കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ് മലയാളത്തെ അനുഭവിക്കട്ടെ

അമേരിക്കന്‍ ഐക്ക്യനാടുകളിലെ കെന്റുക്കി-യില്‍ നിന്ന് എത്തിയതായിരുന്നു അവര്‍. ജസ്റ്റിന്‍, കാലെബ്, ജോനാഥാന്‍, കൂടെ എലന്‍ഗോയന്‍ എന്ന തമിഴ് ഡോക്ടറും. ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളുമായി വടക്കെ ഇന്‍ഡ്യയില്‍ വന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയശേഷം, കേരളം കാണാനെത്തിയ വിദേശികള്‍. ഭര്‍ത്താവിന്റെ ജ്യേഷ്ടസഹോദരന്റെ സുഹൃത്തുകളായിരുന്നവര്‍. രണ്ടു ദിവസം വീട്ടില്‍ അതിഥികളായെത്തിയ സായിപ്പന്മാരെക്കണ്ട് ഇവരെന്തു തിന്നും എന്തു കുടിക്കുമെന്നു ആധിപിടിച്ച എന്നോടു ജ്യേഷ്ടന്‍ പറഞ്ഞത് അവര്‍ക്കു സാമ്പാറും, അവിയലും, കരിമീന്‍ പൊള്ളിച്ചതും കൂട്ടി ചോറു വേണമെന്നായിരുന്നു. ആകെ അത്ഭുതസ്തംബ്ദയാക്കിക്കൊണ്ടു അവര്‍ തീന്മേശമേല്‍ കൈവിരലുകള്‍കൊണ്ടു ചോറു വാരിക്കഴിച്ചു.(ചേര്‍ത്തുപിടിക്കാതിരുന്ന വിരലുകള്‍ക്കിടയിലൂടെ ചോറു ഊര്‍ന്നുപോകുന്നുണ്ടായിരുന്നു). മുരിങ്ങക്കോല്‍ വരെ ചവച്ചരച്ച് വിഴുങ്ങുന്നതുകണ്ട് എനിക്ക് ചിരി വന്നു. വെള്ള പൈജാമയും കുര്‍ത്തയും ധരിച്ച് യാത്രകള്‍ നടത്തി. പ്രഭാതനടത്തക്കു അടുത്തുള്ള വഴികളിലൂടെ നടക്കുന്നതില്‍ വിരോധമുണ്ടോയെന്നു അനുവാദം ചോദിച്ചു. ഒരോ പ്രവര്‍ത്തിയിലൂടെയും, പെരുമാറ്റച്ചട്ടങ്ങളുടെ രാജാക്കന്മാരാണവരെന്നു തോന്നിപ്പിച്ചു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും, ഉറങ്ങുമ്പോള്‍ കൊതുകുവലയുംവേണമെന്ന നിര്‍ബന്ധമേ അവര്‍ക്കുണ്ടായിരുന്നുള്ളു. രാവേറെ ചെല്ലുവോളം അവര്‍ ഭര്‍ത്താവിനോടും, ഭര്‍തൃസഹോദരനോടും കേരളത്തെക്കുറിച്ചും, മലയാളത്തെക്കുറിച്ചും സംസാരിച്ചിരുന്നു. അമ്മായിയമ്മയുടെ പരമ്പരാഗതവേഷമായ ചട്ടയും മുണ്ടും സാകൂതം നോക്കിയിരുന്ന് അതെക്കുറിച്ചുള്ള സംശയങ്ങള്‍ (എത്ര കഷണങ്ങള്‍ ആണു? വെള്ളനിറത്തില്‍ മാത്രമെ ഉള്ളോ? എന്നിങ്ങനെ..) ദൂരീകരിച്ചു. അറിയുന്നതൊന്നും മതിയാകുന്നില്ല എന്നു ധ്വനിപ്പിക്കുന്ന മുഖത്ത് വിസ്മയങ്ങളെപ്പോഴും ബാക്കി വെച്ചു.
രണ്ടു ദിവസങ്ങളെത്ര പെട്ടന്നു നടന്നുപോയി. യാത്രയായ നേരത്ത് കൂട്ടത്തില്‍ ഓമനമുഖമുള്ള ജസ്റ്റിന്‍ രഹസ്യത്തില്‍ ഒരാഗ്രഹം ഭര്‍ത്താവിനോട് പറഞ്ഞു, 'ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന്'. വീണ്ടും കാണാമെന്നു പറഞ്ഞ് കാലങ്ങള്‍ പഴക്കമുള്ള സുഹൃത്തുക്കള്‍ പിരിയുന്നതുപോലെ അവര്‍ പോയി.
എന്തു കണ്ടിട്ടാണവര്‍ മലയാളത്തെ ഇത്ര കണ്ടിഷ്ടപ്പെടുന്നത്? നെഞ്ചു കീറിക്കിടക്കുന്ന റോഡുകളെ കണ്ടിട്ടോ? ആര്‍ക്കാണ്ടും വേണ്ടി തെളിയുന്ന വഴിവിളക്കുകളെ കണ്ടിട്ടോ? കക്ഷികള്‍ മാറിമാറി ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയം കണ്ടിട്ടോ? അയല്‍പക്കത്തെ മരങ്ങള്‍ നമ്മുടെ മുറ്റത്തേക്കു നോക്കിയെന്ന പേരിലും. പൊഴിച്ചിടുന്ന ഇലകളുടെ പേരിലും വരെ തമ്മിലടിക്കുന്ന അയല്‍പക്കസ്നേഹത്തെ കണ്ടിട്ടോ? 15-ഉം,16-ഉം പ്രായമായ കന്യകമാരെ തട്ടിക്കൊണ്ടുപോയി കിലോമീറ്ററുകളോളം യാത്രചെയ്യിച്ച് ഭോഗിക്കുന്നതു അവരറിയുന്നില്ലേ?
മണല്‍കാട്ടിലിരുന്ന് ഈ കുറിപ്പെഴുതുമ്പോള്‍ എന്താണു എനിക്ക് മലയാളമെന്ന ചോദ്യം വെറുതെ കയറിവന്നു.
പ്രവാസം എന്നെ സംബന്ധിച്ചടത്തോളം ഒരു പറിച്ചുനടലല്ല. ഈമണലിലെന്റെ പാദങ്ങള്‍ പൂണ്ടുപോയിരിക്കുന്നു. 60-കളില്‍ മുത്തഛന്‍ കള്ളലോഞ്ചുകയറി അറേബ്യന്‍ മണലില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നുവോ മക്കളും, ചെറുമക്കളും, അവരുടെ മക്കളും ഈ മരുഭൂമിയുടെ സന്തതികളായി മാറുമെന്ന്?
പണ്ടു ആത്മസുഹൃത്ത് അയച്ച കത്തില്‍ ചോദിച്ചു 'നീയെന്താണു നാട്ടില്‍ സ്ഥിരതാമസമാക്കത്തത്? ഒരു ജോലി കിട്ടാന്‍ പ്രയാസമുണ്ടാവില്ല, മലയാളത്തിന്റെ പച്ചപ്പു കണ്ടുണരാം. കുട്ടികള്‍ക്ക് ഇവിടെ പഠിക്കാമല്ലോ. മറുപടി ഇങ്ങനെ എഴുതി, മലയാളം ഹൃദയത്തിലുണ്ടു, പിന്നെ പവ്വര്‍കട്ട്, പാമ്പുകള്‍, പാമ്പുകളെക്കാള്‍ വിഷമുള്ള മനുഷ്യര്‍. എനിക്കിവിടം മതി. സമാധാനമുണ്ട്.
നാടെന്ന ഓര്‍മ്മയുടെ സുഭഗത. അതാണുസുഖം. ഈരണ്ടുവര്‍ഷങ്ങള്‍ തികയുമ്പോള്‍, കിട്ടുന്ന അവധി. ചുരംചുറ്റിയെത്തുന്ന തണുത്ത കാറ്റുപോലെ 30 ദിവസങ്ങള്‍ കൂടിയാല്‍ 45. അതു തീര്‍ന്നാല്‍ തിരികെ പറന്നേക്കണം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചാരക്കൂനകളെ കാണേണ്ടിവരുന്നു. വെറും ചാരമല്ല, ഉള്ളില്‍ അണയാതെ കിടക്കുന്ന കനല്‍ചിന്തുകളില്‍പ്പെട്ടു വെന്തുപോയേക്കാം. എന്തൊക്കെ വൈതരണികളാണു നാം മറികടക്കേണ്ടി വരുന്നത്?
അത്യാവശ്യം ഷോപ്പിങ്ങിനു പോകാന്‍, ഒരു ഓട്ടോ പിടിക്കാന്‍, ബാങ്ക് ലോണ്‍ വേണമെങ്കില്‍, വെള്ളത്തിനോ, കറന്റിനോ കണക്ഷന്‍ കിട്ടണമെങ്കില്‍, താലൂക്കാഫിസില്‍നിന്നോ, മുനിസിപ്പാലിറ്റിയില്‍ നിന്നോ ഒരു ഒപ്പ് വെണമെങ്കില്‍, എന്തിനധികം, കെ.ജി,ക്ലാസിലേക്കു കുട്ടിക്കൊരു സീറ്റ് തരപ്പെടണമെങ്കില്‍ കൂടി ആരെയൊക്കെ താണു തൊഴുതു, എത്ര സാറന്മാര്‍ക്ക് കൈക്കൂലി വിതരണം നടത്തി, ശരീരവും, മനസും കാര്യമായൊന്നലയാതെ വീട്ടില്‍ തിരികെയെത്താന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണു.
മലയാളത്തിന്റെ നന്മകള്‍ മാത്രമറിഞ്ഞു ഇവിടെ വളരുന്ന കുട്ടികള്‍. നാടിന്റെ സമ്മോഹനമായ ഓര്‍മ്മകളുടെ അതിപ്രസരങ്ങള്‍ എന്തൊക്കെയാണു? കോടി നക്ഷത്രങ്ങള്‍ പൂത്തു നിന്ന രാത്രിയില്‍, രാത്രിയേക്കാള്‍ ഇരുട്ടു വീഴ്ത്തുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലയാനെത്തിയ നൂറുകണക്കിനു മിന്നാമിനുങ്ങുകളെക്കണ്ട് 7വയസുകാരന്‍ മകന്‍ കവിത മൂളിയതോ?
ടി.വി-യില്‍ കണ്ടു കണ്ടു ഉത്സാഹമുണര്‍ത്തിയ വീഗലാന്റിലെ ഒരു ദിവസമോ?
സഹപ്രവര്‍ത്തകര്‍ പറഞ്ഞു കൊതിപ്പിച്ച മൂന്നാറിലെ മഞ്ഞുമലകളിലെ രണ്ടു ദിനങ്ങള്‍.
ഇന്റ്യാ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും, അറബിയന്‍ സമുദ്രവും സംഗമിക്കുന്ന കന്യാകുമരിയിലെ ഒരു ചുവന്ന സന്ധ്യ..
പിന്നീടെന്ത്? അഛനമ്മമാരെ കണ്ടു. ബന്ധുവീടുകള്‍ സന്ദര്‍ശിച്ചു. സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍ അത്യാവശ്യം കണ്ടു. കൈയ്യിലെ പണവും തീര്‍ന്നു. ഇനിയെന്ത്?
