വെള്ളചെമ്പകപ്പൂവിന്റെ മുഖമുള്ള മകള്‍.



ട്ടണത്തില്‍ നിന്ന് അല്‍പം അകലെയുള്ള ആശുപത്രി. ഒരുപാടു തിരക്കുകള്‍ക്കുള്ളില്‍ മൗനം പാലിച്ചു പരന്നുനീണ്ടു അതങ്ങനെ കിടന്നു. പടിക്കെട്ടുകള്‍ക്കു താഴെയും, ചുറ്റും, വെള്ളചെമ്പകങ്ങള്‍ വിഷാദമായി ചിരിച്ചുനിന്നു. ഡോക്ടര്‍ പ്രഭയുടെ കണ്‍സല്‍ട്ടിംഗ്‌ റൂമില്‍ അത്യന്തം പരവശയായി ഞാനിരുന്നു. 'എന്താണിപ്പോള്‍ ഇതു വേണ്ടെന്നു വെക്കുന്നത്‌?' അവര്‍ അനുകമ്പയോടെ ചോദിച്ചു. മൂത്ത കുഞ്ഞിനു 3 വയസ്‌, രണ്ടാമത്തവള്‍ക്കു ഒന്നര. കുഞ്ഞുങ്ങളുടെ ചെറിയ പ്രായവും, ജോലിക്കു പോക്കും, വേലക്കാരികളെ കിട്ടാനുള്ള സൗകര്യക്കേടുകളും.. ഞാന്‍ പരാധീനതകളുടെ ഭാണ്ഡകെട്ടഴിച്ചു. അവരിതെത്ര കണ്ടിരിക്കുന്നു. സാരമില്ലന്നവര്‍ ആശ്വസിപ്പിച്ചു. ജനിച്ച കാലം മുതലുള്ള ശരീരസിദ്ധാന്തങ്ങള്‍ മുഴുവന്‍ വിശദമായി പഠിച്ചവര്‍ പ്രതിവിധി നിര്‍ണ്ണയിച്ചു. അങ്ങനെ രണ്ടരമാസം വളര്‍ച്ചയെത്തിയ മകളെ -അതോ മകനോ- വധിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്ത്‌ അബോര്‍ഷന്‍ ടേബിളില്‍ കിടക്കുമ്പോള്‍, മൂന്നും ഒന്നരയും വയസുകാരികളുടെ സുരക്ഷിതത്ത്വം മാത്രമായിരുന്നു ഉള്ളില്‍. മരുന്നുകളിലൂടെ മയക്കത്തിലേക്കു ശരീരം നീങ്ങുമ്പോള്‍ ഡോക്ടര്‍ പ്രഭയുടെ കൈകള്‍ എന്റെ സ്വകാര്യഭാഗങ്ങളിലൂടെയും, അടിവയറിന്റെ ആഴങ്ങളിലൂടെയും അല്‍പ്പമല്ലതെ വേദനിപ്പിച്ചു നീങ്ങുന്നത്‌ ഞാനറിയുന്നുണ്ടായിരുന്നു. എല്ലാം പെട്ടന്നു തീര്‍ന്നു. കിടക്കയിലേക്കു നീക്കുമ്പോള്‍മക്കള്‍, അഛന്‍, അമ്മ, ചേച്ചിയും ഭര്‍ത്താവും എന്നിവര്‍ ചുറ്റും നിരന്നു നിന്നു. പിറ്റേന്നു രാവിലെ വീട്ടിലെത്തിയപ്പോള്‍ അടുപ്പക്കാര്‍ ചോദിച്ചു 'എന്തുപറ്റിയെന്ന്' അമ്മ നിസാരമായി പറഞ്ഞു 'ഒരു ഡി & സി'. ഉച്ചതിരിഞ്ഞപ്പോള്‍ അഛന്‍ പറഞ്ഞു, അനങ്ങാതെ കിടന്നോളു, തിരിഞ്ഞു മക്കളോടു പറഞ്ഞു, അമ്മക്കു സുഖമില്ല. സുഖമില്ലാത്ത അമ്മയെ അവര്‍ ദയാവായ്പ്പോടെ നോക്കി. സന്ധ്യ കഴിഞ്ഞപ്പോഴേക്ക്‌ ഗുളികയുടെ സുഖകരമായ ആലസ്യമൊഴിഞ്ഞിരുന്നു. വിവാഹശേഷമുള്ള ദിനങ്ങളോര്‍മ്മവന്നു. ഭര്‍ത്താവിനോടു പറഞ്ഞിരുന്നു. നമ്മുക്കീ വീടു നിറയെ മക്കള്‍ വേണം. അവരീ മുറ്റം നിറയെ ഓടിച്ചാടി കളിക്കണം. അദ്ദേഹം പറഞ്ഞു, ഒരാള്‍ മതി. കുറഞ്ഞത്‌ 6 എങ്കിലും എന്നു ഞാന്‍ വീണ്ടും ശഠിച്ചു. മനസില്ലാമനസോടെ അദ്ദേഹം മൂളി. എന്നാലിപ്പ്പ്പോള്‍ പ്രയോഗികബുദ്ധിയുള്ള അമ്മയാവാന്‍ പഠിച്ചുവെന്നു സ്വയം സമാധാനിപ്പിച്ചു. എന്നിട്ടും നെഞ്ചിലാകെ ഒരു ഘനം. ആകപ്പാടെ വിങ്ങല്‍. ഡോക്ടര്‍ പ്രഭയുടെ മുഖം കണ്ണില്‍ നിന്ന് മായുന്നില്ല. രണ്ടരമാസം വളര്‍ച്ചയെത്തിയ കുഞ്ഞ്‌, കുഞ്ഞ്‌ എന്നു പറയാറായിട്ടുണ്ടാവുമോ? പഠനകാര്യങ്ങളില്‍ ഞാനൊരു പമ്പരവിഡ്ഡിയായിരുന്നു. എങ്കിലും ശരീരശാസ്ത്രത്തെക്കുറിച്ച്‌ സ്കൂളില്‍ പഠിച്ചതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചു. രണ്ടുകൈകളില്‍ കോരിയെടുക്കാവുന്ന ഒരു രക്തക്കട്ട. എത്ര ഭാരമുണ്ടായിരുന്നിരിക്കും? അമ്മയെ കണ്‍നിറയെ കാണുവാന്‍ കണ്‍തടങ്ങള്‍ തുടിച്ചുതുടങ്ങിയിരുന്നുവോ? ഗര്‍ഭപാത്രഭിത്തികളില്‍ കൈകാലുകളുരുമ്മി അമ്മയെ രസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവോ? ചുവന്ന നൂലുപോലെയുള്ള വായ്‌ പിളര്‍ന്നിട്ടുണ്ടാവുമോ? ഡോക്ടര്‍ പ്രഭയുടെ കത്രികചുണ്ടുകള്‍ ഹൃദയത്തിനു നേരെ വരുന്നത്‌ കണ്ട്‌ അമ്മക്കൈകളെന്നു തെറ്റിദ്ധരിച്ചുപോയിരുന്നുവോ? രാത്രിയില്‍ കണ്ണടക്കാന്‍ കഴിഞ്ഞില്ല. അമ്മേയെന്ന ഹൃദയഭേദകമായ ഒരു വിളി അലകളുയര്‍ത്തി നേര്‍ത്തുനേര്‍ത്തു പോയി.






