നാല് പെണ്ണുങ്ങള്
തകഴിയുടെയും, അടൂരിന്റെയും കണ്ണില് പെടാത്ത
നാല് പെണ്ണുങ്ങള്
പൊന്നമ്മ
പുലര്ച്ചക്ക് അവര് മുറ്റമടിക്കുന്ന ശബ്ദം കേട്ടായിരുന്നു കുട്ടിക്കാലത്ത് ഉറക്കമെണീറ്റിരുന്നത്. പൊന്നമ്മ എന്ന സ്ത്രീയെ ഓര്മ്മ വെച്ചനാള് മുതല് അമ്മയുടെ നിഴലായി കണ്ടിരുന്നു. അതിരാവിലെ വീട്ടിലെത്തും. അവര് അടുക്കളപ്പണിക്കും, ഭര്ത്താവ് കുഞ്ഞിചെറുക്കന് പുറം പണികള്ക്കുമായി കാലങ്ങളായി കൂടെയുണ്ട്. അയാളുടെ അച്ഛന് മുത്തച്ഛന്റെ ആശ്രിതനായി കല്പ്പനകള് കാത്ത് മുറ്റത്തു നിന്നിരുന്നൊരു മെല്ലിച്ച മനുഷ്യനും, ക്ഷീണിച്ച ഓര്മ്മകളുടെ മുറ്റത്ത് നില്പ്പുണ്ട്. കൃഷികാര്യങ്ങളുടെ ഉത്തരവാദിത്ത്വം മുഴുവന് അയാളുടെ തലയിലായിരുന്നു.
അഛന്റെ കാലം വന്നപ്പോള്, അയാളുടെ മകനായ കുഞ്ഞിച്ചെറുക്കന് പറമ്പുകളുടെ , പാടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. പറഞ്ഞു വന്നതു പൊന്നമ്മയെക്കുറിച്ചാണു. കറുത്ത്, ഉയരം കുറഞ്ഞ്, ആവശ്യത്തിലേറെ പ്രസാദം നിറഞ്ഞ സ്ത്രീ. ഏകദേശം ഞങ്ങളുടെ അതേ പ്രായങ്ങളില് പെട്ട നാലുകുട്ടികളുണ്ടവര്ക്ക്. വീട്ടുപണികളിലമ്മയെ സഹായിച്ച്, ഭര്ത്താവിനെ ഒരു കൈ സഹായം നല്കാന് പറമ്പിലേക്കിറങ്ങും. ഉച്ചകഴിഞ്ഞ നേരങ്ങളില് അമ്മയുടെ തലയിലെ താരന് കുത്തിക്കളഞ്ഞ് എണ്ണ തേച്ച് കൊടുക്കും. വെറുതെയിരിക്കേയില്ല. അദ്ധ്വാന ശീലം ഇത്രവേണോയെന്ന് കാണുന്നവരെക്കൊണ്ട് സംശയിപ്പിക്കും.
ഭര്ത്താവു കുഞ്ഞിചെറുക്കനും അങ്ങനെ തന്നെ. വീര പരാക്രമിയുമാണു. ഒരു ഉത്സവകാലത്ത്, അമ്പലപറമ്പും, റോഡുകളും ജനസമുദ്രമായ ഒരു പകലില്, പഴയകാല ശത്രുവിനെ കയ്യില് കിട്ടിയപ്പോള് തിരിച്ചും മറിച്ചുമിട്ട് കുത്തി മലര്ത്തിയ ശൌര്യം കണ്ണാലെ കണ്ടിട്ടുണ്ട്. സ്വന്തം കൈപ്പത്തിയറ്റു പോകാറായതു പോലും ഗൌനിക്കാതിരുന്ന ശൂരന്. ഒക്കെയാണെങ്കിലും സ്ത്രീകള് അയാളുടെ ബലഹീനതയാണു. വീടിനു ചുറ്റുപുറങ്ങളില് പലയിടങ്ങളിലായി നിരവധി ബന്ധങ്ങള് സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. അതൊക്കെ പൊന്നമ്മയുടെ കണ്ണില് പെടുകയും, ആ അവിഹിത ബന്ധങ്ങളിലെല്ലാം ഇടംകോലിടുകയും., ഭര്ത്താവിന്റെ സ്വന്തം വരുതിയിലെക്കു മടക്കികൊണ്ടുവരികയും ചെയ്തു പോന്നു.
ഒരു പാതിരാത്രിയില് അപഥസഞ്ചാരത്തിനിറങ്ങിയ ഭര്ത്താവിനെ ജാനകിയെന്ന വിധവയുടെ വീട്ടിനുള്ളില് നിന്ന് പിടികൂടി രണ്ടിനേയും താക്കീതു ചെയ്ത് ഭര്ത്താവിനെ വീട്ടിലേക്കു കൊണ്ടു പോയി. വീണ്ടും ജാനകിയയാളെ വല വീശിപ്പിടിക്കാന് ശ്രമിച്ചതറിഞ്ഞ്, നാലാളു കൂടിനില്ക്കുന്ന റേഷന് കടയുടെ മുന്നില് വെച്ച്, സിംഹിയെപ്പോലെ ചീറിച്ചെന്ന് മണ്ണണ്ണക്കുപ്പി കൊണ്ട് ജാനകിയുടെ തലയടിച്ചു പൊട്ടിച്ചു.
അവരുടെയാ സാമര്ത്ഥ്യം എനിക്കു നന്നേ പിടിച്ചിരുന്നു.
എന്നിട്ടും ഇടക്കിടെ അയാള് അവരുടെ നിയന്ത്രണപരിധിക്കു പുറത്തേക്കു സഞ്ചരിക്കുന്നുണ്ടോയെന്ന വിദൂര സംശയങ്ങളില് പെടുന്ന അവസ്ഥകളില് അവര് അമ്മക്കു പരാതിനല്കും, അമ്മയത് മുത്തശ്ശിക്കും, അവരതു മുത്തച്ഛനും സമര്പ്പിക്കും. അദ്ദേഹം കുഞ്ഞിചെറുക്കനെ വരുത്തി സാക്ഷിക്കൂട്ടിലെന്ന വ്യാജേന വിചാരണ ചെയ്യും. കുഞ്ഞിചെറുക്കന് ഒരു ഇളഭ്യച്ചിരിയോടെ തലകുനിച്ചു നില്ക്കും. സത്യത്തില് അതൊരു വ്യാജ ഏര്പ്പാടാണ്. കണ്ടുനില്ക്കുന്നവരെ വിഡ്ഡികളാക്കുന്നതരം പ്രഹസനം മാത്രമാണത് . ഇതൊക്കെയാണുങ്ങള്ക്കു പറഞ്ഞിട്ടുള്ളതാണെന്ന ഭാഷ്യം ആ ചോദ്യം ചെയ്യലിലെ ഭാവങ്ങളിലുണ്ടോയെന്നു തോന്നുമെങ്കിലും പൊന്നമ്മക്ക് അതൊരാശ്വാസമാണു.
അങ്ങനെയിരിക്കെയാണു അച്ഛന്റെ തറവാട്ടില് മുത്തച്ഛനേയും മുത്തശ്ശിയേയും പരിചരിക്കുവാന് ലീലയെന്ന ഇരുനിറത്തില് മെലിഞ്ഞ സുന്ദരിയെത്തിയത്.
രണ്ടുപേര്ക്കുള്ള ഭക്ഷണമുണ്ടാക്കലും, തുണികഴുകലും മാത്രമായിരുന്നു അവരുടെ പണി. ബാക്കി നേരങ്ങള് മുഴുവന്, മേലാസകലം മഞ്ഞളും പയര്പൊടിയും പൂശുന്നതിനും സൌന്ദര്യ സംരക്ഷണം നടത്തുന്നതിനായും നീക്കി വെച്ചു. സ്ത്രീയെന്ന മാസ്മരികത, ലീലയെന്ന സുന്ദരിയില് കൂടി കയറി കുഞ്ഞിചെറുക്കന്റെ സുബോധം കെടുത്തി. അതും പൊന്നമ്മയറിഞ്ഞ്, പലവുരു അമ്മയോടു പരാതി പറഞ്ഞു. ഒക്കെ തോന്നലായിരിക്കുമെന്ന് അമ്മ ആശ്വസിപ്പിച്ചു.
എന്നാലധികം വൈകാതെയതു സംഭവിച്ചു. ഒരു വെളുപ്പിനു പൊന്നമ്മയുടെ നിലവിളി കേട്ടാണു വീടുണര്ന്നത്. ഓടിത്തളര്ന്നു വന്ന്, അമ്മയെ ചുറ്റിപിടിച്ച് പതം പറഞ്ഞു കരഞ്ഞു. 'അയാളും അവളും കൂടി നാടുവിട്ടു'. ലോകം മുഴുവന് ശൂന്യമായി പോയവളുടെ മഹാസങ്കടം. പഴയ ചൊടിയും, ചിരിയും സംസാരവുമെല്ലാം അസ്തമിച്ചു. ആ കോളിളക്കത്തിനു ശേഷംവീട്ടില് നിന്നും തറവാട്ടില് നിന്നും അവര്ക്ക് പ്രത്യേക പരിഗണന ലഭിച്ചു. നാം മൂലമുണ്ടായ ദുരന്തമാണെന്ന കാരണത്താല് അവരുടെയും കുട്ടികളുടേയും സര്വ്വ ചിലവുകളും വഹിച്ചു പോന്നു. പൊന്നമ്മയുടെ മനസിന്റെ നേരും, കാത്തിരിപ്പും, ദൈവാധീനവുമെല്ലാം 8-9 മാസങ്ങള്ക്കു ശേഷം കുഞ്ഞിചെറുക്കനെ മടക്കി കൊണ്ടുവന്നു. മറ്റൊരു അതിരാവിലെ ക്ഷീണിച്ചതെങ്കിലും നിറഞ്ഞ പ്രസാദവും, നേരിയ നാണവുമുള്ള മുഖവുമായി പൊന്നമ്മ വന്നു പറഞ്ഞു ;
'അയാള് വന്നു".
നസീമ
രണ്ടരയും ഒന്നും വയസ്സായ കുഞ്ഞുങ്ങളെ നോക്കാനായെത്തിയതായിരുന്നു നസീമയെന്ന കൊല്ലംകാരി.
മനോഹരിയെങ്കിലും ഒരു ചട്ടമ്പി കല്ല്യാണി പ്രകൃതം. എടുത്തടിച്ച് പ്രതികരിക്കുന്ന സ്വഭാവം. എങ്ങനെയാലാലെന്ത്? മക്കളെ നന്നായി നോക്കണം. അത്രമാത്രമായിരുന്നു എന്റെ ഡിമാന്റ്. വേലക്കാരിയെന്ന തരംതാഴ്തലൊന്നും കാണിച്ചിട്ടില്ല. സര്വ്വസ്വാതന്ത്ര്യവും., അധികാരവും ഉണ്ടായിരുന്നു അവര്ക്ക്. കടയില് നിന്ന് എന്തൊക്കെ വാങ്ങണം, ഏതു കറി വെയ്ക്കണം, എപ്പോള് വിളമ്പണം, അതെല്ലാം അവരാണു തീരുമാനിക്കുന്നത്.
'നീയെനിക്ക് അനിയത്തിയെപ്പോലെയാണെന്ന' അവരുടെ ഇടക്കിടെയുള്ള വിളമ്പരം, ഒരനിയത്തിയോ, ജേഷ്ടത്തിയോ ഇല്ലാതിരുന്ന എന്നെ ചില്ലറയൊന്നുമല്ല ആനന്ദിപ്പിച്ചത്. ഞങ്ങള് ജോലിക്കു പോയിക്കഴിഞ്ഞാല് അടുക്കളപ്പണിയൊതുക്കി, കുഞ്ഞിനെ ഒക്കത്തു വെച്ച് ഫ്ലാറ്റിന്റെ മുന്വാതില് തുറന്നിട്ട് അയല് ഫ്ലാറ്റുകള്ക്കുള്ളിലെ കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും, തൊട്ടടുത്ത ബാച്ചിലേഴ്സ് ഫ്ലാറ്റില് രഹസ്യമായി വന്നു പോകുന്ന സ്ത്രീകളെക്കുറിച്ചുള്ള കണക്കെടുപ്പു നടത്തുകയും ചെയ്യുന്നുവെന്നതൊഴിച്ചാല് അവരെനിക്കു പ്രിയപ്പെട്ടവര് തന്നെയായിരുന്നു. അവര് യാത്രചെയ്തുവന്ന വഴികളിലെ വളവു തിരിവുകളെയും, ഗര്ത്തങ്ങളെയും പറ്റി സങ്കടപെടുത്തുന്നതെങ്കിലും, സരസമായി പറഞ്ഞ് പൂര്വ്വകാലങ്ങളെ അയവിറക്കിയിരുന്നു.
ആദ്യഭര്ത്താവു, രണ്ടു കുട്ടികളുണ്ടായിക്കഴിഞ്ഞ് അപകടത്തില് മരണപ്പെട്ടുപോയി. ഇപ്പോള് കൂടെയുള്ളത് രണ്ടാം ഭര്ത്താവാണു. പണ്ട് അവരുടെ നല്ല യൌവ്വനത്തില് 'കെട്ടിക്കോട്ടെ'ന്നു ചോദിച്ച് പുറകെ നടന്നിരുന്ന അവരെക്കാള് നന്നെ ഇളയ മുറച്ചെറുക്കനാണിയാള്. രണ്ടു പേരെയും തമ്മില് താരതമ്യം നടത്തി നടത്തി കിടപ്പറ 'കാര്യങ്ങളി'ല് വരെയെത്തും. ആദ്യയാള് സാധുശീലനായിരുന്നു, പക്ഷേ രണ്ടാമവനങ്ങനെയല്ല ' ആന കരിമ്പിന് കാട്ടില് കയറിയപോലെയാ' ലക്കും ലഗാനുമില്ലാതെ, ബല്ലും ബ്രേക്കുമില്ലാതെ സംഗതികള് പുരോഗമിക്കുമ്പോള് ഉള്ളിലെനിക്കു വല്ലാതെയങ്ങു രസിക്കുമെങ്കിലും, പുറമേ വല്ലായ്മയൊക്കെ വരുത്തി മനസില്ലാ മനസോടെ സ്ഥലം കാലിയാക്കിയിരുന്നു.'
ചെറിയ കാലഘട്ടം കൊണ്ടവര് ചെറുതല്ലാത്ത സുഹൃത്ത് വലയം സംഘടിപ്പിച്ചെടുത്തു.
8 വയസുകാരികളെ മുതല് 80 വയസുകാരികളെ വരെ വഴിതെറ്റിക്കുന്നത് ദുഷിച്ച കൂട്ടുകെട്ടാണെന്ന് പിന്നേയും തെളിയിച്ചുകൊണ്ടവര് അത്ര രഹസ്യമായൊന്നുമല്ലാതെ, സമൂഹമെനിക്കു പുല്ലാണെന്ന മട്ടില് നടന്നു. അവരുടെ ഭര്ത്താവിന്റെ രാത്രിജോലിക്കാലത്തവര് വേറെവിടൊക്കെയോ ആയി അന്തിയുറക്കം. വിസാ പുതുക്കേണ്ട സമയം വന്നപ്പോള് നാട്ടില് പോകണമെന്ന് വാശിപിടിച്കു. മെഡിക്കല് പരിശോധനക്ക് വിധേയയാകേണ്ടി വരുന്നതിലെ ഭയമാണാ വാശിക്കു പിന്നിലെന്ന് പലപ്പോഴത്തെ സംഭാഷണശകലങ്ങളില് നിന്നെന്റെ കൂര്മ്മ ബുദ്ധി ഗ്രഹിച്ചെടുത്തു. എന്തൊക്കെയായാലുമവര് പോകുന്നതിനോടെനിക്ക് പൊരുത്തപ്പെടാന് കഴിഞ്ഞില്ല. വീട്ടിലെ അംഗം തന്നെയായിരുന്നവര്. പക്ഷേ പോകാതെ നിവൃത്തിയില്ല. വിസ കാലാവധി കഴിഞ്ഞു.
യാത്രയാവുന്നതിന്റെ തലേന്ന് മക്കള്ക്ക് കുട്ടിയുടുപ്പുകളും, മിഠായി പൊതികളും കൊണ്ടുത്തന്ന് , അടക്കാനാവാത്ത കരച്ചിലോടെ മക്കളെ രണ്ടുപേരേയും മാറിമാറി യെടുത്ത് അമര്ത്തി ചുംബിച്ച് ചുവപ്പിച്ച്, സ്വയം ചുവന്ന്, എന്റെ കൈ പിടിച്ചമര്ത്തിയവര് പോയപ്പോള് വലതു കയ്യോ, കാലോ നഷ്ടപ്പെട്ടവളെ ഞാനിരുന്നു; ഇനിയൊരിക്കലും കാണാനാവില്ലയെന്ന അറിവോടെ.
അനിത
പിന്നീട് വന്നത് അനിതയെന്ന ഹൈദ്രബാദുകാരിയാണു. അഞ്ചേമുക്കാലടി പൊക്കത്തില്, ഉറച്ച ശരീരവും കറുത്ത ശരീരവും, പാവാടകെട്ടു കവിയുന്ന സമൃദ്ധമായ മുടിയുമുള്ളവള്.
അവളുടെ കാലഘട്ടത്തില്, കുഞ്ഞുങ്ങള് മൂക്കട്ടയൊലിപ്പിച്ചും വൃത്തിഹീനരായും നടന്നു. കഴുകിയുണക്കിയെടുക്കുന്ന തുണികളും കഴുകാന് മൂലയില് കൂട്ടിയിട്ടിരിക്കുന്നവയും തമ്മില് വ്യത്യാസമില്ലാതായി. അടുക്കളയില് നിന്നും തീറ്റസാധനങ്ങള് നിരവധി കളവുപോയി. ഉദാഹരണത്തിനു 30 എണ്ണമുള്ള മുട്ടകളുടെ ട്രേ 5 ദിവസങ്ങള്കൊണ്ട് കാലിയായി. ഒരാള്ക്ക് അത്രയധികമൊന്നും തിന്നു തീര്ക്കാന് കഴിയില്ല. ഫോണ്ബില്ലിലെ തുക ബോധം കെടുത്തി.
തൊട്ടടുത്ത ഫ്ലാറ്റിലെ പാക്കിസ്ഥാനിയുമായി നിരന്തര ചങ്ങാത്തത്തിലായി. മറ്റു പാക്കിസ്ഥാനികള്ക്കപവാദമായി ഒരു നിരാശാകാമുകന്റെ മട്ടും ഭാവവുമുള്ള അയാളുടെ മുറിയില് നിന്നും സദാനേരവും ഹാര്മോണിയം വായനയുടെ സുഖകരമായ നേര്ത്തയൊച്ച പുറത്തേക്ക് വന്നിരുന്നു. നേരുപറഞ്ഞാല് ഏതോഒരു വടക്കേയിന്റ്യക്കാരനുമായി കൂടിക്കഴിഞ്ഞു വരവേയാണീ പുതിയ ചങ്ങാത്തം. ഒരുച്ചനേരത്ത് പാക്കിസ്ഥാനിവീട്ടില് നിന്നവള് പതുങ്ങിയിറങ്ങി വരുന്നതു കണ്ണാലെകണ്ടെന്റെ കണ്ണു പിടഞ്ഞു. പിന്നെപിന്നെ സ്വൈര്യക്കേടിന്റെ പകലുകള്. 'നിന്റെ സേവനം മതി' യെന്ന് മാന്യമായി പറഞ്ഞവസാനിപ്പിച്ച് ഞങ്ങള് അവധിക്ക് നാട്ടിലേക്കു പോയി
മടങ്ങിയെത്തിയപ്പോള് കേട്ടതൊക്കെ അവിശ്വസനീയം. അവള് ഗര്ഭിണിയായിരുന്നുവെന്നും വിസ തീര്ന്ന് ഔട്ട്പാസ്സ് കാത്തു ജയിലില് കിടക്കുകയാണെന്നും.
ലില്ലിയാന്
അവധി തീരുന്നതിനു മുന്പേ പോയി ഒരുത്തിയെ കണ്ടെത്താം എന്നു പറഞ്ഞാണു ഭര്ത്താവ് ഒരാഴ്ച്ച നേരത്തെ വിമാനം കയറിയിവിടെയെത്തി, ആയമാര്ക്കുവേണ്ടിയുള്ള തിരച്ചില് തുടങ്ങിയത്.
മക്കളുമായി ഞാനെത്തുമ്പോഴെക്കും ലിലിയാന് എന്ന നാല്പ്പതു കഴിഞ്ഞ ഫിലിപ്പൈന്സ്കാരിയെ അദ്ദേഹം കണ്ടെത്തിയിരുന്നു. കാലത്ത് വന്ന് സന്ധ്യക്ക് മടങ്ങാം അതായിരുന്നു കണ്ടീഷന്.
രാവിലെയെത്തി നല്ല വേഷങ്ങളഴിച്ചു വെച്ച് വീട്ടുവസ്ത്രമണിഞ്ഞ് , ഇംഗ്ലീഷ് സംഗീത കാസറ്റിട്ട്, അലീഷ ചെനായ്-ടെ കൂടെ മെയിഡ് ഇന്റ്യാ മൂളി പണി തുടങ്ങും ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്, തുണികള്, പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് വൃത്തിയാക്കുന്ന പ്രയത്നത്തോടെ, ഉത്സാഹത്തോടെ, ഒരു മൂലയില് നിന്നുതുടങ്ങി പരിചയസമ്പന്നയായ മായാജാലക്കാരിയെപ്പോലെ എത്ര പെട്ടന്നാണവര് പണികളുടെ കുട്ടയൊഴിക്കുന്നത്
ഒരിക്കലവര് ചോദിച്ചു 'നിനക്കെന്നെ ഇഷ്ടമാകുമോയെന്നെനിക്ക് പേടിയുണ്ടായിരുന്നു"
'അതെന്തേ' യെന്നു ഞാന്
'നിന്റെ ഭര്ത്താവ് കണ്ടുപിടിച്ച് കൊണ്ടുവന്നവളല്ലേ ഞാന്'
അതു കേട്ട്, സര്വസീമകളേയും ലംഘിച്ചൊരു ചിരി ഉള്ളില് ചിരിച്ച്
' നീയെന്തറിയുന്നു? വിരുദ്ധധ്രുവങ്ങളില് നിന്ന് പടവെട്ടി, രക്തം കാണുന്നത് വരെ പൊരുതി പരസ്പരം മുറിവേല്പ്പിച്ചു രസിക്കുന്നവരാണു ഞങ്ങളെങ്കിലും, ഭാര്യ പറയുന്ന ഏറ്റവും ഗൌരവപ്പെട്ട കാര്യങ്ങളെങ്കിലും, വകവെച്ചു തരികയോ അനുസരിക്കുകയോ ചെയ്യുന്നവനല്ലെങ്കിലും, അദ്ദേഹമമ്മാതിരിയൊരു സ്ത്രീലമ്പടനല്ലന്നും, സന്മാര്ഗ്ഗികതയില് 101 ശതമാനം മാര്ക്കാണു കൊടുത്തിരിക്കുന്നതു‘ മെന്നൊക്കെയുള്ള, മനോഗതങ്ങളില് കൂടി സഞ്ചരിച്ച്, 'എനിക്കു നിന്നെ നല്ലിഷ്ടമായി' എന്ന മറുപടി മാത്രം പറഞ്ഞു.
വൃത്തിയുടേയും വെടിപ്പിന്റേയും രാജ്ഞിയായിരുന്ന അവരുടെ ഭരണകാലത്ത് വീടിന്റെ മുക്കുംമൂലയും വരെ ചന്തത്തില് കിടന്നു. അടിവസ്ത്രങ്ങള് മുതല് പട്ടുസാരികള്വരെ കഴുകിയുണങ്ങി, ഇസ്തിരിപെട്ടിയുടെ ചൂടില് മയങ്ങി അലമാരക്കുള്ളില് സ്വസ്ഥാനങ്ങളില് ശ്രദ്ധാപൂര്വ്വമിരുന്നു. ഇസ്തിരിയിട്ട് വടിപോലെയാക്കിയ കുട്ടിയുടുപ്പുകളിട്ട് മക്കള് വീട്ടില് നടന്നു. മലയാളക്കറിക്കൂട്ടുകളറിയാത്ത അവര് കോഴിയും മത്സ്യവും മുറിച്ചും, അവിയലിനും, സാമ്പാറിനും പച്ചക്കറി നുറുക്കിത്തന്നുമെന്റെ ജോലിഭാരം ലഘൂകരിച്ചു.