കൊതുകുകള്‍ കുത്തി നീരുവെച്ച ശരീരവും, ചൊറിവന്ന കൈകാലുകളുമായി, ഉത്സാഹമസ്തമിച്ച് നിസംഗരായി മൗനത്തിലെക്കു വീഴുന്ന കുട്ടികള്‍. എല്ലാവര്‍ക്കും ആകപ്പാടെ അസ്വസ്ഥത.
ആളൊന്നിനു ഓരോ മുറികള്‍ വീതമുള്ള വീടും, വിശാലമായ മുറ്റവും വിട്ട്, നമ്മുടെ സ്വന്തം പ്രവാസത്തിലെ രണ്ടുമുറികളിലേക്കു തിരികെയെത്തുമ്പോള്‍ നഷ്ടബോധത്തിനു പകരം പിക്‍നിക് തീര്‍ന്നെത്തിയ ആശ്വാസം മാത്രം
ഒരു ബന്ധു പറയുന്നു 'എയര്‍ ഇന്റ്യ വിമനത്തിലിരുന്നു പച്ചത്തലകളാട്ടി ക്ഷണിക്കുന്ന തിരുവന്തപുരം എത്ര ഭംഗിയാണെന്ന്. അതെ. എന്നിട്ട് അതേ വിമാനത്തില്‍ തിരികെ പോരുന്നതാണു അതിലും ഭംഗിയെന്ന് ആരോടാണു പറയുക?
എന്നാണു ഇവിടെനിന്നൊരു മടക്കം എന്ന് ചിലരൊക്കെ ചോദിക്കുമ്പോള്‍ ഒരു ചിരി കൊണ്ടു ഉത്തരം പറഞ്ഞു സമാധാനിക്കും. 5 സെന്റ് ഭൂമി താങ്ങുവിലക്കു ലഭിച്ചിരുന്നെകില്‍ ഇവിടെ ഒരുവീടുകെട്ടാമായിരുന്നുവെന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത എത്ര മലയാളികള്‍ ഉണ്ടാകും? പോസ്റ്റ് കാര്‍ഡ് മില്ലിയനേര്‍ ടിക്കറ്റും, ഡൂട്ടി ഫ്രീ ടിക്കറ്റും എടുക്കുമ്പോഴത്തെ രഹസ്യമായ പേടി ഇതെങ്ങാന്‍ അടിച്ചു പോയാല്‍ ഈ ദേശം ഇട്ടെറിഞ്ഞ് പോകേണ്ടി വരുമോ എന്നതാണു. (ഭാഗ്യം കൊണ്ടാവും അങ്ങനെയൊന്നും നടക്കത്തത്)
പറഞ്ഞുതുടങ്ങിയത് കേരളത്തെ സ്നേഹിച്ച് എത്തിയ ചിലരെക്കുറിച്ചാണു. ജസ്റ്റിന്റെ ആഗ്രഹം പോലെ സുന്ദരിയായ ഒരു മലയാളിക്കുട്ടിയെ അയാള്‍ വിവാഹം കഴിച്ച് കുറെ കുട്ടികളും ജനിച്ച് ദൈവത്തിന്റെ സ്വന്തം സ്ഥലത്ത് ജീവിച്ചു തുടങ്ങട്ടെ. കണ്ടറിയാത്തവന്‍ കൊണ്ടറിഞ്ഞ് മലയാളത്തെ അനുഭവിക്കട്ടെ.
കത്തുകളില്ലാത്ത ലോകത്തില്‍ നിന്ന് !!!

കഴിഞ്ഞയാഴ്ചയാണു, മോള്‍ക്ക് എന്നു വിളിച്ച് അമ്മയുടെ കത്തു വന്നത്. ഒപ്പം മരുമകനു പ്രിയപ്പെട്ട മാമ്പഴം ഉപ്പിലിട്ടത്, പേരക്കുട്ടികള്‍ക്ക് മധുര പദാര്‍ത്ഥങ്ങള്‍. എത്ര കാലം കൂടിയാണു മലയാള കയ്യെഴുത്തക്ഷരങ്ങള്‍ കാണുന്നത്. കത്തും മടിയില്‍ വെച്ച് അതില്‍ തന്നെനോക്കി ഞാനിരുന്നു. പഴയകാല മലയാളം മാഷിന്റെ ചെറുമകളുടെ അക്ഷരങ്ങളില്‍ വൃത്തിയും വടിവും തെളിഞ്ഞു കിടന്നു.
പോസ്റ്റ്ബോക്സ് തുറക്കുമ്പോള്‍ 'ഇത്തിസലാറ്റ്' ബില്ലുകള്‍ക്കും ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌കള്‍ക്കുമിടയില്‍ 'നിനക്ക് സുഖമാണോ' എന്നു ചോദിച്ച് ഒരു കത്ത്? ആരുടെയെങ്കിലും? ഇല്ല. ഒന്നുമുണ്ടാവില്ല. കത്തെഴുതാനും വായിക്കാനും ആര്‍ക്കാണു നേരം? എല്ലാവരും തിരക്കിലാണു. 20 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന അതേ ലോകം, അതേ മനുഷ്യര്‍. ഇന്റര്‍നെറ്റും, ടെലഫോണും വന്നതു കൊണ്ടാണോ? ടെക്‍നോളൊജി വളര്‍ന്നതു കൊണ്ടാണോ? എന്തുകൊണ്ടാണു ലോകമിങ്ങനെ കീഴ്മേല്‍ മറിയുന്നത്? എനിക്കും വേണം ഒരു ഇ-മെയില്‍ ഐ.ഡി എന്നു പത്തു വയസുകാരനായ മകന്‍ വാശിപിടിച്ചു. ഏതെങ്കിലും ഒരുകാലത്ത് കത്തുകള്‍ വരുമെന്ന് അവനും ഇപ്പോഴേ പ്രതീക്ഷിക്കുന്നുണ്ട്.ഒരു തുണ്ട് കടലാസ്, നീലമഷിയില്‍ കുറെ അക്ഷരങ്ങള്‍. ഒരാളുടെ ഓര്‍മ്മയില്‍ നാം പത്തു മിനിറ്റു നേരമെങ്കിലും നിറയുന്നുവെന്ന ചിന്ത. എത്ര സുഖകരമായ അനുഭവം.
എം.സി റോഡിനു തൊട്ടരികെയാണു വീട്. വീടിനു പിറകില്‍ മുറ്റമുണ്ട്. മുറ്റം നിറയെ തണല്‍ തന്ന് കേമനായ പുളിമരമുണ്ട്. അതിനും തൊട്ടു താഴെ നീണ്ടു നിവര്‍ന്നു പാടം കിടക്കുന്നു. പാടത്തെ ചുറ്റി തെളി നീര്‍ നിറഞ്ഞ തോട്. തോട്ടില്‍ നിറയെ പൊടിമീനുകള്‍ മറിയുന്നുണ്ട്. ആ തോടിനരികെ, പുളിമരത്തിനു കീഴെ കസേരയിട്ട് പരീക്ഷയ്ക്കു പഠിക്കുകയായിരുന്നു ഞാന്‍. താഴെ പായില്‍ പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു. പത്താം ക്ലാസിന്റെ മദ്ധ്യവേനല്‍പരീക്ഷയാണ്.അപ്പോഴാണു ഷാജി വന്നത്. ചെറുപ്പം മുതലേ കൂട്ടുകാരന്‍. പ്രീഡിഗ്രിക്കു പഠിക്കുന്നവന്‍. ടീച്ചറായ അവന്റെ അമ്മയും വീട്ടമ്മയായ എന്റെ അമ്മയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരും തമ്മില്‍ ആഴമേറിയ സൗഹൃദത്തിലാണു്. എന്റെ അമ്മക്കു പ്രിയപ്പെട്ട കുട്ടിയായിരുന്നവന്‍. പഠിച്ചുതീര്‍ത്ത ഗൈഡുകളും, റെഫര്‍ ചെയ്യാന്‍ പഴയ ചോദ്യപേപ്പറുകളും മറ്റും എത്തിക്കുകയും ചെയ്ത്, എന്റെ പഠനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരുന്നു. പൊതുവേ ഗൗരവ പ്രകൃതക്കാരന്‍.ആ ഷാജിയാണു മുന്‍പില്‍.'എങ്ങനെയുണ്ട് നിന്റെ പഠിത്തം?' കാരണവരുടെ അധികാരത്തോടെയാണു ചോദ്യം.'കാണാന്‍ വയ്യേ? ഇങ്ങനെ പോകുന്നു" പുസ്തകങ്ങളെ നീരസത്തോടെ ചൂണ്ടി ഞാന്‍ പറഞ്ഞു.'നിന്നോടൊരു കാര്യം പറയാനുണ്ട്.' ശബ്ദം താഴ്ത്തിയവന്‍ അറിയിച്ചു.'എന്താത്?''അല്ലെങ്കില്‍ വേണ്ട, പരീക്ഷ കഴിയട്ടെ. കോണ്‍സന്‍ട്രേഷന്‍ കളയണ്ട'.പറയടാ, പറയടാ-യെന്ന് പുറകെ തൂങ്ങിയെങ്കിലും, 'കാര്യം' പറയാതെ അതുവരെ കാണാത്തൊരു ചിരിയും ചിരിച്ചവന്‍ പോകുകയും അന്നു തന്നെ ഞാനതു മറക്കുകയും ചെയ്തു. പരീക്ഷകാലം കഴിഞ്ഞ്, അവധിക്കാലം ആഘോഷിച്ചു തുടങ്ങുകയും ചെയ്തൊരു ദിവസം, രണ്ടായി മടക്കിയൊരു വെള്ള എന്‍വെലെപ് അമ്മകാണാതെ എന്റെ കയ്യില്‍ വെച്ച് അവന്‍ പോയി. കവര്‍ പൊട്ടിക്കാതെ തന്നെ ഉള്ളടക്കം ഊഹിച്ച് തലയില്‍ വെള്ളിടി വെട്ടി. അമ്മയെങ്ങാന്‍ അറിഞ്ഞാല്‍!! ആവശ്യത്തിനും, അനാവശത്തിനും, കാര്യമായും, അകാരണമായും അമ്മ പറയാറുള്ള വാക്കുകള്‍ ഓര്‍മ്മ വന്നു. 'വല്ല പേരുദോഷവും കേള്‍പ്പിച്ചാല്‍! ഒറ്റയെ ഒലക്ക കൊണ്ടാണെന്ന ഓര്‍മ്മ വേണം!! (ഒരു പക്ഷേ അമ്മ 'മോളേ' എന്നു വിളിച്ചിട്ടുള്ളതില്‍ കൂടുതല്‍ പറഞ്ഞിട്ടുള്ളത് ഇമ്മാതിരി ഭീഷണികളാണു്). കത്തു കൈയ്യിലിരുന്നു വിറച്ചു. ആകെപ്പാടെയുണ്ടായിരുന്ന കൂട്ടുകാരി മിനിയുടെ വീട്ടിലേക്കോടി. തൊട്ടയലത്താണവളുടെ വീട്. കിതപ്പടക്കി ശ്വസമടക്കി അവളോടു പറഞ്ഞു, 'നമ്മുടെ ഷാജി തന്നതാണു്, എനിക്കു പേടിയാണു്, നീ വായിച്ചു എന്താണു കാര്യമെന്നു എന്നോടു പറയൂ എന്നു പറഞ്ഞു വീട്ടില്‍ തിരിച്ചെത്തി, അവളുടെ വരവും കാത്ത്, കാലു വെന്ത നായെ പോലെയുലാത്തിക്കൊണ്ടിരുന്നു. അക്ഷമയുടെ ആയുസിനറുതിവരുത്തിയെത്തിയവള്‍ വന്നു.