കൊലപാതകം ശിക്ഷാര്‍ഹമായ കുറ്റമെന്ന് ഏതുകോടതിയും ഉറക്കെ വിധിക്കുമ്പോള്‍, ഭ്രൂണഹത്യക്ക്‌ ശിക്ഷയില്ലാത്തതിന്റെ കാരണം പിന്നീടാണു വെളിപ്പെട്ടുവന്നത്‌. അവസാന ശ്വാസം വരെ പിന്തുടരുന്ന മനസാക്ഷികുത്തിനെ തോല്‍പ്പിക്കാന്‍ പോന്ന മറ്റൊരു ശിക്ഷയുമില്ലന്നുള്ളതാണത്‌.






ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാന്‍ നെട്ടോട്ടമോടുന്ന മൂന്നു-നാലു ദമ്പതിമാരുടെയെങ്കിലും പരമ സങ്കടം കണ്ണാലെക്കണ്ട്‌ ഹൃദയം പൊടിഞ്ഞിട്ടുണ്ട്‌. പഴയ കടം വീട്ടാന്‍ ഒരു മകളെ ദത്തെടുക്കണമെന്ന പരകോടിയിലെത്തിയിരിക്കുന്ന ആഗ്രഹം അടുത്തസുഹൃത്തുക്കളോടു പറഞ്ഞിട്ടുമുണ്ട്‌. ദത്തെടുക്കല്‍ പരിഹാരമാകുന്നില്ല. അറുകൊല ചെയ്യപ്പെട്ട മകള്‍ക്കു പകരമാകുന്നുമില്ല. അവള്‍ക്കു പകരം അവള്‍ മാത്രമാണു. എന്നാണു അവളെ കാണാന്‍പറ്റുക? മരിച്ച്‌ മണ്ണടിഞ്ഞ്‌ പരലോകത്ത്‌ എത്തുമ്പോള്‍ (എത്തുമെന്ന നിശ്ചയം പോരാ, എങ്കിലും) ദൈവത്തിനും മുന്‍പേ എന്നെ സ്വീകരിക്കാനെത്തുക, വിഷാദപൂര്‍വ്വം ചിരിച്ചുനിന്നിരുന്ന വെള്ളച്ചെമ്പകപ്പൂവിന്റെ ഛായയുള്ള എന്റെ മകളായിരിക്കില്ലേ?

അമ്മ വീടു വിട്ടു പോകുന്നു.