ഒരിക്കല് കുടുംബസമേതം ചിക്കന്പോക്സ് ബാധിച്ചു കിടന്ന ദിവസങ്ങളിലെയവരുടെ സഹിഷ്ണത തൊട്ടറിഞ്ഞിട്ടുണ്ട്. ചൊറിഞ്ഞും മാന്തിയും നിലവിളിച്ചും കിടക്കുന്ന മക്കളെ മാറി മാറിയെടുത്ത് തോളിലിട്ട്കൊണ്ടുനടന്നും, ദിവസേന തുണികള് ഡെറ്റോളില് കഴുകിയും, കുന്തിരിയ്ക്കം പുകച്ചും, പഴങ്ങള് നിര്ബന്ധിച്ചു കഴിപ്പിച്ചും, കലാമിന് ലോഷന് പൂശിത്തന്നും, വീട്ടിലെ അമ്മയായി.
ആ കാലങ്ങളിലാണു മകന് ജനിക്കുന്നത്. പ്രസവശുശ്രൂഷകള്ക്കു വന്ന മലയാളിസ്ത്രീ ഒരുമാസത്തേക്ക് വീട്ടില് താമസമാക്കി. നിലത്ത് പായയില് കിടന്ന് ബോറടിച്ച് കരച്ചില് തുടങ്ങുന്ന മകനെ കണ്ട് അവര് പറയും 'അവിടെകിടക്ക്, കുട്ടികള് നിലത്ത് നിന്നാണു വളരേണ്ടത്‘‘. പക്ഷേ കരച്ചില് കേള്ക്കേണ്ട താമസം ലിലിയാന് ഓടിയെത്തി എടുത്ത് മാറോടൊന്നു ചേര്ത്താല് മതി. അവനു സന്തോഷമാകും. ‘ഫിലിപ്പിനോയുടെ മുലക്കിടയില് കിടന്നു വളരാനാണോ ഉദ്ദേശമെന്ന്‘' അവര് തമാശ പറയുന്നതു കേട്ട്, ഒക്കെ മനസിലായെന്ന മട്ടില് ലിലിയാന് ചിരിക്കും.
ഒരിക്കല്മാത്രം മുന്കൂര്നോട്ടീസ് തരാതെ അവധിയെടുത്ത് അവരെന്നെ സംഭ്രമത്തിന്റെ ഹിമാലയത്തില് കയറ്റിയിട്ടുണ്ട്. ‘ഇന്നെനിക്ക് വരാന് കഴിയില്ല‘ന്നു പറഞ്ഞ് രാവിലെ ഫോണ് വരുന്നു. ‘ഇന്നലെ കഴിച്ചതു കൂടിപോയി, എഴുന്നേല്ക്കാന് കഴിയുന്നില്ല, തലകറങ്ങുന്നു‘ എന്നൊക്കെ പിച്ചും പേയും പറഞ്ഞ് ഫോണ് വെച്ചു. ഓഫീസിലേക്കിറങ്ങാന് തയ്യാറായി നിന്ന എനിക്ക് അന്നേ ദിവസം തയ്യാറാക്കേണ്ടിയിരുന്ന ടെന്ററും, ബാക്കി വെച്ച പണികളും തക്കാളി പോലെ ചുവക്കുന്ന ബോസ്സിന്റെ മുഖവും വയറ്റില് പരവേശം കയറ്റി.
കുട്ടികള്ക്ക് സൂക്കേടൊഴിഞ്ഞ സമയമില്ല. മാസത്തില് നാലും അഞ്ചും തവണകള് ആശുപത്രി കയറിയിറങ്ങണം. മൂത്തവള്ക്ക് പനി വന്നാല് താഴെയുള്ളവര്ക്കും വരണമെന്നത് നേര്ച്ച പോലെയാണു. മാസാവസാനങ്ങളില് വരുന്ന സൂക്കേടുകളും അപ്പോഴേക്കും കാലിയാകുന്ന പേഴ്സും കണ്ട് എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിക്കുന്ന ഞങ്ങളെ കണ്ട് അവരുടെ ആറാമിന്ത്രിയം ഉണരും. 100-ന്റെ നോട്ട് കയ്യിലേക്ക് വെച്ചു തന്ന് കുഞ്ഞിനെ ആസ്പത്രിയിലെത്തിക്കാന് ഉപദേശിക്കുമ്പോള് ‘ഇവര് എന്റെയാരാണാവോ ഈശ്വരായെന്നോര്ത്ത്’‘ കണ്ണു നിറയും.
ഒരിക്കല് ഓഫീസില് നിന്നെത്തുമ്പോള് വികൃതിയായ മകന്റെ മുഖമാകെ തിണര്ത്തും മൂക്കില്മുകള് കരിനീലിച്ചും നീരുവന്നുമിരിക്കുന്നു. എന്താണു, എന്തു പറ്റിയെന്നെത്ര ചോദിച്ചിട്ടും അവരൊന്നും പറയുന്നില്ല. ആകെമാനം സ്തംഭിച്ചും, വെറുങ്ങലിച്ചും നില്ക്കുകയാണ്. അടുത്ത മുറിയിലെ നേഴ്സ് വന്നാണു സംഭവങ്ങള് പറയുന്നത്. മകന് കട്ടിലേക്കു വലിഞ്ഞുകയറുന്നതും ഊര്ന്നിറങ്ങുന്നതും ഹോബിയാക്കിയിരുന്ന കാലമായിരുന്നു അത്. ലിലിയാന് അടുക്കളയിലേക്കോ മറ്റോ തിരിഞ്ഞ നേരത്താണു അവന് മൂക്കും കുത്തി താഴേക്കു വീണത്. കരച്ചില് കേട്ടോടിയെത്തിയ അവര് മൂക്കില് നിന്ന് രക്തമൊലിപ്പിച്ച് ശ്വാസം നില്ക്കാറായ അവനെയാണു കാണുന്നത്. താങ്ങിയെടുത്ത് നേഴ്സിന്റെയടുത്തെത്തിച്ചു. അവര് അവനെ കമഴ്ത്തിപ്പിടിച്ച് ശ്വാസം തിരികെ വരുത്തുകയും, മൂക്കിന് മുകളില് ഐസ് വെച്ച് രക്തമൊലിക്കല് നിര്ത്തുകയും ചെയ്തു. കാര്യങ്ങളെല്ലാം വിശദമായിപ്പറഞ്ഞ് വിഷമിക്കണ്ടന്ന് ലിലിയാന്റെ തോളില് തട്ടിയവര് പോയി.
‘കുട്ടിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില് പിന്നെ ഞാന് .. ‘ പറഞ്ഞതു മുഴുവനാക്കാതെ ഒറ്റക്കരച്ചിലായിരുന്നു അവര്.
പിന്നേയും മാസങ്ങള് നീണ്ടു. മകന് നാവെടുക്കാറായപ്പോള് മുതല് തഗാലോഗ്-ന്റെ ചുവ കലര്ന്ന മലയാളമായി അവന്റെ ഭാഷ. തിരിച്ചറിയാന് കഴിയാത്ത കുഞ്ഞു വാചകങ്ങള്ക്കു തഗാലോഗ് ഭാഷയുടെ മനോഹരമായ ഈണമുണ്ടായിരുന്നു.
മകന്റെ വിദ്യാരംഭം വരെ അവര് കൂടെയുണ്ടായിരുന്നു. അവര്ക്ക് ഏതോ ക്ലീനിങ്ങ് കമ്പനിയില് ജോലി കിട്ടി. പോയ്ക്കോട്ടെ യെന്ന് ചോദിച്ചു. താമസസൌകര്യങ്ങളും ഓവര്റ്റൈമും മറ്റുമുണ്ട്. പോയി രക്ഷപെടട്ടെയെന്ന് ഭര്ത്താവു പറഞ്ഞു.
അതെ, രക്ഷപെട്ടോട്ടെ. ഭര്ത്താവുപേക്ഷിച്ചുപോയ അവര്ക്ക് നാലു മക്കളുണ്ട്. മൂത്തവള് നേഴ്സിങ്ങ് പഠിത്തത്തിനു ചേര്ന്നു. ചിലവുകള് കൂടി വരികയാണു. ആനക്ക് തടി ഭാരം, ഉറുമ്പിനു അരി ഭാരം. ഓരോരുത്തനു അവനവന്റെ ഭാരം കൂടുതലാണു. പോയിക്കോട്ടെ.
അവര് പോയി.
വീട്ടുപണികള്, ഓഫീസു പണികള്. മക്കളെ നോക്കല്.
പണികളുടെ അറ്റങ്ങള് തമ്മില് കൂട്ടിമുട്ടുന്നില്ല . ക്ലേശങ്ങളുടെ പ്രളയങ്ങളിലൂടെ നീന്തിക്കരകയറാന് കഴിയുന്നില്ല.
ഭക്ഷണം കഴിക്കാന് എത്ര തവണ മറന്നു. ക്ഷീണിച്ച് എല്ലും തൊലിയുമായി
ചുമടെടുക്കുന്ന കഴുതയെപ്പോലെ തളര്ന്നു.
മൂന്നു മക്കള്.
അവരൊന്നു പെട്ടന്നു വളര്ന്നെങ്കില്.
പറയുന്ന കാര്യങ്ങള് നേരാംവണ്ണം ചെയ്യാന് പ്രാപ്തിയായെങ്കില്.
കാലമൊന്ന് ആഞ്ഞോടിയെങ്കില്.
ലിലിയാനെയോര്ത്ത് പൊട്ടിപൊട്ടിക്കരഞ്ഞു.
എവിടെയാണു? അവരെവിടെയാണു ?
കാലം മന്തുരോഗിയെപ്പോലെ നീങ്ങി
ഇതെഴുതുമ്പോള് കണ്ണുകള് നീറുന്നു .ഹൃദയം മുറിയുന്നു.
അവരിതൊക്കെ ഓര്ക്കുന്നുണ്ടാവുമോ ആവോ?
അവര് പൊന്നു പോലെ വളര്ത്തിയ
എന്റെ മകനിപ്പോള് 13 വയസുകഴിയുന്നുവെന്ന് അവരറിയുന്നുണ്ടോ?
* * * * * * * * * * * * * *
പുഷ്പോത്സവങ്ങള്‍
സുഹൃത്ത് ആജന്മാഗ്രഹം പറയുകയാണു
‘ഏതുകാട്ടിലായാലും കുഴപ്പമില്ല, ലോണെടുത്താലും വേണ്ടില്ല. രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കണം. അവിടെ ലോകത്തിലെ സര്‍വ്വവിധ ചെടികളും മുളപ്പിക്കണം. ഔഷധച്ചെടികള്‍ മുതല്‍ വടവൃക്ഷങ്ങള്‍ വരെ.‘
കേട്ടപ്പോള്‍ ഒരെണ്ണം വെച്ചു കൊടുക്കാനാണു തോന്നിയത്.
ഇവനോടാരു പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറി മോഷണം നടത്താന്‍.
ആരാണു കൌതുകപ്പെടാത്തത് ധ്യാനത്തിലിരിക്കുന്ന ഒരു ഒറ്റയാന്‍ മരത്തെ കണ്ട്?
ആരാണ് കുതൂഹലപ്പെടാത്തത് അടിമുടി പൂക്കളെ പ്രസവിച്ചു നില്‍ക്കുന്ന ഒരു ചെടിയെക്കണ്ട്?
കരുത്തരായ മരങ്ങളെല്ലാം നട്ടെല്ലുള്ള പുരുഷന്മാരാണു. അവര്‍ കൂടുംബത്തിനു തണലാവും, നിരവധി പേര്‍ക്ക് തണലാവും, സാമര്‍ത്ഥ്യമുള്ള ഭര്‍ത്താക്കന്മാരാവും, കരുതലുള്ള മക്കളാവും, ആദ്രതയുള്ള അപ്പന്മാരാവും. ഭാവിയിലേക്കു കരുതിവെയ്ക്കുന്ന ദീര്‍ഘ ദൃഷ്ടിയുള്ള ജ്നാനികളാവും.
പൂവിടുന്ന ചെടികള്‍ കുടുംബസ്ഥകളായ സ്ത്രീകളാകാം, കന്യകമാരായ പെണ്‍കൊടികളാവാം, കനിവുപൂണ്ട മരുമകളാവാം മഴയത്തും മഞ്ഞത്തും വെയിലത്തും തളിര്‍ത്തു പടര്‍ന്നു കയറും, ആയിരം പൂക്കള്‍ വിടര്‍ത്തി, സുഗന്ധം പരത്തും.
ഓരോ പൂക്കളും, ചെടികളും സ്നേഹത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും; ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കും.
മുറ്റവും പറമ്പുമില്ലാത്ത വീട്ടില്‍ അത്യാവശ്യം ചെടികളുണ്ട്.
പെറ്റു വളര്‍ത്തുന്ന മക്കള്‍ക്കിടാന്‍ കഴിയാതെ പോയ പേരുകള്‍, നട്ടു നനച്ചു വളര്‍ത്തുന്ന മക്കള്‍ക്കിട്ടു വിളിക്കുന്നു. ഭാരതി , ശകുന്തള, ആയിഷ, കാര്‍ത്ത്യായനി, കുട്ടു, എല്ലാം പെണ്‍ചെടികള്‍. ഓരോ ചെടിച്ചട്ടിക്കും കീഴെ പേരെഴുതി ഒട്ടിച്ചു
‘ഇനി എളുപ്പമുണ്ടല്ലോ, ശകുന്തള വെള്ളം കുടിച്ചോ, ആയിഷക്കു വളമിട്ടോ എന്നൊക്കെ ചോദിക്കാമല്ലോ -ന്ന് ‘ മകളുടെ കളിയാക്കല്‍.
ഇതെന്താ ഹിന്ദു, മുസ്ലിം പേരുകള്‍ ? അദ്ദേഹത്തിന്റെയുള്ളിലെ പൌരാണിക കൃസ്ത്യാനി സടകുടഞ്ഞെണീറ്റ് നീരസ്സപ്പെട്ടു
പിന്നെയെന്താ സാറാമ്മ അന്നാമ്മ എന്നൊക്കെയേ പാടുള്ളോയെന്ന് ഉള്ളില്‍ ഞാന്‍ പരിഹസിച്ചു. എന്തായാലും നാനാമത സൌഹാര്‍ദ്ദത്തിലവര്‍ വളരുന്നു.
മക്കളുടെ സ്വഭാവങ്ങള്‍ അവയിലേക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഒട്ടിപ്പിച്ചുള്ള ഇരുത്തം, അള്ളിപ്പിടുത്തം. എത്ര മാറ്റി വെച്ചാലും പരസ്പരം സ്നേഹിക്കാനുള്ള തത്രപ്പാട്.
ബാല്‍ക്കണിയില്‍ കോണ്‍ക്രീറ്റ് തറയിലെ ഇത്തിരി മണ്ണില്‍ തഴച്ചു വളരുന്ന തുളസി എപ്പോഴും സങ്കടപ്പെടുത്തി. കണ്ണൊന്നു തെറ്റിയാല്‍ മതി, ഒരു നേരം വെള്ളമൊഴിക്കാന്‍ താമസിച്ചാല്‍ മതി, അപ്പോള്‍ തുടങ്ങും വാടിക്കാണിക്കാന്‍, നിനക്കെന്നെ വേണ്ടാതായിയെന്ന പരിഭവം. അതെന്നെ സന്തോഷിപ്പിക്കും.
ഓരോ പേരുകള്‍ക്കും പിന്നിലോരോ ചരിത്രമുണ്ട്. ഭാരതിയെന്നു പേരിട്ടത് മുത്തഛന്റെ ഓര്‍മ്മയ്ക്കാണു. കൃഷികാര്യങ്ങളില്‍ പേരെടുത്ത മുത്ത്ഛന്‍ ബ്ലോക്കില്‍ നിന്ന് നെല്‍ വിത്തുകളെടുത്ത്, കൂടുതല്‍ വിളവേതിനെന്ന് പരീക്ഷണം നടത്താറുണ്ടായിരുന്നു. പരന്നു നിവര്‍ന്നു കിടക്കുന്ന ഒരോ ഭാഗങ്ങളില്‍ ഓരോ തുണ്ടുകളില്‍ അമ്മാതിരി വിത്തുകള്‍ മുളപ്പിച്ചു ഫലം കണ്ടെത്തും. ആ തുണ്ടുകളുടെ നടുവില്‍ ബോര്‍ഡ് നാട്ടും. ഭാരതി, മാല, I. R. 8. അങ്ങനെയങ്ങനെ.
സ്ത്രീ പേരുകള്‍ അദ്ദേഹത്തിന്റെ കാമുകിമാരുടേതെന്നായിരുന്നു എന്റെ സങ്കല്‍പ്പം.
ആയിഷയെന്നത് മകള്‍ക്കിടാന്‍ കരുതിവെച്ചതായിരുന്നു.
ശകുന്തളയെന്ന് മൂത്തവളെ ആണ്‍കുട്ടികള്‍ കളിയാക്കി വിളിക്കുന്നത്.
കാര്‍ത്ത്യായിനിയെന്ന് ചെറിയവളെ ഓമനിക്കുന്നത്.
കുട്ടുവെന്ന് മറ്റൊരു രഹസ്യം.
പേരുകളിലും വിളികളിലുമൊക്കെ നൂറുകൂട്ടം അര്‍ത്ഥങ്ങളും, വ്യാഖ്യാനങ്ങളും, വെളിപ്പെടുത്തലുകളുണ്ട്. അര്‍മ്മാദങ്ങള്‍ കെട്ടഴിയുമ്പോള്‍ മക്കള്‍ മൂന്നുപേരും ‘എടീ അമ്മേ ‘ യെന്നും ‘എന്റെയെടീ‘ യെന്നൊക്കെ വിളിക്കും. ആ ‘ എടീ വിളികളെന്നെ ആഹ്ലാദത്തിന്റെ ഉത്തുംഗത്തിലെത്തിക്കും.
ആണ്ടിലൊരിക്കലോ മറ്റോ ആണു ദുബായിലുള്ള സഹോദരകുടുംബം അബുദാബിയിലുള്ള ഞങ്ങളുടെ വീട്ടില്‍ വിരുന്നു വരുന്നത്. പിന്നീടൊരുത്സവമാണു. 5 കുട്ടികളുടെ ഓടിതിമിര്‍പ്പ്. കുടുംബ വിശേഷങ്ങള്‍. പരദൂഷണങ്ങള്‍, ബീഫ് ഉലര്‍ത്തല്‍, ചപ്പാത്തി ചുടല്‍. രാത്രിയായാല്‍ ആര് ആരുടെകൂടെ എവിടെയൊക്കെ കിടക്കുമെന്ന പ്രശ്ശങ്ങള്‍. എല്ലാവര്‍ക്കും എല്ലാവരുടെയും കൂടെ കിടക്കണം.
വരുമ്പോള്‍ മുതല്‍ എന്റെ ചെടികളിന്മേല് വെയ്ക്കുന്ന കണ്ണുകളെ മാത്രമാണൊരു പിടിക്കരുതായക. ഓരോ ചെടികളെയും തൊട്ടും പൊക്കിയുമൊക്കെ പരിശോധിക്കും. ഇതൊക്കെയെടുത്ത് നമ്മുടെ കാറിന്റെ ഡിക്കിയിലേക്ക് വെച്ചേക്കൂവെന്നു ഇടക്കിടെ പ്രസ്താവിക്കും. പക്ഷേ ഒക്കെ വെറുതെയാണു. വെറുതെയുള്ള ശുണ്ഠിപ്പിടിക്കലാണു. ഒരു തണ്ടുപോലുമടര്‍ത്തിയിട്ടില്ല.
ഒരിക്കല്‍ ‘കുട്ടു‘വിനെ നോക്കി നാത്തൂന്‍പറഞ്ഞു. ‘ഇതേഗണത്തിലൊന്നു ഞങ്ങള്‍ക്കുണ്ടായിരുന്നതാണു. അതിനെ കളയേണ്ടി വന്നു; നിന്റെയാങ്ങള അതില്‍ത്തന്നെ നോക്കിയിരുന്നു സഹതാപപ്പെടും സങ്കടപ്പെടും. അല്പം ലഹരിയിലോ മറ്റോ ആണെങ്കില്‍പ്പിന്നെ ആ കാഴ്ച കരച്ചിലാണവസാനിക്കും. എന്തു ചെയ്യാം? കരയിയ്ക്കാന്‍ ചില ചെടികളും കരയാന്‍ ചില മനുഷ്യരും.
മക്കളോടുള്ള എന്റെ അപൂര്‍വ്വ ഉപദേശങ്ങളില്‍ പ്രധാനപെട്ടത് കളവു പറയരുത്, ചെയ്യരുത് എന്നതാണു. തെറ്റു ചെയ്താല്‍ പരിഹാരമുണ്ട്. പക്ഷേ കളവിനു ശിക്ഷ ഉറപ്പാണു. ഒരാള്‍ടെ ഒന്നും ആഗ്രഹിക്കരുത്. ബന്ധങ്ങളുടെ കാര്യത്തിലുമങ്ങനെ തന്നെ. (അതെന്നെ ജീവിതം പഠിപ്പിച്ചതാണ്) ആരുടെയും ആരേയുമാഗ്രഹിക്കരുത്. കളഞ്ഞു കിട്ടുന്നവക്കും ഓരോ വ്യവസ്ഥാ ക്രമങ്ങളുണ്ട്. കളവു മുതല്‍ കൈയ്യില്‍ പെട്ടാല്‍ ഭാഗ്യം ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്. ഒരിക്കല്‍ നിലത്തു കിടക്കുന്ന തടിച്ചുവീര്‍ത്തൊരു പേഴ്സു കണ്ട് ഭയപ്പെട്ട് എടുക്കാതെ ഓടി പോയിയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? കാലങ്ങള്‍ ക്കുശേഷം ആ അമ്മയുടെ മകള്‍ക്കും കിട്ടി വഴിയില്‍ കിടന്നു ഒരു പേഴ്സ്. അബുദാബി പൌരന്റെത്. ക്രെഡിറ്റ് കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും, 200/-.ദിര്‍ഹംസും. അവളതെടുത്ത് അഛന്‍ വഴി ഉടമസ്ഥനെയേല്‍പ്പിച്ചു. സമ്മാനമായി കിട്ടിയ 100 ദിര്‍ഹാസിന്റെ പകുതിയവള്‍ പള്ളിയിലെ ഭണ്ഡാരപെട്ടിയിലിട്ട് ദൈവത്തെ കയ്യിലെടുത്തു. (ഭാഗ്യം പോയിപോകരുതല്ലോ) ബാക്കി വകക്ക് ഏട്ടത്തിക്കും അനിയനും ഷവര്‍മ്മകളും ഡോണെറ്റ്സും ചിലവു നടത്തി.
പറഞ്ഞു വരുന്നത് മോഷണംപാടില്ല്ലന്നാണു. ആ തത്വശാസ്ത്രങ്ങളെ അട്ടിമറിക്കും പൂക്കളുടെ കാര്യത്തില്‍. ഭൂലോകത്തില്‍ വിരിയുന്ന പൂക്കളെല്ലാം എനിക്കുവേണ്ടിയെന്ന (തെറ്റി) ധാരണയുണ്ട്.
