനുള്ള കാപ്പിക്ക് എത്ര കടുപ്പമാണു വേണ്ടതെന്ന് ലവലേശം തെറ്റാതെ അവള്‍ക്കറിയാം. ചേട്ടത്തിയുടെ കാടു കയറിയ മുടിയില്‍ എണ്ണ തേച്ച് അസലായി ചീകികെട്ടിക്കൊടുക്കാനറിയാം. രാവു പകലാക്കി തൊണ്ടയിലെ വെള്ളം വറ്റിച്ചു പഠിക്കുന്ന ചേട്ടത്തിക്ക് കാപ്പിയിട്ടു കൊടുത്തും, ഏകാന്തതയകറ്റിയും രാവെളുക്കുവോളം കൂട്ടിരിക്കും.(അവള്‍ക്കും പത്താം ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ നടക്കുകയാണെങ്കിലും പാഠപുസ്തകത്തിനു പകരം young times- ഉം archie comics- ഉം വായിച്ചു നേരം കൊല്ലും).

അനിയന്‍ കരയുമ്പോള്‍ നെഞ്ചോടു ചേര്‍ത്ത് പോട്ടെ പോട്ടെ-ന്നു ആശ്വസിപ്പിച്ച് കണ്ണീര്‍ തുടക്കാനറിയാം. 'എന്റെ കൈ വന്നില്ലെങ്കില്‍ ഒന്നും ശരിയാവില്ല'ന്ന് പറഞ്ഞ് അമ്മയുടെ വരണ്ടിരിക്കുന്ന കൈകാലുകളില്‍ ക്രീം -ഇട്ടു മിനുക്കാനറിയാം. മൈഗ്രേന്‍ വന്ന് തലപിളര്‍ന്ന് കിടക്കുമ്പോള്‍ ഇരുട്ടിലൂടെ നീണ്ടുവന്ന് നെറ്റിയിലമരുന്ന വെണ്ണയുടെ മാര്‍ദ്ദവമുള്ള വിരലുകളാരുടെയെന്നറിയാന്‍ കണ്ണു തുറക്കേണ്ട കാര്യമില്ല. കുടല്‍ വെളിയില്‍ വരും രീതിയില്‍ ശര്‍ദ്ദിക്കുമ്പോള്‍ പുറം തിരുമ്മുന്ന കനം കുറഞ്ഞ കൈകളാരുടെതന്നറിയാന്‍ തിരിഞ്ഞു നോക്കേണ്ടതില്ല. അതവളാണു. അവള്‍ക്കു മാത്രമേ അങ്ങനെയൊരു ഹൃദയമുള്ളൂ. പക്ഷേ പറഞ്ഞിട്ടെന്ത്? പത്തു ജയിക്കാത്തവള്‍ക്ക് ഈ കാലത്ത് എന്തു വിലയാണുള്ളത്? എന്തു ജോലിയാണു കിട്ടുക? കെട്ടാന്‍ ആരാണു വരിക?

ഫലപ്രഖ്യാപന ദിനമടുക്കുംതോറും, സമുദ്രജലം പോലെ പെരുകിയ എന്റെയാധിയെ പങ്കുവെച്ചത് സുഹൃത്ത് വിത്സനോടു മാത്രമാണു. വല്ലവിധേനെയും നേരത്തെയെങ്ങാന്‍ ഫലമെത്തിയാല്‍ അറിയിക്കാമെന്നും, പ്രാര്‍ത്ഥിക്കാമെന്നും സമാധാനിപ്പിച്ചു.
അനന്തരവനെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