വെള്ളിയാഴ്ച്ചയായിരുന്നു അന്ന്.രാവിലെ പത്രം നിവര്ത്തിപിടിച്ചും, ടി.വി-യിലെ വാര്ത്തയിലേക്കു കണ്ണു തിരിച്ചും, അദ്ദേഹം അലസമായി പറഞ്ഞു ' അറിഞ്ഞോ? ഇന്നു നമ്മുടെ വീടു പൊളിക്കയാണു'. ഉള്ളില് ഒരാന്തല് ഉയര്ന്നു. പെട്ടന്നു ഞാനെഴുന്നേറ്റ് അടുക്കളയിലേക്കു പോയി. അഴുക്കു പുരണ്ട പാത്രങ്ങള്ക്കു പുറമേ, കഴുകി കമഴ്ത്തിയിരുന്നവയും വീണ്ടും വീണ്ടും കഴുകിയിട്ടും കണ്ണീരടങ്ങുന്നില്ല. വര്ഷങ്ങളായി ആള്പാര്പ്പില്ലാതെ അടഞ്ഞു കിടന്നിരുന്ന വീട്. പഴുതാര, പാറ്റ, എലി, മുതലായവ കൂടാതെ പാമ്പു വരെയതിനുള്ളിലുണ്ടാന്നായിരുന്നു പറച്ചില്
ഓര്മ്മ വെച്ചിരുന്ന കാലം മുതല് അമ്മ പറഞ്ഞിരുന്നു. ' ഒറ്റമകളാണെന്ന കൊഞ്ചല് വേണ്ട, വല്ലവീട്ടിലും ചെന്നു കയറേണ്ട പെണ്ണാണു' വാല്സല്യം കോരിനിറച്ച് വളര്ത്തിയ അഛനും പറയുമായിരുന്നു. "അമ്മായിയമ്മേടെ കുത്തും വാങ്ങിയിങ്ങോട്ടു വന്നേക്കരുത്' . ആ പെണ്ണ് ചെന്നു കയറിയ വീടാണിപ്പോള് പൊളിക്കുന്നത്. അമ്മായിയമ്മ എന്ന് ഒരിക്കലും ഉച്ചരിക്കേണ്ടി വന്നിട്ടില്ല. (ആ പദം ഇവിടെയെഴുതുമ്പോള്പോലും അരുതായ്ക തോന്നുന്നുണ്ട്)
തനിത്തങ്കമായിരുന്നവര്. പെണ്ണുകാണലിനും, വിവാഹമുറപ്പിക്കലിനും അവര് വന്നിരുന്നില്ല. വിവാഹത്തിനും ആ കഥാപാത്രത്തെ കണ്ടിരുന്നില്ല. എന്നാല് വലതുകാല് വെച്ചുപടികയറിയപ്പ്പ്പോള്, രണ്ടു കയ്യും ചേര്ത്തു, നെഞ്ചോടടുക്കിപ്പിടിച്ച്, വരാന്തയില് ചില്ലിട്ടുവെച്ചിരുന്ന ഫോട്ടോയിലേക്കു ചൂണ്ടിയവര് പറഞ്ഞു 'നിന്റെയപ്പച്ചനാണു" പിന്നീടെന്നെ അകത്തേക്കു കൊണ്ടുപോയി. ആ കൊണ്ടുപോക്ക് അവരുടെ ഹൃദയത്തിന്റെ ഏറ്റവുമുള്ളിലേക്കായിരുന്നു. എന്റെ മുത്തശ്ശിയെക്കാള് പ്രായമുണ്ടായിരുന്നു അവര്ക്കു. അവരുടെ വാര്ദ്ധ്യക്യകാല ബോണസ് ആയിട്ടായിരുന്നു എന്റെ ഭര്ത്താവിന്റെ ജനനം.
ആ വീടു കണ്ടചുരുക്കം ചില ബന്ധുക്കള് രഹസ്യമായി പറഞ്ഞു ' പഴയ വീടാണു, ചെറിയ വീടാണു' എങ്കിലെന്ത്? എനിക്കിഷ്ടമായി. വീടിന്റെ ഇരുപുറവും നാട്ടുവഴികളാണു. ചുറ്റുവട്ടം അയല്കാരുണ്ട്. തൊടി നിറയെ മരങ്ങളുണ്ട്. മുറ്റത്തു പക്ഷെ ചെടികളില്ല. വിവാഹത്തെക്കുറിച്ചു ചിന്തകളുദിക്കുന്നതിനു മുന്പെ വിവാഹം കഴിഞ്ഞതുകൊണ്ടു സ്വപ്നങ്ങളൊന്നുമില്ലാതെ ദാമ്പത്യത്തിന്റെ യാഥാര്ത്യത്തിലേക്കാണു നേരെ കാലെടുത്തുവെച്ചത്.ഞാനും അദ്ദേഹവും, അമ്മയും മാത്രമുള്ള ചെറിയ വീട്ടില് (അമ്മയുടെ ഭാഷയിലെ വല്ലവീട്ടിലും) എന്റെ സ്വപ്നങ്ങളുണര്ന്നു, ദാമ്പത്യം വിടര്ന്നു. നിമിഷം പോലും പിരിയില്ലന്നു കരുതിയ അഛനെ മറന്നു.
വീട്ടുജോലികളൊന്നുംവശമില്ലന്നറിഞ്ഞ്‌ 'ഒന്നുംചെയ്തില്ലെങ്കിലും അമ്മയെചുറ്റിപറ്റി നിന്നാല്‍ മതി'യെന്നു അദ്ദേഹം ആശ്വസിപ്പിച്ചു. എനിക്കു പ്രിയപ്പെട്ട പലഹാരങ്ങള്‍ അമ്മയുണ്ടാക്കിത്തന്നു., ഞാന്‍ കഴിച്ച്‌ ബാക്കി വെക്കുന്ന ഭക്ഷണം (സ്വന്തം അമ്മ ചെയ്തിരുന്നതു പോലെ) അവര്‍ കഴിച്ചു. ചെറിയജോലികള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു. മുറികള്‍ തൂത്തുവാരി. ചുക്കിലിയടിച്ചു. ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കി. പൈപ്പ്‌കണക്ഷന്‍ ഇല്ലാത്ത വീട്ടിലെ ആഴമുള്ള കിണറ്റില്‍ നിന്നു വെള്ളം വലിച്ച്‌ കൈവെള്ള ചുവന്നു. ഗ്യാസടുപ്പില്ലാത്ത അടുക്കളയില്‍ അമ്മയില്ലാതിരുന്ന ഒന്നോ രണ്ടോ വേളകളില്‍ അയല്‍വക്കത്തുനിന്ന് ശാന്തയെ വിളിച്ച്‌ തീ കത്തിച്ചു. (എന്തിനാണീ അറിയാത്ത പണികള്‍ക്ക്‌ നില്‍ക്കുന്നതെന്ന് അമ്മയിടക്കിടെ പറഞ്ഞുകൊണ്ടിരുന്നു).