പണ്ട് മകളെ നേഴ്സറിയില്‍ നിന്ന് കൊണ്ടു വരുന്ന വഴിയില് സുഡാനികളുടെ കൌസിലേറ്റൊ മറ്റോ ഒരു സ്ഥാപനമുണ്ട്. അവിടെ നിന്നൊരു പനിനീര്‍ച്ചെടി രക്തവര്‍ണ്ണത്തെ തോല്‍പ്പിക്കും വിധത്തിലുള്ള മൂന്നും നാലും പൂവുകള്‍ നീട്ടിപ്പിടിച്ച് എന്നെ നോക്കി സ്ഥിരമായിച്ചിരിക്കാറുണ്ടായിരുന്നു.വെറുമൊരു സ്ത്രീയല്ലേ, ആ മന്ദഹാസത്തിലും പ്രലോഭിപ്പിക്കലിലും ഞാന്‍ വീണുപോയി. ഒരുച്ചക്ക് വണ്ടി ആ വില്ലായുടെ മുന്നില്‍ നിര്‍ത്തി. തികഞ്ഞൊരു മോഷ്ടാവിന്റെ പാടവത്തോടെ ചെടിയുടെ അടുത്തെത്തി. പൂവിന്മേല്‍ കൈവെച്ചതും. കോട്ടിട്ട ആജാനബാഹുവായ ഒരു സുഡാനി മുന്നില്‍. എന്തൊക്കെയോ ഉഗ്രമായ അറബി ഭാഷയില്‍ പറഞ്ഞു. എന്നെ ഐസുക്കട്ട പോലെ തണുത്തു. എന്തോരു മാനക്കേട്. ഈ പൂവു പറിച്ചോട്ടേയെന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അപ്പോഴുമയാള്‍ കഠിനഭാവത്തിലെന്തോ പറഞ്ഞു. വെയിറ്റ്’ എന്നൊരു ഇംഗ്ലീഷുവാക്കും. അയാള്‍ തിരിഞ്ഞു പെട്ടന്നു അകത്തേക്കു പോയി. ഉത്തരവാദപ്പെട്ട ആളിനെ വിളിച്ചു കൊണ്ടു വന്ന്‍ വീണ്ടും ചീത്ത വിളിപ്പിക്കാനാവുമോ? എന്നെ സര്‍വാംഗം വിയര്‍ത്തു. പോയതിനേക്കാള്‍ ശീഘ്രത്തില്‍ തിരിച്ചു വന്നപ്പോള്‍ കയ്യിലൊരു പേനാക്കത്തിയുമുണ്ടായിരുന്നു. അപ്പോഴത്തെയെന്റെ ദീനമായ അവസ്ഥയെക്കുറിച്ചു എന്തു പറയേണ്ടൂ. എന്നാല്‍ അത്യന്തം ഞെട്ടിച്ചുകൊണ്ട് ആ പനിനീര്‍ പൂവുകള്‍ നീണ്ട തണ്ടുകളോടെ മുറിച്ചു കയ്യില്‍ വെച്ചു തന്നു. പിന്നേയും ഗൌരവമായ സ്വരത്തില്‍ പലതും പറഞ്ഞു. ചെടിയുടെ മുള്ളുകളും, കൈവിരലുകളുമൊക്കെ കാട്ടിയായതിനാല്‍ ചില്ലറയൊക്കെ പിടികിട്ടി. മുള്ളുകളാണു. കയ്യില്‍ കൊണ്ടാല്‍ മുറിയും അങ്ങനെ പല കാര്യങ്ങള്‍.
************
സ്കൂളവധിക്കാലത്ത് മൂന്നോ നാലോ നാളത്തേക്കാണു അമ്മവീട്ടിലെത്തുന്നത്. ഒന്നരയാള്‍ പൊക്കത്തില്‍ മുറ്റത്തു കുറ്റിച്ച് നില്‍ക്കുന്ന മുല്ലയും, വീടിന്റെ പിന്നാമ്പുറത്ത് ആകാശം മുട്ടി നില്‍ക്കുന്ന ചക്കര മാവും മാത്രമാണു അവിടേക്കെന്നെ പ്രലോഭിച്ചെത്തിക്കുന്നത് . അവിടുത്തെ മനുഷ്യര്‍ തീരെ സ്നേഹമില്ലാത്തവരാണു.
ഏപ്രില്‍/ മേയ് മാസങ്ങളാണു. മുല്ല ഇലകളെ ഒളിപ്പിച്ചു പൂത്തു നില്ല്കും.
ചക്കരമാവു നിറയെ കായ്ക്കും. തോട്ടികെട്ടി പറിച്ചെടുക്കാനോ, കയറിപ്പറിക്കാനോ കഴിയില്ല. ഏകദേശം ഏഴെട്ടാള്‍ പൊക്കത്തിലാണു ഏറ്റവും താഴെയുള്ള ശിഖരം പോലും. മാമ്പഴം താഴെക്കിട്ടണമെങ്കില്‍ കാറ്റു തന്നെയാണു ശരണം. എന്നു വെച്ച് കാറ്റത്ര പിശുക്കത്തിയല്ല. ഞങ്ങള്‍ നാലഞ്ചു പിള്ളേര്‍ അത്യന്തം സുഖം തരുന്ന മാഞ്ചോട്ടില്‍ രസിച്ചിരിക്കും. കാറ്റു കൂടു വെച്ചിരിക്കുന്നതു തന്നെ ആ മാങ്കൊമ്പുകളിലാണു. ഇടക്കിടെ ‘ദാ പിടിച്ചോ’ന്ന് മഴ ചാറുന്നതുപ്പോലെ പച്ചയും മഞ്ഞയും കലര്‍ന്ന മാമ്പഴങ്ങള്‍ പൊഴിച്ചിടും. കൈ നിറയെ, മടി നിറയെ.
വസന്തകാലം തുടങ്ങുന്നതിനുമുന്‍പുള്ള ദിവസങ്ങളില്‍ അതേ കാറ്റു കടല്‍ കടന്ന് ഇവിടെയുമെത്തും ‘ എന്നെ ഓര്‍ക്കുന്നുവോ, ഞാനാ മാഞ്ചോട്ടിലെ കാറ്റാണെ‘ന്ന് കുസൃതി പറഞ്ഞ് അടിമുടി ഉമ്മ വെച്ചു പോകാറുണ്ട്.
കാലങ്ങള്‍ കഴിഞ്ഞ് അമ്മവീട്ടിലെത്തി.
മുറ്റത്തെ മുല്ല അശേഷം ശുഷ്കിച്ചു പോയിരുന്നു. എനിക്കിപ്പോഴിത്രയൊക്കെയേ കഴിയുന്നുള്ളൂന്നു പറഞ്ഞ് പേരിനു മാത്രമായി മൂന്നാലു പൂക്കള്‍ നീട്ടി നില്‍പ്പുണ്ട്. പാവം!
ഉള്ളത്രയും പൂക്കള്‍ പൊട്ടിച്ചെടുത്ത് മക്കളുടെ കൈ പിടിച്ച് പറമ്പിലേക്കിറങ്ങി.
അമ്മക്ക് മനസറിഞ്ഞ് മാമ്പഴങ്ങള്‍ തന്നിരുന്ന ചക്കരച്ചിയെക്കുറിച്ചവര്‍ക്കറിയാം.
‘അങ്ങോട്ടു പോവണ്ട. അതു വെട്ടി. ദേശം മുഴുവന്‍ ചപ്പും ചവറും പൊഴിക്കുന്നു, കാര്യമായി കായിക്കുന്നുമില്ല.’ അമ്മായിയാണതു പറഞ്ഞത്.
********************************
രാത്രിയില്‍ ഫോണ്‍ വന്നു. ‘ പെട്ടന്നൊന്നു പുറത്തേക്കിറങ്ങി വരൂ..
സുഹൃത്തു വിളിക്കുകയാണു.
“എന്തു പറ്റി? എന്താണു കാര്യം‘
“ഒരു കാര്യം തരാനാണു.”
10 മണി കഴിഞ്ഞിരിക്കുന്നു ഭര്‍ത്താവ്, മക്കള്‍, അവരോടൊക്കെ എന്തു കള്ളം പറഞ്ഞാണു വീട്ടില്‍ നിന്നിറങ്ങുക?.
ഒരാള്‍ അത്രമേല്‍ സ്നേഹത്തില്‍ വിളിച്ചിട്ട്.. പോകാഞ്ഞിട്ട് ആകെയൊരു സമാധാനക്കേട്. ഇരിക്കപ്പൊറുതിയില്ലായ്മ. പക്ഷേ പോകാന്‍ കഴിയുന്നില്ല
രാവിലെ നോക്കുമ്പോഴാണ്, കാത്തു കാത്തിരുന്ന്‍, ക്ഷീണിച്ചുതളര്‍ന്നൊരു ചുവന്ന ചെമ്പരത്തിപൂവ് കാറിന്റെ വൈപ്പറിനടിയിലിരിക്കുന്നു
സങ്കടമോ.. സന്തോഷമോ എന്തായിരുന്നു അപ്പോള്‍?
(അവനാരായിരുന്നു? ബഷീറിന്റെ പുനര്‍ ജന്മമോ? )
****************************************
ഒരു കുഞ്ഞുചട്ടിയില്‍ നിരവധി പൂക്കള്‍ വിട്ര്ത്തി ഒരു റോസാച്ചെടി വണ്ടികയറി 180 കിലോമീറ്റര്‍ സഞ്ചരിച്ചു വന്ന പിറന്നാള്‍ സമ്മാനമുണ്ട്. ഇന്നത്തേക്കു രണ്ട്. നാളത്തേയ്ക്ക് രണ്ട്. അങ്ങനെയാ ധനുമാസം മുഴുവന്‍ പനിനീര്‍പൂക്കള്‍ കണികണ്ടുണര്‍ന്നു.
ആ ആഹ്ലാദത്തിനു പിന്നിലൊരു കഠിനാദ്ധ്വാനത്തിന്റെ ചരിത്രമുണ്ടായിരുന്നു. ചെടിച്ചട്ടി വാങ്ങി ഒളിപ്പിക്കാനൊരിടമില്ലാതെയവന്‍ വീടിന്റെ സമീപത്തെ പൊന്തക്കാടു പോലൊരിടത്തൊളിപ്പിച്ച കഥ. പിറ്റെന്ന് പകല്‍ ഓഫീസിനു പരിസരത്തുള്ള ചെടികള്‍ക്കുള്ളിലൊളിപ്പിച്ച കഥ.
പാവം ചെടി, എത്ര കഷ്ടപ്പെട്ടു. ആരെങ്കിലും കണ്ടിരുന്നെങ്കിലോ? പൂന്തോട്ടക്കാരന്‍ വെള്ളമെങ്ങാനൊഴിക്കാന്‍ വന്നിരുന്നെങ്കിലോ? ഹേയ്, അങ്ങനെയൊന്നുംവരില്ല.
സത്യമുള്ള ചെടിയാണു അതിനേക്കാള്‍ സത്യമുള്ള സ്നേഹമാണു.
കഴിഞ്ഞൊരു വാലന്റൈന്‍സ് ദിനത്തില്‍, രാവിലെ കൊറിയര്‍ വന്ന് ഓഫീസ് റിസപ് ഷനില്‍ നിന്ന് എന്റെ പേര് മൂന്നാലാവര്‍ത്തി ഉറക്കെ വിളിച്ചു. കയ്യില്‍ ഒരു ഡസനിലേറെ പനിനീര്‍ പൂവുകളുള്ള വലിയ പൂച്ചെണ്ട് അയാള്‍ താങ്ങിപ്പിടിച്ചിട്ടുണ്ട്. എന്റെ ഉള്ളൊന്നാളി. ഒരുത്തന്റെ ഭാര്യയാണു, മൂന്നു മക്കളുടെ അമ്മയാണു. പ്രണയദിനോപഹാരം സ്വീകരിക്കേണ്ട പ്രായമൊക്കെ എന്നേ കഴിഞ്ഞുപോയി. നല്ല പ്രായത്തില്‍ അങ്ങനെ കാര്യമായൊന്നും വാങ്ങിയിട്ടില്ല. അതു കണ്ട് ഓഫീസ് സ്റ്റാഫ് മിക്കവരും വന്നു നോക്കി. ആര്‍ക്കാണു, എവിടുന്നാണു? എല്ലാവരുടെയും മുഖങ്ങളില്‍ അടരാന്‍ തയ്യാറായ നിരവധി ചോദ്യങ്ങള്‍. ഞാന്‍ മുഖമുയര്‍ത്താതെയിരുന്നു. രാമസവിധത്തില്‍ പാതിവൃത്യം തെളിയിക്കാനാതെ വിവശയായ സീതയെപ്പോലെ, ഭൂമീദേവീ എന്നെയൊന്നു വിഴുങ്ങിക്കളയൂ വെന്ന് എന്നെക്കൊണ്ട് ആഗ്രഹിപ്പിച്ചു ആ പനിനീര്‍പൂവുകള്‍. എന്റെ മുഖഭാവം കണ്ടു ചോദ്യങ്ങളടക്കിപ്പിടിച്ച് പലരും പലവഴിക്ക് പോയി. സിറിയക്കാരിയായ സുന്ദരിയായ റഹാഫ് എന്ന എഞ്ചിനീയര്‍ പെണ്‍കുട്ടി മാത്രം വന്ന് കടക്കണ്ണിലൂടൊരു കള്ളച്ചിരി ചിരിച്ചു രഹസ്യമായി ചോദിച്ചു, ‘ഫ്രണ്ട് അയച്ചതാ?” അപ്പോഴെനിക്കു സത്യത്തില്‍ ചിരി വന്നു. സത്യസന്ധമായ ചിരി.
അന്നവിടെ വന്നുപോയവര്‍ മുഴുവന്‍ ആ പ്രണയപുഷ്പങ്ങളുടെ കവിളില്‍ തൊട്ടു തലോടി.
**************************
ഒരിക്കല്‍ സുഹൃത്തായിരുന്നവന്‍ ‘ഇതുണങ്ങി പോയാല്‍ നമ്മുടെ സ്നേഹവും വരണ്ടു പോകുമെന്നു പറഞ്ഞ്’‘ പൂക്കള്‍ നിറഞ്ഞ പനിനീര്‍ച്ചെടി സമ്മാനിച്ചു.
‘ഇതു പുറത്തു വെയ്ക്കേണ്ടതോ, മുറിയ്ക്കുള്ളില്‍ വളരേണ്ടതോ?
പുറത്തു തന്നെ,
എന്നും വെള്ളമൊഴിച്ചു, ഇടക്കിടെ വളമിട്ടു, ചട്ടി മാറ്റി നട്ടു. എന്നിട്ടും കരിഞ്ഞു.
ഉണങ്ങിപ്പോകാന്‍ വേണ്ടിയായിരുന്നോ കരിനാവു വളച്ച് അങ്ങനെയൊരു വാക്കും പറഞ്ഞ് ആ പനിനീര്‍ ചെടിയെത്തിയത്. ചെടിയുണങ്ങിയതിനേക്കാള്‍ വേഗത്തിന്‍ ഉണങ്ങിപ്പോയ സ്നേഹം.
അക്ഷരാര്‍ത്ഥത്തില്‍ ഉണക്കിക്കളഞ്ഞ സ്നേഹം.
********************
പൂക്കളുടെ ചരടില്‍ സ്നേഹത്തിന്റെ ലോകങ്ങളെ കൊരുക്കുന്ന എത്ര സ്നേഹങ്ങളാണു എന്നെ ബന്ധിച്ചിട്ടിരിക്കുന്നത് അഛന്‍, മുത്തഛന്‍.
വീട്ടില്‍ നിന്ന് അഛന്റെ തറവാട്ടിലേക്ക് അര മണിക്കൂര്‍ നടപ്പു ദൂരമുണ്ട് . തറവാട്ടു മുറ്റം ചുറ്റി പലവിധത്തിലുള്ള ചെടികളുണ്ട്, മുറ്റത്തിനു താഴെ കഷ്ടി ഒരു മീറ്റര്‍ ഉയരത്തിലൊരു മുല്ല ഉണ്ടെന്നുന്നുള്ളതു ഞാനാണു കണ്ടുപിടിച്ചത്. അതെങ്ങനെയവിടെ വന്നുവെന്നാര്‍ക്കുമറിയില്ല. സ്കൂളില്‍ പഠിക്കുന്ന കാലമാണു. 7 മണികഴിയുമ്പോള്‍ സ്കൂള്‍ ബസ്സെത്തും. അതിനു തൊട്ടു മുന്‍പ് നീണ്ട നടപ്പു നടന്ന് മുത്തച്ഛനെത്തും. ആ മുല്ലയില്‍ വിടരുന്ന വിരലിലെണ്ണാന്‍ മാത്രമുള്ള പൂക്കള്‍ ജോലിക്കാരി സ്ത്രീയെക്കൊണ്ട് മാലയാക്കിച്ച്, സ്കൂളില്‍ ചൂടിച്ചു വിടാനാണു വെളുപ്പിനെ തിരക്കു പിടിച്ചുള്ള വരവ്. ആ നേരത്ത് തിരക്കിന്മേല്‍ തിരക്കുപിടിച്ച് നൂറുകൂട്ടം പണികള്‍ക്കിടയില്‍, എന്റെ മുടി രണ്ടായി പകുത്ത് മുകളിലേക്കുയര്‍ത്തി ധൃതിയില്‍ കെട്ടുന്നുടാവും അമ്മ. .അപ്പോഴാണ് ഒരു വിരല്‍ നീളത്തിലുള്ള മാലയെത്തുന്നത്.(അത്ര ചെറിയൊരു പൂമാല പിന്നീടൊരിക്കലുമാരും സമ്മാനം തന്നിട്ടില്ല). ആ ഇത്തിരി പോന്ന പൂമാലയെ റിബ്ബണിനിടയിലേക്കിട്ട് നിര്‍ദാക്ഷിണ്യം വലിച്ചൊരു മുറുക്കലുണ്ട് അമ്മ. പൂക്കള്‍ പലതും ചതഞ്ഞുപോയിട്ടുണ്ടാവാം. സ്കൂളില്‍ വെച്ച് മുടിക്കെട്ടു പലതവണയഴിഞ്ഞാലും, വാടിക്കരിഞ്ഞതെങ്കിലു, തിരികെ വീടെത്തുന്നതു വരെ പൂമാല തലയിലുണ്ടാവും.
മുത്തഛന്‍ ഇപ്പോഴില്ല, എങ്കിലും ഇതിവിടെ ഓര്‍മ്മിപ്പിച്ച് എഴുതിപ്പിക്കാനുള്ള സ്നേഹം ബാക്കി വെച്ചിട്ടാണു അദ്ദേഹം പോയത്.
ജീനുകളുടെ തുടര്‍ച്ചയാവാം, മുത്തഛന്റെ മകനിലും (അഛന്‍) സ്നേഹത്തിന്റെ ഭാവപകര്‍ച്ചകള്‍ അതേപടി പറിച്ചു നട്ടിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തില്‍ താമസമാക്കി ത്തുടങ്ങിയ കാലത്ത്, മിക്കവാറും ദിവസങ്ങളില്‍ മകള്‍ക്കു സുഖാണോന്നു തിരക്കി അച്ഛനെത്തും. ബൈക്കിന്റെ ശബ്ദം ദൂരെ കേള്‍ക്കുമ്പോഴറിയാം. വരുന്നുണ്ട്. അപ്പോഴെന്റെ പ്രായം ബാല്യത്തിലേക്കു തിരിച്ചോടും. മനസും ശരീരവും കുതിച്ച് മുറ്റത്തേക്ക് ചാടും. അപ്രതീക്ഷമായി വരുമ്പോഴത്തെ, കാണുമ്പോഴത്തെ സന്തോഷം. മുറ്റത്തു ബൈക്കു നിര്‍ത്തി, സീറ്റ് പൊക്കി, ഉള്ളില്‍ നിന്ന് ഒരു പൊതി പുറത്തെടുക്കും. പലഹാരപ്പൊതിയാണ്, പിന്നീട് ഒരു വാഴയിലക്കീറില്‍ ഒരു തുണ്ട് മുല്ലപൂവും. വരുന്ന വഴിക്കു വാങ്ങുന്നതാണു. ഇമ്മാതിരി സ്നേഹത്തിന്റെ തന്മാത്രകളെയെല്ലാം ഒരോരോ വാഴയിലക്കീറില്‍ ഞാനും പൊതിഞ്ഞു സൂക്ഷിക്കുന്നുണ്ട്. സമയാസമയങ്ങളില്‍ എന്റെ മക്കള്‍ക്കും ലോഭമില്ലാതെ വാരിച്ചൊരിയുന്നുണ്ട്.
*********************
ഒരിക്കല്‍ സുഹൃത്തുമായി യാത്ര പോവുകയാണു. നാളുകള്‍കഴിഞ്ഞുള്ള കണ്ടുമുട്ടലാണു. അവന്‍ നിര്‍ദ്ധനനാണു. പെട്രോളടിക്കാന്‍ കടം വാങ്ങുന്നവന്‍. മകനു പാലിനു കാശില്ലാത്തവന്‍. രണ്ടാമതും ഗര്‍ഭിണീയായ ഭാര്യ ആശുപത്രിയിലാണു. പ്രസവച്ചിലവുകള്‍ക്ക് കാശിനു നെട്ടോട്ടമോടുന്നവന്‍. എന്നിട്ടും വര്‍ത്തമാനകാലത്തിന്റെ ദുരിതങ്ങള്‍ മറന്ന്, ഭാവികാലത്തിന്റെ പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ളതു മറന്ന്, ഞങ്ങള്‍ യാത്ര ചെയ്യുകയാണു. പഴയകാലങ്ങളിലെ കഥകളും സന്തോഷങ്ങളും അയവിറക്കി പറഞ്ഞ്, പാട്ടുകളൊക്കെ പാടിയുള്ള യാത്ര. പെട്ടന്ന് ചെങ്ങനാശേരിയിലെ പൂക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. പഴകിയ കാലിപേഴ്സു തുറന്ന് ഏറ്റവുമുള്ളിലെ ഉറയില്‍ ഭദ്രമായി വെച്ചിരുന്ന 10 രൂപയുടെ രണ്ടു മുഷിഞ്ഞ നോട്ടുകള്‍ വലിച്ചെടുത്ത് കടക്കാരനോടു പറഞ്ഞു ‘ രണ്ടുമുഴം’. കിട്ടിയ പൂക്കളത്രയും തലയില്‍ ചൂടി ഞാനിരുന്നു. തരുന്നെങ്കില് അങ്ങനെ തരണം. വിധവയുടെ രണ്ടുകാശു പോലെ, അവസാനത്തെ കാശ്. പൂര്‍ണ്ണമായ സ്നേഹം. പരമമായ പ്രണയം.. അതിനപ്പുറമെന്തു?
എന്നെങ്കിലും ബോധമണ്ഡലത്തില്‍ നിന്ന് ഓര്‍മ്മകളുടെ അവസാനത്തെ തിരിയും കെട്ടുപോയാലും,
സ്നേഹത്തിന്റെ പൂവുകള്‍ അതിന്റെ സര്‍വ്വത്ര പരിമളവും പരത്തി എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും
മുറിയില്ലാത്ത എഴുത്ത് ; മുറിയുന്ന എഴുത്ത്
ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഓരോ കരച്ചിലുണ്ട്.
ഓരോ എഴുത്തു തീരുമ്പോഴും
ഉയര്‍ത്തെഴുന്നേല്‍ക്കലുകള്‍ നടക്കുന്നു. .
അന്ധവിശ്വാസമെന്ന് വിശേഷിപ്പിച്ചേക്കാവുന്ന പലതും ബോധാ-അബോധ ഇടങ്ങളില്‍ കിടപ്പുണ്ട്. പുതിയ ജോലിയില്‍കയറിയ ദിവസം, ആ ഓഫീസില്‍ വിദ്യുച്ഛക്തി നിലച്ചു. എല്ലാവരും പരിഭ്രാന്തരായി. ആ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ ആദ്യാനുഭവമാണു. എനിക്കു ചിരി വന്നു. സന്തോഷകരമായ സംഭവങ്ങളുണ്ടാവുന്നതിന്റെ മുന്നോടിയായി കറന്റു പോകുന്നത് നല്ല നിമിത്തമാണു.കറി വെയ്ക്കുമ്പോള്‍ കൈ പൊള്ളിയാല്‍ ആ കറി രുചികരമാകും. ഇസ്തിരിയിടുമ്പോള്‍ പൊള്ളിയാലും അതിലൊരു നന്മയുണ്ട്. വസ്ത്രങ്ങള്‍ വടിവാര്‍ന്ന് വരും. ഒരു കാര്യത്തിനിറങ്ങുമ്പോള്‍ രക്തം കാണുന്നത് ശുഭ ലക്ഷണമാണെന്ന് തോന്നിച്ച പല സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലക്ഷണവിധിപ്രകാരമതു തെറ്റാവാം, ദുര്‍ലക്ഷണമാവാം പക്ഷേ, ചിലരുടെ ശരി മറ്റുചിലരുടെ തെറ്റാവാം.