* * * * * *
രാവു വളരുന്നേയില്ല. ആലോചനകള്‍ കാടും പടര്‍പ്പും കയറിയലഞ്ഞു തളര്‍ന്നു.
ഫോണ്‍‍ തലയ്ക്കല്‍ തന്നെയുണ്ടോയെന്ന് വീണ്ടും വീണ്ടും പരിശോധിച്ചു.
കണ്ണുകള്‍ ക്ലോക്കിലും, ഫോണിലും അവളിലുമായി കറങ്ങി നടന്നു.
3, 4, 5, സമയത്തിന്റെ കയ്യും കാലും ആരാണു കെട്ടിയിട്ടിരിക്കുന്നത്?
ആറു മണി കഴിഞ്ഞ് കുറെ മിനിറ്റുകളും പിന്നിട്ടു.
സര്‍വ്വ ഉത്കണ്ഠകള്‍ക്കുമറുതി വരുത്തിക്കൊണ്ട് ഫോണ്‍ അടിക്കുകയാണു.
എനിക്കൊപ്പം അവളും ചാടിയെണീറ്റു.
"അമ്മായീ, മാര്‍ക്കുകള്‍ കുറവാണു, എഴുതിയെടുത്തോളൂ." ഖത്തറില്‍ നിന്നു അനന്തരവനാണു.
" ഫ്രെഞ്ചിനു എത്രയുണ്ട്? " അതെ; അതാണറിയേണ്ടത്.
" 37 " ആശ്വാസത്തിന്റെ കൊടുംകാറ്റായിരുന്നാ വാക്കുകള്‍.
മാര്‍ക്കുകള്‍ എഴുതിയെടുത്തു കൂട്ടി, % കണക്കാക്കുമ്പോള്‍ കൈ കുഴഞ്ഞു.
കാല്‍ക്കുലേറ്ററില്‍ അതു തെളിഞ്ഞു. 60.4%.
ഈശ്വരാ !! എങ്ങനെയാണു നിനക്കു നന്ദി പറയേണ്ടത്? അതറിയാതെ ഹൃദയം കുഴങ്ങി.
പിന്നെയവളുടെ മുഖത്തേക്കു നോക്കി. പെട്ടന്നവള്‍ രണ്ടു കൈകളും കൊണ്ടു തരിമ്പും കാണാത്തവണ്ണം മുഖം പൊത്തി. എന്താണു? കരയുന്നുവോ? അതോ ചിരിക്കുന്നുവോ? അതുമല്ലങ്കില്‍ സ്വപ്നമെന്നു കരുതുന്നുവോ? മുഖം മറച്ചിരുന്ന കൈകള്‍ മെല്ലെ നീക്കി. അപ്പോള്‍, അന്നു വരെ കണ്ടിട്ടില്ലാത്ത, അത്രമേല്‍ ശോഭയേറിയ പൂര്‍ണ്ണചന്ദ്രോദയത്തില്‍ ഉണരുകയായിരുന്നു ആ മുഖം.

27 comments:

ദേവസേന said...

മൂത്തവള്‍ പിറന്ന് 8 ആം മാസമാണു വേവലാതിയോടെയറിയുന്നത്. പുതിയൊരാള്‍ വരാന്‍ പോകുന്നുവെന്ന്!. ആവേശത്തിനു പകരം അങ്കലാപ്പ്, ആഹ്ലാദത്തിനു പകരം ആധി.
അവള്‍ പിറന്നു. വെളുത്തു തുടുത്ത്, ഓമന മുഖവും കടും നീലക്കണ്ണുകളും. താമരനൂലു പോലെ ചുവന്ന ചുണ്ടുകള്‍ വലിച്ചു തുറന്നു വാവിട്ട് കരഞ്ഞുകൊണ്ടു വന്നവള്‍, ഞങ്ങളുടെയെല്ലാം കണ്ണും കരളുമായിതീര്‍ന്നു. ഓരോ ദിനങ്ങളും സാവധാനം പിന്നിട്ടു. ഓരോ പിറന്നാളുകളും ഒച്ചകളൊന്നുമില്ലാതെ കടന്നു. മൂന്നാണ്ടുകള്‍ കൂടി കഴിഞ്ഞ് ഇളയവന്‍ കൂടി പിറന്നപ്പോള്‍ മൂത്തവള്‍ക്കും ഇളയവനും ഇടയില്‍ പെട്ടവള്‍ ഞെരുങ്ങുന്നുണ്ടോയെന്ന് നിരന്തരം സംശയിപ്പിച്ചു. നേഴ്സറിക്കാസുകള്‍ മുതല്‍ ഓരോ കടമ്പയും പതുങ്ങിപതുങ്ങിക്കയറി. മറ്റു രണ്ടുപേര്‍ കളിച്ചവശേഷിപ്പിച്ച കളിക്കോപ്പുകളെയാണ‍യാണവള്‍ തൊടുക. മറ്റു രണ്ടുപേരുടെ‍ അസാന്നിദ്ധ്യത്തില്‍ മാത്രമാണു അമ്മയുടെയോ അച്ഛന്റെയോ മടിയില്‍ സ്വാതന്ത്ര്യമായിരിക്കുക. .