മുറ്റത്ത്‌ ചെടികള്‍ വെച്ചു.ഞങ്ങളുടെ കിടപ്പുമുറിയുടെ ജനാലക്കു താഴെ മുറ്റത്ത്‌ മുല്ല നട്ടു. പില്‍ക്കാലത്ത്‌ അത്‌ ജനാലക്കുള്ളിലേക്കു പടര്‍ന്ന് കിടപ്പറയിലേക്ക്‌ രാത്രികാലങ്ങളില്‍ പൂവു പൊഴിക്കുമെന്നു സ്വപ്നം കണ്ടു.
നാടു തെണ്ടിയോടി വരുന്ന കാറ്റു കയറിവിശ്രമിക്കുന്ന കോലായിലിരുന്ന് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനെ (എന്റെ അമ്മയിയഛന്‍) കുറിച്ച്‌ പറഞ്ഞിട്ടൊന്നും തീരാതെ അവരിരുന്നു. കേട്ടുതീരാതെ ഞാനുമിരുന്നു. അവര്‍ ചിരിക്കുകയോ കരയുകയോ ചെയ്യുന്നതു കണ്ടിട്ടില്ല. നിര്‍മലമായ തടാകത്തിന്റെ സ്വഛതയോടെ, സ്ത്രീയെന്നാല്‍ ഇങ്ങനെയായിരിക്കണമെന്നോര്‍മ്മിപ്പിച്ച്‌ അവരാ വീടിന്റെ സകലദിക്കിലും വ്യാപിച്ചു നിന്നു.
വീടിന്റെ പടിഞ്ഞാറെ മുറിയുടെ ജനാല തുറന്നാല്‍ പൊതുജനത്തിന്നുള്ള വെള്ളത്തിന്റെ പൈപ്പ്‌ കാണാം. വെളുപ്പിനു മുതല്‍ വെള്ളമെടുക്കാന്‍ വരുന്നവരുടെ കലപിലയും, പുരുഷന്മാരുടെ കുളിസീനുകളും, പശുവിനെകുളിപ്പിക്കലുകളും, യൗവ്വനക്കാരുടെ അത്യാവശ്യം പ്രേമസല്ലാപങ്ങളും കൊണ്ടു ആ ചുറ്റുവട്ടം സജ്ജീവമാണു.
സ്കൂളുകള്‍, കോളജ്‌, റെയില്‍വെസ്റ്റേഷന്‍, തുടങ്ങി എല്ലാവിധസംവിധാനങ്ങളും കൈയെത്തുന്നയകലത്തിലുണ്ട്‌. ചേച്ചിമാരുടെ മക്കള്‍ കൂടാതെ ബന്ധത്തിലും, സ്നേഹത്തിലുംപെട്ട പലകുട്ടികളും (എന്റെ അനിയനുള്‍പ്പെടെ) അവിടെ താമസിച്ചു വിദ്യാഭ്യാസം ചെയ്തു.
ആക്കാലത്താണു പൈപ്പുചുവടിനു മുകളിലത്തെ വീട്ടില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടെന്നു അറിയിച്ച്‌ ജനാലക്കരികെയുള്ള കട്ടിലില്‍ അവന്‍ (അനിയന്‍) സ്ഥിരവാസമാക്കിയത്‌. രാവിലെ കുളിച്ച്‌, മുടിയഴിച്ചിട്ട്‌, പച്ചപ്പാവടയും വെള്ളബ്ലൗസുമിട്ട്‌ സ്കൂളിലേക്കുപോകുന്ന അവളെ കണികണ്ട്‌ ഉണര്‍ന്നാല്‍ ഐശ്വര്യമാണെന്ന് രഹസ്യം പറഞ്ഞു. ആ മുറിയിലെ തന്നെ മറ്റൊരു ജനാലതുറന്നാല്‍ കണ്ണന്റെ വീടാണു. അയാളുടെ പേരു കണ്ണന്‍ എന്നല്ലന്നും അയാളുടെ ദൃഷ്ടിയെത്തുന്നിടം കരിഞ്ഞുവീഴുമെന്നും. കുടംവലിപ്പത്തിലുള്ള തേങ്ങകള്‍ കായ്ച്ചിരുന്ന ഒരു തെങ്ങിനെ നോക്കിയയാള്‍ കമന്റടിച്ചതില്‍ പിന്നെയതില്‍ കുലകളുണ്ടായിട്ടില്ലന്നും ഞാനറിഞ്ഞു. അയാളെകണ്ട്‌ ഒരുവഴിക്കിറങ്ങിയാല്‍ ആദിവസം തന്നെയില്ലതായിപോകുമെന്നു അനുഭവസ്ഥര്‍ പറഞ്ഞു. പരീക്ഷക്കു പോകുന്ന കുട്ടികള്‍ വഴിയിലൊന്നും അയാളില്ലയെന്നുറപ്പാക്കിയിട്ടേ വീട്ടില്‍ നിന്നിറങ്ങൂ.
കാലം നീങ്ങി. വീട്ടിലെ മക്കളെല്ലാം പലദിക്കില്‍ മനോഹരമായ വീടുകള്‍ പണിതു. തറവാടിനും അതു നില്‍ക്കുന്ന സ്ഥലത്തിനും ഭംഗി പോരായെന്നു തോന്നി, ഭര്‍ത്താവും വേറെ സ്ഥലം വാങ്ങി വീടു വെച്ചു. അമ്മ തനിച്ചായ വീടിന്റെ പല ഭാഗത്തും ചോര്‍ച്ച തുടങ്ങി. ഭിത്തികളില്‍ വിരല്‍കൊണ്ടമര്‍ത്തുന്നിടം കുഴിഞ്ഞു. ചിമ്മിനി ഇടിഞ്ഞു വീഴാറായി. കട്ടിലില്‍ മലര്‍ന്നു കിടന്നാല്‍ ഉത്തരത്തിലൂടെയോടുന്ന എലികളുടെ വെളുത്ത പള്ള കാണാം.