ഞാന്‍ ജനിക്കുന്ന കാലത്ത് അഛന്‍ ഇന്‍ഡ്യന്‍ പട്ടാളത്തില്‍ ഫിസിക്കല്‍ ഇന്‍സ്‌ട്രകറ്റര്‍ ആയിരുന്നു. കുറച്ചു കാലത്തെ സേവനത്തിനു ശേഷം കാരണമില്ലാതെ ആ ഉദ്യോഗം വലിച്ചെറിയാന്‍ നിര്‍ഭാഗ്യം അദ്ദേഹത്തെ നിര്‍ബന്ധിച്ചു. യാതൊരു വരുമാനവുമില്ലാതെ ഒരൊത്ത പുരുഷന്‍ ഭാര്യയേയും രണ്ടു കൈക്കുഞ്ഞുങ്ങളേയും കൂട്ടി കുടുംബവീട്ടില്‍ കഴിയുക. നല്ല സമ്പാദ്യമുള്ള അഛന്റെ മകനായിട്ടും, കാര്യപ്പെട്ട വരുമാനമുള്ളവരുടെ കൂടെപ്പിറപ്പായിട്ടും കാര്യമില്ല. പണിയില്ലാത്തവന്‍ വെറും പിണമാണു. മെലിഞ്ഞുപോയ ആനയുടെ ഇടം തൊഴുത്തല്ല എന്ന് വായ്മൊഴി അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാലംഗക്കുടുംബത്തിന്റെ സാമഗ്രികള്‍ പഴയൊരു പെട്ടിയില്‍ കുത്തി നിറച്ച് അദ്ദേഹം ഭാര്യയെയും കൂട്ടി, മക്കളെ രണ്ടും തോളിലിട്ട് ഇരുട്ടിലൂടെയിറങ്ങി നടന്നു. (മുത്തഛനിറക്കിവിട്ടുവെന്ന് അഛന്റെ ഭാഷ്യം). പിന്നീട് ബന്ധുവിന്റെ സഹായത്തോടെ കുടിലുപോലൊരു വീടു വാടകക്കെടുത്ത് തുടങ്ങിയ ആ താമസം, നാട്ടുരാജാവിനെ പോലെ കഴിഞ്ഞിരുന്ന മുത്തഛന്റെ മുഖത്തു തുപ്പുന്ന രീതിയായിരുന്നുവെന്ന് വീട്ടുകാരും, നാട്ടുകാരും പറഞ്ഞു. എന്നാല്‍ അഛമ്മ മാത്രം രഹസ്യമായി വരും. മകനെ കാണും. ചെറുമക്കളെ താലോലിക്കും, മരുമകളുടെ അടുക്കളയിലെ ഇല്ലായ്മയറിയും. വേണ്ടതെല്ലാം എത്തിക്കും. എന്തിനാണീ പഴമ്പുരാണം കുടഞ്ഞിടുന്നതെന്നും, ഒരു പൈതലായിരുന്നവള്‍ക്ക് ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ കഴിയുമോയെന്നും, വായിക്കുന്നവര്‍ സംശയിക്കരുത്. നൂറുകണക്കിനു തവണ കേട്ട കഥകളിലൊന്നായതു കൊണ്ട്, മാറാല പിടിക്കാത്ത ഓര്‍മ്മകളുടെ കൂട്ടത്തില്‍, പലതിലൊന്നായി ഇതും കിടപ്പുണ്ട്.
മേല്‍പ്പറഞ്ഞ കുടിലിന്റെ കോലായിലായിരുന്നു എന്റെ വിദ്യാരംഭം. ഉമ്മറത്തെ കോലായില്‍ അരി വിതറിയിട്ട് അഛനെന്നെ മലയാളത്തിന്റെ ഹരീശ്രീ എഴുതിക്കാന്‍ ശ്രമിക്കുകയാണു. അക്ഷരമാല ചിട്ടപ്പെടുത്തിയ മഹാത്മാവിനെ സമ്മതിക്കാതെ വയ്യ, ഏറ്റവും പ്രയത്നം ആവശ്യമായിരിക്കുന്ന ‘അ’ യെ ആദ്യാക്ഷരമാക്കിയിരിക്കുന്നതെന്തിനാണു. ‘പിന്മാറൂ, ശ്രമമുപേക്ഷിക്കൂ‘ എന്ന് പരോക്ഷമായുള്ള നിര്‍ദ്ദേശമല്ലേയതെന്നെങ്ങനെ സംശയിക്കാതിരിക്കും. മൂന്നേ മൂന്നു വരകള്‍ കൊണ്ട് ആംഗലേയത്തിലെ ആദ്യാക്ഷരം അനായാസ തീര്‍ക്കാം. എത്ര ശ്രമിച്ചിട്ടും എഴുതാനെനിക്കോ, അദ്ദേഹത്തിനെഴുതിക്കാനോ കഴിയാതിരുന്ന പരാജയത്തിന്റെ നിമിഷങ്ങളില്‍ അദ്ദേഹത്തിനു കോപം പൂണ്ട്, മൂന്നാണ്ടുമാത്രം പ്രായമുള്ള ആ കുഞ്ഞു ചൂണ്ടു വിരല്‍ പിടിച്ച് തറയിലാഞ്ഞ് പലതവണയുരച്ചു. ചോര പൊടിയുന്നതു വരെ. ആദ്യാക്ഷരമെഴുത്ത് മുറിവില്‍ കലാശിച്ചു. ആ രംഗം കണ്ടാണ് അഛമ്മ വരുന്നത്. ഓടിവന്നെടുത്ത് മാറോട് ചേര്‍ത്തുപിടിച്ച് കണ്ണീരൊപ്പി, നീയെന്റെ കുഞ്ഞിനെ പഠിപ്പിക്കണ്ടയെന്ന് അഛനെ ചീത്തപറയുകയും, എന്റെ കുഞ്ഞു പഠിക്കണ്ടയെന്ന് എന്നോടും പറഞ്ഞ് സന്ദര്‍ഭത്തിന്റെ സംഘര്‍ഷമില്ലാതാക്കി. ചില നേരത്ത് നാവില്‍ ഗുളികനുണ്ടാവുമെന്ന് പറയുന്നതു വെറുതെയല്ല. അവര്‍ പറഞ്ഞതു പോലെ അഛമ്മയുടെ ചെറുമകള്‍ ഒന്നും പഠിച്ചില്ല. പഠിക്കാന്‍ ശ്രമിച്ചതിലെല്ലാം തോറ്റു. ‘നീ പ്രീഡിഗ്രി തോറ്റവള്‍’ എന്ന് M. Com ഫസ്റ്റ്ക്ലാസ്സുകാരനായ എന്റെ ഭര്‍ത്താവിനെക്കൊണ്ട് ഇടക്കിടെ പറയിക്കുന്നതിന്റെ മൂലകാരണം ആ നാവു തന്നെയാണു. .
ആത്മസുഹൃത്തിന്റെ പുസ്തകത്തിനു ചെറിയൊരു മുഖക്കുറിപ്പ് എഴുതിതരണമെന്ന് പറഞ്ഞതിന്റെ പേരിലാണു. ആദ്യമായൊരു താള്‍ കീറിയെടുക്കെ, കത്തികൊണ്ടു വരയുന്നമാതിരി ആ കടലാസുകഷണം കൊണ്ട് വിരല്‍ വട്ടത്തില്‍ മുറിഞ്ഞു. രക്തം പുരണ്ട് ആ താള്‍ അവിടവിടങ്ങളില്‍ ചുവന്നു. അത്ഭുതം! പതിവിനു വിരുദ്ധമായി ഒറ്റയിരിപ്പില്‍ എഴുതിതീര്‍ക്കാന്‍ കഴിഞ്ഞു.എഴുതുമ്പോള്‍ ഹൃദയം രക്തമിറ്റിക്കുന്നുണ്ടായിരുന്നു. ഓരോ എഴുത്തും ഓരോ മുറിവാണു.
കഴിഞ്ഞ ദിവസം അമ്മ നാട്ടില്‍ നിന്ന് വിളിച്ച് ഹര്‍ഷമിരമ്പുന്ന ശബ്ദത്തില്‍ പറഞ്ഞു. ‘നീനക്കറിക്കറിയുമോ? അവളെന്നെ ‘അടൂര്‍’ എന്നെഴുതിക്കാണിച്ചു. മകളെക്കുറിച്ചാണു പറയുന്നത്. L. K. G. മുതല്‍ 12-ആം ക്ലാസുകള്‍ വരെ അബുദാബിയിലെ മലയാളമില്ലാത്ത സ്കൂളില്‍ പഠിച്ച എന്റെ കടിഞ്ഞൂല്‍ക്കനിയാണ്, കേരളത്തിലെ കോളേജില്‍ ചേര്‍ന്ന് ആറു മാസത്തിനകം അവള്‍ സ്വപ്രയത്നത്താല്‍ മലയാളാക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ഇപ്പോള്‍ അടൂര്‍, പന്തളം, തിരുവല്ല, മുണ്ടക്കയം എന്നൊക്കെ ബസ്സിന്റെ ബോര്‍ഡുകള്‍ വായിക്കാന്‍ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുണ്ടം തിന്നണമെന്നവള്‍ പഠിച്ചിരിക്കുന്നു. അക്ഷരങ്ങളൂടെ കാര്യത്തിലായാലും വിട്ടുവീഴ്ചയില്ല.
എഴുത്ത് മൂന്നാംതരമാണെന്ന ചിന്ത കുടുംബത്തിലാകമാനം ബാധിച്ചിട്ടുണ്ടു. ഭര്‍ത്താവിനെയാണാ ബാധ സാരമായി കേടാക്കിയിരിക്കുന്നത്. വേലയും കൂലിയുമില്ലാത്തവന്റെ പണി. മുഷിഞ്ഞു നാറിയ തുണിയുടുത്ത് , കഞ്ചാവു വലിച്ച് , കീറിയ സഞ്ചിയും തൂക്കി നടക്കുന്നവനാണു കവിയെന്നദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നു. പെണ്ണെഴുതിയാല്‍ പരിഹാരമില്ലാത്ത കുറ്റവുമാണു. തോന്ന്യാസം നടപ്പാണു. പക്ഷേ അക്ഷരങ്ങള്‍ക്കുണ്ടോ ഭര്‍ത്താവെന്ന ഭയം? അതു പുറത്തേങ്ങിറങ്ങി നടക്കാന്‍ തുടങ്ങി. തുടര്‍ന്നു വന്ന നോക്കുകളും വാക്കുകളും ചുവപ്പും, ചവര്‍പ്പുമായി. പിന്നെയവ പുസ്തകങ്ങള്‍ക്കു നേരെ നീണ്ടു. ‘പറുദീസാ നഷ്ടവും‘, ‘ചിദംബരസ്മരണ‘യും നശിപ്പിക്കപ്പെട്ടു. ‘അരങ്ങ്’‘ സാംസ്ജ്കാരികവേദി, കവിതയുടെ പേരില്‍ സമ്മാനിച്ച, (ഒളിപ്പിച്ചു വെച്ചിരുന്ന) ചില്ലിട്ട പ്രശംസാ പത്രത്തിന്റെ നെഞ്ചു പിളര്‍ന്നു.‘ പത്രത്തിലോ റേഡിയോവിലോ കവിത വരുമ്പോള്‍ ഭയപ്പെട്ടു. ലോകത്തിലെ റേഡിയോകളെല്ലാം നിശബ്ദമാവണേയെന്നും, പത്രക്കെട്ടുകളെല്ലാം മഴയിലൊലിച്ചു പോകണേയെന്നുമാഗ്രഹിച്ചു..
ഒരവധിക്കാലത്ത്, മൂത്തവളെ ശകാരിച്ചതിന്റെ പേരിലാണു, ശത്രുവിനെ ഒറ്റു കൊടുക്കുന്നതു പോലെ അവള്‍ എന്നെ ചൂണ്ടി അമ്മയോടു പറഞ്ഞു ‘അറിഞ്ഞോ! ഈ അമ്മ കവിതയെഴുതുന്നുണ്ട്.‘
‘അടികൊള്ളാത്തതു കൊണ്ട് , അല്ലാതെന്താ?”‘ അമ്മ തിരിഞ്ഞു നിന്ന് കനത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഒരു പരമരഹസ്യം എറിഞ്ഞുടച്ചതിന്റെ സന്തോഷത്തിലവള്‍ ഓടിപ്പോയി.
അടുത്ത അവധിക്കാലത്ത്, ‘നീയെന്തൊക്കെയോ എഴുതുന്നൂന്നു കേട്ടു. ഞാനൂടെ വായിക്കട്ടെ’ എന്ന‘വര്‍ അനുരഞ്ജനത്തിന്റെ സ്വരത്തില്‍ പറഞ്ഞെന്നെ അമ്പരപ്പിച്ചു. ഒരു തിരഞ്ഞെടുപ്പ് ശ്രമകരമായിരുന്നു. അമ്മക്കാണു കൊടുക്കാന്‍ പോകുന്നത്.
അതിന്റേയും അടുത്ത അവധിക്കാലത്ത് ഒരു കുറിപ്പും ഒരു കവിതയും അമ്മയ്ക്കു കൊടുത്തു. ‘വായിച്ചിട്ടു കരച്ചില്‍ വന്നു‘ എന്നു മാത്രം പറഞ്ഞു. പിന്നീട് അവയെ വേദപുസ്തകവും, പ്രാര്‍ത്ഥനാപുസ്തകങ്ങളും വെയ്ക്കുന്ന ഷെല്‍ഫില്‍ കണ്ട് എനിക്കും കരച്ചില്‍ വന്നു.
അഛന്‍ മാത്രം ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. അരുതായ്മകളൊന്നും മകള്‍ ചെയ്യില്ലന്ന അതിരു കടന്ന വിശ്വാസമാവാം. അല്ലെങ്കില്‍ മകളുടെ തെറ്റുകള്‍ പൊറുക്കാന്‍ പോന്ന മറ്റൊരിടം വേറെയില്ലന്നറിഞ്ഞാവാം.
കൌമാരത്തില്‍ ആര്‍ക്കെങ്കിലും സ്വയം പരിചയപ്പെടുത്തുമ്പോള്‍, ഇന്ന ആളുടെ മകള്‍, ഇന്ന ആളുടെ പെങ്ങള്‍ എന്നൊക്കെയായിരുന്നു. വിവാഹശേഷം ഇന്ന ആളുടെ ഭാര്യ എന്നായി. എന്നാല്‍ ഈയിടെ, ചിലടത്തൊക്കെ വെച്ച്, ചിലര്‍ ‘ഇന്ന കവിതയെഴുതിയ ആളാണല്ലേ, കൂടെനിന്ന മകളെ ക്കാട്ടി ‘ഇവളെക്കുറിച്ചുള്ള കുറിപ്പായിരുന്നല്ലേ അത്?‘ എന്നൊക്കെ ചോദിക്കുമ്പോഴും ഉള്ളില്‍ കരഞ്ഞു. . അക്ഷരങ്ങളുടെ പേരിലുള്ള അടയാളപ്പെടുത്തലിനെ കൈക്കൊണ്ടുള്ള ആഹ്ലാദം കൊണ്ടായിരുന്നു ആ കരച്ചില്‍.
ആരോ ഇട്ടുതരുന്ന ഏണിമേല്‍ കയറി നിന്നാണവള്‍ എഴുതുന്നതെന്ന ആരോപണശരമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. അതാലോചിക്കുമ്പോള്‍ ചിരിവരും. പറയാന്‍ മാത്രം ഒരു എഴുത്തുമുറിയില്ല. കുളിമുറിയില്‍ കയറി കതകടച്ച്, ക്ലോസറ്റ്കവര്‍ മടക്കിയിട്ട് അതിന്‍ മുകളിലിരുന്ന് വാഷിങ്ങ്മെഷീന്റെ മുകളില്‍ കടലാസ് നിവര്‍ത്തിവെച്ച്, ഏന്തി വലിഞ്ഞിരുന്ന് മാസികയ്ക്കു വേണ്ടി കുറിപ്പുകളെഴുതിയിട്ടുണ്ടന്നുള്ളത് പരിഹസിക്കുന്നവരറിഞ്ഞിട്ടില്ല.
പറഞ്ഞല്ലോ ! അക്ഷരങ്ങളുടെ കാര്യത്തില്‍ സ്വര്‍ത്ഥമതിയാണു. എന്നെ മാത്രം ജീവിപ്പിക്കലാണു ചെയ്യുന്നത്
പ്രായം തികഞ്ഞ പെണ്ണിനെയും കൊണ്ട് കടത്തിണ്ണയില്‍ രാത്രി കഴിക്കേണ്ടി വരുന്നതുപോലെ അപകടമാണു തീപന്തം പോലെ പൊള്ളിക്കുന്ന അക്ഷരങ്ങളെ നെഞ്ചില്‍ കൊണ്ടു നടക്കുന്നത് . യോനീമുഖത്തു വന്നിരുന്നിട്ടും വെളിയില്‍ കടക്കാനാവാത്ത ശിശുവിനെക്കുറിച്ചാലോചിച്ചു നോക്കൂ അത്ര തന്നെ ഭിതിതമാണു ചാപിള്ളയായി പോയേക്കാവുന്ന എഴുത്തുകളും. സുരക്ഷിതമായ ഒരിടം ആഗ്രഹിക്കാത്ത ഏതെഴുത്താണുള്ളത്?
ഓരോ എഴുത്തും പുനര്‍ജനിയില്‍ കൂടിയുള്ള സഞ്ചാരമാണു. സ്വയം ജീവിപ്പിക്കലാണു.
മുറിഞ്ഞെഴുതാന്‍ കഴിയും. പക്ഷേ മുറിക്കാന്‍ എഴുതാതിരിക്കാം.
********** ശുഭം ***************
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്
രാത്രിയില്‍ കണ്‍പോള കൂട്ടിയടച്ചിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴറിഞ്ഞു, അവളുമുറങ്ങിയിട്ടില്ല. എങ്ങനെയുറങ്ങും? നാളെ ഫലമറിയുകയാണു. ജീവിതത്തിലേക്കോ തൂക്കുകയറിലേക്കോ എന്നതല്ല. അറ്റന്റ് ചെയ്ത ഇന്റര്‍വ്യൂ-ന്റെ ഫലപ്രഖ്യാപനവുമല്ല. വെറും പത്താം ക്ലാസില്‍ നിന്നുള്ള ജയമോ പരാജയമോ എന്ന അനിശ്ചിതത്ത്വത്തിന്റെ സംഭ്രമമാണു ആ കുഞ്ഞുതലയില്‍ അഗ്നി കോരിയിട്ടിരിക്കുന്നത്. 'തോല്‍ക്കുകയാണെങ്കില്‍ അങ്ങനെ! വിഷമിക്കല്ലെ പൊന്നേ' യെന്ന് നെഞ്ചോടു ചേര്‍ത്ത് പറയണമെന്നുണ്ടായിരുന്നു. അവളുറങ്ങുകയാണെന്ന അമ്മ ധരിച്ചിരിക്കുന്നുവെന്ന ആ ചിന്തയെ തെറ്റിക്കേണ്ടന്നു കരുതി അതിനു മുതിര്‍ന്നില്ല.പകരം അടിമുടിയെരിഞ്ഞൊരു തുണ്ട് പ്രാര്‍ത്ഥനയില്‍ നീറി. എന്റെ കുഞ്ഞിനെ സങ്കടപ്പെടുത്തല്ലേന്ന് ! തൊട്ടു തലേ ആഴ്ചയില് 12 -ആം ക്ലാസിന്റെ കൊല്ലപരീക്ഷാഫലത്തില്‍ സ്കൂളിലെ ടോപേഴ്സ് ലിസ്റ്റില്‍ വന്ന്' മൂത്തവള്‍ വീടു മുഴുവന്‍ ആഹ്ലാദം കൊണ്ടു നിറച്ചതാണു. വരാന്‍ പോകുന്ന സങ്കടത്തിന്റെ മുന്നറിയിപ്പാണോ ഈ ആഹ്ലാദമെന്നോര്‍ത്ത് മധുര വിതരണം നടത്തുമ്പോള്‍ നെഞ്ചിടിച്ചിരുന്നു. വയററിഞ്ഞു വിളമ്പേണ്ട അമ്മയാണു ഞാന്‍. ഓരോ മക്കളില്‍ നിന്നും നിലയറിഞ്ഞേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഫ്രാന്‍സുകാരന്റെ ഭാഷയാണു അവളെയെക്കാലവും കുഴക്കിയിട്ടുള്ളത്. അതില്‍ തോല്‍വി ഏകദേശം ഉറപ്പാണു. തോറ്റുവെങ്കില്‍ കംപാര്‍ട്ടുമെന്റ് എഴുതിയെടുക്കേണ്ടി വരും. 11-ആം ക്ലാസിലെ പഠനം 2 മാസം പിന്നിടുകയും ചെയ്തു. പിന്നേയും പഴയ പത്താം ക്ലാസില്‍ പോയിരിക്കേണ്ടി വരുന്നതിന്റെ മനോവേദനയെന്റെ കുട്ടിക്കു താങ്ങാന്‍ കഴിയുമോ? ഈശ്വരാ!! എന്തോരു ഇരിക്കപൊറുതിയില്ലായ്മയാണു. ഇപ്പോള്‍ കൂടുതലൊന്നുമല്ല, വെറും പാസ്സ് മാര്‍ക്ക്, അതാണു യാചിക്കുന്നത്. അതു മതി! അത്ര മാത്രം മതി! അത്ര പാവമാണവള്‍'.
15-വര്‍ഷങ്ങള്‍ പിറകില്‍ നിന്നും മെല്ലെ കാലം മുന്നോട്ട് നടക്കാന്‍ തുടങ്ങി.
പ്രണയിച്ചു വിവാഹം ചെയ്തവരായതു കൊണ്ട് ദാമ്പത്യവല്ലരി ഇടക്കിടെ പൂത്തുകൊണ്ടിരുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ എഴുതിയിരിക്കുന്നു.
അദമ്യപ്രണയത്തിലെ രതിയുടെ ഉരുള്‍പൊട്ടലില്‍ വിരിയുന്ന കുസുമങ്ങള്‍ക്കാണ് സൌരഭ്യം കൂടുകയെന്ന് സുഹൃത്ത് പറയുന്നു. ഇതു രണ്ടും തെറ്റാണു. അദ്ദേഹത്തിനു എന്നോടുള്ള കഠിന പ്രണയത്തില്‍ നിന്നോ സ്നേഹത്തില്‍ നിന്നോ അല്ല എനിക്ക് മക്കള്‍ പിറന്നിട്ടുള്ളത്. എന്നിട്ടും, എന്റെ കുഞ്ഞുങ്ങള്‍ പൊഴിക്കുന്നത്ര പരിമളം വേറെങ്ങുമനുഭവിച്ചിട്ടില്ല. ഒരുപക്ഷേ, ഇത്തിരി പോന്നൊരെന്റെ പ്രാണനെ തുമ്പു കെട്ടിയിട്ടിരിക്കുന്നതു തന്നെയവരുടെ സാന്നിദ്ധ്യമാണു. മറ്റു ഭര്‍ത്താക്കന്മാരുടെ ഭാര്യമാരോടുള്ള കനിവും കരുതലും ആര്‍ദ്രതയുമൊക്കെ കാണുമ്പോഴാണ് ഇങ്ങനെയൊക്കെയും ലോകത്തില്‍ നടപ്പുണ്ടെന്ന് അത്ഭുതത്തോടെയും നഷ്ടബോധത്തോടെയും ഓര്‍ക്കുക. അപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹങ്ങളൊക്കെയെവിടെയിരിക്കുന്നുവെന്നു ചോദിക്കരുത്. അതെവിടൊക്കെയോ സംഭരിച്ച് വാര്‍ദ്ധക്ക്യത്തില്‍ എന്നെ അമ്പരപ്പിക്കാനായി വെച്ചിട്ടുണ്ടന്നോര്‍ത്തു സമാധാനിക്കുകയാണു..