തുഷാരത്തില്‍ വന്നത്

Kaithamullu said...

ഈശ്വരാ....!

ഒന്നുമെഴുനാനില്ല, ദേവേ...
(വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയിയെന്നറിയിക്കാന്‍ മാത്രം!)

നല്ലത് മാത്രം വരട്ടെ!

പാര്‍ത്ഥന്‍ said...

പരീക്ഷയിലെ മാർക്കിലല്ല ജീവിതവിജയവും ആനന്ദവും എന്ന്‌ എന്തേ മനസ്സിലാകാത്തത്‌, ഇക്കാലത്ത്‌.

നന്ദ said...

ഈ എഴുത്തിനെപ്പറ്റി പലരും പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു; എങ്കിലും വീണ്ടും പറയട്ടെ: ‍it reads so real!
ആ മകളെ ഞാനറിയുന്ന പോലെ. എല്ലാ രണ്ടാമൂഴക്കാരും ഒരുപോലെയാണോ എന്നറിയില്ല; എങ്കിലും ഇത് എന്റെ അനിയത്തിയെ ഓര്‍മ്മിപ്പിച്ചു.
പിന്നെ, ഒരു പരീക്ഷയുടെ ജയം, തോല്‍‌വി, ആശങ്കകള്‍ എന്നിവയ്ക്കെല്ലാം മീതെ, കവിഞ്ഞൊഴുകുന്ന സ്നേഹമാണ് ഞാന്‍ വായിച്ചത്. നന്മകള്‍ നേരുന്നു.

[കമന്റൊക്കെ ക്ലീഷെ ആയിപ്പോകുന്നുവെങ്കിലും കമന്റാതെ വയ്യ :)]

പ്രയാണ്‍ said...

മോളെ പ്പറ്റി വായിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നി ഇതെന്റെ അനുഭവമാണല്ലൊ എന്ന്.....പക്ഷെകമന്റുകളില്‍ കൂടി കടന്നപ്പോള്‍ മനസ്സിലായി പലരുടേതുമാണെന്ന്.....ആശംസകള്‍......

joshi said...

i dont want to distroy ur comment sheet with this sayipan language (sorry i dnt have malayalam font...) but how can i stop my anxitey about this spontanios style of writng......................snehanidiyaya ammayude ulkandakal

ആശിഷ രാജേഷ് said...

കണ്ണുനനയിക്കുന്ന എഴുത്ത്...

Vinodkumar Thallasseri said...

'അവള്‍ക്കു മാത്രമേ അങ്ങനെയൊരു ഹൃദയമുള്ളൂ. പക്ഷേ പറഞ്ഞിട്ടെന്ത്? പത്തു ജയിക്കാത്തവള്‍ക്ക് ഈ കാലത്ത് എന്തു വിലയാണുള്ളത്? എന്തു ജോലിയാണു കിട്ടുക? കെട്ടാന്‍ ആരാണു വരിക?'

ഈ കുട്ടിയെപ്പോലെത്തന്നെ ഇത്തരം എഴുത്തും ഉണ്ടെന്നുള്ളത്‌ എന്തൊരാശ്വാസം. പഴമ്പാട്ടുകാരന്‍.

420 said...

സത്യമായും അവളെയൊന്നു കാണാന്‍ തോന്നി, ഇപ്പോഴും തോന്നുന്നു.
*
കൈതമുള്ളു പറഞ്ഞപോലെ, നല്ലതുമാത്രം വരട്ടെ.