ഞങ്ങളുള്‍പ്പെടെയുള്ള മക്കള്‍ അവധിക്കെത്തുമ്പോള്‍ മാത്രം ശബ്ദമാനമാകുന്ന വീട്‌. എന്റെ മക്കളുടെ കുഞ്ഞുപാദങ്ങള്‍ ചരല്‍വിരിച്ച മുറ്റത്തു കാലു നൊന്തു ഓടിനടന്നു. ഉച്ച തിരിഞ്ഞു വെയിലാറുന്ന നേരങ്ങളില്‍ കുഞ്ഞു മകളെ മുറ്റത്തു വിരിച്ച പായില്‍ കിടത്തി അമ്മ താലോലിച്ച്‌ ശലോമിയെന്നു പേരു വിളിച്ചു. ആ പഴയ പേരു കേട്ടു ഞങ്ങള്‍ തമാശയോടെ ചിരിച്ചു.
പിന്നീടു മക്കളെല്ലാം അവരെ മാറിമാറിയുപദേശിച്ചു. വയസായി വരിയാണെന്നോര്‍മ്മിപ്പിച്ചു. തന്നെയിവിടെ താമസിക്കരുത്‌, മക്കളുടെയാരുടെയെങ്കിലും കൂടെ വരൂ എന്നപേക്ഷിച്ചു. പക്ഷേ വീടു വിട്ടുപോവില്ലയെന്നയവരുടെ ശാഠ്യം ജയിച്ചു ജയിച്ചുനിന്നു. തീരെ ആകാതെ വന്നപ്പോള്‍ അടുത്തുള്ള മകളുടെ വീട്ടില്‍ താമസമാക്കി. എന്നിട്ടും ദിവസേന ഓട്ടോക്കാരനെ ഏര്‍പ്പാടാക്കി സ്വന്തം വീട്ടില്‍ വന്നു, അവിടെ തീ കത്തിച്ച്‌ കാപ്പിയുണ്ടാക്കികുടിച്ചു, വീടും ചുറ്റുവട്ടവും ഓരോ മരങ്ങളും നിരീക്ഷിച്ച്‌ തിരികെ പോകും. ക്ഷീണം പിന്നേയും കൂടിയപ്പ്പ്പോള്‍ വീടു പൂട്ടി താക്കോല്‍ അരയില്‍ കുത്തിയിട്ടു.
ആ വീട്ടില്‍ വളര്‍ന്നു വലുതായ ചെറുമക്കള്‍ വിവാഹിതരായി, വധുക്കളെയും കൂട്ടി ബാല്യം പട്ടം പറത്തിയ തറവാടു കാണിക്കാനെത്തി. പൂട്ടിയിട്ടവീടിന്റെ തുറന്നു കിടക്കുന്ന കോലയില്‍ ഇരുന്നു സ്വകാര്യങ്ങള്‍ പറഞ്ഞു. ഒടുവില്‍ വീടു പൊളിക്കുമെന്നുറപ്പായപ്പ്പ്പോള്, ഞങ്ങളുടെ വീട്ടിനു അനുയോജ്യമെന്നുറപ്പായതൊക്കെ അവിടെയെത്തിച്ച്‌, ബാക്കി വന്ന കട്ടിലുകള്‍, കസേരകള്‍ അങ്ങനെ പലതും സ്വന്തം കയ്യാളുകള്‍ക്കു ദാനം ചെയ്തു തക്കോല്‍ കൈമാറിയനേരത്ത്‌ അവര്‍ക്കു എന്തായിരിക്കും തോന്നിയിരിക്കുക? ആ വീട്ടില്‍കിടന്നു മരിച്ചു ഭര്‍ത്താവിന്റെ പൊളിച്ചുമാറ്റാനാവാത്ത ഏതൊക്കെയോര്‍മകളുടെ ഉരുള്‍പൊട്ടലുകള്‍ ആ ഉള്ളില്‍ നടന്നിട്ടുണ്ടാവും?
6-7 കൊല്ലങ്ങള്‍ ആവീട്ടില്‍താമസിച്ചുപഠിച്ച എന്റെ അനന്തരവന്‍, വീടിന്റെ പുറം-അകം പൊരുളുകള്‍ നന്നായറിയാവുന്നവന്‍ സങ്കടത്തോടെ പറഞ്ഞു 'ഞാന്‍ കിടന്നിരുന്ന മുറിയിലെ ആണിയിന്മേല്‍ കാമുകിയുടെ പേരു രഹസ്യമായി എഴുതിയിരുന്നു; അതു പോയിട്ടുണ്ടാവും അല്ലേ?'.
ഉവ്വ്‌, പോയിട്ടുണ്ടാവും. എല്ലാം പോയിട്ടുണ്ടാവും.
ഭര്‍ത്താവ്‌ വീണ്ടും പണം സമ്പാദിക്കുന്നു. പെട്ടന്നുതന്നെ മറ്റൊരു വീടിനുവേണ്ടിയുള്ള ഉത്സാഹത്തിലാണു. കുറച്ചുനാള്‍കഴിഞ്ഞ്‌ മനോഹരമായ ഒന്ന് അവിടെയുണ്ടാവും. പക്ഷെ പുതിയ വീടിന്റെ പടിഞ്ഞാറെ മുറിയില്‍കിടന്ന്, എന്റെ മകനു, അയലത്തെ സുന്ദരിമാരെ കാണാന്‍ പാകത്തിനു ജനാലയും കാമുകിയുടെ പേരുകൊത്താനുള്ള ആണികളുമുണ്ടാകുമോ?കുറുമ്പു കാട്ടിയോടിവരുന്ന കാറ്റിനുകയറിയൊളിക്കാന്‍ പാകത്തിനു ഇറയമുണ്ടാവുമോ? വരുന്ന ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന സ്നേഹത്തിന്റെ സമ്പന്നത അതിനുള്ളിലുണ്ടാവുമോ?
അതിനപ്പുറം അമ്മയുണ്ടാവുമോ? അറിയില്ല