മൂത്തവള്‍ പിറന്ന് 8 ആം മാസമാണു വേവലാതിയോടെയറിയുന്നത്. പുതിയൊരാള്‍ വരാന്‍ പോകുന്നുവെന്ന്!. ആവേശത്തിനു പകരം അങ്കലാപ്പ്, ആഹ്ലാദത്തിനു പകരം ആധി.
അവള്‍ പിറന്നു. വെളുത്തു തുടുത്ത്, ഓമന മുഖവും കടും നീലക്കണ്ണുകളും. താമരനൂലു പോലെ ചുവന്ന ചുണ്ടുകള്‍ വലിച്ചു തുറന്നു വാവിട്ട് കരഞ്ഞുകൊണ്ടു വന്നവള്‍, ഞങ്ങളുടെയെല്ലാം കണ്ണും കരളുമായിതീര്‍ന്നു. ഓരോ ദിനങ്ങളും സാവധാനം പിന്നിട്ടു. ഓരോ പിറന്നാളുകളും ഒച്ചകളൊന്നുമില്ലാതെ കടന്നു. മൂന്നാണ്ടുകള്‍ കൂടി കഴിഞ്ഞ് ഇളയവന്‍ കൂടി പിറന്നപ്പോള്‍ മൂത്തവള്‍ക്കും ഇളയവനും ഇടയില്‍ പെട്ടവള്‍ ഞെരുങ്ങുന്നുണ്ടോയെന്ന് നിരന്തരം സംശയിപ്പിച്ചു. നേഴ്സറിക്കാസുകള്‍ മുതല്‍ ഓരോ കടമ്പയും പതുങ്ങിപതുങ്ങിക്കയറി. മറ്റു രണ്ടുപേര്‍ കളിച്ചവശേഷിപ്പിച്ച കളിക്കോപ്പുകളെയാണയാണവള്‍ തൊടുക. മറ്റു രണ്ടുപേരുടെ അസാന്നിദ്ധ്യത്തില്‍ മാത്രമാണു അമ്മയുടെയോ അച്ഛന്റെയോ മടിയില്‍ സ്വാതന്ത്ര്യമായിരിക്കുക. .
സ്കൂള്‍ വിട്ട് മൂന്നാള്‍ക്കാരും വായ് നിറയെ വര്‍ത്തമാനങ്ങളുമായോടി വരുമ്പോള്‍ അവളുടെ കുഞ്ഞുവായ്ത്താരികള്‍ മറ്റു രണ്ടു തന്റേടികളുടെ ഒച്ചപ്പാടുകളില്‍ മുങ്ങിപോകാതിരിക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. അവരുടെ ദ്രോഹങ്ങളില്‍ പെട്ട് നിലവിളിച്ചു വരുന്ന അവളോട് 'പോയി തിരികെ അടിച്ചിട്ടു വാടീ" യെന്നു ക്രുദ്ധിച്ചു, സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. (ഓടിപ്പോയി ഒരു വിരലോ മറ്റോ കൊണ്ട് തോണ്ടി, അടിച്ചെന്നു വരുത്തി, ചിരിച്ച്, ഒരു യുദ്ധംജയിച്ചവളെ പോലെ വരാറാണു പതിവ്).
സ്കൂള്‍ മത്സരങ്ങള്‍ക്കിടയില്‍ അവള്‍ക്കു മറ്റു കുട്ടികള്‍ക്ക് വേണ്ടി തോറ്റുകൊടുക്കുകയാണെന്ന് അവളുടെ കുഞ്ഞുമൊഴികളില്‍ നിന്ന് ഞാന്‍ മനസിലാക്കിയെടുത്തു. പ്രിയപ്പെട്ട 'ഡ്രോയിഗ് വര' ഒഴിവാക്കുക, ഓട്ടത്തിനിടയില്‍ മനപൂര്‍വ്വം വേഗത കുറച്ചുമവള്‍ സ്വയം വഴിമാറുന്നതറിഞ്ഞപ്പോള്‍ മുതല്‍ ഒരമ്മയുടെ ന്യായമായ പരിഭ്രമങ്ങളില്‍ കുഴഞ്ഞു. ഇല്ലാത്തയവകാശങ്ങള്‍ വരെ പടവെട്ടി നേടിയെടുക്കുന്ന മറ്റു രണ്ടുപേരെ കണ്ടെങ്കിലും ഈ കുട്ടി പഠിക്കാത്തതെന്തേയെന്ന ആകുലതയിലും വീണുപോയി ഞാന്‍.
കുഞ്ഞു തലച്ചോറിനു മനസിലാകുന്ന ഭാഷകളില്‍, അവള്‍ക്കു വഴിമാറിക്കൊടുക്കാത്ത ഒരു സമൂഹമാണു ചുറ്റുമുള്ളതെന്നും, അതിസാമര്‍ത്ഥ്യക്കാര്‍ക്കു മാത്രം വെട്ടിപ്പിടിക്കാന്‍ നിന്നുകൊടുക്കുന്നൊരു ലോകമാണീ പരന്നു കിടക്കുന്നതെന്നും, ആരെ ചവിട്ടി തോല്‍പ്പിച്ചും ജയിക്കാന്‍ ശീലിച്ച കുറെയേറെ മനുഷ്യരുണ്ടെന്ന് കാട്ടിക്കൊടുത്തു.
സങ്കടം വന്നാല്‍ കരയാനും, സന്തോഷിക്കുമ്പോള്‍ ചിരിക്കാനും, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കാനും വരെ പഠിപ്പിച്ചു കൊടുക്കേണ്ടി വന്നു.
സാവധാനം അവളതൊക്കെ മനസിലാക്കിയെടുക്കുന്നുണ്ടായിരുന്നു.
'ഒരു കുട വാങ്ങിത്തരുമോ അമ്മേ'
'കാലിന്റെ ചെറു വിരല്‍ വേദനിക്കുന്നൂ അച്ഛാ, ഷൂസ് ചെറുതായി." എന്നൊക്കെ വല്ലപ്പോഴും പതുങ്ങി നിന്നു ആവശ്യങ്ങള്‍ വിമുഖതയോടെയെങ്കിലും അറിയിക്കുന്നതിനൊരുമ്പെട്ടു തുടങ്ങി.
എങ്കിലും പഠനമെന്ന മൂന്നക്ഷരം ചെകുത്താന്‍ കണ്ട കുരിശിനെപ്പോലെയായി അവള്‍ക്കു. പുസ്തകമെടുക്കൂവെന്നു വാക്കുകളവളില്‍ ഈര്‍ഷ്യയുടെ കടല്‍ സൃഷ്ടിച്ചു. മുടി മുന്നിലേക്കു വലിച്ചിട്ട് മുഖം പുസ്തകത്തിലേക്ക് പൂഴ്ത്തി റ്റീച്ചറിനു വേണ്ടിയവള്‍ ഹോംവര്‍ക്കുകള്‍ എഴുതി തീര്‍ത്തു. മുതിരുന്തോറും ഇഷ്ടാനിഷ്ടങ്ങളുടെ രുചിഭേദങ്ങള് വെളിപ്പെട്ടു കൊണ്ടിരുന്നു.
ZEE T.V-യിലെ സീരിയല്‍ കഥകളെവിടെയെത്തിനില്‍ക്കുന്നു? M.TV. യിലെ ഓരോ ദിവസത്തെയും പാട്ടുകള്‍ ഏതൊക്കെ? Fashion Channel- ല്‍ എന്തൊക്കെയാണു പുതിയ ട്രെന്റ് ? സൌന്ദര്യ പരിരക്ഷ എങ്ങനെ ചെയ്യാം? ഇതൊക്കെ ചോദിക്കൂ; വാസനത്തൈലങ്ങളെക്കുറിച്ച് ചോദിക്കൂ ; വ്യക്തമായ നിരീക്ഷണങ്ങളുണ്ട്. അവള്‍ കൃത്യമായി ഉത്തരം പറയും. (വിവിധതരം സുഗന്ധ ലേപനങ്ങളില്‍ മുങ്ങി എപ്പോഴും സൌരഭ്യം വിതറി നടക്കുന്ന അവള്‍ക്ക് കസ്തൂരിമാന്‍ എന്ന വിളിപ്പേരും ഉണ്ട്). ഏതുനേരവും ചിറകുകള്‍ കൊത്തിമിനുക്കിയിരിക്കുന്ന പ്രാവിനെയോ, എത്ര തുടച്ചാലും മതിവരാതെ മുഖം വൃത്തിയാക്കുന്ന് പൂച്ചക്കുഞ്ഞിനേയോ ഓര്‍മ്മിപ്പിക്കുന്ന പ്രകൃതം.
പോകെപോകെ, ലോകത്തിന്റെ മുഴുവന്‍ ശാന്തതയും അവളിലേക്ക് കയറിയിരുന്നു.
അച്ഛനുള്ള കാപ്പിക്ക് എത്ര കടുപ്പമാണു വേണ്ടതെന്ന് ലവലേശം തെറ്റാതെ അവള്‍ക്കറിയാം. ചേട്ടത്തിയുടെ കാടു കയറിയ മുടിയില്‍ എണ്ണ തേച്ച് അസലായി ചീകികെട്ടിക്കൊടുക്കാനറിയാം. രാവു പകലാക്കി തൊണ്ടയിലെ വെള്ളം വറ്റിച്ചു പഠിക്കുന്ന ചേട്ടത്തിക്ക് കാപ്പിയിട്ടു കൊടുത്തും, ഏകാന്തതയകറ്റിയും രാവെളുക്കുവോളം കൂട്ടിരിക്കും.(അവള്‍ക്കും പത്താം ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ നടക്കുകയാണെങ്കിലും പാഠപുസ്തകത്തിനു പകരം young times- ഉം archie comics- ഉം വായിച്ചു നേരം കൊല്ലും).
അനിയന്‍ കരയുമ്പോള്‍ നെഞ്ചോടു ചേര്‍ത്ത് പോട്ടെ പോട്ടെ-ന്നു ആശ്വസിപ്പിച്ച് കണ്ണീര്‍ തുടക്കാനറിയാം. 'എന്റെ കൈ വന്നില്ലെങ്കില്‍ ഒന്നും ശരിയാവില്ല'ന്ന് പറഞ്ഞ് അമ്മയുടെ വരണ്ടിരിക്കുന്ന കൈകാലുകളില്‍ ക്രീം -ഇട്ടു മിനുക്കാനറിയാം. മൈഗ്രേന്‍ വന്ന് തലപിളര്‍ന്ന് കിടക്കുമ്പോള്‍ ഇരുട്ടിലൂടെ നീണ്ടുവന്ന് നെറ്റിയിലമരുന്ന വെണ്ണയുടെ മാര്‍ദ്ദവമുള്ള വിരലുകളാരുടെയെന്നറിയാന്‍ കണ്ണു തുറക്കേണ്ട കാര്യമില്ല. കുടല്‍ വെളിയില്‍ വരും രീതിയില്‍ ശര്‍ദ്ദിക്കുമ്പോള്‍ പുറം തിരുമ്മുന്ന കനം കുറഞ്ഞ കൈകളാരുടെതന്നറിയാന്‍ തിരിഞ്ഞു നോക്കേണ്ടതില്ല. അതവളാണു. അവള്‍ക്കു മാത്രമേ അങ്ങനെയൊരു ഹൃദയമുള്ളൂ. പക്ഷേ പറഞ്ഞിട്ടെന്ത്? പത്തു ജയിക്കാത്തവള്‍ക്ക് ഈ കാലത്ത് എന്തു വിലയാണുള്ളത്? എന്തു ജോലിയാണു കിട്ടുക? കെട്ടാന്‍ ആരാണു വരിക?
ഫലപ്രഖ്യാപന ദിനമടുക്കുംതോറും, സമുദ്രജലം പോലെ പെരുകിയ എന്റെയാധിയെ പങ്കുവെച്ചത് സുഹൃത്ത് വിത്സനോടു മാത്രമാണു. വല്ലവിധേനെയും നേരത്തെയെങ്ങാന്‍ ഫലമെത്തിയാല്‍ അറിയിക്കാമെന്നും, പ്രാര്‍ത്ഥിക്കാമെന്നും സമാധാനിപ്പിച്ചു.
അനന്തരവനെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
* * * * * *
രാവു വളരുന്നേയില്ല. ആലോചനകള്‍ കാടും പടര്‍പ്പും കയറിയലഞ്ഞു തളര്‍ന്നു.
ഫോണ്‍ തലയ്ക്കല്‍ തന്നെയുണ്ടോയെന്ന് വീണ്ടും വീണ്ടും പരിശോധിച്ചു.
കണ്ണുകള്‍ ക്ലോക്കിലും, ഫോണിലും അവളിലുമായി കറങ്ങി നടന്നു.
3, 4, 5, സമയത്തിന്റെ കയ്യും കാലും ആരാണു കെട്ടിയിട്ടിരിക്കുന്നത്?
ആറു മണി കഴിഞ്ഞ് കുറെ മിനിറ്റുകളും പിന്നിട്ടു.
സര്‍വ്വ ഉത്കണ്ഠകള്‍ക്കുമറുതി വരുത്തിക്കൊണ്ട് ഫോണ്‍ അടിക്കുകയാണു.
എനിക്കൊപ്പം അവളും ചാടിയെണീറ്റു.
"അമ്മായീ, മാര്‍ക്കുകള്‍ കുറവാണു, എഴുതിയെടുത്തോളൂ." ഖത്തറില്‍ നിന്നു അനന്തരവനാണു.
" ഫ്രെഞ്ചിനു എത്രയുണ്ട്? " അതെ; അതാണറിയേണ്ടത്.
" 37 " ആശ്വാസത്തിന്റെ കൊടുംകാറ്റായിരുന്നാ വാക്കുകള്‍.
മാര്‍ക്കുകള്‍ എഴുതിയെടുത്തു കൂട്ടി, % കണക്കാക്കുമ്പോള്‍ കൈ കുഴഞ്ഞു.
കാല്‍ക്കുലേറ്ററില്‍ അതു തെളിഞ്ഞു. 60.4%.
ഈശ്വരാ !! എങ്ങനെയാണു നിനക്കു നന്ദി പറയേണ്ടത്? അതറിയാതെ ഹൃദയം കുഴങ്ങി.
പിന്നെയവളുടെ മുഖത്തേക്കു നോക്കി. പെട്ടന്നവള്‍ രണ്ടു കൈകളും കൊണ്ടു തരിമ്പും കാണാത്തവണ്ണം മുഖം പൊത്തി. എന്താണു? കരയുന്നുവോ? അതോ ചിരിക്കുന്നുവോ? അതുമല്ലങ്കില്‍ സ്വപ്നമെന്നു കരുതുന്നുവോ? മുഖം മറച്ചിരുന്ന കൈകള്‍ മെല്ലെ നീക്കി. അപ്പോള്‍, അന്നു വരെ കണ്ടിട്ടില്ലാത്ത, അത്രമേല്‍ ശോഭയേറിയ പൂര്‍ണ്ണചന്ദ്രോദയത്തില്‍ ഉണരുകയായിരുന്നു ആ മുഖം.
നന്ദിതയ്ക്ക്...
നന്ദിതയ്ക്ക്...
മരണത്തോളം സത്യമായിരുന്ന പ്രണയത്തിനും,
ജീവിതത്തോളം സത്യമായിരുന്ന കവിതയ്ക്കും
6-7 കൊല്ലങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ വന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഡയറി ത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ട്, മഴവില്ലു പോലെ ജീവിതം അല്‍പ്പനേരം പ്രസരിപ്പിച്ച്, പിന്നീടു മാഞ്ഞു പോയ നന്ദിതയെ ക്കുറിച്ചുള്ള ആ കുറിപ്പ്, സശ്രദ്ധം വായിച്ച്, ആ പത്രത്താള്‍, നിധി പോലെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അപൂര്‍വ്വം പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കിടന്നിരുന്നു, കാലങ്ങളോളം. ഒരു കവിതയെങ്കിലും എഴുതുകയോ, നേരമ്പോക്കിനെങ്കിലും ഒരു കവിത വായിക്കുകയോ ചെയ്യാതിരുന്ന ആ കാലത്തു എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ച തെന്താണെന്നു ള്ളതിനു ഉത്തരമില്ല. അല്ലങ്കില്‍ ത്തന്നെ ഉത്തര മില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണു ജീവിതം. ചിലരോട ങ്ങനെയാണു; വെറുതെ തോന്നുന്ന ആകര്‍ഷണം. ചിലര്‍ എഴുത്തു കൊണ്ടു പ്രലോഭിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ജീവിതം കൊണ്ടും, മരണം കൊണ്ടുമാണു ആകര്‍ഷിക്കപ്പെടുന്നത്.
ആരായിരുന്നു നന്ദിത? 1999-ല്‍, 28-)o വയസ്സില്‍, മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, ജീവന്റെ തിരി സ്വയം ഊതി ക്കെടുത്തി മരണത്തിന്റെ തണുത്ത താഴ്വരയിലേക്ക് നടന്നു പോകാന്‍ കാരണമെന്തായിരുന്നു? പലരും പലതും പറയുന്നു. രാവ് മൂര്‍ഛിച്ച നേരത്ത് വന്ന ഒരു ഫോണ്‍ കാള്‍. ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് എടുത്തു ചാടാന്‍, അത്ര മാത്രം ഉത്ക്കടമായി അവരെ തകര്‍ത്തു കളഞ്ഞ എന്തു സന്ദേശമായിരുന്നു ആ ഫോണ്‍ കാളില്‍ ഉണ്ടായിരുന്നത്? അതോ അങ്ങനെ ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവോ? എല്ലാം ഇപ്പോഴും മൂടല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദുരൂഹതകള്‍.
സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല. പക്ഷേ കവിതയിലെ വരികള്‍ മൌന സഞ്ചാരം നടത്തുന്ന വഴികളില്‍ വ്യാപിച്ചു കിടക്കുന്ന പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണ ചിന്ത അങ്ങനെ പലതു മുണ്ടെങ്കിലും, നെടുകയും കുറുകയും പായുന്നത് പ്രണയം മാത്രമാണന്നതു വലിയ സൂക്ഷ്മ പരിശോധന യൊന്നുമില്ലാതെ തന്നെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ട്.
പ്രണയ മിവിടെ രംഗ പ്രവേശനം ചെയ്യുകയാണ്.
ലോക മഹാത്ഭുതങ്ങളില്‍ പ്രമുഖമായ താജ് മഹല്‍-ന്റെ നാട്ടില്‍ പിറന്ന ഓരോ ഭാരതീയന്റെ ഉള്ളിലും പ്രണയത്തിന്റെ വെണ്ണ ക്കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതില്‍ ആരെയാണു പഴി പറയാന്‍ കഴിയുക?
കൃഷ്ണന്‍ - ഭാരതീയ സ്ത്രീകളൂടെ ഉള്ളിലേക്ക് ദൈവികതയില്‍ കവിഞ്ഞ്, പ്രണയ - ശൃംഗാര ഭാവങ്ങളെയാണു സന്നിവേശിപ്പിക്കുന്നത്. ഒരു ശരാശരി ഭാരതീയന്‍, ബാഹ്യമായെങ്കിലും അനുഷ്ടിക്കാ നാഗ്രഹിക്കുന്ന ഒന്നാണു ഏക പത്നീ സമ്പ്രദായം. അക്കാര്യത്തില്‍ അഗ്ര ഗണ്യനായ രാമനെ ഒന്നോര്‍ക്കാന്‍ പോലും ശ്രമിക്കാതെ, ശോകത്തിലും, ആഹ്ലാദത്തിലും, അമ്പരപ്പിലും എന്റെ കൃഷ്ണാ-യെന്നു വിളിച്ചു സായൂജ്യമടയുന്ന ഭാരത സ്ത്രീകള്‍. ഭര്‍ത്താവിനോ കാമുകനോ പക്ഷേ ഗോപാലകന്റെ അനുയായികളാകുന്നത് സങ്കല്‍പ്പത്തി നപ്പുറമാണു. ഈ വിരോധാ ഭാസത്തെ എന്തു വിളിക്കണം?
പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ട എഴുത്തുകാരുടെ ഉദ്ധരണികളി ങ്ങനൊക്കെയാണു.
"ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ല" ന്ന് മാധവിക്കുട്ടി.
"പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയി ലവസാനിക്കുന്നുവെന്ന്" മാര്‍ക്കേസ്.
"എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്" എന്നു വി.ജി. തമ്പി.
അവളോടുള്ള പ്രണയം നാള്‍ക്കു നാള്‍ കൂടി വിഷാദ രോഗത്തേയും വെല്ലുന്ന മനോവ്യഥ യുണ്ടാക്കിയെന്ന്, ലോഹിതദാസ് 'വിഷാദ കാലത്തിന്റെ ഓര്‍മ്മ ക്കുറിപ്പില്‍"
"സര്‍പ്പ ശയ്യക്കു മീതെ വിഷ ദംശ മേല്‍ക്കാതെയുള്ള സ്വപ്നം കാണലാണു പ്രണയ'മെന്ന് ജീവനൊടുക്കിയ ഷെല്‍വി.
"പ്രണയം ഭംഗിയുള്ള നുണയാണെന്ന്" ഷിഹാബുദ്ദിന്‍ പൊയ്തുംകടവ്
'വസന്തം ചെറി മരങ്ങളോടു ചെയ്യുന്നത് എനിക്കു നിന്നോടു ചെയ്യണമെന്ന്' നെരൂദ പാബ്ലോ.
കുഴൂര്‍ വില്‍സന്റെ: "ഞാനാദ്യം മരിച്ചാല്‍ നിന്നെയാരു നോക്കു മെന്നല്ലായിരുന്നു, ആരെല്ലാം നോക്കു മെന്നായിരുന്നു" എന്ന വരികളില്‍ പ്രണയത്തെ നാം എക്സ്ട്രീം ലെവലില്‍ കണ്ടെത്തുന്ന... പൊസ്സെസ്സിവെനെസ്സ്.
സ്വപ്നം കാണലാണെന്ന്,
ഉരുക്കമാണെന്ന്,
ഏകാന്തതയാണന്ന്,
കിടക്ക വരെയെ ത്തുമ്പോള്‍ അവസാനിക്കുമെന്ന്,
സൌന്ദര്യമുള്ള നുണയാണെന്ന്
ആത്മാവിന് മേലും, ശരീരത്തിന്മേ ലുമുള്ള പെയ്ത ടങ്ങലാണെന്ന്.
സര്‍ഗ്ഗാത്മക വ്യാപാരത്തി ലേര്‍പ്പെടുന്ന ഒട്ടു മിക്ക എഴുത്തുകാരും വിഷാദം പൂക്കുന്ന വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണു. മലയാള സാഹിത്യത്തിന്റെ കനക സിംഹാസന ത്തിലിരിക്കുന്ന, നാം ഹൃദയ പൂര്‍വ്വം അംഗീകരിക്കുന്ന, വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍, കവി അയ്യപ്പന്‍, കെ.പി. രാമനുണ്ണി, കമലാദാസ്, സുഭാഷ് ചന്ദ്രന്‍, സിനിമാ സംവിധായകന്‍ ലോഹിത ദാസ് തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന അനിശ്ചിതത്വത്തിന്റെ ഇരുളുകളില്‍ മരണത്തെ കണക്കറ്റു കാമിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്.
അക്ഷരങ്ങള്‍ക്കു ജീവനുണ്ടെ ന്നുള്ളതു സത്യമാണു. അല്ലെങ്കില്‍ പിന്നെങ്ങനെയാണു, ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തിലേക്ക് വരരുതു എന്നു നിശ്ചയി ച്ചുറപ്പിച്ചതു പോലെയുള്ള തലക്കെട്ടു പോലുമില്ലാതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ചിറകുകള്‍ മുളപ്പിച്ചു പുറത്തേക്കു പറന്നു വന്നത്?