എന്താണു്? എന്താണവന്‍ എഴുതിയിരുന്നത്? ഉദ്വേഗപൂര്‍വം ഞാന്‍ ചോദിച്ചു.'ഓ! അവനു നിന്നെയിഷ്ടമാണെന്നു"ലാഘവത്തോടെ, വളരെ നിസാരമായി അവള്‍ പറഞ്ഞു.'എന്നിട്ടു കത്തെവിടെ?''അതു കീറിക്കളഞ്ഞു'. അലസതയോടെ അവള്‍ പ്രതികരിച്ചു.ദുഷ്ട!! അല്ലാതെയെന്തു പറയാന്‍.
പ്രിയപ്പെട്ട കഥാകൃത്തിന്റെ കഥകള്‍ വായിച്ച്, വായിച്ചു ഭ്രാന്തു വന്നു വിളിച്ചതാണദ്ദേഹത്തെ. സ്നേഹം കൂടി വീണ്ടും വീണ്ടും വിളിച്ചു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. 'നീയൊരു കത്തയക്കൂ. കൈയ്യക്ഷരം കാണട്ടെ, ആളെ പിടികിട്ടുമല്ലോ. ആ വാക്കുകളെനിക്കു നന്നായി ബോധിക്കുകയും കത്തയക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്കു മുന്‍പ്, ബാല്‍ക്കണിയില്‍ പൂവിട്ടു നിന്ന മുല്ലയില്‍ നിന്ന് സൂക്ഷ്മമായി അടര്‍ത്തിയെടുത്ത ഒരു പൂവു കത്തിനുള്ളിലിട്ട് സുഹൃത്തിനയച്ചു എനിക്കു നിന്നോടുള്ള സ്നേഹം ഈ പൂവു പോലെ സുഗന്ധപൂരിതവും നിര്‍മ്മലവും, പവിത്രവുമാണെന്നു അവന്‍ മനസിലാക്കിയിരുന്നുവോ? ഉവ്വെന്നു പിന്നീടു കാലം പറഞ്ഞുതന്നു.
എന്താണു്? എന്താണവന്‍ എഴുതിയിരുന്നത്? ഉദ്വേഗപൂര്‍വം ഞാന്‍ ചോദിച്ചു.'ഓ! അവനു നിന്നെയിഷ്ടമാണെന്നു"ലാഘവത്തോടെ, വളരെ നിസാരമായി അവള്‍ പറഞ്ഞു.'എന്നിട്ടു കത്തെവിടെ?''അതു കീറിക്കളഞ്ഞു'. അലസതയോടെ അവള്‍ പ്രതികരിച്ചു.ദുഷ്ട!! അല്ലാതെയെന്തു പറയാന്‍.
പ്രിയപ്പെട്ട കഥാകൃത്തിന്റെ കഥകള്‍ വായിച്ച്, വായിച്ചു ഭ്രാന്തു വന്നു വിളിച്ചതാണദ്ദേഹത്തെ. സ്നേഹം കൂടി വീണ്ടും വീണ്ടും വിളിച്ചു. ഒരു ദിവസം അദ്ദേഹം പറഞ്ഞു. 'നീയൊരു കത്തയക്കൂ. കൈയ്യക്ഷരം കാണട്ടെ, ആളെ പിടികിട്ടുമല്ലോ. ആ വാക്കുകളെനിക്കു നന്നായി ബോധിക്കുകയും കത്തയക്കുകയും ചെയ്തു.
കുറെ നാളുകള്‍ക്കു മുന്‍പ്, ബാല്‍ക്കണിയില്‍ പൂവിട്ടു നിന്ന മുല്ലയില്‍ നിന്ന് സൂക്ഷ്മമായി അടര്‍ത്തിയെടുത്ത ഒരു പൂവു കത്തിനുള്ളിലിട്ട് സുഹൃത്തിനയച്ചു എനിക്കു നിന്നോടുള്ള സ്നേഹം ഈ പൂവു പോലെ സുഗന്ധപൂരിതവും നിര്‍മ്മലവും, പവിത്രവുമാണെന്നു അവന്‍ മനസിലാക്കിയിരുന്നുവോ? ഉവ്വെന്നു പിന്നീടു കാലം പറഞ്ഞുതന്നു.
ദിവസത്തിന്റെ 24 മണിക്കൂറും ഫോണില്‍ സംസാരിച്ചിട്ടും ഞാന്‍ അവനോടു പറഞ്ഞു "എത്ര നാളായി നീയൊരു കത്തെഴുതിയിട്ട്? ഒരെണ്ണം എഴുതി ഫാക്സ് ചെയ്യൂ' 5 പേജ് നിറയെ വേണമെന്നും, അക്ഷരങ്ങള്‍ കഴിയുന്നത്ര ചെറുതായിരിക്കണമെന്നു പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്യും.
എനിക്കു നിന്നോടു പ്രണയമുണ്ടെന്ന് ഒരാള്‍ ഫോണില്‍ പറഞ്ഞാല്‍ കേട്ടില്ലാന്നു നടിക്കാം, ഇ-മെയില്‍ അയച്ചാല്‍ ഡിലേറ്റ് ചെയ്തു രസിക്കാം. നീലമഷിയില്‍ കത്തെഴുതി അയച്ചാല്‍ എനിക്കു ഗൂഢമായ ചിരി വരും. വിധേയത്വമുണ്ടാവും.
എനിക്കു നിന്നോടു പ്രണയമുണ്ടെന്ന് ഒരാള്‍ ഫോണില്‍ പറഞ്ഞാല്‍ കേട്ടില്ലാന്നു നടിക്കാം, ഇ-മെയില്‍ അയച്ചാല്‍ ഡിലേറ്റ് ചെയ്തു രസിക്കാം. നീലമഷിയില്‍ കത്തെഴുതി അയച്ചാല്‍ എനിക്കു ഗൂഢമായ ചിരി വരും. വിധേയത്വമുണ്ടാവും.
ജീവിതകാലത്തൊരിക്കലും നിനക്കു മനഃസമാധാനം ഉണ്ടാകാതിരിക്കട്ടെ എന്നോര്‍മിപ്പിച്ചു വന്ന ഒരു കത്ത്.എത്ര ആഞ്ഞു നിശ്വസിച്ചാലും, പറിഞ്ഞു പോകാതെ നെഞ്ചിലുടക്കി കിടക്കുന്ന കല്ലാണു നീയെന്നും എല്ലാ രാത്രിയിലും, 10 മണിക്കു ആകാശത്തേക്ക് നോക്കൂ, ആദ്യം കാണുന്ന മേഘത്തുണ്ടില്‍ നിനക്കുള്ള എന്റെ സന്ദേശമുണ്ടാവും എന്നും മറ്റും കുറിച്ചുവന്നൊരു കത്ത്. നാലഞ്ചാവര്‍ത്തി വായിച്ച്, നൂറു ടണ്‍ ഭാരമേറിയ വ്യഥയോടെ, കത്തു ചുരുട്ടി ക്ലോസെറ്റിലിട്ട് ഫ്ലഷ് ചെയ്തു. കുടുംബമാണു വലുതെന്നോര്‍ത്ത്, ദാമ്പത്യമെന്ന ചില്ലുകൊട്ടാരം വാരി ചേര്‍ത്തു പിടിച്ചു. എന്നാല്‍ ജീവിതത്തിന്റെ കുട മടക്കി, മരണത്തിന്റെ മഴയിലേക്കു സ്വയം ഇറങ്ങുന്നതിനു മുന്‍പെഴുതിയ ആ കത്തിന്റെ വില എത്ര ക്ലോസെറ്റുകളില്‍ മുങ്ങിത്തപ്പിയാലാണു കിട്ടുന്നത്? സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും മുറിയിലിരുന്ന് അവന്‍ കത്തുകളെഴുതുന്നുണ്ടാവും. ഒരു പോസ്റ്റുമാനെ തേടിയലയുന്നുണ്ടാവും. ഒന്നിനും കഴിയാതെ മേഘങ്ങളില്‍ കുത്തിക്കുറിക്കുന്നുണ്ടവും. അതു വായിക്കാന്‍ സമയമില്ലാതെ ഞാന്‍ മകള്‍ക്കു പാലു കൊടുക്കുന്നുണ്ടാവും, ഭര്‍ത്താവിന്റെ ഷര്‍ട്ടുകള്‍ ഇസ്തിരിയിടുന്നുണ്ടാവും. ജീവിച്ചിരിക്കുന്നവരാണു മരിച്ചവരേക്കാള്‍ ദയ അര്‍ഹിക്കുന്നവരെന്നു കപടമായി ചിന്തിക്കുകയും ചെയ്യും.
സ്‌ത്രീയുടെ കയ്യൊപ്പ്

"സ്ത്രീകള്‍ പൊതുവെ അബലകളാണന്നാണു വെയ്പ്പ്. (അങ്ങനെയല്ലെങ്കിലും). ചോറും കറികളും വെയ്ക്കലും, പുരുഷന്റെ ഭോഗേഛകള്‍ക്കു വഴങ്ങിക്കൊടുക്കലും, വര്‍ഷാ വര്‍ഷം മക്കളെ പ്രസവിച്ചു കുടുംബം നിലനിര്‍ത്തലും, അതേ പുരുഷന്റെതന്നെ മൃഗീയമര്‍ദ്ദനങ്ങള്‍ക്കും, പീഡനങ്ങള്‍ക്കുമിരയാകുവാനുള്ള ബഹുമതികളെല്ലാം നിയതി സ്ത്രീക്കായി കല്‍പ്പിച്ചു തന്നിരിക്കുകയാണു. സ്ത്രീ അവളുടെ തന്നെ ശത്രുവാകുന്നതിനെകുറിച്ച് പുരുഷന്മാര്‍ പ്രബന്ധമെഴുതിയും, സീരിയല്‍ പിടിച്ചും, അമിതാഹ്ലാദത്തോടെ പ്രസംഗങ്ങള്‍ നടത്തിയും ഏതു വേദിയിലും ഉറക്കെ പ്രസ്താവിച്ചും സ്ഥിരമായി കയ്യടി വാങ്ങാറുണ്ട്. കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ മിക്കപ്പോഴും നാം സ്ത്രീകളുമുണ്ട്. ഏതു പുരുഷന്റെയും വിജയത്തിനു പിന്നിലെ സത്യം ഒരു സ്ത്രീയാണെന്നു കേട്ടു നാം കോരിത്തരിക്കയും, നിര്‍വൃതിയടയുകയും സ്വന്തം വ്യക്തിത്വത്തെ മറന്നുപോവുകയും ചെയ്യുന്നു.
.