"നാരീ സ്തനഭര"



"Now open - Dubai
New Lingerie & Swinwear Boutique for
Big boobed women
cupsize D to JJ"


രസ്യങ്ങളിങ്ങനെ ഇതു വരെയെത്തിയിട്ടുണ്ടു. എന്തു വില കൊടുത്തും മാറുകളുടെ സംരക്ഷണം വീണ്ടെടുക്കാന്‍ സ്ത്രീകള്‍ തയ്യാറാണു എന്നതിന്റെ സൂചനയാണിത്‌.

പണ്ട്‌ ജന്മിത്വം കൊടികുത്തി വാണിരുന്ന കാലത്ത്‌ കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ മാറുമറക്കല്‍ നിഷേധിക്കപ്പെട്ടിരുന്നു. സ്വന്തം വേളിയും വെപ്പാട്ടിമാരും പോരാഞ്ഞ്‌ ആവുന്നത്ര സ്ത്രീമാറുകളാസ്വദിച്ച്‌, റിക്കാര്‍ഡുകള്‍ തിരുത്തി ഗിന്നസ്ബുക്കില്‍ കയറിപറ്റണമെന്ന വാശിയുണ്ടായിരുന്നുവോ അക്കാലത്തെ ജന്മിത്വത്തിനു?? നിമിഷം തോറും വളര്‍ന്നുകൊണ്ടിരിക്കുന്ന മാറിനെ ചൊല്ലി ആകുലപ്പെടേണ്ടിയും, കഞ്ചുകമഴിച്ചു കെട്ടിക്കൊടുക്കേണ്ടിയും വന്നു ശകുന്തളയുടെ സഖിമാര്‍ക്ക്‌? ഇത്രമാത്രം പുകഴ്‌ത്തിപ്പടാന്‍ മാത്രം എന്ത്‌ അമൂല്യതയാണിതിലെന്ന ശങ്ക എങ്ങനെയുണ്ടാകാതിരിക്കും? പക്ഷെ ശങ്ക പാടില്ല, സൃഷ്ടി അഭിജ്ഞാന ശാകുന്തളമാണു. കര്‍ത്താവ്‌ കാളിദാസനാണു. എന്നാല്‍ ഇക്കാലത്തെ ഒരു പെണ്‍കുട്ടി മാറുവളര്‍ച്ചയില്‍ ആശങ്കപ്പെട്ട്‌ കൂടെ നടക്കുന്നസഖിമാരെകൊണ്ട്‌ ബ്രായുടെ ഹുക്ക്‌ കുത്തിക്കുകയോ, സ്റ്റ്രിപ്പ്‌ അഡജസ്റ്റ്‌ ചെയ്യിക്കുകയോ ചെയ്താല്‍, അവള്‍ ലെസ്ബിയന്‍ എന്ന പേരു വളരെ കൃത്യമായി സമ്പാദിച്ചിരിക്കും. ഏതെങ്കിലും സാഹിത്യകാര്‍ എഴുതിപ്പോയാല്‍ അശ്ലീലസാഹിത്യത്തിന്റെ വക്താവെന്നു പറഞ്ഞ്‌ നിരൂപകരും, വായനക്കരും അവരെ കല്ലെറിയുമെന്നതു മറ്റൊരുസത്യം. ഭോജരാജാവിന്റെ ഭാര്യയുടെ മാറിലെ കാക്കപ്പുള്ളിയെക്കുറിച്ച്‌ കാളിദാസനെഴുതിയാല്‍ അതു കാവ്യാത്മകം; ചമല്‍ക്കരസുന്ദരം. സാധാരണക്കാരന്‍ പറഞ്ഞാല്‍ അശ്ലീലം. കാളിദാസന്റെ കാലത്തെക്കാള്‍ ഇപ്പോഴും മാറു സംരക്ഷണത്തിനു ലഭ്യമാണെന്ന് വിളംബരം ചെയ്യുന്നു മേല്‍പറഞ്ഞ പരസ്യം.