സ്വാതന്ത്ര്യ മില്ലായ്മയുടെ നീലക്കയ ങ്ങളിലവര്‍ പിടഞ്ഞിരുന്നുവോ എന്ന് ശങ്കിപ്പിക്കുന്ന വരികളിങ്ങനെ:-
"ഛിടിയ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ
സ്വര്‍ണ്ണ ച്ചിറകുള്ള പക്ഷീ
ഒരിക്കല്‍ പോലും നീ
മിന്റെ പൊന്തൂവലുകള്‍ വിടര്‍ത്തിയില്ല
മഴ മേഘങ്ങള്‍ കണ്ട്
പീലി വിരിച്ചാടുന്ന മയിലുകള്‍ ക്കൊപ്പം ഉണര്‍ന്നില്ല
ഗുല്‍ മോഹര്‍ പൂത്ത വേനലില്‍
മൊഴിയറ്റ സ്വരങ്ങള്‍ ചീന്തിയെടുത്ത്
സാധകം ചെയ്തില്ല
ഇരുമ്പില്‍ തീര്‍ത്ത
നിന്റെ കൂടിന്റെ അഴികള്‍
ഞാനിന്നലെ സ്വപ്നം കണ്ടു.
സ്ത്രീ എഴുതുമ്പോള്‍, -കലാപരമായ പ്രവൃത്തിയി ലേര്‍പ്പെടുന്ന ഏതു സ്ത്രീയും - ഒരു പുരുഷന്റെ തിനെക്കാള്‍ അന്‍പതു മടങ്ങെങ്കിലും സ്റ്റ്രയിന്‍ എടുക്കേ ണ്ടതായി വരുന്നുണ്ട്. സാധാരണ ക്കാരിയായ ഒരു സ്ത്രീ / കുടുംബിനി, വീട്, മക്കള്‍, ഉദ്യോഗം, ഭര്‍ത്താവ്, തുടങ്ങി ജീവിതമെന്ന മഹാ സമുദ്രത്തിന്റെ കരയിലേക്കു കയറിയിരുന്നാണു അവളുടെ സര്‍ഗ്ഗ ജീവിതത്തെ പരിപോഷിപ്പികുനത്. അവളുടെ ഉത്ക്കടമായ ഉദ്യമത്തിന്റെ വിജയമാണു എഴുത്ത്. യാതനകള്‍ നേരിട്ട് എഴുതുമ്പോഴും നേരിടുന്ന വിഷയ പരിമിതി കളവളെ ഭയപ്പെടു ത്തുന്നുണ്ട്. (അപൂര്‍വ്വം സ്ത്രീകളെയൊഴികെ). പ്രണയം, ലൈംഗികത ഇമ്മാതിരി വിഷയങ്ങള്‍, 21-ആം നൂറ്റാണ്ടിന്റെ നട്ടുച്ച യിലെത്തിയിട്ടും സ്ത്രീകള്‍ക്കു അപ്രാപ്യമായ മേഖല പോലെ ഗര്‍വ്വിച്ചു നില്‍ക്കുകയാണു.
സ്വാതന്ത്യ മില്ലാമയ്മെ ക്കുറിച്ചുള്ള പറച്ചില്‍ വെറുതെയല്ല. ജീവനോടെ യിരിക്കുമ്പോള്‍ നന്ദിതയുടെ ഒറ്റ കവിത പോലും വെളിച്ചം കാണിക്കാ നാവാതെ, മരണ ശേഷം മാത്രം കവിതയെന്ന ഭാവേന പുറത്ത് വന്ന അവരുടെ ചിന്തകള്‍, രോഷങ്ങള്‍, ഭ്രാന്ത്. സ്വാതന്ത്ര്യ മില്ലാമയുടെ ഏതൊക്കെയോ ഇരുണ്ട തുരങ്കങ്ങ ളിലൂടെ യാണവളും അവളുടെ കവിതകളൂം കടന്നു പോയതെ ന്നതിന്റെ വെളിപ്പെടുത്തലുകളാണു.
നന്ദിതയുടെ പേരിനോടു ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്. നിരവധി ഘട്ടങ്ങളില്‍ വിഷാദ രോഗത്തില്‍ നിന്നും മരണത്തിന്റെ കൈവഴി കളിലേക്കു വീണു, തെന്നി മാറി, ജീവിതം മടക്കി ക്കൊണ്ടു വന്നിട്ടും., പാചക വാതകം അഴിച്ചു വിട്ടു ഓവനിലേക്ക് മുഖം കയറ്റി വെച്ച് മരണത്തെ ആശ്ലേഷിച്ച, അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയാ പ്ലാത്ത്.
മരണമെന്നത് ശ്വാശ്വതമായ നിയമാണു. നിത്യമായ സത്യമാണു.
അതു കൊണ്ടാവാം 'മരണം പോലെ കഠിനമാണു പ്രണയമെന്ന്" സോളമന്‍ രചിച്ചിരിക്കുന്നത്.
പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച് ജീവിക്കാം നമ്മുക്ക്, എന്നതിനേക്കാള്‍... ഒരുമിച്ച് മരിക്കാം എന്നു പറഞ്ഞും പ്രവര്‍ത്തിച്ചും സായൂജ്യ മടയുന്ന രീതിയാണു പറയുന്ന തായാണു കണ്ടു വരുന്നതി നെന്നുള്ളതിനു ഊന്നല്‍ കൊടുത്ത് ഇടപ്പള്ളിയുടെ വരികളിങ്ങനെ:-
'സഹതപിക്കാത്ത ലോകമേ -
എന്തിനും സഹകരിക്കുന്ന ശാരദാകാശമേ !!!'
ഇടപ്പള്ളിയുടെ വരികളിവിടെ ഉദ്ധരിക്കുന്നത് യാദൃശ്ചികമല്ല. മനപൂര്‍വ്വമാണു.
പ്രണയ തിരസ്കാരം മരണത്തിലേക്കു വഴി നടത്തിയ ഇടപ്പള്ളിയുടെ വരികളോട് ചേര്‍ത്ത് വെച്ച് വായിക്കാന്‍, കവികള്‍ പ്രവചനാ ത്മാക്കളാ ണെന്നോര്‍മ്മിപ്പിച്ച്, മരണത്തോടുള്ള ആസക്തിയില്‍ നന്ദിതയെഴുതിയ തലക്കെട്ടില്ലാത്ത മറ്റൊരു കവിതയിങ്ങനെ !!
"കാറ്റ് ആഞ്ഞടിക്കുന്നു
കെട്ടു പോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു..
ഭ്രാന്തമായി."
കവിതകളുടെ പേരില്‍ നന്ദിത എന്നും ഓര്‍മ്മിക്കപ്പെടും,
വരുന്ന തലമുറകളാലും ആദരിക്കപ്പെടാന്‍ പാകത്തിനു എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ആളി പ്പടരുന്നുണ്ട്.
ആത്മാഹൂതി യെക്കുറിച്ചോ ര്‍ക്കുമ്പോള്‍, ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്‍ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത് കണ്ട് പ്രജ്ഞ കെട്ടു പോയത്, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക് ഇനി ജീവന്‍ തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്. മോഹഭംഗ ങ്ങളെയെല്ലാം കൈപ്പിടി ചാരമാക്കി, ഒരു കുടത്തിനുള്ളില്‍ പാപനാശിനി യിലേക്ക്, എല്ലാം ജയിച്ചുവെന്ന മട്ടില്‍ തുള്ളി മറിഞ്ഞു പോകുന്നതു കണ്ടു സ്വയം നഷ്ടപ്പെട്ടു പോയത്. ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.
ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,
മുറിവുകളുടെ രണഭൂമികകളാണു.
മരണം - അതുമാത്രമാണു നിത്യമായ സത്യം.
മരണത്തോളം സത്യമായിരുന്ന പ്രണയത്തിനും,
ജീവിതത്തോളം സത്യമായിരുന്ന കവിതയ്ക്കും
6-7 കൊല്ലങ്ങള്‍ക്കു മുന്‍പ് പത്രത്തില്‍ വന്ന മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഡയറി ത്താളുകളില്‍ കവിതകള്‍ കുറിച്ചിട്ട്, മഴവില്ലു പോലെ ജീവിതം അല്‍പ്പനേരം പ്രസരിപ്പിച്ച്, പിന്നീടു മാഞ്ഞു പോയ നന്ദിതയെ ക്കുറിച്ചുള്ള ആ കുറിപ്പ്, സശ്രദ്ധം വായിച്ച്, ആ പത്രത്താള്‍, നിധി പോലെ സൂക്ഷിക്കുന്ന പ്രിയപ്പെട്ട അപൂര്‍വ്വം പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചു കിടന്നിരുന്നു, കാലങ്ങളോളം. ഒരു കവിതയെങ്കിലും എഴുതുകയോ, നേരമ്പോക്കിനെങ്കിലും ഒരു കവിത വായിക്കുകയോ ചെയ്യാതിരുന്ന ആ കാലത്തു എന്നെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ച തെന്താണെന്നു ള്ളതിനു ഉത്തരമില്ല. അല്ലങ്കില്‍ ത്തന്നെ ഉത്തര മില്ലായ്മയുടെ അനവധി ചോദ്യങ്ങള്‍ തന്നെയാണു ജീവിതം. ചിലരോട ങ്ങനെയാണു; വെറുതെ തോന്നുന്ന ആകര്‍ഷണം. ചിലര്‍ എഴുത്തു കൊണ്ടു പ്രലോഭിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ ജീവിതം കൊണ്ടും, മരണം കൊണ്ടുമാണു ആകര്‍ഷിക്കപ്പെടുന്നത്.
ആരായിരുന്നു നന്ദിത? 1999-ല്‍, 28-)o വയസ്സില്‍, മകര മാസത്തിലെ ഒരു തണുത്ത പാതിരാവില്‍, ജീവന്റെ തിരി സ്വയം ഊതി ക്കെടുത്തി മരണത്തിന്റെ തണുത്ത താഴ്വരയിലേക്ക് നടന്നു പോകാന്‍ കാരണമെന്തായിരുന്നു? പലരും പലതും പറയുന്നു. രാവ് മൂര്‍ഛിച്ച നേരത്ത് വന്ന ഒരു ഫോണ്‍ കാള്‍. ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് എടുത്തു ചാടാന്‍, അത്ര മാത്രം ഉത്ക്കടമായി അവരെ തകര്‍ത്തു കളഞ്ഞ എന്തു സന്ദേശമായിരുന്നു ആ ഫോണ്‍ കാളില്‍ ഉണ്ടായിരുന്നത്? അതോ അങ്ങനെ ഒരു ഫോണ്‍ കാള്‍ വന്നിരുന്നുവോ? എല്ലാം ഇപ്പോഴും മൂടല്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദുരൂഹതകള്‍.
സത്യസന്ധമായി പറഞ്ഞാല്‍ നന്ദിതയുടെ ഒരു കവിത പോലും അത്യാകര്‍ഷകം എന്നു തോന്നിപ്പിക്കുന്നില്ല. പക്ഷേ കവിതയിലെ വരികള്‍ മൌന സഞ്ചാരം നടത്തുന്ന വഴികളില്‍ വ്യാപിച്ചു കിടക്കുന്ന പ്രണയം, വിലാപം, നൈരാശ്യം, സങ്കടം, മരണ ചിന്ത അങ്ങനെ പലതു മുണ്ടെങ്കിലും, നെടുകയും കുറുകയും പായുന്നത് പ്രണയം മാത്രമാണന്നതു വലിയ സൂക്ഷ്മ പരിശോധന യൊന്നുമില്ലാതെ തന്നെ കണ്ടെത്തുവാന്‍ കഴിയുന്നുണ്ട്.
പ്രണയ മിവിടെ രംഗ പ്രവേശനം ചെയ്യുകയാണ്.
ലോക മഹാത്ഭുതങ്ങളില്‍ പ്രമുഖമായ താജ് മഹല്‍-ന്റെ നാട്ടില്‍ പിറന്ന ഓരോ ഭാരതീയന്റെ ഉള്ളിലും പ്രണയത്തിന്റെ വെണ്ണ ക്കല്ലുകള്‍ അടുക്കി വെച്ചിരിക്കുന്നതില്‍ ആരെയാണു പഴി പറയാന്‍ കഴിയുക?
കൃഷ്ണന്‍ - ഭാരതീയ സ്ത്രീകളൂടെ ഉള്ളിലേക്ക് ദൈവികതയില്‍ കവിഞ്ഞ്, പ്രണയ - ശൃംഗാര ഭാവങ്ങളെയാണു സന്നിവേശിപ്പിക്കുന്നത്. ഒരു ശരാശരി ഭാരതീയന്‍, ബാഹ്യമായെങ്കിലും അനുഷ്ടിക്കാ നാഗ്രഹിക്കുന്ന ഒന്നാണു ഏക പത്നീ സമ്പ്രദായം. അക്കാര്യത്തില്‍ അഗ്ര ഗണ്യനായ രാമനെ ഒന്നോര്‍ക്കാന്‍ പോലും ശ്രമിക്കാതെ, ശോകത്തിലും, ആഹ്ലാദത്തിലും, അമ്പരപ്പിലും എന്റെ കൃഷ്ണാ-യെന്നു വിളിച്ചു സായൂജ്യമടയുന്ന ഭാരത സ്ത്രീകള്‍. ഭര്‍ത്താവിനോ കാമുകനോ പക്ഷേ ഗോപാലകന്റെ അനുയായികളാകുന്നത് സങ്കല്‍പ്പത്തി നപ്പുറമാണു. ഈ വിരോധാ ഭാസത്തെ എന്തു വിളിക്കണം?
പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ട എഴുത്തുകാരുടെ ഉദ്ധരണികളി ങ്ങനൊക്കെയാണു.
"ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ല" ന്ന് മാധവിക്കുട്ടി.
"പ്രണയത്തിന്റെ ഉത്‌കണ്ഠ കിടക്കയി ലവസാനിക്കുന്നുവെന്ന്" മാര്‍ക്കേസ്.
"എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്" എന്നു വി.ജി. തമ്പി.
അവളോടുള്ള പ്രണയം നാള്‍ക്കു നാള്‍ കൂടി വിഷാദ രോഗത്തേയും വെല്ലുന്ന മനോവ്യഥ യുണ്ടാക്കിയെന്ന്, ലോഹിതദാസ് 'വിഷാദ കാലത്തിന്റെ ഓര്‍മ്മ ക്കുറിപ്പില്‍"
"സര്‍പ്പ ശയ്യക്കു മീതെ വിഷ ദംശ മേല്‍ക്കാതെയുള്ള സ്വപ്നം കാണലാണു പ്രണയ'മെന്ന് ജീവനൊടുക്കിയ ഷെല്‍വി.
"പ്രണയം ഭംഗിയുള്ള നുണയാണെന്ന്" ഷിഹാബുദ്ദിന്‍ പൊയ്തുംകടവ്
'വസന്തം ചെറി മരങ്ങളോടു ചെയ്യുന്നത് എനിക്കു നിന്നോടു ചെയ്യണമെന്ന്' നെരൂദ പാബ്ലോ.
കുഴൂര്‍ വില്‍സന്റെ: "ഞാനാദ്യം മരിച്ചാല്‍ നിന്നെയാരു നോക്കു മെന്നല്ലായിരുന്നു, ആരെല്ലാം നോക്കു മെന്നായിരുന്നു" എന്ന വരികളില്‍ പ്രണയത്തെ നാം എക്സ്ട്രീം ലെവലില്‍ കണ്ടെത്തുന്ന... പൊസ്സെസ്സിവെനെസ്സ്.
സ്വപ്നം കാണലാണെന്ന്,
ഉരുക്കമാണെന്ന്,
ഏകാന്തതയാണന്ന്,
കിടക്ക വരെയെ ത്തുമ്പോള്‍ അവസാനിക്കുമെന്ന്,
സൌന്ദര്യമുള്ള നുണയാണെന്ന്
ആത്മാവിന് മേലും, ശരീരത്തിന്മേ ലുമുള്ള പെയ്ത ടങ്ങലാണെന്ന്.
സര്‍ഗ്ഗാത്മക വ്യാപാരത്തി ലേര്‍പ്പെടുന്ന ഒട്ടു മിക്ക എഴുത്തുകാരും വിഷാദം പൂക്കുന്ന വഴികളിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണു. മലയാള സാഹിത്യത്തിന്റെ കനക സിംഹാസന ത്തിലിരിക്കുന്ന, നാം ഹൃദയ പൂര്‍വ്വം അംഗീകരിക്കുന്ന, വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍, കവി അയ്യപ്പന്‍, കെ.പി. രാമനുണ്ണി, കമലാദാസ്, സുഭാഷ് ചന്ദ്രന്‍, സിനിമാ സംവിധായകന്‍ ലോഹിത ദാസ് തുടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന അനിശ്ചിതത്വത്തിന്റെ ഇരുളുകളില്‍ മരണത്തെ കണക്കറ്റു കാമിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്.
അക്ഷരങ്ങള്‍ക്കു ജീവനുണ്ടെ ന്നുള്ളതു സത്യമാണു. അല്ലെങ്കില്‍ പിന്നെങ്ങനെയാണു, ഒരിക്കല്‍ പോലും പകല്‍ വെളിച്ചത്തിലേക്ക് വരരുതു എന്നു നിശ്ചയി ച്ചുറപ്പിച്ചതു പോലെയുള്ള തലക്കെട്ടു പോലുമില്ലാതെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ചിറകുകള്‍ മുളപ്പിച്ചു പുറത്തേക്കു പറന്നു വന്നത്?
സ്വാതന്ത്ര്യ മില്ലായ്മയുടെ നീലക്കയ ങ്ങളിലവര്‍ പിടഞ്ഞിരുന്നുവോ എന്ന് ശങ്കിപ്പിക്കുന്ന വരികളിങ്ങനെ:-
"ഛിടിയ ഗര്‍'ലെ ഇരുണ്ട കൂട്ടിലെ
സ്വര്‍ണ്ണ ച്ചിറകുള്ള പക്ഷീ
ഒരിക്കല്‍ പോലും നീ
മിന്റെ പൊന്തൂവലുകള്‍ വിടര്‍ത്തിയില്ല
മഴ മേഘങ്ങള്‍ കണ്ട്
പീലി വിരിച്ചാടുന്ന മയിലുകള്‍ ക്കൊപ്പം ഉണര്‍ന്നില്ല
ഗുല്‍ മോഹര്‍ പൂത്ത വേനലില്‍
മൊഴിയറ്റ സ്വരങ്ങള്‍ ചീന്തിയെടുത്ത്
സാധകം ചെയ്തില്ല
ഇരുമ്പില്‍ തീര്‍ത്ത
നിന്റെ കൂടിന്റെ അഴികള്‍
ഞാനിന്നലെ സ്വപ്നം കണ്ടു.
സ്ത്രീ എഴുതുമ്പോള്‍, -കലാപരമായ പ്രവൃത്തിയി ലേര്‍പ്പെടുന്ന ഏതു സ്ത്രീയും - ഒരു പുരുഷന്റെ തിനെക്കാള്‍ അന്‍പതു മടങ്ങെങ്കിലും സ്റ്റ്രയിന്‍ എടുക്കേ ണ്ടതായി വരുന്നുണ്ട്. സാധാരണ ക്കാരിയായ ഒരു സ്ത്രീ / കുടുംബിനി, വീട്, മക്കള്‍, ഉദ്യോഗം, ഭര്‍ത്താവ്, തുടങ്ങി ജീവിതമെന്ന മഹാ സമുദ്രത്തിന്റെ കരയിലേക്കു കയറിയിരുന്നാണു അവളുടെ സര്‍ഗ്ഗ ജീവിതത്തെ പരിപോഷിപ്പികുനത്. അവളുടെ ഉത്ക്കടമായ ഉദ്യമത്തിന്റെ വിജയമാണു എഴുത്ത്. യാതനകള്‍ നേരിട്ട് എഴുതുമ്പോഴും നേരിടുന്ന വിഷയ പരിമിതി കളവളെ ഭയപ്പെടു ത്തുന്നുണ്ട്. (അപൂര്‍വ്വം സ്ത്രീകളെയൊഴികെ). പ്രണയം, ലൈംഗികത ഇമ്മാതിരി വിഷയങ്ങള്‍, 21-ആം നൂറ്റാണ്ടിന്റെ നട്ടുച്ച യിലെത്തിയിട്ടും സ്ത്രീകള്‍ക്കു അപ്രാപ്യമായ മേഖല പോലെ ഗര്‍വ്വിച്ചു നില്‍ക്കുകയാണു.
സ്വാതന്ത്യ മില്ലാമയ്മെ ക്കുറിച്ചുള്ള പറച്ചില്‍ വെറുതെയല്ല. ജീവനോടെ യിരിക്കുമ്പോള്‍ നന്ദിതയുടെ ഒറ്റ കവിത പോലും വെളിച്ചം കാണിക്കാ നാവാതെ, മരണ ശേഷം മാത്രം കവിതയെന്ന ഭാവേന പുറത്ത് വന്ന അവരുടെ ചിന്തകള്‍, രോഷങ്ങള്‍, ഭ്രാന്ത്. സ്വാതന്ത്ര്യ മില്ലാമയുടെ ഏതൊക്കെയോ ഇരുണ്ട തുരങ്കങ്ങ ളിലൂടെ യാണവളും അവളുടെ കവിതകളൂം കടന്നു പോയതെ ന്നതിന്റെ വെളിപ്പെടുത്തലുകളാണു.
നന്ദിതയുടെ പേരിനോടു ചേര്‍ത്ത് വെക്കാന്‍ കഴിയുന്ന പേരാണു കവയത്രി സില്‍വിയാ പ്ലാത്ത്. നിരവധി ഘട്ടങ്ങളില്‍ വിഷാദ രോഗത്തില്‍ നിന്നും മരണത്തിന്റെ കൈവഴി കളിലേക്കു വീണു, തെന്നി മാറി, ജീവിതം മടക്കി ക്കൊണ്ടു വന്നിട്ടും., പാചക വാതകം അഴിച്ചു വിട്ടു ഓവനിലേക്ക് മുഖം കയറ്റി വെച്ച് മരണത്തെ ആശ്ലേഷിച്ച, അമേരിക്കയുടെ സ്വന്തം കവയത്രി സില്‍വിയാ പ്ലാത്ത്.
മരണമെന്നത് ശ്വാശ്വതമായ നിയമാണു. നിത്യമായ സത്യമാണു.
അതു കൊണ്ടാവാം 'മരണം പോലെ കഠിനമാണു പ്രണയമെന്ന്" സോളമന്‍ രചിച്ചിരിക്കുന്നത്.
പ്രണയം മൂര്‍ച്ഛിക്കുമ്പോള്‍, കമീതാക്കാള്‍ 'ഒരുമിച്ച് ജീവിക്കാം നമ്മുക്ക്, എന്നതിനേക്കാള്‍... ഒരുമിച്ച് മരിക്കാം എന്നു പറഞ്ഞും പ്രവര്‍ത്തിച്ചും സായൂജ്യ മടയുന്ന രീതിയാണു പറയുന്ന തായാണു കണ്ടു വരുന്നതി നെന്നുള്ളതിനു ഊന്നല്‍ കൊടുത്ത് ഇടപ്പള്ളിയുടെ വരികളിങ്ങനെ:-
'സഹതപിക്കാത്ത ലോകമേ -
എന്തിനും സഹകരിക്കുന്ന ശാരദാകാശമേ !!!'
ഇടപ്പള്ളിയുടെ വരികളിവിടെ ഉദ്ധരിക്കുന്നത് യാദൃശ്ചികമല്ല. മനപൂര്‍വ്വമാണു.
പ്രണയ തിരസ്കാരം മരണത്തിലേക്കു വഴി നടത്തിയ ഇടപ്പള്ളിയുടെ വരികളോട് ചേര്‍ത്ത് വെച്ച് വായിക്കാന്‍, കവികള്‍ പ്രവചനാ ത്മാക്കളാ ണെന്നോര്‍മ്മിപ്പിച്ച്, മരണത്തോടുള്ള ആസക്തിയില്‍ നന്ദിതയെഴുതിയ തലക്കെട്ടില്ലാത്ത മറ്റൊരു കവിതയിങ്ങനെ !!