ഹാരിസ് said...

മാ, തുഛെ സലാം.

ജിവി/JiVi said...

ഒന്നുമെഴുനാനില്ല,
(വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയിയെന്നറിയിക്കാന്‍ മാത്രം!)

നല്ലത് മാത്രം വരട്ടെ!

കൈതമുള്ളിനെ ഞാനും എടുത്തെഴുതട്ടെ.

Viswaprabha said...

അമ്മേ, ആ മുത്തിനു് എന്റെവകയായി ഒരു മുത്തം കൊടുക്കണേ. കണ്ണീരിലുപ്പിട്ട് പുഞ്ചിരിയിൽ വാറ്റിയെടുത്ത ഒരു കൊച്ചുമുത്തം!


മനഃപൂർവ്വം തോറ്റുകൊടുത്ത് മൌനമായി വിജയമാഘോഷിക്കുന്ന, ജീവിതം അച്ഛൻ‌കാപ്പിയ്ക്കു മധുരമായോ തായ്‌ത്തടിയ്ക്കു കുഴമ്പായോ അനിയൻ‌തേങ്ങലിനു തലോടലായോ സഫലമാക്കിത്തീർക്കുന്നവരുടെ ഒരു സ്വർഗ്ഗം പണിതിട്ടുണ്ട് ഞങ്ങൾ. അവിടെ മുൻ‌വരിയിൽ അക്കങ്ങളില്ലാതെ അളവുകളില്ലാതെ ഒരു പൂക്കളം തീർത്തിട്ടുണ്ട് ഞങ്ങൾ. അതിന്നരികിൽ ഇരുമ്പരികുകളും പ്ലാസ്റ്റിക്കലുകുകളുമില്ലാത്തൊരു കുഞ്ഞിക്കസേര ഒരുക്കിവെച്ചിട്ടുണ്ട് ഞങ്ങൾ.
അതിലൊപ്പമിരിക്കാൻ നൂറിൽ നൂറുമേനി വിളഞ്ഞൊരുങ്ങിപ്പതിഞ്ഞൊതുങ്ങിവരുന്ന ഒരു കതിർമകളേയും കാത്തിരിക്കുന്നുണ്ട് ഞങ്ങൾ...

-ആച്ചീടച്ഛൻ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അമ്മയുടെ ആകുലതകള്‍
മനസ്സിലെ നീറ്റല്‍
കൂട്ടത്തില്‍ പുറകില്‍ നില്‍ക്കുന്ന
കുഞ്ഞിനെയോര്‍ത്തുള്ള ആശങ്കകള്‍
ഒരമ്മ ഉള്ളത്തില്‍ എത്രയെത്ര സമുദ്രങ്ങളെയാ‍ണൊളിപ്പിച്ചു വയ്ക്കുന്നത്?
എത്ര കൊടുങ്കാറ്റുകളെയാണൊളിപ്പിച്ചു വയ്ക്കുന്നത്?
പ്രണാമം.

നന്മകള്‍ വരട്ടെ
എന്നും നന്മകള്‍ മാത്രം വരട്ടെ

Jayasree Lakshmy Kumar said...

വായിച്ചപ്പോൾ ഒരുപാട് പ്രാവശ്യം കണ്ണ് നിറഞ്ഞു. ഒരു നടുപുത്രിയുടെ മനസ്സ് ഒരു അമ്മയുടെ വാക്കുകളിലൂടെ കണ്ടു. [ചെറുപ്പത്തിൽ, എന്റെ അമ്മയ്ക്കല്ലാതെ മറ്റാർക്കും എന്നോട് സ്നേഹമില്ലേ എന്നു ശങ്കിച്ചിരുന്ന, മറ്റുള്ളവരുടെ മറച്ചു വച്ച സ്നേഹം എത്ര വലുതാണെന്ന് കാലം പഠിപ്പിച്ചു തന്ന മറ്റൊരു നടുപ്പുത്രി]

നസീര്‍ കടിക്കാട്‌ said...