തോല്‍വിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരുന്ന ഒരു രഥചക്രത്തിന്റെ ഗതി വിജയത്തിലേക്കു തിരിച്ചുവിടാന്‍ സ്വന്തം കൈവിരല്‍ തന്നെ ദാനം നല്‍കി ഒരു മഹായുദ്ധത്തില്‍ നിന്നു രാജ്യത്തെ രക്ഷിച്ച് ഭര്‍ത്താവിന്റെ അഭിമാനം സംരക്ഷിച്ചു കൈകേയി. വീരശൂരപരാക്രമികളായ അഞ്ചു ഭര്‍ത്താക്കമാരുടെ പട്ടമഹിഷിപദം അലങ്കരിച്ചിരുന്ന ദ്രൗപതി. മാനം കാക്കേണ്ട ഭര്‍ത്താക്കന്മാര്‍ അവളെ ദുര്‍വ്യയം ചെയ്യുകയും പണയപണ്ടമാക്കുകയും ചെയ്ത ദുരവസ്ഥ. എന്നിട്ടും വനവാസത്തിലും, അജ്ഞാതവാസത്തിലുമെല്ലാം ഭര്‍ത്താക്കന്മാരെ അനുഗമിച്ച് ഒടുവില്‍ വിരാട രാജ്ഞിയുടെ ദാസ്യപ്പണി വരെ ചെയ്യേണ്ടി വന്ന മഹാഭാരത കഥകളിലെ റാണി. ശ്രീരാമന്റെ പ്രിയപത്നി സീതയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. അവള്‍ക്കു വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന വനവാസം, അതിലൂടെ എത്തിച്ചേര്‍ന്ന അപഹരിക്കപ്പെടലിന്റെ ദുരൂഹതകള്‍. തെളിയിക്കപ്പെടാനാവാതെപോയ പാതിവൃത്യം.
.
എന്തിനു പുരാണങ്ങള്‍ ചിക്കിചികയണം? ബ്രിട്ടിഷ് പ്രധാന മന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ മുതല്‍ ഇന്‍ഡ്യയുടെ എക്കാലത്തെയും അഭിമാനമായ ഇന്ദിരാഗാന്ധിയില്‍ തുടങ്ങി, വര്‍ത്തമാനകാലത്തില്‍, ആദിവാസി ഗോത്ര മഹാസഭയുടെ, പണ്ട് നാം പടിപ്പുരക്കു പുറത്തുനിര്‍ത്തി സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി ധീരധീരം പോരാടുന്ന സി.കെ.ജാനു വരെയുള്ള സ്ത്രീകളുടെ നീണ്ട നിരയെ ആരാധനയോടും, അഭിമാനത്തോടും കൂടെയല്ലാതെ എങ്ങനെ നോക്കിക്കാണും.
എന്നാല്‍ സര്‍വ്വത്ര അവഗണിക്കപ്പെടുന്നു സ്ത്രീകള്‍, ക്രൂശിക്കപ്പെടുന്ന സ്ത്രീത്വം. അവള്‍ക്കുവേണ്ടി വാദിക്കുകയും, എഴുതുകയും അവളെ സംരക്ഷിക്കുകയും ചെയ്യുന്നവരെ മറന്നുകൊണ്ടല്ല ഈ എഴുത്ത്.
മറുവശം അവളോ? എത്ര സ്ത്രീപക്ഷവാദിയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പുരുഷമേധാവിത്വവും, അവനോടുള്ള വിധേയത്വവും, നൂറ്റാണ്ടുകളുടെ ആയുസ്സെത്തിയ ആല്‍മരത്തിന്റെ പ്രൗഡ്ഡിയോടെ വേരുറച്ചു വിലസുകയാണ്. സ്ത്രീയെ സ്വാധീനിക്കുന്ന ശക്തികള്‍ അവള്‍ ജനിക്കുന്നതിനു മുന്‍പ് രക്തത്തില്‍ വേരോടിത്തുടങ്ങുന്നു. അവ മുത്തച്‌ഛന്‍, അച്‌ഛന്‍, സഹോദരന്‍, കാമുകന്‍, ഭര്‍ത്താവ്, മകന്‍ എന്നീ പേരുകളില്‍ അവളെ വേട്ടയാടുന്നു.
ദന്തരോഗവുമായി ആശുപത്രിയില്‍ എത്തിയ അവള്‍ പുരുഷ ഡോക്ടറെ കാണുന്നു. തുണിക്കടയില്‍ സെയില്‍സ്‌മാനെ തിരയുന്നു, വക്കീലാഫീസില്‍ പുരുഷ വക്കീലും, പുരുഷബോസുമാരും, എന്തിനേറെ, ഒരു രഹസ്യം പങ്കുവെക്കണമെങ്കില്‍ കൂടി, ഹൃദയത്തോട് ഏറ്റം ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ത്രീയെ തഴഞ്ഞു പുരുഷനെ തിരഞ്ഞെടുക്കുവാനുള്ള വ്യഗ്രത. അങ്ങനെ സര്‍വ്വത്ര പുരുഷമയമായിത്തീരുന്നു അവളുടെ ജീവിതം.
.
ഒരു അനുഭവം ഇവിടെ കുറിക്കുകയാണു.ആദ്യപ്രസവത്തിനു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ദിവസം. കന്നിപ്രസവത്തിന്റെ സര്‍വ്വ ആകുലതകളുമായി അച്‌ഛന്‍,അമ്മ, ഭര്‍ത്താവ് സഹോദരന്‍, എന്നിവരെല്ലാം റിസപ്ഷനില്‍ കാത്തുനില്‍ക്കുന്നു. ഒരു ദിനം നീണ്ട കഠിനനോവിനൊടുവില്‍ ലേബര്‍റൂമിലേക്ക് കൊണ്ടുപോകുന്ന നേരമായി. അമ്മയോ, ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ ലേബര്‍ റൂമില്‍ നില്‍ക്കാനുള്ള അനുമതി ഹോസ്പിറ്റല്‍ അധികൃതര്‍ തരുന്നതിനും എത്രയോ മുന്‍പു തന്നെ കൂടെ നില്‍ക്കാനുള്ള അമ്മയുടെ തീരുമാനം വളരെ വൈകിയാണു ഞാനറിഞ്ഞത്
എന്നാല്‍ എനിക്കോ? ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല ഒരു തീരുമാനമെടുക്കാന്‍. ഭര്‍ത്താവിനെ മതിയെന്നുപറഞ്ഞ്, വലിയ വയറും താങ്ങി അദ്ദേഹത്തിന്റെ കയ്യില്‍ പിടിച്ച് വീല്‍ചെയറില്‍ ലേബര്‍ റൂമിലേക്കു പോയി. പിന്നെയും മക്കള്‍ പിറന്നപ്പോള്‍ അദ്ദേഹം തന്നെ മതിയെന്നു പറഞ്ഞ് കൂടെനിര്‍ത്തി.
.
പില്‍ക്കാലത്ത് ഞാന്‍ ഉള്ളുപിടഞ്ഞ് സങ്കടപ്പെട്ടിട്ടുണ്ട്. ഇരിക്കപ്പൊറുതിയില്ലാതെ, നെഞ്ചിലാളുന്ന തീയുമായി കണ്ണീരു മൂടിയ കണ്ണുകളുമായി പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ട് ലേബര്‍റൂമിനു പുറത്തുനിന്ന അമ്മയെ എത്രപെട്ടന്നാണു ഞാന്‍ നിരാകരിച്ചത്.
സത്യത്തില്‍ പുരുഷന്റെ ആശ്രിതയല്ലാതെ എന്താണു ഞാന്‍? എന്നാണു ഈ ആശ്രിതമനോഭാവത്തില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുന്നത്? ഒരു ശരാശരി സ്ത്രീയില്‍ നിന്നു എത്രയോ താഴെയാണു ഞാന്‍. പടര്‍ന്നുകയറാന്‍ പാകത്തിനു വൃക്ഷങ്ങളുടെ ചുവട്ടില്‍ വീണു കിളിര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍. എന്നിലെ സ്ത്രീത്വം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഒരു നാളെയും കാത്തിരിക്കുന്നു ഞാന്‍.
ചാരപ്പിടയില്‍ നിന്നും അമ്മച്ചിക്കോഴിയിലേക്കുള്ള അകലത്തില്‍ സംഭവിക്കുന്നത്.

ഏതൊരു ഭാവതിലാണു സ്ത്രീ ഏറ്റവും വിശ്വസ്തയായിരിക്കുന്നത്? സൗഹൃദത്തില്‍? പ്രണയത്തില്‍? ദാമ്പത്യത്തില്‍? പക്ഷേ ആരെയും സത്യസന്ധത ബോധിപ്പിക്കാനാവ ശ്യമില്ലാത്ത മാതൃത്വത്തോടു മാത്രമാണവള്‍ നൂറുശതമാനം കൂറുപുലര്‍ത്തുന്നത്. സ്ത്രീത്വം സഫലമാകുന്നത് മാതൃത്വം ഹൃദയം ഏറ്റുവാങ്ങുമ്പോഴാണു. ഏറ്റവും മഹനീയമായതെന്തും വിറ്റുപെറുക്കിയും, പണയപ്പെടുത്തിയും, ദാസ്യത്തിന്റെ ഏതു ഹീനതയിലേക്കും ഇറങ്ങിപ്പോക്കു നടത്തിയും അവള്‍കുട്ടികളെ പോറ്റുന്നു.
63 വയസുള്ള ഭവാനിയമ്മയുടെ 2 വയസുകാരനായ മകന്‍ കണ്ണന്‍ മരിച്ചതു അല്‍പ്പം പഴയ വാര്‍ത്തയാണു. കണക്കറ്റ തിക്താനുഭവങ്ങളുടെ, ദൈന്യതയുടെ, ദുഖങ്ങളുടെ പരിഹാരമെന്നോണം, വൈദ്യശാസ്ത്രത്തെ കൂട്ടുപിടിച്ച്, വിധിയെ തോല്‍പ്പിച്ച്, സ്വന്തമാക്കിയ മകന്‍. പക്ഷേ, മഹാസങ്കടങ്ങളുടെ മുറിവുണക്കിയെത്തിയ കണ്ണനങ്ങു പോയി. പെട്ടന്നോര്‍മ്മ വന്നത് വൈലോപ്പള്ളിയുടെ 'മാമ്പഴ'ത്തിലെ അമ്മയെ ആണു. മുറ്റത്തെ മാമ്പൂക്കള്‍ അടിച്ചുകൊഴിച്ചുകളയുന്ന മകനെ തല്ലിയ അമ്മ. ഒടുവില്‍ പൂക്കള്‍ കനിയായി, ആദ്യത്തെ മാമ്പഴം മുറ്റത്തു പതിക്കുമ്പോള്‍, ആര്‍ക്കുവേണ്ടി മാമ്പഴങ്ങള്‍ കായ്ക്കുന്നത് അമ്മ കാത്തിരുന്നുവോ, അവനില്ലാതെപോയതോര്‍ത്ത് ഉള്ളും കണ്ണും നിറച്ച് വിതുമ്പിപ്പോയ അമ്മ.കഥകളിലും കവിതകളിലുമ്മല്ലാതെ, നിത്യ ജീവിതത്തിലും മക്കളെക്കുറിച്ചുള്ള വേവലാതിയില്‍ നിത്യവും ഉരുകുന്നവരാണു ഓരോ അമ്മമാരും.