പെറ്റിട്ട്‌, ഇത്തിരിപോന്ന ശിശുക്കളുടെ മൗലികതയില്‍ നിന്ന് മുലകളെടുത്തു മാറ്റുന്ന, സൗന്ദര്യതരംഗങ്ങളില്‍പ്പെട്ടുലയുന്ന, വര്‍ത്തമാനകാല ഹൈ-ടെക്‌ അമ്മമാര്‍ക്ക്‌ മുഖമടച്ചുകിട്ടിയ പ്രഹരമാണു ചിലനാളുകള്‍ക്ക്‌ മുന്‍പ്‌ ഒരു ആഴ്ചപതിപ്പില്‍ അച്ചടിച്ചു വന്ന ചിത്രം. ബാഗ്ലൂര്‍ പട്ടണ നടുവില്‍, രണ്ടു വയസുകാരനായ തെരുവുബാലന്‍ സഹചാരിയായ തെരുവ്‌ നായയുടെ മുലപ്പാല്‍ വലിച്ചുകുടിക്കുകയാണു ചിത്രത്തില്‍. അക്കാര്യത്തില്‍ പുരാണങ്ങളിലെ പൂതനയെ ബഹുമാനിക്കുക തന്നെവേണം. കംസന്റെ ആജ്ഞ ശിരസാ വഹിച്ച്‌, മുലകളില്‍ വിഷം പുരട്ടി ഉണ്ണിക്കണ്ണനെ സംഹരിക്കനെത്തി, ആഗമനോദ്ദേശ്യം വിസ്മരിച്ച്‌, പ്രാണന്റെ അമൃതേത്ത്‌ ചുരത്തി കൊടുത്തു അവര്‍.


ചെറുപ്പക്കാലത്ത്‌, വളരെ അപ്പൂര്‍വ്വമായി അഛന്‍ പറഞ്ഞിരുന്ന കഥകളെല്ലാം പ്രേതങ്ങളെ ചുറ്റിപറ്റിയുള്ളതായിരുന്നു. അദ്ദേഹം പണ്ടുകാണാന്‍ പോയ രക്തരക്ഷസ്‌ എന്ന നാടക കഥ വളരെ മനോഹരമായിരുന്നു. എന്നാല്‍ കടമുറ്റത്ത്‌കത്തനാര്‍ മന്ത്രശക്തിയാല്‍ തലയില്‍ ആണിയടിച്ച്‌ അടിമയാക്കി, അമ്മക്ക്‌ സഹായിയായി കൊണ്ടുവന്ന ഒറ്റമുലച്ചിയെന്ന യക്ഷികഥ കേട്ടാലും കേട്ടാലും മതിയാവില്ലായിരുന്നു എനിക്ക്‌. ഒറ്റമുലയുള്ള സുന്ദരി യക്ഷി എങ്ങനെയിരിക്കും എന്നാലോചിച്ച്‌ ആലോചിച്ച്‌ ഉറങ്ങിപോയിട്ടുണ്ട്‌.