ശ്രുതിയമ്മ ലയമമ്മ മകളുടെ പേരോ,അമ്മ....

ഗൗരിനാഥന്‍ said...

നല്ലത് വരുത്തട്ടെ..ആ കൊചു മിടുക്കിയുടെ ഇഷ്ടവിഷയങ്ങളിലേക്ക് അവളെ തിരിച്ച് വിട്ട് ഈ ടെന്‍ഷനില്‍ നിന്നും അവളെ കരകയറ്റാമല്ലോ ഇനി...10 എന്ന കടമ്പ കഴിഞ്ഞല്ലോ

Sapna Anu B.George said...

ദേവസേനെ....ഒന്നും കാണാന്‍ വയ്യ, ആ എന്റെ തന്നെ കണ്ണുനീരായിരുന്നു.
........ഞാന്‍ തന്നെ ഈ പേജുകളിലൂടെ ജീവിച്ച്,തിരിഞ്ഞും മറിഞ്ഞു കിടന്ന്,എല്ലാ ദൈവങ്ങളെയും
നെഞ്ചുരുകി വിളിച്ച്,ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ വാക്കുകളില്‍ തെല്ലാശ്വാസം പകര്‍ന്നതും എല്ലായിടത്തും ഞാന്‍ തന്നെ അല്ലായിരുന്നോ എന്നൊരു തോന്നല്‍!!
ഇവിടെയല്ലാം ജീവിച്ചു നീങ്ങിയ ഒരു തോന്നല്‍.ഇതു പോലെ നെഞ്ചോടു ചേര്‍ത്ത്,വളര്‍ത്തുന്ന മൂന്നുമക്കള്‍ എനിക്കും ഉണ്ട്.മകളുടെ നെഞ്ചിടിപ്പീന്റെ ആഴം അറിയുന്നത് അമ്മ മാത്രമെയുള്ളു.അത് മറ്റൊരാള്‍
പറഞ്ഞു കേട്ടപ്പോള്‍ അടക്കി വെച്ചിരുന്ന എല്ലാ സങ്കടങ്ങളും,
പേടീകളും,പൊട്ടിയൊഴുകി.അമ്മയുടെപ്രാര്‍ഥന ഒരിക്കലും ദൈവം നിരസിക്കില്ല.പിന്നെ ഇത്ര നല്ല മനസ്സുളള ഒരമ്മയുടെ മകള്‍ ഒരിടത്തും തോല്‍ക്കില്ല.മകള്‍ക്കു ജീവതത്തില്‍,എല്ലാ നന്മകളും. മകള്‍ക്കായി എല്ലാ പ്രാര്‍ഥനയും,
അനുഹ്രങ്ങളും.അറിഞ്ഞില്ലെങ്കിലും,
കണ്ടില്ലെങ്കിലും,ഞങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നു ദേവസേനയുണ്ടായിരിക്കും,എന്നെന്നും ഒരു സുഹൃത്തിനായി......

ചന്ദ്രകാന്തം said...

മകള്‍ക്കെന്നും വഴികാട്ടാന്‍ അമ്മയ്ക്കാകട്ടെ.
(വീട്ടിലെ അവസാനസന്താനമായിട്ടുപോലും, മൂത്തവരെപ്പോലെ ആരും പരിഗണിക്കുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്നത്‌, പ്രായവത്യാസം കാരണം അവരുടെ കൂടപ്പിറപ്പു തന്നെയല്ലേ ഞാന്‍ എന്നു പലകുറി ശങ്കിച്ചിരുന്നത്‌, ഒറ്റപ്പെട്ടു പോയത്‌...അങ്ങനെ പലതും.. ഓര്‍ത്തു.)

മാണിക്യം said...

ആ കുട്ടി മഹാഭാഗ്യവതിയാണ്,
മനസ്സിലാക്കുന്ന സ്നേഹിക്കുന്ന
ഒരു അമ്മയുണ്ടല്ലോ..
നോക്കിക്കോ അവള്‍ വലിയൊരു പ്രതിഭയാവും
അതാണ് അമ്മയുടെ താങ്ങിന്റെ
തലോടലിന്റെ ബലം
ഫലം !