എന്നും രാവിലെ മകന്റെ സ്കൂള്‍ബസ്സുംകാത്ത് അവനോടൊപ്പം ബസ്സ് സ്റ്റോപ്പില്‍ നിന്ന് സ്ഥിരമായി കണ്ടുകണ്ട് നിറം മങ്ങിവരുന്ന കുറെ കാഴ്ചകളുണ്ട്. വിവിധതരക്കാരായ അമ്മമാര്‍. മുടിയൊന്നുകോതിയൊതുക്കുകപോലും ചെയ്യാതെ ഒരു കൈയ്യില്‍ നേഴ്സറിക്കാരിയെതൂക്കി ഒക്കത്ത് ഇളയകുട്ടിയുമായി ഒരമ്മ. ഏതോ ഹോസ്പിറ്റല്‍ ജോലിക്കാരിയായ മറ്റൊരമ്മ.കയ്യിലും കഴുത്തിലുമായി മൂന്നുനാലു ബാഗുകളും തൂക്കി, നേഴ്സറിക്കാരനെ ബസ്സ്റ്റോപ്പില്‍ നിര്‍ത്തി, ബസ്സ് വന്നാല്‍ കയറിപ്പോകണമെന്നു പറഞ്ഞ്, ചെറിയകുട്ടിയെ ബേബിസിറ്റിങ്ങ്-ല്‍ ഏല്‍പ്പിക്കാനുള്ള ധൃതിയോടെ എതിരെയുള്ള ബില്‍ഡിങ്ങി-ലേക്കോടുന്നു. പോയതിലേറെ വേഗതയില്‍ തിരികെവന്ന്, ബസ്സ് വന്നുവോ,കുട്ടി കയറിയോ എന്നീ പലവക ഉല്‍കണ്‍ഠയോടെ ടാക്സികയറി ജോലിസ്ഥലത്തേക്കുപ്പോകുന്നു. ഇതൊക്കെക്കണ്ട് പറഞ്ഞറിയിക്കാനാവാത്ത വ്യാകുലതയില്‍ എന്റെ ഉള്ളെരിയും. എന്താണിങ്ങനെ? എവിടെയാണിവരുടെ ഭര്‍ത്താക്കന്മാര്‍? കടലെടുത്തുകൊണ്ടുപോയിരിക്കുമോ? അല്ലെങ്കില്‍ രാത്രിജോലികഴിഞ്ഞു വന്നു ഉറക്കം തുടങ്ങിയിട്ടുണ്ടാവുമോ? അതോ തലേരാത്രിയില്‍ ഭൂമിയില്‍ എന്തുസംഭവിച്ചുവെന്നറിയാന്‍ ഇ-വിഷനിലെ സര്‍വ്വചാനലുകളും, പിന്നെ ദിനപത്രങ്ങളും അരിച്ചുപെറുക്കുന്നുണ്ടാവുമോ? അതുമല്ലെങ്കില്‍ കുളിച്ചിട്ടും കുളിച്ചിട്ടും മതിയാകാതെ പാട്ടും പാടി ഷവറിന്റെ കീഴില്‍ നില്‍ക്കുന്നുണ്ടാവുമോ? അമ്മമാര്‍ക്കുവേണ്ടി മാത്രം നീക്കിവെച്ചിരിക്കുന്ന ഇത്തരം പ്രാണസങ്കടങ്ങള്‍ സിനിമക്കും, സീരിയലുകള്‍ക്കും കഥകളെഴുതുന്നവരുടെ കണ്ണില്‍പ്പെടാത്തതെന്താണു?കങ്കാരുവിന്റെ മുഖഛായയുള്ള അമ്മമാര്‍. ഹൃദയത്തിന്റെ അറകളില്‍ കുട്ടികളെ താങ്ങി ദൂരങ്ങള്‍ താണ്ടുന്നവര്‍. വീടുകളില്‍ കുട്ടികളെ തനിയെയാക്കി ജോലിക്കുപോകേണ്ടിവരുന്ന അമ്മമാരോ? ഏതൊക്കെ ദൈവങ്ങളുടെ കൈയ്യിലാണു കുഞ്ഞുങ്ങളെ ഏല്‍പ്പിക്കേണ്ടത്? ആരെയൊക്കെയാണു വിശ്വസിക്കേണ്ടത്? പാറശാലയില്‍ 2 വയസുകാരിയെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുത്തുകൊണ്ടുപോയി ഉപയോഗപ്പെടുത്തിക്കൊന്നിരിക്കുന്നു. ഇത്തരം extream pervert- കളുടെ ലോകത്ത്, ഏതു ദിക്കില്‍ നിന്ന്, ഏതു രൂപത്തിലാണു ആക്രമണത്തിന്റെ കുന്തമുനകള്‍ നീളുന്നത്? ആരൊക്കെ എവിവിടെയൊക്കെയാണു പതിയിരിക്കുന്നതു? വീട്ടുസാധനങ്ങളെത്തിക്കുന്ന ഗ്രോസറിക്കാരന്‍? പ്ലമ്പിംഗ് പണിക്കു വരുന്നവന്‍? ബില്‍ഡിംഗ് കാവല്‍ക്കാരന്‍, അടുത്ത ബന്ധുവെന്നുപറയുന്ന ആരെങ്കിലും? അപരിചിതനായ മറ്റാരെങ്കിലും? ലിഫ്റ്റില്‍ കുട്ടികള്‍ തനിയെപോകുമ്പോള്‍? മക്കളുടെ സുരക്ഷിതത്വം ഓരോ അമ്മമാരുടെയും വ്യാകുലതയാണു.
ഏറ്റവും അടുപ്പമുള്ള ഒരുസ്ത്രീ. ഒരു ദിവസം പെട്ടന്ന് എമെര്‍ജെന്‍സി ലീവിനു അപേക്ഷിക്കുന്നു. ഭര്‍ത്താവിനു ഓഫ്-ഷോര്‍-ലാണു ജോലി. 16-വയസായമകനും, ചെറിയൊരു മകളും അവരുടെ മാത്രം ചുമതലയിലാണു. പെട്ടന്നുള്ള അവധിയുടെ കാരണം പൊട്ടിത്തകര്‍ന്ന് വിശദീകരിച്ചതിങ്ങനെയാണു. മകന്റെ സ്കൂളിലേക്കുള്ള വഴിയില്‍ ചിലര്‍ നിന്ന് കുട്ടിയെ കൂടെ ചെല്ലാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് അവന്‍ പറയുന്നു. അപകടം തിരിച്ചറിഞ്ഞ അമ്മ സ്കൂള്‍അധികൃതരെ വിവരംധരിപ്പിച്ച് അവര്‍ തന്നെ മകനെ സ്കൂളിലേക്കും തിരികെയും ആക്കി പ്രശ്നം പരിഹരിച്ചു.
പണ്ടു അമ്മ വീട്ടില്‍ നാലഞ്ച് കോഴികളെ വളര്‍ത്തിയിരുന്നു.ഞങ്ങള്‍ 'ചാരപ്പിട'യെന്നു വിളിച്ചിരുന്നവള്‍ ഒഴികെ, ബാക്കിയെല്ലാം അതിസമര്‍ത്ഥകളായിരുന്നു. മുട്ടയിടാനൊഴികെ എവിടെയും അടങ്ങിയിരിക്കാന്‍ കൂട്ടാക്കാത്തവ. എന്നാല്‍ ചാരപ്പിട മാത്രം മറ്റുള്ളവക്കൊരപവാദം പോലെ മുട്ടിയുരുമ്മി നടക്കും, തൊടാന്‍ പാകത്തിനു നിന്നുതരും. കയ്യില്‍ നിന്നു അരി കൊത്തിത്തിന്ന് സ്നേഹം പ്രകടിപ്പിക്കും. ഒരുദിവസം അമ്മ അവളെ അടയിരുത്താന്‍ തീരുമാനിച്ചു. പൊരുന്നയിരിക്കാന്‍ തുടങ്ങിയതു മുതലവളുടെ ഭാവം മാറി. അവളും മുട്ടകളുമായി കഴിയുന്ന ലോകത്തേക്ക് ആരും വരുന്നതു പോയിട്ട് നോക്കുന്നവരെപ്പോലും വിരോധികളയവള്‍ കണ്ടു. ഉറങ്ങുന്നത് പോലും കണ്ണുകള്‍ പാതി തുറന്ന്. താമസിയാതെ അവളുടെ പേരുപോലും മാറിപോയി. 'അമ്മച്ചിക്കോഴി' എന്നു പരിഹാസത്തോടെ, അമര്‍ഷത്തോടെ ഞങ്ങള്‍ വിളിച്ചുപോന്നു. മാതൃത്വത്തിന്റെ കാര്യത്തില്‍ പ്രകൃതി എത്ര ബുദ്ധിപൂര്‍വ്വമാണു കരുക്കള്‍ നീക്കുന്നതെന്നു, കാലങ്ങള്‍ കഴിഞ്ഞ് എനിക്കു മക്കള്‍ ജനിച്ചശേഷമാണു മനസിലായത്.
സൂര്യനിലേക്കും കടലിലേക്കും നീന്തി മരിക്കാനാശിച്ച, വിഷാദപര്‍വ്വങ്ങളുടെ ഉത്തുംഗതയില്‍ നിന്നും ഹെപ്സ്റ്റന്‍ സ്റ്റാളിലെ സെമിത്തേരിയുടെ അത്യന്ത സമാധാനത്തില്‍ വെള്ളപ്പൂക്കള്‍ ചൂടിയുറങ്ങുന്ന അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയ പ്ലാത്ത്. ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍ക്കായുള്ള പ്രഭാതഭക്ഷണം അവസാനമായൊരുക്കി, അവരുറങ്ങിയിരുന്ന കിടപ്പുമുറിയിലെത്തിച്ച്, പുറത്തുനിന്നു വാതില്‍ബന്ധിച്ച്, വാതില്‍പഴുതുകളിലും, ജനാലവിടവുകളിലും തുണികള്‍ തിരുകി, പിന്നീട് അടുക്കളയില്‍കയറി, പാചകവാതകം തുറന്നുവിട്ട് ഓവനിലേക്കു മുഖംകയറ്റിവെച്ച്, മഹാനിദ്രയുടെതണുപ്പിലേക്കു നടന്നുപോകുമ്പോഴും പേറ്റുനോവിന്റെ സത്യസന്ധതയില്‍ ഉരുയൊലിച്ചു സില്‍വിയ.
ഭൂമിയില്‍ ഏതു കോടതി ശിക്ഷിക്കുന്ന കുറ്റവാളികളെയും അമ്മയെന്ന കോടതി മാപ്പുസാക്ഷിയാക്കും. കൊലപാതക കുറ്റത്തില്‍ പ്രതിയായ ഒരു ചെറുപ്പക്കാരന്‍, മറ്റൊരുത്തനെ കുത്തിമലര്‍ത്തിയതായാണു കേസ്. കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. പ്രതിയുടെ അമ്മയോട് പരിചയക്കാരന്‍ വിശദാംശങ്ങള്‍ ആരാഞ്ഞതിനു മറുപടിയായി ഒരുനിലവിളിയോടെ പ്രതിമാതാവ് പ്രതികരിച്ചതിങ്ങനെയാണു. 'എന്റെ മകന്‍ നിരപരാധിയാണു. മരിച്ചുപോയവന്‍ എന്റെ മകന്‍ നിവര്‍ത്തിപിടിച്ചുനിന്ന കത്തിമുനയിലേക്കു ചാടിയതാണു. അതും ഒന്നല്ല. ഏഴു പ്രാവശ്യം.