"കാറ്റ് ആഞ്ഞടിക്കുന്നു
കെട്ടു പോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു.
മുടി കരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മംസം
ചിരിക്കുന്ന തലയോട്ടി
ഞാന്‍ ചിരിക്കുന്നു
സ്വന്തം വധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു..
ഭ്രാന്തമായി."
കവിതകളുടെ പേരില്‍ നന്ദിത എന്നും ഓര്‍മ്മിക്കപ്പെടും,
വരുന്ന തലമുറകളാലും ആദരിക്കപ്പെടാന്‍ പാകത്തിനു എന്തോ ഒന്ന് ആ അക്ഷരങ്ങളില്‍ ആളി പ്പടരുന്നുണ്ട്.
ആത്മാഹൂതി യെക്കുറിച്ചോ ര്‍ക്കുമ്പോള്‍, ഒരു സെപ്റ്റംബര്‍ മാസം ഹൃദയം തകര്‍ന്ന് മുന്നില്‍ നില്‍ക്കും, തലസ്ഥാ നനഗരിയിലെ ഒരു ഹോട്ടല്‍ മുറി മുന്നില്‍ പൊടുന്നനെ തുറന്നു വരും. രണ്ടു ദിനം പഴക്കമാര്‍ന്ന ഒരു ശരീരം തൂങ്ങി നില്‍ക്കുന്നത് കണ്ട് പ്രജ്ഞ കെട്ടു പോയത്, കരങ്ങളില്‍ കോര്‍ത്തു നടന്നിരുന്ന ആ വിരലുകള്‍ക്ക് ഇനി ജീവന്‍ തിരികെ വരില്ലേയെന്ന് നൊന്തു പിടഞ്ഞ്, തലച്ചോറിന്റെ സ്ഥിരത കൈ മോശം വന്നു പോയത്. മോഹഭംഗ ങ്ങളെയെല്ലാം കൈപ്പിടി ചാരമാക്കി, ഒരു കുടത്തിനുള്ളില്‍ പാപനാശിനി യിലേക്ക്, എല്ലാം ജയിച്ചുവെന്ന മട്ടില്‍ തുള്ളി മറിഞ്ഞു പോകുന്നതു കണ്ടു സ്വയം നഷ്ടപ്പെട്ടു പോയത്. ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു. ഇനി വയ്യ ബാക്കിയൊന്നും ഓര്‍ക്കുവാന്‍.
ഓരോ വേര്‍പാടും വിലാപങ്ങളുടെ കൊടിയേറ്റങ്ങളാണു,
മുറിവുകളുടെ രണഭൂമികകളാണു.
മരണം - അതുമാത്രമാണു നിത്യമായ സത്യം.
കിഴക്കേ മുറിയും, മുള ചീന്തുന്ന മാതിരിയൊരു നിലവിളിയും
അമ്മയൊന്നു വീണുവെന്ന് നാട്ടില്‍ നിന്ന് അനിയന്റെ ഫോണ്‍ വന്നപ്പോള്‍ മകളാണന്നതു മറന്ന് ഒറ്റച്ചിരിയായിരുന്നു. വിശദാംശങ്ങള്‍ പിന്നീടറിഞ്ഞു. വീഴ്ചയത്ര നിസാരമായിരുന്നില്ല. നടുവിടിച്ചാണു വീണത്. കാല്‍മടമ്പ് ഉളുക്കിപ്പോയിരുന്നു. ചിരി പെട്ടന്ന് തീര്‍ന്നുപോയി. ഭീമമായ അങ്കലാപ്പിലേക്ക് മലക്കം മറിഞ്ഞു. ഇരിപ്പും നടപ്പും ജീവിതവുമൊക്കെ സൂക്ഷ്മമായി കൊണ്ടുനടക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ ആളാണിപ്പോള്‍ വൈദ്യരും, കുഴമ്പും, തിരുമ്മലുമായി കഴിയുന്നത്. പാവം! ഒന്ന് കാണാന്‍ കണ്ണു കടഞ്ഞു. ഒരാഴ്ചത്തെ ഉദ്യോഗവും, ഒരുകാപ്പിയെങ്കിലും തിളപ്പിച്ചുപോയാല്‍ ഭര്‍ത്താവത്വത്തിന് കളങ്കം സംഭവിച്ചേക്കാം എന്നാശങ്കപ്പെടുന്ന അദ്ദേഹത്തെയും, വീട്ടുജോലിക്കുള്ള റൊബൊര്‍ട്ടാണു അമ്മയെന്ന മക്കളുടെ വിശ്വാസത്തെയും കാറ്റില്‍ പറത്തിയാണു അമ്മയെ കാണാനെത്തിയത്.
അപ്പോഴേക്കും അവര്‍ സുഖം പ്രാപിച്ചു കഴിഞ്ഞു.
അഛന്‍-അമ്മ എന്ന ഇരുവര്‍ സംഘത്തിലെ എന്റെ 8 ദിനങ്ങള്‍.
പതിവ് അമ്മമാരെപ്പോലെ വാത്സല്യത്തിന്റെ തേന്‍നിലാവായിരുന്നു എന്റെ അമ്മയെന്ന്, വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ, നോട്ടം കൊണ്ടോ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. ബാല്യ കൌമാരങ്ങള്‍ സ്നേഹമില്ലായ്മയുടെ മരുഭൂമിയില്‍ കൂടിയായിരുന്നു യാത്ര. ആണ്ടിലൊരിക്കല്‍ 1 മാസത്തേക്കെത്തുന്ന അഛന്റെ സ്നേഹാതിരേകങ്ങളില്‍ നിന്നുള്ള സംഭരണി നിറച്ച് ഒരു വര്‍ഷത്തേക്ക് കരുതി വെച്ചായിരുന്നു അക്കാലത്തെ ജീവിതം. തികച്ചും പട്ടാളച്ചിട്ടകളിങ്ങനെയാകാമെന്ന് തോന്നിപ്പിച്ചിരുന്ന മുറകള്‍. സഹോരന്മാര്‍ക്ക് അത്രകണ്ട് പീഡനമൊന്നുമുണ്ടായിട്ടില്ല്ല. എന്നോടു മാത്രമെന്താണിങ്ങനെയെന്നോര്‍ത്ത് ചങ്കു പോട്ടിപ്പോയിട്ടുണ്ട്. ബാത് റൂമില്‍ തലയിടിച്ചു കരഞ്ഞിട്ടുണ്ട്. ഒടുവില്‍, ആണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടിലേക്ക് ദത്തെടുത്തതാവാം എന്ന്‍ സ്വയം മറുപടി കണ്ടെത്തി, ആ സംശയം അനിയനുമായി പങ്കിട്ടു. അങ്ങനെയാവാമെന്ന് അവനും മൌനത്താലെ സമ്മതിച്ചിട്ടുമുണ്ട്. അത്ര കണ്ട് നിര്‍ദയവും പക്ഷാഭേതപരവുമായിരുന്നു അമ്മയുടെ നടപടികള്‍.
16 ഉം, പതിനഞ്ചുമൊക്കെ പ്രായമായ മക്കളെ മടിയില്‍ കിടത്തിയിന്നും ഞാനോമനിക്കാറുണ്ട്. അടിവയര്‍കാട്ടി നിന്നെ ചുമന്നു നടന്ന വയറാണെന്ന മഹത്വം വെളിപ്പെടുത്താറുണ്ട്. വയറ്റില്‍ കിടന്നു കാട്ടിക്കൂട്ടിയ കോപ്രായങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ കൌതുകം വിടത്തിയ മുഖത്തോടെ മൂന്നാളും ചുറ്റും വട്ടമിരുന്ന് കേള്‍ക്കാറുണ്ട്. നിങ്ങള്‍ അമ്മക്കെത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് വിവരിക്കാറുണ്ട്. പ്രസവിച്ച് 21-ആം ദിവസം മടിയില്‍ കിടത്തി കാറോടിച്ച നേരത്ത് മനോഹരമായി നീ മന്ദഹസിച്ചിരുന്നുവെന്ന് പറയുമ്പോള്‍ മകന്റെ മുഖം താമര പോലെ വിടരാറുണ്ട്. 'എന്റെ അമ്മ' 'എന്റെ അമ്മ' എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചുറങ്ങാനവര്‍ മത്സരിക്കുന്നത് കണ്ട് ഗൂഡ്ഡമായി ആനന്ദിച്ചിട്ടുണ്ട്. അമ്മാതിരി അനുഭവങ്ങളിലൂടെയൊന്നും നിര്‍ഭാഗ്യവശാല്‍ എന്റെ ബാല്യം സഞ്ചരിച്ചിട്ടില്ല.
മുതിര്‍ന്നുവെന്നറിയിച്ച് ചുവന്ന പൂക്കള്‍ മേലാകെ നനച്ചപ്പോള്‍ എന്തു ചെയ്യേണ്ടുവെന്നാലോചിച്ച് പതിനാലാമത്തെ വയസില്‍ പകച്ചു പോയിട്ടുണ്ട്. ആരേയും അറിയിക്കാതെ ആദ്യദിവസം എങ്ങനെയോ ഉന്തിനീക്കി. അവശ്യവസ്തുക്കളുടെ അഭാവം മാത്രമാണു അമ്മയെ അക്കാര്യം അറിയിക്കാന്‍ നിര്‍ബന്ധിതയായത്.
എന്റെ മൂത്തമകളുടെ ഒമ്പതാം വയസില്‍,സ്കൂളില്‍ നിന്നു മടങ്ങിവന്ന അവള്‍ വിവശയായി പറഞ്ഞു കൂട്ടുകാരിക്കുട്ടിയുടെ യൂണിഫോറം ചുവന്ന നിറത്തില്‍ നനഞ്ഞുവെന്ന്. റ്റീച്ചര്‍ പറഞ്ഞു 'അവള്‍ മുതിര്‍ന്നുവെന്ന്; എല്ലാപെണ്‍ക്കുട്ടികളും മുതിരുമെന്ന്, ഞാനുമിങ്ങനെ മുതിരുമോ അമ്മേ" യെന്ന് ചോദിച്ച് അവള്‍ ആശങ്കയോടെ തല കുടഞ്ഞു. "ഉവ്വ്. എല്ലാവരും മുതിരും. എല്ലാപെണ്‍കുട്ടികള്‍ക്കും ഇങ്ങനെ സംഭവിക്കും."
"എല്ലാവര്‍ക്കും?" അവള്‍ കണ്ണുനിറച്ച് , പേടിച്ച് ചേര്‍ന്നിരുന്നു.
"അതെ"
"അമ്മയും മുതിര്‍ന്നിരുന്നുവോ?'
'ഉം"
"മുത്തശ്ശിയോ?"
"പിന്നല്ലാതെ?"
ടീച്ചര്‍മാരോ?
"അതേന്നേ, എല്ലാവരും"
അവള്‍ക്ക് സന്തോഷമായി, മുഖത്തെ കാറൊഴിഞ്ഞ് ബാലസൂര്യന്‍ വിടര്‍ന്നു.
സ്കൂള്‍ കാലഘട്ടങ്ങളില്‍ പഠനവിഷയങ്ങളിലൊഴികെ ഒരു മാതൃകാ വിദ്യാര്‍ത്ഥിനിയായിട്ടു കൂടി നിസാരമായ മാനസിക പീഡനങ്ങളല്ല ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. അമ്മക്ക് കോപം വന്ന് തുടയും, കവിളും നുള്ളിപ്പറിച്ച് ചോര വരുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ സ്റ്റഡിലീവ് കാലത്ത്, ഉറങ്ങിപ്പോയതിനു, ഒരു രാത്രി 3 മണി നേരത്ത്, ചൂലുകൊണ്ടു മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇങ്ങനെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ അഛനും അമ്മയും തമ്മില്‍ കലഹമുണ്ടായിട്ടുണ്ട്. ഓരോ ടേമിലേയും പ്രൊഗ്രസ് റിപ്പോര്‍ട്ടിലേക്കുള്ള ഒപ്പു സമ്പാദിക്കല്‍ നടപടിയെന്നതു പോലെ ഭീതിതമായ അനുഭവം വേറെയൊന്നുമുണ്ടായിരുന്നില്ല. രക്ഷിതാവിന്റെ ഒപ്പ് വാങ്ങി കാര്‍ഡ് തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാലാവധി ഒരാഴ്ചയാണ്. കണക്കു മാര്‍ക്കിന്റെ അടിയിലെ ചുവന്ന വരയെപ്പോഴും തലയില്‍ തീ കോരിയിടും. 7-ആം ദിവസം ക്ലാസില്‍ നിന്ന് പുറത്താക്കപ്പെടേണ്ട ദിവസം. പുറത്തെവരാന്തയിലെ സ്കൂളിനെ സര്‍വ്വ കുട്ടികളും, teaching - non teaching staff- തുടങ്ങി സകലമാന പേര്‍ക്കും ആസ്വാദന വസ്തുവായി മാറേണ്ടുന്ന ആ ദിവസം രാവിലെ, സ്കൂള്‍ ബസ്സ് വരുന്നതിന്റെ തൊട്ടു മുന്‍പ് , പ്രഭാത - ഉച്ച ഭക്ഷണത്തിന്റെ തിരക്കില്‍ അടുക്കളയില്‍ ഞാണിന്മേല്‍ കളി നടത്തുന്ന അമ്മയുടെ സമക്ഷം, അത്യന്തം ഭയന്ന് റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കും. മുഖത്തെ കണ്ണട ഒന്നുകൂടി മുകളിലേക്ക് കയറ്റി വെച്ച് സ്വതേ വലിയ കണ്ണുകള്‍ വീണ്ടും വലുതാക്കി., റിപ്പോര്‍ട്ട് കാര്‍ഡ് വാങ്ങി, 'നീ പോയ്ക്കോ, ഞാനങ്ങ് വരുന്നുണ്ട് ' എന്നു പറയുകയും, വളരെ കൃത്യമായി അന്ന് അമ്മ സ്കൂളില്‍ എത്തി, റ്റീച്ചേഴ്സ് റൂമില്‍ വരുത്തും. എല്ലാവരും കൂടി ചോദ്യം ചെയ്യും.ഞാന്‍ സര്‍വ്വത്ര വിയര്‍ത്ത് വെന്തുരുകിയെന്നു ബോദ്ധ്യമാകുന്നതു വരെ കോടതിമുറിയില്‍ പ്രതിയെന്ന പോലെ ചോദ്യം ചെയ്യപ്പെടും. വിവരിക്കാനാവാത്ത വിധം ഭീതിതമായിരുന്ന അനുഭവം.
പഠിപ്പെല്ലാം നിലച്ച് പോയ കാലത്താണു ഉപദേശങ്ങളുടെ പെരുമഴയില്‍ പെട്ട് ഞാനൊലിച്ചുപോകാറായത്. പെണ്‍കുട്ടികള്‍ ജോലി സമ്പാദിക്കേണ്ടുന്ന ആവശ്യകതെയെക്കുറിച്ച്; ഉദ്യോഗമില്ലാത്തൊരു പെണ്ണിനെ ഒന്നിനും കൊള്ളില്ലാന്ന്, കെട്ടാനാരും വരില്ലാന്ന്, പണ്ടു പുഷപം പോലെ വന്നു ചേര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗത്തിനു അനുമതി നല്‍കാതിരുന്ന അച്ഛനെ ക്കുറിച്ച്, സ്ത്രീ സമ്പാദിച്ചുകൊണ്ടുവരുന്നതിന്റെ പങ്കുപറ്റി ജീവിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലന്നു പറഞ്ഞ അഛന്റെ ദാര്‍ഷ്ട്യക്കുറിച്ച്, പള്ളിയിലെ ഭണ്ഡാര പെട്ടിയിലിടാനും, ഒരു ബ്ലൌസ്പീസിനുമൊക്കെ പൈസക്ക് ഭര്‍ത്താവിനു നേരെ കൈ നീട്ടുന്നതിന്റെ കുറച്ചിലിന്റെ കുറിച്ച്.
അമ്മയുടെ പ്രാര്‍ത്ഥനയോ, ആരുടെയോ ഭാഗ്യമോ, 18 ആം വയസില്‍ അമ്മയുടെ മകള്‍ ഉദ്യോഗസ്ഥയായി. ജോലിക്കു പോകാനിറങ്ങുമ്പോള്‍ മുതല്‍ taxi - കയറുന്നതു വരെ വഴിക്കണ്ണുമായി കാവല്‍ നിന്നു. തിരികെ കൂട്ടാനെത്തുന്ന അഛന്റെ കൂടെ, പഴം പൊരിച്ചതും, കട് ലറ്റ്, വടകള്‍ എന്നിങ്ങനെയെന്തെങ്കിലും കരുതി കൂടെ വന്നു. 10 മിനിറ്റിനുള്ളില്‍ വീട്ടിലെത്താം, എങ്കിലും കഴിക്കൂ കഴിക്കൂ എന്ന് നിര്‍ബന്ധിക്കും. എന്തൊക്കെയായാലും ആ ചെയ്തികളിലൊന്നും വാത്സല്യത്തിന്റെ തരിമ്പും വാസനിച്ചിരുന്നില്ല. നീയെനിക്ക് എത്ര പ്രിയപ്പെട്ടവളാണെന്ന ഒരു വാക്ക്, ഒരു സ്പര്‍ശം ഒന്നുമുണ്ടായിട്ടില്ല. മുതിര്‍ന്നശേഷം അമ്മാതിരി പ്രവൃത്തികളുമായി പൊരുത്തപെട്ടു.
അഛന്റെ അമ്മയാണു പല സന്ദര്‍ഭങ്ങളിലായി, പൂര്‍വ്വ കാലങ്ങളിലേക്കുള്ള വാതില്‍ തുറന്നു തന്നിട്ടൂള്ളത്. അഛനു വലിയ താല്പര്യമൊന്നുമില്ലാതെയാണു അമ്മയെ വിവാഹം ചെയ്തത്. താല്പര്യക്കുറവിനുകാരണം അമ്മക്കു നിറം കുറവായിരുന്ന കുറ്റമാണഛന്‍ കണ്ടുപിടിച്ചത്. എന്നാല്‍ അദ്ദേഹം മറ്റു പല 'കുടുക്കു'കളില്‍ പെട്ടിരുന്നുവെന്ന്, പില്‍കാലത്ത് അഛനമ്മമാര്‍ തമ്മിലുള്ള കശപിശകളില്‍, അമ്മയുടെ മുനവെച്ച വാക്കുകളില്‍ നിന്നും ഞാന്‍ പിടിച്ചെടുത്തിരുന്നു.
നിറത്തിലൊക്കെയെന്തിരിക്കുന്നു. അമ്മക്ക് ഐശ്വൈര്യം വഴിയുന്ന മുഖമുണ്ട്, മഷിയെഴുതാതെ തന്നെ കറുത്തു വിടര്‍ന്ന മിഴികളുണ്ട്. പെരുമാറ്റ സൌകുമാര്യമുണ്ട്. സ്വഭാവശുദ്ധിയുണ്ട്. കൂടുതലെന്താണു ഒരു സ്ത്രീക്കു വേണ്ടത്? അഛനേക്കാള്‍ 9 വയസിനു താഴെയായിരുന്നവര്‍. ഭാര്യാഭര്‍ത്താക്കമാരുടെ പ്രായവ്യത്യാസം അങ്ങനെതന്നെയായിരിക്കണമെന്ന് തോന്നിയിട്ടുണ്ട്. ഒന്നു പ്രസവിച്ച്, മുപ്പതുകളില്‍ കയറുമ്പോഴേക്കും സ്ത്രീയുടെ യൌവ്വനമവസാനിക്കുന്നുവെന്ന് കണ്‍ തടങ്ങള്‍ കരിവാളിച്ച് കാണിക്കും, കവിളുകള്‍ നിറമസ്തമിച്ച് പ്രതിഷേധിക്കും., മാറുകള്‍ തളരുന്നേയെന്ന് നിലവിളിക്കും, നിതംബങ്ങള്‍ തുളുമ്പുന്നതു മതിയാക്കും.
പുരുഷനോ, 35 കഴിയുമ്പോഴേക്കും അടിമുടി തളിര്‍ത്തുണരും. ഏതു സ്ത്രീയേയും മോഹിപ്പിക്കാന്‍ പാകത്തിനു തുടുക്കും, പിന്നെ തുടിക്കും. ആ പ്രായത്തിലുള്ളവന്റെ മന്ദഹാസമാണു ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃയയെന്ന് ഓര്‍മ്മിക്കും. 40 കാരികള്‍ക്ക് ഏറ്റവും ഇണങ്ങുന്നത് 50 കാരനായ ഒരുവനാണെന്ന് മനസിലാകും. സേതുമാഷിന്റെ 'അടയാളങ്ങളി'ലെ ആലീസും ഇതേ അഭിപ്രായം പറയുന്നുണ്ട്. ഇമ്മാതിരി ചിന്തകളാണു ഇങ്ങനെയൊരു പ്രായവ്യത്യാസം അനിവാര്യമെന്ന് തോന്നിപ്പിച്ചത്. സാമ്പ്രദായിക വിവാഹങ്ങളില്‍ മാത്രമാണു ഈ വക നിബന്ധനകള്‍ ബാധകമാകുന്നത്.
കാമുകീകാമുകന്മാര്‍ തമ്മില്‍ അതൊട്ടും നിര്‍ബന്ധമേയല്ല. ഭാരതസ്ത്രീകളുടെ ഇഷ്ട ദൈവമായ കൃഷ്ണന്റെ രാധ, കൃഷ്ണനേക്കാള്‍ ആറോ ഏഴോ വയസു കൂടുതലായിരുന്നുവെന്ന രേഖപ്പെടുത്തലുകളുണ്ട്. ഈ നൂറ്റാണ്ടിന്റെ പ്രതീകങ്ങളായ അഭിഷേക് ബച്ചന്‍- ഐശ്വര്യാ റായ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ - അഞ്ജലി, അങ്ങനെ എത്രയോ പേര്‍. പ്രണയത്തില്‍ എന്തു പ്രായം?
എന്തായാലും എന്റെ ഓര്‍മ്മ മുളക്കുമ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ അമ്മയോടുള്ള സ്നേഹം കണ്ടറിഞ്ഞിട്ടുണ്ട്. അമ്മക്ക് അത്രകണ്ട് പ്രകടിപ്പിക്കലുകള്‍ വശമില്ലാത്ത രീതിയാണെങ്കിലും, അച്ഛനെ പിരിഞ്ഞു ഒരു നേരം പോലുമിരിക്കില്ല. മക്കളെ കാലങ്ങളോളം പിരിഞ്ഞിരിക്കുന്നതില്‍ അത്ര വലിയ ഖേദമൊട്ടില്ല താനും.
കാലങ്ങള്‍ അതിശീഘ്രത്തില്‍ പാഞ്ഞുപോയി, അമ്മയുടെ മകള്‍ അമ്മയായി.
അമ്മൂമ്മയായ അമ്മ ചെറുമക്കളെ താലോലിച്ചു. അവരുടെ ഏതു തോന്ന്യാസത്തിനും കൂട്ടു നിന്നു. സ്നേഹം പ്രകടിപ്പിക്കാന്‍ വശമില്ലായ്മയില്ലന്ന് തെളിയിച്ചു. അകലങ്ങളിലിരുന്ന് ഞങ്ങള്‍ അന്യോന്യം സ്നേഹിച്ചു. ഈരണ്ട് കൊല്ലങ്ങള്‍ കൂടുമ്പോഴുള്ള കൂടിക്കാഴ്ച്കകള്‍ പെട്ടന്നു തീര്‍ന്നു പോകുന്നു.