Siji vyloppilly said...
This comment has been removed by the author.
Siji vyloppilly said...

എപ്പോഴും ഇവിടെ വന്ന് വായിച്ച്‌ പടിയിറങ്ങുമ്പോള്‍ വല്ലാത്ത പൂര്‍ണ്ണതയാണ്‌. ജീവിതം ഇവിടെ ആഘോഷങ്ങളില്ലാതെ സത്യസന്ധമായി കോറിയിടുന്നു.

എന്നും എപ്പോഴും ആരാധിക - :) ഒപ്പ്‌ .

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വിങ്ങുന്ന മനസ്സോടെയാണ്‌ കുറിപ്പ്‌ വായിച്ചു തീര്‍ത്തത്‌...
നീര്‍ നിറഞ്ഞ കണ്ണുകളോടെയും.

ഒടുവില്‍, കൈകളാല്‍ മുഴുവന്‍ മറച്ചിരുന്ന മകളുടെ മുഖം നിറചന്ദ്രികപോലെ തെളിഞ്ഞുകണ്ടു അമ്മയുടെ മനം തെളിഞ്ഞ നിമിഷം ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പോടെ ഞാനും ദേവസേനയുടെ കുറിപ്പിനു പുറത്തേയ്ക്ക്‌ പോന്നു.

അതീവ സംവേദനക്ഷമതയുള്ള ആ ഭാഷയ്ക്കും ശൈലിക്കും അവതരണരീതിക്കും പ്രത്യേകം അഭിനന്ദനങ്ങള്‍...

ജൂലിയ said...

ഒരമ്മയുടെ ആകുലതകള്‍ എല്ലാം ഇതിലുണ്ട്.
മനോഹരമായിരിക്കുന്നു.

kichu / കിച്ചു said...

ദേവസേന..

ആദ്യമായാണിവിടെ.
എഴുത്ത് നന്നായി ആസ്വദിച്ചു. അമ്മയുടെ വ്യാകുലതകള്‍ അനുഭവിച്ചറിഞ്ഞു. ആശ്വാസം,സാന്ത്വനം എല്ലാം പകരാന്‍ നമുക്കേ പറ്റൂ. അമ്മമാരായ നമുക്ക് മാത്രം.

എല്ലാ ആശംസകളും നേരുന്നു..

അമ്മയ്ക്കും അമ്മയുടെ പ്രിയപ്പെട്ട മകള്‍ക്കും.

ഇട്ടിമാളു അഗ്നിമിത്ര said...

സിജി യുടെ ബ്ലൊഗില്‍ അമ്മയുടെ സങ്കടം വായിച്ചാ ഇവിടെ ചാടിയെത്തിയെ.. അപ്പൊ ദേ ഇവിടെം..

ആ മോളോട് എനിക്ക് അസൂയ തോന്നുന്നു... അവള്‍ക്കെന്നും നല്ലതു മാത്രം വരട്ടെ...


ചന്ദ്രകാന്തം ഈ വരികള്‍ ഞാനും കടമെടുക്കട്ടെ... :)

"വീട്ടിലെ അവസാനസന്താനമായിട്ടുപോലും, മൂത്തവരെപ്പോലെ ആരും പരിഗണിക്കുന്നില്ലല്ലോ എന്നു സങ്കടപ്പെട്ടിരുന്നത്‌, പ്രായവത്യാസം കാരണം അവരുടെ കൂടപ്പിറപ്പു തന്നെയല്ലേ ഞാന്‍ എന്നു പലകുറി ശങ്കിച്ചിരുന്നത്‌, ഒറ്റപ്പെട്ടു പോയത്‌...അങ്ങനെ പലതും.. ഓര്‍ത്തു."

Siji vyloppilly said...

puthiyathonnum varunnillallo..kurenaalaayi kayariyirangunnu...:))

Sureshkumar Punjhayil said...

Ella makkalkkum Ashamsakal... Prarthanakal... Nannayirikkunnu. Ashamsakal...!!!

© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com