നാട്ടിലുള്ള അമ്മ ഗള്‍ഫിലുള്ള മകന്റെ അടുത്തേക്കു വരുന്നവരുടെ കയ്യില്‍, മകന്റെ രുചിയറിഞ്ഞ്, ഉള്ളറിഞ്ഞ് വാഴയിലയില്‍ ഒരു പൊതിച്ചോറു കൊടുത്തു വിടുന്നതെന്തിനാണു? ഇഷ്ടഭക്ഷണം വെച്ചുവിളമ്പാന്‍ ഭാര്യ ഇല്ലാഞ്ഞില്ലാണോ? പിസ്സയും കെന്റക്കിയും, നാലുകെട്ടുകളും തലങ്ങും വിലങ്ങും കിടക്കുന്ന ഈ നാട്ടില്‍ കിട്ടത്തതായെന്തുണ്ട്? എന്നാല്‍ ഒരുതുണ്ട് വാഴയിലയില്‍ സ്വന്തം ഹൃദയം തന്നെയല്ലേ അമ്മ ഓരോ തവണയും തിരുകിവെക്കുന്നത്?
അമ്മക്ക് മക്കളോടുള്ള സ്നേഹം പോലെ തിരിച്ചുണ്ടായാല്‍, പുഴ തിരികെ മേലേക്ക് ഒഴുകുമെന്ന് പഴമക്കാറ് പറഞ്ഞു കേട്ടിട്ടുണ്ട്.
രണ്ടിരട്ടക്കട്ടിലുകള്‍ ചേര്‍ത്തിട്ട്, ഇടവും, വലവും നെഞ്ചിലുമായി കുട്ടികള്‍ പറ്റിപ്പിടിച്ചുകിടന്നുറങ്ങുന്ന എന്റെ രാത്രികള്‍. ഒരുറക്കം ഞെട്ടി കണ്ണുതുറക്കുമ്പോള്‍ ഒരാളുടെ തല നെഞ്ചിലും, മറ്റൊരാള്‍ വയറിന്മേലും, വേറൊരാള്‍ കാല്‍ക്കലുമായി ശ്വാസം മുട്ടിക്കുമ്പോള്‍, രാത്രിയുടെ പേരറിയാത്ത യാമത്തില്‍, ബാല്‍ക്കണിയുടെ ഗ്ലാസ്സുമുറിച്ചുകയറിവരുന്ന മങ്ങിയ വെളിച്ചത്തില്‍ കാണുന്ന, എല്ലാം മറന്നുറങ്ങുന്ന എന്റെ മക്കളുടെ കുഞ്ഞുമുഖങ്ങള്‍ മാതൃത്വത്തിന്റെ ഏതു ദിശയിലേക്കാണു എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്? അപ്പോള്‍ രണ്ടു ചിറകുകളില്‍ മൂന്നുകുഞ്ഞുങ്ങളുമായി ഭാവികാലത്തിലേക്കു കുതിക്കുന്ന കഴുകന്‍ ശക്തിയാര്‍ജ്ജിച്ച എന്റെ പ്രതിരൂപം ഞാന്‍ കാണും. കുറെവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പെണ്മക്കള്‍ ഭര്‍തൃമതികളായിതീരും. മകന്‍ ജോലിസംബന്ധമായി ദൂരെയെവിടെയെങ്കിലും പോയെക്കാം. അപ്പോള്‍ ഈ ഇരട്ടക്കട്ടിലുകളില്‍ ഞാന്‍ ദൂരെയുള്ള മക്കളുടെ ഓര്‍മ്മകളെ നെഞ്ചിലും വയറ്റിലുമേറ്റി, അറ്റമില്ലാത്ത വേവലാതിയുമായി, അവസാനിക്കാത്ത വാല്‍സല്യവുമായി, ഉറക്കമില്ലാത്ത രാത്രികളുമായി സമയചക്രമുരുട്ടും. അപ്പോള്‍ അവരുടെ കുട്ടികള്‍ അവരുടെ മാറിലും, കാല്‍ക്കലുമായി നല്ല ഉറക്കത്തിലായിരിക്കും.
15 വര്‍ഷങ്ങള്‍ക്കിടെ ഒരു ദിവസം,

വെളുപ്പിനു ഉണരണം. 6.45-നു പെണ്മക്കള്‍ക്കുള്ള സ്കൂള്‍ബസ്സെത്തും. 8.45-നു പോകേണ്ട മകനെ തയ്യാറാക്കി നിര്‍ത്തണം. അദ്ദേഹത്തിനും എനിക്കും 8 മണിക്കു ഓഫീസുകളില്‍ എത്തിപ്പെടണം.
ജോലിസ്ഥലത്തു വന്നുകഴിഞ്ഞാലും മകനെ വിളിച്ചോര്‍മ്മിപ്പിക്കണം ' ഇറങ്ങാറായി, പാലുകുടിക്കണേ, ടിഫിന്‍ ബോക്സ് വെക്കണേ, സ്വിച്ചുകള്‍ എല്ലാം ഓഫ് ആണോന്നു നോക്കണേ. കതകു പൂട്ടാന്‍ മറക്കല്ലേ (ദിവസവും ഇതെല്ലാം സ്ഥിരമായി കേട്ടു കേട്ട് അവനു ഭ്രാന്തായിത്തുടങ്ങിയിട്ടുണ്ടു.)
കിതച്ചു തളര്‍ന്നു നില്‍ക്കുന്ന തീവണ്ടിയെപ്പ്പ്പോലെ ഓഫീസുകസേരയിലേക്കു വീഴുമ്പോള്‍ ഒരു തിരയടങ്ങുകയാണു. അങ്ങനെയൊരു നേരത്താണു അദ്ദേഹത്തിന്റെ ഫോണ്‍ വരുന്നത്. ഒച്ച താഴ്ത്തി ഏറ്റവും ഉദ്വേഗഭരിതമായി ചോദിക്കുന്നു 'നീ അവളുടെ മേശവലിപ്പുകള്‍ പരിശോധിക്കാറുണ്ടോ? ഒരു ബുക്കില്‍ നിറയെ ഏതോ ചെക്കന്റെ ഫോട്ടോകളാണു". മുഖവുരുവില്ലാതെ കുറെ വാക്കുകള്‍ പറഞ്ഞ് അദ്ദേഹം ഫോണ്‍ ആഞ്ഞുവെച്ചു.
നെഞ്ചിനുള്ളില്‍ എന്തൊക്കെയോ പൊട്ടിച്ചിതറി.
15 വയസായ മകള്‍, അവളുടെ മേശവലിപ്പ്, ചെക്കന്റെ ഫോട്ട്ടോകള്‍. എന്തൊക്കെയാണു ഞാന്‍ കേട്ടത്? കാത്ത് കാത്തിരുന്ന്, പ്രാര്‍ത്ഥിച്ചു കൊതിച്ചുണ്ടായ എന്റെ മകള്‍. ഒന്‍പതാം മാസത്തിലെ സ്കാനിംഗിലാണു അവളെ ആദ്യം കാണുന്നത്. കൂനിക്കുത്തി എനിക്കിവിടെ സുഖമാണു എന്ന മട്ടിലെ കിടപ്പ്. എന്നിട്ട് അമ്മയുടെ ജന്മനക്ഷത്രത്തില്‍ തന്നെ വന്നു വീണവള്‍. അവള്‍ വന്നുപിറന്ന ദിനത്തിന്റെ പരമാനന്ദത്തെ പറ്റി എങ്ങനെപറയും? അതു വര്‍ണ്ണനാധീതമാണു. ആ രാത്രി മുഴുവന്‍ കരഞ്ഞു, സന്തോഷം കൊണ്ട്. ദൈവത്തോടുള്ള നന്ദികൊണ്ട് മനസു പിടഞ്ഞു. ഈ സ്നേഹമെല്ലാം എവിടെ കുഴിച്ചിട്ടിരുന്നുവെന്ന് ഞാന്‍ എന്നെത്തന്നെ നോക്കി അത്ഭുതപ്പെട്ടു. ഓരോ ദിവസങ്ങള്‍, ഓരോ പിറന്നാളുകള്‍. അവള്‍ക്കു താഴെ രണ്ടുപേര്‍ വന്നു ചേര്‍ന്നിട്ടും, കടിഞ്ഞൂല്‍ക്കനിയെന്ന മുന്‍ഗണന ആദ്യമായി അമ്മേ-യെന്നു വിളിച്ചവള്‍ക്കായിരുന്നു. വളര്‍ന്നുവരുന്നതനുസരിച്ച്, പ്രായത്തിനു പാകമാകുന്ന രീതിയില്‍ ഉപദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. കുടുംബത്തില്‍ അമ്മ കഴിഞ്ഞാലുള്ള സ്ഥാനമാനങ്ങള്‍ അവള്‍ക്കാണന്ന ബഹുമതിയും, ഉത്തരവാദിത്വങ്ങളും നല്‍കിയിട്ടുണ്ട്. എന്തു തെറ്റു ചെയ്താലും നുണ പറയരുതെന്ന് ചെറുതിലേ ശീലിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാലും ഓടിവന്ന് നെഞ്ചിലേക്കു വീണു കള്ളച്ചിരി ചിരിച്ചും, കുമ്പസാരക്കൂട്ടിലെന്നപോലെ കരഞ്ഞും, ഇത്തിരിപ്പോന്ന അന്യായങ്ങളെപറ്റി പരിതപിക്കാറുണ്ട്.
വളന്നുവരുന്നതനുസരിച്ചു കിട്ടുന്ന സ്വാതന്ത്ര്യമൊന്നും പോര എന്നപരാതി നിരന്തരമുണ്ട്. കിടക്കയുടെ ചുറ്റും ചുവരുകളില്‍ " I rock, 'break the rules' , "dont judge me, if you dont know me" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയിട്ട് നയം വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ ഇടക്കിടെ പുതിയ ഭരണപരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന അഛനെ ഹിറ്റ്‌ലര്‍ എന്നു രഹസ്യമായി വിളിച്ചു പരിഹസിക്കാറുണ്ട്.
സ്കൂള്‍നിയമങ്ങളിലും ലവലേശം തൃപ്തയല്ല. നിയമങ്ങള്‍ക്കെതിരെ എപ്പോഴും മുഖം ചുവപ്പിക്കുന്നു. ക്ലാസില്‍ നേരെ ചൊവ്വെ പഠിപ്പിക്കാതെ ട്യൂഷനിലേക്ക് കുട്ടികളെ വലിച്ചിഴക്കുന്നുവെന്ന ടീച്ചര്‍മാരുടെ അത്യാഗ്രത്തിനെതിരെ പ്രതിഷേധമുണ്ട്. മിക്സഡ് ക്ലാസുകള്‍ അല്ലെങ്കിലും പ്രാക്റ്റികലിക്കല്‍-നു അവരുടെ ബ്ലോക്കിലെത്തുന്ന ചെക്കന്മാരെ ജനാല വിടവിലൂടെ നോക്കിക്കാണാറുണ്ടന്ന രഹസ്യം പറഞ്ഞു. ടീച്ചര്‍ പറയുന്ന വിഡ്ഡിത്തമാശകള്‍ക്കു മുന്നില്‍ വരാത്ത ചിരി ചിരിച്ച് കവിളുകള്‍ വേദനിക്കുന്നുവെന്നും, ചിരിച്ചില്ലേല്‍ മാര്‍ക്ക് വെട്ടിക്കുറച്ചാലോയെന്നും, ആശങ്കപ്പെട്ടു. 8-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ താഴെനില്‍ക്കുന്ന ചെക്കന്മാരെകാണാന്‍പാകത്തിനു കണ്ണടയുടെപവ്വര്‍ കൂട്ടേണ്ടിവരുമെന്ന് അല്‍പ്പം കാര്യമായിത്തന്നെ പറഞ്ഞു.
പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പറ്റി തിരക്കിയറിഞ്ഞിട്ടുണ്ട്. ഹൃദയത്തിനു നാലു അറകളുണ്ടെന്നും, നാലുപേരെ വരെ ഒരുമിച്ചു താമസിപ്പിക്കാമെന്നും, പ്രേമിക്കുന്നതൊന്നും ഇപ്പോഴത്തെ ട്രെന്‍ഡ് അല്ല അമ്മേ എന്നും, പരസ്പരവിരുദ്ധമായിപ്പറഞ്ഞ് എന്നെ അന്ധാളിപ്പിച്ചു. ഓഫീസിലേക്കു വിളിച്ച് എനിക്കു ബോറടിക്കുന്നു നമ്മുക്കു സംസാരിക്കാം അമ്മേ എന്നു അവളും, മതി പഠിച്ചത്, നമ്മുക്കു പരദൂഷണം പറയാമെന്നു ഞാനും പരസ്പ്പരം ശല്യപ്പെടുത്താറുണ്ടു.(ആ ശല്യം സുഖകരമായ ഒരേര്‍പ്പാടാണു). ഒഴിവുവേളകളില്‍ ഒന്നുചുറ്റാന്‍ പോവാം എന്നതിനു പകരം 'നമ്മുക്കു വായിനോക്കാന്‍ പോകാമമ്മേയെന്നു' വളരെ സത്യസന്ധമായി ആവശ്യപ്പെടാറുണ്ട്.
അമ്മയുടെ പഴഞ്ചന്‍ സ്റ്റെയിലുകള്‍ക്കെതിരെ പ്രതികരിച്ച് അപ്-ഡേറ്റ് ചെയ്യിക്കാന്‍ പാഴ്ശ്രമം നടത്തി തോറ്റുപോയിട്ടുണ്ട്. പേരെന്റ്-ടീച്ചര്‍ മീറ്റിങ്ങുകള്‍ക്കെത്തുമ്പോള്‍ സ്കൂളിന്റെ തൂണുകളും, തുരുമ്പുകളും കാണിച്ചു അമ്മയുടെ കൈപിടിച്ചു ഓടിനടക്കുന്നവളാണു. ബ്രേക്‌ക്‍ഫസ്റ്റ് കഴിക്കുന്നതിവിടെ, ലെഷര്‍ ടൈമിലിരിക്കുന്നതിവിടെ, വിരോധമുള്ള ചെക്കന്മാരുടെ ഇരട്ടപ്പേരുകള്‍ എഴുതിയിടുന്ന തൂണുകളിത്, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍. റിസല്‍റ്റ് വാങ്ങാനുള്ള പരിഭ്രാന്തിക്കിടയിലും, ദൂരെ നിന്നൊരു ചെക്കനെ ചൂണ്ടി ' ഇത്ര സുന്ദരനായൊരുത്തന്‍ എന്റെ സ്കൂളിലുണ്ടായിരുന്നതു ഇത്രനാളും ഞാനെങ്ങനെ അറിയാതെപോയമ്മേ എന്നു ഏറ്റം നിഷ്കളങ്കമായിപറഞ്ഞ് അന്തം വിട്ടുപോയവള്‍. മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടി അമ്മയെ പരമാവധി സന്തോഷിപ്പിക്കുന്നവള്‍. ടീച്ചര്‍മ്മാരുടെ വാല്‍സല്യ ശിഷ്യ. ഒരു മിടുക്കിക്കുട്ടിയല്ലന്ന് ആരെക്കൊണ്ടും പറയിച്ചിട്ടില്ല. സ്കൂളില്‍ മറ്റ് കുട്ടികളോട് ചില ഗുണ്ടായിസങ്ങള്‍ നടത്തുന്നുവെന്ന് അവളുടെ അനിയത്തി വീട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്തൊക്കെപ്പറഞ്ഞാലും പ്രവൃത്തികളിലെ സുതാര്യത കൊണ്ടെന്റെ മനംകവരുന്നവള്‍.
ഏതായാലും അവള്‍ അമ്മയെപ്പോലെയല്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാന്‍ സാമര്‍ത്ഥ്യമുണ്ട്. വാക്കുകള്‍ക്കും നോട്ടങ്ങള്‍ക്കും മൂര്‍ച്ചയുണ്ട്. കാപട്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നിരുന്നാലും, എത്ര വിശ്വാസമുണ്ടായിരുന്നിട്ടും, അതിലേറെ വാല്‍സല്യമുണ്ടായിട്ടും അമ്മക്കണ്ണുകള്‍ എന്ന റഡാര്‍ അവളെ ചുറ്റിക്കറങ്ങുന്നത് ഒരു ശീലമാക്കിയിരുന്നു. കാരണം പരമമായ സ്ത്രീഭാവം മാതൃത്വം തന്നെയാണു.
15 വര്‍ഷങ്ങള്‍.
15 വര്‍ഷങ്ങളിലെ എന്റെ സ്വകാര്യമായ അഹങ്കാരത്തിന്റെ മേലേക്കാണു വാള്‍ വീണത്. മക്കളുടെ ഹൃദയം അമ്മമാരുടെ കയ്യിലാണെന്ന പൊങ്ങച്ചബലൂണ്‍ ആണു പൊട്ടിപ്പോയത്. 15 വയസുള്ള മകള്‍ക്കൊരു പ്രേമലേഖനം കിട്ടിയാലോ, പാഠപുസ്തകത്തില്‍ നിന്ന് ചെക്കന്റെ ഫോട്ടോ കിട്ടിയാലോ ഞെട്ടിത്തെറിച്ച് ബോധം കെട്ടുപോകേണ്ട കാര്യമില്ല. സംഭവിക്കാന്‍ സാദ്ധ്യതയുള്ള കാര്യങ്ങളാണു. പക്ഷെ എന്റെ മകള്‍; 15 വര്‍ഷങ്ങളിലെവിടെയെങ്കിലും വെച്ചു ഞങ്ങള്‍ തമ്മിലകന്നുവോ? എന്തുകൊണ്ടാണു ഞാനിതൊന്നുമറിയാതെ പോയത്? ആരെങ്കിലുമായവള്‍ തല്ലുകൂടിയാല്‍, സ്കൂളില്‍ വെച്ചെങ്ങാന്‍ കരഞ്ഞാല്‍, ഉള്ളിലൊരു കരടു വീണാല്‍ മുഖത്തുനിന്നു വായിച്ചെടുക്കാം. അവളുടെ ഹൃദയമറിയാന്‍ മേശവലിപ്പുകളും, പുസ്തങ്ങളും പരിശോധിക്കേണ്ടിവരുന്ന ഒരു അമ്മയിലേക്ക് ഞാന്‍ തരംതാഴേണ്ടിയിരുന്നുവോ?
എന്തോരു ആത്മനിന്ദ. പരിചയ വലയത്തിലുള്ള ചെക്കന്മാരുടെയെല്ലാം മുഖങ്ങള്‍ മനസില്‍ തെളിഞ്ഞുവന്നു. അക്കൂട്ടത്തില്‍ ആരാണു? ആരാണത്? ഉച്ചക്കെ ബ്രേക്കില്‍ വീട്ടില്‍ എത്തി, മകള്‍ എത്തിയിട്ടില്ല. അദ്ദേഹം പിടിച്ചെടുത്ത നോട്ടുബുക്ക് നിവര്‍ത്തിപ്പിടിച്ച് ഒട്ടിച്ചു വെച്ചിരുന്ന നിരവധി ഫോട്ടോകളിലേക്ക് ചൂണ്ടി പഴയ നാട്ടുരാജാക്കന്മാരെ അനുസ്മരിപ്പിക്കുന്ന ക്രൂരമായ മുഖഭാവത്തോടെ ചോദിച്ചു
'ആരാണിവന്‍?' പിന്നെയും പിന്നെയും എല്ലാ ഫോട്ടോകളും ഞാന്‍ മാറിമാറി നോക്കി. എല്ലാം ഒരുത്തന്റെ തന്നെ. എനിക്കു പെട്ടന്നു ഭ്രാന്തു വന്നു. ഭര്‍ത്താവല്ലാതെ വേറാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തെങ്കിലും ചെയ്തു പോയേനെ. കാരണം, ആ ഫോട്ടോ അവളുടെ പ്രിയപ്പെട്ട ഹിന്ദി സിനിമാ നടന്‍ ജോണ്‍ ഏബ്രഹാമിന്റെയായിരുന്നു.
നസീറിന്റെയും വിനോദ് ഖന്നയുടെയും കാലത്തു കഴിയുന്ന അദ്ദേഹത്തോടു ഞാന്‍ ക്ഷമിക്കുന്നു. ശ്വാസം നിലച്ചു ജീവിച്ച ആ നാലഞ്ചു മണിക്കൂറുകളെയും ഞാന്‍ മറക്കുന്നു.
സദാചാര ഭ്രംശത്തിന്റെ ബാക്കിപത്രങ്ങള്‍.

ഏതൊക്കെ അനിശ്ചിതത്വതിലേക്കാണു സ്ത്രീജന്മങ്ങള്‍ എടുത്തെറിയപ്പെടേണ്ടി വരുന്നത്? നടപ്പാതകളെന്നു വൃഥാ ആഹ്ലാദിച്ച് എല്ലാം മറന്ന് നടന്നുപോകുന്ന വഴികളില്‍, കഴുത്തോളം മുക്കിക്കളയുന്ന ചതുപ്പുനിലങ്ങളുടെ വ്യാളീമുഖങ്ങള്‍ അവളെ കാത്തിരിക്കുന്ന ദുര്‍വിധി അവളറിയാതിരിക്കുന്ന നിസഹായവസ്ഥ. പുരുഷനു അവളെ എന്തും ചെയ്യാം. ഒരു ജീവിത സഖിയെ ആവശ്യമെന്നു തോന്നുമ്പോള്‍ ഒരുവളെ വരിച്ച് സ്വന്തമാക്കുകയും മതിയെന്നു വരുമ്പോള്‍ തലയില്‍ വീണ കരിയില തട്ടിക്കളയുന്ന ലാഘവത്തോടെ യാതൊരു കുറ്റബോധവുമില്ലാതെ കുടഞ്ഞുകളയുകയുമാവാം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വീടിനോട് ചേര്‍ന്ന് മുത്തഛന്റെ സ്വന്തമായുള്ള കുറെ കടകള്‍ പലവിധമായ വ്യപാരങ്ങള്‍ക്കായി വാടകക്കു കൊടുത്തിരുന്നു. കടനിരകളുടെ ഒടുവിലായുള്ളതില്‍ ഒരുകൂട്ടര്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഈ കൂട്ടര്‍ക്ക് രണ്ടു മുറികളും, അടുക്കളയും, കിണറും, പിറകില്‍ മുറ്റവുമായി അത്യാവശ്യം സൗകര്യങ്ങളും കൊടുത്തിരുന്നു. ഞങ്ങളുടെ വീടിന്റെ പിറകിലെ മുറ്റം കഴിഞ്ഞുള്ള തൊടി അവരുടെ മുറ്റവുമായി ചേര്‍ന്നു കിടന്നു. അഛനും അമ്മയും എട്ടു മക്കളും അടങ്ങുന്ന കുടുംബം.