അമ്മയുടെ കൂടെയുള്ള 8 ദിവസങ്ങള്‍ പറന്നുപോയി,
വീട്ടില്‍ ഞാന്‍ കിടക്കുന്ന 'കിഴക്കേ' മുറിയെന്നു വിളിക്കുന്ന കിടപ്പു മുറിയുണ്ട്. വലിച്ച് വാരിയിടുന്ന വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍, എല്ലാം അടുക്കിവെച്ച് , പതിവു പോലെ വിശേഷങ്ങളുടെ, പരിഭവങ്ങളുടെ, ഉപദേശങ്ങളുടെ, ഉരുക്കഴിച്ചുകൊണ്ടിരിക്കും
'എനിക്കും നിന്റെ അഛനും വയ്യാതായിരിക്കുന്നു, അഛന്റെ അനിയന്മാരുടെ സ്നേഹമില്ലാത്ത പ്രവൃത്തികള്‍, അയല്‍വക്കങ്ങളിലെ വിവാഹങ്ങള്‍, പ്രസവങ്ങള്‍, ഒളീച്ചോട്ടങ്ങള്‍, പറമ്പില്‍ കൃഷിയൊന്നുമില്ലാതായിരിക്കുന്നു, ഇക്കൊല്ലം പുളി കായിച്ചില്ലാന്ന്, ശമ്പളത്തില്‍ വര്‍ദ്ധനവു വല്ലതും നടക്കുന്നുണ്ടോയെന്ന്, നിന്റെ കയ്യില്‍ സ്വകാര്യമായ ഒരു കരുതല്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന്, എന്നും പ്രാര്‍ത്ഥിക്കണം. പെണ്മക്കളാണു, അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചോണമെന്ന്, ആയിരക്കണക്കിനു ഉപദേശങ്ങള്‍.
8 ദിനങ്ങള്‍ തീര്‍ന്നു.
തിരികെ സുഖമായി എത്തിച്ചേര്‍ന്നുവെന്ന് ഫോണ്‍ ചെയ്യുകയായിരുന്നു, അച്ഛനാണു ഫോണ്‍ എടുത്തത്. പിന്നാലെ നനഞ്ഞ ശബ്ദത്തില്‍ അമ്മ വന്നു. 'കിഴക്കേ മുറിയിലേക്കു കയറുമ്പോള്‍ നെഞ്ചു പൊട്ടിപോകുന്നു പെണ്ണേയെന്ന്'' മുളചീന്തുന്ന പോലെയൊരു നിലവിളി കേട്ട് പെട്ടന്ന് ഞാനന്ധാളിച്ചുപോയി.
മതി!
അതുമാത്രം മതിയായിരുന്നു.
എന്റെ ആജന്മ സങ്കടങ്ങള്‍ക്കുള്ള പ്രതിവിധിയായിരുന്നു ആ കരച്ചില്‍
സ്പര്‍ശനത്തില്‍ പാതി...
ആ നാലാം ക്ലാസുകാരികള്‍ ഉച്ചച്ചൂടു മറന്ന് നീലയും, വെള്ളയും യൂണിഫോമുകളില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഇളകി മറിയുകയാണു. മിനിയെന്ന എന്റെ ആത്മമിത്രം പതിവു തെറ്റിച്ച് ക്ലാസുമൂലയിലും, മരച്ചുവട്ടിലും കൂനികുത്തിയിരുന്നു. പഴയ സുമലതയുടെ ഛായയുള്ളവള്‍. ഒരുപക്ഷേ അതിനേക്കാള്‍ സുന്ദരി. ഒറ്റമകള്‍. അമ്മ കാലങ്ങളായി ഗള്‍ഫിലാണു. അഛന്‍ ഗവണ്‍മന്റ് ഉദ്യോഗസ്ഥന്‍. വലിയ കൂട്ടുകുടുംബം. ഏവര്‍ക്കും പ്രിയപ്പെട്ടവള്‍. അവളാണീ ഇരിപ്പ് ഇരിക്കുന്നത്. എത്രചോദിച്ചിട്ടും ഒന്നും മിണ്ടാതെ കണ്ണും നിറച്ചിരിക്കുകയാണു. തിരികെപോകുമ്പോള്‍ സ്കൂള്‍ബസ്സില്‍ വെച്ചാണാ രഹസ്യത്തിന്റെ കെട്ടഴിക്കുന്നത്. 'അഛന്‍ വീട്ടിലെ വേലക്കാരിയെ കെട്ടിപ്പിടിച്ച്, വേലക്കാര്‍ക്കായുള്ള ടോയ്‌ലറ്റിനു പിറകില്‍ നില്‍ക്കുന്നത് അവള്‍ കണ്ടു. അതു പറഞ്ഞ് കണ്ണു വീണ്ടും നിറഞ്ഞു,. 'ഒാ, വലിയ കാര്യമായിപ്പോയി' എന്നു പറയാന്‍ തോന്നിയെങ്കിലും പറഞ്ഞില്ല.ഒരു ആലിംഗനം. എത്ര നിസാരമായ ക്രിയ. അതിലിത്ര വിഷമിക്കാനെന്ത്? കൗമാരം മുതിര്‍ന്ന് യൗവ്വനത്തിലെത്തിയിട്ടും ആ സംഭവം മറന്നില്ല. എന്തിനായിരുന്നു അവള്‍ കരഞ്ഞത്? എന്നാല്‍ തിരിച്ചറിവിന്റെ പൊരുള്‍ പിടികിട്ടിയപ്പോഴേക്കും, കാലം മലകളും, ചതുപ്പു നിലങ്ങളും പിന്നിട്ടിരുന്നു.
ഒരാലിഗനം, ചുംബനം, ചെറുസ്പര്‍ശനം, അതെന്താണു? അതിലെന്തിരിക്കുന്നു?
"വചനം ദര്‍ശനത്തില്‍ പാതി സുഖം
ദര്‍ശനം സ്പര്‍ശനത്തില്‍ പാതി സുഖം
സ്പര്‍ശനം സുരതത്തില്‍ പാതി സുഖം
സുരതം സ്വപ്നത്തില്‍ പൂര്‍ണ്ണ സുഖം "
എന്ന പറച്ചിലില്‍ അല്‍പ്പം കാര്യമില്ലാതെയില്ല എന്നാണു മനസിലായിട്ടുള്ളത്.
തിരുവനന്തപുരത്തുനിന്ന് അഛനുമൊത്തു ചെങ്ങന്നൂരിലേക്കു ട്രയിനില്‍ വരികയാണു. ഒറ്റസീറ്റിലായിരുന്നു എന്റെ ഇരിപ്പ്. എതിര്‍സീറ്റില്‍ അപരിചിതനായ ഒരാള്‍. തീപ്പെട്ടിക്കൊള്ളികള്‍ അടുക്കിയിരിക്കുന്നതുപോലെ ജനം നില്‍ക്കുന്നു, ഇരിക്കുന്നു, കലമ്പുന്നു. കൂടാതെ വ്യാപാര സാധനങ്ങള്‍, ഭാണ്ഡകെട്ടുകള്‍. ഇരിപ്പിടത്തിലായിട്ടുകൂടി ശ്വാസം മുട്ടി. മുന്‍സീറ്റിലുള്ളവന്‍ കാല്‍വിരലുകള്‍, ചുവട്ടില്‍ തിങ്ങിനിറഞ്ഞ ഭാണ്ഡ കെട്ടുകള്‍ക്കിടയിലൂടെ എന്റെ കാല്‍വിരലില്‍ തൊട്ടുകൊണ്ട് എന്നെ നോക്കി. ഞാനും നോക്കി. അയാളും ഞാനും കാലുകള്‍ പിന്‍വലിച്ചില്ല. യാത്രക്കാര്‍ ഇറങ്ങുന്നതും, തിരക്കൊഴിയുന്നതും ഞാനറിഞ്ഞില്ല.വയലുകളും, തോടുകളും കയറിയിറങ്ങിവന്ന കാറ്റ് ഉറക്കത്തിലേക്കിട്ടിരുന്നു. മയക്കമുണര്‍ന്നപ്പോള്‍, അറിഞ്ഞു ചെരിപ്പഴിച്ചുവെച്ച, മാര്‍ദ്ദവമുള്ള അയാളുടെ ഇളം ചൂടുള്ള കാല്‍പാദത്തിനടിയില്‍ എന്റെ ഇടതു പാദം സുഖമായി വിശ്രമിക്കുന്നു. അതങ്ങനെ തന്നെയിരിക്കട്ടെയെന്നു ഞാന്‍ കരുതി. ഇടക്കൊന്നിളകിയിരിക്കണമെന്നു വിചാരിച്ചിട്ടുകൂടി പാദങ്ങള്‍ തമ്മിലുള്ള ചങ്ങാത്തംവേണ്ടായെന്നു വെക്കാനെനിക്കു വയ്യായിരുന്നു. ചെങ്ങന്നൂരെത്തുകയും, ഒരു നോട്ടവും, പാതി ചിരിയും കൊടുത്തു ഞാനിറങ്ങുകയും ചെയ്തു. ഒരുപക്ഷെ ആ യാത്ര എറണാകുളമോ, തൃശൂരോ വരെ നീണ്ടിരുന്നെങ്കില്‍ എനിക്കയാളോടു പ്രേമമുണ്ടായെനെ ! സഭ്യമല്ലാത്തതൊന്നും ആ സ്പര്‍ശനത്തില്‍ കണ്ടില്ല, അനുഭവിച്ചില്ല.
പണ്ട് അവധിക്ക് നാട്ടിലെത്തിയകാലത്ത്, മക്കള്‍ ചെറിയകുഞ്ഞുങ്ങളാണു. പഴയ വീടിന്റെ മച്ചില്‍ നിന്നുതിര്‍ന്നു വീഴുന്നപൊടിയും,ചൂടും അവരുടെ ഉറക്കം തടസപ്പെടുത്തിക്കൊണ്ടിരുന്നു. വളര്‍ന്ന വീടിന്റെ പരിസരം കണ്ടുറങ്ങകയെന്ന പഴയ പരിചയം പുതുക്കി ജനാലകള്‍ തുറന്നിട്ടുറങ്ങണമെന്നു ഭര്‍ത്താവ് ശഠിച്ചു. പാതിരാ കഴിഞ്ഞിട്ടുണ്ടാവും കണ്ണഞ്ഞടഞ്ഞപ്പോള്‍. രാവു മുതിര്‍ന്നു വന്ന നേരത്ത്, ജനാലപ്പടിയിലേക്ക് നീണ്ടിരുന്ന എന്റെ കൈത്തണ്ടയില്‍ ആരോ പിടിച്ചു. സ്വപ്നാടനത്തിലെന്നപോലെ ജനാലക്കടുത്തേക്കു മുഖമെത്തിച്ചു നോക്കിയ ഞാന്‍ മരണത്തെ മുന്നില്‍ കണ്ടപോലെ ഞെട്ടി. മുറ്റത്തെ ലൈറ്റില്ലാതെയായിരിക്കുന്നു. കനത്ത ഇരുട്ടില്‍ നിന്ന് ഇരുട്ടിനേക്കാള്‍ കറുത്തൊരു മുഖവും ഭയപ്പെടുത്തുന്ന കണ്ണുകളും എന്റെ നേരെ ഭീബല്‍സമായി നില്‍ക്കുന്നു. ശ്വാസം ഇല്ലാതായ നേരം. ശബ്ദം തിരികെപ്പിടിച്ചു ഭര്‍ത്താവിനെയുണര്‍ത്തി., ഭര്‍ത്താവ് വീട്ടിലുള്ളവരെയുണര്‍ത്തി. കള്ളനായിരുവെന്നു എല്ലാവരും പരസ്പരം പറഞ്ഞു. പരുപരുത്ത സ്പര്‍ശമേറ്റ കൈത്തണ്ട തുടച്ചുതുടച്ച് അനിഷ്ടത്തോടെ ഞാനിരുന്നു. ആ പിടുത്തം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അസ്വസ്ഥയാക്കുന്നു.
പരമമായ പുരുഷന്റെ ആകാരവും സൗന്ദര്യവും എങ്ങനെയിരിക്കണം? അവന്റെ സ്പര്‍ശനമെങ്ങനെയായിരിക്കണം? സ്ത്രീകളാണുത്തരം പറയേണ്ടത്. പല സ്ത്രീകളുടെയും ചിന്തകളും വീക്ഷണങ്ങളും, പ്രിയങ്ങളും വിവിധങ്ങളാണ്.
ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിവെച്ച മാതിരി കൈമസിലുകളും, ആ മസിലുകളില്‍ സര്‍പ്പങ്ങളിഴയുന്നതുപോലെ കുറെ ഞരമ്പുകളും, ഒരു സാധാരണ മനുഷ്യന്‍ ഒരു മണിക്കൂറില്‍ ശ്വസിക്കേണ്ടുന്ന ജീവവായു ഒരു നിമിഷംകൊണ്ടു കയറ്റി നിറച്ചു വെച്ച നെഞ്ചുമാണു അടിവസ്ത്രങ്ങളുടെ പരസ്യങ്ങളില്‍ വരെ പുരുഷസൗന്ദര്യമായി പ്രദര്‍ശിപ്പിക്കുന്നതു. ഇമ്മാതിരി ബലൂണുകളും പാമ്പുകളും ഉരുണ്ടും ഓടിയും കളിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കാനാണു വരിക (ഒരാള്‍ മാത്രം ശര്‍ദ്ദിച്ച് എതിര്‍ത്തിട്ടു കാര്യമെന്ത്?) സ്നേഹിക്കാനറിയാവുന്നവനെന്തിനാണു മസില്‍? ഞരമ്പ്? ഒരു ഹൃദയവും അതില്‍ കുറെ ചോരയും, ചോരയില്‍ അല്‍പം കനിവും, ഭാര്യയാണു, കാമുകിയാണു, മകളാണു, അമ്മയാണു എന്ന ഉല്‍ക്കടമായ. ധാര്‍മ്മികമായ ആത്മാര്‍ത്ഥമായ സ്നേഹവും ആ സ്നേഹത്തില്‍ സത്യസന്ധതയുമാണു വേണ്ടത്.
പറഞ്ഞുവന്നത് പുരുഷനെക്കുറിച്ചാണു, അവന്റെ സ്പര്‍ശനത്തെക്കുറിച്ച്കാണു അവന്റെ ആലിംഗനത്തെക്കുറിച്ചാണു, അതിലെ സത്യസന്ധതയെക്കുറിച്ചാണു. അതില്‍ കാമവും ലൈഗികതയുമൊക്കെ എത്രയോ ദൂരെയാണ്.
നടന്‍ മമ്മൂട്ടിയാണു മലയാള സിനിമയുടെ ആണത്വം എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. അദ്ദേഹം ചെയ്തതുകൊണ്ടു മാത്രം പൂര്‍ണ്ണമാക്കപ്പെട്ടുവെന്നോര്‍മ്മിപ്പിച്ച നിരവധി വേഷങ്ങള്‍. പുരുഷനെ കാണണെമെങ്കില്‍ എന്നെ നോക്കൂ എന്ന ആ അഹന്തയെ അംഗീകരിക്കരിക്കുന്നതുകൊണ്ടൊരു തെറ്റുമില്ല താനും. അഭിനയത്തികവിന്റെ അതിമൂര്‍ത്തഭാവങ്ങളാവാഹിച്ചു കഥാപാത്രങ്ങളെ സ്ക്രീനിലെത്തിക്കുന്ന അദ്ദേഹത്തിന്റെ ആലിംഗന രംഗങ്ങള്‍ പക്ഷേ തികഞ്ഞ സഹിഷ്ണത പരീക്ഷിക്കലാണെന്നു ആരും എന്തേ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കാത്തത്? ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത, കാഴ്ച്ചക്കാരെ കബളിപ്പിക്കലല്ലേയത്? നെഞ്ചിലേക്കു ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീയെ എങ്ങും തൊടാതെ, ഇടതു കരം മെല്ലെയൊന്നു ചുറ്റി (ചുറ്റിയെന്നുപോലും പറയാന്‍ കഴിയില്ല) ശിരസ്സെങ്ങും മുട്ടാതെയുയര്‍ത്തിപ്പിടിച്ച്, വയര്‍ഭാഗം കൊണ്ടു നടിയെ ചേര്‍ത്തു പിടിക്കുന്ന ആ രീതി മാത്രം അംഗീകരിക്കാന്‍ വയ്യ. ഭാര്യയുടെയോ, സ്ത്രീ ആരാധികമാരുടെയോ അപ്രീതി വേണ്ടായെന്നു വെച്ചിട്ടാണോ ആവോ അങ്ങനെ? അവസരം കിട്ടിയ അപൂര്‍വ്വമായൊരു സമയത്തു എന്താണങ്ങനെയെന്നു ചോദിച്ചപ്പോള്‍, വലിയ വായില്‍ അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയില്‍ ഒരു തുറന്ന ചിരി മാത്രമായിരുന്നു ഉത്തരം. അങ്ങനെ പല ആരാധികമാരും ചോദിച്ചിട്ടുണ്ടാവാം. ഒരു ചിരി കൊണ്ട് ഉത്തരം പറഞ്ഞു രക്ഷപെട്ടിട്ടുമുണ്ടാവാം. എന്തു ചെയ്യാം ആത്മാര്‍ത്ഥയില്ലാതെ പുണര്‍ന്നിട്ട് കാര്യമില്ല. (നാട്യമാണെങ്കിലും).
"മനസിലായാലും കൊള്ളാം, ഇല്ലേലും കൊള്ളാം ഞാന്‍ അയാളെ ചുംബിച്ചു. അയാള്‍ വെല്ലുവിളി സ്വീകരിച്ചു തിരിച്ചും ചുംബിച്ചു. അയാളുടെ ചുംബനത്തെക്കുറിച്ചു പറഞ്ഞാല്‍ അതത്ര കേമമൊന്നുമല്ലായിരുന്നു അതു ഞാന്‍ ക്ഷമിച്ചു. പുരുഷന്‍ ചുണ്ടു കൊണ്ടു ചുംബിക്കരുത്, ആത്മാവു കൊണ്ടു ചുംബിക്കണം." പ്രിയപ്പെട്ട കഥകൃത്ത് കെ.ആര്‍. മീരയുടെ വരികള്‍.(കരിനീല). എത്ര ഹൃദയപൂര്‍വ്വം പറയുന്നു.
പ്രണയത്തില്‍ സ്പര്‍ശനമുണ്ടോ? ദൈവികതയുണ്ടോ? വിരല്‍ത്തുമ്പില്‍പോലും തൊടാത്ത പ്രണയത്തില്‍ സത്യമുണ്ടോ? ഉണ്ടു, സര്‍വ്വവുമുണ്ട്. ചിലപ്പോഴൊക്കെ അതെല്ലാം അടിപടലെ കൈമോശം വന്നിരിക്കുന്നുവെന്നു തോന്നിപ്പിക്കുന്ന ഹീനതകള്‍ ചുറ്റും പരന്നു കിടക്കുന്നുണ്ട്. ശരീരമെത്രകണ്ട് ആസക്തഭരിതമെങ്കിലും, പ്രണയമില്ലാതെ പരസ്പരാകര്‍ഷണമില്ലാതെ പുരുഷന്മാര്‍ എങ്ങനെയാണു സ്ത്രീകളെ പ്രാപിക്കുന്നതെന്നു ആശ്ചര്യം തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രണയവും, ആസക്തിയും, ലൈംഗീകതയുമെല്ലാം പരസ്പര ബന്ധമില്ലാതെ കെട്ടുപിണഞ്ഞ വിരോധാഭാസങ്ങളാണ്.
സ്പര്‍ശനത്തെക്കുറിച്ച്, ആലിംഗനത്തെക്കുറിച്ച്, ചുംബനവേഗങ്ങളെക്കുറിച്ചൊക്കെ എഴുതിയിവിടെത്തുമ്പോള്‍, ഒരു പ്രണയ കാലത്തിന്റെ ത്രിസന്ധ്യയില്‍, ഗാഡ്ഡാലിംഗനത്തിന്റെ മൂര്‍ച്ചയില്‍ 'ഇങ്ങനെ നിന്ന് ശിലയാവാം നമ്മുക്ക്. കാലങ്ങള്‍ നമ്മുക്കുമേല്‍ പെയ്യട്ടെ' എന്ന ഒരശരീരിയുടെ പ്രതിധ്വനിയില്‍ ഇപ്പോഴും വിരലുകള്‍പൊള്ളുന്നു, കരള്‍ ത്രസിക്കുന്നു , ഉടല്‍ പനിക്കുന്നു. ആകസ്മികമായി തുറന്നുപോയി, പിന്നേയും ചങ്ങലയിലക്കിടേണ്ടി വന്ന ഹൃദയത്തിന്റെ രഹസ്യാറകളെന്നോടു പൊറുക്കട്ടെ. എന്നാണു ആദ്യന്ത്യം സത്യസന്ധമായി എഴുതാന്‍ കഴിയുക? ഭൂമിയിലെ സതി സവിത്രിമാരും, ശ്രീരാമന്മാരും തീര്‍ത്തും ഇല്ലാതാവുന്ന ഒരു കാലം എന്നാണു വരിക?
പ്രണയത്തില്‍ മാത്രമല്ല ആലിംഗനങ്ങളും ഉമ്മകളും കുരുങ്ങിക്കിടക്കുന്നത്. മകനു 45 ദിവസങ്ങള്‍ പ്രായമായതുമുതല്‍ ജോലിക്കാരി സ്ത്രീയെ ഏല്‍പ്പിച്ചാണു ഓഫിസില്‍ പോയിക്കൊണ്ടിരുന്നത്. തിരിച്ചറിവു തുടങ്ങിയതുമുതല്‍, അമ്മപോകുന്നതു കണ്ട്, ചിരിക്കാനൊന്നും ഇഷ്ടമില്ലാതിരുന്നിട്ടും ആ സ്ത്രീയുടെ ഒക്കത്തിരുന്ന് കുഞ്ഞിക്കൈകള്‍ വീശി അവനെന്നെ യാത്രയാക്കി. പടി കടക്കുന്നതിനു തൊട്ടുമുന്‍പു രണ്ടു കവിളത്തും മാറി മാറി ഓരോ ഉമ്മകള്‍ തരുന്നത് അവന്റെ അന്നത്തെ ചെറിയ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കര്‍ത്തവ്യമായിരുന്നു. ആ കെട്ടിപിടുത്തവും ഉമ്മവെക്കലും കണ്ടാല്‍ അമ്മ വളരെ നീണ്ടയേതോ യാത്രപോവുകയാണെന്നു തോന്നിപ്പിച്ചിരുന്നു. ഒരിക്കല്‍ പതിവുചര്യ തെറ്റി, ഉമ്മ മേടിക്കാനും കൊടുക്കാനും വിട്ടുപോയി, അന്നു ഉച്ചക്കുള്ളില്‍ ജോലിക്കാരി സ്ത്രീ നിരവധി തവണ ഫോണ്‍ ചെയ്തു., അമ്മ ഉമ്മ തന്നില്ലാന്നു കുഞ്ഞുവാക്കുകളില്‍ പറഞ്ഞ് രാവിലെ തുടങ്ങിയ കരച്ചിലാണു., ഓര്‍ത്തോര്‍ത്തുള്ള കരച്ചില്‍., എനിക്കു പിടഞ്ഞു. ഉച്ചക്കു വീട്ടിലെത്തി കരഞ്ഞ് കരഞ്ഞ് ആകെ ചുവന്നുപോയ അവനെ വാരിയെടുക്കുകയും ഉമ്മകള്‍ കൊണ്ടു മൂടുകയും അവന്റെ ഇളം ചുവന്ന മുഖം നിറയെ ചിരി വന്നു കയറുകയും ചെയ്തിട്ടും എന്നിലെ അമ്മയ്ക്കു വിങ്ങലടങ്ങിയില്ല. ഇപ്പോളവന്‍ 13 വയസുകാരനായി അമ്മയോളം വളര്‍ന്നു. എന്നിട്ടും അമ്മ അവനെ തനിച്ചാക്കി പോകുമ്പോള്‍ മറക്കാതെ കൊടുക്കുന്ന ഉമ്മകള്‍ അവനു ചുറ്റും നിര്‍ത്തുന്ന കാവല്‍ മാലാഖമാരാകുന്നുവെന്നു അവനറിയുന്നുവോ? ഇതു വരെയുള്ള ജീവിതത്തില്‍ എന്റെ ഉമ്മകള്‍ക്കു അനാവശ്യപ്രാധാന്യം ഉണ്ടന്നു തെളിയിച്ച് അവനെന്നെ വഷളാക്കിയിരിക്കുന്നു.
Subscribe to:
Posts (Atom)
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com