ഇക്കഴിഞ്ഞ, ആഗസ്റ്റിലെ ഒരു അപരാഹ്നത്തിന്റെ ഒടുവില്‍, മഴ പെയ്യണോ, വേണ്ടയോ എന്നു ശങ്കിച്ചുനില്‍ക്കുന്ന നേരത്താണു ഗേറ്റ്‌ കടന്ന് അവര്‍ സാവധാനം നടന്നു വരുന്നതു ജനാലയിലൂടെ ഞാന്‍ കണ്ടത്‌. കരിവീട്ടിയില്‍ കടഞ്ഞെടുത്തതു പോലെയുള്ള അംഗവടിവുകള്‍ സാരിത്തലപ്പുകൊണ്ടു മൂടി, അത്യന്തം പ്രസരിപ്പാര്‍ന്ന മുഖവുമായി പൂമുഖവാതില്‍ക്കലെത്തി. ധനാഭ്യര്‍ത്ഥന മുന്‍കൂട്ടി കണ്ട്‌ മകളോട്‌ പരഞ്ഞു 'അഞ്ചോ പത്തൊ കൊടുത്ത്‌ വിട്ടേക്കൂ". പോയ വേഗതയില്‍ തിരികെയെത്തി മകള്‍ പറഞ്ഞു ' അവര്‍ക്ക്‌ അമ്മയെ കാണണമെന്ന്'. എന്തുകൊണ്ടോ, നിന്ന നില്‍പ്പില്‍ എന്തിനെന്നറിയാത്ത കോപം കത്തിക്കയറി. പണിയെടുക്കാനാവാത്ത തട്ടിപ്പു വര്‍ഗ്ഗത്തെ മനസാ ക്രുദ്ധിച്ച്‌ ഞാനിറങ്ങിച്ചെന്ന് ചോദിച്ചു ' എന്താണു കാര്യമെന്നു?" അവര്‍ കുറെക്കൂടി അടുത്തെക്കു വന്ന് നേര്‍ത്തൊരു ചിരിയോടെ അരിയിച്ചു " ഞാന്‍ രോഗിണിയാണു" എന്റെ കോപം മൂര്‍ദ്ധന്യത്തിലെത്തി. ആ പ്രസരിപ്പെനിക്കിഷ്ടപ്പെട്ടില്ല. പിന്നീടാ ചിരിയും. രോഗമുള്ളവര്‍ ഇങ്ങനെ ചിരിക്കാന്‍ പാടുണ്ടൊ? ഇത്ര പ്രസരിപ്പു പാടുണ്ടൊ? സുഖക്കേടു വെറും അഭിനയമാണു. പണം തട്ടിയെടുക്കനുള്ള തന്ത്രങ്ങള്‍! ദുരാഗ്രഹി! അവരെന്റെ മനോഗതങ്ങള്‍ വായിച്ചെടുത്തുവോ ആവോ? പെട്ടന്നവര്‍ സാരിത്തലപ്പു നീക്കി. നിന്ന നില്‍പ്പില്‍ കാല്‍ചുവട്ടിലെ തറ ഇളകുന്നതു പോലെ തോന്നിയെനിക്ക്‌. എന്താണു ഞാന്‍ കണ്ടത്‌? തികച്ചും, നഗ്നമായ, ശൂന്യമായ, അറുത്തുമാറ്റികഴിഞ്ഞിരിക്കുന്ന ഇടതുമാറു കാട്ടി പറഞ്ഞു 'അര്‍ബുദം ബാധിച്ചിരുന്നു. പഞ്ഞിയും, ബാന്‍ഡേജും ചേര്‍ത്തുചുറ്റിക്കെട്ടിയിരുന്ന അടുത്തതും നീക്കം ചെയ്യുന്നതിനു പണം ആവശ്യമാണു". കൊടുത്ത പൈസ സ്വീകരിച്ച്‌ അവര്‍ പടിയിറങ്ങിപ്പോയ നേരത്ത്‌, പെട്ടന്ന് ആകാശമാകെ കരിമേഘക്കെട്ടുകള്‍ മൂടി, ചുറ്റും നിന്നിരുന്ന റബ്ബര്‍മരങ്ങളിലേക്ക്‌ ഇരുട്ട്‌ ഓടിക്കയറി. പരന്ന പ്രതലവുമായിവന്ന ആ സ്ത്രീ മാറിടം എന്നെ അര്‍ദ്ധപ്രജ്ഞയിലേക്കെറിഞ്ഞു. ജീവിതത്തിലെ പ്രഥമാനുഭവമാണിങ്ങനെ ഒന്ന്. ആ രാത്രിയില്‍ തകര്‍ത്തു പെയ്ത മഴയിലൂടെ അച്ഛന്റെ കഥയിലെ ഒറ്റമുലച്ചിയെന്ന സുന്ദരി എന്റെ സ്വപ്നങ്ങളിലേക്കാദ്യമായിറങ്ങി വന്നു.
ബാല്യകാലത്ത്‌, കൈ നിറയെ കുന്നിക്കുരു പെറുക്കിക്കൂട്ടുമ്പോഴും, പുതിയ കുപ്പിവളകള്‍ ലഭിക്കുമ്പോഴും അവ മാറോടു ചേര്‍ത്ത്‌ സന്തോഷിച്ചിരുന്ന ഒരു ശരാശരി പെണ്‍കുട്ടിയുടെ പ്രകൃതം കാലത്തിന്റെ ഏതിടനാഴിയില്‍ വെച്ചാണു കൈമൊശം വന്നു പോയത്‌?

പിന്നീട്‌ കൗമാരനടക്കല്‍ വെച്ച്‌ നെഞ്ചിലേക്ക്‌ മുളച്ചുവന്ന മായകാഴ്ച്ച കണ്ട്‌ അന്തംവിട്ടുപോയതും പിന്നീടവയെ ഒന്നും രണ്ടും പെറ്റിക്കോട്ടിനുള്ളിലേക്ക്‌ ഒളിപ്പിക്കാനുള്ള ശ്രമങ്ങളും, കാലപ്രയാണത്തില്‍ "നിന്റെ മാറിനെത്ര ഭംഗി"യെന്നു പറഞ്ഞ്‌ എന്നെ ഞെട്ടിച്ച സഹപ്രവര്‍ത്തകയെയും ഓര്‍ക്കുമ്പോള്‍ നിഗൂഢമായൊരു ചിരി മാത്രം ബാക്കിയാവുന്നു.

ഇപ്പോഴിപ്പോള്‍, മൂന്നു കുഞ്ഞുങ്ങള്‍ മുഖം പൂഴ്ത്തിയുറങ്ങാന്‍ മല്‍സരിക്കാന്‍ മാത്രം സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു എന്നതൊഴിച്ചാല്‍ പുകഴ്ച്ച പറയാന്‍ എന്താണിതിലെത്ര എന്ന ശങ്ക മാത്രം ബാക്കി. എന്നിരുന്നാലും ഹോളിവുഡ്‌ നടിമാരും, മോഡലുകളും മാറുകളെ ഇന്‍ഷ്വറന്‍സിനു വിധേയമാക്കി സംരക്ഷണം ഉറപ്പു വരുത്തുമ്പോള്‍, അങ്ങു ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍, മന്ത്രിമാരുടെ കസേരക്കാലുകള്‍ പോലും നാരിമാരുടെ മുലത്തുമ്പില്‍ ആടിയുലഞ്ഞു നിലംപൊത്തിയിരിക്കുന്നു.

ഏതു മാത്രയും കടലെടുത്തു പോയേക്കാവുന്ന തീരഭൂമിപോലെ ജീവന്റെ തുരുത്തുകള്‍- ഒരു ചെറു വേലിയേറ്റത്തില്‍ തകര്‍ന്നുപോയേക്കാവുന്ന അംഗോപാംഗങ്ങള്‍. അവയിലേക്കു കണ്ണും കാതും കൂര്‍പ്പിച്ച്‌ നിസഹായരായി തീരുന്നു പാവം സ്ത്രീജനങ്ങള്‍.


© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com