ഒരു മകന്‍ ജോലി സംബന്ധമായി ദൂരെ എവിടെയോ ആണു. രണ്ട് പെണ്‍മക്കള്‍ വിവാഹിതരായി പോയിരുന്നു. ബാക്കിയുള്ള അഞ്ചുകുട്ടികളും, മാതാപിതാക്കളും ആ കുടുസുമുറികളില്‍ ജീവിതം കരുപിടിപ്പിക്കുകയാണു. 20, 18, 16, 10, 6 ഏതാണ്ടീ ക്രമത്തിലായിരുന്നു കുട്ടികളുടെ പ്രായം. തീയും പുകയും ഒടുങ്ങാത്ത കറുത്തമുറികളില്‍ ആ കുട്ടികള്‍ അരിയാട്ടുകയും, പലഹാരങ്ങള്‍ ഉണ്ടാക്കുകയും, കൂടെ പഠിക്കുകയും ചെയ്തിരുന്നു. മനം മടുപ്പിക്കുന്ന കരിനിറഞ്ഞ അന്തരീക്ഷത്തിലും പെണ്‍കുട്ടികളുടെ സൗന്ദര്യം അടിക്കടി ജ്വലിച്ചുവന്നു. അതിസുന്ദരികളായിരുന്നവര്‍. ആദ്യനാളുകളില്‍ ദൂരെ നിന്നു ചിരിക്കുവാന്‍ മാത്രം അമ്മ എനിക്കു അനുവാദം തന്നിരുന്നുള്ളു.
എന്നാല്‍ ക്രമേണ ഞാന്‍ അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഇളയകുട്ടികളുമായി "സാറ്റ്"കളി പതിവാക്കുകയും ചെയ്തു. അവരുടെ അഛന്റെ പേരു ഭാനു എന്നായിരുന്നതിനാല്‍, ഞാന്‍ അയാളെ ഭാനുവഛന്‍ എന്ന് സംബോധന ചെയ്തു. അവരുടെ അമ്മ അധികമാരോടും സംസാരിക്കാറില്ല. കാര്യമായ പണികളും ചെയ്തിരുന്നില്ല. ഏതോ അഗാധമായ ദുഖത്തില്‍ ചിന്താകുലയായതുപോലെ എപ്പോഴും കാണപ്പെട്ടു.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ പട്ടാളക്കാരനായ ചിറ്റപ്പന്‍ അവിടെയെത്തി.വളരെ വിചിത്രമായ കാര്യങ്ങളാണു പിന്നീടവിടെ നടന്നതു. ചിറ്റപ്പനും ആ അമ്മയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ നടക്കുന്നു. കുളിമുറി എന്നുപറയാവുന്ന ഒന്നില്‍(കുളിക്കുന്നയാളിന്റെ തോള്‍ മുതല്‍ മുകളിലേക്കുള്ള ഭാഗം വെളിവാകുമായിരുന്നു) ചിറ്റപ്പന്‍ ഇവര്‍ക്കു വെള്ളം കോരികൊടുക്കുകയും, പുറം തേച്ചുകൊടുക്കുകയും ചെയ്യുന്നതു കണ്ടു എന്റെ അമ്മയും ഞങ്ങളുടെ അടുക്കളപണിക്കാരിയും കുശുകുശുപ്പുകള്‍ ഉയര്‍ത്തി. ചില ദിവസങ്ങള്‍ക്കുശേഷം ചിറ്റപ്പന്‍ മടങ്ങിപ്പോവുകയും ചെയ്തു.
പിന്നീടെന്നോ ആ സ്ത്രീ എന്റെ അമ്മയോടു മനസു തുറന്നതോടെയാണു രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ഭാനുവഛന്‍ ഇവരെ വിവാഹം ചെയ്തു ആറുകുട്ടികളുണ്ടായിക്കഴിഞ്ഞൊരുനാള്‍, ഈ കുടുംബത്തെ അനാഥമാക്കി എങ്ങോട്ടോ പോയിക്കളഞ്ഞു. കര്‍മ്മദോഷങ്ങളുടെ പരമ്പര താണ്ഡവമാടിയ ഒരുവേള ചിറ്റപ്പന്‍ സ്വന്തം ജീവിതം തന്നെ ജ്യേഷ്ഠകുടുംബത്തിനു തീറെഴുതികൊടുക്കുകയും ജ്യേഷ്ഠത്തിയമ്മയെ ഭാര്യയാക്കുകയും ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ജനിക്കുകയും ചെയ്തു. കാലങ്ങള്‍ക്കുശേഷമൊരു ത്രിസന്ധ്യയില്‍ ഭാനുവഛന്‍ തിരികെ വരികയും, അയാളെയും തിരസ്കരിക്കനാകാതെ സ്വീകരിക്കുകയും, പിന്നീടു അവര്‍ രണ്ടുപേര്‍ക്കും ഭാര്യയായി തീരുകയും ചെയ്തു.
ഈ സ്ത്രീയെ ഭാനുവഛന്‍ വിവാഹം ചെയ്ത കാലത്ത് ചിറ്റപ്പന്‍ ട്രൗസറിട്ടു സ്കൂളില്‍ പോയിരുന്ന വെറുമൊരു ചെക്കനായിരുന്നുവെന്നും വാല്‍കഷണമായി അവര്‍കൂട്ടിച്ചേര്‍ത്തു. കഥ തീര്‍ത്തു തികഞ്ഞ നിസംഗതയോടെ, നീണ്ടൊരു നിശ്വാസത്തോടെ
അവര്‍ പോയി കഴിഞ്ഞു രണ്ടു ദിവസത്തേക്ക് എന്റെ അമ്മ എന്തിനാണു നനഞ്ഞ കണ്ണുകളുമായി നിശബ്ദയായി നടന്നതു? എന്നെ സംബന്ധിച്ചടത്തോളം ഒരു സിനിമകഥയുടെ ഉദ്വേഗജനകമായ ക്ലൈമാക്സ് കേട്ടുകഴിഞ്ഞതുപോലെയായിരുന്നു. ഗൗരവമുള്‍ക്കൊള്ളനെനിക്കു കഴിഞ്ഞില്ല. ഞാനന്നു വെറും ബാലികയാണു.
എന്നാല്‍ ചില നാളായി എന്റെ ഏകാന്ത വേളകളില്‍ ഈ സ്ത്രീയെക്കുറിച്ചുള്ള ഓര്‍മ്മ വല്ലാതെ അലട്ടുന്നു. എന്തിനാണു എന്റെ സ്വസ്ഥത അവരിങ്ങനെ സശിപ്പിക്കുന്നതു? ദാമ്പത്യത്തിന്റെ ക്ഷണികതയെക്കുറിച്ചു നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്? ഞാനിപ്പോള്‍ ഭാര്യയായതുകൊണ്ടാണോ? അമ്മായായതുകൊണ്ടാണോ? സ്വന്തം മകനെപ്പോലെ കരുതിയിരുന്ന അനുജനെ ഭര്‍ത്താവാക്കേണ്ടിവന്ന അവരുടെ ദുര്യോഗം. നാട്ടുകാരുടെയും വീട്ടുകരുടെയും 'എന്തുകൊണ്ടാണു ആറുകുഞ്ഞുങ്ങളെക്കൊന്നു ആത്മഹത്യ ചെയ്യാത്തതെന്ന മൗനാക്രോശങ്ങളുടെയും, കൂര്‍ത്ത നോട്ടങ്ങളുടെയും മുന്നില്‍ കുഞ്ഞുങ്ങളെ മാറോടു ചേര്‍ത്ത് വിങ്ങിക്കരഞ്ഞ് ജീവിക്കാനാശിച്ചു പോയ പാവം സ്ത്രീ. മറ്റൊരു സതീദേവിയെ നഷ്ടപ്പെട്ടുപോയതില്‍ ആകുലപ്പെടുന്ന സമൂഹത്തിന്റെ മുന്നില്‍ സദാചാരമെന്ന വിഡ്ഡി വേഷമഴിച്ചുവെച്ച ആ സ്ത്രീയിപ്പ്പ്പോള്‍ എവിടെയണവോ?
എന്താണീ സദാചാരമെന്നാലോചിച്ച് എനിക്ക് തലപുകയാറുണ്ട്,സ്ത്രീകള്‍ക്കുമാത്രമായി സമൂഹം കല്‍പ്പിച്ച് തന്നിരിക്കുന്നതും, പുരുഷജാതിയെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുന്നതുമായ തത്വസംഹിതക്കെതിരെ ആരു / എങ്ങനെ പ്രതികരിക്കാന്‍? പുരുഷവേശ്യകള്‍ക്കും, പുരുഷകന്യകമാര്‍ക്കുമുള്ള പുല്ലിംഗങ്ങള്‍ പ്രായോഗികപ്രയോഗങ്ങളില്‍ വിട്ടുപോയിരിക്കുന്നു.പ്രഭാതത്തില്‍ കോളജിലേക്ക് പുറപ്പെടുന്ന കന്യകയായ പെണ്‍കുട്ടി കൂടെകൊണ്ടുപോകുന്ന കന്യാകാത്വം തിരികെകൊണ്ടുവരുമെന്നതിനെന്താണുറപ്പ്?
ജോലിസ്ഥലത്തേക്കൊ, ചന്തയിലേക്കൊ പോകുന്ന ഭര്‍ത്തൃമതിക്കും പാതിവൃത്യം ഭദ്രമായി തിരികെകൊണ്ടുവരാമെന്നതിനും ഗ്യാരന്റിയില്ല. ഏതുസമയവും കൊഴിഞ്ഞുപോകാവുന്ന, പരസഹായമില്ലാതെ നിലനിര്‍ത്താനാവാത്ത മിഥ്യയാണു കന്യാകാത്വവും, പാതിവൃത്യവും സമൂഹം കല്‍പ്പിച്ചിരിക്കുന്ന സദാചാരവും. പട്ടാപ്പകല്‍പോലും അമ്മയെന്നോ,പെങ്ങളെന്നോ, മകളെന്നോ ഓര്‍ക്കാന്‍ മിനക്കെടാത്ത മുഖമൂടിയണിഞ്ഞ പുണ്യാളന്മര്‍ക്കു മുന്നില്‍ എന്തു സദാചാരം? ഈപ്പറഞ്ഞതൊക്കെയാണു സദാചാരമണെങ്കില്‍ ഇതു വെറും സങ്കല്‍പ്പമാണു. നമ്മില്‍ ചിലര്‍ക്കെങ്കിലും.
Subscribe to:
Posts (Atom)
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com